തുള വീണു കീറിയ നരച്ച ആകാശം മടുപ്പോടെ ഭൂമിയോടു പറഞ്ഞു
“എനിക്കിനി നിന്നെ പുതപ്പിച്ചു സംരക്ഷിക്കാനാവില്ല”
വിശറിക്കൈ അനക്കാനാവാതെ കാറ്റ് മാറിനിന്നു “നിന്‍റെ വിയര്‍പ്പാറ്റാന്‍ എന്നെക്കൊണ്ടാവുന്നില്ലല്ലോ” എന്ന പരിതാപവുമായി
കത്തുന്ന സൂര്യന്‍ ഉഷ്ണ ജ്വാലകളാല്‍ തൃഷ്ണയെറിഞ്ഞു തപിപ്പിച്ചു
കൊണ്ടേയിരുന്നു.
പാവം ഭൂമിയാവട്ടെ,
പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ,
പ്രതീക്ഷകളെ ഉള്‍ത്താപത്തിന്‍റെ നെരിപ്പോടിലിട്ടു തിളക്കി,
സ്വര്‍ണപ്പൂക്കളാക്കി കണിയൊരുക്കി കൊന്നയില്‍ പൂത്തുനിന്നു.
വേപുഥയുടെ നിശ്വാസങ്ങള്‍ പക്ഷിപ്പാട്ടാക്കി
“വിത്തും കൈക്കോട്ടും ” മൂളി ഉത്സാഹത്തിന്‍റെ വിത്തെറിഞ്ഞു.
ആര്‍ത്തലച്ച് ആകെനനച്ച്, എന്നെ തണുപ്പിക്കാന്‍, ഊര്‍വരയാക്കാന്‍ ,
പുഷ്പിണിയാക്കാന്‍, ഒടുവില്‍ സംഹാരരുദ്രയാക്കാന്‍
വരും, വരാതിരിക്കില്ല: എനിക്കായൊരു കാലവര്‍ഷം”
എന്ന് കാത്തിരുപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു…