പൂമുഖം LITERATURE ചാവേര്‍
ടുവിലൊ-
ടുവിലായപ്പോഴേക്കും
ഓര്‍മ്മകളെ
ഓരോന്നോരോന്നായ്
പിഴുതെടുത്തു
നോക്കുമായിരുന്നു
മറന്നോ മറന്നോ ‘യെന്ന്
ബോധമഴിയുംതോറും
കൂടുതല്‍ വാശിയോടെ…

ഉടലിന്റെ മറുകരയില്‍
പല്ലില്ലാത്ത മോണയുടെ
ചിരിക്കടവില്‍നിന്നും
മക്കളുടെ
കാര്യങ്ങളില്‍
അമ്മ പൂര്‍വ്വാധികം
തിരക്കുള്ളവളായി…

രാത്രി വല്ലാതെ
ഇരുളുന്നല്ലൊ എന്നോര്‍ക്കും
പിള്ളേരെ ഇതുവരെ
കാണുന്നില്ലല്ലൊ
കുഞ്ഞു പാദങ്ങള്‍ക്ക്
എല്ലാം വലിയ
യാത്രകളല്ലേ
എന്നൊക്കെ പിറുപിറുക്കും…

ചാച്ചനും പിള്ളേര്‍ക്കുമുള്ള
കഞ്ഞീം കറീം
അടുപ്പേലിനിയും
കേറീട്ടുമില്ല
എന്നു പരിതപിക്കും…
പയങ്കര മഴയാ’യെന്ന്
ചോര്‍ന്നൊലിച്ച
ഒരായുസ്സിനേ മുഴുവന്‍
ഖേദങ്ങളുടെ
ഒറ്റസ്ഥായിയില്‍
ചുരുക്കും…

ഇങ്ങനെ
ചുറ്റിപ്പിണയുന്ന
ഓര്‍മ്മകളില്‍
മറവിയിലേക്ക്
സ്വയം ഇടിച്ചുകയറുന്ന
ചാവേറായി മാറിയിരുന്നു
എന്റെ അമ്മ…

Comments

സ്വദേശം കോട്ടയം,
കേരള പൊതു ഭരണ വകുപ്പിൽ ജോലി.

You may also like