പൂമുഖം POLITICS വേണം ഒരു സ്‌ത്രീ സൗഹാര്‍ദ്ദ ജനകീയ ഭരണം

വേണം ഒരു സ്‌ത്രീ സൗഹാര്‍ദ്ദ ജനകീയ ഭരണം

രോ അഞ്ച്‌ വര്‍ഷം കൂടുമ്പോഴും കേരളത്തിലെ ഭരണമാറ്റത്തില്‍ നാം പ്രതീക്ഷ
അര്‍പ്പിക്കുക പതിവാണ്‌. മടുപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്‌ത ഭരണം മാറി പുതിയ ഭരണത്തിന്റെ ശീതളഛായയില്‍ സുരക്ഷിതരായിരിക്കാം എന്നതാണ്‌ നമ്മുടെ സ്വപ്‌നം. സാധാരണപോലെതന്നെ ഇത്തവണയും ഭരണമാറ്റം ജനങ്ങളുടെ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ പ്രതീക്ഷ തെറ്റിക്കുമോ? ആരുവന്നാലും നമുക്കെന്താ എന്നു കരുതുന്ന ഗൃഹിണികള്‍പോലും ഭരണമാറ്റത്തെയോ പുതിയ ഭരണത്തെയോ ആശങ്കയോടെയാണ്‌ നോക്കിക്കാണുന്നത്‌. അടിക്കടി ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ഒരു രാഷ്‌ട്രീയവും വെച്ചു പുലര്‍ത്താത്ത ആളുകളില്‍പോലും ആ ബോധമുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ആരുഭരണത്തില്‍ വരണമെന്ന്‌ അവര്‍ തീരുമാനവുമാക്കിയിട്ടുണ്ട്‌.

ഇക്കഴിഞ്ഞ കേരളീയ രാഷ്‌ട്രീയാന്തരീക്ഷം പൊതുവെ ജനങ്ങള്‍ക്ക്‌ അരക്ഷിതത്വം നല്‍കുന്നതായിരുന്നു. സത്യങ്ങളേത്‌, ആരോപണങ്ങളേത്‌ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവിധം പരസ്‌പരം ചെളിവാരിയെറിഞ്ഞ്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ വിഴുപ്പലക്കുമ്പോള്‍ മൂക്കുംകുത്തി വീണത്‌ സാധാരണ ജനജീവിതം തന്നെയാണ്‌. എന്തെല്ലാം പ്രശ്‌നങ്ങളിലൂടെയാണ്‌ നാം കടന്നുപോയത്‌. അഴിമതി എന്നത്‌ ജീവശ്വാസംപോലെ കൊണ്ടുനടക്കുന്നവരുടെനാടാണ്‌ നമ്മുടേത്‌. സോളാര്‍ മുതല്‍ മെത്രാന്‍ കായന്‍ വരെ നീണ്ടുകിടക്കുന്നു ഈ നാണക്കേടിന്റെ നിര. ചമ്മിയും ചിരിച്ചും പരിഹസിച്ചും മലര്‍ന്നു കിടന്നു തുപ്പിയും അപമാനിതരായും നാണംകെട്ടും മടുത്ത കേരളീയര്‍ നല്ല ഒരു ഭരണത്തെ വരവേല്‍ക്കുവാന്‍ കാത്തുനില്‍ക്കുകയാണ്‌.

