പൂമുഖം LITERATUREകഥ ഇപ്പെണ്ണുങ്ങളെന്തിനാണ് മാറ് മറയ്ക്കുന്നത് ?

ഇപ്പെണ്ണുങ്ങളെന്തിനാണ് മാറ് മറയ്ക്കുന്നത് ?

ൃത്യമായി ഓര്‍ക്കുന്നില്ല, ഏതാണ്ട് 11-ാം വയസ്സില്‍ ലീലട്ടീച്ചറിന്‍റെ സാമൂഹ്യപാഠം ക്ലാസില്‍ ചാന്നാര്‍ കലാപം പഠിക്കുമ്പൊഴാണ് ഈ ചോദ്യം ഞാന്‍ ആദ്യമായി ചോദിച്ചിട്ടുണ്ടാവുക. രജനി, സുമിത്ര, ഷൈനി അന്ന് ക്ലാസില്‍ മുലവളര്‍ന്നിരുന്ന മൂന്ന് പെണ്ണുങ്ങള്‍ അവരായിരുന്നു. അവരുടെ അട്ടഹാസമായിത്തീര്‍ന്ന പൊട്ടിച്ചിരിയില്‍ എന്‍റെ ചോദ്യം മുങ്ങിപ്പോയി.

മാറിനെക്കുറിച്ചുളള പഴക്കം ചെന്ന ഓര്‍മ്മകളിലെല്ലാം ഇത്തരം നേരംകെട്ട അട്ടഹാസങ്ങള്‍ എന്നെ പിന്തുടര്‍ന്നു. എന്‍റെ ക്രമം തെറ്റിയ ഓര്‍മ്മകളില്‍ മാറ് നിവര്‍ത്തിയ ആണുങ്ങള്‍ ആണത്തത്തിന്‍റെ അടയാളമായിരുന്നു. പണ്ടൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാതിരാക്ലാസ് കഴിഞ്ഞ് വീട്ടില്‍ കൊണ്ടുവിട്ടിരുന്ന മുതിര്‍ന്ന ചേട്ടന്‍മാര്‍ മാറ് നിവര്‍ത്തിയാണ് നടന്നിരുന്നത്. ഞങ്ങള്‍ വടക്കെ മലബാറുകാര്‍ പരസ്പര സഹകരണത്തിന്‍റെ സാമൂഹ്യപാഠങ്ങള്‍ കുട്ടിക്കാലം മുതലേ ശീലിച്ചവരായിരുന്നു. എടോടി ലക്ഷ്മി, കുന്നുമ്മല്‍ ശാന്ത, ഞങ്ങളുടെ പെണ്ണുങ്ങളും പരസ്പര സഹകരണത്തിന്‍റെ സാമൂഹ്യമാതൃകകളെന്ന് പേര്‍ വിളിക്കപ്പെട്ടു. നമുക്ക് പിന്നെയും ആണുങ്ങളിലേക്ക് തന്നെ വരാം. പട്ടാളത്തില്‍ ചേരാന്‍ പോയ സദാശിവേട്ടന്‍ അച്ഛന്‍ തുണി അളക്കുന്ന ടേപ്പ്കൊണ്ട് നെഞ്ചളന്ന് പേപ്പറിലെഴുതുന്നത് അമ്മിണിയേട്ടത്തി ഒരു നെടുവീര്‍പ്പോടെ നോക്കി നില്‍ക്കാറുണ്ടായിരുന്നു. വസ്ത്രങ്ങളോരോന്നായി ഊരിയൂരിയെറിഞ്ഞ് ആകാരവടിവുകാട്ടിയ ഈജിപ്ഷ്യന്‍ തനുറാനര്‍ത്തകന്‍ മിഷേല്‍ മുഹമ്മദിനെ നോക്കി കയ്യടിക്കുകയും കൂക്കിവിളിക്കുകയും ചെയ്ത നാട്ടിലെ പെണ്‍കൂട്ടങ്ങള്‍, തീയേറ്ററിലെ നിയോണ്‍ വെളിച്ചത്തില്‍ ആടുതോമയെ നെഞ്ചു വിരിച്ച് കണ്ടപ്പോള്‍ വലതുകൈത്തണ്ടയില്‍ നുള്ളിനോവിച്ച ബീനാന്‍റി, ആട്ടുകട്ടിലിലിരുന്ന് നെഞ്ചിലെ രോമങ്ങളിലൂടെ വിരലോട്ടിയ നന്ദഗോപാല്‍മാരാറെ ശ്വാസമടക്കിപ്പിടിച്ച് നോക്കിനില്‍ക്കാന്‍ പ്രയാസപ്പെട്ട കാമുകി, അങ്ങനെയങ്ങനെ ഓര്‍മ്മകളില്‍ പെണ്ണുങ്ങളുടെ ആണുങ്ങള്‍ നെഞ്ചളവുകൊണ്ട് മാത്രം ധീരരും പ്രതാപശാലികളുമായിത്തീരുന്നതിന്‍റെ അനുഭവ സാക്ഷ്യം എനിക്കുണ്ടായിരുന്നു.

