മുറ്റത്തെ മൺതരികൾ അടക്കം പറയുന്നുണ്ട്
മതിലുകളാവുന്നത്ര അരികുചേർന്നുൾവലിഞ്ഞു നിൽപ്പാണ്
അണ്ണാൻ കുഞ്ഞുങ്ങൾ ചിലപ്പുനിർത്തി
വാല് ചുഴറ്റി പ്രതിരോധചിന്തയിലാണ്
മുറ്റത്ത് വെയിൽകാഞ്ഞിരുന്ന പൂച്ചകൾ
അട്ടത്തേയ്ക്കു സ്വയം ചേക്കേറി.
കിളികളാണെങ്കിൽ കുട്ടിക്കവിതകൾ തിരക്കിട്ട് കേട്ടു പഠിക്കുന്ന തിരക്കിലാണ്.
പൂമരങ്ങൾ നിറങ്ങളുടെ കാറ്റലോഗും പിടിച്ചന്യോന്യത്തിലാണ്.
ഇത്രയും വെയിലരുതെന്നിടക്കിടെ
ആകാശത്ത് മേഘത്തെ വലിച്ചിടുന്നുണ്ട് ഭൂമി.
ഇനിയും മധുരിച്ചില്ലേയെന്ന് തന്നിലെ പുളിയെ ശകാരിക്കുന്നുണ്ടിടക്കിടെ മാങ്ങാക്കാലം.
പുളികളോ പുളിച്ചതുപോരെന്നു പിന്നെയും പുളിക്കുന്നു.
പുസ്തകങ്ങൾ ഇടസമാധിയ്ക്കൊരുങ്ങുകയാണ്
വീടുകൾ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കയാണ്
ഉണർന്നു കണ്ണുംതിരുമ്പിയെത്തിയുണ്ണികൾ
ടെലിവിഷനു മുന്നിൽ ചടഞ്ഞിരിപ്പുണ്ട്.
അതോർക്കാതെ വേനലവധിയെന്നാരോ വേവലാതിപ്പെട്ടതാണ്.
ഓർമ്മകളുടെതിടുക്കപ്പാച്ചിലിൽ
എല്ലാവർക്കും ഉറക്കം ഞെട്ടിയതാണ്.
നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട് കോഴിക്കോട് സ്വദേശി. ഹരിയാനയിൽ താമസം