ആഭിചാരത്തിൻ കളത്തിൽ കരിമ്പുക
യേറ്റിപ്പുകഞ്ഞു കർപ്പൂരം
ആസുരമേതോ ജപത്തിൽ വിറ കൊണ്ടു
രാവിൻ നിഗൂഢ സങ്കേതം
മന്ത്രക്കളത്തിൻ നടുക്കായിരിപ്പു-
ണ്ടനങ്ങാതിരുതലമൂരി
മണ്ണു മണക്കും കറുത്തോരുടലിനെ
ചൂഴുന്നു പ്രാണന്റെ ഭീതി
വെട്ടമെത്താത്തൊരിരുണ്ട മാളത്തിന്റെ
ഗന്ധം പരതി പരതി ,
കുത്തിത്തറയ്ക്കും വെളിച്ചത്തിൽ നൊന്തുനൊ-
ന്താകെ ചുരുണ്ട കുരുടി
മാട്ടും നിഴൽക്കുത്തുമായ് ശത്രു സംഹാര
പൂജ കൈക്കൊള്ളുന്നു രാത്രി..
അജ്ഞാതമേതോ നിധി തൻ ദുരൂഹമാം
വാതിൽ തിരക്കുന്നു ധാത്രി..
ആർപ്പുവിളികൾ, ജപങ്ങൾ വെളിപാടു
കൊള്ളുന്ന ദുർദേവവൃന്ദം..
അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ഹോമത്തി
നൂർജ്ജം പകരുമഥർവ്വം!
പൊങ്ങും ദുരയുടെ തീയിലിരുതല
പൊള്ളിപ്പിടഞ്ഞു കുതറി
മന്ദം മൃതിയെപ്പുണരുന്ന ജീവന്റെ
സ്പന്ദം നിലയ്പ്പതും നോക്കി
ഇഷ്ടവരത്തിനായ് രക്തദാഹം പൂണ്ടൊ-
രന്ധവിശ്വാസക്കളത്തിൽ
കണ്ണു കലങ്ങി വിമൂകനായി തല
കുമ്പിട്ടിരിക്കയോ ദൈവം?
(*ഇരുതലമൂരി – തലയും വാലും തിരിച്ചറിയാനാകാത്ത വിഷമില്ലാത്ത പാമ്പ്. മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനാൽ കോടികൾ വിലമതിക്കുന്നു.)
കവർ : ജ്യോതിസ് പരവൂർ