– ധിഷണാശാലികളും ധീരരുമായ പെണ്‍സിംഹങ്ങള്‍ വഷളരും സ്ത്രീലമ്പടരുമായ നാട്ടുജന്മികളോട് ചെറുത്തുനിന്നു. മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതി. അത് ചാന്നാര്‍കലാപം എന്ന് അറിയപ്പെട്ടുപോന്നു.

(ലീലയുടെ സാമൂഹ്യ സുവിശേഷം 10:7)

ഞാന്‍ പറഞ്ഞില്ലല്ലോ, ലീല എന്‍റെ ടീച്ചറും ഞാനവരുടെ 11 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായിരുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേര്‍തിരിവില്ലാത്ത നാട്ടിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ തൊമ്മിയുടെ അച്ചാര്‍ പൊടി തേച്ച മാതളനാരങ്ങയും ഉണ്ണ്യേട്ടന്‍റെ വിരലടക്കം കടിച്ചുതിന്നാവുന്ന മഞ്ഞനിറമുള്ള ബോട്ടിയും തേന്‍മുട്ടായിയും പുളിയച്ചാറും തിന്നുകൊഴുത്ത 7 എ ക്ലാസില്‍ മുന്‍ ബെഞ്ചില്‍ വലത്തുനിന്നും മൂന്നാമതായി ഇരുന്ന പതിനൊന്നു വയസ്സുള്ള കുട്ടി. ഞാനുള്‍പ്പെടെ സമര്‍ത്ഥരായ അഞ്ചാണ്‍കുട്ടികള്‍ ക്ലാസിലെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സമാന്തരമായി ഇരിപ്പിടം തേടിയാണ് മുന്‍ ബെഞ്ചിലെത്തിയിരുന്നത്. അല്പജ്ഞാനികളും വിവരദോഷികളുമായ ഞങ്ങളുടെ മാഷന്മാര്‍ ഞങ്ങളെ സാഹിത്യകുതുകികളും മിടുക്കരുമായി വാഴ്ത്തി.

കള്ളവും ചതിയുമില്ലാതിരുന്ന നിര്‍ദ്ദോഷിയായ ഒരു ഏഴാം ക്ലാസുകാരന്‍റെ മൂന്ന് പ്രണയങ്ങള്‍ ഒരൊറ്റ വര്‍ഷംകൊണ്ട് മാറിനെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത സംശയങ്ങളിലുടക്കി പിരിഞ്ഞുപോയതിന്‍റെ നിരാശയും അമര്‍ഷവുമാണ് ഞാനിത്രയും കാലം പേറിനടന്ന പങ്കുവെയ്ക്കുന്നതെന്ന് വിചാരിക്കരുത്. അതില്‍പ്പിന്നെ പറയിപ്പിക്കപ്പെട്ടതും അല്ലാത്തതുമായ ഒട്ടേറെ പ്രേമബന്ധങ്ങളിലൂടെയാണ് രാജകീയമായി ഞാന്‍ വളര്‍ന്നത്.

ഞാന്‍ പിറന്നത് ഒരമാവാസി നാളിലാണെന്നും എന്‍റെ പിറവികണ്ട് ഭൂമിമുഴുവന്‍ കറുത്ത് പോയെന്നും വളര്‍ച്ചയില്‍ അസൂയ തോന്നിയ കുടുംബാംഗങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ട്. അതൊന്നും കാര്യമാക്കേണ്ട.

