വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല എന്ന് നിനച്ചു യാത്ര പറയും.
….പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുകൾമായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ …വീണ്ടും തളിരുകള്‍.
അന്‍പ് നിറഞ്ഞ പച്ചപ്പോടെ
..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ ഇടവേളകള്‍ മാത്രം.
ഇതൊരു നാട്ടുപച്ചയുടെ വീണ്ടെടുപ്പ് ആണ്. അതിജീവനത്തിനും പുനരുജ്ജീവനത്തിനും നീക്കി വെക്കുന്ന പ്രകൃതിയുടെ ഇടവേളകൾ .കേരളത്തിൽ ഇത് തിരുവാതിര ഞാറ്റുവേലക്കാലം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ഈ മഴയെ കുറിച്ചോർക്കാതെ വയ്യ. കഷs രാത്രികൾ പോലെ മുറിവേൽപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാം. എന്നാലും മഴയിൽ തിടം വെച്ച ഏതെല്ലാം ജീവിതമുഹൂർത്തങ്ങൾ ഓർമ്മയിലുണ്ടാവാം. അവിടെ വെച്ച് ഞാറ്റുവേല ഒരു കാലാവസ്ഥ മാത്രമല്ലാതാകുന്നു. മണ്ണിന്റെയും ജീവിതത്തിന്റേയും കൈകോർത്ത ഓർമ്മക്കാലമാകുന്നു.ഈ വീണ്ടെടുക്കലുകളുടെ സൗഭാഗ്യങ്ങൾആവോളമറിഞ്ഞൊരുപാടു തലമുറകൾ പാടിയ നാട്ടുപാട്ടുകൾ അനവധിയുണ്ട്. അതേ തുനാട്ടിലുമുണ്ട് താനും. വനസ്ഥലികൾക്കും മരുഭൂമികൾക്കുമുണ്ട് നെഞ്ചോടു ചേർത്തുണർത്താൻ നാവോറുകൾ.തന്റെ ജീവിതത്തെ പൊതിഞ്ഞ അടിമത്ത്വത്തെ ഊട്ടിവളർത്തിയ കാടകങ്ങൾ എസ്തബാൻ മോണ്ടിജോ എന്ന അടിമഓർക്കുന്നുണ്ട്. താൻ നടന്നു തീർത്ത കനൽക്കുടം പെയ്ത വഴികൾ ആ മനുഷ്യനിൽ എന്തെല്ലാം അതിജീവനത്തിന്റെ തീവ്ര മുദ്രകൾ തറപ്പിച്ചിരിക്കാം എന്ന് തോന്നും. ചോര പുരളാതെ കാൽവെക്കാനാവാത്ത കുട്ടിക്കാലത്തെപ്പറ്റി പലസ്തീൻകാരിനജ് വഫാറയും ഓർക്കുന്നു. പ്രതിരോധമാണ് ജീവിതത്തിന്റെ ഓരോ വിനാഴികയും എന്ന് കുറിച്ച വെക്കപ്പെടുന്ന അരക്ഷിത കാലങ്ങൾ..തിരിഞ്ഞു നോക്കുമ്പോൾ ഏത് കയ്പും മധുരമാകാം. അക്ഷരത്തീ പകർന്നു കിട്ടും മുമ്പ് തണുത്തു വിറങ്ങലിച്ച ആഢ്യപ്പുരകളിൽ കഴിച്ചുകൂട്ടിയ അജ്ഞാനപ്പുക പരന്ന ദിനരാത്രങ്ങളെപ്പറ്റി വിടിയും എം.ആർ.ബിയും പറഞ്ഞതും ഓർക്കുമ്പോൾ വിജയത്തിന്റെ ചെറുചിരിയുണർത്തുന്ന ശേഷിപ്പുകൾ തന്നെ. പ്രകൃതിയൊരുക്കുന്ന പുനരുജ്ജീവന കാലം മനുഷ്യന്റെ ജീവനകാലത്തിനും ബാധകം.കയ്പ്പും വരൾച്ചയും തട വിക്കളഞ്ഞ് ശുഭപ്രതീക്ഷകൾ മുളച്ചുപൊന്തുന്ന പുതു ജീവനകാലം കൈവരിക്കാനാണ് ഈ ഇടവേളകൾ. കരിന്തിരി കത്തുന്ന ഇരുൾക്കാടിനുള്ളിൽ ഒരു മൺ ചെരാത് കൊളുത്തി വെക്കാനാണ്… ഒരർത്ഥത്തിൽ പ്രകൃതിയുടെ നവോത്ഥാന കാലം തന്നെ. ചരിത്രം ഒരു നവോത്ഥാന സങ്കല്പത്തേയും സ്ഥിരമാക്കി നിർത്തിയിട്ടില്ല. തുടങ്ങിയിടത്തു തന്നെ വന്നു നിൽക്കുന്നുവോ എന്ന സംശയം ഇടയ്ക്കുണ്ടാക്കും വിധം സമകാലീനത ചിലപ്പോഴൊക്കെ ജീവിതത്തെ പുറകോട്ടടിക്കുന്നുണ്ട്. നീതിബോധത്തിന്നേൽക്കുന്ന പീഡനങ്ങൾ നില വിട്ടു പോകുമ്പോഴും തിരിച്ചുപിടിക്കാൻ ഏറെ നന്മകളുണ്ട് എന്ന ഒറ്റ പിൻബലമേ മനുഷ്യചരിത്രത്തിൽ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോയിട്ടുള്ളു. വിളക്കു കാലുകൾ ആയി നിൽക്കുന്നത് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും ആൾരൂപങ്ങളാണ്. അവ ചിലപ്പോൾ അൽപമൊന്നു മങ്ങിപ്പോവുമെങ്കിലും തുടർന്നും കാവലാൾ ആയി നിലകൊള്ളും. വരാനിരിക്കുന്നവർക്കും അതൊരു പാo പുസ്തകം..
അതിനാൽ അൻപ് നിറഞ്ഞ പച്ചപ്പോടെ പ്രതീക്ഷിക്കാം ജീവന്റെ ചില്ലകൾ പൂത്തുലയുമെന്ന്..
തൃശൂര്‍ സ്വദേശി. അദ്ധ്യാപിക.