അറുപത്തിയൊൻപത്
ചെറുപ്പക്കാർ രാജനോടൊപ്പം മണ്ണടിയിൽ എത്തി. അവർക്കായി രാജൻ ഒരു പഴയ വീട് വാടകക്ക് എടുത്തു. താമസസ്ഥലത്തുനിന്ന് രാജന്റെ ഷാപ്പുകളിൽ ഏറ്റവും അടുത്തുള്ളത് ഞാങ്കടവ് ഷാപ്പ് ആണ്. അവിടേക്ക് മണ്ണടിയിൽ നിന്ന് നാല് കിലോമീറ്റർ ഉണ്ട്. കുറച്ചുനാൾ രാജൻ ചെറുപ്പക്കാരെ ജോലിക്കൊന്നും വിട്ടില്ല. പകരം നാട്ടിലെ ആഹ്ളാദങ്ങൾ പരിചയപ്പെടുത്തി. ഷാപ്പിലെ വിഭവങ്ങളിൽ അവർ മതിമറന്നു. പുഴയിൽ ചാടി മണിക്കൂറോളം നീന്തിത്തുടിച്ചു. കടമ്പനാട്ടെ വിഷ്ണു തീയേറ്ററിലും ഏനാത്തെ ഏആർഎം തീയേറ്ററിലും ചെന്ന് അവർ സിനിമയുടെ മായികലോകം കണ്ടു ഭ്രമിച്ചു. ബേക്കറികളിലെ നക്ഷത്രത്തിന്റെ ആകൃതിയിലുള്ള കേക്ക് കടിച്ച് അവർ പ്രപഞ്ചോന്മാദത്തോളം എത്തി. തയ്യൽക്കാരൻ സുധാകരൻ അവർക്കായി രണ്ടു വീതം പാന്റുകളും ഷർട്ടുകളും തുന്നി. എണ്ണ തേച്ചു കുളിച്ച്, മുടി ചീകി, പുതിയ വസ്ത്രങ്ങളിൽ അവർ ഓരോരുത്തരും ജ്വലിച്ചു നിന്നു.
മൂന്നാഴ്ച കഴിഞ്ഞപ്പോൾ രാജൻ അവരോട് പറഞ്ഞു: ‘നിങ്ങൾ നാടിന്റെ നല്ല കാര്യങ്ങൾ എല്ലാം കണ്ടുകഴിഞ്ഞു. ഇനി മടങ്ങിപ്പോകൂ.’
‘ഞങ്ങൾ പോവില്ല. ഞങ്ങൾക്ക് ഇവിടെ ജീവിക്കണം. ഇവിടുത്തെ ഭാഷ പഠിച്ച് ഇവിടുത്തുകാരായി ഞങ്ങൾക്ക് ജീവിക്കണം.’
അവർ പറഞ്ഞു.
രാജൻ പിന്നെ ഒന്നും പറഞ്ഞില്ല. അവരെ റബ്ബർവെട്ടു പഠിപ്പിക്കാൻ പാണ്ടിമലപ്പുറം എന്ന സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. അവിടെ ശ്രീലങ്കയിൽ നിന്ന് വന്ന തൊഴിലാളികൾക്കൊപ്പം അവർ റബ്ബർവെട്ട് പഠിച്ചു തുടങ്ങി.
രണ്ടാഴ്ച കഴിഞ്ഞില്ല, പോയവർ തിരികെ എത്തി. ഇനി പോകുന്നില്ല. രാജൻ കാരണം തിരക്കി. ജോലിയുടെ കാഠിന്യമല്ല പ്രശ്നം. ഇതിലും കടുപ്പമുള്ള ജോലികൾ പോലും എത്രവേണമെങ്കിലും ചെയ്യാനാകും. പ്രശ്നം അടിമത്തമാണ്, സ്വാതന്ത്ര്യക്കുറവാണ്. അത് സഹിക്കാനാവില്ല.
അവർ അവിടെ തല്ലുണ്ടാക്കിയിട്ടാണ് വന്നതെന്ന് പിന്നീട് അറിഞ്ഞു.
‘പോകണ്ട,’ രാജൻ പറഞ്ഞു.
‘എന്റെ കൂടെ നിന്നോളൂ.’
