മുപ്പത്തിയേഴ്
‘കാന്തിയും ശാന്തിയും. ജനിക്കുന്നെങ്കിൽ ചുപ്പനായി ജനിക്കണം, അല്ലേടാ?’
ഗിരി രാജന്റെ കാതിൽ അടക്കം പറഞ്ഞു.
രാജൻ അത്ഭുതത്തോടെ അവനെ നോക്കി. ഗിരി അങ്ങനെയുള്ള തമാശകൾ പറഞ്ഞു കേട്ടിട്ടില്ല. ഗിരി രാജന്റെ തോളിൽ കയ്യിട്ടു കാതിൽ മന്ത്രിക്കുന്നത് കണ്ട് ഹേമയ്ക്കും അതിശയം തോന്നി.അത്ര അടുപ്പവും സ്നേഹവും ഒരിക്കലും അവൻ രാജനോട് കാണിച്ചു കണ്ടിട്ടില്ല. അതിന്റെ കാരണവും അവൾ ഊഹിച്ചു.
‘ഡെയ്, രണ്ടുപേരും ചുപ്പന്റെ ഭാഗ്യം ചർച്ച ചെയ്യുകയാണോ?’
അവൾ രണ്ടുപേരോടുമായി ചോദിച്ചു.
അതോ അവന്റെ ഭാര്യമാരുടെ നിർഭാഗ്യമോ?,’ സ്റ്റെല്ല ഹേമയോട് മന്ത്രിച്ചു.
‘എന്തു നിർഭാഗ്യം? നീ കണ്ടില്ലേ അവരുടെ പരസ്പരം ഉള്ള സ്നേഹം. ഡീ, നമുക്ക് രണ്ടുപേർക്കും ഗിരിയുടെ കൂടെ അങ്ങു കൂടിയാലോ, എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്തു പറയുന്നു?’ ഹേമ കുസൃതി പറഞ്ഞു.
‘വൃത്തികേട് പറയാതെ.’ സ്റ്റെല്ല അവളെ നുള്ളി.
അടുത്തദിവസം തന്നെ പോകാൻ താൽപര്യമുണ്ടെന്ന് രാജൻ മൂപ്പനെ കണ്ട് അറിയിച്ചു. സഹായിക്കണം, വഴി ച്ചെലവിന് കാശില്ല.
‘കൊഞ്ചം കാശ് തരാം. ചുപ്പൻ ടൗൺ വരെ കൂടെ വരും.’ മൂപ്പൻ പറഞ്ഞു.
വാർത്ത അറിഞ്ഞപ്പോൾ സ്റ്റെല്ലക്കും ഹേമയ്ക്കും സമാധാനമായി.
‘അപ്പോൾ … ഒടുവിൽ … ഇത് കാട്ടിലെ നമ്മുടെ അവസാന രാത്രി കൂട്ടുകാരേ! ആരണ്യകാണ്ഡം സമാപ്തം.’ ഹേമ പറഞ്ഞു.
‘നേരത്തെ ഉറങ്ങണം. രാവിലെ നേരം വെളുത്താൽ ഉടൻ പോകാമെന്ന് ചുപ്പൻ പറഞ്ഞിട്ടുണ്ട്.’ രാജൻ പറഞ്ഞു.
‘നേരത്തെ കിടക്കാം.’ മറ്റുള്ളവർ യോജിച്ചു.
കാട്ടിലെ അവസാന രാത്രി! നാളെ പരിചിതമായ ലോകത്തേക്ക് മടങ്ങുകയാണ്. ഇതുവരെ അതെക്കുറിച്ച് ആലോചിക്കാതിരുന്ന ഹേമയും സ്റ്റെല്ലയും ഗിരിയും നാട് തങ്ങളെ എങ്ങനെ സ്വീകരിക്കും എന്ന ആലോചനയിലായി. രാജൻ മറ്റൊരാലോചനയിലായിരുന്നു. സ്റ്റെല്ലയുടെ അടുപ്പം ഇനിയങ്ങോട്ട് ഉണ്ടാകുമോ? ഇതിനകം പലതവണ ആലിംഗനത്തിൽ അമർത്തിയെങ്കിലും സ്റ്റെല്ലയുടെ ശൈത്യം വ്യക്തമായിരുന്നു. കാട്ടിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ അമിതസന്തോഷത്തിന്റെ പിന്നിൽ തന്നിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ സന്തോഷം കൂടിയുണ്ടാകാം. നല്ല ഉറക്കമാകുമ്പോൾ അവസാനമായി അവളെ ഒന്ന് ആലിംഗനം ചെയ്തു ചുംബിക്കണം. അത് വേണം. അത് വേണം….
സ്റ്റെല്ലയും ഹേമയും ഗിരിയും രാത്രിയുടനീളം അസ്വസ്ഥരായി എഴുന്നേറ്റിരിക്കുകയും കിടക്കുകയും പിന്നെയും എഴുന്നേറ്റിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാവരും ഉറങ്ങുന്നത് കാത്തിരുന്ന രാജൻ മാത്രം എപ്പോഴോ ഗാഢമായ നിദ്രയിൽ പ്രവേശിച്ചു.
മുപ്പത്തിയെട്ട്
നേരം വെളുക്കുന്നതിനുമുമ്പേ നാലുപേരും യാത്രക്ക് തയ്യാറായി. വെളിച്ചം വീണു തുടങ്ങിയ ഉടനെ ഉന്മേഷത്തോടെ ചുപ്പൻ എത്തി. കാട്ടിലുള്ള സകല ആളുകളും പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാജനും കൂട്ടരും മൂപ്പൻ്റെ അടുത്തേക്കു ചെന്ന് കൈതൊഴുതു നിന്നു. മൂപ്പൻ രാജന്റെ കൈ ചേർത്തുപിടിച്ചു. വൈകാതെ വീണ്ടും വരണം എന്ന് പറഞ്ഞു.
‘ഉറപ്പായും വരും.’ രാജൻ പറഞ്ഞു.
ചുപ്പൻ എല്ലാവരോടുമായി എന്തോ ഉറക്കെ പറഞ്ഞു. അവർ കൈ ഉയർത്തി യാത്രാമംഗളം പോലെ ഒരു പാട്ടു പാടി. ചുപ്പൻ മുന്നോട്ട് നടന്നു തുടങ്ങി.
‘മൂന്നു കിലോമീറ്റർ പോയാൽ ഒരു കാളവണ്ടി കിട്ടും. തിന്നാനും എന്തെങ്കിലും കിട്ടാതിരിക്കില്ല. കാളവണ്ടിയിൽ ഉച്ചവരെ പോണം ബസ് കിട്ടുന്ന സ്ഥലം എത്താൻ. അവിടെനിന്ന് നിങ്ങക്ക് പൈക്കരക്ക് വണ്ടി കിട്ടും. പൈക്കരേന്ന് രാത്രി പാലക്കാടിന് വണ്ടിയുണ്ട്.’
