പൂമുഖം OPINION ഇന്ത്യ യു. എസ്സിന്റെ പ്രധാന പ്രതിരോധ പങ്കാളിയാകുന്നതെന്തിന്?

ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടിലൂടെ രാജ്യത്തിനുവേണ്ടി ഒരു വ്യാജാഭിമാനം കൈക്കലാക്കാൻ ശ്രമിക്കുകയാണ് NDA സർക്കാർ: ഇന്ത്യ യു. എസ്സിന്റെ പ്രധാന പ്രതിരോധ പങ്കാളിയാകുന്നതെന്തിന്?

ന്ത്യ യു എസ്- ൻറെ പ്രധാന പ്രതിരോധ പങ്കാളി ” കണ്ണുകൾ ഉടക്കുന്ന വമ്പൻ തലക്കെട്ടായിരുന്നു ആദ്യം. സെനറ്റ് ആ നിർദേശം തള്ളിയത് ഉൾപ്പേജിൽ ചെറിയ കുറിപ്പായി. ..

അല്ലെങ്കിൽ തന്നെ എന്തിനാണ് പ്രധാന പങ്കാളി ആവുന്നത് ? എന്തിനാണ് ഇന്ത്യ അമേരിക്കയോട് ചേർന്ന് നിന്നു ആഗോള ഇസ്ലാമിക ഭീകരതയെ എതിർത്ത് കൂട്ട് പ്രസ്താവനകൾ നടത്തുന്നത്? ജപ്പാനും യു എസുമായി ഒരുമിച്ചു ഇന്ന് ആയുധാഭ്യാസം നടത്തി ഏഷ്യൻ സമുദ്ര മേഖലയിൽ പുതിയ പ്രകോപനങ്ങൾ സൃഷ്ടിച്ചത്?ചേരി ചേരാ നയത്തിൽ ഉറച്ചു നിന്നപ്പോൾ ഇന്ത്യ ലോക രാഷ്ട്രീയത്തിൽ കരുത്തുള്ള അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിരുന്നു,  ഇന്ത്യയുടെ ശബ്ദം സശ്രദ്ധം കേൾക്കപ്പെടുകയും ചെയ്തു.  വളർച്ചയിലേക്ക് കുതിക്കുന്ന ഒരു സാമ്പത്തിക ശക്തി ആവുന്നതിനും മുമ്പ്.

ആഗോള ഭീകരത ഇസ്ലാമിന്റെ മത വിശ്വാസങ്ങളുടെ വൈവിധ്യത്തിലും ഭിന്ന വ്യാഖ്യാനങ്ങളിലും വേരൂന്നിയതാണ്.  കണ്ണ് മൂടിക്കെട്ടിയ വിശ്വാസങ്ങളുടെ യുദ്ധമാണത്.  അവിടെ സാമ്രാജ്യത്വ താല്പര്യങ്ങൾ വെച്ച് പക്ഷം ചേർന്ന് സ്ഥിതി നിയന്ത്രണാ തീത മാക്കിയതു മൂലം അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും വിരുദ്ധ വിഭാഗങ്ങളുടെ ശത്രുതക്ക് പാത്രമായി. രാഷ്ട്രതലവന്മാരെ സ്ഥാനഭ്രഷ്ടരാക്കിയും,  ഡമ്മികളെ അവരോധിച്ചും ഭൌതികനേട്ടങ്ങൾ നിലംപരിശാക്കിയും നടന്ന ചോരക്കളിയിൽ പുതിയ ശത്രുക്കളും,  പുതിയ ലക്ഷ്യങ്ങളും ഉരുത്തിരിഞ്ഞു കൊണ്ടേയിരുന്നു.  അമേരിക്ക നേരിട്ട ഭീകരാക്രമണങ്ങൾ അവയുടെ തുടർച്ചകൾ മാത്രം. അഭയാർത്ഥി പ്രവാഹം കൊണ്ട് യുറോപ്യൻ പങ്കാളികൾ വെല്ലുവിളികൾ നേരിടുമ്പോഴും ദൂരം,  സമുദ്രാതിർത്തികൾ തുടങ്ങിയ ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങൾ അമേരിക്കയെ നേരിട്ടുള്ള പ്രത്യാഘാത ങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തുന്നു.  ഈ ചോരക്കളിയിൽ ഇന്ത്യ അമേരിക്കൻ ജേർസി കടമെടുത്ത് ആഗോള മുസ്ലിം ഭീകര പ്രസ്ഥാനത്തിനെതിരെ മൈതാനത്തിലിറങ്ങേണ്ട ആവശ്യമുണ്ടോ?.  കാരണം നമ്മുടെ രാജ്യം പൊതുവെ മുസ്ലിം സൌഹൃദം നയമായി സ്വീകരിച്ചിരിക്കുന്നു എന്നത് അറിയപ്പെട്ട വസ്തുത. സമീപകാല അപവാദങ്ങൾ ഒറ്റപ്പെട്ടവയായി തന്നെ കണക്കാക്കപ്പെടുന്നു. പാകിസ്ഥാൻ സ്വന്തം നിലനിൽപ്പിന്റെ പ്രശ്നമായി തുറന്നു വിടുന്ന ചെറു ഭൂതങ്ങൾ മാത്രമായിരുന്നു നാം നേരിട്ട തീവ്രവാദ ആക്രമണങ്ങളും യുദ്ധങ്ങളും.  നമ്മുടെ സൈനികയന്ത്രം കാര്യക്ഷമമാക്കുന്നതിലൂടെയും പ്രതിഭാസമ്പന്നമായ കാശ്മീർ നയത്തിലൂടെയും നേരിടാവുന്ന പ്രശ്നങ്ങൾ മാത്രം. പ്രശ്നം ലഘൂകരിച്ചു കാണുകയല്ല. അതിനെ ആഗോളഭീകരതയുമായി കൂട്ടിക്കെട്ടേണ്ടതില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു വിഷയത്തിൽ സമാധാനത്തിന്റെ ഉറച്ച വക്താക്കൾ ആയിരിക്കുക പ്രധാനമാണ്. അതിനപ്പുറം അനുദിനം സങ്കീർണവും അപകടകരവും ആവുന്ന പ്രശ്നത്തിന്റെ ഭൂപടത്തിലേക്ക് കയറി നിന്ന് പുതിയ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തേണ്ടതില്ല.  ദീര്ഘകാഴ്ച ഇല്ലാത്ത ഈ നിലപാടിലൂടെ രാജ്യത്തിനുവേണ്ടി ഒരു വ്യാജാഭിമാനം കൈക്കലാക്കാൻ ശ്രമിക്കുകയാണ് NDA സർക്കാർ.  ദേശാഭിമാനം നയവും കാര്യപരിപാടിയും ജീവ ശ്വാസവും ആയി ഉൽഘോ ഷിക്കുന്ന ബി ജെ പി ആണ് ഈ വിധേയത്വത്തിന് കർതൃത്വം വഹിക്കുന്നത് എന്നതാണ് വിരോധാഭാസം.


 

Comments
Print Friendly, PDF & Email

You may also like