ഈ നയം മാറിയേ തീരൂ

സ്‌ത്രീസ്വാതന്ത്ര്യത്തെ കുറിച്ചു പ്രസംഗിക്കുകയും സ്‌ത്രീക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുകയും ചെയ്‌തുപോന്ന രാഷ്‌ട്രീയപാര്‍ട്ടികളൊന്നും മത്സരരംഗത്തേക്ക്‌
സ്‌ത്രീകളെ അടുപ്പിക്കാന്‍ തയ്യാറല്ല. ദശാബ്‌ദങ്ങള്‍ക്കു മുന്നേ പാടി പതിഞ്ഞ പാട്ടാണ്‌ നാം ഇപ്പോഴും പാടിനടക്കുന്നത്‌.`സ്‌ത്രീകള്‍ സ്വന്തം കഴിവു തെളിയിച്ച്‌ മുന്നോട്ടു വരട്ടെ” എന്നതാണത്‌. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെന്ന നിലയില്‍ സ്‌ത്രീകള്‍ക്ക്‌ അവസരങ്ങള്‍ കൊടുക്കേണ്ടതുണ്ട്‌. അടച്ചിട്ട വാതില്‍ തുറക്കാതെ പുറത്തുവരൂ എന്നു പറയുന്ന പുരോഗമനവാദികളുടെ നാടാണ്‌ നമ്മുടേത്‌. പുറത്തിറങ്ങാന്‍ സാധിച്ച സ്‌ത്രീകളെല്ലാം മുന്‍നിരയിലെത്തിയിട്ടുണ്ട്‌. എന്നാല്‍ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ പങ്കെടുപ്പിക്കാന്‍ വിസമ്മതിക്കുന്നിടത്തോളം കാലം സ്‌ത്രീകള്‍ പിന്നോക്കം നില്‍ക്കുകതന്നെ ചെയ്യും. സ്‌ത്രീകളെപോലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഏറെയുണ്ടിവിടെ. ദലിതനായാലും ആദിവാസിയായാലുമൊക്കെ ഇതേ അവസ്ഥയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. സ്‌ത്രീകളെ അടുക്കളതളത്തില്‍നിന്നു പുറത്തിറക്കാന്‍ ശ്രമിക്കുന്നവരാകട്ടെ സ്വന്തം ഭാര്യ പാതിവ്രത്യത്തിന്റെ പ്രതീകമാകണമെന്നും അച്ചടക്കത്തോടെ വീട്ടിലിരിക്കണമെന്നും ആഗ്രഹിക്കുന്നവരാണധികവും. മറ്റു സ്‌ത്രീകളെല്ലാം പോരാട്ടത്തില്‍ പങ്കാളികളാകണമെന്നും അവര്‍ ആഗ്രഹിച്ചേക്കാം. സ്‌ത്രീകളെ കൊടിയും, ബാനറും പിടിക്കാനും താലമേന്താനും വിളക്കുകൊളുത്താനും എന്നുവേണ്ട സ്‌ത്രീജന്യമെന്നു കരുതുന്ന തൊഴിലുകളേല്‍പ്പിക്കുകയും ചെയ്യും.

Copy of IMG_9920 copy--621x414

തെരഞ്ഞെടുപ്പ്‌ വന്ന സാഹചര്യത്തില്‍ എങ്ങനെ ജയിക്കണം എന്നതുമാത്രമാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെയെല്ലാം മെയിന്‍ അജണ്ട. അതിനായി ആരെയും അവര്‍ കളത്തിലിറക്കും. സിനിമാക്കാരായാലും ജാലവിദ്യക്കാരായാലും വേണ്ടില്ല, അവരിലും സ്‌ത്രീകളുണ്ടെങ്കില്‍ വീണ്ടും പ്രശ്‌നമുദിക്കുകയായി. ഓരോ പാര്‍ട്ടിയും എത്ര സീറ്റുകള്‍ സ്‌ത്രീകള്‍ക്കു നല്‍കി എന്നത്‌ സ്‌ത്രീകളെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിമെന്‍സ്‌ റിസര്‍വേഷന്‍ ബില്ല്‌ ഇന്നും നിലംതൊടാതെ ആകാശത്ത്‌ കറങ്ങിനടക്കുന്നുണ്ട്‌. പുരോഗമനം ഉെണ്ടന്നും ഇല്ലെന്നും പറഞ്ഞ്‌ ഏറ്റക്കുറച്ചിലോടെ നടത്തുന്ന ഈ അനീതിക്ക്‌ ഒരുമിച്ചൊരു മറുപടി കൊടുക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കൃത്യമായ രാഷ്‌ട്രീയബോധം കൂടിയേ തീരൂ. സ്‌ത്രീകള്‍ സ്വത്വബോധത്തില്‍നിന്ന്‌ രാഷ്‌ട്രീയമായി ചിന്തിച്ച്‌ ഒന്നായി മുന്നോട്ടുവന്നാല്‍ (ഓഷോ പറഞ്ഞതുപോലെ സ്‌ത്രീകള്‍ക്കു മാത്രം സ്‌ത്രീകള്‍ വോട്ടു ചെയ്യുക) എല്ലാ രാഷ്‌ട്രീയ പുംഗവന്മാരും പാര്‍ട്ടികളും മൂക്കുംകുത്തി താഴെ വീഴുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല. വളരെ കാര്യക്ഷമമായിത്തന്നെ ത്രിതലപഞ്ചായത്തില്‍ സ്‌ത്രീകള്‍ ഇടം പിടിച്ചു കഴിഞ്ഞു. തീര്‍ച്ചയായും ബാഹ്യ ഇടപെടലുകളൊന്നുമില്ലെങ്കില്‍ അവര്‍ക്ക്‌ നന്മയുള്ള ഭരണം കാഴ്‌ചവെക്കാനാകും. നിയമനിര്‍മ്മാണസഭകള്‍ സ്‌ത്രീകളുടേതുകൂടി ആവണം എന്നാഗ്രഹിക്കുന്നവരാണ്‌ ഇവിടുത്തെ സ്‌ത്രീകള്‍.

