പൂമുഖം അന്യഭാഷാകഥ ദേവി

രചയിതാവ്: പ്രഭാത് കുമാർ മുഖോപാദ്ധ്യായ
മലയാളം പരിഭാഷ: ശ്രീലത എസ്

ആ ഫെബ്രുവരിമാസ രാത്രിക്കു വല്ലാതെ നീളം കൂടുതലായിരുന്നു, അത് പ്രഭാതം പൊട്ടി വിടർത്താൻ തന്നെ സമ്മതിക്കാത്തതു പോലെ തോന്നിപ്പിച്ചു. ഉമാപ്രസാദ് ഉണർന്നു. അയാൾ ഭാര്യയെ പുതപ്പിനടിയിൽ തിരഞ്ഞു, പക്ഷേ അവളെ കണ്ടെത്താനായില്ല. ഒടുവിൽ പുതപ്പിന്‍റെ ചൂടിന് പുറത്ത് കട്ടിലിന്‍റെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന പതിനാറുകാരിയായ ഭാര്യയെ ആ കൈ കണ്ടെത്തി. അയാൾ പതുക്കെ ഉറങ്ങിക്കിടന്ന ഭാര്യയുടെ അടുത്തേക്ക് നീങ്ങി, ശ്രദ്ധാപൂർവ്വം അവളെ പുതപ്പിച്ചു. അവളുടെ കാലുകൾ തപ്പി നോക്കി, അവയും പൂർണ്ണമായും പുതപ്പാൽ മൂടിയിട്ടുണ്ട് എന്ന് ഉറപ്പാക്കി.

ഉമാപ്രസാദ് അയാളുടെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. സംസ്‌കൃതത്തിൽ പ്രാവീണ്യം നേടിയ ശേഷം അയാൾ ഇപ്പോൾ പേർഷ്യൻ ഭാഷയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കയാണ്. അയാളുടെ അമ്മ മരിച്ചു പോയിരുന്നു. പണ്ഡിതനായ പിതാവ് കാളികിങ്കർ റേ ആകട്ടെ, കാളിദേവിയുടെ കടുത്ത ഉപാസകനും ഗ്രാമത്തിലെ ഏറ്റവും ആദരണീയനായ ജമീന്ദാരുമായിരുന്നു. കാളികിങ്കർ റേ ആത്മീയമായി പ്രബുദ്ധനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിനു കാളീദേവിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന് പലരും വിശ്വസിച്ചു വന്നു. പ്രായവ്യത്യാസമില്ലാതെ ഓരോ ഗ്രാമവാസിയും തങ്ങളുടെ ദൈവങ്ങളെ ബഹുമാനിക്കുന്നതുപോലെ തന്നെ അദ്ദേഹത്തേയും ആദരിച്ചു വന്നു.

വിവാഹിതനായിട്ട് അഞ്ചോ ആറോ വർഷമായി എങ്കിലും ഉമാപ്രസാദ് നവദമ്പതികളുടെ പ്രണയം ആസ്വദിക്കാൻ തുടങ്ങിയത് അടുത്തിടെ മാത്രമാണ്; അയാൾക്ക് ഭാര്യയുടെ സാമീപ്യസുഖം ലഭിച്ചിട്ട് കുറച്ചു കാലമേ ആയിരുന്നുള്ളു. ദയാമോയ്, അതായിരുന്നു അവളുടെ പേര്.

ഉമാപ്രസാദ് ഭാര്യയുടെ അരക്കെട്ടിൽ ഒന്നു ചെറുതായി സ്പർശിച്ചു, അവിടം വല്ലാതെ തണുത്തിരുന്നു. വളരെ ശ്രദ്ധയോടെ അയാൾ അവളുടെ മുഖത്ത് മൃദുവായി ചുംബിച്ചു. പെട്ടന്ന് അവളുടെ ശ്വാസത്തിന്‍റെ ഗതി മാറി. ഭാര്യ ഉണർന്നിരിക്കുകയാണെന്ന് ഉമാപ്രസാദിന് മനസ്സിലായി. അവൻ അവളെ മൃദുവായി വിളിച്ചു, ‘ദയാ..’

ഏറെ സമയമെടുത്ത്, സ്നേഹനിർഭരമായ സ്വരത്തിൽ ദയ പ്രതിവചിച്ചു, ‘എന്തേ?’

‘നീ ഉണർന്നിരിക്കയാണോ?’

‘അല്ല, ഞാൻ ഉറങ്ങുകയാണ്.’

ഉമാപ്രസാദ് വാത്സല്യത്തോടെ ഭാര്യയെ നെഞ്ചോട് ചേർത്തുപിടിച്ച് പറഞ്ഞു:

‘അയ്യോ നീ ഉറങ്ങുകയാണോ? പിന്നെ ആരാണാവോ ഇപ്പോൾ പ്രതികരിച്ചത്?’

ഉടൻ തന്നെ തനിക്കു പറ്റിയ അബദ്ധം ദയ തിരിച്ചറിഞ്ഞു. അവൾ പറഞ്ഞു, ‘ഞാൻ നേരത്തെ ഉറങ്ങുകയായിരുന്നു. പിന്നെ ഉണർന്നതാണ്.’

‘എപ്പോഴാ ഉണർന്നത്?’ ഉമാപ്രസാദ് കുസൃതിച്ചോദ്യം ചോദിച്ചു.

‘എപ്പോഴാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്, അപ്പോൾ തന്നെ…’

‘എപ്പോൾ കൃത്യമായി?’

‘എനിക്കറിയില്ല.’ ഭർത്താവിന്‍റെ ഊഷ്മളമായ ആലിംഗനത്തിൽ നിന്ന് കുതറി രക്ഷപ്പെടാൻ ദയ വൃഥാ ശ്രമിച്ചു.

അവൾ എപ്പോൾ ഉണർന്നു എന്ന് പറയാൻ, കുറച്ചു നേരം ദയയുടെ നാണം അവളെ അനുവദിച്ചില്ല. എന്നാൽ നേരിട്ടുള്ള മറുപടിയല്ലാതെ മറ്റൊന്നും ഉമാപ്രസാദിന് സ്വീകാര്യമായിരുന്നില്ല. ഏതാനും നിമിഷങ്ങൾക്ക് ശേഷം, അവൾ കൈവിട്ടു, ‘അപ്പോൾ, നിങ്ങൾ എപ്പോൾ-‘ എന്ന് തുടരാനാവാതെ നിർത്തി.

‘എപ്പോൾ ഞാൻ-എന്ത്?’

‘നിങ്ങൾ എന്നെ ഉമ്മ വച്ചപ്പോൾ. ഇപ്പോൾ സന്തോഷമായോ? ഹോ..’

പുലരിയുടെ വിളറിയ വെളിച്ചം പ്രവേശിച്ചു തുടങ്ങാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. ദമ്പതികൾ സംസാരിച്ചു തുടങ്ങി. പ്രണയികളുടെ പതിവു സംഭാഷണങ്ങൾ പോലെ, ഭൂരിഭാഗവും പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലാത്ത കൊച്ചു വർത്തമാനങ്ങൾ ആയിരുന്നു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ പൂർവ്വികരുടെ പൂർവ്വികർ പോലും, അവരുടെ നവയൗവ്വനഘട്ടത്തിൽ, ഇന്നത്തെപ്പോലെ അസ്വസ്ഥരും പ്രണയത്താൽ ചഞ്ചലതയുള്ളവരുമായിരുന്നു എന്നത് ഓർക്കണം. മതത്തിലും തത്വചിന്തയിലും ആഴത്തിൽ വേരൂന്നിയ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും, യുവാവായ ഉമാപ്രസാദ് ഒരിക്കൽ പോലും തന്‍റെ യുവഭാര്യയോട് ഇതേ കുറിച്ചൊന്നും പറഞ്ഞിരുന്നതേയില്ല. മധുരമായ കൊച്ചു വർത്തമാനം കുറച്ചു നേരം നീണ്ടു നിന്നു. അപ്പോൾ ഉമാപ്രസാദ് പറഞ്ഞു,

‘പുതിയ ഒരു ജോലി സ്വീകരിക്കാനായിട്ട് ഞാൻ പടിഞ്ഞാറോട്ട് പോകുന്നു.’

