കേരളത്തിലെ ആഫ്രിക്കയാണ് ഇടുക്കി. കാരണം പൊതുനിയമങ്ങൾ ഈ ജില്ലയ്ക്ക് ബാധകമല്ല.
ഇടുക്കിക്കാരനായതിന്റെ പേരിൽ അവർ വിവേചനം നേരിടുന്നു. അതു വന്നുവന്ന് ഇവിടുത്തെ ആൺകുട്ടികൾക്ക് ഒരു പെണ്ണു പോലും കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുന്നു! ചാനലുകാരുടെ സ്ഥിരം പരിഹാസം നോക്കുക. കഞ്ചാവ്-പാറ-ക്വാറി കയ്യേറ്റക്കാരൻ! ഏഴെട്ട് പതിറ്റാണ്ടുകളായി അവർ മല്ലിടുന്നു. പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. പ്രകൃതിയുടെ സർക്കാരിന്റെ കോടതിയുടെ ഉഗ്രപ്രഹരമേറ്റ് നിലം പൊത്തുന്നു. ചിലർ ഇവിടെത്തന്നെ മണ്ണടിയുന്നു. മറ്റു ചിലർ പിന്നെയും തപ്പിത്തടഞ്ഞ് ഒരു വിധം എഴുന്നേൽക്കുന്നു. അവർ ഇവിടെ അരിഷ്ടിച്ചു ജീവിക്കുന്നു. മണ്ണടിഞ്ഞവരും ജീവിക്കുന്നവരും തമ്മിൽ സാരമായ വ്യത്യാസമില്ല! ഭാര്യമാരും മക്കളും ഈ മണ്ണിലേക്ക് പോരാൻ തോന്നിയ നിമിഷത്തെ ആയിരംവട്ടം ശപിച്ചിട്ടുണ്ടാകും. കഷ്ടം! അവരുടെ കണ്ണീരാണ് ഇടുക്കിയിൽ ഒഴുകുന്നത്. അവരുടെ നിലവിളിയാണ് കിഴക്കൻ കാറ്റായി ഹൈറേഞ്ചിൽ ചീറിയടിക്കുന്നത്. എങ്കിലും ഇവിടുത്തെ മനുഷ്യർ ഈ നാട് വിട്ട് പോകില്ല. ഈ മണ്ണ് അവർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ, ഭാര്യയേക്കാൾ പ്രിയപ്പെട്ട കാമുകിയെ പോലെ.
കോടതികൾ അപ്പനെ പോലെ ഇടുക്കിയിലെ ജനങ്ങളെ ശിക്ഷിക്കുന്നു. അതു പറ്റില്ല, ഇത് പറ്റില്ല. അമ്മയെ പോലെ സർക്കാരും പറയുന്നു. അതു പാടില്ല, ഇതു പാടില്ല. അമ്മാവന്മാരെ പോലെയാണ് റവന്യുവകുപ്പും വനം വകുപ്പും. ഈ നാട്ടിലെ മനുഷ്യർ ചെയ്യുന്നതെല്ലാം അവർക്ക് കുറ്റമാണ്. നാല് ചെടികൾ മണ്ണിൽ കുഴിച്ചു വെച്ച് ഒന്നു പച്ചപിടിക്കുമ്പോഴെക്ക് കാട്ടാനയായി, കാട്ടുപോത്തായി, പെരുമഴയായി, തീവെയിലായി. എല്ലാം കൊണ്ടുപോകും, കൺമുമ്പിൽ.
ഉരുൾപൊട്ടൽ ഒരു നിമിഷം കൊണ്ട് എല്ലാം കവരുമ്പോൾ അവരുടെ മനസ്സു മരവിക്കും. പക്ഷേ, നേരം പുലരുമ്പോൾ അവർ എല്ലാം മറന്ന് മണ്ണിലിറങ്ങും. നാറാണത്ത് ഭ്രാന്തനെ പോലെ ഒരിക്കൽ കൂടി ചെടികൾ നടും. വിളവുകൾ സ്വപ്നം കണ്ട് രാത്രിയിൽ ഉറങ്ങും. പക്ഷേ, വിളവ് എടുക്കാറാകുമ്പോൾ പ്രകൃതിയുടെ പ്രഹരമേറ്റ് ഒരിക്കൽക്കൂടി നിലം പൊത്തും. അതിരാവിലെ ഭാര്യയുടെ കെട്ടുതാലിയുമായി ബാങ്കിലേക്ക് നടക്കും.