എഴുപത്
‘സ്റ്റെല്ലയുടെ പെരുമാറ്റം വന്നുവന്ന് അസഹ്യമായി തീർന്നിരിക്കുകയാണ്,’ അന്നമ്മയെ ഫോൺ ചെയ്തപ്പോൾ ജോസ് പറഞ്ഞു.
‘എന്താ പുതിയ സംഭവവികാസം?,’ അന്നമ്മ ചോദിച്ചു.
‘പുതിയ സംഭവവികാസം ഒന്നുമല്ല. പഴയതു തന്നെ. നീതുമോള് സ്കൂളിൽ പോയിത്തുടങ്ങിയിട്ട് മൂന്നു വർഷം ആകുന്നു. ഇതുവരെയും അവളുടെ പഠിത്തക്കാര്യത്തിൽ സ്റ്റെല്ലക്ക് ഒരു ശ്രദ്ധ ആയിട്ടില്ല. ജോലിക്കാരി ഉള്ളതുകൊണ്ട് കൊച്ച് സമയത്തിന് സ്കൂളിൽ പോകുന്നു എന്നുമാത്രം. കൊച്ചിന്റെ അമ്മയ്ക്ക് അതൊരു വിഷയമേയല്ല. കൊച്ച് സ്കൂളിൽ നിന്ന് തിരിച്ചു വന്നാ പഠിപ്പിക്കുന്ന കാര്യത്തെപ്പറ്റി ആലോചനയില്ല. അതും വന്നുവന്ന് എൻ്റെ ജോലിയായിക്കഴിഞ്ഞു.’
‘മോളോടുള്ള പെരുമാറ്റം എങ്ങനെ, സ്നേഹത്തോടെയല്ലേ?’
‘സ്നേഹക്കുറവൊന്നുമില്ല. അതു പക്ഷേ ഒരു അമ്മക്ക് മകളോടുള്ള സ്നേഹമല്ല. ഒരു മനുഷ്യന് വേറൊരു സഹജീവിയോടുള്ള സ്നേഹം ഇല്ലേ, അതുപോലെ ഒന്നുമാത്രം. എങ്ങനെയാണെന്നു വെച്ചാ ഒരു ഉദാഹരണം പറയാം. കഴിഞ്ഞ ഞായറാഴ്ച മോള് മുറ്റത്ത് വീണു. വീണത് ചെടിച്ചെട്ടിയുടെ മുകളിലേക്കാ. കാലും കയ്യും നല്ലവണ്ണം മുറിഞ്ഞു.സ്റ്റെല്ല നോക്കി നിന്നതേയുള്ളു. ജോലിക്കാരി ഓടിച്ചെന്ന് കൊച്ചിനെ പിടിച്ചെഴുന്നേൽപ്പിച്ച് ദേഹത്തൂന്ന് മണ്ണ് തട്ടിക്കളഞ്ഞു. സ്റ്റെല്ലയാണെങ്കിൽ മോൾക്ക് ബുദ്ധിപരമായ സഹായം മാത്രം കൊടുത്തു. അലമാരിയിൽ കോട്ടൻ ഇരിപ്പുണ്ട്, ബെറ്റാഡിനും ഇരിപ്പുണ്ട്. മുറിവിൽ മരുന്നു പുരട്ടിക്കോ എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ. അത്രമാത്രം. നടക്കുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഞാൻ അകത്തു തന്നെ ഇരിക്കുവാരുന്നു. ഡോക്ടർ അല്ലായിരുന്നെങ്കിൽ സാധാരണക്കാരെ പോലെ പൊട്ടിത്തെറിച്ച് എന്തെങ്കിലുമൊക്കെ പറയാമായിരുന്നു.’

‘സ്റ്റെല്ലയുടെ കാര്യത്തിൽ അത് ബുദ്ധിയല്ല എന്നാ എനിക്ക് തോന്നുന്നത്.’
‘ബുദ്ധിയല്ല, ബുദ്ധിയല്ല. ഡോക്ടർമാരായോണ്ട് നമുക്ക് അത് അറിയാം. സാധാരണക്കാരായിരുന്നെങ്കിൽ മറ്റ് ഭവിഷ്യത്തുകൾ ഒന്നും ആലോചിക്കില്ല. നേരെ ചെന്ന് ഭാര്യയെ വഴക്ക് പറയും. ചിലപ്പോ രണ്ടെണ്ണം കൊടുക്കുകേം ചെയ്യും.’