‘നിങ്ങൾക്ക് ജോലിയുടെ ആവശ്യമെന്താണ്? നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലല്ലോ. ഒരു ജമീന്ദാറിന്‍റെ മകൻ ജോലി ചെയ്യുന്നതായി ഞാൻ കേട്ടിട്ടേയില്ല, ‘ എന്നായി ദയ.

‘എനിക്ക് ചില പ്രശ്നങ്ങളുണ്ട്.’

‘എന്തു പ്രശ്‌നങ്ങൾ?’

‘എന്‍റെ പ്രശ്നങ്ങൾ നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അവ പ്രശ്നമാകുമായിരുന്നില്ല.’

ദയ ആശയക്കുഴപ്പത്തിലായി. അവൾ ചിന്തിക്കാൻ ശ്രമിച്ചു, പക്ഷേ അവളുടെ ഭർത്താവ് എന്താണ് സംസാരിക്കുന്നതെന്ന് മനസിലാക്കാൻ അവൾക്കു കഴിഞ്ഞില്ല.

‘ഭാര്യ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്ന് നിങ്ങൾക്കു വിഷമമുണ്ടോ?’ അവൾ കുസൃതിച്ചോദ്യം ചോദിച്ചു.

തന്‍റെ പരാമർശം ഭർത്താവിനെ വിഷമിപ്പിക്കുമെന്ന് ദയയ്ക്ക് നന്നായി അറിയാമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ഉമാപ്രസാദ് അവളുടെ മുഖത്ത് ചുംബനങ്ങളുടെ പെരുമഴ പെയ്യിച്ചു പ്രതികാരം.

‘എനിക്കൊരു ആശങ്കയുണ്ട് – അത് നിന്നെ കുറിച്ചും കൂടിയാണ്. പകൽ സമയത്ത് എനിക്ക് നിന്നെ കാണാനേ കഴിയില്ല. രാത്രിയിൽ നിന്നോടൊപ്പമുണ്ടെങ്കിലും എനിക്ക് അതു പോരാ. പകലും രാത്രിയും മുഴുവനും നീയും ഞാനും മാത്രമുള്ള ഒരു വിദേശരാജ്യത്ത് ഞാൻ ജോലി ഏറ്റെടുക്കും.

‘നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുമ്പോൾ, പകൽ സമയത്ത് എങ്ങനെയാണ് എന്നോടൊപ്പം ഉണ്ടായിരിക്കുക? ജോലിക്ക് പോകാൻ എന്നെ വീട്ടിൽ കൊണ്ടുപോയി വിടേണ്ടി വരും.’

‘ഞാൻ ജോലിക്ക് പോകും, പക്ഷേ വളരെ നേരത്തെ തിരിച്ചെത്തും.’
ഇത് സാധ്യമാകുമെന്ന് ദയ കരുതി. എന്നാൽ അതിനും തടസ്സങ്ങൾ അനേകം ഉണ്ടായിരുന്നു!

‘അതിന് അവർ എന്നെ നിങ്ങളോടൊപ്പം പോകാൻ അനുവദിക്കില്ല.

‘ഞാൻ നിന്നെ ഇവിടെ നിന്ന് കൊണ്ടുപോകാൻ പോകുന്നില്ല. നീ നിന്‍റെ അച്ഛനേയും അമ്മയേയും കാണാൻ പോകുമ്പോൾ ഞാൻ വരാം, നമുക്ക് അവിടെ നിന്ന് ഓടിപ്പോകാം.

ദയ ചിരിച്ചു. അതൊരു രസകരമായ ആശയമായിരുന്നു.
‘നമ്മൾ എത്രകാലം അവിടെ ജീവിക്കും?’

‘നിരവധി വർഷങ്ങൾ.’

ദയ ചിരിച്ചുകൊണ്ടിരുന്നു, പക്ഷേ അവൾ പെട്ടെന്ന് എന്തോ ഓർത്തു.
‘എനിക്ക് വർഷങ്ങളോളം ഖോക്കയിൽ നിന്ന് മാറിനിൽക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

ഉമാപ്രസാദ് ഭാര്യയുടെ കവിളിൽ കവിൾ വച്ചു അവളുടെ ചെവിയിൽ മന്ത്രിച്ചു, ‘അപ്പോൾ നിനക്ക് ഒരു ഖോക്കയെ ഉണ്ടാക്കിക്കൂടെ?

ദയ നാണംകൊണ്ട് ചൂളി, പക്ഷേ മുറിയിലെ ഇരുട്ട് കാരണം അത് അവളുടെ ഭർത്താവിന്‍റെ ശ്രദ്ധയിൽപ്പെട്ടില്ല.

ഖോക്ക മറ്റാരുമല്ല, ഉമാപ്രസാദിന്‍റെ ജ്യേഷ്ഠൻ താരാപ്രസാദിന്റെ ഏക മകനാണ്. വർഷങ്ങളോളം, കുടുംബത്തിലെ ഏറ്റവും ഇളയവനായതിനാൽ ഉമാപ്രസാദ് എല്ലാവരുടെയും സ്‌നേഹത്തിന് പാത്രമായിരുന്നു. അയാൾ വളർന്നതിനുശേഷം, വളരെക്കാലമായി, വീട്ടിൽ ഒരു കുട്ടിയും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും, ഖോക്ക ഇപ്പോൾ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഖോക്കയുടെ അമ്മ ഹരസുന്ദരി തന്‍റെ മകനെ ഓർത്ത് അഭിമാനിച്ചു.

ദയ പറഞ്ഞു, ‘എന്തുകൊണ്ടാണ് ഖോക്ക ഇന്ന് എന്‍റെ അടുക്കൽ വരാത്തത്?’

എല്ലാ ദിവസവും അതിരാവിലെ, ഖോക്ക തന്‍റെ സ്‌നേഹനിധിയായ ചെറിയമ്മയുടെ അടുത്തേക്ക് വരും, ഇതായിരുന്നു അവന്‍റെ ദിനചര്യ. വീട്ടിൽ സഹായികളുടെ കുറവില്ലെങ്കിലും ദയ ദൈനംദിന ജോലികൾ സ്വയം ചെയ്തുവന്നു. അവളുടെ ശ്വശുരന്‍റെ ദൈനംദിന പൂജകളുടെയും വഴിപാടുകളുടെയും ക്രമീകരണങ്ങൾ, പ്രത്യേകിച്ച് അവളുടെ നിയന്ത്രണത്തിലായിരുന്നു.

പക്ഷേ, പകൽ സമയത്തെ അവളുടെ തിരക്കുകൾക്കിടയിലും, ഒരു നിമിഷം പോലും അവൾ ഖോക്കയെ അവളുടെ കൺവെട്ടത്തു നിന്ന് മാറ്റിയില്ല. കുളി കഴിഞ്ഞ് തലമുടി ഉണക്കാനോ കണ്ണിൽ കരിമഷി തേക്കാനോ ചെറിയമ്മയെ അല്ലാതെ മറ്റാരെയും ഖോക്ക അനുവദിക്കില്ല. ചെറിയമ്മ, ഗ്ലാസ് അവന്‍റെ ചുണ്ടിൽ പിടിച്ചിട്ടല്ലാതെ പാൽ മുഴുവനാക്കാൻ അവൻ കൂട്ടാക്കില്ല.

ദയാമോയി അവനെ ഉറക്കാൻ രാത്രി വൈകും വരെ മുറിയിൽ തന്നെ ഇരുന്നു, പക്ഷേ അതിരാവിലെ തന്നെ, ഖോക്ക എഴുന്നേറ്റു കരയാൻ തുടങ്ങും, തന്‍റെ പ്രിയപ്പെട്ട ചെറിയമ്മയുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടും. പലപ്പോഴും, അത്തരം ന്യായരഹിതമായ വാശികൾ കാരണം ഖോക്കയ്ക്ക് അവന്‍റെ അമ്മയിൽ നിന്ന് ഒന്നോ രണ്ടോ ചെറിയ അടി കിട്ടി, എന്നാൽ അത്തരം ശിക്ഷയ്ക്ക് ശേഷം അവന്‍റെ ആവശ്യങ്ങൾ കൂടുതൽ ശക്തമായി എന്ന് പറയേണ്ടതില്ലല്ലോ.

പിന്നെ, നിരാശയുടേയും മയക്കത്തിന്റേയും ഇടയിൽ ഹരസുന്ദരി ഖോക്കയെ ദയയുടെ മുറിയിലേക്ക് കൊണ്ടുപോയി, ‘ദയാ, ഇതാ നിന്‍റെ ഖോക്ക’ എന്നു പറഞ്ഞ് അവനെ അവളുടെ വാതിലിന് പുറത്ത് വിടും. മിക്ക ദിവസങ്ങളിലും, ദിനചര്യകൾ നന്നായി അറിയാവുന്നതുകൊണ്ട്, ദയ അവളുടെ കട്ടിലിൽ എഴുന്നേറ്റിരിക്കും. വിളി കേൾക്കാത്ത താമസം ഓടി വന്നു വാതിൽ തുറന്ന് കരയുന്ന കുട്ടിയെ അവളുടെ കൈകളിലേക്ക് സ്വീകരിക്കും. അവൾ ഖോക്കയ്ക്ക് കുറച്ച് മധുരപലഹാരങ്ങൾ നൽകി, അത് സന്തോഷത്തോടെ വിഴുങ്ങിയ ശേഷം അവൻ ചെറിമ്മയുടെ മടിയിൽ സമാധാനത്തോടെ ഉറങ്ങി.

പക്ഷെ ഇന്ന് ഖോക്ക വന്നില്ല, ദയ വിഷമിച്ചു. ‘പാവം കുട്ടിക്ക് സുഖമില്ലായ്മ ഒന്നും ഉണ്ടാവില്ലെന്നു വിചാരിക്കുന്നു,’ അവൾ ഉമാപ്രസാദിനോട് പറഞ്ഞു.

ഉമാപ്രസാദ് പറഞ്ഞു, ‘ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നു തോന്നുന്നു. വാ, ഞാൻ നോക്കട്ടെ.’

ഉമാപ്രസാദ് എഴുന്നേറ്റു ജനൽ തുറന്നു. പുറത്ത് ഒരു വലിയ തോട്ടം നിറയെ മാവുകളും തെങ്ങുകളും ഉണ്ടായിരുന്നു. ചന്ദ്രൻ ഇതുവരെ അസ്തമിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ അസ്തമിക്കും. ദയ തന്‍റെ ഭർത്താവിനരികിൽ വന്നു ചേർന്നു നിന്നുകൊണ്ട് പറഞ്ഞു, ‘ഇനി നേരം പുലരാൻ അധികം സമയമില്ല.’

തുറന്ന ജാലകത്തിലൂടെ തണുത്ത, ശീതക്കാറ്റ് വീശി. ആ നവയുവാവും സുന്ദരിയായ ഭാര്യയും മൃദുവായ നിലാവെളിച്ചത്തിൽ പരസ്പരം നോക്കിക്കൊണ്ട് കുറച്ച് സമയം അവിടെ നിന്നു.

ദയ പറഞ്ഞു, ‘എനിക്ക് അൽപ്പം വിഷമമുണ്ട്. ഖോക്ക ഇതുവരെ വന്നിട്ടില്ലല്ലോ.

ഉമാപ്രസാദ് പറഞ്ഞു, ‘ഇനി വരാൻ സമയമായിട്ടില്ല. അവൻ ഒരു പക്ഷേ ഉറങ്ങുകയായിരിക്കും. നീ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നതെന്ന് എനിക്കറിയാം.

‘എന്തുകൊണ്ട്?’

‘ഞാൻ പടിഞ്ഞാറോട്ട് പോകുമെന്ന് പറഞ്ഞതുകൊണ്ട്. അതുകൊണ്ടാണ്.’ ഉമാപ്രസാദ് ഭാര്യയെ അടുപ്പിച്ചു നിർത്തി.

ദയ നെടുവീർപ്പിട്ട് പതുക്കെ പറഞ്ഞു, ‘എനിക്ക് എന്ത് ചിന്തിക്കണമെന്ന് അറിയില്ല. എനിക്ക് നിങ്ങളെ വീണ്ടും കാണാൻ കഴിയില്ലെന്ന് തോന്നുന്നത് എന്തുകൊണ്ടാണ് ?’

പുറത്ത് നിലാവെളിച്ചം പതിയെ അസ്തമിച്ചു കൊണ്ടിരുന്നു. ഭാര്യയുടെ വാക്കുകൾ ഉമാപ്രസാദിന്‍റെ കവിളിലെ നിറം വിളറി വെളുപ്പിച്ചു. കുറെ നേരം അവർ അവിടെ നിന്നു. കുറച്ചു കഴിഞ്ഞ് ചന്ദ്രൻ അസ്തമിച്ചു, മരങ്ങളെയും ചെടികളെയും തണുത്ത ഇരുട്ടിൽ ഉപേക്ഷിച്ച്, ദമ്പതികൾ കിടക്കയിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കിളികളുടെ കരച്ചിൽ കേട്ടു. ഉമാപ്രസാദും ദയയും പരസ്പരം കൈകളിൽ ഉറങ്ങി. പതിയെ പതിയെ ജനലുകളിലെ ചെറിയ ദ്വാരങ്ങളിലൂടെ സൂര്യന്‍റെ സൗമ്യ കിരണങ്ങൾ മുറിക്കുള്ളിലേക്ക് കയറി. ദമ്പതികൾ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.

പെട്ടെന്ന് ഉമാപ്രസാദിന്‍റെ അച്ഛൻ വാതിൽക്കൽ നിന്ന് അയാളെ വിളിച്ചു: ‘ഉമാ!’

ദയയാണ് ആദ്യം ഉണർന്നത്. അവൾ ഭർത്താവിനെ കുലുക്കി വിളിച്ചു.

കാളികിങ്കർ വീണ്ടും വിളിച്ചു: ‘ഉമാ,’ അയാളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു, അത് തന്റേതാണെന്ന് തിരിച്ചറിയാൻ അയാൾക്ക് പ്രയാസമായിരുന്നു.

സാധാരണ ഇങ്ങനെ ഒരു സമയത്ത് അച്ഛൻ തന്നെ വിളിക്കില്ലെന്ന് ഉമാപ്രസാദിനറിയാം. പിന്നെ എന്തിനാണ് അച്ഛന്‍റെ ശബ്ദം വിറയ്ക്കുന്നത്? ഉമാപ്രസാദ് ഉദ്വേഗത്തോടെ വേഗം വാതിൽ തുറന്നു.

കാളികിങ്കർ തന്‍റെ നിത്യാരാധനയിൽ അണിയാറുള്ള ചുവന്ന വസ്ത്രം ധരിച്ചിരുന്നു. എന്തുകൊണ്ടാണ് അച്ഛൻ ഇത്രയും നേരത്തെ പൂജാവസ്ത്രം ധരിച്ചത്? മറ്റു ദിവസങ്ങളിൽ, നദിയിൽ ദിവസവും കുളിക്കുന്നതു വരെ അദ്ദേഹം ഈ വസ്ത്രം ധരിക്കില്ല. വാതിൽ തുറന്നയുടൻ കാളികിങ്കർ മകനോട് ചോദിച്ചു,

‘ഉമാ, എന്‍റെ മരുമകൾ എവിടെ?’

അയാളുടെ സ്വരത്തിൽ അവ്യക്തമായ ഒരു വിറയൽ ഉണ്ടായിരുന്നു. ഉമാപ്രസാദ് മുറിയിലേക്ക് നോക്കി. ദയ കട്ടിലിൽ നിന്നും എഴുന്നേറ്റു മാറി വാതിലിനു പിന്നിൽ മറഞ്ഞു നിന്നു. കാളികിങ്കറും അവളെ കണ്ടിരുന്നു. അയാൾ മുറിയിലേക്ക് നടന്നു, നേരെ മരുമകളുടെ അടുത്തേക്ക് പോയി. എന്നിട്ട് അവളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു.

ഉമാപ്രസാദ് സ്തബ്ധനായി. ബഹുമാന്യനായ തന്‍റെ ശ്വശുരന്‍റെ ഇത്തരം വിചിത്രമായ പെരുമാറ്റത്തിൽ ദയാമോയിയും ഞെട്ടി. പ്രണാമം അർപ്പിച്ച ശേഷം കാളികിങ്കർ തന്‍റെ കൈപ്പത്തികൾ ചേർത്തുവെച്ചു പറഞ്ഞു

‘മാ, ഇന്ന് ഞാൻ ശരിക്കും സംതൃപ്തനാണ്. എന്നാലും എന്താ മാ ഇതുവരെ എന്നോട് പറയാതിരുന്നത്?

ഉമാപ്രസാദ് ഉച്ചത്തിൽ നിലവിളിച്ചു, ‘ബാബ!’

കാളികിങ്കർ പറഞ്ഞു, ‘മകനേ, അവളുടെ മുമ്പിൽ നിന്‍റെ തല കുനിച്ച് അവളുടെ പാദങ്ങൾ തൊടൂ.’

ഉമാപ്രസാദ് പറഞ്ഞു, ‘ബാബ, അങ്ങേയ്ക്കു ഭ്രാന്തുണ്ടോ? അങ്ങ് എന്താണ് പറയുന്നത്?’

‘ഇല്ല മകനേ, എനിക്ക് ഭ്രാന്തില്ല. ഞാൻ ഭ്രാന്തമായി അന്ധനായിരുന്നു, പക്ഷേ ഇന്ന് ഞാൻ വെളിച്ചം കണ്ടു, അവൾക്ക് നന്ദി.’

അച്ഛൻ എന്താണ് പറയുന്നതെന്ന് ഉമാപ്രസാദിന് അറിയില്ലായിരുന്നു. അദ്ദേഹം ചോദിച്ചു

‘ബാബ, അങ്ങ് എന്താണ് പറയുന്നത്?

കാളികിങ്കർ പറഞ്ഞു, ‘ഉമാ, ഞാൻ ശരിക്കും ഭാഗ്യവാനാണ്. നമ്മുടെ കുടുംബം ഇന്ന് ദൈവകൃപയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കുട്ടിക്കാലത്ത്കാളിയെ ആരാധിക്കാൻ ഞാൻ ദീക്ഷ സ്വീകരിച്ചിരുന്നു, അന്നു മുതലുള്ള ആരാധനയ്ക്കും ഭക്തിക്കും ഇന്ന് ഫലം ലഭിച്ചു. പരിശുദ്ധ അമ്മ, കാളി, ദേവത, എന്‍റെ മരുമകളെ മർത്യരൂപത്തിൽ എന്റെ വീട്ടിലേക്ക് അയച്ചു. ഇന്നലെ രാത്രി, എന്‍റെ അമ്മ തന്നെ എന്‍റെ സ്വപ്നത്തിൽ വന്ന് എനിക്ക് ഒരു സന്ദേശം അയച്ചു. ഞാൻ ശരിക്കും ഭാഗ്യവാനാണ്, മകനേ.’

നിമിഷങ്ങൾക്കകം മാംസവും രക്തവുമുള്ള ദയാമോയി ദേവതയായി മുദ്രകുത്തപ്പെട്ടു.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ആ വാക്ക് പലയിടത്തും പരന്നു. പ്രശസ്ത ജമീന്ദാരായിരുന്ന കാളികിങ്കർ റേയുടെ ഭവനത്തിൽ കുടികൊള്ളുന്ന ദേവിയെ കാണാൻ നൂറുകണക്കിന് ഭക്തർ മറ്റ് ഗ്രാമങ്ങളിൽ നിന്ന് വളരെ ദൂരം സഞ്ചരിച്ചു അവിടെ എത്തിത്തുടങ്ങി.

ദയാമോയിയെ അക്ഷരാർത്ഥത്തിൽ ആരാധിച്ചു തുടങ്ങി, ഒരു ധനികനായ ജമീന്ദാർ തന്‍റെ ദേവതയെ ആരാധിക്കാൻ സാധാരണയായി അനുഷ്ഠിച്ചിരുന്ന എല്ലാ ആചാരങ്ങളോടും കൂടി തന്നെ. കാളീദേവിക്കെന്ന വണ്ണം ധൂപവർഗ്ഗങ്ങൾ കത്തിച്ചു, പൂക്കളും പഴങ്ങളും അർപ്പിച്ചു, നിരവധി കുഞ്ഞാടുകളെ അവളുടെ മുന്നിൽ തന്നെ ബലിയർപ്പിക്കുകയും ചെയ്തു.

പെട്ടെന്നുള്ള, ഞെട്ടിപ്പിക്കുന്ന ഈ മാറ്റം ദയാമോയ്ക്കു സഹിക്കാനായില്ല. പെട്ടന്നൊരു ദിവസം അവളിലേക്ക് മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചത് അവളെ നിരന്തരം കരയിച്ചുകൊണ്ടിരുന്നു. അവൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല. പുരുഷന്മാർക്ക് മുന്നിൽ തലയും മുഖവും മറയ്ക്കുക എന്ന പതിവു കര്‍ശനനിയമം പോലും പൂർണ്ണമായും മറന്ന് അവൾ ഭയത്തിന്‍റേയും ഞെട്ടലിന്‍റേയും അവസ്ഥയിലായിരുന്നു. പകൽ മുഴുവൻ അവൾ ഭാവഭേദമില്ലാത്ത കണ്ണുകളോടെ അജ്ഞാത മുഖങ്ങളിലേക്ക് നോക്കി. അവൾ തീരെ സംസാരിച്ചില്ല, സംസാരിച്ചപ്പോഴോ അതു പിറുപിറുപ്പായിരുന്നു. കരഞ്ഞു ചുവന്ന കണ്ണുകൾ വീർത്തിരുന്നു, അവളുടെ വസ്ത്രങ്ങൾ അലങ്കോലപ്പെട്ടിരുന്നു.