ഹൈറേഞ്ചിലെ ജീവിതം ഇത്ര കണ്ട് സങ്കീർണ്ണമാക്കിയത് റവന്യു-വന വകുപ്പുകളുടെ അനാസ്ഥയും കോടതി വിധികളും പ്രകൃതിയുടെ താണ്ഡവവും എല്ലാം കുടി ചേർന്നാണ്. ഇടുക്കിയെ മാനവികമായ കാഴ്ചപ്പാടിൽ കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിജീവനത്തിനായി പോരാടുന്ന ഈ നാടിന്റെ നൊമ്പരങ്ങളും മുറിവുകളും വർത്തമാനകാല പ്രതിസന്ധിയും മലയാളികളെ ആഴത്തിൽ സ്പർശിക്കാൻ പാകത്തിലുള്ള ഈടുറ്റ സാഹിത്യ രചനകൾ പിറക്കേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഈ ദിശയിലുള്ള നല്ല തുടക്കമാണ്, ഒരു ഓർമ്മപ്പെടുത്തലാണ്, അടയാളപ്പെടുത്തലാണ് ശ്രീ. ഇ ജെ ജോസഫ് എഴുതിയ “തോറ്റവരുടെ യുദ്ധങ്ങൾ ” എന്ന നാടകം. ദർശനക്കു വേണ്ടി ഈ നാടകം ചിട്ടപ്പെടുത്തുന്നത് മലയാള നാടക വേദിയിലെ അതികായനായ ശ്രീ. നരിപ്പറ്റ രാജുമാഷാണ്.
കേരളീയർ ഒരു തോറ്റ ജനതയാണ് എന്ന് ആദ്യം പറഞ്ഞത് കെ. ജി. സുബ്രഹ്മണ്യദാസാണ്. അത് അക്ഷരം പ്രതി ഇടുക്കിക്കാരെ സംബന്ധിച്ച് വാസ്തവമാണ്. എന്നാൽ അവർ സ്വയം തോറ്റതല്ല. തോൽപ്പിച്ചതാണ്. കേരളത്തിലെ പൊതുനിയമങ്ങൾ മിക്കതും നേര്യമംഗലം-മുണ്ടക്കയം പാലങ്ങൾ കടന്നാൽ പിന്നെ അടപടലം മാറുകയാണ് . ഇടുക്കിക്കാരെ സ്പർശിക്കാൻ എല്ലാവർക്കും ഭയമാണ്. താണജാതിക്കാരെ പോലെ അവർ എവിടെയും മാറ്റിനിർത്തപ്പെടുന്നു! 1957 മുതൽ കേരളത്തിൽ ഭരണങ്ങൾ മാറി മാറി വന്നു കൊണ്ടിരുന്നു. പക്ഷേ ഇടുക്കിക്കാർ തോറ്റുകൊണ്ടിരുന്നു. ഇടുക്കിയിലെ കാട്ടുമാവ് പൂത്തില്ല. കേരള ചരിത്രമെന്നത് ജയിച്ചരുടെ മാത്രമല്ല, തോറ്റവരുടെ കൂടിയാണ്. അങ്ങനെ വീണ്ടും വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഒരു ജനതയെ ഈ നാടകത്തിൽ കാണാം.
ഇന്ന് ഇടുക്കിയിൽ കുടിയേറ്റക്കാരുടെ മക്കൾ കൂടൊഴിയുകയാണ്. അവർ കൂട്ടത്തോടെ വിദേശത്ത് ചേക്കേറുന്നു. വീടുകളിൽ മക്കളില്ല. ഒരിക്കൽ പോയാൽ പിന്നെ തിരിച്ചു വരില്ല. മണ്ണിനെ ഓർത്ത് അപ്പൻമാരും അമ്മമാരും ആശങ്കപ്പെടുന്നു. നാടകത്തിന്റെ ആദ്യരംഗത്തിൽ തന്നെ പുതുതലമുറ ചോദിക്കുന്നു. ഇനിയും ഈ മണ്ണിൽ കൃഷി ചെയ്ത് ജീവിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ? ഇടുക്കിയിലെ വർത്തമാനകാല പ്രതിസന്ധിയുടെ ആഴവും പരപ്പും മിഴി തുറക്കുന്നതാണ് ഈ ഡോക്യു-നാടകത്തിലെ ഓരോ രംഗങ്ങളും. ഇന്ന് വിദേശത്ത് പഠിക്കാൻ പോകുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. ഒരു പക്ഷേ, കാർഷിക പ്രതിസന്ധികളും ഭൂപ്രശ്നങ്ങളും കഠോര പ്രകൃതിയും ഇടുക്കിയിലെ കുട്ടികൾക്ക് മടുത്തിരിക്കണം. പുതുതലമുറ നാടു വിടുന്നതിനെപ്പറ്റി നാടകം നിരീക്ഷിക്കുന്നത് നോക്കുക.
