പൂമുഖം EDITORIAL അയ്യങ്കാളി തുറന്നിട്ട പൊതുവഴികൾ

ഇന്ന് അയ്യൻകാളിയുടെ എഴുപത്തിയഞ്ചാം ചരമവാര്‍ഷികം. അയ്യങ്കാളിയെ കുറിച്ചും അദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലുകളെ കുറിച്ചും സതീശ് ചന്ദ്രബോസ് എഴുതുന്നു: അയ്യങ്കാളി തുറന്നിട്ട പൊതുവഴികൾ

ൂർവ്വകല്പിതമായ വിധിയെ ജന്മവാസനപോലെ അനുസരിക്കുകയും സ്വജാതിയിൽപെട്ട പൂർവ്വികന്മാർ ചെയ്തുപോന്നിരുന്ന തൊഴിലിനെ യാന്ത്രികമായി പിന്തുടരുകയും ചെയ്തിരുന്ന മനുഷ്യൻ എന്ന ജീവിയിൽ നിന്നും, പൊതുസമൂഹത്തിന്‍റെ ഭാഗമായി സ്വയം നിർണ്ണയിക്കാൻ പ്രാപ്തിയുള്ള മനുഷ്യൻ എന്ന സാമൂഹ്യ ജീവിയിലേക്കുള്ള മലയാളിയുടെ പരിണാമം കേരളത്തിന്‍റെ ആധുനികതയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവാണ്. മനുഷ്യൻ എന്ന ധാരണ പുതതായി രൂപംകൊണ്ട മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ വികസിക്കുകയും, അതിനനുസൃതമായ നൈതികവും, നിയാമകവുമായ പൊതുകാഴ്ചപ്പാടുകൾ രൂപപ്പെടുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. നവോത്ഥാനമെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഈ മാറ്റത്തെ പി.കെ.ബാലകൃഷ്ണൻ വിശദീകരിക്കുന്നത്. ‘കേരളീയൻ എന്ന സംജ്ഞയ്ക്കു മാനുഷീകമായ ആന്തരാർത്ഥം ഉണ്ടാവുകയും നാനാജാതിമതസ്ഥരായ കേരളീയ ജനതയ്ക്കു പൊതുവായ മാനുഷീക സമത്വത്തിന്‍റെ നവസങ്കല്പമുണ്ടാവുകയും ചെയ്ത ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രക്രിയ’ എന്ന നിലയ്ക്കാണ് (യോഗനാദം, 1977, ഒക്‌ടോബർ, പു.21)

കൊളോണിയൻ ആധുനികതയുടെ വരവിനു ശേഷം പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഈ സാമൂഹ്യ-രാഷ്ട്രീയപ്രക്രിയക്ക് കാതലായ നവീകരണ പരിവർത്തന സ്വഭാവങ്ങളുണ്ടായിരുന്നു. വൈകുണ്ഠ സ്വാമിയിലൂടെയും, ശ്രീനാരായണ ഗുരുവിലൂടെയും മറ്റും വികസിതമാക്കപ്പെട്ട ‘മനുഷ്യസമത്വത്തിലധിഷ്ഠിതമായ സമൂഹസങ്കല്പം’ ഈ പ്രക്രിയക്ക് യുക്തിപരവും ആശയപരവുമായ അടിത്തറയൊരുക്കുകയും ചെയ്തു. ജാത്യാചാരങ്ങൾക്കും, നാട്ടുനടപ്പുകൾക്കും മേൽക്കൈയുണ്ടായിരുന്ന തിരുവിതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനമാകുമ്പോഴും പൊതുജനം, പൊതുവഴി, പൊതുസമൂഹം, പൗരാവകാശം തുടങ്ങിയ സങ്കല്പങ്ങൾ സാമൂഹ്യ-രാഷ്ട്രീയ സമരങ്ങളുടെ പൊതുവിഷയമായി മാറുന്നത് കാണാൻ സാധിക്കും. ഇവയിൽ രാഷ്ട്രവും, ജാതിസമൂഹവും അടിമകളായി കണക്കാക്കിയിരുന്ന താഴ്ന്ന ജാതിയിൽ പെട്ട ജനവിഭാഗങ്ങൾക്കിടയിൽ നിന്നും ഉയർന്നുവന്ന സമരങ്ങൾ സവർണ്ണ കേന്ദ്രീകൃതമായ ഫ്യൂഡൽ സാമൂഹ്യാധികാരങ്ങളോടുള്ള ചെറുത്തുനില്പും, വെല്ലുവിളിയുമായി മാറി. ഈ സമരങ്ങളുടെ ഭാഗമായിട്ടാണ് അവർണ്ണരുടെ ശരീരവും, ജാതിയും കൂടാതെ പൊതുസ്ഥലങ്ങളും, വിദ്യാലയങ്ങളുമെല്ലാം  സാമൂഹ്യമായും രാഷ്ട്രീയമായും പുനർനിർണ്ണയിക്കപ്പെടുന്നത്.

