പൂമുഖം LITERATUREകവിത കാണാതാകുന്ന കഥാപാത്രങ്ങൾ

കാണാതാകുന്ന കഥാപാത്രങ്ങൾ

കഥയിൽ ചോദ്യങ്ങൾ പാടില്ലെന്ന്
ആമുഖമായിത്തന്നെ
പറയുന്നുണ്ട്

ഒഴുക്കിനെതിരെ
ചെറുത്തുനില്പുയർത്തിയ
ഒറ്റയാൾ കഥാപാത്രങ്ങൾ
തുടർക്കഥകളിലേക്ക്
ജയിച്ചുകയറാനാവാതെ,
വഴികളിൽ വീണടിഞ്ഞത് –
‘സാരോപദേശം!’

പാത്രധർമമൊഴിഞ്ഞ്
ഒച്ചവച്ചുകൊണ്ടിരുന്നവരെ
കഥയൊഴുക്കിനെ
അലോസരപ്പെടുത്താതെ
എത്രവേഗമാണ്
ഇല്ലാതാക്കിയത് !

അപ്രതീക്ഷിതവും
നിർമിതവുമായ ഏറ്റുമുട്ടലുകളിൽ
ചോദ്യങ്ങൾക്കുമേൽ
വെടിയൊച്ചകൾ മാത്രം

കഥയെഴുത്തിന്റെ നിഗൂഢമായ
രഹസ്യ അറകളിൽ
വിചാരണകളില്ലാതെ
ചൂണ്ടുവിരലുകൾ ഛേദിക്കപ്പെട്ടുകൊണ്ടിരുന്നു

രാജ്യതന്ത്രത്തിന്റെ
കോരിത്തരിപ്പിക്കുന്ന താളുകളിൽ
വെളിച്ചമെത്താത്ത ഇരുമ്പഴികളൊരുങ്ങിയപ്പോൾ,
എതിർവാക്കോതിയവർ
ഓരോരുത്തരായി കഥാവശേഷരായി-
‘അടയാളങ്ങളേതുമില്ലാതെ!’

എഴുത്തധികാരത്തിന്റെ
പാദത്തിലമർന്നു മാപ്പിരന്നവർ,
പുതിയകഥകളിൽ
നാട്ടുമുഖ്യരും മന്ത്രിമാരുമായി.

പൊളിപറച്ചിലിന്റെ
തനിയാവർത്തനങ്ങളിൽ
തിരക്കഥകൾ ഇരമ്പിയാർത്തുകൊണ്ടിരുന്നു.

പരിശീലന മികവാർന്ന
പുതിയ കഥാപാത്രങ്ങൾ
അതിവേഗം വളർന്ന്
പാഠപുസ്തകങ്ങളിൽ
സകുടുംബം സചിത്രസാന്നിധ്യമായി –
‘ഐതിഹ്യമഹാത്മ്യങ്ങളുടെ
നടനചാതുരിയോടെ!’

‘കഥയ്ക്കുള്ളിലെ
കഥ’പറയാത്ത കഥകൾ,
പിന്നിലേക്കതിവേഗം കുതിച്ചപ്പോൾ
വരികൾക്കിടയിൽനിന്ന്
‘വഴിതെറ്റാത്ത’ കുട്ടികൾ
സംശയം ചോദിച്ചുകൊണ്ടേയിരുന്നു –
‘കാണാതായ കഥാപാത്രങ്ങളെപ്പോലെ..!’

Comments
Print Friendly, PDF & Email

You may also like