സംസാരം നിർത്തിയിട്ട് ചുപ്പൻ മടിക്കുത്തിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്തു.
‘ഇത് കയ്യോടെ അങ്ങ് പിടിച്ചോ. നിങ്ങൾക്ക് നാട് എത്താൻ കഷ്ടി തികയും.’
ചുപ്പൻ പറഞ്ഞതുപോലെ മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ ആൾപ്പാർപ്പുള്ള ഒരു സ്ഥലം എത്തി. ഒരു കുടിലിന്റെ മുന്നിൽ കാളവണ്ടി കിടന്നിരുന്നു. കാലിത്തൊഴുത്തിൽ രണ്ട് കാളകളും നിൽക്കുന്നുണ്ടായിരുന്നു. ചുപ്പൻ ഒച്ച വച്ചപ്പോൾ കുടിലിന്റെ കതക് തുറന്നു. ഒരു വൃദ്ധനും വൃദ്ധയും പുറത്തുവന്നു. ചുപ്പനെ കണ്ട് അവർ ആഹ്ളാദം പ്രകടിപ്പിച്ചു.കുറച്ചു കുശലം പറഞ്ഞശേഷം വൃദ്ധൻ കാളകളെ അഴിച്ച് വണ്ടിയിൽ കെട്ടി. അപ്പോഴേക്കും വൃദ്ധ ഒരു പാത്രത്തിൽ ചീനി ചുട്ടതുമായി വന്നു.
ആരോഗ്യമുള്ള കാളകൾ ആയിരുന്നു. അവ യാത്രികരെയും വഹിച്ചുകൊണ്ട് വേഗം സഞ്ചരിച്ചു. ചുപ്പൻ ഇടയ്ക്കിടെ ചാട്ട ചുഴറ്റിയപ്പോൾ അവ വഴിയിലൂടെ പറന്നു.
![](https://i0.wp.com/malayalanatu.com/wp-content/uploads/2024/11/vara-4.jpg?resize=754%2C1024&ssl=1)
‘കാളകൾ ഇന്ന് ഉഷാറാണ് ഉച്ചയ്ക്ക്മുമ്പ് നമ്മുടെ സ്ഥലമെത്തും.’ ചുപ്പൻ സന്തോഷത്തോടെ പറഞ്ഞു. ചുപ്പനൊഴികെ മറ്റു നാലുപേരും കൂടിനു പുറത്തെത്തിയ കിളികളെ പോലെ നിശ്ശബ്ദരായിരുന്നു. മുമ്പിൽ കാണപ്പെടുന്ന ലോകം പാടേ മാറിക്കഴിഞ്ഞ ഒന്നാണെന്നും തങ്ങളുടേതല്ലാത്ത ലോകത്തിലേക്കു പ്രവേശിക്കുകയാണെന്നും അവർക്കു തോന്നി. നാടല്ലെങ്കിൽ പിന്നെ ഏതാണ് തങ്ങളുടെ ലോകം? കൊടുംകാടാണോ? അല്ല. ചുപ്പന്റെയും കൂട്ടരുടെയും സ്ഥലമാണോ? അതുമല്ല. ഏതായാലും ഒന്നുറപ്പാണ്. വേണ്ടപ്പെട്ടവരുടെ ഒപ്പമെത്തുമ്പോൾ പഴയ തങ്ങളാവില്ല അവർക്കൊപ്പം ജീവിക്കാൻ പോകുന്നത്.
‘നിറയെ കഴിച്ചോ. ഇനി എപ്പോ ശാപ്പാട് കിട്ടുമെന്ന് അറിയില്ല.’ ചുപ്പൻ പറഞ്ഞു.
‘ഗിരീ ഒരു കഥ പറയൂ. നിന്റെ കഥ കേട്ടിട്ട് എത്ര നാളായി!’ ഹേമ പറഞ്ഞു.
‘കഥയൊന്നും ഓർമ്മ വരുന്നില്ല. അതിനുള്ള മൂഡുമില്ല.’ ഗിരി പറഞ്ഞു.
‘ഒന്നുരണ്ടെണ്ണം പറ ഗിരി. ഉച്ചവരെ നമുക്ക് പോവണ്ടതല്ലേ.’
സ്റ്റെല്ലയും പ്രോത്സാഹിപ്പിച്ചു.
‘ശരി, ഒരു കഥ മനസ്സിലുണ്ട്.’ ഗിരി വഴങ്ങാൻ തയ്യാറെടുത്തു. ‘ശരിക്കും കഥയല്ല, നടന്ന സംഭവമാ. അതുകൊണ്ടുതന്നെ കഥേടെ പൂർണ്ണത ഇല്ല. നിങ്ങളിൽ ആരെങ്കിലും കഥ പൂർത്തിയാക്കി തരാം എന്ന വ്യവസ്ഥയിൽ വേണമെങ്കിൽ ഞാൻ പറയാം. എന്തു പറയുന്നു?’
‘നീ പറ. സ്റ്റെല്ല പൂർത്തിയാക്കി തരും.’ ഹേമ പറഞ്ഞു.
‘ഞാനേറ്റു.’ സ്റ്റെല്ലയും പറഞ്ഞു.
‘ശരി, എൻ്റെ ഒരു പരിചയക്കാരൻ്റെ കഥയാ. അമ്മയുടെ കുടുംബ വീടിനടുത്ത് ബാബു എന്നു പേരുള്ള ഒരു മനുഷ്യൻ. എന്നേക്കാൾ നാലഞ്ചു വയസ്സ് പ്രായം കൂടുതൽ കാണും. അത്യാവശ്യം ചുറ്റുപാടുള്ള വീട്ടിലാ അയാൾ ജനിച്ചത്. പക്ഷേ അയാളുടെ ജനനത്തോടെ അമ്മ മരിച്ചു. മുത്തശ്ശിയാ പിന്നെ വളർത്തിയത്. ആരോടും അടുക്കാത്ത സ്വഭാവമാ ബാബുവിൻ്റേത്. എങ്കിലും എന്തുകൊണ്ടോ എന്നെ വഴിയിൽ കണ്ടാൽ അവൻ കാര്യം പറയുമായിരുന്നു. അങ്ങനെ അയാൾ പറഞ്ഞ കാര്യങ്ങളാ ഞാൻ പറയാൻ പോകുന്നത്.’