പൊതു എന്ന ആശയത്തിന്‍റെ വികാസം അധികാരം, അവകാശം തുടങ്ങിയ ആശയങ്ങളോട് അന്നുണ്ടായിരുന്ന കാഴ്ചപ്പാടുകളിൽ കാതലായ മാറ്റം വരുത്തുന്നുണ്ട്. അതിന്‍റെ കാരണം ‘പൊതു’ എന്ന ആശയം ഒരു സമത്വസങ്കല്പം ഉൾക്കൊള്ളുന്നു എന്നുള്ളതാണ്. വഴികളും, ആശുപത്രികളും, വിദ്യാലയങ്ങളുമെല്ലാം പൊതുവായി മാറുന്നതോടുകൂടി അവയ്ക്കു മേലുള്ള അവകാശം തുല്യർക്കിടയിൽ മാത്രമല്ല, എല്ലാ പൗരന്മാർക്കും തുല്യമായി വീതിച്ചുകൊടുക്കേണ്ടതായി വരുന്നു. ശ്രേണീബദ്ധമായ അധികാരഘടന നിലനിൽക്കുന്ന ഫ്യൂഡൽ സമൂഹത്തിൽ ഈ തുല്യതാസങ്കൽപം ആ ഘടനയുടെ തന്നെ സ്വാഭാവികതയെ അതിലംഘിക്കുന്ന ഒന്നായി വർത്തിക്കാൻ തുടങ്ങുന്നു എന്നു കാണാവുന്നതാണ്.

