പൂമുഖം LITERATUREകവിത മോണിംഗ് വാക്

വൃത്താകൃതിയിലുള്ള
ഉദ്യാനത്തിന്റെ
അരികു ചേർന്നു നടക്കുമ്പോൾ
നമ്മളെന്നും
കണ്ടുമുട്ടാറുണ്ട്
ഭ്രമണപഥത്തിലെ
ഗ്രഹങ്ങളെ പോലെ.

പച്ചപ്പ്‌ കോതിയൊതുക്കുന്ന
യന്ത്രത്തിന്റെ
മുരൾച്ചയിലേക്ക്
നമ്മൾ
പകച്ചു നോക്കാറുണ്ട്
വള്ളിപ്പടർപ്പിലെ
കിളികളെ പോലെ.

അന്യോന്യമറിയാത്തവർ
ഒരേവഴിയിൽ
പലതരം
വേഗതയിൽ
ഒഴുകി നീങ്ങാറുണ്ട്
കാറ്റിൽ മാത്രം അനങ്ങുന്ന
പുഴ പോലെ.

ശീർഷാസനക്കാരന്റെ
ചെവിയിൽ മൂളുന്ന വണ്ടും
ധ്യാനിക്കുന്നവനോട്
സങ്കടം പറയുന്ന പൂച്ചയും
ഇളം വെയിലിൽ
വിയർക്കാറുണ്ട്
പൂന്തോട്ടത്തിന്റെ
കാവൽക്കാരെപ്പോലെ.

പൂച്ചയും കിളികളും പൂമരങ്ങളും
എവിടെയെങ്കിലും
പിന്നെയും കണ്ടുമുട്ടുന്നു
പ്രഭാത സവാരിയിൽക്കണ്ട
മനുഷ്യർ മാത്രം
സ്വയം ഭ്രമണത്തിലേക്ക്‌
വഴി മാറുന്നുണ്ട്, അന്യരെപ്പോലെ.

Comments
Print Friendly, PDF & Email

You may also like