‘സ്റ്റെല്ലയെ ഒരു രോഗിയായി കണ്ടു കൂടെ?’
‘കഴിയുന്നില്ല എന്നതാ സത്യം. ഞാൻ എൻ്റെ പ്രൊഫസർ ഡാനിയേൽസാറിനെ വീട്ടിൽ പോയി കണ്ടു. ഞങ്ങൾ മുറിയടച്ചിട്ട് സ്റ്റെല്ലയുടെ വിഷയം വിശദമായി സംസാരിച്ചു. സ്റ്റെല്ലയ്ക്ക് വിഷാദമാകാം എന്നാ പ്രൊഫസർ ആദ്യം അഭിപ്രായപ്പെട്ടത്. കൂടുതൽ കാര്യങ്ങൾ കേട്ടപ്പോൾ ഓറിയന്റേഷൻ പ്രശ്നമാണ് എന്നായി. എനിക്ക് അതൊന്നും സ്വീകാര്യമായില്ല. സ്റ്റെല്ലയും ഞാനും രണ്ടു സമാന്തര ലോകങ്ങളിൽ ജീവിക്കുകയാണ്. സ്റ്റെല്ലയ്ക്ക് സ്റ്റെല്ലയുടേതായ ശരികൾ ഉണ്ട്. പക്ഷേ അവ എൻ്റെ ശരികളുമായി നിരന്തരം സംഘർഷത്തിലാണ് എന്നതാ വീട്ടിലെ ഇപ്പോഴത്തെ പ്രശ്നം.’
‘സ്റ്റെല്ല മണ്ണടീലെ വീട്ടിൽ പോകാറുണ്ടോ?’
‘അതല്ലേ രസം. സ്റ്റെല്ലക്ക് അങ്ങനെ നാട്ടിൽ പോകണം എന്നുള്ള ഒരു വാശിയും ഇല്ല. എവിടെയും സംതൃപ്തയാണ്. വീട്ടിൽ ഒരു പൂച്ചയുണ്ട്. അതിന്റെ കൂടെയാ സകല സമയവും. സത്യം പറഞ്ഞാൽ ആ പൂച്ചയോട് എങ്ങനെയാണോ അതുപോലെ തന്നെയാണ് നീതമോളോടും എന്നോടും. നേരത്തെ പറഞ്ഞ പോലെ ഒരുതരം ചരാചരസ്നേഹം. മുറിയൊക്കെ വൃത്തിയാക്കുന്നത് വളരെ സൂക്ഷിച്ചാ, ഏതെങ്കിലും പ്രാണിക്ക് പരിക്കു പറ്റുമോ എന്നു പേടിയുള്ളപോലെ. നീ വിശ്വസിക്കുമോ അല്ലെങ്കിൽ ആരെങ്കിലും വിശ്വസിക്കുമോ, സ്റ്റെല്ല മുറിക്കകത്ത് പാറ്റയെയോ ഉറുമ്പിനെയോ അതുപോലെ വേറെയേതെങ്കിലും പ്രാണിയെയോ കണ്ടാൽ കൊല്ലില്ല. ഞാൻ പിടിച്ചു കൊല്ലുമോ എന്നുള്ള പേടിയാ പിന്നെ. എനിക്ക് കൊല്ലാതിരിക്കാൻ ഒക്കുമോ? ഞാൻ കൊല്ലും.’
‘വഴക്കാവുമോ?’
‘ഇല്ല. നിസ്സംഗമായി, ഞാൻ കൊല്ലുന്നത് നോക്കിയിരിക്കും.’
‘സ്റ്റെല്ലയുടെ കൂടെ കാട്ടിൽ ഉണ്ടായിരുന്ന ആളുകൾ ഇപ്പോൾ എങ്ങനെയുണ്ട്?’
