പൂമുഖം LITERATUREലേഖനം ഉരുകുംകാലം

ഉരുകുംകാലം

വേനൽ കടുത്തതോടെ അക്ഷരാർഥത്തിൽ കേരളം വറചട്ടിയിലായതുപോലെയാണ്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ ചൂട് കൂടുക സാധാരണയാണെങ്കിലും ഇത്തവണ കാര്യങ്ങൾ കൈവിട്ടുപോയി. 40 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ താപനില സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെട്ടു. കേരളത്തിൽ ഈ വര്ഷം ഏപ്രിൽ മാസത്തിൽ 40 ഡിഗ്രി സെന്റിഗ്രേഡോ അതിനു മുകളിലോ താപനില രേഖപ്പെടുത്തിയ ദിവസങ്ങൾ 16 എണ്ണമായിരുന്നു; അതിൽ 15 ഉം പാലക്കാട് ജില്ലയിൽ ആയിരുന്നു . ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽ പോലും 14 ദിവസമാണ് സംസ്ഥാനത്ത് 40 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ ചൂടനുഭവപ്പെട്ടത്. 1989 ൽ8 ദിവസവും. 2023 ൽ മൂന്ന് ദിവസവും 40 ഡിഗ്രി ഭേദിച്ചു. 2021 ലും 2020 ലും താപനില 40 ഡിഗ്രി സെന്റിഗ്രേഡ് പരിധിവിട്ടുയർന്നില്ല. 2024 ഏപ്രിൽ 26,27,28,29 തിയ്യതികളിൽ പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ഉഷ്‌ണതരംഗസാഹചര്യമാണിത്. തൃശൂർ ജില്ലയിൽ 2024 ഏപ്രിൽ 29നാണ് ഉഷ്‌ണതരംഗസ്ഥിരീകരണമുണ്ടായത്. കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രസിദ്ധീകരിച്ച ഉഷ്‌ണതരംഗമാപ്പിൽ കേരളവും ആദ്യമായി ഇക്കുറി ഇടം കണ്ടെത്തി ! വയനാട്, ഇടുക്കി ജില്ലകളൊഴികെ മിക്കവാറും എല്ലാ ജില്ലകളിലും കാലാവസ്ഥാവകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി. താപനില പരിധിവിട്ട് ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. കൂടിയ ചൂടിനൊപ്പം, സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉയർന്ന ആർദ്രതയും ജനജീവിതത്തെ ദുസ്സഹമാക്കുന്നു. ഇക്കൊല്ലം സൂര്യാഘാതം മൂലമുള്ള മരണനിരക്കും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ മുഖ്യമന്തിയുടെ നേതൃത്വത്തിൽ ആലോചനായോഗം നടന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികൊടുത്തു. കടുത്ത വേനലിൽ ജനങ്ങൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെയും ഭരണ സംവിധാനങ്ങളിലൂടെയും ശ്രദ്ധയിൽപ്പെടുത്തി. ഈ വര്ഷം വേനൽമഴയിൽ ഇതുവരെ 47 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഒരു ജില്ലയിലും ശരാശരി പോലും വേനൽ മഴ കിട്ടിയിട്ടില്ല. മെയ് 8 നുശേഷം സംസ്ഥാനത്ത് പല ജില്ലകളിലും ലഭിച്ച വേനൽ മഴയിൽ തപനിലയിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും, മഴ നിലയ്ക്കുന്ന അവസ്ഥയിൽ അനുഭവപ്പെടുന്ന അന്തരീക്ഷതാപത്തിന്റെയും ഈർപ്പത്തിന്റെയും സംയുക്തഫലമായി അനുഭവപ്പെടുന്ന ‘പുഴുക്കം’ കൂടിയിട്ടുണ്ട് .

വിഷു കഴിഞ്ഞാൽ വേനലില്ലായെന്ന കാർഷിക പഴമൊഴിയും പതിരാവുകയാണ് കേരളത്തിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ട് വര്ഷങ്ങളായി. മൺസൂൺ മഴയിലെ കുറവ്, മഴയുടെ തുടക്കത്തിലും വിതരണക്രമത്തിലും ഉണ്ടാകുന്ന അനിശ്ചിതത്വങ്ങൾ, മഴപ്പെയ്ത്തിലെ ക്രമക്കേടുകൾ , താളഭംഗങ്ങൾ, മഴമേഘങ്ങളിൽ ഉണ്ടാകുന്ന പ്രകൃത മാറ്റങ്ങൾ, പ്രളയ ഭീഷണികൾ, കടുത്ത വരൾച്ചാവേളകൾ, വേനലിലെ കൊടുംചൂട്, അസ്വാഭാവികമായ കാലാവസ്ഥ പ്രതിഭാസങ്ങളുടെ നിരന്തര സാന്നിധ്യം, ശക്തിയേറിയ മിന്നലും ഇടിവെട്ടും, അറബിക്കടലിൽ ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റുകൾ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം.

“ദൈവത്തിന്റെ സ്വന്തം നാട്ടി”ൽ അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ലായിരുന്നു. എന്നാൽ, അതൊക്കെ തിരുത്തിയെഴുതേണ്ട അവസ്ഥയാണിപ്പോൾ കാലാവസ്ഥാപരമായി ആർദ്രോഷ്ണ മൺസൂൺ മേഖലയിൽ കിടക്കുന്ന കേരളവും കാലാവസ്ഥയിലെ പ്രകടമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു

എന്താണ് ഉഷ്‌ണതരംഗം? എങ്ങിനെയാണ് സ്ഥിരീകരിക്കുന്നത് ?

ഒരു സ്ഥലത്ത് അനുഭവപ്പെടാറുള്ള ശരാശരി താപനിലയിൽ നിന്നും ചുരുങ്ങിയത് നാലര (4.5ഡിഗ്രി സെൻ്റിഗ്രേഡ്) ഡിഗ്രി ചൂട് കൂടുകയും അതേ സ്ഥിതി രണ്ടോ അതിലധികം ദിവസമോ നിലനിൽക്കുകയും ചെയ്താൽ മാത്രമാണ് ആ സ്ഥലത്ത് ഉഷ്ണതരംഗം സ്ഥിരീകരിക്കുക. ഇപ്രകാശം അധികരിക്കുന്ന താപനില 4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി സെൻ്റീഗ്രേഡ് വരെയാണെങ്കിൽ അത് സാധാരണ ഉഷ്ണതരംഗവും, 6.5 ഡിഗ്രി സെൻ്റീ ഗ്രേഡോ അതിലധികമോ ആണെങ്കിൽ അത് കടുത്ത ഉഷ്ണതരംഗവും ആണ്. എന്നാൽ, ഉഷ്ണതരംഗ സ്ഥിരീകരണം എല്ലാ ഭൂവിഭാഗങ്ങളിലും ഒരുപോലെയല്ല. ഉദാഹരണമായി, ഇന്ത്യയിൽ തന്നെ സമതലപ്രദേശങ്ങളിൽ ഇപ്രകാരം അധികരിക്കുന്ന താപനില നാലര (4.5) ഡിഗ്രിയോ അതിലേറെയോ ആകുക മാത്രമല്ല, അധികരിച്ച് അനുഭവപ്പെടുന്ന താപനില 40 ഡിഗ്രി സെൻ്റീഗ്രേഡിന് മുകളിൽ ആയിരിക്കുകയും വേണം; ഈ അവസ്ഥ രണ്ടോ അതിലേറെയോ ദിവസം നിലനിൽക്കുകയും വേണം. ഈ സാഹചര്യത്തിലാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്.

തീരദേശമാണെങ്കിൽ, ഇതേ സാഹചര്യങ്ങൾ തന്നെ.എന്നാൽ ഒരു വ്യത്യാസം അനുഭവപ്പെടുന്ന താപനില ചുരുങ്ങിയത് 37.0 ഡിഗ്രി സെന്‍റിഗ്രേഡ് ആയിരിക്കണം എന്നേയുള്ളു. മലയോര മേഖലയാണെങ്കിൽ അനുഭവപ്പെടുന്ന അന്തരീക്ഷ താപം ചുരുങ്ങിയത് 30.0 ഡിഗ്രി സെൻ്റിഗ്രേഡ് ആകണം. ബാക്കി നിബന്ധനകളൊക്കെ ഒരുപോലെ തന്നെ. സാധാരണ അനുഭവപ്പെടുന്ന താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൻ്റിഗ്രേഡ് എങ്കിലും ഉയർന്ന താപനില അനുഭവപ്പെട്ടാൽ മാത്രമേ ഉഷ്ണതരംഗ സാഹചര്യമായി കണക്കാക്കുക പോലും ചെയ്യുകയുള്ളൂ; അതിൽ നിന്നും 0.1 ഡിഗ്രി സെന്‍റിഗ്രേഡ് കുറവാണെങ്കിൽ പോലും സാങ്കേതികാർത്ഥത്തിൽ അത് ഉഷ്ണതരംഗമായി കണക്കാക്കുകയില്ല. ഇനി, എല്ലാ നിബന്ധനകളുമടക്കം ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും നിലനിൽക്കുന്നപക്ഷം, രണ്ടാമത്തെ ദിവസമാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുക.

