പൂമുഖം TRAVEL ലിക്സ്റ്റിന്‍റൈന്‍ എന്ന കൊച്ചു രാജ്യവും റൈന്‍ ഫാള്‍സും

ലിക്സ്റ്റിന്‍റൈന്‍ എന്ന കൊച്ചു രാജ്യവും റൈന്‍ ഫാള്‍സും

ാട്ടന്‍സില്‍ നിന്ന്   ലിക്സ്റ്റിന്റൈന്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ വദൂസിലേക്ക് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ യാത്ര ചെയ്യണം. ദീര്‍ഘങ്ങളായ ടണലുകള്‍ നിരവധി. റോഡിനിരുവശവും കുന്നുകളും മലകളും പച്ചപ്പുകളും തടാകങ്ങളും. ഉറക്കക്ഷീണത്തിലാണ് ഏറെക്കുറെ എല്ലാവരും. ഞാനും പാര്‍ത്ഥനും ആണ് കൂട്ടത്തിലെ കള്ളുകുടിയന്മാര്‍. ഞങ്ങള്‍ വെനീസില്‍ വച്ചു കിട്ടിയ വീഞ്ഞ് അകത്താക്കി തമാശകള്‍ പറഞ്ഞ്, ആസ്വദിച്ച്, യാത്ര ചെയ്യുന്നു. മറ്റുള്ളവര്‍ മിക്കവാറും ഉറക്കത്തില്‍. കുട്ടികള്‍ ആകട്ടെ പിന്നിലെ സീറ്റുകളില്‍ കളിയും തമാശയും. നഗരങ്ങളെ കുറിച്ചും രാജ്യങ്ങളെ കുറിച്ചുമൊക്കെ തകര്‍പ്പന്‍ വിവരണങ്ങള്‍ നല്‍കിയിരുന്ന ഹലോജിയും ക്ഷീണത്തിലാണ്. ഏകദേശം ഒരു മണിയായപ്പോള്‍ ഞങ്ങള്‍ വദൂസില്‍ എത്തി. അവിടെയാണ് ഞങ്ങളുടെ ഉച്ച ഭക്ഷണം. മറ്റൊരു ഇന്ത്യന്‍ ഭക്ഷണ ശാല.

ലിക്സ്റ്റിന്റൈന്‍ വിസ്തീര്‍ണ്ണത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ആറാമത് ആണ്, ജനസംഖ്യാനുപാതികമായി  നാലാം സ്ഥാനത്തും. ആസ്ത്രിയക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയില്‍ ആല്‍പ്സ് പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മനോഹര രാജ്യം. വെറും 160 കിലോമീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണ്ണം. യു എ ഇ യിലെ പോലെ രാജാവും ഭരണത്തലവനും ഒരാള്‍ ആകുന്ന ഭരണ ക്രമം. 37000 ജനങ്ങള്‍ മാത്രമാണ് ഇവിടെ അധിവസിക്കുന്നത്. എല്ലാവരും ജര്‍മന്‍ ഭാഷ സംസാരിക്കുന്നു. ഇവരില്‍ 80% കത്തോലിക്കര്‍ ആണ്.  രാജ്യത്തിനു സ്വന്തമായി ഒരു എയര്‍ പോര്‍ട്ട്‌ ഇല്ലെങ്കിലും ജനതയില്‍ വലിയൊരു വിഭാഗം ധനികരാണ്. ജോലിയില്ലാത്തവര്‍ വിരളം. സ്വിറ്റ്സര്‍ലന്‍ഡിലെ  സൂറിക്ക്  ആണ് ലിക്സ്റ്റിന്റൈനില്‍ എത്താന്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം.   സ്വന്തമായി പോലീസോ കറന്‍സിയോ ലിക്സ്റ്റിന്റൈന്‍ എന്ന കൊച്ചു രാജ്യത്തിനില്ല. സ്വിസ് ഫ്രാങ്ക് ആണ് ഇവിടെ കറന്‍സി. പോലീസ് സ്വിസ്സ് പോലീസും .
ജനസംഖ്യയുടെ ഇരട്ടിയോളം എണ്ണം കമ്പനികള്‍  ലിക്സ്റ്റിന്റൈനില്‍  ഉണ്ടെന്നുള്ളതാണ് അദ്ഭുതകരമായ വസ്തുത.  രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ തികച്ചും പാപ്പരായ ഈ രാജ്യം ഇന്ന് ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ്. ലോകത്തില്‍ ഏറ്റവും കുറവ് ബിസിനസ്സ് ടാക്സ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ലിക്സ്റ്റിന്റൈന്‍. അതിനാല്‍ തന്നെ അനേകം ധനകാര്യ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു.