തുറന്ന സമീപനം വേണം

അടുത്ത ഭരണം ആരുടെതായാലും വളരെ പ്രതീക്ഷയോടെയാണ്‌ ഞങ്ങള്‍ കാത്തിരിക്കുന്നത്‌. സ്‌ത്രീക്ഷേമ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രം നടത്തിപ്പോരുകയും അത്തരം പ്രവര്‍ത്തനങ്ങളെ അലംഭാവത്തോടെ കാണുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്‌. പ്രധാനമായും വനിതാകമ്മീഷന്റെ കാര്യംതന്നെ എടുക്കാം. മാറിമാറി വരുന്ന സര്‍ക്കാറിന്റെ പ്രതിനിധികളെ പല സ്ഥാനത്തും നിയമിക്കുക എന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ സ്‌ത്രീകളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന വനിതാകമ്മീഷനിലെങ്കിലും ഈ കീഴ്‌വഴക്കം ഒഴിവാക്കേണ്ടിയിരിക്കുന്നു. സ്‌ത്രീപ്രശ്‌നങ്ങളെ ഭരണ-പ്രതിപക്ഷപ്രശ്‌നങ്ങളായി കാണുന്നതിന്റെ ക്രൂരത ഇന്ന്‌ സ്‌ത്രീകള്‍ അനുഭവിച്ചുപോരുന്നുണ്ട്‌. (പോലീസ്‌ സ്റ്റേഷനുകള്‍ ഈ ദുരന്തത്തിന്റെ പ്രതീകങ്ങളാണ്‌. സ്‌ത്രീകളോടോ അവരുടെ പ്രശ്‌നങ്ങളോടോ അല്ല അവര്‍ക്ക്‌ കൂറ്‌. സ്വന്തം പാര്‍ട്ടിയോടു മാത്രമാണ്‌. അവരെ ആ സ്ഥാനത്ത്‌ നിയമിച്ചവരോടാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ വെറും നോക്കുകുത്തികളുടെ കേന്ദ്രമായി മാറുന്നുണ്ട്‌ അത്‌. അതിനൊരു മാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വനിതാകമ്മീഷന്‍ പുനഃസംഘടിപ്പിക്കണം എന്നതാണ്‌ ഞങ്ങളുടെ ആവശ്യം. പാര്‍ട്ടിപ്രവര്‍ത്തകരല്ലാത്ത അദ്ധ്യക്ഷകളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനകള്‍ മറക്കുന്നില്ല. ലിംഗാവബോധമുള്ള (Genders)സ്‌ത്രീകള്‍ നയിക്കുന്നതായിരിക്കണം വനിതാകമ്മീഷന്‍. എല്ലാ സ്‌ത്രീകള്‍ക്കും ആശ്രയമായിത്തീരുന്ന അവരുടെ പ്രശ്‌നങ്ങളെ പഠിക്കുന്ന വനിതാകമ്മീഷന്‌ സ്വതന്ത്രപദവി കൊടുത്തുകൊണ്ടാണ്‌ പുനഃസംഘടിപ്പിക്കേണ്ടത്‌.

സ്‌ത്രീസുരക്ഷയുടെ കാര്യത്തില്‍ ആളഹാര്‍ത്ഥമായി ഒരു ഗവണ്‍മെന്റും ഒന്നും ചെയ്‌തിട്ടില്ല എന്നു വേണം പറയാന്‍. കുറെയധികം സ്‌ത്രീപദ്ധതികള്‍ക്ക്‌ രൂപം കൊടുക്കുന്നുവെങ്കിലും അതിന്റയെല്ലാം തലപ്പത്ത്‌ പുരുഷന്മാരോ സ്‌ത്രീവിരുദ്ധ മനോഭാവമുള്ള സ്‌ത്രീകളോ ആണ്‌ ഉണ്ടാവുക. സ്‌ത്രീ പദ്ധതികളുടെ ചുക്കാന്‍ പിടിക്കേണ്ടത്‌ സ്‌ത്രീകളായിരിക്കണമെന്ന ഞങ്ങളുടെ മിനിമം വാശിയെങ്കിലും നിവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റ് വരുന്നതാണ്‌ ഞങ്ങള്‍ക്കിഷ്‌ടം. ഉദ്യോഗത്തിന്റെ ഭാഗമായി സ്‌ത്രീപദ്ധതികളെ കാണാതിരിക്കുക എന്നതും ഒരാവശ്യം തന്നെയാണ്‌. അങ്ങനെവരുമ്പോഴാണ്‌ ആ പദ്ധതികള്‍ പരാജയപ്പെട്ടുപോകുന്നതും. ജന്‍ഡര്‍പാര്‍ക്ക്‌ പോലുള്ള പുരുഷകോമരതുള്ളല്‍ പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കണം എന്ന തീരുമാനം സ്‌ത്രീകള്‍ക്ക്‌ വിട്ടുകൊടുക്കുക തന്നെ ചെയ്യണം. വിട്ടുകൊടുക്കുക എന്നാല്‍ പാര്‍ട്ടി അനുഭാവമുള്ളവര്‍ക്ക്‌ കൊടുക്കുക എന്നതല്ല അര്‍ത്ഥം.