രാത്രിയുടെ മറവിൽ, പൂജാമുറിയുടെ ഒരു മൂലയിൽ ഒരു ചെറിയ വിളക്ക് മങ്ങിക്കത്തി. പട്ടുതുണി കൊണ്ട് പൊതിഞ്ഞ കട്ടിയുള്ള മെത്തയിൽ ദയാമോയി കിടന്നു, അവളുടെ ശരീരം ഒരു പുതപ്പു കൊണ്ട് മൂടി. വാതിൽ പൂട്ടിയിരുന്നില്ല, അതു പതുക്കെ തുറന്ന്, ഉമാപ്രസാദ് മുറിയിലേക്ക് ഒരു കള്ളന്‍റെ മട്ടിൽ നുഴഞ്ഞുകയറി. അകത്തു കടന്നതും അയാൾ വാതിൽ തഴുതിട്ടു.

ഉമാപ്രസാദ് വന്ന് ഭാര്യയുടെ കട്ടിലിൽ ഇരുന്നു. മൂന്ന് ദിവസത്തിന് ശേഷം അയാൾ അവളെ ആദ്യമായി കാണുകയായിരുന്നു. ദയാമോയി ഉണർന്നിരുന്നു. ഭർത്താവിനെ കണ്ടതും അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.

ഉമാപ്രസാദ് പറഞ്ഞു, ‘ദയാ, നിനക്കെന്താ പറ്റിയത്?

ആഹ്! നീണ്ട മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഭർത്താവിൽ നിന്നുള്ള ആ വാത്സല്യ വാക്കുകൾ മയക്കം പോലുള്ള അവസ്ഥയിൽ നിന്ന് അവളെ പുറത്തെത്തിച്ചു. പതിനാറുകാരി തന്‍റെ മുഖം ഭർത്താവിന്റെ നെഞ്ചിൽ മറച്ചു.

‘ദയാ, നിനക്കെന്താ പറ്റിയത്?’ എന്ന് വേദന കലർന്ന സ്വരത്തിൽ ഉമാപ്രസാദ് ആവർത്തിച്ചു ചോദിച്ചു.

എന്നാൽ ദയാമോയി മൗനം പാലിച്ചു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഉമാപ്രസാദ് ഭാര്യയോട് ചോദിച്ചു

‘ദയാ, ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ? നീ എന്‍റെ ദയയല്ലേ, നീ ശരിക്കും ദേവതയാണോ?’

കുറേ നേരം കഴിഞ്ഞ്, ദയ പറഞ്ഞു, ‘ഇല്ല, ഞാൻ നിങ്ങളുടെ ഭാര്യയല്ലാതെ മറ്റൊന്നുമല്ല. ഞാൻ ദയയല്ലാതെ മറ്റൊന്നുമല്ല. ഞാനൊരു ദേവതയല്ല, കാളിയുമല്ല.’

ഉമാപ്രസാദ് ഭാര്യയെ ചുംബിച്ചുകൊണ്ട് പറഞ്ഞു, ‘അതാണ് സത്യമെങ്കിൽ നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം. ആരും നമ്മളെ കണ്ടെത്താൻ കഴിയാത്ത ദൂരെ എവിടെയെങ്കിലും പോയി താമസിക്കും.’

ദയ പറഞ്ഞു, ‘അതെ, നമുക്ക് പോകാം. പക്ഷേ നമ്മൾ എങ്ങനെ പോകും?’

‘എല്ലാം ഞാൻ ക്രമീകരിക്കാം. എങ്കിലും എനിക്ക് കുറച്ചു സമയം വേണം.’

‘എപ്പോൾ? നമ്മൾ എപ്പോൾ പോകും? നമുക്ക് ഉടൻ ഓടിപ്പോകാം – അല്ലെങ്കിൽ ഞാൻ അതിജീവിക്കില്ല. മരിച്ചില്ലെങ്കിൽ തന്നെ ഉറപ്പായും ഞാൻ ഭ്രാന്തിയാകും.’

‘നീ വിഷമിക്കണ്ട. എനിക്ക് ഏഴു ദിവസം തരൂ. ഇന്ന് ശനിയാഴ്ചയാണ്. അടുത്ത ശനിയാഴ്ച ഞാൻ നിന്നെ കാണാൻ വരും. അന്നു നമ്മൾ ഈ വീട് എന്നെന്നേക്കുമായി ഉപേക്ഷിക്കും. അടുത്ത ഏഴു ദിവസങ്ങളിൽ നീ ശക്തയായിരിക്കണം-ദയവായി, എന്‍റെ പ്രിയേ.’

ദയ സമ്മതിച്ചു.

ഉമാപ്രസാദ് പറഞ്ഞു, ‘ഞാൻ ഇപ്പോൾ പോകാം. ആരെങ്കിലും നമ്മളെ കണ്ടേക്കാം.’ അയാൾ തന്‍റെ പ്രിയപത്‌നിയെ ആലിംഗനം ചെയ്തു, പിന്നെ പുറത്തെ ഇരുട്ടിലേക്ക് മറഞ്ഞു.

പിറ്റേന്ന് രാവിലെ, ദയാമോയിയുടെ ആരാധനയുടെ ചടങ്ങുകൾ അവസാനിക്കുമ്പോൾ, ഏകദേശം എൺപത് വയസ്സുള്ള ഒരു വൃദ്ധൻ പൂജാമുറിയിലേക്ക് നടന്നു. അവന്‍റെ പഴയ കണ്ണുകളിൽ നിന്ന് ധാരാളം കണ്ണുനീർ വീണു. ദയാമോയിയുടെ ക്ഷേത്രത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘അമ്മേ, എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ നിന്നെ ആരാധിച്ചു. ഞാൻ ഇന്ന് കുഴപ്പത്തിലാണ്, അമ്മേ, ഈ ഭക്തനോട് കരുണ കാണിക്കണമേ.’

ദയാമോയി ശൂന്യതയോടെ വൃദ്ധനെ നോക്കി. പുരോഹിതൻ ചോദിച്ചു, ‘എന്താണ് സഹോദരാ, നിങ്ങളെ വിഷമിപ്പിക്കുന്നത്?’

വൃദ്ധൻ പറഞ്ഞു, ‘എന്‍റെ കൊച്ചുമകന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയാണ്. ഇന്ന് രാവിലെ ഡോക്ടർ ഉപേക്ഷിച്ചു. എന്‍റെ ചെറുമകൻ മരിച്ചാൽ, എനിക്ക് ഒരു പിൻതലമുറയും ഉണ്ടാകില്ല. എന്‍റെ പേരക്കുട്ടിയുടെ ജീവിതത്തിൽ ഞാൻ അമ്മയുടെ കരുണ തേടുന്നു. ഞാൻ അമ്മയോട് അപേക്ഷിക്കുന്നു.’

മന്ത്രങ്ങൾ ഉരുവിടുകയായിരുന്ന കാളികിങ്കരൻ വൃദ്ധന്‍റെ അപേക്ഷ കേട്ട് ഞെട്ടിപ്പോയി. അയാൾ ദയാമോയിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു, ‘മാ! വൃദ്ധന്‍റെ കൊച്ചുമകനെ നീ രക്ഷിക്കണേ!.’ എന്നിട്ട് വൃദ്ധന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു, ‘നിങ്ങൾ പേരക്കുട്ടിയെ കൊണ്ടുവന്ന് ഈ ദേവിയുടെ കാൽക്കൽ വിടുക. മരണത്തിനു പോലും ഈ മുറിയുടെ പടി കടക്കാനാവില്ല.’