‘ബാബു എന്നോട് വിചിത്രമായ ഒരു കാര്യം പറഞ്ഞത് അയാളുടെ ജനനശേഷം വീട് മുടിയാൻ തുടങ്ങി എന്നാണ്. ജനനത്തോടെ അമ്മ മരിച്ചതും ക്രമേണ വീടിന്റെ അവസ്ഥ മോശമായി വന്നതും ചേർത്ത് താൻ ഒരു ദുശ്ശകുനമാണെന്ന് അയാൾ ചിന്തിച്ചു തുടങ്ങി. അതിലും വിചിത്രമായ ഒരു കാര്യം ബാബു എന്നോട് പറഞ്ഞത് കേട്ടാ നിങ്ങൾ ചിരിക്കും. അയാൾ ദുരന്തങ്ങളെയും നഷ്ടങ്ങളെയും സ്നേഹിച്ചു തുടങ്ങി. ഓരോ പ്രശ്നം വീട്ടിൽ ഉണ്ടാവുമ്പോഴും അയാൾ സ്വകാര്യമായി ആഹ്ളാദിച്ചു. വീടിന്റെയും തൻ്റെ തന്നെയും സമ്പൂർണ്ണ നാശം കണ്ട് ആഹ്ളാദിക്കണമെന്ന ശക്തമായ ഒരു ഉൾപ്രേരണ എങ്ങനെയോ അയാളുടെ മനസ്സിൽ ഉണ്ടായിവന്നുവത്രേ.’
‘അതുകൊള്ളാം, കിറുക്കൻ!,’ ഹേമ പറഞ്ഞു.
‘ജോലിക്കൊന്നും പോകാതെ വീട്ടിൽ കുത്തിയിരുന്നപ്പോഴും മുത്തശ്ശിയോ മറ്റുള്ളവരോ അയാളെ കുറ്റപ്പെടുത്തിയില്ല.
നല്ല മനക്കരുത്തും നിശ്ചയദാർഢ്യവും ഉള്ളയാളായിരുന്നു ബാബുവിന്റെ മുത്തശ്ശി. അതേസമയം ഒന്നാന്തരം അന്ധവിശ്വാസിയും. വീട്ടിലെ പ്രശ്നങ്ങൾ എന്നെന്നേക്കുമായി പരിഹരിക്കാൻ കഴിയുമെന്ന് ഒരു മന്ത്രവാദി അവരോടു പറഞ്ഞു. അതിനു ചെലവേറിയ ഒരു ഹോമം ചെയ്യേണ്ടി വരുമെന്നും.’
‘പാവങ്ങളെ പറ്റിക്കാൻ,’ സ്റ്റെല്ല പറഞ്ഞു.
‘കഥ പറയട്ട്. ശല്യപ്പെടുത്താതെ.’ രാജൻ അക്ഷമയോടെ പറഞ്ഞു.
എല്ലാവരും അമ്പരപ്പോടെ രാജനെ നോക്കി. അവനു കഥയിൽ താൽപര്യം കാണുമെന്ന് അവർ വിചാരിച്ചതേയില്ല. രാജൻ ചുപ്പനെ തട്ടി വിളിച്ചു.
‘വണ്ടി ഞാൻ തെളിക്കാം.’
‘വേണോ? അതൊരു വശമാ.’ താഴെയിറങ്ങിക്കൊണ്ട് ചുപ്പൻ ചോദിച്ചു.
‘കുഴപ്പമില്ല.’
രാജൻ മുന്നിൽ കയറിയിരുന്നു. ചാട്ട ചുഴറ്റി കാളകളിലൊന്നിനെ മെല്ലെ അടിച്ചു. വണ്ടി വീണ്ടും നീങ്ങി.
‘കഥ പറഞ്ഞോ.’ രാജൻ ഗിരിയെ പ്രോത്സാഹിപ്പിച്ചു.
‘സുദീർഘമായ ഒരു ഹോമം ബാബുവിന്റെ വീടിന്റെ മുറ്റത്തു നടന്നു.
-ഇനി നിങ്ങൾക്ക് ധൈര്യമായി ജീവിക്കാം. ഒരു പ്രശ്നവും ഉണ്ടാവില്ല-
ദക്ഷിണ സ്വീകരിച്ച് യാത്രയാകുമ്പോൾ മന്ത്രവാദി പറഞ്ഞു.
മന്ത്രവാദിയുടെ വാഹനം നേരെ കിഴക്കോട്ട് തിരിഞ്ഞതും പടിഞ്ഞാറ് നിന്ന് ഒരു പോലീസ് ജീപ്പ് ബാബുവിന്റെ വീട്ടിലേക്ക് കയറി വന്നു. മൂന്ന് പോലീസുകാർ അതിൽ നിന്ന് ചാടിയിറങ്ങി. അവർ ബാബുവിന്റെ ജേഷ്ഠനെ തിരഞ്ഞു കണ്ടുപിടിച്ചു. കയ്യാമം വെച്ച് അയാളെ കൊണ്ടുപോയി.എല്ലാവരും തരിച്ചു നിന്നുപോയി. അതൊരു മോഷണക്കേസ് ആണെന്ന് വൈകിട്ടോടെ മനസ്സിലായി. മുത്തശ്ശിയുടെ ദേഷ്യം മുഴുവൻ മന്ത്രവാദിയോടായിരുന്നു.
-നീ പോയി ആ കള്ളന്റെ കയ്യീന്ന് കൊടുത്ത പൈസ തിരികെ വാങ്ങി വാ- അവർ ബാബുവിനോട് പറഞ്ഞു.
ബാബു തീരുമാനമെടുക്കാനാവാതെ കുത്തിയിരുന്നപ്പോൾ അവർ അലറി: നീ ആണാണെങ്കിൽ പോയി കാശ് വാങ്ങിവാ. അല്ലെങ്കിൽ ഈ നിമിഷം ഇവിടുന്ന് ഇറങ്ങ്.
ബാബു മന്ത്രവാദിയുടെ വീട്ടിലെത്തി. അയാളുടെ വരവ് ദൂരത്തുനിന്നു തന്നെ മന്ത്രവാദി കണ്ടിരുന്നു. ബാബു അടുത്തെത്തിയപ്പോൾ അയാൾ വല്ലാതെ വിളറി.
