പൂമുഖം LITERATUREലേഖനം മണ്ണിൽ ഉറച്ചു നിന്നു ആകാശം തൊട്ട ഗരിമ

മണ്ണിൽ ഉറച്ചു നിന്നു ആകാശം തൊട്ട ഗരിമ

സ്വന്തം ജീവിത കാലത്തു തന്നെ ഇതിഹാസമായി മാറിയ ചുരുക്കം പേരിൽ പ്രാതസ്മരണീയനാണ് ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ചെന്നൈയിൽ വച്ച് അന്തരിച്ച ഡോ.എം.എസ്. സ്വാമിനാഥൻ ;ഇന്ത്യയുടെ
ഹരിത വിപ്ലവ നായകൻ. ശാസ്ത്രജ്ഞന്റെ ധിഷണയും ഭരണകർത്താവിന്റെ പ്രാഗത്ഭ്യവും ക്രാന്തദർശിത്വവും ഒന്നു ചേർന്ന മനുഷ്യ സ്നേഹി.അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് ഒരു നാടോ ഒരു തലമുറയോ മാത്രമല്ല അരിയും ഗോതമ്പും ഉരുള കിഴങ്ങുമെല്ലാം ആഹരിക്കുന്ന ജനസഞ്ചയത്തിന്റെ വരാനിരിക്കുന്നതലമുറകളോളം നീളുന്നകടപ്പാടാണത്.

1925 ആഗസ്റ്റ് 7 ന് മദ്രാസ് പ്രവിശ്യയിലെ കുംഭകോണത്ത് ജനിച്ച സ്വാമിനാഥൻ അച്ഛനെപ്പോലെ ഒരു ഭിഷഗ്വരൻ ആവുക എന്ന ലക്ഷ്യത്തോടെ പഠനം നയിച്ചെങ്കിലും ബംഗാൾ ക്ഷാമത്തിന്റേയും രണ്ടാം ലോക മഹായുദ്ധം വരുത്തിയ വറുതിയുടേയും കാഴ്ചകൾ കണ്ട് കാർഷിക ശാസ്ത്രം പഠിയ്ക്കണം എന്ന് തീരുമാനിക്കുകയായിരുന്നു.
മദ്രാസ് കാർഷിക കോളജിൽ നിന്ന് ബിരുദമെടുത്തതിനു ശേഷം ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ജനറ്റിക്സ് ആന്റ് പ്ലാന്റ് ബ്രീഡിംഗിൽ ബിരുദാനന്തര ബിരുദമെടുത്തു.സിവിൽ സർവീസ് പരീക്ഷയിൽ IPS ലഭിച്ചെങ്കിലും അദ്ദേഹം നെതർലാന്റ്സിൽ ഗവേഷണം തുടരുകയാണുണ്ടായത്.
ഉരുളക്കിഴങ്ങിന്റെ ജനിതക രഹസ്യങ്ങളായിരുന്നു പഠന വിഷയം.പിന്നീട് കേംബ്രിജിൽ നിന്നും ഗവേഷണ ബിരുദം നേടി.വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ജോലി നോക്കി. അവിടെ തുടരാനുള്ള നിർദ്ദേശം സ്വീകരിയ്ക്കാതെ അദ്ദേഹം 1954 ൽതിരികെ ഇന്ത്യയിലെത്തി.കുറച്ചു കാലം കട്ടക്കിലെ കേന്ദ്രനെല്ലു ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്തതിനുശേഷം വീണ്ടുംIARI യിൽ ചേർന്നു.

1947 ഓഗസ്റ്റ് 15 ലെ പത്രങ്ങളിലെ ആദ്യ താളിൽ നെഹ്രുവിന്റെ വിധിയുമായുള്ള കൂടിക്കാഴ്ച്ച’ എന്ന പ്രസിദ്ധമായ വാക്കുകൾ ആയിരുന്നുവെന്നത് എല്ലാവർക്കും അറിയാം. എന്നാൽ ഉൾത്താളുകളിൽ ഇന്ത്യ നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചായിരുന്നു എഴുതിയിരുന്നത്.
ഇന്ത്യ നേരിടാൻ പോകുന്ന ഭക്ഷ്യ പ്രതിസന്ധിയെ ക്കുറിച്ച് പല പ്രവചനങ്ങളും പലയിടത്തു നിന്നും വന്നിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാർ ഭക്ഷ്യക്ഷാമം മൂലം 1970 കളിൽ മരിച്ചു വീഴും എന്നതായിരുന്നു അതിൽ ഒന്ന്.