ചില സ്ഥലങ്ങളിലാകട്ടെ, ഉദാഹരണമായി രാജസ്ഥാൻ, ഒറീസ്സ , മധ്യപ്രദേശ്‌, മഹാരാഷ്ട്ര, സിന്ധുഗംഗാസമതലങ്ങൾ തുടങ്ങിയയിടങ്ങളിൽ, കടുത്ത വേനൽമാസങ്ങളിൽ പകൽസമയം ചൂട് 45 ഡിഗ്രിയോ അതിലേറെയോ ആയി ഉയരുകയും അതേ സ്ഥിതി ദിവസങ്ങളോളം തുടരുകയും ചെയ്യാറുണ്ട്. അത്തരം സ്ഥലങ്ങളിൽ പ്രത്യേകിച്ചൊരു ഉഷ്ണതരംഗപ്രഖ്യാപനത്തിൻ്റെ ആവശ്യമില്ല. ഉഷ്ണതരംഗാവസ്ഥ തന്നെയാണത്.

ചൂടിനുമുണ്ട് മഞ്ഞ, ഓറഞ്ച്, ചുവപ്പ് ജാഗ്രതകൾ

അന്തരീക്ഷതാപത്തിൽ വർധനാസാധ്യത പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ താപവർധനവ് കരുതിയിരിക്കണം എന്ന നിർദ്ദേശം നൽകുന്നതാണ് “മഞ്ഞ”മുന്നറിയിപ്പ്. മാത്രമല്ല, പ്രത്യേക ഇടങ്ങളിൽ ഉഷ്ണതരംഗ സമാനമായ ചൂട് അനുഭവപ്പെട്ടേക്കാം എന്നും ഈ അറിയിപ്പ് സൂചന നൽകുന്നു. ഇത്തരം മുന്നറിയിപ്പ് ഉള്ള ഇടങ്ങളിൽ പകൽ സമയത്ത് കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക അഥവാ പുറത്തിറങ്ങുന്ന അവസരങ്ങളിൽ കുടയോ, തൊപ്പിയോ നിർബന്ധമായും . ഉപയോഗിക്കുക, ചൂട് വളരെ കുറച്ച് മാത്രം ആഗിരണം ചെയ്യുന്ന ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക ധാരാളം വെള്ളം കൂടിക്കുക എന്നീ കാര്യങ്ങൾ പാലിക്കണം. സാധാരണ ആരോഗ്യസ്ഥിതിയുള്ളവർക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലെങ്കിലും പ്രായമേറിയവർ, കുഞ്ഞുങ്ങൾ, ‘ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

“ഓറഞ്ച്” ജാഗ്രതയാവുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി “ചൂടാ”വുന്നു. ഇത്തരം മുന്നറിയിപ്പ് നൽകുന്നയിടങ്ങളിൽ മിക്കവാറും ഉഷ്ണതരംഗത്തിന് സമാനമായ സ്ഥിതിഗതികൾ ആയിരിക്കും. ചിലപ്പോൾ രണ്ടോ അതിലധികമോ ദിവസം നീണ്ട്നിൽക്കുന്ന കഠിനമായ ഉഷ്‌ണതരംഗം ഉണ്ടാവാൻ സാധ്യതയുമുണ്ട്. അത്ര കടുത്തതല്ലെങ്കിൽ പോലും ഉഷ്ണതരംഗ സാഹചര്യങ്ങൾ ചിലപ്പോൾ കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുകയും ചെയ്തേക്കാം.

ശരീരത്തിൽ നിന്ന് ജലം നഷ്ടപ്പെടാൻ ഇടയാകുന്ന അവസ്ഥ ഉണ്ടാവാതെ നോക്കുകയെന്നത് പരമ പ്രധാനമാണ് – മാത്രമല്ല, ധാരാളം വെള്ളം കുടിക്കുകയും വേണം. ശരീരം വിയർത്ത് ലവണാംശങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കുവാൻ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞി വെള്ളം, ORS ലായനി എന്നിവ കുടിക്കേണ്ടതാണ്. ഇത്തരം മുന്നറിയിപ്പ് ഘട്ടങ്ങളിൽ, പുറം ജോലികളിൽ ഏർപ്പെടുന്നവരാണ് ഏറ്റവും ജാഗ്രത പുലർത്തേണ്ടത്.