ഇതു കേട്ടപ്പോൾ, വൃദ്ധനു തന്‍റെ ചുമലിൽ നിന്ന് ഒരു ഭാരം ഇറക്കിയതു പോലെ തോന്നി. ഊന്നുവടി കുത്തിക്കൊണ്ട്, അയാൾ വേഗം വീട്ടിലേക്ക് പോയി.

കുറച്ചു സമയത്തിന് ശേഷം, രോഗിയായ കുട്ടിയെ ചുമക്കുന്ന വിധവയായ മരുമകളുമായി വൃദ്ധൻ മടങ്ങി. മരണാസന്നയായ കുട്ടിയെ ദയാമോയിയുടെ കാൽക്കൽ കിടത്തി. ഇടയ്ക്കിടെ, പുരോഹിതൻ ഒരു പാത്രത്തിൽ നിന്ന് കുട്ടിയുടെ വിറയ്ക്കുന്ന ചുണ്ടുകൾക്കിടയിൽ കുറച്ച് തീർത്ഥം പകരും.

കുട്ടിയുടെ അമ്മ ഒരു യുവ വിധവയായിരുന്നു, ഏകദേശം ദയാമോയിയുടെ അതേ പ്രായം. അവളുടെ മുഖത്തെ വേദനയും സങ്കടവും ദയാമോയിയിൽ അവളോട് ശക്തമായ സഹതാപം ഉണർത്തി. അവൾ ബോധരഹിതയായ കുട്ടിയുടെ നേരെ തിരിഞ്ഞു, അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. അവളുടെ മനസ്സിൽ ആത്മാർത്ഥതയോടെ അവൾ പ്രാർത്ഥിക്കാൻ തുടങ്ങി, ‘ദൈവമേ, ഞാനാരാണെന്ന് എനിക്കറിയില്ല -ദേവിയോ, മനുഷ്യസ്ത്രീയോ, കാളിയോ, ദയയോ – എന്നാൽ ഞാൻ ആരു തന്നെയായാലും ഈ പാവപ്പെട്ട കുട്ടിയെ രക്ഷിക്കൂ.

ദയാമോയിയുടെ കണ്ണുകളിൽ കണ്ണുനീർ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു തുടങ്ങി, ‘അമ്മ കുട്ടിയോട് കരുണ കാണിച്ചിരിക്കുന്നു; അവൾ കരയുന്നു. കരുണാമയിയായ അമ്മയെ വാഴ്ത്തുക. ഓ, മാ കാളി.’

കാളികിങ്കരൻ പുതിയ ഉത്സാഹത്തോടെ തന്‍റെ മന്ത്രങ്ങൾ ജപിക്കുന്നത് തുടർന്നു. സമയം കഴിയുന്തോറും രോഗിയായ കുട്ടിയുടെ അവസ്ഥ ക്രമേണ മെച്ചപ്പെട്ടു. സന്ധ്യ മയങ്ങാൻ തുടങ്ങിയപ്പോൾ, കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നും വീട്ടിലേക്ക് കൊണ്ടുപോകാമെന്നും അവിടെയുള്ളവർ പറഞ്ഞു.

ദയാമോയി ഒരു കുഞ്ഞിനെ മരണവക്ത്രത്തിൽ നിന്ന് തട്ടിയെടുത്തു രക്ഷിച്ചെന്ന വാർത്ത വളരെ ദൂരത്തേക്ക് സഞ്ചരിച്ചു, ഒരു പക്ഷേ അവൾ അവതാരമായ ദേവതയാണെന്നതിനേക്കാൾ വേഗത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി പ്രസവവേദന അനുഭവിക്കുകയും മരണത്തോട് അടുക്കുകയും ചെയ്ത മകളെ രക്ഷിക്കാൻ അടുത്ത ദിവസം രാവിലെ തന്നെ മറ്റൊരു ഗ്രാമവാസി അവളെ സമീപിച്ചു.

കാളികിങ്കരൻ പറഞ്ഞു, ‘അതൊരു പ്രശ്‌നമല്ല. അമ്മയുടെ പാദങ്ങളിൽ നിന്ന് കുറച്ച് ചരണാമൃതം എടുത്ത് നിങ്ങളുടെ ഗർഭിണിയായ മകൾക്ക് കൊടുക്കുക. അവൾ സുഖമായിരിക്കും.’

ആദരസൂചകമായി ചരണാമൃത പാത്രം തലയിൽ ചുമന്ന് കണ്ണീരോടെ ആ ഭക്തൻ വീട്ടിലേക്ക് പോയി. മണിക്കൂറുകൾക്ക് ശേഷം വാർത്ത വന്നു. പ്രത്യക്ഷത്തിൽ, ദിവ്യ ഔഷധം നൽകി ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഭക്തന്‍റെ മകൾ സുന്ദരനും ആരോഗ്യവാനും ആയ ഒരു ആൺകുഞ്ഞിനെ സുരക്ഷിതമായി പ്രസവിച്ചു!

ശനിയാഴ്ച വന്നു. ഇന്നു രാത്രി ഉമാപ്രസാദ് ഭാര്യയുമായി രക്ഷപ്പെടും. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അയാൾ ചെയ്തിരുന്നു. കുറച്ച് പണം ശേഖരിച്ചിരുന്നു. മുർഷിദാബാദ്, രാജ്മഹൽ, ബർദ്വാൻ അല്ലെങ്കിൽ അയൽപക്കത്തുള്ള ഏതെങ്കിലും വലിയ പട്ടണത്തിലേക്ക് പലായനം ചെയ്യുന്ന തെറ്റ് അദ്ദേഹം ചെയ്യില്ല, കാരണം അത്തരം സ്ഥലങ്ങളിൽ തീർച്ചയായും അന്വേഷണം നടത്തും. അയാൾ ബോട്ട് എടുത്ത് പടിഞ്ഞാറോട്ട് പോകും. എവിടെ? അത് ഇതുവരെ തീരുമാനിച്ചിട്ടില്ല – ഭഗൽപൂർ അല്ലെങ്കിൽ മുൻഗർ. അയാൾക്ക് അവിടെ ജോലി തരപ്പെടുത്തണം. യാത്രാച്ചെലവുകൾക്ക് ആവശ്യമായ പണം അയാളുടെ പക്കൽ ഉണ്ടായിരുന്നു. ഭാര്യയുടെ ആഭരണങ്ങൾ വിറ്റാൽ ഏകദേശം രണ്ടു വർഷത്തോളം നിലനിൽക്കാനുള്ള പണം ലഭിക്കും. രണ്ട് വർഷം കൊണ്ട് അയാൾക്ക് ജോലി ഉറപ്പ് വരുത്താൻ സാധിക്കില്ലേ? തീർച്ചയായും, അയാൾക്കു സാധിക്കും. ഒന്നും അസാധ്യമായിരുന്നില്ല.

ഉമാപ്രസാദ് അത്തരം ചിന്തകൾ മനസ്സിലിട്ട് മഥിച്ചു കൊണ്ടിരുന്നു. അന്ന് വൈകുന്നേരം തന്‍റെ ഭാര്യയെ ഭക്തർ ആരാധിക്കുന്നത് കാണാൻ അയാൾ പദ്ധതിയിട്ടു. ഈ സായാഹ്ന ചടങ്ങുകൾക്ക് അയാൾ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല. ശംഖ് ഊതാൻ തുടങ്ങുമ്പോൾ വീടു വിട്ട്, ഗ്രാമത്തിന്‍റെ അങ്ങേയറ്റത്തേക്ക് പോകുകയായിരുന്നു പതിവ്. ഇന്നു വൈകുന്നേരമാണ് തെറ്റിദ്ധരിക്കപ്പെട്ട ദൈവത്തിന്‍റെ അവസാന ആരാധന. അതുകൊണ്ട് ഇന്ന് വൈകുന്നേരം അവൻ ദൂരെ നിന്ന് അത് വീക്ഷിക്കും, അവജ്ഞയോടെ ആണെങ്കിലും. അടുത്ത ദിവസം രാവിലെ ദേവി അപ്രത്യക്ഷയായെന്നറിയുമ്പോൾ പുരോഹിതന്‍റെ മുഖത്തെ ഭാവം എങ്ങനെയായിരിക്കും എന്നു സങ്കൽപ്പിക്കാൻ ഉമാപ്രസാദ് ശ്രമിച്ചു.

രാത്രി ആയി, വീട്ടുകാർ ഗാഢനിദ്രയിലായപ്പോൾ, ഉമാപ്രസാദ് ഒരു മോഷ്ടാവിനെപ്പോലെ പ്രാർത്ഥനാമുറിയിലേക്ക് ശ്രദ്ധാപൂർവ്വം നീങ്ങി. അയാൾ മെല്ലെ വാതിൽ തുറന്ന് മുറിയിലേക്ക് കടന്നു. ഒരു മൂലയിൽ വിളക്ക് കത്തുന്നുണ്ടായിരുന്നു. ഉമാപ്രസാദ് ദയാമോയിയുടെ കട്ടിലിൽ കയറി, അവൾ ഉറങ്ങുന്നത് കണ്ടു. അയാൾ ഭാര്യയെ ചെറുതായി ചുംബിച്ച് അവളെ ഉണർത്താൻ ശ്രമിച്ചു. ദയാമോയി കട്ടിലിൽ ഇരുന്നു.

ഉമാപ്രസാദ് പറഞ്ഞു, ‘ദയാ, ഒരുങ്ങിക്കോളൂ, നമുക്ക് പോകണം.

അത്ഭുതത്തോടെ ദയ ചോദിച്ചു, ‘എങ്ങോട്ട്?’

‘എങ്ങോട്ടെന്നോ! നമ്മൾ ഇതാ അടുത്ത മിനിറ്റിനുള്ളിൽ പോകുന്നു, നീ എന്നോട് എവിടെയാണെന്ന് ചോദിക്കുകയാണോ? നമ്മൾ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്ക് ഒരു ബോട്ട് കൊണ്ടുപോകുകയാണ്.’

ദയ ഒന്നും മിണ്ടാതെ ആലോചനയിൽ ഇരുന്നു. ഉമാപ്രസാദ് പറഞ്ഞു, ‘വരൂ, വേഗം വരൂ. ഇരുന്ന് ചിന്തിക്കാനുള്ള സമയമല്ല ഇത്. ഞാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞു. ഇപ്പോൾ വാ.’ അയാൾ ഭാര്യയെ അവളുടെ കൈയിൽ പിടിച്ച് കട്ടിലിൽ നിന്ന് എഴുന്നേൽപ്പിണീക്കാൻ ശ്രമിച്ചു.

പെട്ടെന്ന്, ദയ ഭർത്താവിന്‍റെ പിടിയിൽ നിന്ന് തന്‍റെ കൈ വിടർത്തി,

‘നിങ്ങളുടെ ഭാര്യയെ തൊടുന്നതുപോലെ എന്നെ തൊടരുത്. ഞാൻ നിങ്ങളുടെ ഭാര്യയാണോ? അതോ ഞാൻ ശരിക്കും ദേവിയാണോ? എനിക്ക് കൂടുതൽ ഉറപ്പില്ല.’

ഉമാപ്രസാദ് ചിരിച്ചു, ഭാര്യയെ ചുംബിക്കാനായി അടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ദയ അസ്വസ്ഥയായി ദൂരത്തേക്ക് മാറി, ‘ഇല്ല, എനിക്ക് ഇത് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ തലയിൽ എന്തു ശാപം വീഴുമെന്ന് ആർക്കറിയാം?’

ഉമാപ്രസാദ് ഞെട്ടി. അയാൾ ചോദിച്ചു, ‘ദയാ, നിനക്കും ഭ്രാന്ത് പിടിച്ചോ?’

ദയ പറഞ്ഞു, ‘ഇത്രയും ആളുകൾ സുഖം പ്രാപിച്ചുവെന്നത് നിങ്ങൾ എങ്ങനെ വിശദീകരിക്കും? ദിവസവും നൂറുകണക്കിന് ഭക്തരാണ് എന്നെ ഒരു നോക്ക് കാണാൻ എത്തുന്നത്. എല്ലാവർക്കും ഭ്രാന്തുണ്ടോ?’

ഭാര്യയുമായി ന്യായവാദം ചെയ്യാൻ ഉമാപ്രസാദ് പരമാവധി ശ്രമിച്ചു. അയാൾ അവളോട് യാചിക്കുകയും കെഞ്ചുകയും ചെയ്തു. എന്നാൽ ദയ അതു തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു, ‘നിങ്ങൾക്ക് ഒരു ദോഷവും സംഭവിക്കുന്നത് എനിക്ക് താങ്ങാൻ കഴിയില്ല. ഒരു പക്ഷേ ഞാൻ നിങ്ങളുടെ ഭാര്യയല്ല, മറിച്ച് ശരിക്കും ഒരു ദേവതയാണെങ്കിലോ?’

ഒടുവിൽ ഉമാപ്രസാദ് പറഞ്ഞു, ‘നീ ശരിക്കും ഒരു ദേവതയായിരുന്നെങ്കിൽ ഇത്ര കഠിനഹൃദയയാകുമായിരുന്നില്ല. ഇത്രയും നാളായി ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു…അത് നിന്‍റെ ഹൃദയത്തെ അലിയിച്ചില്ലെങ്കിൽ, ഇനി എന്തായിരിക്കും അതിനെ അലിയിക്കുക?’

പൊട്ടിക്കരഞ്ഞുകൊണ്ട് ദയാമോയി പറഞ്ഞു, ‘പ്രിയപ്പെട്ടവനേ, ഞാൻ എന്തിനാണ് ഇതു പറയുന്നതെന്ന് അങ്ങേക്കു മനസ്സിലാകുന്നില്ലേ?’

കുറച്ചുകൂടി അഭ്യർത്ഥിച്ചതിന് ശേഷം, തന്‍റെ കൂടെ വരണം എന്നത് പരിഭ്രാന്തയായ ഭാര്യയെ ബോധ്യപ്പെടുത്താൻ ഉമാപ്രസാദിന് കഴിഞ്ഞു. നദീതീരത്തേക്ക് കുറച്ച് നടന്നാൽ അവിടെ ഒരു ബോട്ട് അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ കുറച്ചു ദൂരം നടന്നപ്പോൾ ദയാമോയി പെട്ടെന്ന് നിർത്തി, ‘ഞാൻ പോകില്ല’ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു.

ഉമാപ്രസാദ് അവളോട് വീണ്ടും ന്യായവാദം ചെയ്യാൻ ശ്രമിച്ചു, പക്ഷേ അവൾ പറഞ്ഞു, ‘ഞാൻ ശരിക്കും ഒരു ദേവതയാണെങ്കിൽ, എന്തുകൊണ്ടാണ് നമുക്ക് ഇവിടെ തന്നെ താമസിച്ച് ഈ ആളുകളുടെ ഭക്തി സ്വീകരിച്ചു കൂടാ്? നമ്മൾ എന്തിന് രക്ഷപ്പെടണം? ഇത്രയധികം ആളുകളുടെ ഹൃദയം തകർക്കാൻ നമുക്ക് എങ്ങനെ കഴിയും? ഞാൻ ഓടിപ്പോകില്ല, നമുക്ക് തിരികെ പോകാം.’

