പൂമുഖം LITERATUREലേഖനം പിന്തിരിപ്പൻ സാംസ്‌കാരിക ഇടങ്ങൾ

പിന്തിരിപ്പൻ സാംസ്‌കാരിക ഇടങ്ങൾ

സ്ത്രീ പുരുഷ തുല്യതയുടെ കാര്യത്തിൽ വികസിത മുതലാളിത്തത്തിൽ നിന്ന് നൂറു കിലോ മീറ്റർ ദൂരെയാണ് താലിബാൻ എന്നു സങ്കല്പിക്കുക അങ്ങിനെ എങ്കിൽ ഇടതു പുരോഗമന കേരളം ഏതാണ്ട് പാതി വഴിയിലാണ്, ഒരമ്പത് കി മി ഇനിയുമുണ്ട് മുതലാളിത്തത്തിലേക്ക് ‌ . ജന്മിത്തത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുതലാളിത്ത വ്യക്തി – സ്ത്രീ – പുരുഷ സ്വാതന്ത്ര്യ സങ്കല്പങ്ങളിൽ പോലും ഇനിയും എത്തിയിട്ടുമില്ല എന്ന അവസ്ഥ

ലോക കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ എക്കാലത്തും നേരിട്ട ഏറ്റവും വലിയ വിമർശനം അത് മാർക്സിസ്റ് എവലൂഷൻ തിയറി ഫോളോ ചെയ്യുന്നില്ല എന്നുള്ളതാണ്. സാമൂഹ്യ വ്യവസ്ഥകളിൽ പ്രധാനമായും രണ്ടു വൈരുധ്യങ്ങൾ ഉണ്ടെന്നും അവ തമ്മിൽ എപ്പോഴും സംഘർഷത്തിൽ ആണെന്നും ആ സംഘർഷത്തിൽ നിന്നും നില നിൽക്കുന്നതിനേക്കാൾ മെച്ചപ്പെട്ട ഒന്ന് ഉടലെടുക്കും എന്നുമാണ് മാർക്സിയൻ ചരിത്രശാസ്ത്രം പറയുന്നത്. അടിമ – ഉടമ വ്യവസ്ഥയിലെ ആന്തരിക സംഘർഷം കൂടുതൽ മെച്ചപ്പെട്ട ജന്മി – അടിയാൻ വ്യവസ്ഥയിലേക്കും ജന്മിത്തത്തിലെ സംഘർഷം കൂടുതൽ മെച്ചപ്പെട്ട മുതലാളി – തൊഴിലാളി വ്യവസ്ഥയിലേക്കും മുതലാളിത്തം അതിന്റെ വികസനത്തിന്റെ പരി പൂർണ്ണതയിൽ എത്തുമ്പോൾ – നോട്ട് ദി പോയിന്റ് – അതിന്റെ പരിപൂർണ്ണതയിൽ എത്തുമ്പോൾ സോഷ്യലിസത്തിലേക്കും വികസിക്കും എന്നതാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ അടിസ്ഥാന സാമൂഹ്യ ശാസ്ത്ര സോഫ്റ്റ് വെയർ നമ്മോട് പറയുന്നത്. യന്ത്രവൽക്കരണം എന്ന മുതലാളിത്ത മന്ത്രം തന്നെ ഒടുവിൽ അതിനു പാരയാകുമെന്നും മിച്ച മൂല്യം അനിയന്ത്രിതമായി ഒരു ഭാഗത്തു മാത്രം കുന്നു കൂടുകയും ഇങ്ങനെയുണ്ടാകുന്ന സാധനങ്ങൾ ഒന്നും വാങ്ങിക്കാനുള്ള കപ്പാസിറ്റി ഒടുവിൽ ഭൂരിപക്ഷം വരുന്ന തൊഴിലാളി സമൂഹത്തിന് ഇല്ലാതെയാകുമെന്നും ഒടുവിൽ മുതലാളിത്തം അതിന്റെ തന്നെ ആന്തരിക ചിദ്രം കൊണ്ട് തകരുമെന്നുമാണ് മാർക്സിസ്റ് തിയറി.