അതികഠിനവും അസഹനീയവുമായ ചൂട് അനുഭവപ്പെടാനിടയുള്ള സാഹചര്യങ്ങളിലാണ് ചുവപ്പു ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ രണ്ടോ അതിലേറെയോ ദിവസങ്ങൾ നീണ്ടു നില്ക്കുന്ന പക്ഷം ആ സാഹചര്യത്തെ കടുത്ത ഉഷ്ണതരംഗമായി സ്ഥിരീകരിക്കാം. അത്യുഷ്ണം മൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകളും, ശരീരത്തിൽ നിന്നുള്ള ജലനഷ്ടവും ഇത്തരം സാഹചര്യങ്ങളിൽ വളരെ അധികരിക്കും. മാത്രമല്ല, ചുവപ്പ് ജാഗ്രതാഘട്ടങ്ങളിൽ സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്കുള്ള അധികസാധ്യതയും കരുതിയിരിക്കണം

ഉഷ്‌ണതരംഗങ്ങൾ ഉടലെടുക്കുവാൻ ഇടയാക്കുന്ന ചില കാരണങ്ങൾ

Ø അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ ചൂടേറിയതും വരണ്ടതുമായ വായുമേഖലയുടെ സാന്നിധ്യം

Ø ഇത്തരത്തിലുള്ള വായുപിണ്ഡത്തിന് അന്തരീക്ഷത്തിന്റെ താഴ്‌ ന്ന തലങ്ങളിലേക്ക് സുഗമമായ സഞ്ചാരത്തിന് അനുകൂലമായ സാഹചര്യങ്ങൾ

Ø പരമാവധി മേഘരഹിതമായ അന്തരീക്ഷം തുടങ്ങിയവ

ഉഷ്‌ണതരംഗങ്ങൾ മൂലമുള്ള അത്യാഹിത നിരക്ക് നിരീക്ഷിച്ചതിൽ നിന്ന്, പൊതുവെ എൽ നിനോ വർഷങ്ങളിലാണ് ഉഷ്‌ണതരംഗം മൂലമുള്ള അത്യാഹിത നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടിട്ടുള്ളത്. ജമ്മു-കശ്മീർ പോലെയുള്ള തണുപ്പേറിയ പ്രദേശങ്ങളിലും ഉഷ്‌ണതരംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്!. ശരാശരി രണ്ട് വർഷത്തിൽ മൂന്നെണ്ണമെന്ന കണക്കിൽ ഉഷ്‌ണതരംഗങ്ങൾ ജമ്മുകശ്മീർ പ്രദേശത്ത് ഉണ്ടാകുന്നു. എന്നാൽ, ഈ പ്രദേശങ്ങളിലെ ഉഷ്‌ണതരംഗങ്ങൾ മരണകാരണമാകുന്നില്ല; കാരണം, മരണഹേതുവാകുന്ന അളവിൽ അന്തരീക്ഷതാപനില വർധിക്കുന്നില്ല എന്നതുതന്നെ .

ഉഷ്‌ണതരംഗം സാധാരണ ഗതിയിൽ 5 മുതൽ 6 ദിവസം വരെ നീണ്ട് നിൽക്കാറുണ്ട്. എന്നാൽ, ചില അവസരങ്ങളിൽ 15 ദിവസം വരെ നീളാം. കടുത്ത ഉഷ്‌ണതരംഗങ്ങൾ നാലോ അഞ്ചോ ദിവസത്തിലേറെ നീണ്ട് നിൽക്കാറില്ല. ഇന്ത്യയിൽ ഉഷ്‌ണതരംഗബാധിതമാകുന്ന പ്രദേശങ്ങളുടെ ആകെ വിസ്തീർണ്ണം ചില വർഷങ്ങളിൽ 8 ലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ എത്താറുണ്ട്.

വരാനിരിക്കുന്നത് വെന്തുരുകും കാലം

അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് 21 -ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകത്ത് നടമാടുന്നത്. 2003 ലും2022 ലും ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ, യൂറോപ്പിൽ വ്യാപകമായി അനുഭവപ്പെട്ട ഉഷ്‌ണതരംഗത്തിൽ നിന്ന് ആരംഭിച്ച് 2015 ,2016 ,2022,2024 ൽ ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കൊടുംചൂട് വരെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. 2017 ൽ വേനൽക്കാലത്ത് യൂറോപ്പിൽ അത്യുഷ്‌ണം നടമാടിയിരുന്നു. മാനുഷികപ്രേരിത കാരണങ്ങളാലുള്ള താപനമാണ് ഇത്തരം കടുത്ത ചൂടുള്ള സാഹചര്യങ്ങളുണ്ടാകുന്നതിന് കാരണമാകുന്നതെന്നാണ് ഈ വിഷയത്തിൽ നടന്ന പഠനങ്ങളുടെ പക്ഷം. കാലാവസ്ഥയിൽ ഇനിയും ചൂടേറുന്ന പക്ഷം അത്യുഷ്ണവേളകളുടെ ആവൃത്തി, വ്യാപ്‌തി, കാലദൈർഘ്യം എന്നിവയും വർധിക്കും. ലോകത്തിന്റെ മിക്കഭാഗങ്ങളിലും ഏറിവരുന്ന അന്തരീക്ഷതാപം അത്യുഷ്ണം അനുഭവപ്പെടുന്ന അവസ്ഥയിൽ ചെന്നെത്തിനിൽക്കാറുണ്ട്.