‘അതിൽ രണ്ടുപേര് തമ്മീ കല്യാണം കഴിച്ചൂന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അയാൾക്ക് മണ്ണടിയിൽ കൃഷീം കച്ചോടോം ഒണ്ട്. അവൾക്കും ചുറ്റുപാടൊണ്ട്. കാണാൻ രണ്ടുപേരും മെയ്ഡ് ഫോർ ഈച്ച് അദർ. ആരും ഒന്ന് നോക്കിനിന്നുപോവും. അത്ര സൗന്ദര്യമാ രണ്ടുപേർക്കും. പക്ഷേ പഠിത്തവും ജോലിയും ഒന്നും വേണ്ടാന്നു വച്ച് നിൽക്കുവാ രണ്ടും. കാട്ടീ പോയി വന്നേന്റെ ഭ്രാന്ത്. സ്റ്റെല്ലേപ്പോലെ. പക്ഷേ അവര് പരസ്പരം സഹിച്ചാ മതിയല്ലോ. മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നില്ല. ഇവിടെ അതല്ലല്ലോ.’
‘വേറൊരാൾ ഉണ്ടാരുന്നല്ലോ, ഒരു പയ്യൻ?’
‘കൂട്ടത്തീ വലിയ കൊഴപ്പമൊണ്ടാവാത്തത് അവനാ. ശരിക്കും കാട്ടിൽ പോയിട്ട് വന്നപ്പോ അവൻ നന്നായി എന്ന് പറയണം. നാടോടിക്കുടുംബമാ. സ്റ്റെല്ലേടെ വീട്ടിലൊക്കെ ജോലിക്ക് നിന്നിരുന്നതുമാ. സ്റ്റെല്ലേടെ അച്ഛന്റെ നിർബന്ധത്തിന് സ്കൂളിലും കോളേജിലും പോയി. കാട്ടിൽ പോയിവന്നിട്ട് അവൻ ഷാപ്പ് തുടങ്ങി. അതുകൊണ്ട് നന്നായി ജീവിക്കുന്നു.’
എല്ലാ ദിവസത്തെയും പോലെ തങ്ങളുടെ പഴയ ദാമ്പത്യകാലത്തെ കാര്യങ്ങൾ ഒന്നും പറയാതിരിക്കാൻ രണ്ടുപേരും ശ്രദ്ധിച്ചു. പക്ഷേ രണ്ടുപേരും സംസാരത്തിനിടയിൽ പഴയ കാര്യങ്ങൾ ഓർത്തു. പഴയ വഴക്കുകളും ഓർത്തു. അതൊന്നും ഇപ്പോൾ ഇല്ലല്ലോ എന്ന് ഉള്ളിൽ ആശ്വസിക്കുകയും ചെയ്തു.
എഴുപത്തിയൊന്ന്
നാൽപതു വർഷങ്ങളോളമായി ഗിരിയുടെ വീട്ടിൽ ജോലിചെയ്യുന്ന ആളാണ് ആന്റണി. അതായത്, ഗിരി ജനിക്കുന്നതിന് ഒരു ദശാബ്ദം മുമ്പേ ആന്റണി കല്പകശ്ശേരിൽ എന്ന അവരുടെ വീട്ടിലെ ജോലിക്കാരനാണ്. ഗിരിയുടെയും സഹോദരിമാരുടെയും ജനനവും വളർച്ചയും അയാൾ കണ്ടതാണ്. എങ്കിലും അവർ അയാളെ ആന്റണി എന്ന പേര് ചൊല്ലി വിളിച്ചു. ജോലിക്കാരെ കുട്ടികൾ പേരെടുത്ത് വിളിക്കുന്നത് അക്കാലത്ത് പതിവായിരുന്നതിനാൽ ആരും അത് തിരുത്താൻ പോയില്ല. ആന്റണി തിരുവല്ലയിൽനിന്ന് മണ്ണടിയിൽ എത്തിച്ചേരുമ്പോൾ അയാളോടൊപ്പം ഭാര്യ ഗ്രേസിയും രണ്ടു വയസ്സുള്ള മകൾ സൂസമ്മയും ഉണ്ടായിരുന്നു. ഗിരിയുടെ മുത്തശ്ശനായ ഭാർഗ്ഗവൻ അക്കാലത്ത് വലിയ ധനികൻ ആയിരുന്നില്ല. ഒന്നര ഏക്കർ ഭൂമിയും കുറച്ചു വയലും മാത്രം ഉണ്ടായിരുന്നു. പത്തുവർഷം കഴിഞ്ഞ് ഗിരിയുടെ പിതാവാകേണ്ട പ്രതാപൻ അന്ന് പ്രീഡിഗ്രിക്ക് ചേർന്നിട്ടേ ഉള്ളു.