‘മക്കൾ എന്നും കൂടെ കാണണമെന്ന് വിചാരിക്കുന്നത് ബുദ്ധിമോശമോ സ്വാർത്ഥതയോ ആണ്. ഇപ്പോൾ എതിർക്കുന്ന പിതാക്കൻമാരും പണ്ട് അപ്പനോടും അമ്മയോടും യാത്ര പറഞ്ഞാണ് കിഴക്കോട്ട് പോയത്. അട്ട കടിക്കുമെന്നും കാട്ടുപോത്തും കാട്ടാനയും ഓടിക്കുമെന്നും ഉള്ള ഭീകരകഥകൾ അപ്പനപ്പൂപ്പൻമാർ അന്ന് പറഞ്ഞതാണ്. പക്ഷേ, അവർ കേട്ടില്ല. സിരകളിൽ ഊഞ്ഞാലാടുന്ന ആവേശത്തിൽ വലിയ ഭാണ്ഡക്കെട്ടുകൾ തലയിലേറ്റി ഹൈറേഞ്ചിലേക്ക് നടന്നു.’
കയ്യേറ്റക്കാർ എന്നു വിളിക്കുന്ന മാധ്യമങ്ങളേ, പരിസ്ഥിതിശുദ്ധവാദികളേ നിങ്ങൾ ഒന്നറിയണം. സർക്കാർ വിളംബരം കേട്ട് വിശ്വസിച്ച് വന്നവരാണ് ഇടുക്കിയിൽ ആദ്യം വന്നത്. 1950 കളിൽ തമിഴരായിരുന്നു തോട്ടങ്ങളിൽ പണിയെടുത്തിരുന്നത്. ആ നില തുടർന്നിരുന്നുവെങ്കിൽ ഈ നാടുകൾ തമിഴ് നാടിനോട് കൂട്ടിച്ചേർക്കപ്പെടുമായിരുന്നു. അത് അട്ടിമറിക്കാനാണ് ഇവിടെ കോളനികൾ സ്ഥാപിച്ചത്. 1954 ഒക്ടോബർ 1 ലെ ഗവണ്മെന്റ് ഉത്തരവിൻ പ്രകാരമാണ് കുടിയേറ്റക്കാർ ഇവിടെ വന്നത്, പട്ടം കോളനി രൂപികരിക്കുന്നത്. അന്ന് അദ്ധ്വനിക്കാൻ തയ്യാറുള്ളവർ, കൈത്തഴമ്പുള്ളവർ കിഴക്കൻ മല കയറി. അവർക്ക് സർക്കാർ ആയിരം രൂപ ചിലവിന് നൽകിയിരുന്നു. അതിനെ തുടർന്ന് മധ്യതിരുവിതാംകൂറിൽ നിന്നുള്ള പുറപ്പാട് വ്യാപകമായി. കാളവണ്ടി കയറിയും ബസ്സു കയറിയും നടന്നും പിടിച്ചും മനുഷ്യർ കൊടുംകാടുകൾ താണ്ടി ഇടുക്കിയിലെ കാനാൻ ദേശത്ത് എത്തി.
അന്ന് ഇവിടെ കാടാണ്. കാലേ പിടിച്ച് പാറയിലടിക്കുന്ന ഒറ്റയാനുണ്ട്. കടുവയുണ്ട് പുലിയുണ്ട് കരടിയുണ്ട്. മണ്ണിലേക്ക് ഇറങ്ങിയാൽ ചോര ഊറ്റിക്കുടിക്കുന്ന അട്ടയുണ്ട്. രാത്രിയിൽ ജനങ്ങൾ ഉറങ്ങില്ല! എപ്പോഴാണ് ഒറ്റയാൻ വരിക, അത് ആർക്കും പറയാൻ പറ്റില്ല. ഇരുളിന്റെ മറവിൽ അവൻ വരും. ഒരു വർഷം മണ്ണിൽ പണിതത് ഒരു നിമിഷം കൊണ്ട് അവൻ ചവിട്ടിമെതിക്കും. അതുപോലെ പന്നിയും വരും. രണ്ടേക്കർ കപ്പക്കാല ഉഴുത് മറിക്കാൻ ഒരു രാത്രി മതി കാട്ടുപന്നിക്ക്. കഷ്ടമെന്ന് പറയട്ടെ 2023 ലും ഈ അവസ്ഥകൾ എല്ലാം അതേ പടി തുടരുന്നു. ഇന്നും ആനയുടെ ചിഹ്നം വിളി കേൾക്കുന്ന സ്ഥലങ്ങളുണ്ട്. ഇടുക്കിയിലെ മലകളിൽ അതോർത്ത് നടുങ്ങുന്ന മനുഷ്യരുണ്ട്. അവരുടെ നെടുവീർപ്പുകളും വേപഥുവും “തോറ്റവരുടെ യുദ്ധങ്ങളി”ൽ കാണാം. അവ കാണികളെ വേട്ടയാടും.