പൊതുജീവിതത്തിന്‍റെ ഭാഗമായുയർന്നു വന്ന ഒരു പുതിയ കേരള സമൂഹത്തെയും, ചരിത്രപരമായി അവഗണിച്ച് മാറ്റിനിറുത്തപ്പെട്ട ഒരു വംശത്തിന്‍റെ രാഷ്ട്രീയത്തെയും വാർത്തെടുക്കുന്നതിൽ അയ്യങ്കാളി വഹിച്ച പങ്ക് നിർണ്ണായകമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാർദ്ധത്തില്‍  കേരളത്തിന്‍റെ, വിശേഷിച്ച് തിരുവിതാംകൂറിന്‍റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിരവധി മാറ്റങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്ന് സ്റ്റേറ്റിന്‍റെ ആധുനികവൽക്കരണമാണ്. നാട്ടുനടപ്പുകൾക്കു വിരുദ്ധമായി നിയമങ്ങളും, ചട്ടങ്ങളും നിലവിൽ വരുകയും, ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനാവശ്യമായ തരത്തിൽ രാഷ്ട്രത്തിന്‍റെ ഭരണസംവിധാനം പുന:ക്രമീകരിക്കപ്പെടുകയും ചെയ്തു. 1853-ാം വർഷം അടിമത്തം പൂർണ്ണമായി നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ദിവാൻ മാധവറാവുവിന്‍റെ ഭരണകാലമായ 1960കളിൽ, വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ മേഖലകളിൽ കാതലായ പരിഷ്‌കാരങ്ങൾ നടന്നു. 1988-ാം ആണ്ടിൽ ശ്രീമൂലം പ്രജാസഭ നിലവിൽ വന്നു. കച്ചവട, വാണിജ്യ മേഖലകൾ ഉദാരവൽക്കരിച്ചതിന്‍റെ ഫലമായി താഴെ തട്ടിലുള്ള പ്രധാനമായും ഈഴവ, മുസ്ലീം ജനവിഭാഗങ്ങൾ ചെറിയ തോതിലെങ്കിലും സാമ്പത്തിക വളർച്ചനേടി. എന്നാൽ ഈ മാറ്റങ്ങളൊന്നും കാലാകാലമായി നിലനിന്നുപോന്നിരുന്ന സാമൂഹ്യാധികാരക്രമത്തെ തകർക്കുവാൻ പര്യാപ്തമായിരുന്നില്ല. അടിമത്തം നിയമപരമായി നിരോധിച്ചുവെങ്കിൽപോലും അടിമകളായിക്കഴിഞ്ഞിരുന്ന ജനങ്ങൾക്ക് പുതിയൊരു ജീവിതമാർഗ്ഗം സൃഷ്ടിക്കുന്നതിന് സർക്കാർ തയ്യാറായില്ല. അതുകൊണ്ടുതന്നെ തങ്ങൾക്കനുവദിച്ചു കിട്ടിയ പുതിയ അവകാശങ്ങളെപ്പറ്റി ബോധ്യമില്ലാതെ പഴയതുപോലെ അടിമവേലയ്ക്ക് പുലർന്നു പോരേണ്ട ഗതികേടാണ് അവർക്കുണ്ടായത്. മാത്രവുമല്ല വിദ്യാഭ്യാസവും, അക്ഷരജ്ഞാനവുമില്ലാതിരുന്നതിനാൽ സർക്കാർ പ്രസിദ്ധം ചെയ്ത അടിമത്തനിരോധന വിളംബരം വായിച്ചു മനസ്സിലാക്കുന്നതിനും അവർക്കു സാധിച്ചില്ല. വിദ്യാഭ്യാസം, പൊതുഭരണരംഗത്തെ പരിഷ്‌കാരത്തിന്‍റെ ഫലമായി സർക്കാർ ബ്യൂറോക്രസി തദ്ദേശീയരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമാക്കുകയും വി്ദ്യാഭ്യാസ യോഗ്യത സർക്കാർ ഉദ്യോഗം നേടുന്നതിനുള്ള മാനദണ്ഡമായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ജാത്യാചാരങ്ങളായ തീണ്ടലും തൊടീലും മാറ്റമില്ലാതെ നിലനിൽക്കുകയും അനുസരിക്കപ്പെടുകയും ചെയ്തതിന്‍റെ ഫലമായി താഴ്ന്ന ജാതിക്കാരായി മാറ്റിനിറുത്തപ്പെട്ടിരുന്ന ജനങ്ങൾക്ക് പുതുതായി നൽകപ്പെട്ടിട്ടുള്ള അവകാശങ്ങൾ വിനിയോഗിക്കുന്നതിനും, രാജ്യത്ത് പുതുതായി രൂപംകൊള്ളുന്ന സാമൂഹ്യ-രാഷ്ട്രീയ പൊതുമണ്ഡലങ്ങളിൽ കടന്നുവരുന്നതിനും അവസരമുണ്ടായിരുന്നില്ല. ഈ വ്യവസ്ഥിതക്കെതിരെയാണ് അടിമകളായി കണക്കാക്കപ്പെട്ടിരുന്ന ഒരുവിഭാഗം ജനങ്ങളെ ഒരുമിച്ചു ചേർത്തുകൊണ്ട് അയ്യങ്കാളി സമരം നയിച്ചത്.