മനുഷ്യർ അടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യാവസ്ഥയിൽ അന്തരീക്ഷ താപത്തോടൊപ്പം അന്തരീക്ഷ ആർദ്രതയ്ക്കും (ആപേക്ഷിക ആർദ്രത)വലിയ സ്വാധീനമുണ്ട്. അന്തരീക്ഷത്തിൽ താഴ്ന്ന ആർദ്രതാമാനമുള്ള അവസ്ഥയിൽ, അത്യുഷ്‌ണ വേളകളിൽ ശരീരത്തിൽ ചൂട് അനുഭവപ്പെടുമ്പോൾ ശരീരം വിയർക്കുകയും , വിയർപ്പ് ബാഷ്‌പീകരിക്കപ്പെട്ട് ശരീരം തണുക്കുകയും ചെയ്യുന്നു. ശരീരത്തിലെ അധിക താപം ബാഷ്പീകരണത്തിന് ഉപയുക്തമാക്കുന്നതുകൊണ്ടാണ് ശരീരതാപം കുറയുന്നത്. എന്നാൽ, ഈർപ്പസമ്പന്നമായ അവസ്ഥയിൽ ബാഷ്പീകരണം വഴി കൂടുതൽ ഈർപ്പത്തെ ഉൾക്കൊള്ളുവാൻ അന്തരീക്ഷം വൈമുഖ്യം കാണിക്കുന്നു. അതിനാൽ, ഇത്തരം അവസ്ഥയിൽ വിയർപ്പിന്റെ ബാഷ്പീകരണം വഴി അധികതാപം പുറംതള്ളി ശരീരം തണുക്കുന്ന പ്രക്രിയ ഫലപ്രദമായി നടക്കുകയില്ല. തൽഫലമായി ശരീരത്തിൽ നിന്നും താപം വിമോചിതമാവാതെ പിടിച്ചുവക്കപ്പെടുന്നു. ശരീരത്തിൽനിന്നും അധികതാപം വിയർപ്പുവഴി പുറത്തുപോകാത്ത ഈ സാഹചര്യം കടുത്ത ചൂടുകൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കുന്നു.

