പൂമുഖം LITERATUREകവിത നിങ്ങളിതു വരെ കേട്ടത്.

നിങ്ങളിതു വരെ കേട്ടത്.


ചെടിത്തലപ്പുകൾ മുറിക്കാൻ
കറണ്ട് ഓഫാക്കാറുണ്ട്..
ഉദ്യോഗസ്ഥർ.
ഒരു പകൽ മുഴുവൻ .

കറണ്ട് പോക്കിലാണ്
നഷ്ടപ്പെടുന്ന ശബ്ദത്തെ ഓർത്തത്.
ടി.വി.
മിക്സി
മോട്ടോർ
നിശ്ശബ്ദതയിലെവിടെയോ
മറഞ്ഞിരിക്കുന്നു…
പൊടി പിടിച്ച
പഴയ റേഡിയോ…
തട്ടിൻ മുകളിലെ പീഠങ്ങൾക്കിടയിൽ നിന്നും.
കണ്ടെടുത്തു.

ബ്രഷെടുത്ത് പൊടിതുടച്ചു.
സ്ക്രൂ അഴിച്ചു…
ചില്ലു തുടച്ചു .

മേശവലിപ്പിലും ..
അലമാറയിലും നോക്കി…
ഒരു ബാറ്ററിയില്ലാത്ത വീടായിരിക്കുന്നു…..
എമർജൻസികളേക്കൊണ്ട്…

പൊടിതുടച്ച റേഡിയോ നോക്കിയിരുന്നു.

ഉച്ചയ്ക്കുണ്ണാൻ
സ്കൂളിലെ ബെല്ലടിച്ചാൽ
വീട്ടിലേക്ക് വരുമ്പോൾ
റംലാ ബീഗത്തിന്റെ മാപ്പിളപ്പാട്ടുകൾ..
കുളിച്ചു കൂന്തലിൽ ദശപുഷ്പവുമായ് എന്ന
യേശുദാസ് ഗാനം.

രാത്രിയിലെ സി.എൽ ജോസിന്റെ റേഡിയോ
നാടകങ്ങൾ.
അപ്പുക്കുട്ടൻ പെരിങ്ങോടിന്റേയും
നബീസ കുഞ്ഞിപ്പ പന്താവൂരിന്റെയും
പ്രതികരണങ്ങൾ.
രാമചന്ദ്രന്റെ
കൗതുക വാർത്തകൾ
യുവവാണിയിലെ കഥകൾ
വരികൾ എഴുതിയെടുക്കാൻ പറയുന്ന
ലളിത സംഗീത പാഠങ്ങൾ
ഇലക്ഷൻ വാർത്തകൾ..
ബന്ദറിയിപ്പുകൾ …
പ്രശസ്തരുടെ മരണ വാർത്തകൾ..
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അറിയിപ്പുകൾ …

ചങ്കായിരുന്നു… റേഡിയോ

ഇങ്ങോട്ട് യഥേഷ്ടം വാതോരാതെ പറയുന്ന,
കളിചിരിയും തത്വോപദേശവും
സമയാസമയങ്ങളിൽ തന്നു കൊണ്ടിരുന്ന
റേഡിയോ .

നീണ്ട നാളത്തെ നിശബ്ദമായ മെസ്സേജുകളിലെ
ഒഴിവിലും.
ഒരു വിരൽസ്പർശനത്തിൽ.. ഒരു മറുപടി
മനസ്സുള്ള കൂട്ടുകാരി പോലെ ബാറ്ററിയിട്ടാൽ
ഒരു മുന്നൊരുക്കമോ..
പരിഭവമോ ഇല്ലാതെ പറയും..
നിങ്ങളിതു വരെ കേട്ടത്..
വയലും വീടും..

ചായ കുടിച്ച് കേൾക്കണം..
തലയ്ക്കരികെ വച്ച്
അങ്ങോട്ടൊന്നും പറയാതെ
ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം
അവസാനിച്ചെന്ന അറിയിപ്പു വരെ.
ഉറക്കമിളച്ചിരുന്നു കേൾക്കാൻ..
ബാറ്ററിക്കായി പുറത്തേക്ക് ..

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like