പൊതുജീവിതത്തിന്‍റെ ഭാഗമായുയർന്നു വന്ന ഒരു പുതിയ കേരള സമൂഹത്തെയും, ചരിത്രപരമായി അവഗണിച്ച് മാറ്റിനിറുത്തപ്പെട്ട ഒരു വംശത്തിന്‍റെ രാഷ്ട്രീയത്തെയും വാർത്തെടുക്കുന്നതിൽ അയ്യങ്കാളി വഹിച്ച പങ്ക് നിർണ്ണായകമാണ്. മാന്യതയും, അവകാശങ്ങളുമുള്ള കേവല മനുഷ്യരായിപ്പോലും കണക്കാക്കപ്പെടാതിരുന്ന ഒരു വിഭാഗം ജനങ്ങളെ ‘പൊതുജനമാക്കി മാറ്റിത്തീർക്കുവാനാണ് അദ്ദേഹം ആദ്യമായി ശ്രമിച്ചത്. അതിനുവേണ്ടുന്ന ഭൗതിക സാഹചര്യം തീർക്കുന്നതിന്‍റെ ഭാഗമായാണ് വില്ലുവണ്ടി സമരമുൾപ്പെടെയുള്ള സമരങ്ങൾ അദ്ദേഹം നടത്തിയത്. അതേസമയം, അതിനേക്കാൾ വലിയ മറ്റൊരു ദൗത്യം കൂടി അദ്ദേഹത്തിന് നിറവേറ്റേണ്ടിയിരുന്നു. നൂറ്റാണ്ടുകളായി പേറിവരുന്ന അടിമജീവിതവുമായി താദാത്മ്യം പ്രാപിച്ച മനുഷ്യബോധത്തെ അനുദിനം വികസിച്ചുവരുന്ന ആധുനിക സമൂഹം തുറന്നിടുന്ന സാദ്ധ്യതകളിലേക്ക് വഴി തിരിച്ചുവിടുക എന്നതാണത്. ആന്തരികമായ പരിവർത്തനത്തിനുള്ള ഉപാധിയായി , അക്കാലത്ത് ജീവിച്ചിരുന്ന  മറ്റേത് മഹാന്മാരെയും പോലെ അയ്യൻകാളിയും കണ്ടത് വിദ്യാഭ്യാസത്തെയാണ്. പുലയ വിദ്യാർത്ഥികളെ സർക്കാർ സ്‌കൂളുകളിൽ ചേർത്തി പഠിപ്പിക്കുന്നതിന് അനുമതി കൊടുത്തുകൊണ്ടുള്ള വിളംബരം 1907 ൽ തന്നെ തിരുവിതാംകൂർ ഗവണ്‍മെന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ചട്ടങ്ങളും നിയമങ്ങളും  അനുസരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടിയിരുന്ന ഉദ്യോഗസ്ഥ വൃന്ദം യാഥാസ്ഥിതികമായ നിലപാടുകളാണ് പിന്തുടർന്നത്. നിരുത്തരവാദപരമായ ഇത്തരം നടപടികൾ ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും സ്ഥിതിഗതികൾ  മാറ്റമില്ലാതെ  തുടരുകയാണുണ്ടായത്. തിരുവിതാംകൂർ ഭരണത്തില്‍ കാര്യനിർവ്വഹണം ചുമതലകൾ ഏതാണ്ട് പൂർണ്ണമായും തന്നെ കയ്യടക്കി വച്ചിരുന്ന സവർണ്ണ വിഭാഗത്തിന്‍റെ  യാഥാസ്ഥിതിക നിലപാടുകൾ ജാത്യാചാരങ്ങളുമായും, നാട്ടുനടപ്പ് ചട്ടങ്ങളുമായും പൊരുത്തപ്പെട്ടുപോന്നിരുന്നതിനാൽ അവയെ മറികടക്കാൻ ഗവണ്മെന്‍റിനും സാധിക്കുമായിരുന്നില്ല. കാലങ്ങളായി  തുടർന്നു പോരുന്ന ഈ അനീതിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരത്തിന് (1906-07) അയ്യൻകാളി നേതൃത്വം കൊടുക്കുന്നത്.

