അടുത്ത
നഗരത്തിൽ വെച്ച്
നിൻ്റെ നാട്ടുകാരനായ
ഒരാളെ
കണ്ടുമുട്ടിയിരുന്നു.
അയാൾ
എൻ്റെ കഴുത്തിന് മുകളിൽ
നിൻ്റെ മുഖം കണ്ടത് പോലെ
വെളുക്കെച്ചിരിച്ചു.
കവലയിൽ
നമ്മളേ ചേർത്ത്
കഥകൾ മെനഞ്ഞ
കാലത്തിന്
മുകളിലേക്ക്
ഒരു മഞ്ഞച്ചിരിപ്പുതപ്പിടുന്നുണ്ടായിരുന്നു.
നമ്മുടെ
ഓർമ്മകൾക്ക്
അയാൾ തിരക്കഥ
എഴുതുന്നത് കേട്ട്
ഞാനും പുഞ്ചിരിച്ചു ,
അതിന് തിളക്കമുണ്ടായിരുന്നില്ല.
85 ആം ആണ്ടിലെ
എപ്പോഴും ചെയിൻ
അഴിഞ്ഞു പോവുന്ന
എൻ്റെ ഹീറോ സൈക്കിൾ.
വെറുപ്പിൻ്റെ
വിഷം തീണ്ടി നീലിച്ച
മുഖമുള്ള നിൻ്റെ
കൂടപ്പിറപ്പ്
“സജ്ജയിലെ ” വെയിൽ –
ചൂടിൽ
തിളക്കുന്നത്.
മുത്തുമോനെ
എന്നെന്നെ
കരഞ്ഞു വിളിക്കുന്ന
നിൻ്റെ വീട്ടിലെ
വാർദ്ധക്യഗരിമ –
ദൈവത്തിൻ്റെ
വീടു കാണാൻ
യാത്ര പൊയത്.
നിന്നെ കുറിച്ച് മാത്രം
ഒന്നും പറഞ്ഞില്ല ,
ഞാനെങ്ങനെ ചോദിക്കും ?
ഉള്ളിലെ തീയിൽ
എണ്ണ പകരുന്നതെങ്ങനെ.
ഭയത്തിൻ്റെ
കരിമ്പടം പുതച്ച
മദ്റസാ സന്ധ്യകളും ,
നുണയൻ മമ്മുഞ്ഞിയും ,
നീ മാത്രം കഥയിൽ നിന്നകന്ന്.
നീയെന്നെ ഓർക്കുന്നു എന്ന്
മാത്രം
കഴിഞ്ഞ വരവിന്
നിൻ്റെ പാതിയുടെ
നോട്ടത്തിലൂടെ ഗ്രഹിച്ചിരുന്നു
അയാളുടെ നോട്ടത്തിന്
നിൻ്റെയാങ്ങളയുടെ അതേ മൂർച്ച.
അപ്പോൾ
അടുത്ത കെട്ടിടത്തിലേ
ബാൽക്കണിയുടെ
മുകളിൽ
കൊക്കുരുമ്മി രണ്ടു പ്രാവുകൾ.
നിന്നെ നഷ്ടമായ
ദിവസം തൊട്ട്
ഒറ്റക്കിരുന്നു കുറുകുന്നതിൻ്റെ
പെടാപ്പാട്
എനിക്കല്ലെ അറിയൂ.
മറഞ്ഞു പോയ ഓർമ്മയുടെ ചിറകിൽ നിന്നും
കൊഴിഞ്ഞു വീണ തൂവൽ
ഞാനെടുത്തു വെച്ചിട്ടുണ്ടായിരുന്നു ,
അതിയാളുടെ ,
മിഠായിപ്പെട്ടിക്കകത്ത്
കൊടുത്തു വിടുന്നു.
കവർ : ജ്യോതിസ് പരവൂർ