യാത്രകള്‍, മനസ്സിനിഷ്ടപ്പെട്ടും , ജോലിയുടെ ഭാഗമായും അല്ലാതെയും തലങ്ങും വിലങ്ങും ചെയ്ത യാത്രകള്‍ ഒരുപക്ഷെ സമയത്തെ തന്നെ തിരിച്ചു വെച്ചിട്ടുണ്ട്, പലപ്പോഴും. ചെറുപ്പകാലം മുതല്‍ തന്നെ യാത്രകളും പുറം ദൃശ്യങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചെറിയ കാഴ്ചകള്‍ മുതല്‍ ഇടതൂര്‍ന്ന കാഴ്ചകള്‍ വരെ. കടന്നു പോകുന്ന പീടികയുടെ ബോര്‍ഡുകള്‍ മുതല്‍ ഇരിക്കുന്ന മനുഷ്യന്‍റെ ആകൃതി വരെ. വളഞ്ഞൊടിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുതല്‍ നീലയാകുന്ന കറുത്ത ആകാശത്തെ വരെ. ഞങ്ങളുടെ നാട്ടിൽ തീവണ്ടിപ്പാത കാണണമെങ്കിൽ കൊയിലാണ്ടി പോകണം. ബസ്സിനെ മാത്രം യാത്രയ്ക്ക് ആശ്രയിച്ചിരുന്നതുകൊണ്ടായിരിക്കാം ബസ്സ് ഇഷ്ടമായി തുടങ്ങിയത്. അതുകൊണ്ട് തന്നെ എനിക്ക് തീവണ്ടി യാത്രകള്‍ ഇഷ്ടമില്ലായിരുന്നു. ഇപ്പോഴും അതങ്ങിനെത്തന്നെ.
കേരളത്തിലെ ചെറിയ ചെറിയ യാത്രകൾ. പിന്നീട് കേരളം വിട്ടപ്പോള്‍ നടത്തിയ വിവിധ യാത്രകള്‍. ദില്ലിയുടെ പൊടിയിലൂടെ തണുപ്പിലൂടെ ചൂടിലൂടെ. പിന്നീട് മുംബയിലെ തീവണ്ടി/ബെസ്റ്റ് ബസ് യാത്രകള്‍, ബാംഗ്ലൂരില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള എല്ലാ മാസത്തെയും ഷട്ടിൽ യാത്രകള്‍. ബാംഗ്ലൂര്‍-പോണ്ടിച്ചേരി-കടലൂര്‍-ചിദംബരം-സീര്‍ഗാഴി, നാഗപട്ടിണം. ചെന്നെയും, പുതുക്കോട്ടയും, കന്യാകുമാരിയും, രാമേശ്വരവും എങ്ങാനും മധുരയും വിരുദുനഗറും.
ആന്ധ്രയില്‍ നിന്നും ഒഡീഷയിലേക്കും ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കും, മഹാരാഷ്ട്രയില്‍ സോളാപ്പൂരില്‍ ബസ് സീറ്റിനു മൽപ്പിടുത്തം നടത്തി തുൾജാപ്പൂര്‍ വഴി ഒസ്മാനാബാദിലെക്കും, ലാത്തൂര്‍ വാശിം നന്ദെദ് വഴി തിരിച്ചും നടത്തിയ യാത്രകൾ.
ബീഹാറിലെ യാത്രകള്‍ അനുഭവത്തിന്റെയും പരുക്കൻ ദൃശ്യങ്ങളുടെയും പാരമ്യമാണ്. പന്ത്രണ്ടും പതിനഞ്ചും മണിക്കൂറുകള്‍ നീണ്ട പൊട്ടിപ്പൊളിഞ്ഞ യാത്രകള്‍. കടുത്ത തണുപ്പിന്‍റെയും കത്തുന്ന ചൂടിന്‍റെയും ഇടനാഴിയിലൂടെ. പാറ്റ്നയില്‍ നിന്ന് ബീർപൂരിലേക്കും ദര്‍ഭംഗയില്‍ നിന്ന് ഖഗഡിയയിലേക്കും ബീർപൂരില്‍ നിന്ന് മുസഫർപൂരിലേക്കും, അവിടെനിന്ന് നേപ്പാളിലേക്ക് നടന്ന് പോയി മധുബനി വഴി സീതാമഡിയിലേക്കും. ജയനഗറില്‍ നിന്ന് ഗാന്ധിജി ആദ്യമായി സത്യാഗ്രഹസമരമാർഗം പരീക്ഷിച്ച പശ്ചിമ ചമ്പാരനിലൂടെ സഹർസ വഴി ഭഗൽപ്പൂരും നൗഗാചിയയും.
അതുപോലെ തന്നെയായിരുന്നു സുനാമിയുടെ ആഘാതമറിയാൻ ബാങ്കോക്കിൽ നിന്ന് ഫൂകേറ്റ് വരെയും തിരിച്ചും നടത്തിയ ബസ് യാത്രകൾ. ഏകദേശം പതിനാല് മണിക്കൂർ ദൈർഘ്യമുള്ള ആ യാത്രയിലാണ് പ്രകൃതി ദൂരന്തങ്ങളുടെ ദുഖവും നഷ്ടവും സങ്കടവും പറിച്ചെറിയലും ഇങ്ങ് തമിഴ്നാട്ടിലും മറ്റ് പസിഫിക് ഏഷ്യൻ രാജ്യങ്ങളിലും ഒന്നാണെന്ന് അടുത്തറിഞ്ഞത്. പിന്നീട് നടത്തിയ കെനിയയുടെ മൈനിങ് കൊണ്ട് തകർത്ത ഭൂമിയിലൂടെയും ഭൂമദ്ധ്യരേഖയിലൂടെയും നടത്തിയ ബസ് യാത്രകളാണ്.
