പൂമുഖം LITERATUREകവിത അമ്മിണി

അമ്മിണി

അമ്മിണി ഉറക്കം ഞെട്ടി:
‘കാൽപ്പാദത്തിൽ ഒരു കടൽ വന്ന് തൊട്ടെന്ന്’
അവൾ പിച്ചും പേയും പറഞ്ഞത്
ആൻസിക്ക് ഓർമ്മ വന്നു.
അപ്പോൾ
രാത്രി ഉണരുന്ന നേരമായിരുന്നു.
കാക്കകൾ കൂടണഞ്ഞ മേളമുണ്ടായിരുന്നു.
കുടമുല്ലയിൽ നിലാവ് ചിന്നിയിരുന്നു.
കിണറ്റിലെ വെള്ളം കപ്പി വഴി
കയറിൽത്തൂങ്ങി കുടത്തിലിറങ്ങി
‘വാ, പൂവാം’ ന്ന് പറഞ്ഞിരുന്നു.
‘ഹോം വർക്ക് തീർന്നമ്മേ’ ന്ന് ബുക്ക് മടക്കി
പേന എറിഞ്ഞ്
ഫ്രോക്ക് വട്ടത്തിൽ ചുഴറ്റി
അവൾ വന്ന് കെട്ടിപ്പിടിച്ചിരുന്നു.
‘അപ്പൻ എപ്പഴാ വര്വാ?’ ന്ന് ചൂണ്ടി
കലണ്ടറിലെ കളങ്ങളിലേക്ക് കയറിപ്പോയ
കണ്ണുകളുടെ ദൈന്യതയാൽ ചുടപ്പെട്ട്
താൻ എരിഞ്ഞമർന്ന അന്തിത്തിളപ്പും
ആൻസിക്ക് ഒന്നൊഴിയാതെ തികട്ടി വന്നു.
ഉറക്കത്തിൻറെ പാതിജനാലയ്ക്കപ്പുറം
ഇരുമ്പുകൂടിന്റെ മറുതലയ്ക്കൽ
മങ്ങിയ ഫോൺമന്ത്രണം പോലെ,
കറുത്ത തിരുവസ്ത്രത്തിൽ തെളിഞ്ഞ
വിശുദ്ധരൂപമായി
കറുത്ത ചിരിയോടെ
കുഞ്ഞിന്റെ അപ്പൻ കരയുന്നതായി
ആൻസിക്ക് വെറുതെ.. വെറുതെ തോന്നി.
മൂന്ന് മെഴുതിരി കൊളുത്തി
കാറ്റിനെ ശാസിച്ച് പടിപ്പുറത്താക്കി
നെഞ്ചുരുകി പ്രാർത്ഥിച്ച്
കാൽപ്പെരുമാറ്റം കേട്ടുകേട്ട്
ഉറങ്ങാതെ കിടന്നപ്പോഴും ആൻസി
അറിഞ്ഞില്ല… തിരിഞ്ഞില്ല…
വാതിലോളം പാഞ്ഞെത്തി തിരികെപ്പോയ
തേങ്ങലടങ്ങാത്ത രാത്രിയാണോ അത്!
കൂട് മറന്ന് പറന്ന്
വഴിയും മൊഴിയും പിണഞ്ഞ്
വീണുപോയ പക്ഷിയാണോ അത്!
അവൾക്കു മാത്രം അറിയുന്ന
വാക്പ്രപഞ്ചത്തിന്റെ ഗരിമ
മണൽച്ചാർത്തിലൂടെ അലഞ്ഞെത്തി
കരതൊടാതെ പിൻവാങ്ങിയ
ആ കടൽ, തിര, നുര, കരച്ചിൽ!
‘അമ്മേ, അപ്പൻ പിന്നേം വിളിക്കുന്നു.
അപ്പനെങ്ങനാ ഈ കടലായെ? ‘
‘അത്, കടലല്ല അമ്മിണീ.
അപ്പന്റെ കണ്ണീരാ..’ ന്ന്
ആൻസി പിറുപിറുത്തു.


പ്രിയപ്പെട്ട കവിസുഹൃത്തിന്, അമ്മിണിക്ക്, അവളുടെ അമ്മയ്ക്ക്

Comments
Print Friendly, PDF & Email

കൊല്ലം സ്വദേശി. ആക്ടിവിസ്റ്റ്, കവി, ബ്ലോഗര്‍. ഇപ്പോള്‍ യുഎഇ യില്‍ താമസിക്കുന്നു.

You may also like