ഞങ്ങളുടെ ബസ് വദൂസിലെ ഒരേയൊരു ഇന്ത്യന്‍ റെസ്റ്റോറന്റ് ആയ സ്കൊലോസില്‍ മഹല്‍ വദൂസിനു മുന്നിലുള്ള പാര്‍ക്കിങ്ങില്‍ എത്തി. മറ്റ് ചില ബസ്സുകള്‍ കൂടി ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും വാഹനത്തില്‍ നിന്നിറങ്ങി. ഞാനും പാര്‍ഥനും അല്പം മദ്യപിച്ചിട്ടുണ്ട്. അപ്പോഴാണ്‌ ആരോ സമ്മാനിച്ച വീഞ്ഞിന്‍റെ മറ്റൊരു ബോട്ടില്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. റെസ്റ്റോറന്റില്‍ പോകുമ്പോള്‍ ഞങ്ങള്‍ അതും കൈയില്‍ കരുതി.. സൌകര്യമായി ഒരിടത്ത് ഇരിപ്പുറപ്പിച്ചതേയുള്ളൂ- ഒരു  ഇന്ത്യന്‍ വെയിറ്റര്‍ ഓടി വന്നു: അവിടെയിരുന്നു മദ്യം കഴിക്കാന്‍ പാടില്ല. പുറത്തിറങ്ങി, ഒരിടത്തിരുന്ന്‍, സൌകര്യമായി കുപ്പി കാലിയാക്കി, ഞങ്ങള്‍ വീണ്ടും റെസ്റ്റോറന്‍റിലേയ്ക്ക് കയറി..

ആസ്ത്രിയയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഉള്ള പ്രധാന വഴി വദൂസിലൂടെയാണ്. അതിനാല്‍ ടൂറിസ്റ്റുകള്‍ എല്ലാവരും ഇതുവഴിയാണ് കടന്നു പോകുന്നത്. രാജ്യത്തെ ടൂറിസത്തിന് പ്രാധാന്യം കൊടുക്കാനും ഇന്ത്യക്കാരുടെ വരവ് കൂട്ടുന്നതിനുമായി യൂറോപ്പിലെ പ്രധാന പട്ടണങ്ങളില്‍ എല്ലാം ഇന്ത്യന്‍ റെസ്റ്റോറന്റ്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. യൂറോപ്പിലെ സര്‍ക്കാറുകള്‍ ഇന്ത്യന്‍ സര്‍ക്കാറും ആയി നടത്തിയ കരാര്‍ പ്രകാരം ഇവ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഏതോ പഴയ മന്ത്രിയുടെ ബിനാമിയാകും ഈ നോണ്‍ വെജിറ്റെറിയന്‍  റെസ്റ്റോറന്റ് നടത്തുന്നത്. അനേകം വിനോദ സഞ്ചാര സംഘങ്ങള്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തുന്നു. ഹാളുകളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിരിക്കുന്നത് . ഞങ്ങളുടെ ഹാളില്‍ രണ്ടു ഗ്രൂപ്പ് ഉണ്ട്. രണ്ടിനും മദ്ധ്യേ ആണ് ബുഫെ സെറ്റ് ചെയ്തിരിക്കുന്നത്. മിക്ക ടേബിളുകളിലും സ്പൂണും ഫോര്‍ക്കും പ്ലേറ്റും ടിഷ്യുവും വച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ടേബിളും സെറ്റ് ചെയ്തിട്ടില്ല. കാത്തിരുപ്പ് നീണ്ടപ്പോള്‍ കുട്ടികളടക്കം എല്ലാവരും അക്ഷമരായി ബുഫെ ആയതിനാല്‍ തിക്കും തിരക്കും കാരണം പല പാത്രങ്ങളും  പെട്ടെന്ന് കാലിയാവുന്നു. ദുബായില്‍ നിന്ന് പോകുന്നത് കൊണ്ടാവും വെയിറ്റര്‍മാരുടെ സര്‍വീസ് ഞങ്ങള്‍ക്ക് ഒട്ടും പിടിക്കുന്നില്ല.