ഒരു തണുപ്പിന്റെ രാവിലെ ഞാൻ നൗഗാചിയയിൽ തീവണ്ടി ഇറങ്ങിയപ്പോൾ മുന്നിലെ മറ്റൊരു ട്രാക്കിൽ കണ്ടത് വെട്ടിവെട്ടിക്കൊന്ന മൂന്ന് ജീവിതങ്ങളുടെ അടയാത്ത കണ്ണുകളായിരുന്നു.
കനയ്യ കുമാറിൻ്റെ ബേഗുസരായിലെ പഴയ കമ്മ്യൂണിസ്റ്റ് മാടമ്പി ജൻമി ഫ്യൂഡൽ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകൾ.അതിൽ പ്രധാനം CPIML ലീഡറായ ആകാശ് കുമാറിനെ,നേപ്പാളിൽ നിന്ന് ആയുധ പരിശീലനം നടത്തിയ പാവം കർഷകനെ കണ്ടതാണ്. പിന്നീട് അവിടത്തെ ഗ്രാമപഞ്ചായത്ത് സർപഞ്ച് ആയി വാഴുമ്പോഴും മാർക്സും ലെനിനും എംഗൽസും എംഎൻ റോയിയും വിവേകാനന്ദനും രാഹുൽ സാം കൃത്യായനനും ശങ്കർ വിദ്യാർത്ഥിയും ഒക്കെ ചുമരിൽ പതിപ്പിച്ച ആവാസവ്യവസ്ഥയായിരുന്നു.
ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത യാത്ര
എന്‍റെ ബസ് യാത്ര ഓര്‍മകളില്‍ ഉരുളുന്നത് എട്ടാംതരം മുതല്‍ പേരാമ്പ്ര ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ്. ഞാന്‍ എത്തുമ്പോഴേക്കും സ്കൂളിന്‍റെ കുറെ സ്ഥലവും കെട്ടിടങ്ങളും പുതുതായി അനുവദിച്ച ഗവണ്മെന്റ് സി കെ ജി കോളേജിന് വിട്ടുകൊടുത്തിരുന്നു എന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഷിഫ്റ്റായിരുന്നു. രാവിലെ എട്ടര മുതല്‍ പന്ത്രണ്ടര മണി വരെ ഒരു ഷിഫ്റ്റും പിന്നെ പന്ത്രണ്ടര മുതല്‍ നാലര വരെ മറ്റൊന്നും. രാവിലെയായിരുന്നു ഞങ്ങളുടെ പഠനം. മിക്കവാറും രാവിലെ കൂത്താളി നിന്ന് ബസ്സിലും തിരിച്ച് ഉച്ചക്ക് പേരാമ്പ്രക്ക് നടന്ന് അവിടന്ന് ബസ്സു കയറിയും പോകാറായിരുന്നു പതിവ്. ചിലപ്പോൾ കല്ലോട് കൊളോറക്കണ്ടി വഴി ഇലക്ട്രിക് പോസ്റ്റുകള്‍ക്കിടയ്ക്ക് നടന്നും ഇടയ്ക്കോടിയും കൂത്താളിക്ക് നടക്കും. ചുമലിൽ രസതന്ത്ര ജൈവശാസ്ത്ര ചരിതങ്ങള്‍. സംസ്ഥാന നെല്‍വിത്തുല്പാദനകേന്ദ്രത്തിന്‍റെ വരമ്പിലൂടെ എളുപ്പവഴിയിലൂടെ നടക്കുമ്പോള്‍ ചിന്തിക്കുമായിരുന്നു എന്താണീ നെല്‍വയലുകള്‍ക്ക് ഇത്ര ഭംഗി എന്ന്.
