പൂമുഖം COLUMNS ‘ഹിന്ദു’ എന്ന വാക്ക് ആരുടെയെങ്കിലും കുത്തകയാണോ?

ഹിന്ദു എന്ന വാക്കിന്റെയും ഹിന്ദുത്വ എന്ന ആശയത്തിന്റെയും അതിര്‍വരമ്പുകളെവിടെയാണെന്ന് ചിന്തിപ്പിക്കുന്ന കുറിപ്പ്. ദീപ നിശാന്ത് എഴുതുന്നു.: ‘ഹിന്ദു’ എന്ന വാക്ക് ആരുടെയെങ്കിലും കുത്തകയാണോ?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

‘ഹിന്ദു’ എന്ന വാക്ക് ആരുടെയെങ്കിലും കുത്തകയാണോ?

കുറേപ്പേർ അങ്ങനെ ധരിച്ച് വശായിട്ടുണ്ട് എന്നു തോന്നുന്നു. ഹിന്ദുപ്പേരുള്ള എന്തിനേയും സ്വന്തമാക്കുന്ന കുറേ എട്ടുകാലിമമ്മൂഞ്ഞുമാരുണ്ട് നമ്മുടെ നാട്ടിൽ.ഇവരുടെ വിചാരംഇവർ മാത്രാണ് ഹിന്ദൂന്നാണ്.ഉത്തരത്തിലിരിക്കുന്ന പല്ലീടെ അവസ്ഥയാണ്.പല്ലീടെ വിചാരം ഉത്തരം താങ്ങി നിർത്തി വീടിനെ മൊത്തം സംരക്ഷിക്കുന്നത് താനാണ് എന്നാണ്.ഉത്തരം കാക്കുന്നത് ഞാനാണേ എന്നോർമ്മിപ്പിക്കാൻ അതിടയ്ക്കിടയ്ക്ക് ചിലച്ചോണ്ടിരിക്കും.ഹിന്ദു മതത്തെ മുഴുവനായങ്ങ് ഏറ്റെടുത്തിരിക്കുന്ന ചില ആളുകളുടെ അവസ്ഥയും അതു തന്നെ.”ഞാനാണ് രാഷ്ട്രം!” എന്ന് പണ്ട് ലൂയി പതിനാലാമൻ പറഞ്ഞില്ലേ? അതു തന്നെ!

ക്ഷേത്രങ്ങൾ മാത്രമല്ല ഈ ഹിന്ദുമത സംരക്ഷകർ ഏറ്റെടുക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, ഹോട്ടലുകൾ, ആശുപത്രികൾ,ബാർബർഷാപ്പുകൾ, ബസുകൾ, ഓട്ടോറിക്ഷകൾ തുടങ്ങി സകലമാന ഹിന്ദു സംഭവങ്ങളും അങ്ങേറ്റെടുക്കും. തളത്തിൽ ദിനേശൻ്റെ സ്വഭാവാണ്. ലോകം മുഴുവൻ ഹിന്ദുക്കളെ നശിപ്പിക്കാൻ നോക്കാണ് എന്ന മട്ടിൽ പുറത്തേക്ക് ടോർച്ചടിച്ചു കൊണ്ടേയിരിക്കും. വാഴയില കാറ്റിലനങ്ങിയാൽ ” ഹിന്ദൂനെക്കൊല്ലാൻ വരണേ” ന്നും പറഞ്ഞ് സൈബർനിലവിളികൾ നടത്തും.. ശ്രീനാരായണ ഗുരുവും സ്വാമി വിവേകാനന്ദനുമൊക്കെ അവരുടെ അമ്മായീടെ മക്കളാണ്. അവർ പറഞ്ഞ ” ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന വാക്കുകളോ ” ഇനി നമുക്ക് ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടത് ” എന്ന പ്രസ്താവനയോ കേൾക്കാനോ വായിക്കാനോ സമയമില്ല.