കേവലം 6 മില്യൺ ടൺ മാത്രമായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഗോതമ്പിന്റെ ഉൽപ്പാദനം.
രണ്ട് പഞ്ചവൽസര പദ്ധതികൾ കഴിഞ്ഞിട്ടും ആശിച്ച മുന്നേറ്റം ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ കൈവരിയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെ സമയത്ത് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഒരാഴ്ചക്കെങ്കിലും ഉപേക്ഷിക്കാൻ ജനങ്ങളോടഭ്യർത്ഥിച്ച സ്ഥിതിവിശേഷമുണ്ടായി.
1937 ൽബർമ്മ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വേർപെട്ടു പോയതിനു പിന്നാലെ , ഇന്ത്യാ വിഭജനത്തിൽ കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പഞ്ചാബും കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.നെല്ലിന്റേയും ഗോതമ്പിന്റേയും കലവറകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.1954 ൽ അമേരിക്കയുമായുള്ള PL480 ധാരണ പ്രകാരം ഇന്ത്യയ്ക്കു ലഭിച്ചിരുന്ന ഭക്ഷ്യ സഹായം 1960 കളുടെ ഒടുവിൽ അവസാനിച്ചതോടെ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടി വന്നു.


ശാസ്ത്രി മന്ത്രിസഭയിലും ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലും കൃഷി മന്ത്രി ആയിരുന്ന സി. സുബ്രഹ്മണ്യം ആയിരുന്നു ആധുനിക കൃഷി വികസന നയത്തിന് രൂപം നൽകിയത്. ഇന്ത്യയ്ക്ക് അപ്രാപ്യം എന്ന് എഴുതിത്തള്ളിയ ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിയ്ക്കാൻ അദ്ദേഹത്തോടൊപ്പം യത്നിച്ചത് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശിൽപ്പിയായ ഡോ.സ്വാമിനാഥനും സംഘവും ആയിരുന്നു.

ഡോ. സ്വാമിനാഥന്റെ സുഹൃത്തും
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലാഗുമായി സഹകരിച്ച് അത്യുൽപ്പാദന ശേഷിയുളള മെക്സിക്കൻ കുള്ളൻ ഗോതമ്പിനങ്ങളിൽ നടത്തിയ ഗവേഷണങ്ങളും പരീക്ഷണങ്ങളുടേയും ഫലമായി കൂടുതൽ കൃഷി ഭൂമിയിൽ പുതിയ ഗോതമ്പ് കൃഷി ചെയ്തു. കർഷകർക്കിടയിൽ പുതിയ ഇനങ്ങൾക്ക് സ്വീകാര്യത വർദ്ധിച്ചു. രാസവളങ്ങളോട് കൂടുതൽ നന്നായി പ്രതികരിക്കുന്ന ഈ ഇനം ഗോതമ്പുകൾ കൃഷി ഇറക്കിയതു വഴി ഗോതമ്പിന്റെ ഉൽപ്പാദനം 1968 ൽ 17 മില്യൺ ടണ്ണിലേക്കെത്തി.അസാദ്ധ്യമെന്നു കരുതിയിരുന്ന ഈ ലക്ഷ്യം കൈവരിച്ചതിന്റെ സ്മരണയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി ഗോതമ്പു കതിരുകളുടെ ചിത്രങ്ങളുള്ള Wheat Revolution എന്ന് ആലേഖനം ചെയ്ത , തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ഉണ്ടായി.

