പൂമുഖം Travel ഇസ്താന്‍ബൂള്‍ നാമ (ഭാഗം – 5)

ഇസ്താന്‍ബൂള്‍ നാമ (ഭാഗം – 5)

അരസ്താ ബസാറും ബ്ലൂ മോസ്കും

ഇസ്താംബൂളിലെ രണ്ടാം ദിവസമാണിന്ന്. ആദ്യം തന്നെ കയ്യിലുള്ള ബ്രിട്ടീഷ് പൌണ്ടും യൂറോയും  മാറ്റി ടർക്കിഷ് ലിറ  ആക്കണം. ഓരോ തെരുവിലും മൂന്നും നാലും മണി എക്സ്ചേഞ്ച് ഷോപ്പുകളാണ് കാണാൻ കഴിഞ്ഞത്. പക്ഷേ പലയിടങ്ങളിലും പല റേറ്റാണ് അതുകൊണ്ട് കുറെ ചുറ്റിക്കറങ്ങിയ ശേഷമാണ് ഏറ്റവും നല്ല റേറ്റ് കണ്ട സ്ഥലത്ത് നിന്നും കുറെ പണം മാറ്റിയെടുത്തു. ആ സമയത്ത് ഒരു ബ്രിട്ടീഷ് പൗണ്ടിന് 21.10 ലിറ കിട്ടി.

സമീപത്തുതന്നെയുള്ള സിർകേസിയിലെ പഴയ ഓറിയന്റ് എക്സ്പ്രസ്സ് സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും തുർക്കി ട്രാവൽ കാർഡ് വാങ്ങിയിരുന്നു J. 50 ലീറ കൊടുത്ത് കാർഡ്  വാങ്ങി ഒരു അൻപതും കൂടി അതിലേക്ക് ടോപ്പ് അപ്പ് ചെയ്തു. ഒരു ബസ് യാത്രയ്ക്ക് ഏകദേശം എട്ട് ലിറ ആകും. ഈ കാർഡ് തന്നെ ട്രെയിനിലും ബോസ്ഫറസിന് കുറുകെയുള്ള ബോട്ട് സർവീസിലും  ഉപയോഗിക്കാം.  ഏഷ്യൻ ഇസ്താൻബൂളിലേക്ക്  ബോട്ടിൽ പോകാൻ ഞങ്ങൾ പതിനെട്ടു ലിറ ആണ് നൽകിയത്. പിന്നീട് ട്രാമിൽ കയറി സുൽത്താനഹമ്മദ് എന്ന സ്റ്റോപ്പിൽ ഇറങ്ങി.

ബ്ലൂ മോസ്‌ക് –  ഒരു ഭാഗം

ബ്ലൂ മോസ്‌കിന്റെ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന അരസ്ത ബസാർ 17-ാം നൂറ്റാണ്ടിൽ ബ്ലൂ മോസ്‌ക് കോംപ്ലക്‌സിന്റെ ഭാഗമായാണ് നിർമ്മിച്ചത്. കൂറ്റൻ മസ്ജിദ് സമുച്ചയം പരിപാലിക്കുന്നതിനായി കടകളുടെ വാടക ഉപയോഗിച്ച് ഫണ്ട് സൃഷ്ടിക്കുകയായിരുന്നു മാർക്കറ്റിന്റെ പ്രാഥമിക ലക്ഷ്യം.

10 മിനിറ്റ് നടന്നപ്പോൾ തന്നെ ഞങ്ങൾ അടുത്തുള്ള അരസ്താ ബാസാറിൽ  എത്തി. ഗ്രാൻഡ് ബസാറിനോടും സ്പൈസ് ബസാറിനോടും വലിപ്പത്തിൽ താരതമ്യപ്പെടുത്താൻ സാധ്യമല്ലെങ്കിലും നീളത്തിലുള്ള ഒരു തെരുവിന്റെ ഇരുപുറവുമായിട്ടാണ് കടകൾ എന്നതാണ് ഇതിന്റെ പ്രത്യേകത. വലിയ തിരക്കില്ല എന്നതാണ് ഏറ്റവും ആകർഷകമായി തോന്നിയത്.  പാരമ്പര്യ രീതിയിലുള്ളതും ടൂറിസ്റ്റുകൾക്ക് താല്പര്യമുള്ളതുമായ തുണിത്തരങ്ങൾ, കാർപെറ്റുകൾ, പാത്രങ്ങൾ തുർക്കിയുടേത് മാത്രമായ ചില അലങ്കാര വസ്തുക്കൾ, സുഗന്ധവ്യജ്ഞനങ്ങൾ, കളിമൺ പാത്രങ്ങൾ, ഹുക്ക, മധുര പലഹാരങ്ങൾ എന്നിവയാണ്  അവിടെ വില്ലനയ്ക്ക് വച്ചിരിക്കുന്നത്.