ബഹളം ഉച്ചത്തില്‍ ആയപ്പോള്‍ ഞങ്ങളുടെ അടുത്ത ഗ്രൂപ്പില്‍ നിന്ന് വന്നവര്‍ കൂടി ശബ്ദമുണ്ടാക്കി തുടങ്ങി. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സര്‍വീസ്. ഹോട്ടല്‍ മാനേജര്‍ക്ക് ഞങ്ങളുടെ ബഹളം പിടിച്ചില്ല. വാക്കേറ്റം ആയി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഞങ്ങളെ വിരട്ടാന്‍ നോക്കി. ഞങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ എല്ലാവരും ഒന്നിച്ചു നിന്നു- ആണുങ്ങളും  പെണ്ണുങ്ങളും. ഹലോജിയും ഇടപെട്ടു. സംഗതി പന്തിയല്ല എന്ന് കണ്ടപ്പോള്‍ എന്നെ മുതലാളിയുടെ റൂമിലേക്ക്‌ വിളിച്ചു നേരില്‍ സംസാരിച്ച്, പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഭക്ഷണം കഴിച്ച് ഞങ്ങള്‍ പുറത്തു കടന്നു
ബസ്സില്‍ എല്ലാവരും കയറി. വദൂസിനോട് വിട പറയുകയാണ്‌. ഉച്ച ഭക്ഷണത്തിന്‍റെ ആലസ്യത്തിലാണ് എല്ലാവരും. പ്രകൃതി ഭംഗി ആസ്വദിക്കുന്നുചിലര്‍. ബസ് ഒരു വലിയ തുരങ്കത്തിലേക്ക് കടന്നു. ഹലോജി വിവരണവും തുടങ്ങി. ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം യൂറോപ്പിലുള്ള വലിപ്പം കൂടിയ തുരങ്കങ്ങളില്‍ ഒന്നാണ് പോലും. തുരങ്കം കഴിഞ്ഞു പുറത്തിറങ്ങുന്നത് മറ്റൊരു രാജ്യത്തേയ്ക്കാണ്. പ്രകൃതി സൌന്ദര്യം നിറഞ്ഞൊഴുകുന്ന സ്വിറ്റ്സര്‍ലന്‍ഡ്. മനോഹരമായ പച്ചപ്പട്ടു പുതച്ചു കിടക്കുന്ന കുന്നുകളും നീല ജലാശയങ്ങളും താഴ്വരകളും പാല്‍ നിറമായ മലനിരകളും നിറഞ്ഞ സ്വിറ്റ്സര്‍ലന്‍ഡ്  ഒരു സ്വപ്ന ഭൂമിയായിരുന്നു ഈ നിമിഷം വരെ. അതെ ഇപ്പോഴിതാ ദില്‍ വാലെ ദുല്‍ ഹനിയ ലേ ജായേംഗെ  തുടങ്ങി അനേകം ഇന്ത്യന്‍ ചിത്രങ്ങള്‍ ചിത്രീകരിച്ച സ്ഥലം.