കുടിയേറ്റങ്ങളുടെ നാടാണ് ഇടുക്കി. തമിഴ്നാട്ടിൽ നിന്ന് ആദ്യ കുടിയേറ്റം നടന്നു. 1950 ന്റെ ആരംഭത്തിൽ മധ്യതിരുവിതാംകൂറിൽ തുടങ്ങിയ കുടിയേറ്റമാണ് അവസാനത്തേത്. അന്നു മുതൽ ഇടുക്കിയിലെ കുടിയിറക്കും ആരംഭിക്കുന്നു. ഇടുക്കി കേരളത്തിന്റെ ഭാഗമായി. അതോടെ സർക്കാരിന്റെ മട്ടും ഭാവവും മാറി.
പിന്നീട് ഫോറസ്റ്റുകാർ ഇവിടെ അഴിഞ്ഞാടി. ഹേറോദോസിന്റെ പടയാളികളെ പോലെ അവർ പിഞ്ചുചെടികളെ അരിഞ്ഞുവീഴ്ത്തി. അയ്യപ്പൻകോവിലിൽ നിന്ന് ഒരു സ്വരം ഉയർന്നു. രോദനവും അത്യുച്ചത്തിലുള്ള വിലാപവും! കുട്ടപ്പനും മറിയയും തങ്ങളുടെ വിളകളെ ചൊല്ലി കരയുകയാണ്. ഞങ്ങൾ എന്തെടുത്ത് ഇനി ഭക്ഷിക്കും? ചിത്രസ്തംഭങ്ങൾ പോലെ മണ്ണിൽ തലയുർത്തിയ കുരുമുളക് ചെടികൾ ഇതാ നിലം പൊത്തി കിടക്കുന്നു! കണ്ണുനീർ തുടച്ച് അവർ വീണ്ടും മണ്ണിലേക്ക് ഇറങ്ങി. ഒടുവിൽ ഇടുക്കി പദ്ധതിക്കായി,തോണിത്തടി, കോഴിമല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നി ദേശങ്ങളിലെ ജനങ്ങളെ കുടിയിറക്കുന്ന രംഗങ്ങൾ നമ്മുടെ കണ്ണു നനയ്ക്കും. ഒരു വശത്ത് കർഷകരുടെ മണ്ണിനോടുള്ള വൈകാരിക ബന്ധം. മറുഭാഗത്ത് പോലീസിന്റെയും വനപാലകരുടെയും നരനായാട്ടുകൾ! അവ എല്ലാം ഉള്ളുലയ്ക്കുന്ന രംഗങ്ങളാണ്. മരണമാണ് അവർക്ക് നിത്യമോചനം നൽകുന്നത്.
അയ്യപ്പൻകോവിൽ സമരനായകൻ മരിക്കുമ്പോൾ ഒരു തലമുറ അവസാനിക്കുന്നു.
നാടകം പിന്നീട് വർത്തമാന കാലത്തിലേക്ക് തിരിയുന്നു. ഇടുക്കിയിലെ ഭൂമിയിൽ കടകൾ നിർമ്മിക്കാൻ അനുവാദമില്ല. ബിൽഡിംഗ് പെർമിറ്റ് കിട്ടില്ല. പട്ടയ ഭൂമിയിൽ കടവെക്കാനുള്ള ചട്ടമില്ല. പത്താം ക്ലാസ്സു കഴിഞ്ഞാൽ കുട്ടികൾക്ക് പഠിക്കാൻ കോളേജില്ല. അവർ തൂമ്പ എടുക്കുന്നു . നല്ല ആശുപത്രി ഇല്ല. അതിന് 100 കിലോ മീറ്റർ അകലെ പോകണം. പാതിവഴിക്ക് മനുഷ്യജീവൻ പൊലിയുന്നു. ഉരുൾ പൊട്ടിയ താഴ്വരയിൽ വീട് കെട്ടരുത്. പിന്നെ അവർ എവിടെ പാർക്കും? എഴുപത് വർഷമായി കൃഷി ചെയ്യുന്ന സ്ഥലത്തിന് ഇന്നും പട്ടയമില്ല. വിൽക്കാമെന്ന് വിചാരിച്ചാൽ സ്ഥലത്തിന് വിലയില്ല. ഇടുക്കിയിലെ ഭൂമി ആർക്കും വേണ്ട. ഹൈറേഞ്ച് ജീവിതത്തിലെ ഇതുപോലുള്ള ദാരുണമായ അംശങ്ങൾ ഓരോന്നായി നാടകത്തിൽ അരങ്ങേറുന്നു. കഥാപാത്രങ്ങൾ രോഷം കൊള്ളുന്നു.
