പൂമുഖം LITERATUREലേഖനം സമുദായസംവരണം, സാമ്പത്തിക സംവരണം, ജാതി സെൻസസ്

സമുദായസംവരണം, സാമ്പത്തിക സംവരണം, ജാതി സെൻസസ്

2019 ലെ, ഭരണഘടനയുടെ 103 -ആം ഭേദഗതി സുപ്രീം കോടതി ശരിവച്ചതോടെ EWS അഥവാ സാമ്പത്തിക സംവരണം നിയമമായി മാറി. ജൻഹിത് അഭിയാൻ vs യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് ഇപ്പോൾ നിലവിൽ സാമൂഹിക സംവരണം ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10 % സംവരണം എന്ന ഭരണഘടനാഭേദഗതിയുടെ പ്രാബല്യം രണ്ടിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷത്തിൽ സുപ്രീം കോടതി ശരിവച്ചത്.
‘രാജ്യത്ത് സംവരണ സമ്പ്രദായം കൊണ്ടുവന്നത്, പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾ അഭിമുഖീകരിക്കുന്ന ചരിത്രപരമായ അനീതി തിരുത്താനും മുന്നാക്ക വിഭാഗങ്ങളിൽ പെടുന്ന വ്യക്തികളുമായി മത്സരിക്കാനുള്ള ഒരു സമനില ലഭ്യമാക്കാനുമാണ്. എന്നിരുന്നാലും, നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചു വർഷത്തിനൊടുവിൽ, പരിവർത്തനാത്മക ഭരണഘടനാവാദത്തിലേയ്ക്കുള്ള ഒരു ചുവടുവെയ്പ്പെന്ന നിലയിൽ, സമൂഹത്തിന്‍റെ മൊത്തത്തിലുള്ള വലിയ താൽപ്പര്യത്തിനായി സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്, ‘ എന്നാണ് ജസ്റ്റിസുമാർ വിലയിരുത്തിയത്.


ഇതു പക്ഷേ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഈ 75 വർഷങ്ങൾ കൊണ്ട് സംവരണം ലഭിച്ചിരുന്നവരുടെ ജീവിതനില മെച്ചപ്പെട്ടു കഴിഞ്ഞുവോ? അവർ ഇപ്പോൾ 10% ലഭിച്ച മുന്നോക്കക്കാരുമായി താരതമ്യം ചെയ്യാവുന്ന നിലയിലെത്തിക്കഴിഞ്ഞുവോ? ഈ 10 % വ്യക്തികൾക്ക് 8 ലക്ഷം രൂപ വാർഷികവരുമാനവും 1000 സ്‌ക്വയർ ഫീറ്റ് വീടും എന്നു പരിധി വച്ചത് എന്തുകൊണ്ടായിരിക്കും? മുന്നോക്കക്കാരുടെ വരുമാനം അതിലും മേലേയാണ് എന്നതു കൊണ്ടല്ലേ? പിന്നോക്കക്കാർ എല്ലാവരും ഈ വരുമാനപരിധിക്കു മുകളിലാണോ?മുന്നോക്ക സമുദായങ്ങളിലെ ‘പാവപ്പെട്ടവരിലെ പാവപ്പെട്ടവർക്ക് ‘ – poorest of poor – എന്നായിരുന്നു സുപീം കോടതിയിലെ വാദം. എന്നാൽ SC, ST, OBC വിഭാഗങ്ങളിലെ പാവപ്പെട്ടവരിലെ പാവപ്പെട്ടവർക്ക്‌ ഈ ആനുകൂല്യം ഇല്ല താനും.