“ഞാൻ അറിഞ്ഞു. ഞാൻ ഒരിക്കൽ കൂടി പ്രശ്നം വെച്ചു നോക്കി. അപ്പോഴാണ് ഒരു പ്രത്യേക സംഗതി കണ്ടത്. ഞാൻ ചെയ്ത കർമ്മങ്ങളുടെ കുഴപ്പമല്ല. മറ്റൊന്ന്. അതായത് നിങ്ങളുടെ വീട്ടിൽ ഏതോ ഒരു കാര്യം- അതൊരു മനുഷ്യനാകാം, മൃഗമാകാം, മരമാകാം, മണ്ണിനടിയിലുള്ള പാറയാകാം, അങ്ങനെ എന്തുമാകാം- എല്ലാ ആപത്തുകളെയും ആകർഷിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. അത് അവിടെ നിന്നു പോകാതെ ആപത്ത് ഒഴിയുകയില്ല.”
ബാബു സ്തംഭിച്ചു നിന്നുപോയി. ബാബു വിശ്വസിച്ചത് മന്ത്രവാദി സംശയിക്കുന്ന വീട്ടിലെ കുഴപ്പം പിടിച്ച സംഗതി താൻ തന്നെയാണെന്നാണ്. അവന് നേരത്തെതന്നെ ആ ചിന്ത ഉണ്ടായിരുന്നല്ലോ. മന്ത്രവാദി പറഞ്ഞത് പൂർണ്ണമായും ശരിയാണ് എന്ന് അവൻ വിശ്വസിച്ചു. അവൻ്റെ വീട്ടുകാർ രക്ഷപ്പെടണമെങ്കിൽ അവരുടെ ഇടയിൽ നിന്ന് അവൻ പോകണം. അതാണ് അവന്റെ ഉറച്ച വിശ്വാസമെന്ന് അവൻ എന്നോടു പറഞ്ഞു. പറഞ്ഞതിന്റെ അടുത്ത ആഴ്ച് അവൻ എങ്ങോട്ടോ പോവുകയും ചെയ്തു.’
‘ശരി. ഇതാണ് കഥ. ഇനി പൂർത്തിയാക്കൂ. ബാബുവിന് എന്തു സംഭവിച്ചു കാണും? നിങ്ങൾക്ക് എന്തു തോന്നുന്നു?’ ഗിരി ചോദിച്ചു.
‘വിക്രമാദിത്യൻ കഥ പോലെ ഒന്ന്. ഒടുവിൽ ഒരു ചോദ്യം. പണ്ടായിരുന്നേൽ പറഞ്ഞേനെ വിശപ്പു തട്ടുമ്പോൾ അയാൾ തിരിച്ചു വരുമെന്ന്.’ ഹേമ പറഞ്ഞു.
‘മൂന്നു വർഷമായിട്ടും തിരിച്ചു വന്നില്ല.’ ഗിരി പറഞ്ഞു.
‘മരിച്ചു പോയിട്ടുണ്ടാവാം, ആത്മഹത്യ ചെയ്‌തുകാണാം. രണ്ടുമല്ലെങ്കിൽ എവിടെയെങ്കിലും ഭിക്ഷയെടുത്ത് കഴിയുകയാവും. അയാൾ ഒരിക്കലും നാട്ടിലേക്ക് തിരികെ വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.’ സ്റ്റെല്ല പറഞ്ഞു.
ചുപ്പൻ ഇടപെട്ടു. ‘എനിക്ക് തോന്നുന്നത് അയാള് എവിടെയെങ്കിലും പെണ്ണ് കെട്ടി സന്തോഷമായി കഴിയുകയാണെന്നാണ്. അങ്ങനെ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.’
‘രാജാ കഥ എങ്ങനെയുണ്ട്?’ ഗിരി ചോദിച്ചു.
രാജൻ മറുപടി പറയാതെ കഥയിലെ ബാബുവിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. വേഗത്തിലുള്ള മരണമാണ് ബാബുവിന് സംഭവിക്കാനുള്ള ഏറ്റവും നല്ല കാര്യമെന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല.
മുപ്പത്തിയൊൻപത്
ചുപ്പന്റെ പ്രതീക്ഷ പോലെ തന്നെ ഉച്ചയ്ക്ക് മുമ്പ് കാളകൾ സ്ഥലത്തെത്തിച്ചു. എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ചുപ്പനും ചാടിയിറങ്ങി. ബസ് വന്നുനിൽക്കുന്ന സ്ഥലം അവൻ കാണിച്ചുകൊടുത്തു. നാലുപേരും ഒന്നും മിണ്ടാനാകാ തെ നിന്നു.
‘ധൈര്യമായി പോകൂ. എന്നാ ഇനി ഇങ്ങോട്ട് വരിക?’ ചുപ്പൻ ചോദിച്ചു.
‘ഞാൻ വരും. രണ്ടുമാസത്തിനകം.’ രാജൻ പറഞ്ഞു.
‘നീ വരുമെന്ന് എനിക്കറിയാം. നീ നമ്മ ആളു താൻ.’
ചുപ്പൻ ചിരിച്ചു.
‘ഈ സ്ഥലത്തിൻറെ പേര് മറക്കരുത് – ഹസനൂർ. ഇവിടെ വന്ന് ആരോട് ചോദിച്ചാലും ചുപ്പന്റെ വിവരം കിട്ടും.’
‘രാജന്റെ പുറകെ ഞങ്ങളും വരും ചുപ്പാ. ഞങ്ങൾക്ക് വരാതിരിക്കാൻ ആവില്ല. നിങ്ങളെ ആരെയും ഞങ്ങൾ ഒരിക്കലും മറക്കില്ല,’ ഹേമ പറഞ്ഞു.
ചുപ്പനെയും വഹിച്ചുകൊണ്ട് കാളവണ്ടി അകന്നുപോയപ്പോൾ നാലുപേർക്കും സങ്കടമായി. ചുപ്പൻ യാത്രയായപ്പോൾ അകന്നത് കാടിന്റെ ശീതള സാന്നിദ്ധ്യമാണെന്ന് അവർക്കു തോന്നി. നാലുമാസം ഗർഭത്തിൽ വഹിച്ച് തങ്ങളെ ഉരുക്കിവാർത്ത പ്രാണനിൽ പ്രാണനായ കാട് !
പൈക്കര മുതൽ പാലക്കാട് വരെ ആളൊഴിഞ്ഞ ഒരു തമിഴൻ ബസ്. പാലക്കാട് എത്തിയപ്പോൾ നാട് വരെ വണ്ടിക്കൂലിക്ക് കാശ് തികയുമോ എന്ന് സംശയമായി. മൂന്നുപേർക്കാണെങ്കിൽ തികയും. ഇനി എന്തു ചെയ്യും!
‘ആരെയെങ്കിലും കണ്ട് നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞാലോ? സഹായിക്കില്ലേ? നമ്മുടെ കഥ ആരെങ്കിലുമൊക്കെ അറിഞ്ഞുകാണില്ലെ?’ സ്റ്റെല്ല ചോദിച്ചു.