സ്‌ത്രീസുരക്ഷയ്‌ക്കുവേണ്ടി കുറെയധികം നിയമങ്ങള്‍ ഇവിടെ വന്നിട്ടുണ്ടെങ്കിലും
അവയൊന്നും കാര്യക്ഷമമായി നടപ്പാക്കുന്നില്ല എന്നത്‌ ഒരു പോരായ്‌മതന്നെയാണ്‌.
സ്‌ത്രീകളുടെ സ്വതന്ത്രസഞ്ചാരത്തിനുപോലും അനുവാദമില്ലാത്ത ഒരു നാടായി മാറിയിരിക്കുന്നു നമ്മുടേത്‌. യാത്രാവേളയിലെ അതിക്രമങ്ങള്‍ ഒഴിവാക്കേണ്ടതിന്‌ വേണ്ട നടപടികള്‍ എടുക്കുന്നതോടൊപ്പംതന്നെ നിയമങ്ങള്‍ കര്‍ശനമാക്കുകയും പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യണം. ബലാത്സംഗങ്ങള്‍, ട്രാഫിക്കിംഗ്‌, ഗാര്‍ഹികപീഡനം ഇവയ്‌ക്കൊക്കെ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്‌ കഴിയുന്നില്ല. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ സ്വാധീനമുപയോഗിച്ച്‌ പ്രതികള്‍ രക്ഷപ്പെടുന്നു എന്നു തന്നെയാണ്‌ അതിനര്‍ത്ഥം. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം സ്‌ത്രീ സൗഹാര്‍ദ്ദനയം രൂപീകരിക്കുക എന്നതാണ്‌. `നിര്‍ഭയ’ പോലുള്ള ഹോമുകള്‍ സ്ഥാപിച്ചത്‌ ലൈംഗികമായി ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക്‌ ആശ്രയമെന്ന നിലക്കാണ്‌. എന്നാല്‍ കുറ്റവാളികള്‍ നാട്ടില്‍ വിലസി നടക്കുകയും പെണ്‍കുട്ടികള്‍ കുടുങ്ങിക്കിടക്കുകയുമാണ്‌ ചെയ്യുന്നത്‌. ശിക്ഷകൊണ്ടു മാറുന്നതല്ല ഇത്തരം കൃത്യങ്ങള്‍ എന്നറിയാം. എന്നാല്‍ ശിക്ഷ വേണ്ടെന്നു വെക്കുന്നത്‌ ശരിയുമല്ല. നിയമം കര്‍ശനമാക്കുകയും പെണ്‍കുട്ടികള്‍ക്ക്‌ സമൂഹത്തിലിറങ്ങാന്‍ ഇട നല്‍കുകയും ചെയ്യുന്ന സാഹചര്യമൊരുക്കാന്‍ ഇനി വരുന്ന ഗവണ്‍മെന്റ ്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ പൊതുസ്ഥലങ്ങളില്‍ ടോയ്‌ലറ്റ്‌ സൗകര്യമില്ല എന്നത്‌ ഇന്നും മുറവിളി കൂട്ടി ബോധിപ്പിക്കേണ്ടിയിരിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നത്‌ ഏതു സര്‍ക്കാരിന്റെ കാലത്താണോ ആ സര്‍ക്കാരിന്‌ കുഴിതോണ്ടാന്‍ ജനങ്ങള്‍ക്ക്‌ കഴിയും എന്നത്‌ ഓര്‍മ്മയില്‍ ഉണ്ടായിരിക്കേണ്ടത്‌ നന്ന്‌. മരണത്തെ വിളിച്ചുണര്‍ത്തുന്ന പ്രതിധ്വനിയായിരിക്കും അവിടെ മുഴങ്ങുന്നത്‌. അതുകൊണ്ട്‌ അടുത്ത ഭരണമെങ്കിലും ഈ ഒരു ന്യൂനത ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌ എന്നു തന്നെയാണ്‌ അഭിപ്രായം.

ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കട്ടെ

wolowaru, cashew nut processing 1

അഴിമതിരഹിത ഭരണം ജനത്തിന്റെ സ്വപ്‌നമാണ്‌. ജനക്ഷേമപദ്ധതികള്‍ ആസൂത്രണം
ചെയ്‌ത്‌ കൃത്യമായി നടപ്പാക്കുന്ന ഒരു സര്‍ക്കാര്‍ വരേണ്ടതുണ്ട്‌. സാധാരണക്കാരന്റെ
ജീവിതം തൊട്ടറിയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിത്‌, ആദിവാസി സ്‌ത്രീ പ്രശ്‌നങ്ങള്‍ക്ക്‌ ശ്രദ്ധയൂന്നുന്ന, ജീവിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഒരു സര്‍ക്കാരായിരിക്കണം അടുത്ത സര്‍ക്കാര്‍. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളായ കുടിവെള്ളം, വൈദ്യുതി, വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവ ചര്‍ച്ചയചയ്യുകയും ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കാന്‍ ശ്രമിക്കുകയും വേണം. ഭൂമിയില്ലാത്തവരെയും, കിടപ്പാടമില്ലാത്തവരെയും ശ്രദ്ധിക്കാതെ പോകരുത്‌. വ്യവസായങ്ങളും വിമാനത്താവളങ്ങളും, മാളുകളും, ഹൈവേകളും മാത്രം ലക്ഷ്യം വെക്കാതെ,കൃഷിയും, കുടില്‍വ്യവസായങ്ങളും ഒക്കെ തുടങ്ങുന്നവര്‍ക്ക്‌ മാതൃക കാണിക്കുന്നതാവണം പുതിയ
സര്‍ക്കാര്‍. കുറഞ്ഞ വരുമാനത്തില്‍ തൊഴില്‍ ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക്‌ സൗജന്യമായി വൈദ്യുതി, വെള്ളം, റേഷന്‍ എന്നിവ നല്‍കി മാതൃകയാവട്ടെ. (ചിലതിനൊക്കെ കെജരിവാള്‍ സര്‍ക്കാരിനെ മാതൃകയാക്കാവുന്നതാണ്‌.) ക്യാമ്പസുകളെ മതരാഷ്‌ട്രീയ കെട്ടില്‍നിന്ന്‌ മോചിപ്പിക്കാനുള്ള നടപടി എടുക്കാന്‍ കൃത്യമായ ലക്ഷ്യബോധമുള്ള ഗവണ്‍മെന്റിനെത്തന്നെ നാം തിരഞ്ഞെടുക്കേണ്ടതുണ്ട്‌. ഒരു പുതിയ വിദ്യാഭ്യാസ നയംതന്നെ രൂപീകരിക്കേണ്ടതുമുണ്ട്‌. മതത്തിനും രാഷ്‌ട്രീയത്തിനും ഇടപെടാനാവാത്ത നയമായിരിക്കണം അതെന്ന്‌ ഞങ്ങള്‍ കരുതുന്നു.ഗവണ്‍മെന്റിലേക്കു കിട്ടുന്ന കൈക്കൂലി, കള്ളക്കടത്ത്‌ പണം, സ്വര്‍ണ്ണവേട്ട തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കു ഉപകരിക്കട്ടെ. ഉള്ളവര്‍ക്കു ജീവിക്കാന്‍ സൗകര്യമൊരുക്കുന്ന വികസനമുന്നേറ്റവുമായി വരുന്ന ഒരു ഗവണ്‍മെന്റിനെയല്ല ഞങ്ങള്‍ സ്വാഗതം ചെയ്യുന്നത്‌. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങി നിയമനിര്‍മ്മാണസഭയിലെ അംഗത്വം വരെയുള്ള എല്ലാകാര്യങ്ങളിലും പക്ഷപാതം വെച്ചുപുലര്‍ത്തുന്ന ഒരു ഗവണ്‍മെന്റ ്‌ വന്നാല്‍ എന്താകും സ്ഥിതി എന്ന ആശങ്കയുമുണ്ടിവിടെ. ജനക്ഷേമങ്ങള്‍ക്ക്‌ ഊന്നല്‍ കൊടുക്കുകയും സ്‌ത്രീക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആളഹാര്‍ത്ഥമായി ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരിന്‌ സ്വാഗതം!


 

Comments
Print Friendly, PDF & Email

You may also like