സ്വിറ്റ്സര്‍ലന്‍ഡ് ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്നവരെയൊക്കെ തൊട്ടുണര്‍ത്തി ക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും  ക്യാമറകള്‍ ഓണ്‍ ചെയ്തു പ്രകൃതി ഭംഗി ഒപ്പിയെടുക്കുകയാണ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ ഞങ്ങള്‍ ആദ്യം കാണാന്‍ പദ്ധതിയിടുന്നത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സമതല വെള്ളച്ചാട്ടമായ റൈന്‍ ഫാള്‍സ് ആണ്. ജെര്‍മനിയോടു തൊട്ടു ചേര്‍ന്ന് കിടക്കുന്ന സ്കാഫ്ഹാസന്‍ എന്ന സ്ഥലത്താണ് റൈന്‍ ഫാള്‍സ് ഉള്ളത്. ഐസ് ഏജ് കാലഘട്ടത്തില്‍, അതായത് പതിനേഴായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് റൈന്‍ നദിയില്‍ രൂപപ്പെട്ടതാണ് ഈ വെള്ളച്ചാട്ടം എന്നാണ് ചരിത്രം പറയുന്നത്. നദിക്കു മുകള്‍ ഭാഗത്തുള്ള റോഡില്‍ ഞങ്ങള്‍ ബസ് പാര്‍ക്ക് ചെയ്തു. ഓരോരുത്തരായി വാഹനത്തില്‍ നിന്നും ഇറങ്ങി. എല്ലാവരുടെയും കണ്ണുകള്‍ റൈന്‍ നദിയിലെ വെള്ളച്ചാട്ടത്തിലേക്ക്. വിശാലമായ നദിയില്‍ ഒരു തിട്ടയില്‍ നിന്നെന്നവിധം വെള്ളം താഴേക്കു ഒഴുകുന്നു. പാലു പോലെ പതഞ്ഞു വീഴുന്ന വെള്ളചാട്ടം  കാണുവാന്‍ വലിയ ജനക്കൂട്ടമൊന്നുമില്ല. നൂറില്‍ താഴെ സന്ദര്‍ശകര്‍ മാത്രം‍. ഞങ്ങള്‍ നദിക്കരയിലേക്ക് നടന്നു. സുവനീര്‍ വില്‍ക്കുന്ന ഏതാനും ചില കടകള്‍, സ്നാക്ക്സ് വില്‍ക്കുന്ന ചെറിയ കടകള്‍, നീന്തല്‍ വേഷം, ലൈഫ് ജാക്കറ്റ് ഇവയൊക്കെ വില്‍ക്കുന്ന കടകള്‍, പിന്നെ റസ്റ്റ്‌ റൂം.

നദിക്കരയില്‍ വെള്ളച്ചാട്ടത്തിനരികെ എത്തിയപ്പോഴേ പാര്‍ഥന്‍  പറയുന്നത് കേട്ടു, ഇതിലും എത്രയോ മനോഹരമാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം എന്ന്. എനിക്കും ഇതൊരു കിടിലന്‍ വെള്ളച്ചാട്ടമായിട്ടു തോന്നിയില്ല. കുറെ നേരം നദിക്കരയില്‍ കലപില കൂട്ടി, കുറെ ഫോട്ടോകളും എടുത്തു ഞങ്ങള്‍ തിരിച്ചു നടന്നു. റോഡിനോട് ചേര്‍ന്ന്‍ ചെറിയ ഒരു ഇന്ത്യന്‍ പെട്ടിക്കട. ഏതോ സിന്ധികള്‍ നടത്തുന്നു. സമൂസയും ബോണ്ടയും ചായയും ഒക്കെയുണ്ടവിടെ. ആകെ മൂന്നു പേര്‍ കടയില്‍. ജനവാസമില്ലാത്ത ഇവിടെയും ഇന്ത്യന്‍ പെട്ടിക്കട!. ചെറിയ വിശപ്പ്‌ ഉണ്ടായിരുന്നതിനാലും ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ്‌ അവിടെ കണ്ടതിന്‍റെ കൌതുകത്താലും ഞങ്ങള്‍ വടയും സമൂസയും ഒക്കെ വാങ്ങി.. ടൂറിസ്റ്റു സീസണില്‍ മാത്രമാണ് പെട്ടിക്കട പ്രവര്‍ത്തിക്കുന്നത്. രണ്ടു സമൂസക്ക് പത്തു യൂറോ ആണ്  ചാര്‍ജ് ചെയുന്നത്. ബ്ലേഡ് അല്ല, വാള് തന്നെ.. ഞങ്ങള്‍ അവരുമായും ഒന്നും രണ്ടും പറഞ്ഞെങ്കിലും തല്ലു കൂടിയില്ല.