അങ്ങനെയൊരുച്ചയ്ക്ക് നടക്കാന്‍ മനസ്സിനിഷ്ടമില്ലാതായപ്പോള്‍ പാച്ചറുടെ പീടികയിലെ പൊറാട്ടയും കഴിച്ച് പേരാമ്പ്രയിലെക്ക് നടന്ന് താമരശ്ശേരി വഴി കണ്ണൂര്‍ക്ക് പോകുന്ന പ്രകാശ് ബസ്സില്‍ കയറിയിരുന്നു. അധികം പേരൊന്നുമില്ല. ഞാൻ ഏറ്റവും പിറകിലത്തെ സീറ്റിൽ ഇരുന്നു. അടിയോടിയുടെ ആസ്പത്രി സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും നാട്ടിലെ രണ്ടു പാര്‍ട്ടി സഖാക്കള്‍ കയറിയിരുന്നു. മരക്കാടി സ്റ്റോപ്പ് കഴിഞ്ഞ് പേരാമ്പ്ര വിട്ടപ്പോള്‍ ഒരു കെട്ട് നോട്ടീസുമായി ഒരു സഖാവ് വല്ലാത്ത വിജയമുഖത്തോടെ എന്‍റെ കയ്യില്‍ ഒരു നോട്ടീസ് തന്നു. ആ നോട്ടീസ് ബസ്സിൽ എല്ലാവർക്കും വിതരണം ചെയ്യുന്നുമുണ്ടായിരുന്നു. ചുവന്ന കടലാസ്സില്‍ കറുത്തയക്ഷരത്തിൽ എഴുതിയ ആ നോട്ടീസ് ഞാന്‍ കൌതുകത്തോടെ വാങ്ങി വായിച്ചു. സ:…നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ആകെ തരിച്ചുപോയി. അച്ഛനില്ലാത്ത പാര്‍ട്ടി. അപ്പോഴേക്കും സ്ഥലം കല്ലോട് കഴിഞ്ഞിരുന്നു. ബസ്സിറങ്ങിയ ഉടനെ കിതയ്ക്കുന്ന നെഞ്ചോടെ വീട്ടിലേക്കോടി. വീട്ടിലെത്തുമ്പോഴേക്കും അമ്മ പശുവിനു പുല്ലരിഞ്ഞുകൊടുത്തു ക്ഷീണം തീര്‍ക്കാന്‍ ഒരു കട്ടന്‍ചായ കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓടി അടുക്കളയില്‍ കയറി ഞാന്‍ നോട്ടീസ് അമ്മക്ക് നീട്ടി. അത് വായിച്ച് അമ്മ ഒന്നും പറഞ്ഞില്ല. ഒരൊറ്റയിരിപ്പ്. ഞങ്ങളുടെ ജീവിതത്തെ പാടെ തകര്‍ത്തുമറിച്ചുകളഞ്ഞ ആ ദിനങ്ങള്‍. അമ്മയുടെ മനോനില തെറ്റി ഏറെക്കുറെ മൌനിയായി വിഷാദരോഗിയായി കുറെക്കാലം. വിഷാദത്തിന്റെ തണുത്ത പുതപ്പ് മെല്ലെ അമ്മയെ പുതഞ്ഞു. പിന്നീട് അമ്മ മരിക്കുന്നത് വരെ ആ വിഷാദത്തിൽ നിന്നും പൂർണമായും മുക്തയായിരുന്നില്ല.
പാര്‍ടിയില്‍ നിന്ന് രാജിവെച്ച അച്ഛന്‍ കോൺഗ്രസ്സിലേക്കും പിന്നീട് സി പി ഐ യിലേക്കും ചെറിയ കാലം പോയെങ്കിലും അച്ഛൻ്റെ ജനിതക ഘടന അതിൽ നിൽക്കാനാകാതെ നിശ്ശബ്ദനാകുകയും, പട്ടാളക്കാരുടെ Kerala State Ex Service League സംസ്ഥാന തലത്തിൽ രൂപം കൊടുക്കുന്നതിൽ വ്യാപൃതനാകയും, കല്ലോട് വീനസ് തിയ്യറ്റേഴ്സുമായി ബന്ധപ്പെട്ട് നാടകവും ACT എന്ന സംഘടനയുമായി പേരാമ്പ്രയിൽ സന്തോഷം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിൽ അച്ഛൻ വിജയിച്ചോ എന്ന് എനിക്ക് ഇന്നുമറിയില്ല.
അച്ഛൻ കോഴിക്കോട് വെസ്റ്റ് ഹിൽ ബ്രിട്ടീഷ് പോലീസിലും പിന്നീട് മിലിട്ടറി റിക്കോർഡ് ബ്യൂറോവിലും മിലിറ്ററി ഇൻ്റലിജൻസ് കോറിലും പ്രവർത്തിച്ച് രഹസ്യ കമ്മ്യൂണിസ്ററ്റ് സെൽ ഉണ്ടാക്കി പട്ടാളത്തിൽ നിന്ന് പിരിച്ചുവിടുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. അവസാനം അമ്മയുടെ നിർബ്ബന്ധപ്രകാരം പട്ടാളത്തിൽ നിന്ന് 1964 ൽ സ്വമേധയാ പിരിഞ്ഞു പോരുമ്പോൾ ഉണ്ടായിരുന്നത് കുറെ മെഡലുകൾ മാത്രമായിരുന്നു. അച്ഛൻ ബംഗ്ലാദേശിൽ സേവനം അനുഷ്ഠിച്ചിരുന്ന ചുരുങ്ങിയ കാലം അവിടത്തെ ഒരു മിലിട്ടറി നഴ്സുമായി ഒരു ഹ്രസ്വകാല പ്രണയം ഉണ്ടായിരുന്നതായി എന്റെ ചെറുപ്പകാലത്തിൽ അച്ഛൻ തമാശയിൽ സങ്കടം ചാലിച്ച് പറയുമായിരുന്നു. കൂത്താളി തിരിച്ചെത്തിയപ്പോൾ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി പറയുകയും അപ്പോൾ കിട്ടാമായിരുന്ന KSRTC ജില്ലാ ഓഫീസർ പദവി (ജോയിൻ ചെയ്യേണ്ട കാർഡ് വീട്ടിൽ വന്നിരുന്നു) വേണ്ടെന്ന് വെക്കുകയും, പെരുവണ്ണാമുഴി ചക്കിട്ടപാറ അടങ്ങുന്ന ഒരു വലിയ പ്രദേശത്തിൻ്റെ കൂത്താളി പഞ്ചായത്ത് പ്രസിഡൻ്റായി 15 കൊല്ലം അവിടെ സേവനം നടത്തുകയും ചെയ്തു എന്നുള്ളതായിരിക്കാം അച്ഛന് ഒരുപക്ഷെ ഉണ്ടായിട്ടുണ്ടായിരുന്ന ഏക സന്തോഷം..