വലിയ ഭവ്യത ഒന്നും കാട്ടാതെ ആന്റണി ഭാർഗ്ഗവനോട് പറഞ്ഞു:
‘ഞാൻ രണ്ടുപേരുടെ ജോലി ചെയ്യും. ഒന്നരയാളിന്റെ കൂലി തരണം.’
ജോലി തീർന്നിട്ട് പറയാം എന്നായി ഭാർഗ്ഗവൻ. വയലിലായിരുന്നു പണി. ആന്റണി പറഞ്ഞത് ശരിയായിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും രണ്ടല്ല മൂന്നുപേരുടെ പണി പുതിയ പണിക്കാരൻ ഒറ്റയ്ക്ക് ചെയ്തുതീർത്തു. അന്നുമുതൽ കല്പകശേരിൽ ഉൾപ്പെടെ നാല് വീടുകളിലെ സ്ഥിരം ജോലിക്കാരൻ ആണ് ആന്റണി. മണ്ണടിയിൽ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് രണ്ടാമത്തെ മകൾ ജനിച്ചു. മൂന്നുവർഷം കൂടി കഴിഞ്ഞപ്പോൾ ഒരു മകനും.
ഒട്ടും വാത്സല്യവാനല്ലാത്ത പിതാവാണ് തങ്ങളുടേതെന്ന് ആന്റണിയുടെ മക്കളിൽ ആദ്യം മനസ്സിലാക്കിയത് മൂത്തമകൾ സൂസമ്മയായിരുന്നു. ജനിച്ച് ആദ്യത്തെ അഞ്ചാറു വർഷം കുഴപ്പമില്ലായിരുന്നു. സൂസമ്മ പഠിക്കാൻ തുടങ്ങിയതോടെ ആന്റണി വിശ്വരൂപം കാട്ടാൻ തുടങ്ങി. പഠനക്കാര്യത്തിൽ കഠിനമായ ചിട്ടകൾ ഏർപ്പെടുത്തി. സ്കൂളിൽനിന്നു വന്ന് ഒരു മണിക്കൂറിനകം പഠിക്കാൻ ഇരുന്നു കൊള്ളണം. എട്ടുമണിക്ക് കിടക്കാം. വീണ്ടും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങണം. രാവിലത്തെ പാചകവും പലപ്പോഴും വൈകിട്ടത്തെ പാചകവും ആന്റണിയാണ് ചെയ്യുക. സ്വതേ മടിച്ചിയായ ഗ്രേസിക്ക് അത് ഒരു സൗകര്യമായി. ഗ്രേസിയെ മടിച്ചിയായി നിലനിർത്തുന്നതിൽ ആന്റണി ആനന്ദം അനുഭവിച്ചിരുന്നു എന്നതാണ് സത്യം. ആൻറണി ഭാര്യയെ കലശലായി സ്നേഹിച്ചിരുന്നു. പക്ഷേ ആ സ്നേഹം അവളോ മറ്റുള്ളവരോ തിരിച്ചറിയുന്നത് അയാൾ ഇഷ്ടപ്പെട്ടില്ല. അതിനായി തൊട്ടതിനും പിടിച്ചതിനുമെല്ലാം ഭാര്യയെ വഴക്കു പറഞ്ഞു. അതേസമയം അവൾക്ക് ഉണ്ണാനും ഉടുക്കാനും ഒരു കുറവും വരുത്തിയില്ല. ഒരു ജോലിയും അവളെക്കൊണ്ട് ചെയ്യിച്ചുമില്ല. ഭർത്താവ് അബോധപൂർവ്വമായി പരിശീലിക്കുന്ന ഈ അടവ് ബുദ്ധിമതിയായ ഗ്രേസി മനസ്സിലാക്കിയിരുന്നു. മനസ്സിലാക്കിയ വിവരം അയാളോ മറ്റുള്ളവരോ അറിയാതിരിക്കാൻ അവൾ അയാളുമായി വലിയ വഴക്കുകൾ ഉണ്ടാക്കുകയും ആഴ്ചകൾ നീളുന്ന പിണക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