ടർക്കിഷ് ടവലുകൾ അവിടെ നിന്ന് വാങ്ങി. 500 ലിറ വിലപറഞ്ഞ സാധനം ഞങ്ങൾ 375നു വാങ്ങി. ഒരു പക്ഷേ വിലപേശാൻ മിടുക്കുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി കുറക്കുമായിരുന്നു. എന്തായാലും ഇവിടെ കച്ചവടക്കാർ പറയുന്ന വിലക്ക് ഒരു സ്ഥലത്ത് നിന്നും സാധനങ്ങൾ വാങ്ങരുത്. എപ്പോഴും 30% മുതൽ 50% വരെ കൂട്ടിയാണ് അവർ വില പറയുക; അത് പ്രത്യേകം ശ്രദ്ധിക്കണം. കൈ കൊണ്ട് പെയിൻറിംഗ് ചെയ്ത സെറാമിക് പാത്രങ്ങൾ വിൽക്കുന്ന ഒരു കടയിലെത്തിയിട്ട് അവിടെ നിന്ന് ഇറങ്ങാൻ തോന്നിയില്ല.

ബൈസാന്റിൻ രാജാക്കന്മാരുടെ ഭരണകാലത്ത് അവരുടെ പ്രധാന കൊട്ടാരം ആയിരുന്ന ഇടത്താണ് ഈ മാർക്കറ്റ് സ്ഥാപിക്കപ്പെട്ടത്. ഇന്നും ഇതിൻറെ അവശിഷ്ടമായ ടൈലുകളും മൊസൈക് നിർമ്മിതികളും ഇതിൻ്റെ ചില ഭാഗങ്ങളിൽ കാണാം.1912ലെ വൻ തീപിടുത്തത്തിൽ നശിച്ചു പോയെങ്കിലും 1980ല്‍ ഇത് പുനർനിർമ്മിച്ചു.

എബ്രു എന്നത് പാരമ്പര്യ രീതിയിലുള്ള ടർക്കിഷ് കലാരൂപമാണ്. വെള്ളവും എണ്ണയും കലർന്ന മിശ്രിതത്തിൽ പെയിൻറ് കൂട്ടിക്കലർ ത്തി പലതരത്തിലുള്ള ഡിസൈനുകൾ ഉണ്ടാക്കിയ ശേഷം അത് പേപ്പറിലേക്ക് മാറ്റുന്ന രീതിയാണ് ഇതിൽ അവലംബിച്ചു വരുന്നത്. പ്രവചിക്കാൻ ആവാത്ത രീതിയിലുള്ള ഡിസൈനുകളാണ് പലപ്പോഴും ഉണ്ടായി വരിക അതാണ് ഇതിന്റെ ആകർഷണങ്ങളിൽ ഒന്ന്.  ഈ രീതിയിൽ ചെയ്ത കലാരൂപങ്ങളുടെ വിൽപ്പനയും മാർക്കറ്റിൽ കണ്ടു. ധാരാളം അലങ്കാര വിളക്കുകളും മറ്റും വില്പനയ്ക്ക് വച്ചിരിക്കുന്ന ഒരു കടയും ആകർഷകമായി തോന്നി.

ഇസ്നിക്ക് ടൈൽ

ഇസ്താംബൂളിന്  തെക്ക് കിഴക്ക് ഭാഗത്ത് ഇസ്‌നിക് തടാകതീരത്തുള്ള പട്ടണമാണ് ഇസ്‌നിക്. ഇവിടെയാണ് പ്രധാനമായും ഈ ടൈലുകൾ നിർമ്മിച്ചുവരുന്നത് വന്നിരുന്നത്. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ സ്വകാര്യ വസതികൾക്കായുള്ള വാസ്തുവിദ്യാ രീതികളിൽ ഉപയോഗിച്ചിരുന്ന പ്രത്യേക നിറവും നിർമ്മാണ ശൈലിയും  ഉള്ള സെറാമിക് ടൈലുകളാണ് ഇവ. ഈ ടൈലുകൾ അവയുടെ മനോഹരവും സങ്കീർണ്ണവുമായ ഡിസൈനുകൾക്കും പാറ്റേണുകൾക്കും പേരുകേട്ടതാണ്; പലപ്പോഴും നീലയും വെള്ളയും പൂക്കളോ ജ്യാമിതീയ രൂപങ്ങളോ ഉൾക്കൊള്ളുന്നു. കൂടാതെ കുറച്ചു മഞ്ഞനിറവും കാണാനുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ഇത് വളരെ പ്രസിദ്ധമായിരുന്നു. പുതിയ കാലത്ത് ഈ കലയിൽ വിദഗ്ധരായ വരെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുള്ളതു കൊണ്ട് ഇതിന്റെ  നിർമാണവും  ഉപയോഗവും  കുറഞ്ഞു  വരികയാണ്. ഡിസൈൻ ചെയ്ത ടൈലുകൾക്കും കളിമൺ പാത്രങ്ങൾക്കും കലാവസ്തുക്കൾ ശേഖരിക്കുന്ന ആളുകളുടെ ഇടയിൽ വലിയ പ്രാധാന്യമാണ്.