ബീഹാറിന്റെ തണുപ്പില്‍
രാവിലെ പാറ്റ്നയില്‍ ഇറങ്ങിയപ്പോള്‍ കൊടുംതണുപ്പായിരുന്നു. ഓരോ ചലനത്തെയും ഇല്ലാതാക്കുന്ന കടുത്ത മൂടല്‍മഞ്ഞിന്‍റെ കാഴ്ചയനുഭവം. മീതാപൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ ഓട്ടോക്കാരന്‍ കൊണ്ടുവിട്ടപ്പോള്‍ പറഞ്ഞത് പോലെ തന്നെ പൈസ കൊടുത്തിരുന്നു. തന്‍റെ കഷ്ടപ്പാടും കുടുംബത്തിന്‍റെ അവസ്ഥയും പറഞ്ഞ് പുകയിലക്കറയുടെ പരുക്കനായ നിഷ്കളങ്കത. പത്തുരൂപ കൂടുതല്‍ കൊടുത്തു. മീതാപൂര്‍ ബസ്‌സ്റ്റാന്റ് പാറ്റ്നയിലെ പ്രധാന ബസ്‌സ്റ്റാന്റ് ആണ്. ഇവിടെ നിന്നും മിക്ക ജില്ലകളിലേക്കും ബസ് കിട്ടും. പ്രൈവറ്റും സർക്കാർ ബസ്സുകളും. അതുപോലെ തന്നെ സിലിഗുരിയിലേക്കും ഗുവാഹത്തിയിലേക്കും ബനാറസിലേക്കും ഹൌറയിലേക്കും റാഞ്ചിയിലേക്കും ഒക്കെ.
വൃത്തികേട് നിറഞ്ഞതും ചെറിയ കുശിനിപ്പീടികകൾ മുതല്‍ ബസ് റിപെയര്‍ സെന്‍റര്‍ വരെ. പഴയ പാടം നികത്തിയ ഇടം. നഗരം വളര്‍ന്നപ്പോൾ കൃഷികൾ ആട്ടിയിറക്കപ്പെട്ടു. ടാർ കാണാത്ത ചളിയും ഗ്രീസും പുരണ്ട കറുത്ത നിലം. തൂക്കിയിട്ട വെള്ളക്കുപ്പികളും വറുത്ത കടലയും സത്തു കാലിട്ടിയും ദേശിയും.
എന്‍റെ ബസ് പോകേണ്ടിയിരുന്നത് ഏറ്റവും പിറകില്‍ ഭൂമിയുടെ അവസാനത്തെ വൃത്തികേടുകളുടെ ഇടങ്ങളിലേക്കായിരുന്നു. ബസ് അഞ്ചു മണിക്കേ പുറപ്പെടൂ. പാറ്റ്നയിലെ സുഹൃത്ത് ടിക്കറ്റ് നേരത്തെ എടുത്തു തന്നിരുന്നത് കൊണ്ട് പ്രശ്നമില്ലായിരുന്നു. ദൈവങ്ങളുടെതായി കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര ദീപങ്ങള്‍കൊണ്ടലങ്കരിച്ച പൊട്ടിപ്പൊളിഞ്ഞ ചില്ലുകള്‍ ഉള്ള സായിറാം ബസ്സില്‍ കയറുമ്പോള്‍ ഒരു കുട്ടയില്‍ നിറയെ കോഴിക്കുഞ്ഞുങ്ങളുമായി കയറുന്ന ഒരു വൃദ്ധനു വഴി കൊടുത്തു. എന്‍റെ സീറ്റ് നമ്പര്‍ പതിനൊന്ന് ആയിരുന്നെങ്കിലും പതിനാറാം സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു ബസ് ജീവനക്കാരന്‍. ഞാന്‍ ഒന്നും ചോദിക്കാതെ പതിനാറാം നമ്പര്‍ ജാലക സീറ്റില്‍ ഇരുന്നു. തലേന്ന് ആരോ ഛർദ്ദിച്ച അവശിഷ്ടങ്ങള്‍ ജനല്‍പ്പടിയില്‍.
ഏതോ ഒരു കമ്പിളി ജീവിതം മുഖം ശരിക്കും കാണാന്‍ പറ്റാതെ എന്‍റെയടുത്ത് വന്നിരുന്നു. ശരീരത്തെ തുളക്കുന്ന തണുപ്പ്. കുട്ടികളും വൃദ്ധരും സ്ത്രീകളും. ഇവര്‍ ഈ തണുപ്പത്ത് എവിടെ പോകുന്നു? നേപ്പാള്‍ അതിര്‍ത്തി വരെ പോകുന്ന ഈ ബസ്സില്‍ ഇവര്‍ അങ്ങോളമുണ്ടാകുമോ? ഉച്ചക്ക് രണ്ടു തവ റൊട്ടിയും ആലൂപടവല്‍ സബ്ജിയും കഴിച്ചതല്ലാതെ പിന്നീടൊന്നും കഴിച്ചിരുന്നില്ല. തണുപ്പായത്കൊണ്ട് നല്ല വിശപ്പ്. പുറത്തിറങ്ങി വറുത്ത കടലയും പരിപ്പും ഉള്ളിയും മിക്സ് ചെയ്തു വാങ്ങി ഒരു കുപ്പി വെള്ളവും. ബസ് അഞ്ചുമണിക്ക് പുറപ്പെടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡ്രൈവര്‍ ബസ് എടുത്തത് അഞ്ചരക്ക്. സീറ്റെല്ലാം നിറഞ്ഞു. നാലു മണിക്ക് തന്നെ ഇരുട്ടായി തുടങ്ങിയിരുന്നു. ബസ് മെല്ലെ ഓടിത്തുടങ്ങി. നഗരം വിട്ട് മഞ്ഞിലൂടെ ഗംഗയുടെ കരയിലെത്തി.
