പൂമുഖം LITERATURE ഏകാന്തതയ്ക്കപ്പുറത്തേയ്ക്കൊരു ജനൽ

ഏകാന്തതയ്ക്കപ്പുറത്തേയ്ക്കൊരു ജനൽ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അങ്ങനെ കിടക്കുമ്പോൾ കാണുന്ന
ഈ ജനൽ
ഭിത്തിയിൽ തൂക്കിയ ഒരു ജലച്ചായ ചിത്രമാണെന്ന്
ആർക്കാണ് അറിയുക ?

ഒരു ചിത്രകാരൻ
നിമിഷങ്ങൾ മാറ്റി മാറ്റി വരയ്ക്കുന്നതാണെന്ന്
എനിക്കറിയാം !

മനോഹരം എന്ന ഒറ്റനിറത്തിന്റെ
അനേകം സാധ്യതകളെ പരിമിതിയേതുമില്ലാതെ പകർത്തുന്ന
കാഴ്ചയ്ക്ക് കൂട്ടിരിക്കുന്ന സുഖം.

കടലിന്റെ ശബ്ദം വരയ്ക്കുന്നത്
ആകാശത്തെ അടക്കി നിർത്തുന്നത്
അടയ്ക്കകിളികളുടെ
കാക്കയുടെ
പട്ടിയുടെ
പൂച്ചയുടെ
അപ്പുറത്തെ പശുവിന്റെയുമൊക്കെ
ഒച്ചകൾക്ക് നിറം കൊടുക്കുന്നത്
എത്ര ലളിതമായിട്ടാണെന്ന് നോക്കൂ …..

പാലും
പത്രവും
ഭിക്ഷക്കാരനും
മീൻകാരനും
ബന്ധുക്കളും
കടന്നു വരുമ്പോൾ
ജലഛായയും
എണ്ണഛായയുമായി മാറിമറിഞ്ഞു കാണപ്പെടുന്ന,

ഒരു ചിത്രത്തിൽ തന്നെ അനേകം ചിത്രങ്ങളെ സ്വയം വായിക്കപ്പെടുന്ന
ഒരപൂർവ്വ ചിത്രം.

പകൽ
നഗരത്തെ വരയ്ക്കുമ്പോൾ
സ്വയം ചലിക്കുന്നുവെന്ന്‍  നമ്മെ തെറ്റിദ്ധരിപ്പിക്കും

ഉറുമ്പുകൾ ആൾക്കൂട്ടമാണെന്നും
ആൾക്കൂട്ടം ഉറുമ്പുകളാണെന്നും
തോന്നിപ്പിക്കും

വാഹനങ്ങൾക്കിടയിലൂടെ
തിരക്കുകൾക്കിടയിലൂടെ
വഴിത്തിരിവുകളിൽ
വഴിയോരങ്ങളിലൂടെ
ആരെയോ തിരഞ്ഞു പോയ ക്യാമറയെന്നപോലെ
ജനൽ ഒരു വലിയ ക്യാൻവാസാകും…..

മഴയിൽ കുടയില്ലാതെ ഓടുന്നവർക്കിടയിൽ
നമ്മളും ഉണ്ടാകും

അമ്മയുടെ കൈയിൽ
നിന്നും പിടിവിട്ടോടി
പൊടുന്നനെ
തട്ടി വീഴാൻ തുടങ്ങുന്ന
ആ കുഞ്ഞിനെ
പെട്ടെന്ന് താങ്ങിയെടുക്കാൻ
മുന്നോട്ടായുമ്പോഴാണ്
നമ്മൾ
ജനലിൽ വന്നു മുട്ടി നിൽക്കുന്നത് ..!

അപ്പോൾ മാത്രമാണ്
ഞാൻ തെരുവിലല്ലെന്നും, ക്യാമറകാഴ്ച അല്ലെന്നും,
ഇത് ഒരു ചിത്രമല്ലെന്നും
മുറിയിലാണെന്നും
ഈ മുറി സ്വപ്നാടകനായ രോഗിയുടെതാണെന്നും
ആ രോഗി ഞാൻ ആണെന്നും
ഓർമ്മവരിക

അപ്പോഴും
എന്തെങ്കിലും ചെയ്യണമെന്ന
ഉൾക്കടതയോ
ആവേശമോ
ഒന്നുമില്ലാതെ ജനലഴി പിടിച്ചുനിൽപ്പുണ്ടാകും
വെയിൽ….

Comments

You may also like