സോഷ്യലിസം എന്നെങ്കിലും വരിക തന്നെ ചെയ്യും എന്നാണ് ഞാനും വെറുതെയെങ്കിലും സ്വപ്നം കാണുന്നത്. പക്ഷേ പ്രശ്നം അവിടെയല്ല. സോഷ്യലിസത്തിലേക്കൊക്കെ എന്നെങ്കിലും എത്തും മുൻപ് മുതലാളിത്തത്തിൽ നിന്നും നാം പഠിക്കേണ്ട പാഠങ്ങൾ പഠിച്ചേ തീരൂ. മുതലാളിത്തം ഇന്ന് വരെയുണ്ടായ സാമൂഹ്യ വ്യവസ്ഥകളിൽ ഏറ്റവും മെച്ചപ്പെട്ടത് എന്നാണ് മാർക്സ് തന്നെ വിലയിരുത്തിയിട്ടുള്ളത്.

ഇന്ന് വരെയുണ്ടായ എല്ലാ സോഷ്യലിസ്റ് വിപ്ലവങ്ങളും ജന്മിത്തത്തിൽ നിന്ന് നേരെ സോഷ്യലിസത്തിലേക്ക് വളയമില്ലാതെ ചാടാനുള്ള ശ്രമമായിരുന്നു എന്നതാണ് ലോകമെങ്ങുമുള്ള കമ്മ്യുണിസ്റ്റുകൾ നേരിട്ട എക്കാലത്തെയും വലിയ വിമർശനം.

ലെനിൻ ഇതിനെ നേരിട്ടത് പിന്നെ ഞങ്ങൾ മുതലാളിത്ത വികാസം പൂർണ്ണമാകുന്നത് വരെ കാത്തിരിക്കണമായിരുന്നോ എന്ന മുരട്ടു ചോദ്യം കൊണ്ടാണ്.
അക്കാലങ്ങളിൽ തന്നെ റോസാ ലക്സംബർഗ് വിപ്ലവനാന്തരമുള്ള അധികാര കേന്ദ്രീകരണം ജനാധിപത്യ- തൊഴിലാളി വർഗ്ഗ താൽപര്യങ്ങൾക്കു വിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടുന്നുമുണ്ട്.

മുതലാളിത്തത്തിൽ നിന്ന് പഠിക്കേണ്ട ജനാധിപത്യ ബോധം, സ്ത്രീ പുരുഷ തുല്യത, വ്യക്തി സ്വാതന്ത്ര്യം എന്നിങ്ങനെ പലതും പഠിച്ചില്ലെന്നത് ലോകമെങ്ങുമുണ്ടായിരുന്ന കമ്മ്യുണിസ്റ് ഭരണകൂടങ്ങളുടെ തകർച്ച നമുക്ക് വ്യക്തമാക്കി തന്നതാണ്. ഇപ്പോഴും മാർക്സിയൻ ആശയങ്ങൾക്ക് മേൽക്കോയ്മ ഉള്ള ഇടങ്ങളിൽ അവർ പല ജന്മിത്ത മൂല്യങ്ങളും കൈവിട്ടിട്ടില്ലെന്നും ജന്മിത്തത്തിനും മുതലാളിത്തത്തിനും ഇടയിൽ എവിടെയോ ആണെന്നും കാണാം

പുരുഷ കേന്ദ്രീകൃത ലോകം എന്നത് ഒരു ഫ്യുഡൽ സങ്കല്പമാണ് . അതിൽ നിന്ന് കേരളം ഇനിയും മോചനം നേടിയിട്ടില്ല. വികസിത മുതലാളിത്ത രാജ്യങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന തുല്യത, വസ്ത്ര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, കുടുംബ ബന്ധങ്ങളിലെ സ്വാതന്ത്ര്യം എന്നിവ കേരളത്തിലെ സ്ത്രീകൾക്ക് അപ്രാപ്യമാണ്. ഈ അടുത്ത കാലത്താണ് മാർക്സിസ്റ്റുകൾ നല്ല വസ്ത്രം ധരിച്ചു നടന്ന ഉമ്മൻ ചാണ്ടിയുടെ മകളെ ഒരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചത്. സ്ത്രീയുടെ വസ്ത്ര ധാരണത്തെ മുഖ്യ രാഷ്ട്രീയമാക്കുന്ന താലിബാനിൽ നിന്ന്, ജമാ അത്തെ ഇസ്ലാമിയിൽ നിന്നു എത്രമാത്രം ദൂരത്താണ് കേരളാ മാർക്സിസ്റ്റുകൾ എന്ന ചോദ്യം അതുയർത്തുന്നുണ്ട്.