സംവരണം എന്നത് തുല്യ പ്രവേശനസാധ്യതയും അവസരങ്ങളും ഉറപ്പാക്കാനുള്ള ശക്തമായ ഒരു ടൂൾ ആണെന്നിരിക്കെ, സാമ്പത്തികവും കൂടി അതിൽ ഉൾപ്പെടുത്തുന്നത് വഴി സാമൂഹികമായും ചരിത്രപരമായും പിന്നോക്കത്തിലായിരുന്ന വിഭാഗങ്ങൾ ഏകപക്ഷീയമായി ഒഴിവാക്കപ്പെടുകയാണ് എന്നാണ് വിയോജിച്ച രണ്ടു ജസ്റ്റിസുമാരിൽ ഒരാളായ രവീന്ദ്ര ഭട്ട് നിരീക്ഷിച്ചത്.

സാമ്പത്തികവും ജാതി അടിസ്ഥാനമാക്കിയുള്ളതുമായ സംവരണങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ആ പ്രയോഗം തന്നെ ഒരു അനുചിത സംജ്ഞ – misnomer – ആണ്. കാരണം, വിദ്യാഭ്യാസ ഉദ്യോഗ സൗകര്യങ്ങൾ ഉയർന്ന ജാതിക്കാർക്കു മാത്രമുള്ള അവകാശമായി നീക്കി വച്ചിരുന്ന കാലത്തിൽ നിന്ന്, അതു താഴ്ന്ന ജാതിക്കാർക്കുമായി മാറ്റിയെടുക്കുന്ന പ്രക്രിയയായിരുന്നു നിലവിലുള്ള ജാതി സംവരണം. അതിന്‍റെ മാനദണ്ഡം സാമൂഹികം മാത്രമാണ്, സാമ്പത്തികം അല്ലേയല്ല. ആദ്യകാലത്ത് ഉന്നതകുലജാതർക്കു മാത്രം അവകാശപ്പെട്ടിരുന്നത് ഇപ്പോൾ താഴ്ന്ന ജാതിക്കാരിലേക്കും എത്തിച്ചു. പക്ഷേ 10 % സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ നിലവിലുള്ള സാമൂഹിക സംവരണ പദ്ധതിയെ ദാരിദ്യ നിർമ്മാർജ്ജന പദ്ധതിയായി രൂപാന്തരപ്പെടുത്തുകയാണ്. പഴയ ഉയർന്ന ജാതി സംവരണം തിരികെ കൊണ്ടുവരികയാണ്. ശ്രീ ഗീതാനന്ദൻ അഭിപ്രായപ്പെട്ടതു പോലെ സംവരണം എന്ന മൗലികാവകാശത്തിന്റെ പരിധിയിലേക്ക് മുന്നോക്കക്കാരെ ഉൾപ്പെടുത്തുന്ന വിധിയാണ് ഇത്.ഉയർന്ന ജാതി സംവരണം എന്ന് ഉപയോഗിക്കുന്നതിനുപകരം, അവർ സമർത്ഥമായി, സാമ്പത്തികമായ ദുർബല വിഭാഗങ്ങൾ (Economically Weaker Sections, EWS) എന്ന ഓമനപ്പേരിട്ടിരിക്കുകയാണ്, അങ്ങനെ SEBC, Socially and Economically Backward Classes എന്നൊരു കൂട്ടരെ സൃഷ്ടിച്ചു. എന്നാൽ SC, ST, OBC യുടെ കാര്യത്തിലാകട്ടെ അത് SC സംവരണം, OBC സംവരണം, ST സംവരണം എന്നിങ്ങനെയാണ്. മെറിറ്റ് ലിസ്റ്റ്, സംവരണലിസ്റ്റ് എന്ന് ഉപയോഗിക്കുന്നതിനു പകരം, ജനറൽ മെറിറ്റ്, ഒബിസി മെറിറ്റ്, SC മെറിറ്റ്, ST മെറിറ്റ് എന്നോ അല്ലെങ്കിൽ പ്രതിനിധാനം എന്നോ ഉപയോഗിച്ചിരുന്നെങ്കിൽ ഇക്കാര്യത്തിലുള്ള വലിയ ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
