ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.
ആളുണ്ടായിരുന്നു,
ഇപ്പോഴില്ല.
ഒച്ചയനക്കമുണ്ടായിരുന്നു,
ഇപ്പോഴില്ല.
അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,
ഇപ്പോഴില്ല.
പടിവാതില്‍ തുറന്നിട്ടിരുന്നു,
ഇപ്പോഴില്ല.
പാചകം ചെയ്യുമൊച്ചയും
മണവുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
ചിരിയും കരച്ചിലുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
എന്നാലിപ്പോഴുണ്ട്,
കരിയിലകള്‍ നിറഞ്ഞ മുറ്റം
നനവില്ലാതെ വാടിപ്പോയ ചെടികള്‍
പൊടി നിറഞ്ഞ ഉമ്മറം
മാറാല കെട്ടിയ വാതിലുകള്‍
ഓര്‍മ്മയറ്റതായി
എന്നെങ്കിലുമാരെങ്കിലും
തിരിച്ചെത്തുമെന്നു പോലുമറിയാതെ
ഏതോ കാല ഓര്‍മ്മകളിലാണ്ട്
പൂട്ടിയിട്ട വീടുകള്‍ പോലെ
ചിലര്‍
കവർ : ജ്യോതിസ് പരവൂർ
Comments