മറ്റുള്ളവർക്ക് അതിനു മടി തോന്നി.
‘എനിക്ക് ആരോടും സംസാരിക്കാതെ നാട്ടിൽ എത്തണമെന്നാ,’ ഗിരി പറഞ്ഞു.
‘എനിക്കും.’ ഹേമയും ഒപ്പം കൂടി.
‘ഒന്നും വേണ്ട. നിങ്ങൾ പൊക്കോളൂ. ഞാൻ എങ്ങനെയെങ്കിലും വരാം,’ അൽപം ആലോചനക്കു ശേഷം രാജൻ പറഞ്ഞു.
‘നീ എങ്ങനെ വരും?’
ഹേമ ചോദിച്ചു.
‘തിരക്കുള്ള ഏതെങ്കിലും ബസ്സിൽ കയറി ടിക്കറ്റ് എടുക്കാതെ വരാം. അല്ലെങ്കിൽ ഏതെങ്കിലും ലോറിയിൽ കയറി വരാം.’
അത്രയ്ക്ക് പാടുപെടുന്നതെന്തിന്! ആരോടെങ്കിലും പറഞ്ഞാൽ സഹായിക്കില്ലേ? നമുക്ക് ഒരുമിച്ചു പോകാം.’ സ്റ്റെല്ല പറഞ്ഞു.
‘ഞാൻ ഉടനെ നാട്ടിലേക്കില്ല.’ രാജൻ ദൃഢമായി പറഞ്ഞു.
‘കാരണം?’ ഹേമ ചോദിച്ചു.
‘നിങ്ങൾ പൊക്കോളൂ. അതിനൊള്ള പൈസയല്ലേ ഉള്ളൂ. ആരോടും യാചിക്കാതെ പോകൂ. ഞാൻ പയ്യെ വന്നോളാം.’
‘നിന്റെ പരിപാടി എന്താണ്?’ ഗിരി സംശയത്തോടെ ചോദിച്ചു.
‘ഒന്നുമില്ല. നിങ്ങൾ പൊക്കോളൂ.’
മറ്റു നിവൃത്തിയില്ലാത്തതിനാൽ രാജനെ ഒഴിയാൻ അവർ അനുവദിച്ചു. മൂന്നുപേർ മാത്രം കോട്ടയത്തേക്ക് യാത്രയായി.
കോട്ടയത്തേക്കുള്ള ബസ്സിൽ നാടോടികളെപ്പോലെ അവർ ഇരുന്നു.
പിന്നിലിരുന്ന കൂട്ടർ അവർ കേൾക്കെ തന്നെ പറഞ്ഞു:
‘കണ്ടില്ലേ കോലം! കുളിയുമില്ല, നനയുമില്ല.’
‘എങ്ങും പോകാനുള്ള യാത്രയല്ല ഇവറ്റകളുടെ. വെറുതെ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുകയാ.
നിമിഷനേരം മതി അടുത്തു നിൽക്കുന്നവരുടെ പൈസ കയ്യിലാവും.സൂക്ഷിക്കണം.’
അതു കേട്ട് മൂന്നുപേരും
പരസ്പരം നോക്കി ചിരിച്ചു.
‘വേഷമാണ് എല്ലാം.’ സ്റ്റെല്ല പറഞ്ഞു.
കോട്ടയമെത്തിയപ്പോൾ വലിയ ക്ഷീണം, വിശപ്പ്.
‘ഉള്ള പൈസയ്ക്ക് കാപ്പി കുടിച്ചിട്ട് നടന്നാലോ?,’ ഗിരി ചോദിച്ചു.
‘മൂന്നു നാലുദിവസം നടക്കേണ്ടി വരില്ലേ?’
ഹേമ സംശയം പ്രകടിപ്പിച്ചു.
‘ഭക്ഷണം കഴിച്ചിട്ടു മതി ബാക്കി എന്തും. എനിക്ക് തീരെ വയ്യ.’ സ്റ്റെല്ല പറഞ്ഞു.
ഹോട്ടലിൽ കയറാൻ തുടങ്ങിയപ്പോൾ ഹോട്ടലുടമ തടഞ്ഞു:
‘പുറത്തു നിന്നാൽ മതി. ഉദ്യോഗസ്ഥരും മറ്റും ജോലി കഴിഞ്ഞു വന്ന് കഴിക്കുന്ന സമയമാ.’
സ്റ്റെല്ലയ്ക്ക് കരച്ചിൽ വന്നു. ഹേമയ്ക്ക് ചിരിയും.
‘നിങ്ങൾ വസ്ത്രം നോക്കണ്ട. ഞങ്ങൾ പൈസ തരുന്നുണ്ട്,’ ഗിരി പ്രതിഷേധിച്ചു.
‘പൈസ കാണട്ടെ.’
ഗിരി കൈയിലിരുന്ന മൂന്ന് പത്തു രൂപാ നോട്ടുകൾ കാണിച്ചു.
ഹോട്ടലുകാരൻ ചിരിച്ചു:
‘ഇതാണോ, ഞാൻ വിചാരിച്ചു ഒരു നൂറു രൂപ എടുത്തു തരുമെന്ന്’
അയാൾ നോട്ടുകൾ വാങ്ങി കുറച്ച് പലഹാരം പൊതിഞ്ഞു കൊടുത്തു.എന്നിട്ട് ആജ്ഞാപിച്ചു:
‘വേഗം സ്ഥലം വിട്!’
‘Bloody! Who are you to command us? Don’t judge people by their appearance.’
ഭക്ഷണം കഴിച്ച് ഇറങ്ങിവരുന്ന ഉദ്യോഗസ്ഥർ കേൾക്കെ ഹേമ കടക്കാരനോട് ഉച്ചത്തിൽ പറഞ്ഞു.
ഇംഗ്ലീഷ് പറഞ്ഞ് ഇറങ്ങിപ്പോയ പ്രാകൃതർ ആര് എന്ന വിഷയത്തിൽ ഉദ്യോഗസ്ഥരും കടക്കാരനും കൊണ്ടുപിടിച്ച ചർച്ചയിലായി.
നാൽപ്പത്
എഴുപതു കിലോമീറ്റർ നടക്കണം. അതും ചെരിപ്പില്ലാതെ. വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങി. ‘നമുക്ക് നടന്നാലോ?,’ ഹേമ ചോദിച്ചു. ‘എനിക്ക് ആളുകളോട് ബുദ്ധിമുട്ട് പറയാൻ വയ്യ. നിങ്ങൾക്ക് പ്രയാസമുണ്ടോ? കാട്ടിൽ കഴിഞ്ഞ നമ്മക്ക് അതൊരു പ്രശ്നമേയല്ലെന്നാ എനിക്ക്..’