തിരികെ ബസില്‍ കയറി, ഞങ്ങള്‍ സൂറിക്ക് വഴി ഹോട്ടലിലേക്ക് യാത്ര തിരിച്ചു.. പോകുന്ന വഴിയില്‍ തടാകങ്ങള്‍, റൈന്‍ നദി, മലകള്‍, വനങ്ങള്‍- ഇവയുടെ മനോഹര ദൃശ്യങ്ങള്‍  കാണാം. ഞങ്ങള്‍ സൂറിക്ക് സിറ്റിയില്‍ എത്തി.. അനേകം വര്‍ഷങ്ങള്‍ക്കു മുന്നേ ഉണ്ടാക്കിയ റോഡും സിഗ്നലുകളും കാരണം ട്രാഫിക് ആകെ കുത്തഴിഞ്ഞ മട്ടാണ്. യൂറോപ്പിലെ പല സിറ്റികളിലും ഇതാണവസ്ഥ.

സൂറിക്കില്‍ ഒരു വിഗഹ വീക്ഷണം മാത്രമാണ് പരിപാടി. സൂറിക്ക് ആണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ സിറ്റി.  രാജ്യത്തിന്‍റെ ധനകാര്യ തലസ്ഥാനം മാത്രമല്ല സാംസ്കാരിക തലസ്ഥാനവും സൂറിക്ക് ആണ്. ബേണ്‍ എന്ന രാജ്യ തലസ്ഥാനത്തേക്കാള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അറിയപ്പെടുന്ന പട്ടണവും  സൂറിക്ക് ആണ്. രാജ്യത്തെ ഏറ്റവും തിരക്ക് കൂടിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും സൂറിക്കിലാണ്. ലിമ്മത്  നദിക്കരയില്‍ സൂറിക്ക് തടാകത്തിനോട് ചേര്‍ന്നാണ് സൂറിക്ക് പട്ടണം സ്ഥിതി ചെയുന്നത്. സൂറിക്ക് തടാകത്തില്‍ നിന്നാണ് ലിമ്മത്  നദിയുടെ ഉത്ഭവം. പൊതുവേ വളരെ തണുത്ത കാലാവസ്ഥ, ഏറ്റവും കൂടിയ ചൂട് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ ജൂലൈ മാസങ്ങളില്‍ 24 ഡിഗ്രീ സെന്റിഗ്രേഡ്‌ ആണ്. ഇവിടുത്തെ ഏറ്റവും ചൂടു കൂടിയ കാലവസ്ഥയിലാണ് ഞങ്ങള്‍, എന്നിട്ടും ഞങ്ങളില്‍ പലരും തണുത്തു വിറയ്ക്കുകയായിരുന്നു.

ലോകത്തിലെ ചെലവേറിയ പട്ടണങ്ങളില്‍ ഒന്നാണ് സൂറിക്ക്. പ്രധാനമായും പൊതു ഗതാഗത സംവിധാനത്തെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ട്രെയിന്‍, ബസ് യാത്രക്കൂലികളും  മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണ്. താമസത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും ഭാരിച്ച ജീവിതച്ചെലവു തന്നെയാണ് ഈ രാജ്യത്ത്.