നമ്മുടെ മന്ത്രിസഭയിൽ സ്ത്രീകളുടെ എണ്ണം 15 ശതമാനത്തിലും താഴെയാണ്. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം, സാഹിത്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിത്വം ഒക്കെ ഏകപക്ഷീയമായി പുരുഷൻ വെച്ചാളുകയാണ്. ലോകം കൂടുതൽ സുന്ദരവും സുദൃഢവും ആകുന്നതു സ്ത്രീകൾ തുല്യമായി ബഹുമാനിക്കപ്പെടുന്നയിടത്താണ്. അവർക്ക് തുല്യ ഇരിപ്പിടങ്ങൾ ലഭിക്കുന്ന ഇടങ്ങളിലാണ്. മുതലാളിത്തം ഇത് ഏതാണ്ട് മനസ്സിലാക്കിക്കഴിഞ്ഞു. തൊഴിലിടങ്ങളിലും മറ്റും 50 ശതമാനം സ്ത്രീകൾ എന്ന സങ്കലപ്പത്തിലേക്ക് അവർ എത്തിക്കഴിഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊക്കെ 24 മണിക്കൂറും വിളിച്ചു പരാതി പറയാവുന്ന ഹോട്ട് ലൈൻ സംവിധാനങ്ങൾ, സ്ത്രീ വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സമിതികൾ, തുല്യ ജോലിക്ക് തുല്യ വേതനം, മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഉറപ്പാക്കാനുള്ള വേദികളും ആവശ്യമുള്ളവർക്ക് ഇന്റേണൽ കൗൺസലിംഗ് സെന്ററുകൾ, ചൈൽഡ് ഫ്രണ്ട്ലി ഓഫീസുകൾ അങ്ങിനെയങ്ങിനെ ദിനേന പുതിയ ആശയങ്ങളുമായി അവർ മുന്നേറുകയാണ്

ഈ ഒരു ലോക സാഹചര്യത്തിലാണ് നമ്മുടെ സാംസ്‌കാരിക സംഘടനകൾ എത്രമാത്രം പുരുഷ മേൽക്കോയ്മ വെച്ചു പുലർത്തുന്നു എന്നു പരിശോധിക്കേണ്ടത്

നമ്മുടെ ഏതാണ്ട് എല്ലാ സാഹിത്യ, സാംസ്‌കാരിക, സിനിമാ സംഘടനകളുടെയും ഭാരവാഹിത്വം പൂർണ്ണമായും പുരുഷ കേന്ദ്രീകൃതമാണ്

ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഭാരവാഹികളുടെ ചിത്രം തികഞ്ഞ അശ്ലീലമായിരുന്നു, നാലു പുരുഷന്മാർ എന്നത് മാത്രമല്ല നാലു വൃദ്ധർ എന്നതും വിമർശന വിധേയമായി. എന്തുകൊണ്ടാണ് പുരോഗമന കലാ സാഹിത്യ സംഘത്തിന് പോലും ഇതൊന്നും ഒരു അശ്ലീലമായി തോന്നാത്തത്? അതിന്റെ കാരണം നേരത്തെ പറഞ്ഞ ജന്മിത്തത്തിനും മുതലാളിത്തത്തിനും ഇടയിലുള്ള ദൂരത്തുണ്ട്. നമ്മുടെ സാഹിത്യ സാംസ്‌കാരിക സംഘടനകൾ ഇല്ലത്തു നിന്ന് പുറപ്പെട്ടിട്ടേയുള്ളു വേണമെങ്കിൽ അര മണിക്കൂർ മുന്നേ പുറപ്പെടാം എന്നുള്ള അവസ്ഥയിലാണ്. ജന്മിത്ത മൂല്യങ്ങൾ അവർ പൂർണ്ണമായും കൈയൊഴിച്ചിട്ടില്ല