‘എനിക്കും ആളുകളോട് സംസാരിക്കാൻ മടിയുണ്ട്,’ ഗിരി പറഞ്ഞു. ‘പക്ഷേ ആഹാരം കഴിക്കാതെ എത്ര ദൂരം നടക്കും? എല്ലാം പറയുമ്പോഴും കാട്ടിൽ ഭക്ഷണത്തിന് വലിയ മുട്ടില്ലായിരുന്നു. ശരിയല്ലേ?’
‘പക്ഷേ നമ്മൾ ഏതെങ്കിലും ജന്തുവിന്റെ ഭക്ഷണമാവാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണെങ്കിലും ആ അപകടത്തെയും നമ്മൾ അതിജീവിച്ചില്ലേ? ഇവിടെ അതില്ലല്ലോ, വെറുതേ നടന്നാൽ പോരേ. നമ്മൾ നാടെത്തും. മരിക്കത്തൊന്നുമില്ല.’ ഹേമ പറഞ്ഞു.
‘എനിക്ക് ഏതായാലും അത്ര ദൂരം നടക്കാനാവില്ല. നിങ്ങൾ രണ്ടാളും ആരോടും സഹായം ചോദിക്കണ്ട. അത് ഞാൻ ചെയ്തോളാം.’ സ്റ്റെല്ല തീർത്തുപറഞ്ഞു.
സ്റ്റെല്ല അകലെ പോലീസ് സ്റ്റേഷന്റെ ബോർഡ് കണ്ടു .
‘ദേ നോക്കൂ പോലീസ് സ്റ്റേഷൻ. എന്തും വരട്ടെ. നമുക്ക് അവിടെകയറാം,’ സ്റ്റെല്ല വാശി പിടിച്ചു. ‘ആരോടും സഹായം ചോദിക്കണ്ട. ഉള്ള കാര്യം പറഞ്ഞാൽ മതി. അത് ഞാൻ ചെയ്തോളാം.’
നീല പെയിന്റ് അടിച്ച, ഓടിട്ട കെട്ടിടത്തിലായിരുന്നു സ്റ്റേഷൻ. അകത്തു നിന്ന് പൊട്ടിച്ചിരികളും ഉറക്കെയുള്ള സംസാരവും കേൾക്കാമായിരുന്നു. ഗിരിയും ഹേമയും സ്റ്റെല്ലയും സ്റ്റേഷനിൽ പ്രവേശിച്ചപ്പോൾ നാലു പോലീസുകാരും രാഷ്ട്രീയക്കാരെന്നു തോന്നിക്കുന്ന രണ്ടു പേരും ഉല്ലാസഭരിതരായി എന്തോ കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പകപ്പോടെ കയറിവന്ന ഗിരിയെയും യുവതികളെയും കണ്ട് പോലീസുകാർ അൽപം അമ്പരന്നു.
‘ആരാ, എന്താ കാര്യം?’
ഒരു പോലീസുകാരൻ തിരക്കി.
മറുപടി പറയാൻ തുടങ്ങിയ ഗിരി അവിടെ ഇരുന്ന രാഷ്ട്രീയക്കാരിൽ ഒരാളെ തിരിച്ചറിഞ്ഞു. പക്ഷേ അയാളോട് സംസാരിക്കുവാൻ ഗിരിക്ക് പ്രയാസം തോന്നി. വാക്കുകളും ചിന്തകളും ഒത്തുചേരാത്ത അവസ്ഥ. ഒടുവിൽ പാടുപെട്ട് ചോദിച്ചു:
‘പ്രസന്നൻ സാറല്ലേ? ഞാൻ കൽപകശേരിയിലെ ഗിരിയാണ്. കോളേജിൽ നിന്ന് ടൂർ പോയി, കാട്ടിൽ ആയ..”
അയാൾ അതിശയിച്ച് എഴുന്നേറ്റു.
‘ഗിരിയോ! എന്റെ ദൈവമേ. എവിടെ നിന്നാണ്? ഇവിടെ എങ്ങനെയെത്തി?’
പോലീസുകാർക്കും കൂടെയുള്ള രാഷ്ട്രീയക്കാരനും അയാൾ കാര്യങ്ങൾ വിശദീകരിച്ചു. ഇതിഹാസ കഥാപാത്രങ്ങളെ നോക്കുന്നതു പോലെ രാഷ്ട്രീയക്കാരൻ ഗിരിയെയും യുവതികളെയും നോക്കി.
‘കാടിളക്കിയുള്ള അന്വേഷണമായിരുന്നു നിങ്ങളെ തിരക്കി എന്നാ കേട്ടത്. കിട്ടാത്തതിനെ പറ്റി ഇടയ്ക്കു ചില ബഹളങ്ങളും ഉണ്ടായി. കോളേജിലെ പിള്ളേരും മറ്റും. ഇപ്പോഴും സേർച്ച് നടക്കുന്നുണ്ട് കാട്ടിൽ.’ ഗിരിയുടെ പരിചയക്കാരനായ രാഷ്ട്രീയക്കാരൻ പറഞ്ഞു.
പിന്നെ അയാൾ ശബ്ദം താഴ്ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു: ഈ സേർച്ച് എന്നൊക്കെ പറയുമ്പോ അറിയാമല്ലോ. രണ്ടുമൂന്നു ദിവസം കാര്യമായി നടക്കും. പിന്നെ തണുക്കും. നിങ്ങളുടെ കാര്യത്തിൽ മിസ്സിംഗ് ആയി കുറച്ചു കഴിഞ്ഞാ സേർച്ച് തുടങ്ങിയത് എന്ന് ഒരു ശ്രുതിയുണ്ട്.’
‘ഒരു ഹെലിക്കോപ്റ്റർ അടുത്ത ദിവസം വന്നിരുന്നു.’ സ്റ്റെല്ല പറഞ്ഞു.
‘അതുകൊണ്ട് എന്താകാൻ! ആളിറങ്ങി കാടിളക്കി തിരയണം. അത് നടത്തിയെന്ന് അവരു പറയുന്നു. ഏതായാലും നിങ്ങള് രക്ഷപ്പെട്ട് വന്നല്ലോ.’
ഒരു പോലീസുകാരൻ വേഗം എസ്ഐക്ക് ഫോൺ ചെയ്തു തിരികെയെത്തി.
‘നിങ്ങളെ മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോകണം. അതിനു ശേഷം ഇന്നുതന്നെ വീടുകളിൽ കൊണ്ടുവിടാം. വരൂ.’