വിശക്കുന്ന ജനതയ്ക്ക് ഭക്ഷണം നൽകുന്നത് തന്നെ ലോക സമാധാനത്തിനു കാരണമാകുന്നു എന്ന് 1970 ലെ സമാധാനത്തിനുള്ള നോബൽ പ്രൈസ് നോർമൻ ബോർലാഗിന് നൽകുമ്പോൾ നോബൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.നോർമൻ ബോർലാഗ് ഹരിത വിപ്ലവത്തിന്റെ വിജയത്തിൽ സ്വാമിനാഥന്റെ പങ്കിനെ കുറിച്ച് അനുസ്മരിച്ചിട്ടുണ്ട്.ഏഷ്യയിൽ ഹരിത വിപ്ലവത്തിന് വേരോട്ടമുണ്ടാകാൻ പ്രധാന കാരണം കുള്ളൻ വിത്തിനങ്ങളുടെ ഗുണമേൻമ ആരംഭ ഘട്ടത്തിൽ തന്നെ ഡോ.സ്വാമിനാഥന് തിരിച്ചറിയാനായതു കൊണ്ടാണ്. ഉയരം കൂടിയ നാടൻ ഇനങ്ങളിൽ രാസവളം പ്രയോഗിച്ചാൽ വിളവെടുക്കാൻ കഴിയാത്ത രീതിയിൽ ചെടികൾ വയലിൽ മറിഞ്ഞ് വീണ് നശിക്കുമായിരുന്നു ( lodging). ഈ പ്രശ്നം പരിഹരിക്കാൻ കുള്ളൻ ഇനങ്ങൾക്കു കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
രാസവളത്തിന് പ്രതികരിക്കുന്ന അത്യുൽപ്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും ഉള്ള വിത്തുകൾ ഉൽപ്പാദിപ്പിക്കാനായതോടെ നമുക്ക് ആധുനിക കാർഷിക മുറകളും അനുവർത്തിക്കാനാകുകയും അങ്ങനെ ഒരു പുതിയ കാർഷിക യുഗത്തിലേക്ക് ഇന്ത്യ കുതിച്ചു. പട്ടിണി രാജ്യമെന്ന ദയനീയതയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കയറ്റുമതിചെയ്യുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ കടന്നിരുന്നു .


1954 – മുതൽ 1972 വരെ IARI യിൽ ജനിതക ശാസ്ത്രജ്ഞനായി തുടർന്നു. തുടർന്ന് 7 വർഷം ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു.കൃഷി സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.തുടർന്ന് 1982 മുതൽ 1988 വരെ ഫിലിപ്പൈൻസിലെ ഇന്റർനാഷനൽ റൈസ് റിസർച്ച് സെന്ററിന്റെ ഡയറക്ടർ ജനറലായി നിയമിതനായി. 1981 മുതൽ 1985 വരെ FAO കൗൺസിലിന്റെ സ്വതന്ത്ര ചെയർമാൻ ആയിരുന്നു.വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1967 ൽ ഡോ.സ്വാമിനാഥന് പത്മശ്രീയും 1972 ൽ പ ത്മഭൂഷണും 1989 ൽ പത്മവിഭൂഷണും ലഭിച്ചു.
അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും നിരവധിയാണ്.
1971 ൽ ഡോ. സ്വാമിനാഥന് ഏഷ്യയുടെനോബൽ സമ്മാനത്തിന് തത്തുല്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രമൺ മാഗ്സസേ അവാർഡ് ലഭിച്ചു.

1986 ൽ ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡും1987 ൽ ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസും അദ്ദേഹത്തെ തേടിയെത്തി.

200000 ഡോളർ മൂല്യമുള്ള
അവാർഡ് തുക ഉപയോഗിച്ച് 1988 ൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.

ഗ്രാമീണസ്ത്രീകൾക്കും കുട്ടികൾക്കും പ്രകൃതിക്കും വേണ്ട കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി വേണ്ട ശാസ്ത്ര സാങ്കേതികതയക്കായി 18 രാജ്യങ്ങളിലായി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നു. മത്സ്യമേഖല, ജൈവ സാങ്കേതിക മേഖല, ജൈവ വൈവിദ്ധ്യം, പാരിസ്ഥിതിക സങ്കേതങ്ങൾ ,കാലാവസ്ഥാ വ്യതിയാനം, കൃഷി ,ഭക്ഷണം ആരോഗ്യം, സ്ത്രീ ശാക്തീകരണവും സുസ്ഥിര വി സനവും തുടങ്ങിയ വൈവിദ്ധ്യമാർന്ന തലങ്ങളിൽ MSSRF പ്രവർത്തിക്കുന്നു