അഭിമകളായി പാടത്തു പണിയെടുത്തിരുന്ന പുലയരെ മനുഷ്യരായി പരിഗണിക്കാത്ത അവർ ചെയ്യുന്ന തൊഴിലിന്‍റെ  സാമൂഹ്യ മൂല്യത്തിന് വിലകൽപ്പിക്കാത്ത മേൽജാതി  ബോധത്തെയാണ് ഈ സമരം പിടിച്ചുവച്ചത്. ഏതാണ്ട് ഒരു വർഷക്കാലം  നീണ്ടുനിന്ന ഈ സമരം നെല്ലുൽപാദനത്തെ ദോഷകരമായി ബാധിക്കുകയും, നെല്ലിന്‍റെയും അരിയുടെയും ദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്തതായി  ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ഹിന്ദു രാഷ്ട്രമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നു പോന്നിരുന്ന ശ്രേണീബദ്ധമായ  ജാതി സമൂഹത്തെ പ്രവർത്തനക്ഷമമാക്കിയിരുന്ന ജാതി – കർമ്മം – കടമ ബന്ധത്തെ തകർത്തുകൊണ്ട് അവകാശബോധത്തിലടിയുറച്ച പുതിയ ഒരു രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കുന്നതിന് ഈ സമരം സഹായകമായി  ഈ സമരം മുന്നിൽ കണ്ട ലക്ഷ്യങ്ങൾ അതിനു ദൃഷ്ടാന്തങ്ങളാണ്. ഗവണ്മെന്‍റിന്‍റെ മദ്ധ്യസ്ഥതയിൽ ചേർന്ന  പ്രശ്‌നപരിഹാരയോഗങ്ങളിൽ അയ്യൻ കാളി  ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ  തൊഴിൽ സമയവും, കൂലിയും  പരിഷ്‌കരിക്കുക പൊതുവഴിയിലൂടെ  സഞ്ചരിക്കുന്നതിനുള്ള  സ്വാതന്ത്ര്യം അനുവദിച്ചുതരിക, താഴ്ന്ന ജാതിയിൽപെട്ട കുട്ടികൾക്ക്  സ്‌കൂളിൽ ചേരുവാനും , മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികളോടൊപ്പം വിദ്യയഭ്യസിക്കുവാനുമുള്ള  അവകാശം അംഗീകരിക്കുക തുടങ്ങിയവയായിരുന്നു. ഈ ആവശ്യങ്ങളോരോന്നും അംഗീകരിച്ചുകിട്ടിയതിനു ശേഷമാണ് കർഷകർ സമരം അവസാനിപ്പിക്കുന്നത്. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും  നടപ്പാക്കുന്നതിന്  യാഥാസ്ഥിതിക സവർണ്ണ വിഭാഗം  കുട്ടാക്കിയില്ല എന്നതിനു തെളിവാണ് 1914 ൽ നടന്ന തൊണ്ണനവാണ്ടു ലഹള.

ആധുനികതയുടെ ഭാഗമായി സമൂഹത്തിനു പൊതുവായി തുറന്നുകിട്ടിയിട്ടുള്ള പുരോഗതിയുടെ പാതയിലേക്ക് നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചുവരുന്ന ഒരു ജനതയെ കൈപിടിച്ചുയർത്തുകയും, അവർക്ക് സംഘടനാബോധം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതിലൂടെ അവകാശബോധത്തിലധിഷ്ഠിതമായ  രാഷ്ട്രീയത്തിന്‍റെ വികാസത്തിന് വഴിതെളിയിക്കുകയുമാണ് അയ്യൻകാളി ചെയ്തത്.

ശ്രീമൂലം പ്രജാ സഭയിൽ അയ്യൻകാളി ഉന്നയിച്ച ആവശ്യങ്ങളുടെ  ഫലമായി നെയ്യാറ്റിൻകര താലൂക്കിലെ ഊരുട്ടമ്പലം എന്ന സ്ഥലത്ത്  സ്ഥാപിച്ചിട്ടുള്ള  പെൺപള്ളിക്കൂടത്തിൽ പുലയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ കൂടി ചേർത്തു പഠിപ്പിക്കുന്നതിന് ഗവണ്‍മെന്‍റ് അനുമതി നൽകി. ഇതിന്‍ പ്രകാരം കുട്ടികളെയും കൊണ്ട് സ്‌കൂളിലെത്തിയ  രക്ഷിതാക്കളെ  അന്നാട്ടിലെ സവർണ്ണ വിഭാഗം  തടയുകയും പുലയക്കുട്ടികളെ ചേർത്തു പഠിപ്പിക്കുന്ന പക്ഷം തങ്ങളുടെ കുട്ടികളെ  ഇനി മേൽ സ്കൂളിലേക്ക്അയക്കില്ലെന്ന്  ഭീഷണിപ്പെടുത്തുകയും  ചെയ്തു   തങ്ങളുടെ  കുട്ടികളെ പുലയൻ, വഴി തടയുന്നു എന്നീ ആക്ഷേപവുമായി  സ്ഥലത്തെ  നായന്മാർ സമർപ്പിച്ച അപേക്ഷയിൽ മജിസ്‌ട്രേറ്റ്  വിധിയുണ്ടാവുകയും ഏതാനും പുലയരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും  ചെയ്തു. ഈ സംഭവത്തിനു ശേഷം  തെക്കൻ തിരുവിതാം കൂറിൽ പലയിടത്തും  നായർ പുലയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു.