ടൈലുകളിൽ കൊബാൾട്ട് ബ്ലൂ എന്ന നീലനിറം പെയിൻറ് ചെയ്ത ശേഷം അതിന് നിറമില്ലാത്ത പെയിന്റ് കൊണ്ട് തിളക്കം ഉള്ളതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ടൂലിപ് ഡിസൈൻ വ്യത്യസ്ത നിറങ്ങളിലും സ്റ്റൈലിലും വരച്ച ധാരാളം കളിമൺ പാത്രങ്ങളും ജഗ്ഗുകളും മറ്റും അവിടെ കണ്ടു. ഓട്ടമന്മാരുടെ ഭാഗ്യചിഹ്നമായി ടുലിപ്  കരുതപ്പെടുന്നതുകൊണ്ട് ഇത്തരത്തിലുള്ള ഡിസൈനുകൾ ചെയ്ത പാത്രങ്ങൾക്ക് വലിയ വിലയാണ്.

ലിറ്റിൽ ഹയ സോഫിയ മോസ്ക്

ഹയ സോഫിയയെ പോലെ തന്നെ ഇതും ആദ്യം ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. ബൈസാന്റിൻ എംമ്പറർ ആയിരുന്ന ജസ്റ്റീനിയൻ ഒന്നാമന്റെയും  അദ്ദേഹത്തിൻറെ ഭാര്യ തിയഡോറയുടെയും നിർദ്ദേശം അനുസരിച്ച് ചേർന്ന് എ ഡി 532നും 536നും ഇടയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. സുൽത്താൻ ബയാസിദ് രണ്ടാമന്റെ ഭരണകാലത്താണ് 1497ടോപ്‌കാപ്പി കൊട്ടാരത്തിന്റെ  ഹറത്തിലെ പ്രധാന കാര്യസ്ഥൻ ആയിരുന്ന ഹുസൈൻ ആഗയുടെ നേതൃത്വത്തിലാണ്  ഇത് മുസ്ലിം പള്ളിയായി മാറ്റപ്പെട്ടത്. പ്രധാന കുംഭഗോപുരം  8 വശങ്ങളുള്ളതാണ്(octagon) . ഇവിടെ ചുമർ ചിത്രങ്ങളോ മൊസൈക് ചിത്രങ്ങളോ ഇല്ല. പച്ചയും ചുവപ്പും നിറത്തിലുള്ള . പോർഫയറി എന്ന കല്ലുകൊണ്ടാണ്  തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. മറ്റു പള്ളികളുമായി താരതമ്യം ചെയ്യുമ്പോൾ അലങ്കാരങ്ങൾ വളരെ കുറവാണെങ്കിലും ലിറ്റിൽ ഹയ സോഫിയക്ക് അതിന്റെതായ ഒരു പ്രത്യേക ചാരുതയുണ്ട്. പ്രത്യേകിച്ച് ഇതിൻറെ കുംഭഗോപുരത്തിന്റെ അകം വളരെ ആകർഷകമായി തോന്നി. പഴയ ശൈലിയിലുള്ള പള്ളിയാണ്. ഞങ്ങൾ അവിടെ എത്തുമ്പോൾ നിസ്കാര സമയം ആയിരുന്നു. എന്നാലും ടൂർ ഗൈഡ് പതിഞ്ഞ ശബ്ദത്തിൽ കാഴ്ചക്കാർക്ക് വിശദമായ വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. ഇതിനു മുന്നിൽ  ഒരു ചെറിയ ഗാർഡൻ ഉണ്ട്. അവിടെ  തേയില ചെടി ഉണ്ടത്രേ!