ഭാരതീയ ജനതാ പാർട്ടി രാജ്യത്തെ പാവപ്പെട്ടവരോടുള്ള സാമൂഹിക നീതി എന്നാണ് EWS നെ കുറിച്ചു പറഞ്ഞിരിക്കുന്നത്. എന്നാൽ ആ വിഭാഗത്തിൽ പെടുന്നവരാണോ യഥാർത്ഥത്തിൽ ഇന്ത്യയിലെ പാവപ്പെട്ടവർ? ഒരു വർഷം 8 ലക്ഷം രൂപ വരുമാനവും 1000 സ്വക്വയർ ഫീറ്റ് വീടും ഉള്ളവരെ സാമ്പത്തിക ദൗർബല്യം അനുഭവിക്കുന്നവർ എന്നു കണക്കാക്കാനാകുമോ? പ്രത്യേകിച്ചും ഇന്ത്യയിൽ 30 കോടിയിലധികം ജനങ്ങളാണ് ദാരിദ്ര്യരേഖയക്കു താഴെയുള്ളവർ, അതായത് ദിനേന നഗരങ്ങളിൽ 32 രൂപ, ഗ്രാമങ്ങളിൽ 27 രൂപ ചെലവാക്കാനുള്ള സാമ്പത്തിക കഴിവ് – spending power – ഉള്ളവർ. ഇന്ത്യയിലെ ദരിദ്രരിൽ എണ്ണം ഏറ്റവും കൂടുതൽ ഉള്ളത് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരാണ് എന്നിരിക്കെ ഇത് എങ്ങനെ ന്യായീകരിക്കും? ദിവസം 75 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ദാരിദ്യരേഖയ്ക്കു കീഴിൽ എന്നു കണക്കാക്കുന്ന രാജ്യത്ത് ദിവസം 2222 രൂപ വരുമാനമുള്ളവരെ സാമ്പത്തികമായി ദുർബലർ എന്നു കണക്കാക്കാനാകുമോ? റെവന്യൂ ഡേറ്റപ്രകാരം വർഷത്തിൽ 10 ലക്ഷം രൂപയക്കു മേൽ വരുമാനമുള്ളവർ ഇന്ത്യയുടെ ജനസംഖ്യയിൽ വെറും 01 % മാത്രമേയുള്ളു.
1891, 1931 കളിലെ സെൻസസ് പ്രകാരം ഉള്ള വിവരങ്ങളും അവ കൂടാതെ വിവിധ സാമൂഹികവിഭാഗങ്ങളുടെ സാമൂഹികം, വിദ്യാഭ്യാസപരം, സാമ്പത്തികപരം എന്നീ വിവരങ്ങളും ഔദ്യോഗിക രേഖകൾ പ്രകാരം പരിശോധിച്ച് ആയിരുന്നു ബി പി മണ്ഡൽ, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയതു തന്നെ. പക്ഷേ ഇപ്പോഴോ, ഇത്തരത്തിലുള്ള യാതൊരു ഡാറ്റയുടേയും അടിസ്ഥാനത്തിലല്ല, EWS രൂപപ്പെടുത്തിയിരിക്കുന്നത്.
‘അസമത്വങ്ങളെ തുലനം ചെയ്യുക എന്നാൽ അസമത്വം നിലനിർത്തുക എന്നതാണ് അർത്ഥം, ‘ എന്നായിരുന്നു ബിപി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അഭിപ്രായപ്പെട്ടത്. എന്നാൽ 10% സാമ്പത്തിക സംവരണം ശരിവച്ചതിലൂടെ അതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