അല്ലയോ ഹിന്ദുവർദ്ധകരേ, നിങ്ങളെപ്പോലെ മതഭ്രാന്തില്ലാത്ത കുറേ നിഷ്കളങ്കരായ ഹിന്ദുക്കൾ ഇവിടുണ്ട്. നിങ്ങൾ ന്യൂനപക്ഷം പുറത്തേക്കു വമിപ്പിക്കുന്ന വിഷപ്പുകയേറ്റ് ശ്വാസം മുട്ടിപ്പിടയുന്നത് അവരാണ്.ഞാനും അവരിലൊരാളാണ്. ഒളിവുജീവിതം നയിക്കുന്ന ആളല്ല. ഇതു വരെ മതം മാറിയിട്ടില്ല. ക്ഷേത്രങ്ങളിൽ പോകാറുമുണ്ട്. ഹിന്ദു ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന ഒരു കുടുംബത്തിൽത്തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. ക്ഷേത്രനടയിൽ പോയി നിന്ന് വിഗ്രഹത്തെ നോക്കി കൊഞ്ഞനം കുത്തി ഞാനെൻ്റെ പുരോഗമനം വെളിപ്പെടുത്താറില്ല. അവിടെ വരുന്നവരുടെ ആരാധനയെ പരിഹസിക്കുന്ന ഒന്നും ചെയ്യാറില്ല. ക്ഷേത്രം ഒരു ജനാധിപത്യ ഇടമല്ലാത്തതു കൊണ്ട് ജനാധിപത്യ ഇടങ്ങളിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവിടേം വേണം എന്ന് ഞാൻ വാശി പിടിക്കാറില്ല. ക്ഷേത്രങ്ങളിലെ മനുഷ്യ ദ്രോഹപരമല്ലാത്ത ഒരാചാരത്തേയും നിഷേധിക്കാറില്ല. ഭക്തി ഒരു ആത്മീയാനുഭൂതിയായതിനാൽ അതിൻ്റെ പേരിൽ വ്യക്തി പ്രകടിപ്പിക്കുന്ന ആനന്ദചേഷ്ടകൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. ആരാധന വ്യക്തിപരം എന്നതിനപ്പുറത്തേക്ക് കടന്ന് സമൂഹത്തെ ദോഷകരമായി ബാധിക്കാത്തിടത്തോളം കാലം അതിനെ പരിഹസിച്ച് നിർവീര്യമാക്കേണ്ടതില്ല എന്നാണ് എൻ്റെ അഭിപ്രായം.

ആരാധനാലയങ്ങളുടെ സ്വഭാവം ആരാധനാലയങ്ങളും വിദ്യാലയങ്ങളുടെ സ്വഭാവം വിദ്യാലയങ്ങളും കാട്ടണമെന്ന അഭിപ്രായം പറഞ്ഞതിൻ്റെ പേരിലാണെന്നു തോന്നുന്നു എന്നെ പലരും ഒരു ഹിന്ദുവിരോധിയാക്കി ചിത്രീകരിക്കുന്നത്. നേരിട്ടും അല്ലാതെയും പലവിധത്തിലുള്ള ഭീഷണികൾ വേറെ..വ്യക്തിഹത്യയിലൂടെ തങ്ങളുടെ പെർവേർഷനുകൾ ശമിപ്പിക്കാൻ ശ്രമിക്കുന്ന മനോരോഗികൾ ഒരു ഭാഗത്ത്..

ആരെ പേടിപ്പിക്കാനാണിത്?

നിങ്ങളുടെ സൈബർഛർദ്ദികളും കുരകളും കണ്ട് ഭയക്കുന്ന തരമേയല്ല ഞാൻ. അത് ഞാനൊരു വീരശൂരപരാക്രമിയായതുകൊണ്ടല്ല. ചെയ്യുന്ന കാര്യത്തിലൊരു ശരിയുണ്ടെന്ന പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ്. അതൊരു ആത്മാഭിമാനമാണ്. അഭിമാനിക്കാൻ ഒരു മതത്തിൻ്റെ മേലങ്കി മാത്രമുള്ളവർക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. അഞ്ചാറു പേര് ചേർന്ന് വാട്സപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്തുണ്ടാക്കുന്നതല്ല ഹിന്ദു. എന്നേപ്പോലെയാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും ചിന്തിക്കുന്നതെന്ന് എനിക്കുറപ്പാണ്. ചില പോസ്റ്റുകൾ ഇടുന്നതിൻ്റെ പേരിൽ പലരും ഇൻബോക്സിൽ നിലവിളിക്കാറുണ്ട്. ഹിന്ദൂനെക്കൊല്ലാൻ ആരാണ്ടോ കൂടോത്രം വെച്ചുണ്ടാക്കിയ സാധനമാണ് ഞാനെന്ന മട്ടിൽ. ഹിന്ദുമതത്തിൽ നിന്ന് ഇനിയും പുറത്തു കടന്നിട്ടില്ലാത്ത എനിക്കെന്തിനാണ് ഹിന്ദു വിരോധം?