ഗംഗ
എന്നും ബീഹാറില്‍ പോകുമ്പോള്‍ ഗംഗാനദി കടക്കാതെ ഉള്‍നാടന്‍ വടക്കന്‍ ബീഹാറിലെക്ക് പോകാന്‍ പറ്റില്ലായിരുന്നു. 1985-ല്‍ പണിത പാലം. ഒരുപാടു അഴിമതിയുടെ കഥകള്‍. എല്ലാ കൊല്ലവും ഒരു ഭാഗം കേടുപാട് തീര്‍ക്കല്‍. വാഹനങ്ങള്‍ പോകുമ്പോഴൊക്കെ ഇടിഞ്ഞുതൂങ്ങി ഇപ്പോള്‍ തന്നെ ഗംഗയില്‍ പതിക്കുമെന്ന അവസ്ഥ. താണും ഉയര്‍ന്നും നില്‍ക്കുന്ന പാലത്തിന്‍റെ ഭാഗങ്ങള്‍. ഇരുമ്പിന്‍ കട്ടികള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ താഴെ ആഴത്തിൽ എല്ലാറ്റിനെയും ആവാഹിക്കാന്‍ ശേഷിയുള്ള ഗംഗ.
നോക്കെത്താദൂരം ഗംഗ. മഴക്കാല വെള്ളത്തിന്‍റെ സമൃദ്ധി. ആഴത്തിന്‍റെ നിശബ്ദതാളം. ചുരുങ്ങിയത് അഞ്ചുമിനുട്ടെടുക്കും ഗംഗാനദി കടക്കാന്‍. നദി കടക്കുന്നതിനു മുന്‍പേ തുടങ്ങുന്ന പച്ച. ഹാജിപ്പൂര്‍ പഴപ്പെരുമ. ഹാജിപ്പൂര്‍ പഴങ്ങൾ വളരെ പ്രസിദ്ധം, രുചികരം. ദേശീയപാതയില്‍ പലവിധ പഴവര്‍ഗങ്ങള്‍ വില്‍ക്കാന്‍ മത്സരിക്കുന്ന കയ്യുകളും കാലുകളും. പച്ചക്കുലകള്‍ മുതന്‍ പഴുത്ത പഴങ്ങള്‍ വരെ. ഒരു ഡസന് പത്തു ഉറുപ്പികയില്‍ തുടങ്ങി നൂറ്റമ്പത് ഉറുപ്പിക വരെ. രാം വിലാസ് പസ്വാൻ നിറഞ്ഞാടിയ സ്ഥലം.
ഹാജിപ്പൂര്‍ കഴിഞ്ഞ് റോഡ് നേരെ വൈശാലിയില്‍ എത്തി. നമ്മുടെ വൈശാലി തന്നെ. വലത്തോട്ട് മഹുവ വഴി വൈശാലി-മുസഫര്‍പ്പൂര്‍ പാത. പിന്നെ ദര്‍ഭംഗ ബീര്‍പൂര്‍ സമസ്തിപ്പൂര്‍ സീതാമഡി. പഴവും തിന്ന് വെള്ളവും കുടിച്ച് വിശപ്പടക്കി. വണ്ടി മെല്ലെ നീങ്ങി. ഡ്രൈവർ ലൈറ്റ് ഓഫ് ചെയ്തു ഏതോ ഒരു ഭോജ്പൂരി ഗാനം മൂപ്പർക്ക് കേള്‍ക്കാന്‍ വേണ്ടി മാത്രം വെച്ചിരിക്കുന്നു. രാത്രി എട്ടര വരെ ഒരേയൊരിരുപ്പ്. രാത്രിയുടെ ഇരുട്ടിൽ എവിടെയോ ബസ് നിന്നു. ഏതോ ഒരു ധാബയുടെ മണം. ഇറങ്ങിയപ്പോള്‍ നിരനിരയായി മൂത്രമൊഴിക്കുന്നവർ. ഞാനും അതില്‍ ചേര്‍ന്നു. ഒരു ധാബ മാത്രം. നല്ല തിരക്ക്. നാലഞ്ച് ബസ് നിര്‍ത്തിയിട്ടുണ്ടവിടെ. തലങ്ങും വിലങ്ങും പോകുന്ന ജീവിതങ്ങള്‍. രണ്ടു റൊട്ടിയും തൈരും പറഞ്ഞു. അതും കഴിച്ച് സീറ്റില്‍ വന്നിരുന്നപ്പോള്‍ ആകെ ഒരിരുട്ട്. നിശബ്ദത. അരമണിക്കൂറിന് ശേഷം ഡ്രൈവര്‍ വന്ന് ഹോണടിച്ചപ്പോള്‍ കമ്പിളിയില്‍ നിന്നും ജാക്കറ്റില്‍ നിന്നും പൊന്തുന്ന യാത്രക്കാര്‍. ഇനി നാളെ രാവിലെ ബീര്‍പ്പൂര്‍. അതിനിടയ്ക്ക് പലരും ഇറങ്ങുകയും കയറുകയും ചെയ്യുമായിരിക്കും.