ലഹളയെ തുടർന്നുണ്ടായ മദ്ധ്യസ്ഥയോഗങ്ങളിൽ ഉയർന്നു വന്ന പ്രധാന പോംവഴി ഭാവിയിൽ ഇത്തരം കലാപങ്ങൾ  ഒഴിവാക്കുന്നതിനായി  പുലയർക്ക്  പ്രത്യേകം സ്കൂളുകൾ  സ്ഥാപിച്ചു നൽകുക എന്നതാണ്. ജാതി വിവേചനത്തേയും അയിത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന  ഈ നിർദ്ദേശത്തെ അയ്യൻകാളി  ശക്തമായി  നിഷേധിക്കുക തന്നെ  ചെയ്തു. ഇതുമായി  ബന്ധപ്പെട്ട് ശ്രീ മൂലം  പ്രജാസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പറയുന്നത്.

‘രാജ്യത്താകമാനമുള്ള പുലയർക്കുമാത്രമായി  പ്രത്യേക സ്‌കൂളുകൾ സ്ഥാപിച്ചുനൽകുക എന്ന ആശയം  അപ്രായോഗികവും യുക്തിക്ക് നിരക്കാത്തതുമാണ് അങ്ങിനെ ചെയ്യുന്നതിലൂടെ  പൊതുവിദ്യാലയങ്ങളിലേക്കുള്ള  പുലയകുട്ടികളുടെ  പ്രവേശനം എന്നെന്നേക്കുമായി  തടസ്സപ്പെടുകയാവുമുണ്ടാവുക’. (അയ്യങ്കാളിയുടെ പ്രജാസഭാ പ്രസംഗം, ഫെബ്രുവരി 28,1916).

പുലയർ വിദ്യാഭ്യാസം നേടുന്നതിനായി യഥാസ്ഥിതിക പക്ഷം നടത്തിയ പ്രചരണങ്ങളെ  അദ്ദേഹം വസ്തുനിഷ്ഠമായി ഖണ്ഡിക്കുന്നത് ഇപ്രകാരമാണ്.

          സംസ്‌കാര ശൂന്യരാണ് എന്ന ന്യായം പറഞ്ഞ് പുലയക്കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചാൽ അവൻ മറ്റു മതങ്ങളിൽ   ചേർന്നുകൊണ്ട്   ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ്. മറ്റൊന്ന്, പുലയർ വിദ്യാഭ്യാസം  തേടിയാൽ പാടത്ത്  പണിയെടുക്കാൻ  ആളെ കിട്ടില്ലെന്ന  വാദം അടിസ്ഥാന രഹിതമാണ് ഉദാഹരണത്തിന്  അടിമത്തം നിയമപരമായി  നിറുത്തലാക്കുന്നതിലൂടെ രാജ്യത്ത് വ്യവസായിക കാർഷിക രംഗങ്ങൾ  കൂടുതലായി  വളർച്ച പ്രാപിക്കുകയാണുണ്ടായിട്ടുള്ളത്  (അതേ പ്രസംഗം)