പുരോഗമന കലാ സാഹിത്യം എന്നുള്ള ആശയം തന്നെ കല കലയ്ക്കു വേണ്ടി എന്ന കൊടുങ്കാറ്റടിച്ചപ്പോൾ ഏതാണ്ട് തോറ്റു പോയതാണ്. പിന്നെ സാഹിത്യത്തിലും ചിത്രകലയിലുമൊക്കെ ആധുനികതയുടെ ഭൂമികുലുക്കം ഉണ്ടായപ്പോൾ, ഇമ്പ്രഷനിസവും ക്യൂബിസവും എക്സിസ്റ്റെൻഷ്യലിസവും സർ റിയലിസവും ദാദായിസവുമൊക്കെ പരന്നൊഴുകിയപ്പോൾ ഒലിച്ചു പോയതാണ് സോദ്ദേശ്യ സാഹിത്യം എന്ന പുരോഗമന സങ്കൽപം തന്നെ. അതായത് ചാപിള്ളയായിരുന്നു പുരോഗമന കലാ സാഹിത്യ സംഘം എന്ന സംഘടന, ആശയപരമായി പിറവിക്കു മുൻപേ മരിച്ചു പോയ സംഘടന.

സ്വതന്ത്രമായ കലയും സാഹിത്യവും ഉള്ളിടത്തു മാത്രമേ സ്വതന്ത്ര ചിന്ത ഉണ്ടാകൂ. മനസ്സിനെ നവീകരിക്കുന്ന എന്തും നല്ല സാഹിത്യമാണ് അത് സാമൂഹ്യ മാറ്റത്തിനുള്ള സോദ്ദേശ്യ എഴുത്താകുമ്പോൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുകയാണ് ചെയ്യുക

മലയാളത്തിൽ വിജയനും ആനന്ദും മുകുന്ദനും കാക്കനാടനും ഒക്കെ കൂടി പണ്ടേ ഞെക്കി കൊന്നു കളഞ്ഞതാണ് സാഹിത്യത്തിൻറെ സാമൂഹ്യ ഉത്തരവാദിത്തം എന്ന മാർക്സിയൻ കല്പനയെ. ഖസാക്കിലെ രവിയും ആൾക്കൂട്ടത്തിലെ സുനിലും ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നതിലെ രമേശും സമൂഹ മധ്യത്തിലേക്ക് അതിനെ നന്നാക്കാനായി ഇറങ്ങി ചെന്നവരായിരുന്നില്ല.ഉഷ്ണമേഖലയിലെ ശിവനാകട്ടെ തിരിഞ്ഞു നടക്കാൻ പ്രേരിപ്പിച്ചവനും.

മലയാള സാഹിത്യ കുതുകികൾ നെഞ്ചോട് ചേർത്ത ഒരു എഴുത്തുകാരനും പുരോഗമന കലാ സാഹിത്യ സംഘങ്ങളിൽ കൂടി വളർന്നവരല്ല. ജീവിതത്തിന്റെ സായാഹ്നങ്ങളിൽ ഇനിയല്പം അധികാരവും സംഘടനാ ബലവും ആകാം എന്നു കരുതി പത്തിയൊതുക്കിയ ചിലരെങ്കിലുമുണ്ടാകാം ഈ സംഘങ്ങളിൽ എന്നുമാത്രം. അയ്യപ്പപ്പണിക്കരോ മേതിൽ രാധാകൃഷ്ണനോ മാധവിക്കുട്ടിയോ സാറാ ജോസഫോ പുരോഗമന സാഹിത്യ സംഘത്തിന്റെ ഭാഗമായിരുന്നില്ല. അവർ ആകെ സൃഷ്ടിച്ചത്, ആഘോഷിച്ചത്, കുഞ്ഞപ്പ പട്ടാനൂർമാരെയാണ്. ഇപ്പോഴും അവർ അതേ സാംസ്‌കാരിക പരിസരങ്ങളിൽ നിൽക്കുകയാണ് വൃദ്ധ – പുരുഷ നേതൃത്വവുമായി. ഏറ്റവും രസകരമായി തോന്നിയത് സിനിമാ സംഘടനകളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം വേണമെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയാണ്. സാഹിത്യ അക്കാദമിയിൽ എത്ര ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം ?

സാമൂഹിക മാറ്റവും പുരോഗമനവും ആദ്യം പ്രതിഫലിക്കേണ്ടത് സാംസ്‌കാരിക ഇടങ്ങളിലാണ്. തൊഴിലിടങ്ങളിലും സാമൂഹ്യ ഇടങ്ങളിലും കുടുംബങ്ങൾക്കുള്ളിലും സ്ത്രീ തുല്യത ഉണ്ടാകണമെങ്കിൽ നമ്മുടെ സാംസ്‌കാരിക വേദികളിൽ സ്ത്രീ തുല്യത ഉണ്ടാകണം

Comments

You may also like