ഞാന്‍ കുട്ടിക്കാലം മുതല്‍ക്കേ ഒരിരുത്തം വന്ന അന്വേഷിയായിരുന്നു. മുമ്പിലൂടെ കടുന്നുപോയ പരിസരവാസികളും അല്ലാത്തവരുമായവരുടെ ഉടല്‍വലിപ്പം കൃത്യമായി ഒറ്റനോട്ടംകൊണ്ട് സ്കാന്‍ ചെയ്ത് അടയാളപ്പെടുത്താനുള്ള പ്രാഗത്ഭ്യം എനിക്ക് കൈവന്നിരുന്നു. നാട്ടിലെ ഇന്‍റര്‍നെറ്റു പീടികകള്‍, രോമാഞ്ചം, ശിശിരം, മുത്ത്, മുത്തുച്ചിപ്പി, ഹണിമൂണ്‍ഗൈഡ് തുടങ്ങിയവ വിറ്റുപോന്നിരുന്ന റെയില്‍വെ കോളനിയിലെ ബ്രദേഴ്സ് ബുക്ക്സ്റ്റാള്‍, പ്രിയേഷ്, നിര്‍മ്മല, സുന്ദര്‍, പുഷ്പ തുടങ്ങിയ പേരുകേട്ട തീയേറ്ററുകള്‍, ശരിക്കും എന്‍റേത് ഒരന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍റേതിന് സമാനമായ ഒത്തുതീര്‍പ്പുകളില്ലാത്ത സത്യസന്ധമായ യാത്രയായിരുന്നു.

അളന്നളന്ന് അളവുകളല്ല ആണുകളെയും പെണ്ണുങ്ങളെയും വേര്‍തിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പോര്‍ട്ടര്‍ കുഞ്ഞാപ്പു, മള്‍ട്ടിപ്ലസ് ജിം നടത്തിയിരുന്ന കരീംക്ക, അറവുകാരന്‍ ഹമീദ്, ഹൃത്വിക് റോഷന്‍, റിയാസ്ഖാന്‍, ഇ.എസ്.പി.എന്നിലും, സ്റ്റാര്‍ സ്പോര്‍ട്സിലുമുണ്ടായിരുന്ന ഗുസ്തിക്കാര്‍, അങ്ങനെ പെണ്ണുങ്ങളേക്കാള്‍ മാറുള്ള ആണുങ്ങള്‍ ഒരുപാടുണ്ടായിരുന്നു. അവരത്രയും എന്‍റെ സംശയത്തിന് ആക്കം കൂട്ടി. എന്‍റെ സംശയത്തിന് ആക്കംകൂട്ടിയ ഏറെ പെണ്ണുങ്ങളുമുണ്ടായിരുന്നു. നാട്ടുകൂട്ടത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് മദ്ധ്യസ്ഥം പറഞ്ഞിരുന്നൊരു കാര്‍ത്ത്യായനിട്ടീച്ചറുണ്ടായിരുന്നു ആയഞ്ചേരിയങ്ങാടിയില്‍. വെള്ള ബ്ലൗസും ലുങ്കിയുമുടുത്ത് കൈയ്യിലൊരു മുട്ടന്‍ ടോര്‍ച്ചുമായി കാര്‍ത്ത്യായനി ഇറങ്ങുന്ന പാതിരകളില്‍ കൂളന്മാര്‍ കക്കുഴികളിലും പീടികമറവുകളിലും ഒളിച്ചിരുന്നു. നൂറാണിന്‍റെ മുമ്പിലും പതറാതെ നെഞ്ച് വിരിച്ച് നിന്ന വടക്കന്‍പാട്ടിലെ പെണ്ണുങ്ങള്‍ ഞങ്ങളുടെ ചരിത്രമാണ്. വയനാട്ടിലേക്ക് സമരം ചെയ്യാന്‍പോയ നക്സല്‍ബാരികള്‍, മണ്ണിനുവേണ്ടി സമരം ചെയ്ത ആദിവാസികള്‍, മാവോയിസ്റ്റുകള്‍, തമിഴ്പുലികള്‍, നെഞ്ച്വിരിച്ചു നിന്ന പെണ്ണുങ്ങള്‍ ധീരരായിരുന്നു. എങ്കിലും അവരേറെയും ഒറ്റത്തുണികൊണ്ട് മാറുമറച്ചവരായിരുന്നു. അത്രയും കൂടി ചെയ്തിരുന്നില്ലെങ്കില്‍ അവരുടെ കരുത്തേറുമെന്ന് ഞാനിപ്പോഴും സംശയിക്കുന്നുണ്ട്. ഉടുക്കാത്ത പ്രതിമകളുണ്ടായിരുന്നു ഞാനലഞ്ഞ വഴികളില്‍. സത്യം, ഗോമതേശ്വരനായിരുന്നില്ല പഞ്ചാരമണലില്‍ മാറുമറയ്ക്കാതെ കിടന്ന യക്ഷിയായിരുന്നു കരുത്തുള്ളവള്‍.

” ടീച്ചര്‍”

-ഉം ?