ഉറക്കിന്‍റെയും തണുത്ത കാറ്റിന്‍റെയും ഇടയില്‍ പിൻ സീറ്റില്‍ ഇരുന്നയാള്‍ സീറ്റിനുള്ളിലൂടെ ഒന്ന് ചവിട്ടി. ഒന്നുരണ്ടു തവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു ചൂടായി. ചവിട്ട് തല്‍കാലം അടങ്ങി. ഉറക്കം മെല്ലെ വന്നു. ചവിട്ടലും നിന്നു. രാവിലെ അഞ്ച് മണി. ബീര്‍പൂര്‍…ബീര്‍പൂര്‍ എന്ന വിളികേട്ടുണര്‍ന്നു. എനിക്കിറങ്ങേണ്ട സ്ഥലം. ഉടന്‍ തന്നെ ബാഗും എടുത്തു പുറത്തിറങ്ങി. അടുത്ത് നിന്ന റിക്ഷാക്കാരനോട് തിരുപ്പതി ഗസ്റ്റ്ഹൌസ് പറഞ്ഞു. അയാള്‍ വളരെ അടുത്ത് തന്നെയുള്ള തിരുപ്പതിയില്‍ കൊണ്ടാക്കി. പൈസ കൊടുക്കാനായി പാന്റിന്‍റെ പിന്‍പോക്കറ്റ് തപ്പിയപ്പോള്‍ കാലി. പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു. സാധാരണ പേഴ്സില്‍ പൈസ വെക്കാറില്ല. എന്നാലും ചില്ലറ പൈസ ഉണ്ടായിരുന്നു. ഇവിടെ ആകെ ഒരു ATM ഉള്ളത് രണ്ടു കിലോമീറ്റര്‍ അകലെയാണ്. അതും രാവിലെ പത്തു മണിമുതല്‍ അഞ്ചു മണിവരെയേ തുറക്കൂ. മോഷണം പേടിച്ചു പൂട്ടിയിടലാണ്. കാര്യം റിക്ഷാക്കാരനോട് പറഞ്ഞു. തിരിച്ച് ഞങ്ങള്‍ ബസ് നിറുത്തിയ സ്ഥലത്തെത്തി. ബസ് അവിടെത്തന്നെയുണ്ടായിരുന്നു. ബസ്സില്‍ കയറി സീറ്റിലും അടിയിലും തപ്പി. പിന്നെ മനസ്സിലായി പുലര്‍ച്ചെ കിട്ടിയ ചവിട്ട് പേഴ്സും കൊണ്ട് പോയെന്ന്. റിക്ഷാക്കാരന്‍ എന്നെ നോക്കി. പിന്നെ അഞ്ചു പൈസ ചോദിക്കാതെ എന്നെ തിരുപ്പതി ഗസ്റ്റ് ഹൌസില്‍ കൊണ്ടുവിട്ടു ഇരുട്ടിലേക്ക് ചവിട്ടിപ്പോയി.
കറുത്ത ഇരുട്ട്. തുളക്കുന്ന തണുപ്പ്. ഗസ്റ്റ് ഹൌസിന്‍റെ മുളവേലി അടഞ്ഞുകിടക്കുന്നു. സുഹൃത്തിനു ഫോണ്‍ ചെയ്തു എടുക്കുന്നില്ല. രാവിലെ അഞ്ചു മണിക്ക് ഈ തണുപ്പിനു ആര് ഫോണ്‍ എടുക്കാന്‍. മാനേജര്‍ പ്രശാന്തിനും ചെയ്തു ഫലം തഥൈവ. അവസാനം സുഹൃത്ത് വിളിച്ചു പറഞ്ഞു വലതുവശത്തുകൂടെ ഒരു വഴിയുണ്ട് അതിലൂടെ ചാടിക്കടന്നുള്ളില്‍ പോയി ഗ്രില്ലിലുള്ള ബെല്ലില്‍ അമര്‍ത്താന്‍. പറഞ്ഞപോലെ ചെയ്തു. ഒരു പ്രതികരണവുമില്ല. തണുപ്പില്‍ അരമണിക്കൂര്‍ നേരം കുത്തിയിരുന്നു. നേരം മെല്ലെ വെള്ള കീറി. കുറെ കഴിഞ്ഞ് ഞാന്‍ ഗ്രില്ലില്‍ ഇടക്കിടക്ക് തട്ടുന്ന ശബ്ദം കേട്ട് ഒരു കമ്പിളിരൂപം നടന്നു വന്നു. അത് പ്രശാന്ത് തന്നെയായിരുന്നു. മാനേജര്‍. ഉടന്‍ തന്നെ ഗ്രില്‍ തുറന്നു മുറി തന്നു. രാവിലെ പത്തരക്ക് ഗ്രാമത്തില്‍ പോകണമെന്നുള്ളത്കൊണ്ട് ഉറങ്ങിയില്ല.
കേരളത്തിലെ യാത്രകള്‍
കൂത്താളി നിന്ന് പറശ്ശിനിക്കടവ് മാഹി തലശ്ശേരി വഴി കണ്ണൂര്‍ക്കുള്ള യാത്രകള്‍ ഏറെ ആഹ്ളാദം തരുന്നവയായിരുന്നു. 1980 കളില്‍ കോഴിക്കോട് വിദ്യാഭ്യാസകാലത്തിനു ശേഷമുള്ള തലശ്ശേരി മഹാത്മാ കോളേജിൽ മുഴുമിക്കാത്ത എംഏ മലയാളത്തിന് വെറുതെ ചേർന്നപ്പോൾ തുടങ്ങിയ യാത്രകൾ. കുറ്റ്യാടി നാദാപുരം തൂണേരി പാനൂർ മാഹി തലശ്ശേരി.