1990 കളിൽ ഇതു നടപ്പാക്കേണ്ട കാലത്ത് രഥയാത്ര നടത്തി പിന്നോക്ക വിഭാഗക്കാരെ രാം മന്ദിറിലും ബാബറി മസ്ജിദിലും തളച്ചിട്ടു, കാരണം അതു നടത്തിയവർക്ക് ജാതിപരമായി നിലവിലുള്ള തൽസ്ഥിതി തുടരണം എന്നതായിരുന്നു ആവശ്യം, സമത്വം താൽപ്പര്യമുണ്ടായിരുന്നില്ല.വരുമാനവും ചെലവാക്കാനുള്ള കഴിവും പരിഗണിക്കുന്നതിനേക്കാൾ യാഥാർത്ഥമായ കണക്ക് മൊത്തം സമ്പത്ത് കണക്കാക്കുന്നതാണ്. അതായത്, ഭൂമി, കന്നുകാലികൾ, കെട്ടിടങ്ങൾ, കാർഷികോപകരണങ്ങൾ, വാഹന സൗകര്യങ്ങൾ തുടങ്ങിയവയും ഷെയറുകൾ, ഡെപ്പോസിറ്റുകൾ, വീട്ടിലേക്കു കിട്ടാനുള്ള പണം ഇവ കൂടി പരിഗണിക്കുമ്പോൾ മാത്രമേ കുടുംബങ്ങളുടെ യഥാർത്ഥ സാമ്പത്തിക ചിത്രം കിട്ടുകയുള്ളു.
2019 ലെ All India Debt and Investment Survey (AIDIS 2019 ) സർവ്വേ 2021 ൽ വെളിപ്പെടുത്തിയത്, ഇന്ത്യയിൽ സാമ്പത്തികമായ ജാതി അസമത്വം കൂടുതൽ ആഴത്തിലുള്ളതാകുന്നതിന്‍റെ പ്രവണത കാണിക്കുന്നു എന്നാണ്. പാരമ്പര്യവശാൽ കൈവന്ന ഭൂമിയും മറ്റ് ആസ്തികളും ഉയർന്ന ജാതിക്കാർക്കാണ് വളരെ കൂടുതലുള്ളത്. അതു തന്നെ ആനുപാതികമല്ലാതെ അവരിലെ ഉയർന്ന അഞ്ചിലൊരു വിഭാഗത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉയർന്ന ജാതിക്കാർക്ക് ദളിതരേക്കാൾ മൂന്നിരട്ടിയും ഒബിസി വിഭാഗക്കാരേക്കാൾ ഇരട്ടിയും സമ്പത്തുണ്ടെന്നതാണ് ഏതാണ്ട് ശരാശരി കണക്ക്.
പരക്കെ വിശ്വസിക്കപ്പെടുന്നതു പോലെ വ്യക്തികളുടെ വരുമാനമോ ചെലവാക്കുന്ന രീതികളോ അല്ല സമ്പത്തിൽ ഉള്ള അമ്പരപ്പിക്കുന്ന അസമത്വം സൃഷ്ടിച്ചിരിക്കുന്നത്, മറിച്ച്, ചില ജാതി വിഭാഗങ്ങളെ സുസ്ഥാപിതമായി ഒഴിവാക്കിയ നീണ്ട ചരിത്രത്തിന്‍റെ ഫലമാണിത്. അതായത് ജാതിപരമായുള്ള സമ്പത്തിന്‍റെ വിടവ്, വിദ്യാഭ്യാസം, ഉദ്യോഗം, വരുമാനം എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ഒരു തലമുറയിൽ നിന്നു അടുത്ത തലമുറയിലേക്കു അസമത്വം കൈമാറ്റപ്പെടുകയും കൂടിയാണ് ചെയ്യുന്നത്.
ജാതി സംവരണത്തിലൂടെ കയറുന്നവർ സംവിധാനങ്ങളുടെ നിലവാരം ഗുണമേന്മ തകർക്കുന്നു എന്നും പറയാറുണ്ട്. ഇതും തെറ്റാണെന്ന് ഡേറ്റ നിലവിലുണ്ട്, പക്ഷേ നമ്മൾ ഇതൊന്നും സമ്മതിക്കില്ല, കാരണം നമുക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം.