” ഇപ്പെണ്ണുങ്ങളെന്തിനാണ് മാറുമറയ്ക്കുന്നത്?”

അവരുടെ മുഖം ചെമന്നു.

– നിന്‍റെ സിരകളില്‍ വൃത്തികെട്ട ആര്യരക്തം ഒഴുകുന്നുണ്ട്.

ചെക്കാ,

നീ പാരമ്പര്യത്തിന്‍റെ വിഴുപ്പുചുമക്കുന്ന ജന്മിയുടെ സന്തതിയാണ്. കടന്നുപോ

അവര്‍ കയര്‍ത്തു.

ടീച്ചര്‍ കമ്മ്യൂണിസ്റ്റാണെന്ന് ശ്രീധരേട്ടന്‍ എനിക്കു പറഞ്ഞു തന്നു. തല്ലിച്ചെമന്ന കൈ തണുത്തവെള്ളത്തില്‍ ഇറക്കിവെച്ചാല്‍ സുഖം കിട്ടുമെന്ന് വിനീത എന്നോടു പറഞ്ഞു. കിണറ്റുകരയിലിരുന്ന ഉച്ചക്കഞ്ഞിക്ക് പയറുകഴുകിയ അമ്മുവേട്ടത്തിയോടും എനിക്കുചോദിക്കണമെന്നുണ്ടായിരുന്നു, ചേച്ചീ എന്തിനാണ്… ഇല്ല, ചോദിച്ചില്ല.

ടീച്ചര്‍, ഞാനേറെ വളര്‍ന്നു. എത്ര തല്ലുകൊണ്ടിട്ടും ഞാന്‍ പിന്നെയും അതന്വേഷിച്ച് കൊണ്ടിരുന്നു. ഇന്നലെ ഗുണ്ടല്‍പ്പേട്ടിലെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് വിലകൊടുത്തുവാങ്ങിയ ദമയന്തി എന്ന തമിഴത്തിപ്പെണ്ണിനോടും ചരിത്രപരമായ എന്‍റെ സംശയം ചുരുങ്ങിയ നേരത്തിനുള്ളില്‍ ഞാന്‍ പങ്കുവെക്കാതിരുന്നില്ല.

എന്‍റെ ചുണ്ടില്‍, കവിളുകളില്‍, വാരിയെല്ലില്‍, ആഴത്തില്‍ നിന്ന് ചോരകിനിഞ്ഞു. ഞാന്‍ വിനീതയെ ഓര്‍ത്തു. തണുത്തവെള്ളത്തില്‍ മുങ്ങിനിവര്‍ന്നാല്‍ സുഖം തരുന്ന വേദനയെപ്പറ്റി ബാലപാഠം തന്ന വിനീതയെ. എന്‍റെ രോമകൂപങ്ങളോരോന്നും കത്തിച്ചാമ്പലായി. എന്നേക്കാള്‍ നൂറിരട്ടി ഉച്ചത്തില്‍ അവള്‍ മുരണ്ടു, അലറി….. എനിക്ക് കഴിയാവുന്നതിന്‍റെ നൂറിരട്ടി കരുത്തില്‍ അവള്‍ പുണര്‍ന്നു. ഞാന്‍ തളര്‍ന്നിട്ടും തളര്‍ന്നില്ല. ഞാന്‍ മരിച്ചിട്ടും വിശപ്പടങ്ങാതെ കിതച്ചു. വസ്ത്രങ്ങില്ലാത്ത പെണ്ണ് ആണിനേക്കാള്‍ നൂറിരട്ടി കരുത്തുള്ള ഒരു വന്യമൃഗമാണ്.

ദമയന്തീ,

എനിക്കിത് വര്‍ഷങ്ങള്‍ നീണ്ട ഒരന്വേഷണത്തിന്‍റെ സന്തോഷം തരുന്ന അവസാനമാണ്. നിനക്ക്, നിനക്ക്

വേണ്ടത് പണമല്ലെ ? ഞാന്‍ നിനക്ക് ഇനിയുമൊരുപാട് പണം തരട്ടെ.

” എന്തിന് ?”

-എനിക്കുമാത്രം കഴിയാവുന്ന, വഷളനും, തെമ്മാടിയും, താന്തോന്നിയുമായ, ജന്മംകൊണ്ട് ലോകം മുഴുവന്‍ ഇരുട്ടാക്കിയ, പാരമ്പര്യത്തിന്‍റെ വിഴുപ്പുള്ള കൊഴുത്ത രക്തം പേറുന്ന, വലതുപക്ഷക്കാരനും പിന്തിരിപ്പനുമായ എനിക്കു മാത്രം കഴിയാവുന്ന, മഹത്തായ ഒരു കണ്ടുപിടുത്തത്തിന്‍റെ പേരില്‍.