കൃഷിയുടെ വികസനത്തോടൊപ്പം കർഷകരുടെ ഉന്നമനത്തിനും ഊന്നൽ നൽകി. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ഓണററി വൈസ് പ്രസിഡന്റായും IUCN പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ഒരു പ്രകൃതി സ്നേഹി കൂടിയാണ് അദ്ദേഹം.മൂന്നാം ലോകങ്ങളിലെ ദുരിതമനുഭവിക്കുന്ന കർഷക സ്ത്രീകൾക്കും വേണ്ടി ശബ്ദമുയർത്തിയിരുന്നു. രാജ്യസഭാംഗമായിരുന്ന കാലത്ത് കർഷക വനിതകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ബിൽ കൊണ്ടു വന്നിരുന്നു.ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ വിജയത്തിനു കാരണക്കാരനെന്ന നിലയിൽ ശ്രീ.സി. സുബ്രഹ്മണ്യത്തിന് 1998 ൽ ‘ രത്ന’നൽകി ആദരിച്ചിരുന്നു.കല ,ശാസ്ത്രം, കായിക രംഗം, തുടങ്ങി മറ്റ് ഏത് മേഖലകളിലും മനുഷ്യൻ പ്രവർത്തിക്കണമെങ്കിൽ പ്രാഥമികമായി വേണ്ടത് വിശപ്പില്ലാതിരിക്കുക എന്നതാണ്.
ഡോ.സ്വാമിനാഥന്റെ തന്നെ വാക്കുകൾ കടമെടുത്താൽ
യുദ്ധത്തിനാവശ്യമായ തോക്കുകളും മറ്റും എത്ര വേണമെങ്കിലും ഫാക്ടറികളിൽ ഉണ്ടാക്കാനും ലോകത്ത് എവിടെ നിന്നു വേണമെങ്കിലും വാങ്ങിക്കൂട്ടാനും കഴിയും എന്നാൽ കൃഷിയിൽ എളുപ്പ വഴികളില്ല തന്നെ.

ഡോ.എം.എസ് സ്വാമിനാഥന് മരണാനന്തര ബഹുമതിയായി ‘ ഭാരത രത്ന ‘ നൽകുമെന്നു തന്നെ പ്രതീക്ഷിക്കാം.അതുവഴി ആ ബഹുമതിയുടെ തിളക്കം ഏറുകതന്നെ ചെയ്യും എന്നത് തീർച്ച.ഡോ.എം.എസിന്റെ പേരിൽസുഗന്ധം പരത്തുന്ന രണ്ട് റോസാച്ചെടികളുമുണ്ട് എന്നത് മറ്റൊരു കൗതുകമാണ്.
എം.എസ്. സ്വാമിനാഥൻ എന്ന റോസ് ഇനം രോഗപ്രതിരോധ ശേഷിയുള്ളതും അതീവ ഹൃദ്യമായ സുഗന്ധമുള്ള മജന്ത നിറത്തിൽ പൂക്കളുള്ള ഇനമാണ്. കൊടൈക്കനാലിലെ വീരരാഘവൻ എന്ന റോസ് ബ്രീഡർ ആണ് ഈ ഇനം ഉരുത്തിരിച്ചത്.രണ്ടാമത്തേത് JOM ( Jewel of Moncombu) എന്ന പേരിലുള്ള ഫ്ലോറി ബണ്ട ഇനമാണ്. ഇത് വികസിപ്പിച്ചെടുത്തത് ബാംഗളൂരിലെ ഫ്ലോറിക്കൾച്ചറിസ്റ്റ് ആയ കെ.ശ്രീറാം കസ്തൂരി രംഗനാണ്.ഈ രണ്ടിനങ്ങളും 2021 ൽ ചെന്നൈയിലുള്ള വസതിയിൽ വച്ച് ഡോ.സ്വാമിനാഥനു സമ്മാനിക്കുകയുണ്ടായി.

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണയായിരുന്ന ശ്രീമതി. മീനാ സ്വാമിനാഥനായിരുന്നു അദ്ദേഹത്തിന്റെ പത്നി . ICDS പദ്ധതിയുടെ തുടക്കം ശ്രീമതി മീന അദ്ധ്യക്ഷയായിരുന്ന സമിതിയുടെ ശുപാർശയെ തുടർന്നാണ്. യുനസ്കോ , യൂനിസെഫ് എന്നിവയുടെ കൺസൾട്ടന്റ് കൂടിയായിരുന്നു. ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിക്കുന്ന ഡോ.സൗമ്യ സ്വാമിനാഥനടക്കം മൂന്നു പെൺ മക്കളാണ് ഉള്ളത്.


അദ്ദേഹം IRRI ഡയറക്ടറായിരുന്ന സമയത്ത് ഇന്ത്യയിൽ നിന്നും ഉള്ള നാടൻ നെല്ലിനങ്ങൾ വിദേശത്തേക്ക് കടത്തി എന്നൊരു അർത്ഥശൂന്യമായ ആരോപണവും അത് സൃഷ്ടിച്ച വിവാദവും അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും പലരും ആവർത്തിച്ചിരുന്നു.