ചില സത്യങ്ങൾ നോക്കാം.
‘നവംബർ 2021 വരെ നിയമിതരായ 256 ജഡ്ജിമാരിൽ അഞ്ച് പേർ മാത്രമാണ് തൊട്ടുകൂടാത്ത വിഭാഗങ്ങളിൽ നിന്നുള്ളത്, ഒരാൾ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളയാളും- രാജേഷ് ചൗഡ, യുകെയിലെ ലോയർ.
ഒരു വശത്തുകൂടി മുന്നോക്കക്കാരിലെ പാവപ്പെട്ടവരെ കുറിച്ചു വിഷമിക്കുന്ന സർക്കാർ ഇപ്പോൾ പിന്നോക്കക്കാർക്കുള്ള പല സംവരണവും വെട്ടിക്കുറച്ചിട്ടുമുണ്ട്. നവംബര്‍ 2022 ല്‍ കേന്ദ്ര സർക്കാർ ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പുകളിലെ കേന്ദ്ര വിഹിതം നിർത്തലാക്കി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കോളർഷിപ്പുകളാണ് നിർത്തലാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സർക്കുലർ പുറത്തിറക്കിയിരുന്നു.
2020 ൽ ആരംഭിച്ച PM SVANidhi പ്രകാരമുള്ള ലോണുകളിൽ വെറും 9.3 % മാത്രമാണ് ന്യൂനപക്ഷങ്ങൾക്കു നൽകിയിട്ടുള്ളത് എന്ന് രാജ്യസഭയിൽ ചോദ്യത്തിനുത്തരമായി പറഞ്ഞിട്ടുണ്ട്.യു പി യാണ്‌ ന്യൂനപക്ഷങ്ങൾക്ക് ഈ ലോൺ ഏറ്റവും കൂടുതൽ നൽകിയിട്ടുള്ളത്.11.22 ലക്ഷം രൂപ. സിക്കിം ആണ് ഏറ്റവും കുറവ് കൊടുത്തിട്ടുള്ളത്. വെറും ഒരേയൊരെണ്ണം മാത്രം.
പൊതുമേഖലാബാങ്കുകളിലെ ഉയർന്ന തസ്തികകൾ 81 % മുതൽ 92 % വരെ മുന്നോക്കജാതിക്കാർ ആണെന്നു പഠനറിപ്പോർട്ട് ഉണ്ട്. 5 IIT കളിലെ ഫാക്കൽട്ടി മെമ്പേഴ്‌സിൽ 98 % ഉയർന്ന ജാതിക്കാരാണ്. പോളിടെക്‌നിക്ക് അഡ്മിഷനിൽ 307 റാങ്കുള്ള പിന്നോക്കക്കാരനു പ്രവേശനം ലഭിക്കാത്തപ്പോൾ 7989 റാങ്കുള്ള മുന്നോക്കക്കാരനു പ്രവേശനം ലഭിച്ചു! രാജ്യത്തെ പ്രീമിയർ മെഡിക്കൽ ഇൻസ്റ്റിട്ട്യൂട്ടുകളിലെ പ്രവേശന ലിസ്റ്റിലും ഉണ്ട് ഈ വൈരുദ്ധ്യം. ഉദാഹരണത്തിന് JIPMER pondicherryയിലേത്, Open : 277, EWS :1578, OBC :592 എന്നാണ്. ഇവിടെ വളരെ പിന്നിലുള്ള റാങ്കു കിട്ടിയ മുന്നോക്കവിഭാഗത്തിലെ കുട്ടിയേക്കാൾ കുറവായിരിക്കില്ലേ പിന്നോക്ക വിഭാഗത്തിലെ കുട്ടികളിൽ അധികം പേരുടേയും സാമ്പത്തികസ്ഥിതി. അപ്പോൾ പിന്നെ സാമ്പത്തിക സംവരണം വിവേചനമല്ലാതെ മറ്റെന്താണ്?