സൂറിക്കിലെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ് സൂറിക്ക് തടാകം. ഞങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്തു ഖോയ് ബ്രിഡ്ജിലേയ്ക്ക് നടന്നു. അവിടെ നിന്ന് നോക്കുമ്പോള്‍  സൂറിക്ക് തടാകം അതിമനോഹരമായ കാഴ്ചയാണ്.  1881 ല്‍ ലിമ്മത് നദിക്കു കുറുകെ ഉണ്ടാക്കിയ പാലമാണ് ഖോയി ബ്രിഡ്ജ്. ബ്രിഡ്ജിനു ഒരു വശം  തടാകവും മറുവശം നദിയുടെ തീരത്തുള്ള സൂറിക്ക് പട്ടണവും. നദിയോട് ചേര്‍ന്നുള്ള ചെറിയ കുളങ്ങളില്‍  അരയന്നങ്ങള്‍  നീന്തി തുടിക്കുന്നു. ഞങ്ങള്‍ കുറെ നേരം ആ ബ്രിഡ്ജിനടുത്തു ചിലവഴിച്ചു. ഫോട്ടോകള്‍ക്ക് പോസ് ചെയ്തു.  അവിടെ നിന്നാല്‍ സൂറിക്കിലെ പ്രധാന കത്തീഡ്രലുകള്‍ ആയ ഫ്രാമുന്‍സ്റ്റര്‍, പ്രെഡിഗര്‍കിര്‍ക്, ഗ്രോസ് മന്‍സ്റ്റര്‍ എന്നിവ കാണാം. അരമണിക്കൂറിനകം ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി. ബാനോസ്ട്രസേ ആണ് സൂറിക്കിലെ ഏറ്റവും വലിയ തെരുവ്. ഷോപ്പിംഗിനായി എത്തുന്ന വിനോദ സഞ്ചാരികള്‍ ഇവിടെയാണ്‌ വരുന്നത്. ലോകത്തിലെ ഒട്ടു മിക്ക വില പിടിപ്പുള്ള  ബ്രാന്‍ഡ് കളും ഇവിടെ ലഭിക്കും. ഏറ്റവും വലിയ അഞ്ചു സ്വിസ്സ് ബാങ്കുകളില്‍ മൂന്നിന്റെയും ആസ്ഥാനം ഈ തെരുവ് ആണ്. ഒരു ദിവസം മുഴുവന്‍ കറങ്ങിയാലും തീരാത്ത അത്ര കാഴ്ചകള്‍ ആണിവിടെയുള്ളത്. അവിടെയും ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടതു പത്തു മിനുട്ടുകള്‍ മാത്രം. ഒരു വിഗഹ വീക്ഷണം നടത്തി ഞങ്ങള്‍ വാഹനത്തില്‍ തിരികെയെത്തി.

സമയം ഇരുട്ടി തുടങ്ങുന്നു. ഞങ്ങള്‍ ജിസ്വില്‍ എന്ന ചെറു പട്ടണത്തിലേക്ക് ആണിപ്പോള്‍ പോകുന്നത്. അവിടെയുള്ള ഗ്രാന്‍ഡ്‌ സ്വിസ് ഹോട്ടലില്‍ ആണ് രണ്ടു ദിവസം താമസിക്കുന്നത്. ഏതാണ്ട് ഏഴരയോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. പഴക്കം ചെന്ന ഹോട്ടല്‍ ആണെങ്കിലും മനോഹരമായ പ്രദേശം. പെട്ടികള്‍ എല്ലാം ചെറിയ ഗോവണിയിലൂടെ വേണം മുകളിലെ നിലയിലെത്തിക്കാന്‍. ഞങ്ങള്‍ ഭക്ഷണ മേശയ്ക്കടുത്തെത്തി. കുട്ടികള്‍ ആരും ഭക്ഷണം കഴിക്കാന്‍ താല്പര്യം കാണിക്കുന്നില്ല. പ്രധാന റെസ്റ്റോറന്റ് അടച്ചു കഴിഞ്ഞു. ഹോട്ടലില്‍ നിന്ന് നോക്കുമ്പോള്‍ പെട്രോള്‍ സ്റ്റേഷന്‍ കാണാം. കുട്ടികള്‍ അവിടെയ്ക്ക് നടന്നു. അവിടെയും വളരെ കുറച്ചു ഫുഡ്‌ മാത്രം. അത് വാങ്ങി തിരികെ വന്ന് അവര്‍ ഞങ്ങള്‍ക്കൊപ്പം  ഭക്ഷണത്തിനിരുന്നു. സ്വാടില്ലാത്ത ചിക്കന്‍ കറി. പട്ടിണി കിടക്കാന്‍ വയ്യാതിരുന്നത് കൊണ്ടുമാത്രം എല്ലാവരും ഭക്ഷണം കഴിച്ചു, റൂമില്‍ പോയി. കുവൈറ്റില്‍ നിന്നും വന്ന റോയി അച്ചായന്‍ വാങ്ങി വന്ന കുപ്പിയുമായി. ഞാനും പാര്‍ഥനും ബിജും ഹോട്ടലിനു വെളിയിലെ ലോണില്‍ കഥകള്‍ പറഞ്ഞു കുറെ നേരമിരുന്നു.


 

Comments
Print Friendly, PDF & Email

You may also like