ജീപ്പിൽ വെച്ച് സ്റ്റൈല്ലക്ക് ദേഹത്തിനു വല്ലായ്മ വന്നു. ഹേമക്കാകട്ടെ തല ചുറ്റിത്തുടങ്ങി.പോലീസുകാര്യം ആയതുകൊണ്ട് ആശുപത്രിയിൽ വേഗം ശ്രദ്ധകിട്ടി.
പ്രസന്നവദനനായ ഒരു യുവ ഡോക്ടർ ആണ് മൂന്നു പേരെയും പരിശോധിച്ചത്. ഡോക്ടർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ മൂന്നുപേരും പാടുപെട്ടു.
‘മനസ്സമ്മർദ്ദം ഉണ്ട്. മൂന്നുപേരും ഇന്ന് ഇവിടെ വിശ്രമിക്കട്ടെ. കൂടുതൽ ഒന്നും കുറച്ചു ദിവസത്തേക്ക് ചോദിക്കണ്ട.’ പരിശോധിച്ച ഡോക്ടർ പോലീസുകാരോട് പറഞ്ഞു. പോലീസുകാരനാകട്ടെ കാട്ടിൽ അകപ്പെട്ട നാലാമത്തെ ആളിനെ കുറിച്ച് ചോദിക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഡോക്ടർ വിലക്കിയതോടെ അയാൾ പോയി.
നാൽപ്പത്തിയൊന്ന്
രാവിലെ തന്നെ മൂന്നു വീട്ടുകാരും കുട്ടികൾ തിരികെയെത്തിയ വിവരം അറിഞ്ഞു. അവർ ഉച്ചക്കു മുമ്പേ ആശുപത്രിയിൽ എത്തുകയും ചെയ്തു. എത്തിയവർ വികാരം നിയന്ത്രിക്കാനാവാതെ അവരവരുടെ കുട്ടികളെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഗിരിയും സ്റ്റെല്ലയും ഹേമയും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ നിശ്ചലരായി ഇരുന്നതേയുള്ളൂ. ക്രമേണ കാര്യങ്ങൾ മനസ്സിലാക്കിയ മറ്റു രോഗികളും കൂട്ടിരിപ്പുകാരും അവരെ പൊതിഞ്ഞു. തലേദിവസം വരെ പരസ്പരം സാധാരണഗതിയിൽ പെരുമാറിയിരുന്ന ഗിരിയും ഹേമയും സ്റ്റെല്ലയും വീട്ടുകാരോടും നാട്ടുകാരോടും എങ്ങനെ പെരുമാറണമെന്ന് അറിയാതെ കുഴങ്ങി. അങ്ങനെയൊരു ബുദ്ധിമുട്ടിൽ പെട്ടതിൽ അവർക്കു തന്നെ അതിശയം തോന്നി. ഡോക്ടർക്ക് അവരുടെ അവസ്ഥ മനസ്സിലായി.
‘തൽക്കാലം കുറച്ചു സമയത്തേക്ക് കുട്ടികൾ മാത്രം ഇരിക്കട്ടെ. അവർ ക്രമേണ ശരിയാകും.’ അദ്ദേഹം നിർദ്ദേശിച്ചു.
‘എന്തുപറ്റിയെന്ന് അറിയില്ല. എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല.’ സ്റ്റെല്ല മറ്റു രണ്ടുപേരോടും പറഞ്ഞു.
‘എനിക്കും അതേ.’ ഗിരി പറഞ്ഞു.
‘എനിക്കും.’ ഹേമ പറഞ്ഞു .
‘അതെന്താ അങ്ങനെ?’
‘നമ്മുടെ ട്രാൻസിഷൻ പൂർത്തിയായിട്ടില്ല. നമ്മളിപ്പോഴും പകുതി കാട്ടുജീവികളാണ്.’
‘കാട്ടിലും നാട്ടിലുമല്ലാതെ നിൽക്കുന്നവർ.’
‘നമ്മൾ പരസ്പരം കൂടെക്കൂടെ കണ്ടുകൊണ്ടിരുന്നില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന് എനിക്ക് തോന്നുന്നു.’ സ്റ്റെല്ല ഉൽക്കണ്ഠപ്പെട്ടു.
‘എല്ലാം വേഗം ശരിയാകും. ലവൻ എന്ന് വരാനാണ്? എങ്ങനെ വരും?’ ഗിരി രാജനെ ഓർത്ത് പറഞ്ഞു.
‘പോലീസ് അവനെ അന്വേഷിക്കും. അവന് ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ കയറി വിവരം പറയാനുള്ള ബുദ്ധിയുണ്ടായിരുന്നെങ്കിൽ!’ ഹേമ ആശിച്ചു.
‘എൻ്റെ ചിന്ത അങ്ങനെയല്ല,’ ഗിരി പറഞ്ഞു.
‘അവൻ ഒരു അപകടത്തിലും പെടില്ല. അതിനുള്ള കഴിവൊക്കെ അവനുണ്ട് . പക്ഷേ അവൻ ഇങ്ങോട്ടുള്ള വരവ് ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോകുമോ എന്നാണ് എൻ്റെ സംശയം.’
‘അത് ശരിയാണ്. ഞാൻ അത്ര ആലോചിച്ചില്ല.’ ഹേമ പറഞ്ഞു.
‘അയാളെ കാണുന്നതുവരെ നമ്മൾ എങ്ങനെ സമാധാനിക്കും?,’ സ്റ്റെല്ല ചോദിച്ചു.
‘വരുന്നിടത്ത് വച്ച് കാണുക എന്നല്ലാതെ നമുക്ക് എന്ത് ചെയ്യാനാകും!’
അതു പറഞ്ഞ് ഗിരി എഴുന്നേറ്റ് വീട്ടുകാരുടെ അടുത്തേക്ക് പോയി.
നാൽപ്പത്തി രണ്ട്
പാലക്കാട്ടു വച്ച് കൂട്ടുകാരെ യാത്രയാക്കിയ ശേഷം രാജൻ പോയത് ഒരു ഹോട്ടലിലേക്കാണ്. കയ്യിൽ കാശില്ല എന്നത് കാര്യമാക്കിയില്ല. അസഹ്യമായ വിശപ്പുണ്ടായിരുന്നു. വിശപ്പ് അകറ്റാൻ വേണ്ടി മാത്രം കുറച്ചു ഭക്ഷണം ഓർഡർ ചെയ്തു. കഴിച്ചശേഷം എഴുന്നേറ്റ് കൗണ്ടറിലേക്ക് ചെന്ന് ഹോട്ടലുടമസ്ഥന്റെ മുഖത്ത് നോക്കി നിന്നു. പ്രസന്നത തീരെയില്ലാത്ത മുഖഭാവമുള്ള ഹോട്ടലുകാരൻ പ്രസന്നത ഇല്ലായ്മയോടെ തന്നെ രാജനോട് ചോദിച്ചു:
‘എന്താ,ബില്ല് കിട്ടിയില്ലേ?’