“മനസ്സിലായില്ല”

-നിനക്ക് ശൂര്‍പ്പണഖയെ അറിയുമോ ദമയന്തീ, നിങ്ങളുടെയൊക്കെ അമ്മയെ ? ആണിനേക്കാള്‍ കരുത്തു കാട്ടിയതിന് ആണുങ്ങളുടെ ദൈവങ്ങള്‍ മാറ്മുറിച്ച് കളഞ്ഞ ശൂര്‍പ്പണഖയെ ?

നിനക്കറിയുമോ ദമയന്തീ, ആണുങ്ങള്‍ക്ക് തുണിയുടുക്കാത്ത പെണ്ണുങ്ങളെ പേടിയാണ്. നാട്ടിലെമ്പാടും തലപൊക്കിയ ശീഘ്രസ്ഖലനത്തിന്‍റെ ഡിസ്പന്‍സറികള്‍ അതിന്‍റെ സ്മാരക ശിലകളാണ്. അസൂയാലുക്കളും തൊഴുത്തില്‍ കുത്തികളുമായ, ആണുങ്ങളുടെ ബിനാമികളായ ഒരു കൂട്ടം പെണ്ണുങ്ങള്‍ ഒരു വലിയ സമരം കൊണ്ട് പെണ്ണിനെ മാറു മറച്ച്  കരുത്തറ്റവളാക്കി.

അടിയുടുപ്പുകള്‍

മേല്‍വസ്ത്രങ്ങള്‍

ശിരോവസ്ത്രങ്ങള്‍

തണുപ്പിനേയും ചൂടിനേയും പ്രതിരോധിക്കുന്ന നല്‍ലോണും കമ്പിളിയും കൊണ്ട് നെയ്ത പുത്തനുടുപ്പുകള്‍ പൊതിഞ്ഞ്പൊതിഞ്ഞ് പെണ്ണ് പാവയും ദുര്‍ബലയുമായി. ഓരോന്നോരോന്നായി ഊരിയെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അവള്‍ സിംഹിണിയാവുമെന്ന് അറിഞ്ഞിട്ടും അറിയാതെ അല്പബുദ്ധികളായി.

-ദമയന്തീ,

“ഉം?”

-നിനക്ക് ഞാന്‍ പറഞ്ഞുതരട്ടെ, ഇപ്പെണ്ണുങ്ങളെന്തിനാണ് മാറു മറയ്ക്കുന്നതെന്ന് ?

“എനിക്കറിയാം”

– നിനക്കോ

“അതെ. എനിക്കറിയാം, അതൊരുടമ്പടിയാണ്”

– ഉടമ്പടിയോ, ഏതുടമ്പടി?

“ഞങ്ങള്‍ മാറുമറയ്ക്കുന്നത് ഞങ്ങളുടെ ആണുങ്ങള്‍ തോല്ക്കാതിരിക്കാനാണ്. നിങ്ങള്‍ തുണിയുടുക്കുന്നത് നിങ്ങളുടെ പെണ്ണുങ്ങള്‍ തോല്ക്കാതിരിക്കാനല്ലെ?”

ആണെന്നോ അല്ലെന്നോ ഞാനവളോടു പറഞ്ഞില്ല. അതിനുത്തരം കിട്ടാന്‍ വര്‍ഷങ്ങളെടുത്തേക്കും. രാത്രി തീരും മുമ്പ് മുറിയുടെ വാതില്‍ ചാരിവെച്ച് ഒരു നിഴലനക്കം പോലുമുണ്ടാക്കാതെ ദമയന്തി മറഞ്ഞു. അവളെന്നോട് യാത്രപറഞ്ഞില്ല. ഇനിയെന്നുകാണുമെന്നോ കാണണമെന്നോ പറഞ്ഞില്ല. പക്ഷേ ഇനിയും വരാനിരിക്കുന്ന ഒരുപാടേറെ വര്‍ഷങ്ങളുടെ ആയുസ്സ് ഒരൊറ്റചോദ്യം കൊണ്ട് അവള്‍ കുറിച്ച് കഴിഞ്ഞിരുന്നു. നീ പൊയ്ക്കോളൂ ദമയന്തീ, നിന്‍റെ നിഴലിനെക്കൂടെ കൊണ്ടുപൊയ്ക്കോളൂ.


 

Comments
Print Friendly, PDF & Email

You may also like