ബ്ലൂ മോസ്ക്

പുനരുദ്ധാരണത്തിനായി ഉയർത്തിയിരിക്കുന്ന സ്‌കഫോൾഡിങ്  കൊണ്ട് മറഞ്ഞിരിക്കുകയാണ് ബ്ലൂ മോസ്‌കിലെ കാഴ്ചകൾ. ഇത് മൂലം അവിടെ വലിയ തിരക്ക് കണ്ടില്ല. നല്ല ഒരു ഫോട്ടോ പോലും എടുക്കാനുള്ള സാധ്യത കണ്ടില്ല. ഇതിനിടയിലും ആ മഹത്തായ കലാസൃഷ്ടിയുടെ സൗന്ദര്യം തെളിഞ്ഞു കണ്ടു.  നീലയുടെ പല ഷെയ്ഡുകളാണ് അവിടെ തറ മുതൽ മേൽത്തട്ടു വരെ. ഓട്ടോമൻ  കാലത്തെ ചിത്രകലയുടെ പ്രത്യേകതകളും ഭംഗിയും ഇതിൽ തെളിഞ്ഞ് കാണാം. ഇസ്ലാമിക കാലിഗ്രാഫിയുടെ സുന്ദരമാതൃകകളും ഇവിടെയുണ്ട്. ഖുർആനിലെ വളരെ ചെറിയ കുറേ അധ്യായങ്ങൾ ഇവിടെ അലങ്കാരങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത് കണ്ടു. അതിൻറെ ചിത്രങ്ങളോട് കൂടിയ വിവരണങ്ങൾ  താഴെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ബ്ലൂ മോസ്ക്  എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക്കാണ് ഇദ്ദേഹത്തിൻറെ നിർമ്മിതികളിൽ ഏറ്റവും പ്രസിദ്ധമായത്. പ്രശസ്ത ശില്പിയായ മിമാർ സിനാന്റെ വിദ്യാർത്ഥിയായിരുന്ന സെദെഫ് കർ മെഹമ്മദ് ആഗ ആണ് ഇതിൻറെ നിർമ്മാണത്തിന് നേതൃത്വം കൊടുത്തത്. 1609-1617കാലത്ത്  നിർമ്മിക്കപ്പെട്ട ബ്ലൂ മോസ്‌ക് ഈ നഗരത്തിലെ   ഏറ്റവും സുന്ദരമായ കാഴ്ച്ചകളിൽ ഒന്നാണ്. പള്ളി കൂടാതെ മദ്രസകൾ, പള്ളി  സം രക്ഷണത്തിനായുള്ള വേണ്ടിയുള്ള വരുമാനത്തിനായി  ഒരു പ്രത്യേക കച്ചവട കേന്ദ്രം, കുളിപ്പുരകൾ, വെള്ളത്തിൻറെ സംഭരണത്തിനും വിതരണത്തിലുമുള്ള സംവിധാനം, ഖബർസ്ഥാൻ, ആശുപത്രി, പ്രൈമറിസ്കൂൾ, സൗജന്യ ഭക്ഷണവിതരണകേന്ദ്രം,  യാത്രക്കാർക്ക് വേണ്ടി വാടകക്ക് നൽകാനുള്ള മുറികൾ എന്നിവ ഉൾപ്പെട്ടതായിരുന്നു ഈ പള്ളിയുടെ അനുബന്ധ മന്ദിരങ്ങൾ. ഇവയിൽ പലതും ഇന്ന്  ബാക്കിയില്ല. പക്ഷേ ആരാധനാലയം  നൂറ്റാണ്ടുകളായി സന്ദർശകർക്കും  ആരാധനക്ക് എത്തുന്നവർക്കും നയനാനന്ദകരമായ കാഴ്ചയായി തുടരുന്നു.

ഏകദേശം ഇരുപതിനായിരം ഇസ്നിക് സെറാമിക് ടൈലുകൾ ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പള്ളിയുടെ അകം മുഴുവൻ അതു കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് വെളിച്ചത്തിന് ഒരിക്കലും കുറവുണ്ടാകാത്ത രീതിയിൽ 260 ജനാലകൾ ഇവിടെയുണ്ട് ജനാലകളിൽ നിറമുള്ള ഗ്ലാസ് കഷണങ്ങൾ പതിപ്പിച്ച് ആകർഷകമാക്കിയിരിക്കുന്നു.. അലങ്കാരങ്ങളിൽ കാണുന്ന നീലനിറ ത്തിന്റെ ആധിക്യമാണ് ഈ പള്ളിക്ക് ബ്ലൂമോസ്ക് എന്ന് പേരു വരാൻ കാരണം. പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിൽ സുൽത്താന്  വലിയ തിരക്കുണ്ടായിരുന്നു. പണി വേഗത്തിലാക്കാനായി അദ്ദേഹം സ്വന്തം കയ്യിൽ നിന്നും പോലും ഇടയ്ക്ക് ഇതിനായി പണം നൽകിയിരുന്നു.