താരതമ്യേന കുറഞ്ഞ ഈർപ്പാംശമുള്ള അന്തരീക്ഷത്തിൽ പോലും ഉഷ്‌ണതരംഗങ്ങൾ അനുഭവപ്പെട്ടാൽ അത് മാരകമായി തീരാറുണ്ട്. ഈർപ്പാംശം നിറഞ്ഞതും ചൂടേറിയതുമായ അന്തരീക്ഷത്തിൽ കായികാധ്വാനം നടത്തുന്നത് ഒട്ടു സുരക്ഷിതമല്ല. അത്യുഷ്ണമില്ലെങ്കിൽപോലും താരതമ്യേന ചൂടേറിയ സാഹചര്യങ്ങളിൽ കൂടുതൽ സമയവും തുറന്നപ്രദേശങ്ങളിൽ ചെലവഴിക്കപ്പെടേണ്ടിവരുന്ന ആളുകളിൽ ഉയർന്ന ചൂടുമൂലമുള്ള അനാരോഗ്യവും മരണനിരക്കും വർധിതതോതിൽ കാണപ്പെടുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഇന്ത്യയിലെ ജനസാന്ദ്രതയിൽ വൻവർധന തന്നെ പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിൽ അത്യുഷ്ണത്തെ നേരിടേണ്ടി വരുന്ന ജനങ്ങളുടെ എണ്ണവും സ്വാഭാവികമായും വർധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈർപ്പാധിക്യമുള്ള അത്യുഷ്‌ണ സാഹചര്യങ്ങളെയാവും നേരിടേണ്ടി വരിക. ഇതിനുപുറമെ, നഗരവൽകരണം വർധിക്കുന്നത് മൂലം നഗരവാസികളാകുന്നവരുടെ എണ്ണവും അനുബന്ധമായി കൂടും. നഗരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന “ഉഷ്‌ണതുരുത്ത് പ്രഭാവം(Urban Heat Island Effect)” മൂലം, സമീപസ്ഥങ്ങളായ ഗ്രാമപ്രദേശത്തെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ താപനില ഏതാനും ഡിഗ്രി സെന്റിഗ്രേഡ് കൂടുതൽ ആയിരിക്കും. നഗരവാസികൾ തന്മൂലമുള്ള അസൗകര്യങ്ങളെകൂടി അനുഭവിക്കാനിടയാകുന്നു. അന്തരീക്ഷ ഈർപ്പത്തെ മാറ്റിനിർത്തിയാൽത്തന്നെ, വരും ദശകങ്ങളിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും പ്രകടവും പ്രത്യക്ഷവുമായ പരിണത ഫലം അത്യുഷ്ണം തന്നെയായിരിക്കും. മനുഷ്യരുടെ ആരോഗ്യത്തിന് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നെന്നനിലയിൽ അത്യുഷ്ണം മൂലമുള്ള അസ്വസ്ഥതകളിലാണ് പുതിയ ഗവേഷണങ്ങൾ ശ്രദ്ധയൂന്നിയിരിക്കുന്നത്. നിലവിൽ തന്നെ അത്യുഷ്ണം അനുഭവപ്പെടുന്ന ഉഷ്‌ണമേഖലാപ്രദേശങ്ങളിലും മധ്യഅക്ഷാംശമേഖലകളിലും അത്യുഷ്‌ണസാഹചര്യങ്ങൾ ഭാവിയിൽ വർധിക്കാനാണ് സാധ്യത. അത്യുഷ്ണത്തോടൊപ്പം ഈർപ്പാധിക്യവും ചേർന്ന് സൃഷ്ടിക്കുന്ന “പുഴുക്കം” മധ്യപൂർവദേശങ്ങളിലും, ഇന്ത്യയിലും ഈ നൂറ്റാണ്ടിൽ തന്നെ വ്യാപകമായി അനുഭവപ്പെടും. ഉയർന്ന ചൂടിനോടൊപ്പം ഈർപ്പസാന്നിധ്യവും കൂടി ചേരുമ്പോൾ അന്തരീക്ഷ ആർദ്രത അപായകരമായ നിലയിലേക്ക് ഉയരുന്നു. ചൂട് അത്ര ഉയർന്നതല്ലെങ്കിൽ പോലും, അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പമാനമുള്ള അവസ്ഥയാണെങ്കിൽ അനുഭവപ്പെടുന്ന താപപ്രഭവത്തിന് തീക്ഷ്ണതയേറും.

മാനുഷികാരോഗ്യത്തെയും ബാധിക്കും

ഉയർന്ന അന്തരീക്ഷതാപനിലയും അന്തരീക്ഷമലിനീകരണവും ചേർന്ന് വായുവിൻ്റെ ഗുണനിലവാരം വഷളാകുന്നു. ഇത് ആസ്മ (Asthma) പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനും മറ്റ് ശ്വാസകോശ, ഹൃദയസംബന്ധമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്നു. ചൂട് കൂടുമ്പോൾ ഉപരിതല ഓസോൺ (ground level ozone) വലിച്ചെടുക്കാനുള്ള ചെടികളുടെ ശേഷി കുറയുന്നു . തൻമൂലം അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ ഓസോണിന്റെ അളവ് കൂടി വരുകയും മനുഷ്യർക്ക് ശ്വാസകോശരോഗങ്ങൾ അധികരിക്കുന്നതിന് കാരണമാകുകയും ചെയ്യും .