‘കിട്ടി.’
‘എന്നാ അതിന്റെ കാശു തന്നിട്ട് പൊക്കോളൂ.’
കയ്യിൽ കാശില്ലെന്നും കഠിനമായ വിശപ്പുണ്ടായിരുന്നു എന്നും വിശപ്പ് മാറ്റാനുള്ള ഭുജിക്കൽ മാത്രമേ നടത്തിയുള്ളൂ എന്നും പരിഹാരമായി എന്ത് ജോലി വേണമെങ്കിലും ചെയ്തുതരാമെന്നും രാജൻ അയാളുടെ മുഖത്തു നോക്കി പതറാതെ പറഞ്ഞു. അമ്പരന്നു പോയെങ്കിലും ഹോട്ടൽ ഉടമ കലമ്പലിനൊന്നും നിന്നില്ല. സപ്ലയർമാരിൽ ഒരുവനെ വിളിച്ച് എന്തോ നിർദ്ദേശം നൽകി. അവൻ രാജനെയും കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോയി.
മൂന്നു രൂപയുടെ ഭക്ഷണത്തിനു വിലയായി രാജന് നാല് ദിവസം കഠിനമായി ജോലി ചെയ്യേണ്ടി വന്നു. ഈ നാല് ദിവസത്തിനുള്ളിൽ തന്നെ രാജന് പാത്രം കഴുകലിൽ നിന്ന് അരിയാട്ടലിലേക്കും അവിടെ നിന്ന് കറിക്കരിയലിലേക്കും, ഒടുവിലായി പാചക ജോലിയിലേക്കും കയറ്റം കിട്ടി. നാല് ദിവസം കഴിഞ്ഞിട്ടും രാജൻ പോകണമെന്ന് പറഞ്ഞില്ല, ഹോട്ടൽ ഉടമ പോകണ്ടേ എന്ന് ചോദിച്ചതുമില്ല. മറ്റു ജോലിക്കാരാണ് പ്രതിസന്ധിയിലായത്. അവരെല്ലാം കൂടി ചെയ്യുന്ന ജോലി തീർത്തും സൗജന്യമായി രാജൻ ഒറ്റയ്ക്ക് ചെയ്യുന്നു. ഫലമോ? മുതലാളി മൂന്നു പേരെ നയത്തിൽ പിരിച്ചുവിട്ടു.
എവിടെയാണ് ജീവിതം തുടരേണ്ടതെന്ന് ജോലിക്കിടയിലെല്ലാം രാജൻ ആലോചിച്ചു കൊണ്ടിരുന്നു. നാട്ടിലേക്ക് മടങ്ങാം. അവിടെ വീട്ടുകാരുണ്ട്. പരിചയങ്ങളുമുണ്ട്. പക്ഷേ പരിചയങ്ങൾ മിക്കതും ബന്ധനങ്ങളാണ്. ഗിരി,ഹേമ,സ്റ്റെല്ല ഇവരെല്ലാം നല്ല അടുപ്പത്തിലാണ് പിരിഞ്ഞിരിക്കുന്നത്. പക്ഷേ നാട്ടിലെ തൻറെ സാന്നിദ്ധ്യം അവർക്ക് ഭാരമാകില്ലേ? എങ്കിലും സ്റ്റെല്ലയെ കാണാതെങ്ങനെ? ഹേമയെ വല്ലപ്പോഴുമെങ്കിലും കാണാതെങ്ങനെ? ഗിരിയുടെ ജീവിതം ദൂരത്തു നിന്നെങ്കിലും കാണാതെങ്ങനെ? ഒക്കെയാണെങ്കിലും നാടിൻറെ രീതികൾ എങ്ങനെ സഹിക്കും? ഹ്രസ്വകാലം കൊണ്ടാണെങ്കിലും ചുപ്പനുമായുണ്ടാക്കിയതു പോലെ ഒരു സൗഹൃദം ഒരിക്കലും നാട്ടിലുണ്ടായിട്ടില്ല. ചുപ്പനെ മനസ്സിലാക്കാൻ തനിക്കോ തന്നെ മനസ്സിലാക്കാൻ ചുപ്പനോ പ്രയാസമുണ്ടായില്ല എന്നത് അത്ഭുതമാണ്. കാട്ടിൽ ജീവിച്ച വീട്ടുകാർക്കു പോലും ചുപ്പന്റെ നിഷ്ക്കളങ്കതയില്ല. സത്യത്തിൽ നാട് അവരെ വല്ലാതെ മലിനപ്പെടുത്തിയിട്ടുണ്ട്. ഏതു തിരഞ്ഞെടുക്കും- സ്റ്റെല്ലയുടെയും കൂട്ടരുടെയും സാമീപ്യമോ ചുപ്പൻറെ സാമീപ്യമോ? രണ്ടും പ്രധാനമാണ്. രണ്ടു കൂട്ടരെയും സൗകര്യം പോലെ പോയിക്കാണാവുന്ന വിധത്തിൽ പാലക്കാട്ട് തുടർന്നാലോ? തീരുമാനമെടുക്കാൻ കഴിയാതെ രാജൻ നിശ്ശബ്ദനായി ജോലി ചെയ്തു. മൂന്നു മാസം കഴിഞ്ഞപ്പോൾ മുതലാളിയെ സമീപിച്ചു പറഞ്ഞു:
‘ഒരു മാസം അവധി വേണം. നാട്ടിലൊന്ന് പോണം. കുറച്ചു പൈസയും വേണം.’
‘നാടെവിടെയാണ്?’
‘അടൂരിനടുത്ത്.’
മുതലാളി ആലോചിച്ചു. ഇവൻ തിരികെ വരാതിരുന്നാൽ ബുദ്ധിമുട്ടാവും. കുറഞ്ഞത് നാനൂറ് രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ട്. അത് മുഴുവൻ കൊടുത്താൽ പിന്നെ തിരികെ വരുമെന്ന് ഉറപ്പില്ല. അയാൾ പത്തു രൂപയുടെ ഇരുപത് നോട്ടുകൾ പലതവണ എണ്ണി രാജന്റെ കയ്യിൽ വച്ചു കൊടുത്തു.
‘തൽക്കാലം ഇതിരിക്കട്ടെ. വീട്ടിലെ അത്യാവശ്യം കഴിഞ്ഞാൽ നേരെ ഇങ്ങു പോരൂ.’
കവർ: വിൽസൺ ശാരദ ആനന്ദ്
(തുടരും)