ഭൂമുഖത്തു നിന്ന് അനുനിമിഷം പല ജീവിവർഗ്ഗങ്ങളും നഷ്ടമാകുന്നതിനെ കുറിച്ച് എല്ലാവർക്കും ധാരണയുണ്ട്.
എന്നാൽ അപ്രകാരം തന്നെ ഒരു സ്പീഷീസിലെ ജനിതക വൈവിദ്ധ്യവും പല കാരണങ്ങളാൽ നഷ്ടമാകുന്നുണ്ട്.Genetic erosion എന്നാണ് ഇതിന് പറയുന്നത്. പുതിയ ഇനം വിത്തുകൾ കൂടുതലായി കൃഷി ചെയ്യുമ്പോൾ പഴയ ഇനങ്ങൾ നഷ്ടപ്പെട്ടു പോകുന്നു.
അന്താരാഷ്ട്റ തലത്തിൽ ഇത് തടയുന്നതിനും ജൈവ വൈവിദ്ധ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജീൻ
ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. IRRI യിലെ ജീൻ ബാങ്കിൽ 132000 ലധികം വിത്ത് സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്. നാടൻ നെല്ലിനങ്ങൾ കൂടാതെ നെല്ലിന്റെ വന്യ ഇനങ്ങളും ഇതിലുണ്ട്. ഭാവിയിൽ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ അതിജീവിക്കാനാവശ്യമായ ഇനങ്ങൾ ബ്രീഡ് ചെയ്യുന്നതിന് ഇത് അത്യാവശ്യമാണ്. അങ്കുരണ ശേഷി നഷ്ടപ്പെടാതെ കുറഞ്ഞ താപനിലയിൽ ദശാബ്ദങ്ങളോളം വിത്തുകൾ സൂക്ഷിക്കാൻ കഴിയും. നമ്മുടെ കാലാവസ്ഥയിൽ കേവലം ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ അങ്കുരണ ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നു കൂടി ഓർക്കുമ്പോഴാണ് ജീൻ ബാങ്കുകളുടെ പ്രസക്തി മനസ്സിലാവുക. കൃത്യമായ അന്തർദേശീയ നിയമങ്ങൾക്കനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. അതനുസരിച്ച് വിവിധ അംഗരാജ്യങ്ങൾക്ക് ഗവേഷണത്തിനാവശ്യമായ വിത്ത് ലഭിക്കും. നമ്മൾ ഇന്നുപയോഗിക്കുന്ന പല നെല്ലിനങ്ങളിലും ഇങ്ങനെ ലഭ്യമായ വിത്തുകളുടെ ജനിതക സാന്നിദ്ധ്യം ഉണ്ട്.

ഒന്നോർക്കുക. മലയാളി വയറ് നിറച്ച് ഊണു കഴിയ്ക്കാൻ തുടങ്ങിയത് IR8 എന്ന അത്ഭുതവിത്തിന്റെ വരവോടു കൂടിയാണ്. 1966 നവംബർ 28 നാണ് |R 8 ന്റെ പിറവി. തായ് വാനിൽ നിന്നുമുള്ള ഡീ- ജോ- വൂ -ജെൻ എന്ന ഇനവും ഇന്തോനേഷ്യയിൽ നിന്നുമുള്ള പീറ്റ എന്ന ഇനവും ചേർത്താണ് IR 8 ഉണ്ടാക്കിയത്.
1967 ൽ ആന്ധ്രയിൽ നിന്നുള്ള എൻ.സുബ്ബറാവു എന്ന ഉൽപ്പതിഷ്ണുവായ കർഷനാണ് ഇന്ത്യയിലാദ്യമായി IR8 പ്രദർശന കൃഷിയിടം ഒരുക്കിയത്.പ്രദർശന കൃഷിയിടമെന്ന ഐഡിയയും ഡോ.എം.എസ്. സ്വാമിനാഥന്റേത് തന്നെ ആയിരുന്നു.p

വിശപ്പിനും ഭക്ഷണത്തിനുമിടയിൽ അതിർത്തികൾക്ക് പ്രസക്തിയില്ല.

മണ്ണിൽ ഉറച്ചു നിന്ന് ആകാശം തൊട്ട ഗരിമ ഇനി ഒരു സൗമ്യ നക്ഷത്ര ദീപ്തി.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like