ശരീരത്തിൽ നിന്നുള്ള ജലാംശം മൂത്രം വഴിയും വിയർപ്പായും നഷ്ടപ്പെട്ടുപോകുന്ന അവസരങ്ങളിൽ കൂടുതൽ വെള്ളം കുടിച്ചു ശരീരത്തിലെ ജലാംശം നില നിർത്തിയില്ലെങ്കിൽ ശരീരത്തിലെ രക്തം കൂടുതൽ കട്ടിയുള്ളതായി തീരുന്നതിന് കാരണമാകാം. അത് രക്തം കട്ട പിടിയ്ക്കുന്ന സാഹചര്യത്തിലേക്ക് നയിക്കാം. ഹൃദയസ്തംഭനം പോലുള്ള അവസ്ഥയിലേയ്ക്കും ഇത്തരം അവസ്ഥ വിശേഷങ്ങൾ കാരണമാകാം. കഠിനമായ നിർജ്ജലീകരണാവസ്ഥയിൽ ജലാംശം നഷ്ടപ്പെടാതിരിക്കുവാൻ ശരീരം ശ്രമിക്കുന്നു, ഇതുമൂലം വിയർപ്പ് കുറയുന്നു. സാധാരണ ശരീര താപനില ഏകദേശം 37 ഡിഗ്രി സെൽഷ്യസാണ്, എന്നാൽ വിയർപ്പ് ഇല്ലാതാകുകയോ, ശരീരത്തിലെ സ്വതഃസിദ്ധ ശീതീകരണ പ്രക്രിയ പരാജയപ്പെടും വിധം ചൂടും ഈർപ്പവും സമന്വയിക്കുകയോ ചെയ്താൽ ശരീര താപനില ഉയരാൻ തുടങ്ങും. ഏകദേശം 42 ഡിഗ്രി സെൽഷ്യസിനു മുകളിൽ, ശരീരത്തിലെ മാംസ്യം അഥവാ പ്രോട്ടീനുകളുടെ ഘടന ഭംഗത്തിന് വിധേയമാക്കാൻ തുടങ്ങുന്നു (denaturation ) ഇത് അവയവങ്ങളുടെ പ്രവർത്തന വൈകല്യത്തിന് കാരണമാകുന്നു. വിയർപ്പ് പുറത്തുവരാൻ കഴിയാതെ വരുമ്പോൾ, അത് ചർമ്മത്തിന് കീഴിൽ അടിഞ്ഞുകൂടുന്നു, ഇത് ചുണങ്ങുകൾക്കും, മറ്റ് ഫംഗൽ ബാധക്കും, ചൊറിച്ചിലിനും കാരണമാകാം.

ചൂടേറുന്നതിന് ചില കാരണങ്ങൾ

ചൂട് കൂടുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ആകാശം തെളിഞ്ഞുനിൽക്കുമ്പോൾ സൂര്യനിൽ നിന്നും വരുന്ന തരംഗദൈർഘ്യം കുറഞ്ഞ താപവികിരണങ്ങൾ (Powerful Shortwave radiations) മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഭൂമിയിൽ കൂടുതൽ അളവിൽ എത്തിച്ചേരുന്നു. ഭൂതലം ഇവയെ ആഗിരണം ചെയ്യുകയും, ഭൗമോപരിതലത്തിനോടടുത്തുകിടക്കുന്ന സ്പർശന താപമായി (Sensible Heat Flux) വായുവിലേക്ക് (Layer touching the surface of earth) പകർന്ന് കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് , പർവ്വതങ്ങളാൽ ആവൃതമായ വായു മണ്ഡലങ്ങൾ (Locked air inside a land cavity) ഉള്ള പാലക്കാട്, ആര്യങ്കാവ്ചുരം മേഖലകൾ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കൂടുതൽ ചൂട് പിടിക്കുന്നത്. ഈ അധികചൂട് വീശി അടിക്കുന്ന കിഴക്കൻ കാറ്റുകൾ വഴി ഈ അധിക താപം പാലക്കാട് ,കൊട്ടാരക്കര, പുനലൂർ ഭാഗത്തേക്ക് എത്തിച്ചേരുന്നു. ഇക്കാരണത്താലാണ് അവിടങ്ങളിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു ചൂട് കൂടുന്നത്. കേരളത്തിന് ചുറ്റുമുള്ള ബംഗാൾ ഉൾക്കടലും അറബിക്കടലും നല്ല രീതിയിൽ ചൂട് പിടിച്ചാണ് കിടക്കുന്നത്. അവിടെ നിന്നും വീശുന്ന കാറ്റുകൾ കൊണ്ട് വരുന്ന താപവും കേരളത്തിന്റെ അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കുന്നുണ്ട് .

സ്വയം കൃതാനർത്ഥം

കേരളത്തിന്റെ ഭൂപ്രകൃതിയിലും, ഭൂവിനിയോഗക്രമത്തിലും സംഭവിച്ച പരിഷ്‌ക്കാരങ്ങൾ പ്രാദേശിക കാലാവസ്ഥയിലും പ്രതിഫലിക്കുന്നു. തീരപ്രദേശങ്ങളിലും ഹൈറേഞ്ച് മേഖലകളിലും അന്തരീക്ഷതാപനില ഗണ്യമായ തോതിൽ കൂടിയിട്ടുണ്ട്.