മൂന്നാമത്തെ കുട്ടി ജനിച്ചുകഴിഞ്ഞപ്പോൾ ഇനി സന്താനം വേണ്ട എന്ന് ആന്റണി തീരുമാനിച്ചു. ഭാര്യയുടെ അടുത്ത് കിടക്കാതായി. എങ്കിലും മൂന്നര വർഷത്തെ ഇടവേള വച്ച് രണ്ടു കുട്ടികൾ കൂടി ജനിച്ചു. ഒരു പെണ്ണും അവസാനമായി ഒരാണും. അഞ്ചാമനായ സ്റ്റീഫനെ ആൻറണി പരസ്യമായി തന്നെ സ്നേഹിച്ചു. വലിയ കുട്ടിയായിക്കഴിഞ്ഞും ലാളിച്ചു. മറ്റു മക്കളെ വിളിച്ചുകൊണ്ടിരുന്ന സംബോധന – നായിന്റെ മോനേ/മോളേ- ഒരിക്കലും സ്റ്റീഫനായി അയാൾ ഉപയോഗിച്ചില്ല. സൂസമ്മക്ക് സർക്കാരുദ്യോഗം കിട്ടിയതോടെ അവൾ അച്ഛനോട് അത്യാവശ്യം നേർക്കുനേരെ സംസാരിക്കാനും സ്വാതന്ത്ര്യമെടുക്കാനും തുടങ്ങി.
ഒരിക്കൽ അവൾ സ്റ്റീഫനെ ചൂണ്ടി ആന്റണിയോട് ചോദിച്ചു:
‘അച്ഛന് ഈ നരുന്തിനെ സ്നേഹിക്കുന്നതിന്റെ പത്തിലൊന്ന് ഞങ്ങളെ സ്നേഹിച്ചു കൂടാരുന്നോ?’
‘അങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ നീയൊക്കെ രക്ഷപ്പെടുമായിരുന്നോ നായിന്റെ മക്കളേ?’ എന്ന മറുചോദ്യം ചോദിച്ച് ആന്റണി രക്ഷപ്പെട്ടു.
ആന്റണിയുടെ മക്കൾ ഒന്നൊന്നായി സർക്കാർ ഉദ്യോഗസ്ഥരായി. അയാളുടെ അറുപത്തി മൂന്നാമത്തെ വയസ്സിൽ ഏറ്റവും ഇളയ മകൻ സ്റ്റീഫന് പോലീസിൽ ജോലി കിട്ടി. അതോടെ ആന്റണി കർമ്മകാണ്ഡം മതിയാക്കുമെന്നും ഏതെങ്കിലും ഒരു സന്താനത്തിനൊപ്പം ശിഷ്ട ജീവിതം നയിക്കുമെന്നും എല്ലാവരും കരുതി. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ആന്റണി ഗിരിയെ കണ്ടു പറഞ്ഞു: ‘എനിക്ക് കൊറച്ചു പ്രായമായി. ഇനിയങ്ങോട്ട് മുക്കാലാളിന്റെ ജോലി ചെയ്യും, നിങ്ങൾ അരയാളിന്റെ കൂലി തന്നാൽ മതി.’
എഴുപത്തിരണ്ട്
കാട്ടിൽ നിന്നു വന്ന സുഹൃത്തുക്കളെ രാജൻ ഉത്സവം കാണിക്കാൻ കൊണ്ടുപോയി. പെരുവിരുത്തി മലനടയിലാണ് കൊണ്ടുപോയത്. അവിടത്തെ കമ്പം പ്രശസ്തമാണ്. പത്തു കിലോമീറ്റർ അകലെയും കമ്പത്തിന്റെ ശബ്ദം കേൾക്കാം. മണ്ണടിയിൽ നിന്ന് കടമ്പനാട് വഴി എട്ട് കിലോമീറ്റർ നടത്തയുണ്ട് മലനടക്ക്. ഉച്ചയോടെ അവർ മലനടയിൽ എത്തി. വമ്പൻ പുരുഷാരം ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരുന്നു. വയലുകളിൽ വൈകുന്നേരത്തെ കെട്ടുകാഴ്ചയ്ക്ക് കാളകൾ ഒരുങ്ങുന്നു. കൂട്ടുകാരെ രാജൻ ക്ഷേത്ര പരിസരത്ത് എത്തിച്ചു.