സംവരണം ഉള്ളതുകൊണ്ട് സീറ്റു നഷ്ടപ്പെടുന്നു എന്നത് സ്ഥിരമായി കേൾക്കുന്ന ഒരു പൊതു പ്രസ്താവനയാണ്. പക്ഷേ അതു തെറ്റാണ്. ഓരോ വിഭാഗത്തിനും നീക്കി വയ്ക്കപ്പെട്ടിട്ടുള്ള സീറ്റുകളിൽ കയറിക്കൂടാനുള്ള മെറിറ്റ് ഇല്ലാത്തുകൊണ്ടാണ്, അതിൽ നമ്മളേക്കാൾ മിടുക്കർ ഉള്ളതുകൊണ്ടാണ് കിട്ടാത്തത്, ചിത്രം നോക്കുക.

‘ഞങ്ങളുടെ ഒരു നൂറ്റാണ്ടായുള്ള ധർമ്മസമരത്തിന് ഉള്ള തിരിച്ചടിയാണ് ‘ EWS എന്നാണ് വിധി വന്നു മണിക്കൂറുകൾക്കകം തമിഴ്‌നാട് ഡിഎംകെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. എന്നാൽ പുരോഗമന കേരളമാകട്ടെ മുന്നും പിന്നും നോക്കാതെ EWS ഉടൻ തന്നെ നടപ്പാക്കി. എന്തുകൊണ്ട് എന്നത് അന്നും ഇന്നും നിഗൂഢമാണ്. അതു വളരെ വലിയ ഒരു തെറ്റാണ് എന്നതിൽ തർക്കമൊന്നുമില്ല.


ഇനി ജാതി സെൻസസ്.

ബീഹാറിലെ ജാതി സെൻസസ് വലിയൊരു കാൽവയ്പ്പായിരുന്നു, ഒരു കണക്കിനു ജാതി പിരമിഡ് തിരിച്ചു വച്ചതു പോലെയായി എന്നു പറയാം. അവിടെ 13.07 കോടിയുള്ള ബീഹാറിൽ 63.13 % പിന്നോക്ക വിഭാഗം, 19.65 % പട്ടികജാതി വിഭാഗം, 1.68 % പട്ടിക വർഗ്ഗവും. മുഴുവൻ മുന്നോക്കക്കാരും കൂടി വെറും 15. 52 %. പക്ഷേ ഈ 15. 52 % വരുന്ന വിഭാഗക്കാർ ആണ് ഭൂമിയുടെ വലിയ ഭാഗവും ഇന്നും കൈവശം വെച്ചിരിക്കുന്നതും, സർക്കാർ പ്രാതിനിധ്യത്തിൽ കൂടുതലുള്ളതും.

ഈ ഒരു സാമൂഹിക അസമത്വം വെളിച്ചത്ത് കൊണ്ടു വരാൻ കാസ്റ്റ് സെൻസസിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പ്രധാന പാർട്ടി ഇതിനെതിരെ നിൽക്കുന്നതിന്‍റെ കാരണവും അതാണ്.
ഇനി അതു മറ്റു സംസ്ഥാനങ്ങളിലും നടത്തണം. പക്ഷേ സെൻസസ് നടത്തേണ്ടത് കേന്ദത്തിന്‍റെ ചുമതലയാണ്, കേരളത്തിനു അതിന്‍റെ ചെലവു താങ്ങാൻ കഴിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രം ചെയ്യേണ്ടതാണ് എന്നതു ശരിയാണ്, പക്ഷേ അവർ ചെയ്യാത്തപ്പോൾ ജാതികളുടെ സത്യാവസ്ഥ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് എന്നാണ് കരുതുന്നത്. എന്തിനാണ്, ആരെയാണ് ഭയക്കുന്നത്? സത്യത്തെ നേരിടാൻ ഭയമെന്തിന്?


Sources: Various articles in The Hindu,
: Reliable News links and Social media posts
: ebook Netrapal : https://drive.google.com/file/d/1ux1x5gx6fp14_jYu5aoRSvVq- NgmN19n/view

കവർ : വിൽസൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like