പുറമെ, നെൽവയലുകളടക്കമുള്ള തണ്ണീർത്തടങ്ങളുടെ ശോഷണവും താപനില ഉയരുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മഴക്കാലത്ത് അധികജലം പിടിച്ചുവക്കുന്ന ഈ തണ്ണീർത്തടങ്ങൾ വേനലിൽ ജലസ്രോതസ്സുകളായി വർത്തിക്കുന്നു. ഈ സംവിധാനമാണ് സംസ്ഥാനത്തിന്റെ ഭൂതലതാപനില പരിധിവിട്ടുയരാതെ നിയന്ത്രിച്ചു നിർത്തിയിരുന്നത്. ഭൂവിനിയോഗക്രമത്തിലുണ്ടായ മാറ്റം മൂലം, തണ്ണീർ

തടങ്ങൾ വ്യാപകമായി നികത്തി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റിമറിച്ചു. വൻതോതിലുള്ള നഗരവൽകരണവും, അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും അന്തരീക്ഷതാപനില വലിയതോതിൽ വർധിക്കുന്നതിന് കാരണമാകുന്നു.

അന്തരീക്ഷത്തിന് ചൂടേറ്റുന്ന ഹരിതഗൃഹവാതകങ്ങളുടെ വൻതോതിലുള്ള പുറന്തള്ളലാണ് നിലവിലെ താപനപ്രവണതക്കും അനുബന്ധപ്രതിഭാസങ്ങൾക്കും മൂലകാരണം. അതിനാൽ, ഏത് വിധേനയും ഹരിതഗൃഹവാതക ഉൽസർജനം പരമാവധി നിയന്ത്രിക്കുകയെന്നതാണ് താപനാധിക്യത്തിനുള്ള ഏക പരിഹാരം. ഇപ്പോൾ ഉൽസർജനം പൂർണ്ണമായി നിർത്തിവച്ചാൽപോലും ഏതാനും ദശകങ്ങളോളം അന്തരീക്ഷതാപനം തുടർന്നു കൊണ്ടേയിരിക്കുവാൻ വേണ്ടത്ര ഹരിതഗൃഹ വാതകങ്ങൾ ഇതിനകം അന്തരീക്ഷത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഭാവിയിൽ ഭൂമിയിലെ മിക്കയിടങ്ങളിലും അസഹനീയമായ താപനില അനുഭവപ്പെടാനുള്ള സാഹചര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കയാണ്. ഉഷ്ണതരംഗങ്ങളാൽ മാത്രമല്ല കൊടുംചുഴലികൾ, അതിതീവ്രമഴകൾ, മരുസമാനഭൂപ്രദേശങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്ന ആ കാലഘട്ടം അത്ര വിദൂരമല്ല. ഇന്ത്യയിൽ തന്നെ നിലവിലെ സാഹചര്യത്തിൽ ആകെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനത്തോളം വരുന്ന ജനവിഭാഗങ്ങൾ കൊടുംചൂട്, ഉയർന്ന ആർദ്രത എന്നിവയുടെ സംയുക്തപ്രഭാവം സൃഷ്ടിക്കുന്ന കടുത്ത സാഹചര്യങ്ങൾക്ക് വിധേയരാണ്. താപനവർദ്ധനവ് ഈ നിലയിൽ തുടർന്നാൽ 2100 -ാമാണ്ടോടെ ഈ സ്ഥിതിവിശേഷത്തിനടിപ്പെടുന്നവർ 70 ശതമാനത്തോളമായി ഉയരും. ആഗോള താപനത്തിന് തടയിടുവാനുള്ള ഒരേയൊരു പോംവഴി ഹരിതഗുഹവാതക ഉൽസർജന ലഘൂകരണം മാത്രമാണ്. ഇക്കാര്യത്തിൽ ദീക്ഷിക്കുന്ന ” നീ ആദ്യം, ഞാൻ പിന്നെ ” എന്ന മനോഭാവം ആണ് ആദ്യം മാറ്റി വക്കേണ്ടത്. 2015 ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഇപ്പോഴും തീരുമാനങ്ങൾ മാത്രമായി നിലകൊള്ളുകയാണ്. ഉൽസർജനതോത് സമയബന്ധിതമായി കുറക്കുവാൻ വികസിതരാഷ്ട്രങ്ങളോടൊപ്പം തന്നെ ഓരോ വ്യക്തികളും പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. ഇപ്പോൾതന്നെ ഏറെവൈകി ; ഇനിയും ഇക്കാര്യത്തിൽ അലംഭാവം തുടരുന്നപക്ഷം പൊരിയുന്നമണലും തിളക്കുന്ന കടലുകളുമുള്ള ഒരു ഭൂമി യാഥാർത്ഥ്യമാകും.


കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like