രാഷ്ട്രീയം ഉള്ളിൽ കത്തിനിന്നിരുന്ന കാലം. കുറ്റ്യാടി നിന്ന് തലശ്ശേരിക്കും പേരാമ്പ്ര നിന്ന് വടകരയ്ക്ക് പോയി തലശ്ശേരി കണ്ണൂര്‍ ഭാഗത്തേക്കും ദേശീയപാതയായാലും ഉള്‍നാടന്‍ റോഡ് ആയാലും ഇറങ്ങുന്നവര്‍ക്കും കയറുന്നവര്‍ക്കും വലിയ വ്യത്യസമുണ്ടായിരുന്നില്ല. ചോമ്പാല എത്തുമ്പോഴുള്ള മീനിന്റെ മണം, കുഞ്ഞിപ്പള്ളിയുടെ ചില്ലറപൈസകള്‍ വീഴുന്ന ശബ്ദം. മാഹിയുടെ മദ്യശാലക്കാഴ്ച്ചകൾ.
തലശ്ശേരി എത്തുമ്പോള്‍ സൗഹൃദം ഒന്നുകൂടെ ഊഷ്മളമാവുന്നു. പ്രേമനും അവന്റെ സുഹൃത്തുക്കളും. പ്രേമനെ കാണാൻ മാത്രം ഞാൻ കൂത്താളി നിന്ന് തലശ്ശേരിക്ക് പോകുമായിരുന്നു. സൊറ പറഞ്ഞ് ഇന്ത്യന്‍കോഫി ഹൌസില്‍ നിന്ന് ചായ കുടിച്ച് തിരിച്ചു പോരുന്ന ദിനങ്ങള്‍. വൈകുന്നേരത്തോടെ വീട്ടില്‍. ഇടയ്ക്കീയാത്ര കണ്ണൂര്‍ വരെയും കല്യാശ്ശേരി പെരളശ്ശേരി വരെയും നീളാറുണ്ട് അപ്പോള്‍ അവിടെ തങ്ങാറുമുണ്ട്. പ്രതാപനും ഗോവിന്ദരാജും ജോർജും അങ്ങിനെ പലരും. ചിലപ്പോൾ പപ്പനും. അങ്ങിനെ പല കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമായി ചങ്ങാത്തത്തില്‍ ആയി. ഇന്ന് നാട്ടില്‍ ചെല്ലുമ്പോള്‍ പഴയപോലെ ബസ് യാത്ര അത്ര സുഖകരമല്ലെങ്കിലും പഴയ ഓര്‍മകളിലൂടെ ഒരു സീറ്റ് കിട്ടുമ്പോള്‍ മനസ്സ് ഒന്നിനെയും ഓവര്‍ടേക്ക് ചെയ്യാതെ പതിയെ നീങ്ങാറുണ്ട്.
കോളജ് യാത്രകൾ
മഴക്കാലത്ത് ബസ്സില്‍ കയറുന്നത് ഒരു കഷ്ടം പിടിച്ച കാര്യമാണ്. കയറുമ്പോള്‍, കുട പൂട്ടുമ്പോൾ, നനയുന്ന പൂട്ടിയ കുട മറ്റുള്ളവരെ നനപ്പിക്കുമ്പോള്‍. പൊളിഞ്ഞ കര്‍ട്ടനുള്ളിലൂടെ വെള്ളം ഉള്ളിലേക്ക് തെറിക്കുമ്പോള്‍ നനയുന്ന പുസ്തകങ്ങളും മുണ്ടും ഷർട്ടും.
കോഴിക്കോട് പഠിക്കുമ്പോള്‍ എന്നും നാട്ടില്‍ നിന്ന് ദിവസേനയുള്ള യാത്ര. 1980-കള്‍ ആദ്യം. 8:45 ന് തുടങ്ങുന്ന ക്ലാസ്. രാവിലെ 5:20 ന്‍റെ CWMS ഉം ആറെ കാലിന്‍റെ ഗുരുവായൂര്‍ പത്മ ബസ്സും ആറെ നാൽപ്പത്തയഞ്ചിന്‍റെ കെ ടി ബസ്സും അത് കഴിഞ്ഞു പോയാല്‍ പിന്നെ കെ ടി സി ബസ് ആശ്രയം. അത് കിട്ടിയില്ലെങ്കില്‍ 7:10 ന്‍റെ GVS. കുറ്റിയാടി നിന്നും പുറപ്പെടുന്ന ഈ ബസ്സുകള്‍ കൂത്താളി എത്തുമ്പോഴേക്കും സീറ്റ് നിറഞ്ഞിരിക്കും. പിന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെ ചാടിക്കേറി ഇരിക്കാന്‍ പറ്റില്ലായിരുന്നു അന്നും. മിക്കവാറും മുന്നില്‍ ഡ്രൈവറുടെ തലക്ക് മുകളിലുള്ള ഷെല്‍ഫില്‍ പുസ്തകം വെക്കാന്‍ പറ്റുക എന്നത് തന്നെ ഒരന്തസ്സും നേട്ടവുമായി കരുതിയിരുന്നു. കോഴിക്കോടിറങ്ങി വീണ്ടും ബസ് പിടിച്ച് മീഞ്ചന്ത എത്തുമ്പോള്‍ ഏകദേശം കൃത്യസമയം. ചില സമയങ്ങളില്‍ ടയര്‍ പംഗ്ചർ ആയാല്‍ ഒരു പീരീഡ് നഷ്ടവും.
