ഓക്കാനിപ്പിക്കുന്ന ഗന്ധം
പടർത്തിക്കൊണ്ടൊരു കുതിപ്പ്
അവനെക്കടന്ന് തെക്കോട്ട്
പാഞ്ഞുപോയി.
ആ കുഞ്ഞുസ്റ്റേഷനിൽ
സ്റ്റോപ്പുണ്ടാവില്ലായിരിക്കണം
അതിന്..
കാത്തിരുന്ന്, മടുപ്പിന് വേരു
പടർന്നപ്പോൾ,
പകൽത്തിരക്കിനിടയിൽ
ഓടുന്ന അവളെ,
പകുത്തെടുത്തവൻ
തന്നിലേക്ക് കുടഞ്ഞിട്ടു..
“എന്നതാ കുര്യാ?”…
” ഇന്ന് തിരികെ പോവാണ്. ലീവ്
തീർ……”
“യാത്രിയോം കൃപയാ ധ്യാൻ ദേ,
കോയിമ്പത്തൂർ സെ മംഗളൂരു
തക് ജാനേ വാലി ഗാഡി നമ്പർ
ഛെ ഛെ ശൂന്യ ശൂന്യ…..”
അവളിലേക്ക്
ക്ഷണിക്കാതെ കയറി വന്നൊരു
ട്രെയിൻ, കോച്ച് പൊസിഷൻ
കണക്കാക്കി പതിയെ നിന്നു..
ഒരു റെയിൽവെ സ്റ്റേഷൻ
അതിനെ പൊതിയുന്നത്
കണ്ടവൾക്ക് കോരിത്തരിച്ചു..
ആരാെക്കെയോ,
ധൃതിപ്പെട്ടിറങ്ങി പുറത്തേക്കുള്ള
വഴിയേ നടന്നു തുടങ്ങി..
അത്രനേരം അവളെ
പൊതിഞ്ഞുനിന്ന, ചുവന്ന
ദാവണി ചുറ്റിയ പൂക്കണ്ണുകളുള്ള
പെൺകുട്ടി,
അർദ്ധനഗ്നമായൊരു
സ്വപ്നത്തിൽ,
ട്രോളിയുമുന്തി സ്ലീപ്പർ
കോച്ചിലേക്ക് കയറിപ്പോയി..
സ്റ്റേഷൻ മാസ്റ്റർ പച്ചക്കൊടി
വീശി..
നേരിയ മഴ പാറി വീണു…
ചെരിഞ്ഞ് നീണ്ട പോക്കു
വെയിൽ മഴപ്പാറ്റലേറ്റ് പിന്നെയും
തുടുത്തു…
പതിയെ നീങ്ങിത്തുടങ്ങിയ,
തീവണ്ടിപ്പഴുതിൽ നിന്ന, നരച്ച
കുപ്പായക്കാരനൊരാൾ ആ
സ്വപ്നത്തിലേക്ക് പതിയെ
ഒഴുകിയിറങ്ങി..
അവന്റെ മുഖവും
കവിഞ്ഞൊഴുകിപ്പരക്കുന്ന
പുഴയോളം നീൾമിഴികളിൽ
അസ്തമയ സൂര്യന്റെ ചുവന്ന
തിരകളിളകി..
വരച്ചു മുട്ടിച്ച ഗ്രാഫിൽ അവന്റെ
നിശ്ചലതയെ
അടയാളപ്പെടുത്തി, എപ്പഴോ
അവൾ തിരിഞ്ഞു നോക്കി..
ട്രെയിനിനോടൊപ്പം ഏതോ
ടണലിലേക്ക് ഊളിയിട്ടൊരു
നിശബ്ദതയിലേക്ക്,
മഴയുടെ ഒരുപാടടരുകൾ
കൊഴിഞ്ഞു
വീഴുന്നുണ്ടായിരുന്നു…
കവർ : വിത്സൺ ശാരദാ ആനന്ദ്