രണ്ട് പ്രധാന സംഗതികളാണ് ഇവിടെ ചൂണ്ടികാണിക്കേണ്ടതായിട്ടുള്ളത്. ഒന്ന് ആധുനികതയുടെ ഭാഗമായി സമൂഹത്തിനു പൊതുവായി തുറന്നുകിട്ടിയിട്ടുള്ള പുരോഗതിയുടെ പാതയിലേക്ക് നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചുവരുന്ന ഒരു ജനതയെ കൈപിടിച്ചുയർത്തുകയും, അവർക്ക് സംഘടനാബോധം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതിലൂടെ അവകാശബോധത്തിലധിഷ്ടിതമായ രാഷ്ട്രീയത്തിന്‍റെ വികാസത്തിന് വഴിതെളിയിക്കുകയുമാണ് അയ്യൻകാളി ചെയ്തത്. സാധുജന പരിപാലന സംഘത്തിന്‍റെ രൂപീകരണം ഈ ആശയമാണ് വ്യക്തമാക്കുന്നത്. രണ്ട്;  അധ:കൃത വിഭാഗം എന്ന നിലയ്ക്ക് പൊതു സമൂഹത്തിൽ നിന്നും മാറ്റി നിറുത്തപ്പെടുന്ന പക്ഷം പുലയർക്ക് സാമുദായിക പുരോഗതി കൈവരിക്കുവാനാകില്ല എന്ന ബോദ്ധ്യമുണ്ടായിരുന്നു അയ്യൻകാളിക്ക്. സമൂഹത്തിന്‍റെ കൂട്ടായ പുരോഗതിയുടെ ഭാഗമാകുന്നതിലൂടെ മാത്രമേ  പാർശ്വവൽകൃതരായ ഒരു ജനതയ്ക്ക് മാന്യതയും, സ്വാഭിമാനവും, അംഗീകാരവും ലഭിക്കുകയുള്ളു എന്ന ഉറച്ച വിശ്വാസമാണ് ‘പുലയക്കുട്ടികൾക്ക് പ്രത്യേക സ്‌കൂളുകൾ എന്ന ആശയത്തോട് വിയോജിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇത്തരം അടിയുറച്ച നിലപാടുകളുടെയും, അതിനെ സാധൂകരിക്കുന്ന പ്രവർത്തനങ്ങളുടെയും ഫലമായിവേണം തുടർന്നുള്ള വർഷങ്ങളിൽ പുലയർ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടത്തെ വിലയിരുത്താൻ. 1913ൽ തിരുവിതാംകൂറിലെ പുലയവിദ്യാർത്ഥികളുടെ എണ്ണം 2017 ആയിരുന്നുവെങ്കിൽ 1916 ആകുമ്പോഴേക്കും ഇത് 10913 ആയി ഉയരുന്നതുകാണാം (സി. അഭിമന്യു ‘അയ്യൻകാളി’ 1990, പു.147)

അയ്യൻകാളിയുടെ പ്രവർത്തനങ്ങളെ ചരിത്രപരമായി വിലയിരുത്തുമ്പോൾ വെളിവാക്കപ്പെടുന്ന ഒരു പ്രധാന വസ്തുത പൊതുസ്ഥലങ്ങളെ ജാതീയവും, ആചാരപരവുമായ കെട്ടുപാടുകളിൽ നിന്നും വിമോചിപ്പിക്കുന്നതിനും, കേരളത്തിൽ ഇന്നു സാദ്ധ്യമാകുന്ന സാമൂഹ്യമായ ഇടപെടലുകൾക്ക് സാദ്ധ്യതയൊരുക്കുന്നതിനും അദ്ദേഹം മുന്നിട്ടു നടത്തിയ സമരങ്ങളാണ് ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ളത് എന്നതാണ്. അടിമകളെ മനുഷ്യരാക്കുകയും അവരെ പൊതു സമൂഹത്തിലെ അംഗങ്ങളായി മാറ്റിതീർക്കുകയും, അവകാശ ബോധത്തിലടിയുറച്ചു ഒരു രാഷ്ട്രീയം അവരിൽ വളർത്തിയെടുക്കുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, അയ്യൻകാളി നിറവേറ്റിയ  ചരിത്രപരമായ കർത്തവ്യം .


Comments
Print Friendly, PDF & Email

ഗവേഷകൻ. എഴുത്തുകാരൻ. 'KERALA MODERNITY: Ideas, Spaces and Practices in Transition' എന്ന പുസ്തകത്തിന്റെ എഡിറ്റർ ആണ്. ദേശീയ അന്തർദേശീയ സെമിനാറുകളിൽ കേരളീയ ആധുനികതയുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി ഗവ. കോളേജിൽ ഇപ്പോൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്യുന്നു.

You may also like