തിരിച്ചു വരുമ്പോള്‍ പാളയം സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരിക്കുന്ന ബസ്സുകള്‍. കോഴിക്കോട് വന്നു കൊപ്ര വിറ്റ് സാധനങ്ങള്‍ വാങ്ങി തിരിച്ചു പോവുന്നവര്‍. സീറ്റുകൾ എല്ലാം നിറയും. ഞങ്ങള്‍ കാത്തിരിക്കണം. പേരാമ്പ്രക്ക് അപ്പുറത്തുള്ള കുട്ടികള്‍ക്ക് ആദ്യം കയറി നില്‍ക്കാം എന്നൊരു ഔദാര്യത്തിന്‍റെ കഷണം എനിക്കും കിട്ടും. പലപ്പോഴും അടിയുണ്ടാക്കാറുണ്ട് തിരിച്ചുള്ള യാത്രയില്‍. വിശന്നും തളര്‍ന്നും നിന്ന് പോരുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത. മുന്നിലെ ഡോര്‍ തുറന്നു അത്തോളിയും മറ്റുമുള്ള കുട്ടികളെ കയറ്റാന്‍ ശ്രമിച്ചു ബസ് ജീവനക്കാരുടെ ശത്രു ആവുകയും,പിന്നെ അവർ എന്നെ കയറ്റാതെ ഇരിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് അതില്‍ ചിലരെ കാണുമ്പോൾ ഉള്ളിൽ ചിരിയുമായി രണ്ടു പേരും ഓര്‍ക്കും ആ കാലത്തെ.
ഡല്‍ഹി യാത്രകള്‍
ഡല്‍ഹിയിലെ ജീവിതകാലത്ത് അവിടത്തെ ബസ് യാത്ര എനിക്കത്ര നല്ല അനുഭവങ്ങള്‍ തന്നിരുന്നില്ല. വൃത്തിഹീനമായ ബസ്സിന്‍റെ ഉള്ളും അതേപോലെ ജീവനക്കാരുടെ പരുക്കൻ പെരുമാറ്റവും. ഒരിക്കല്‍ ഞാന്‍ ഗ്രീന്‍പാര്‍ക്കില്‍ നിന്ന് ഐഎസ്ബിടി യിലേക്ക് (മെയിന്‍ ബസ്‌സ്റ്റാന്റ്) ഒരു ബ്ലൂലൈന്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എയിംസിൽ നിന്ന് കയറിയ ഒരു രോഗി ചാന്ദ്നി ചൌക്കില്‍ എത്തിയപ്പോൾ ബസ്സില്‍ ഛർദ്ദിച്ചു. ആ രോഗിയും അയാളുടെ കൂടെയുള്ള ആളും ഇറങ്ങാന്‍ നോക്കിയപ്പോള്‍ ആ ഛർദ്ദിൽ മാറ്റാതെ ഇറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഡ്രൈവറുടെ പിറകില്‍ നിന്നൊരു ഇരുമ്പ് ദണ്ഡുമായി ഒരു ശിങ്കിടി വന്ന് ഇവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി ഛർദ്ദിൽ അവശിഷ്ടങ്ങള്‍ വാരിപ്പിച്ചതിനു ശേഷമാണവരെ ഇറക്കി വിട്ടത്.
മറ്റൊരിക്കല്‍ ഒരു ബസ്സിനു വേണ്ടി രാവിലെ ഓഫീസില്‍ പോകാന്‍ കാത്തിരിക്കുമ്പോള്‍ വളരെ അടുത്തായി നിര്‍ത്തിയിട്ട ബസ്സില്‍ നിന്ന് ഒരു യാത്രക്കാരന്‍ താൻ ചവച്ചിരുന്ന പാന്‍ ഒന്നിച്ചു കൂട്ടി എന്നെ നോക്കി നീട്ടി തുപ്പി. അത് നേരെ പോളിഷ് ചെയ്ത് ഉഷാറാക്കിയ എന്റെ ഷൂസില്‍ വന്നുവീണു. ആകെ ചുവപ്പ് മയം. അവന്‍ എന്നെ ആക്കിയ ഒരു ചിരി ചിരിച്ചപ്പോള്‍ ബസ്സ് മുന്നോട്ട് നീങ്ങിയിരുന്നു. ഡല്‍ഹിയില്‍ വന്നു അധികകാലം ആയിരുന്നില്ല എന്നത് കൊണ്ടും അഡ്ജസ്റ്റ് ചെയ്യാന്‍ സമയം എടുത്തത് കൊണ്ടും ഈ രണ്ടു സംഭവങ്ങള്‍ എന്നും എന്‍റെ മനസ്സില്‍ ഓടിക്കൊണ്ടിരിക്കും. അതേപോലെ ദീപാവലി സമയത്ത് അവിടെ ഒരു ബസ്സ്റ്റോപ്പില്‍ 521 ബസ് കാത്തിരിക്കുമ്പോള്‍ തൊട്ടുപിന്നിലെ ക്വാര്‍ട്ടെഴ്സില്‍ നിന്നുള്ള കുട്ടികള്‍ കത്തിച്ച പടക്കം എറിഞ്ഞ് എന്‍റെ ഷര്‍ട്ട് കരിഞ്ഞതും.
എന്നാലും ഒഡീഷയിൽ നിന്നും കറുത്ത വനങ്ങളിലൂടെ വിജയനഗരം വഴി സുങ്കിയും മാതിലിയും കഴിഞ്ഞ് ഛത്തീസ്ഗഡിനും തെലുങ്കാനയ്ക്കും തൊട്ടൂരുമ്മി കിടക്കുന്ന മൽകാൻഗിരിയിലേക്കുള്ള ബസ് യാത്രകളാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട, ഇനിയും പോകണമെന്ന് തോന്നിക്കുന്ന യാത്രകൾ.
കവർ: ജ്യോതിസ് പരവൂർ