തുർക്കിയിൽ ആറ് മിനാരങ്ങളുള്ള വളരെ കുറച്ചു പള്ളികൾ മാത്രമേയുള്ളൂ, അതിലൊന്നാണ് ബ്ലൂ മോസ്‌ക്. “ആൾട്ടി മിനറലർ” (ആറ് മിനാരങ്ങൾ) എന്നതിന് “ആൾട്ടൻ മിനറലർ” (സ്വർണ്ണ മിനാരങ്ങൾ) എന്ന സുൽത്താന്റെ വാക്ക്   ആർക്കിടെക്റ്റ് തെറ്റായി കേട്ടതായി പറയപ്പെടുന്നു. പണി  തുടങ്ങിയ  ശേഷമാണ് ബ്ലൂ മോസ്കിലെ മിനാറുകളുടെ എണ്ണം ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയായ മക്കയിലെ പള്ളിയുടേതിന് തുല്യമാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചത്. ഉറച്ച ഒരു മതവിശ്വാസിയായിരുന്ന ഇദ്ദേഹം ഇതിനൊരു പരിഹാരമായി മക്കയിൽ പുതിയ ഒരു മിനാരം കൂടി നിർമ്മിച്ചു കൊടുത്ത് പ്രശ്നം പരിഹരിച്ചു. പള്ളിയുടെ ഉദ്ഘാടന വേളയിൽ മുഹമ്മദ് നബിയുടെ കാൽപാദത്തിന്റെ ആകൃതിയിലുള്ള തലപ്പാവ് ധരിച്ചാണ് അദ്ദേഹം എത്തിയത്.

കുതിരപ്പുറത്ത് സുൽത്താന് മാത്രമേ പള്ളിയുടെ മുറ്റത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ. പ്രവേശനദ്വാരത്തിൽ ഒരു ചങ്ങല സ്ഥാപിച്ചിട്ടുള്ളത് സുൽത്താൻ മുഖത്ത് തൊടാതിരിക്കാൻ ഇതിനകത്തേക്ക് പ്രവേശിക്കുമ്പോൾ ഓരോ തവണയും അദ്ദേഹത്തിന് തല താഴ്ത്തേണ്ടി വന്നു. ഇത് ഒരു പ്രതീകാത്മക പ്രവൃത്തിയാണ്, ദൈവമുഖത്ത് സുൽത്താന്റെ വിനയം ഉറപ്പാക്കാൻ. പള്ളിയുടെ നിർമ്മാണം പൂർത്തിയായി ഒരു കൊല്ലത്തിനകം അദ്ദേഹം മരിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം  അതുകൊണ്ട് പള്ളിയുടെ അകത്തുള്ള വളരെ കുറച്ച് ഭാഗങ്ങൾ  മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.

പള്ളിക്ക് മൂന്ന് വാതിലുകൾ ഉണ്ടെങ്കിലും പടിഞ്ഞാറ് ഭാഗത്ത് കാണുന്നതാണ് ഏറ്റവും ഗംഭീരം ആയിട്ടുള്ളത്. അക്കാലത്തെ പ്രശസ്ത കാലിഗ്രാഫി വിദഗ്ധനായിരുന്ന സയ്യെദ് കാസ്സിം  ഗുബാരിയാണ്   പ്രവേശന ദ്വാരത്തിനു മുകളിലുള്ള കാലിഗ്രാഫി എഴുത്തുകളും അലങ്കാരങ്ങളും നിർവഹിച്ചിരിക്കുന്നത്. നടുമുറ്റത്തിന് ചുറ്റും 26 തൂണുകളാൽ താങ്ങി നിർത്തപ്പെട്ട 30 ചെറിയ ഡോമുകൾ ഉണ്ട്. നമസ്കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്താനുള്ള വാട്ടർ ടാപ്പുകളും മറ്റും പുറമേയുള്ള മുറ്റത്താണ്.

ധാരാളം വലിയ മരങ്ങൾ നിറഞ്ഞ ഒരു പറമ്പാണ് പള്ളിക്ക് ചുറ്റും. അധികവും മേപ്പിൾ മരങ്ങളാണ്. ഒക്ടോബർ മാസത്തിലെ ആ  അവസാന  ദിവസം  മഞ്ഞയും ഓറഞ്ചും  ഇടകലർന്ന നിറത്തിലുള്ള ഇലകൾ പൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.

(തുടരും.. )

കവര്‍ ഡിസൈന്‍: വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like