“പാറക്വാറിക്കാർ എന്ന് നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുന്നു. പക്ഷേ, ഇവിടെ ഏത് കർഷകനാണ് പാറമടയുള്ളത്? പട്ടണത്തിൽ കിടക്കുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയാണോ കുടിയേറ്റ കർഷകർ? പട്ടണവാസികൾക്ക് പങ്ക കറക്കാൻ ഞങ്ങളെ വഴിയാധാരമാക്കണമോ? കായൽ നികത്തിയും കുന്നിടിച്ചും നിങ്ങൾ നാട്ടിൻപുറത്തു ഫ്ളാറ്റുകൾ പണിയുന്നു. അതു കാണാൻ നിങ്ങൾക്ക് കണ്ണില്ല. സാറെ, ആദ്യം സ്വന്തം കണ്ണിലെ തടിക്കഷണം എടുക്കുക. എന്നിട്ട് മതി ഇടുക്കിക്കാരന്റെ കണ്ണിലെ കരട് എടുക്കാൻ.”
ദുരന്തങ്ങൾ പതിയിരിക്കുന്ന ദുരിതക്കാഴ്ചകളാണ് നാടകം കാട്ടിത്തരുന്നത്.
സർക്കാരും ദൈവവും ഒരു പോലെ ഇടുക്കിയെ തോൽപ്പിക്കുന്നു. മരത്തിൽ നിന്ന് വീണ മനുഷ്യരുണ്ട്. ആന തകർത്ത മനുഷ്യരുണ്ട്. കപ്പയും വാഴയും കാറ്റിൽ നിലം പൊത്തിയവരുണ്ട്. ആദ്യത്തെ കുഞ്ഞ് ചാപിള്ളയായി, നല്ല ഒരു ആശുപത്രിയിൽ പോയിരുന്നെങ്കിൽ അങ്ങനെ വരില്ലായിരുന്നു എന്നു വിലപിക്കുന്ന അമ്മമാരുണ്ട്. രണ്ടാമനെ മലമ്പനിയും കൊണ്ടു പോയി. പക്ഷേ, ഇടുക്കിക്കാർ മലയിറങ്ങിയില്ല. നാടകത്തിലെ ഒരു കഥാപാത്രം പറയുന്നതു പോലെ ഇതൊക്കെ കണ്ട് ഓടാനാണ് നേരമെങ്കിൽ ജീവിതത്തിൽ ഓടാനേ സമയം കാണു! ഓണമായി, ക്രിസ്മസ്സായി, ഈസ്റ്ററായി ജീവിത ദുഃഖങ്ങൾ അവർ മറക്കുന്നു. പട്ടയം തരാമെന്ന് പറഞ്ഞ് കർഷകരെ പാർട്ടികൾ ഇന്നും മോഹിപ്പിക്കുന്നു. പക്ഷേ, അധികാരത്തിൽ വരുമ്പോൾ അവർ കണ്ണടയ്ക്കുന്നു. ജനം കഴുതയെ പോലെ നടക്കുന്നു.
ഒരർത്ഥത്തിൽ ഇടുക്കിയിലെ കർഷകർ വിശുദ്ധരാണ്. സാധാരണ മനുഷ്യരായി ഇവിടെ വന്ന് അസാധാരണ ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറി, വിശുദ്ധിയിലേക്ക് എത്തിച്ചേർന്ന കുറെ വ്യക്തികളെ നാടകം പരിചയപ്പെടുത്തുന്നുണ്ട്. 15 ൽപരം കലാകാരൻമാർ ദർശനയുടെ “തോറ്റവരുടെ യുദ്ധങ്ങളി”ൽ വേഷമിടുന്നു. അതിൽ അറിയപ്പെടുന്നവരും കന്നിക്കാരുമുണ്ട്. അടുത്ത മാസം 16 ന് പന്തളത്ത് നടക്കുന്ന കേരള സംഗീത നാടക അക്കാദമിയുടെ നാട്ടരങ്ങിൽ ആദ്യമായി നാടകം അരങ്ങേറും.
ലേഖകൻ, നരിപ്പറ്റ രാജു, ഇ ജെ ജോസഫ്