‘ഞാൻ പോയിട്ട് ഏഴുമണിയോടെ വരാം. വലിയ തിരക്കാണ്. നിങ്ങൾ കൂട്ടുപിരിയരുത്. ഈ ആലിന്റെ ഭാഗത്തുനിന്നു മാറുകയും ചെയ്യരുത്. ഞാൻ വന്നു കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് എല്ലാം ചുറ്റിനടന്നു കാണാം. ഏതെങ്കിലും കാരണത്താൽ കൂട്ടു തെറ്റിയാൽ അകലേക്ക് പോകാതെ നിൽക്കുക. തിരക്ക് കുറയുമ്പോൾ പരസ്പരം കണ്ടുപിടിക്കാം.’ രാജൻ നിർദ്ദേശം നൽകി.
രാജൻ ഒരു സൈക്കിൾക്കടയിൽ നിന്നും സൈക്കിൾ വാടകയ്ക്ക് എടുത്ത് ഞാങ്കടവിനു ചവിട്ടിവിട്ടു. സുഹൃത്തുക്കൾ ഉത്സവാന്തരീക്ഷത്തിൽ മത്തുപിടിച്ചു കഴിഞ്ഞിരുന്നു. ആലിന്റെ സമീപത്തു തന്നെ നിൽക്കണമെന്ന രാജന്റെ നിർദ്ദേശം അവർ പാടേ മറന്ന് ചുറ്റിനടക്കാൻ തുടങ്ങി. പല കടകളിൽ നിന്നായി കിട്ടിയതെല്ലാം വാങ്ങിക്കഴിച്ചു. എവിടെയെങ്കിലും ബഹളം കേട്ടാൽ അങ്ങോട്ട് ഓടിച്ചെന്നു നോക്കി. നാലുമണിയോടെ ക്ഷേത്രമൈതാനത്ത് തൂക്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിനെ ചൊല്ലി ഒരു തർക്കവും തുടങ്ങി. എപ്പോഴോ അടിയും വീണു. ദുർബലനായ ഒരുവനെ നല്ല ഉയരവും വലിപ്പമുള്ള ഒരുവൻ താഴെയിട്ട് ചവിട്ടുന്നത് കണ്ട് സാക്കിക്ക് സഹിച്ചില്ല. അവൻ ചാടിവീണ് മർദ്ദിച്ചുകൊണ്ടു നിന്ന തടിയനെ തള്ളി അകറ്റി. ഒരു നിമിഷത്തിനുള്ളിൽ സാക്കിയെ മൂന്ന് പേർ പൊതിഞ്ഞുനിന്ന് തല്ലാൻ തുടങ്ങി. അതോടെ അന്നൻ, സേക്കു, പുഞ്ചൻ, വീരു- നാലുപേരും ചാടിയിറങ്ങി. കൊണ്ടും കൊടുത്തും പൊരിഞ്ഞ അടിയായി. ക്ഷേത്രത്തിനടുത്ത് ഒരു വാഹനത്തിനുള്ളിൽ പോലീസ് സംഘം ഉച്ചയൂണ് കഴിഞ്ഞ് മയങ്ങുന്നുണ്ടായിരുന്നു. അടിയുടെ വിവരമറിഞ്ഞ് അവർ ഓടിയെത്തി. രാജന്റെ കൂട്ടുകാർ ഒഴികെ അടിച്ചു കൊണ്ടുനിന്നവരെല്ലാം പോലീസിനെ കണ്ട് ഓടിയകന്നു. ഓടിവന്ന് പിടികൂടിയ പോലീസുകാരെ വീരുവും കൂട്ടരും വീറോടെ നേരിട്ടു. ആദ്യമാദ്യം പിടിക്കാൻ വന്ന പോലീസുകാരെല്ലാം നിമിഷങ്ങൾക്കുള്ളിൽ നിലം പറ്റി. നാട്ടുകാരുടെ സഹായത്തോടെ പോലീസുകാർ അഞ്ചു പേരെയും ബന്ധനസ്ഥരാക്കി അടൂരിലേക്ക് കൊണ്ടുപോയി.
കവർ : വിൽസൺ ശാരദ ആനന്ദ്
(തുടരും)