വല്ലാതെ പേടിപ്പിക്കാൻ നോക്കരുത്. മിണ്ടാതിരിക്കാൻ എനിക്കു തോന്നുന്ന കാലത്തോളം ഞാൻ മിണ്ടിക്കൊണ്ടിരിക്കും. നിങ്ങളെ കാക്കുന്ന ദൈവം എന്നെയും കാക്കുമെന്ന ഉറപ്പുണ്ട്.

ജ്വല്ലറിയുടെ പരസ്യം പോലെയായിരിക്കില്ല ഞാൻ വിശ്വസിക്കുന്ന ദൈവം എനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇസ്തിരിയിട്ട വാക്കുകളിലൂടെയല്ല എൻ്റെ ദൈവം എന്നോടു സംസാരിക്കുന്നത്.

പച്ച മനുഷ്യൻ്റെ രൂപത്തിലായിരിക്കും!

അവരുടെ വാക്കുകളിലൂടെയായിരിക്കും!

ഈ ജന്മത്തിലാണ് എനിക്കു വിശ്വാസം. മരണാനന്തര ജന്മങ്ങളെ ഭയക്കുന്നതേയില്ല. സ്വർഗ്ഗനരകങ്ങളിൽ വിശ്വസിക്കാത്തതു കൊണ്ട് മരണാനന്തരം തൊലിയടക്കം ശരീരത്ത് മറ്റുള്ളവർക്ക് ഉപകാരപ്പെടാവുന്ന എല്ലാം എടുത്തോളാൻ പറഞ്ഞ് ഒരു കടലാസിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്.

പണ്ട് കമലഹാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ പറിച്ചൊടിച്ചു വെച്ചിട്ടുണ്ട്.

” എൻ്റെ ശരീരത്തിൽ 15 മീറ്റർ തൊലിയുണ്ട്. അതു കൊണ്ട് ഏഴു കുഷ്ഠരോഗികൾക്ക് ചെരുപ്പുണ്ടാക്കാൻ കഴിയുമെങ്കിൽ, ആ ചെരുപ്പിട്ട് അവർക്ക് ബുദ്ധിമുട്ടില്ലാതെ നടക്കാൻ കഴിയുമെങ്കിൽ അതാണ് എൻ്റെ സ്വർഗ്ഗം … ആ സ്വർഗ്ഗത്തെക്കുറിച്ച് മനസ്സിലാകാത്തവർക്ക് ഒരു സ്വർഗ്ഗവും മനസ്സിലാവില്ല!”

തുലാഭാരത്തട്ടിൽ കയറി നിന്ന് എൻ്റെ ഭാരത്തിൻ്റെ തുല്യതൂക്കത്തിൽ ദൈവത്തിന് ഞാനൊന്നും ഓഫർ ചെയ്യാറില്ല. എന്നെ മാത്രം ഒന്നാമതാക്കുന്ന പ്രലോഭനങ്ങളിൽ അടിപതറി വീഴുന്ന കൈക്കൂലിക്കാരനായ ഒരാളായി ദൈവത്തെ കണ്ടിട്ടില്ല. എനിക്കു മാത്രം അനുഗ്രഹങ്ങൾ വാരിക്കോരിച്ചൊരിഞ്ഞ് എൻ്റെ ശത്രുക്കളെ മൊത്തം നിഗ്രഹിയ്ക്കുന്ന എൻ്റെ ഹിതവർത്തിയാണ് ദൈവം എന്ന് കരുതുന്നുമില്ല. ദൈവവിശ്വാസമില്ലായ്മയല്ല അത്.മറിച്ച് നിങ്ങളേക്കാൾ കുറേക്കൂടി ഭംഗിയായി ദൈവത്തെ വിശ്വസിക്കുകയാണ് ഞാൻ…

ഇങ്ങനെയൊക്കെയേ ഇനിയും മുന്നോട്ടു പോകൂ…

ഉപദേശിച്ചും ഭീഷണിപ്പെടുത്തിയും വല്ലാണ്ടങ്ങ് നന്നാക്കിക്കളയരുത്.. പ്ലീസ്.


 

Comments
Print Friendly, PDF & Email

തൃശൂര്‍ സ്വദേശി. എഴുത്തുകാരി, അദ്ധ്യാപിക. ഇപ്പോള്‍ കേരളവര്‍മ കോളേജില്‍ അദ്ധ്യാപികയാണ്.

You may also like