ഉമാപ്രസാദ് ക്ഷമയുടെ പരിധിയിൽ എത്തി, വേദന കലർന്ന സ്വരത്തിൽ പറഞ്ഞു, ‘ഞാൻ തിരിച്ചു പോകുന്നില്ല. തിരിച്ചു പോകണമെങ്കിൽ നീ ഒറ്റയ്ക്ക് തിരിച്ചു പോകണം.’

ദയ പറഞ്ഞു, ‘അങ്ങനെയാകട്ടെ.’

ഇരു പ്രണയിതാക്കളും വളരെ അസ്വസ്ഥരായിരുന്നു – ഒന്ന് ആയിരക്കണക്കിന് ആളുകളെ നിരാശയിലും പ്രതീക്ഷയില്ലായ്മയിലും തള്ളിയിടുന്നതോർത്ത്, മറ്റൊന്ന് തന്‍റെ പ്രിയപ്പെട്ട പങ്കാളിയുടെ അദൃശ്യതയോർത്ത് – അവർ പരസ്പരം വഴി പിരിഞ്ഞ് അകന്നുപോയി, ഇരുവരും ഇരുട്ടിലേക്ക് മറഞ്ഞു.

ദയാമോയി കാളിയുടെ അവതാരമാണെന്ന് വിശ്വസിക്കാത്തത് ഉമാപ്രസാദിനെ കൂടാതെ ആ വീട്ടിൽ ഒരാൾ കൂടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഖോക്കയുടെ അമ്മ ഹരസുന്ദരി ആയിരുന്നു. തുടക്കത്തിൽ ദയാമോയി അവളുടെ അടുത്ത് ചെന്ന് കരയുമായിരുന്നു. ഹരസുന്ദരി അവളെ ആശ്വസിപ്പിക്കും, ‘കരയരുത് അനിയത്തി, ഈ പ്രായത്തിൽ അമിതമായ ഭക്തി ഖോക്കയുടെ മുത്തച്ഛനെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റി അന്ധനാക്കിയിരിക്കുന്നു. അദ്ദേഹത്തിന് ശരിക്കും ഭ്രാന്തുപിടിച്ചിരിക്കുന്നു.’

ആ നിർഭാഗ്യകരമായ രാത്രിക്കു ശേഷം രണ്ടാഴ്ച കടന്നുപോയി. മൂന്നാമത്തെ ആഴ്ചയിൽ ഖോക്കയ്ക്ക് കടുത്ത പനി വന്നു. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ നില വഷളായിക്കൊണ്ടിരുന്നു.

ഡോക്ടർ വന്നെങ്കിലും കാളികിങ്കരൻ അയാളെ തിരിച്ചയച്ചു. അദ്ദേഹം പറഞ്ഞു, ‘ദിവ്യയായ അമ്മ തന്നെയാണ് എന്‍റെ വീട്ടിൽ വസിക്കുന്നത്. അവൾ ഡസൻ കണക്കിന് മാരക രോഗങ്ങൾ സുഖപ്പെടുത്തി. നമുക്ക് ഒരു ഡോക്ടറുടെ ആവശ്യമില്ല.

വര: പ്രസാദ്‌ കാനത്തുങ്കല്‍

ഹരസുന്ദരി ഭർത്താവ് താരാപ്രസാദിനോട് അപേക്ഷിച്ചു, ‘ദയവായി നമ്മുടെ മകനെ ഡോക്ടറെ കാണിക്കൂ, അല്ലെങ്കിൽ അവൻ ജീവിക്കില്ല. ദയയ്ക്ക് അവനെ സുഖപ്പെടുത്താൻ കഴിയില്ല.’

താരാപ്രസാദിന് അച്ഛനോട് അങ്ങേയറ്റം ബഹുമാനമായിരുന്നു. അച്ഛന്‍റെ ആദർശങ്ങളും വിശ്വാസങ്ങളും, ദേവിയുടെ അനുഗ്രഹവും അയാൾക്ക് പരമപ്രധാനമായിരുന്നു. അയാൾ ഭാര്യയോട് പറഞ്ഞു, ‘അങ്ങനെയൊന്നും പറയരുത്, അല്ലെങ്കിൽ ഖോക്ക അമ്മയുടെ കോപം സമ്പാദിക്കും. അവൾ അവനെ സുഖപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

എന്നാൽ ഖോക്കയുടെ അമ്മയുടെ ആവർത്തിച്ചുള്ള അപേക്ഷകൾ കാരണം, കാളികിങ്കർ ഒരിക്കൽ ദയയോട് വിനയത്തോടെ ചോദിച്ചു, ‘മാ, ഖോക്കയെ ചികിത്സിക്കാൻ ഒരു ഡോക്ടറെ വിളിക്കേണ്ടതുണ്ടോ?

ദയ പറഞ്ഞു, ‘വേണ്ട, ഞാൻ തന്നെ അവനെ സുഖപ്പെടുത്താം.’

താരപ്രസാദിനെപ്പോലെ കാളികിങ്കരണും ആശ്വാസമായി.

ഒരു ദിവസം, ഖോക്കയുടെ രോഗത്തിന്‍റെ ലക്ഷണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണവും മരുന്നിനായുള്ള അഭ്യർത്ഥനയുമായി ഹരസുന്ദരി തന്‍റെ സഹായിസ്ത്രീകളിൽ ഒരാളെ ഡോക്ടറുടെ വീട്ടിലേക്ക് അയച്ചു. ഡോക്ടർ നാവ് കടിച്ച് ചെവിയിൽ തൊട്ടുകൊണ്ട് അവരോടു പറഞ്ഞു, ‘കുട്ടിയെ സുഖപ്പെടുത്തുമെന്ന് ദേവി തന്നെ പറഞ്ഞപ്പോൾ, ഞാൻ ആരാണ് ഇടപെടാൻ?

പതുക്കെപ്പതുക്കെ, ഹരസുന്ദരി ആരെ കണ്ടാലും ‘എനിക്ക് കുറച്ച് മരുന്ന് തരൂ’ എന്ന് അപേക്ഷിക്കുന്ന ഘട്ടം വന്നു. എന്‍റെ മകൻ മരിക്കാൻ പോകുന്നു.’ എന്നാൽ എല്ലാവരുടെയും പ്രതികരണം ഒരു പോലെയായിരുന്നു. ‘ഇങ്ങനെയൊന്നും കാര്യങ്ങൾ പറയരുത്. എന്തിനാ വിഷമിക്കുന്നത്? കരുണയുള്ള ദേവി തന്നെ നിങ്ങളുടെ കുഞ്ഞിനെ സുഖപ്പെടുത്താൻ പോകുന്നു.’

ഖോക്കയുടെ അവസ്ഥ കൂടുതൽ വഷളായി, അവൻ നിരന്തരമായ ഭ്രമാത്മക അവസ്ഥയിലേക്ക് വഴുതിപ്പോയി. ദയാമോയി പറഞ്ഞു,

‘ഖോക്കയെ എന്‍റെ അടുത്തേക്ക് കൊണ്ടുവരൂ.’

ദയാമോയി പകൽ മുഴുവൻ ഖോക്കയെ മടിയിൽ വെച്ച് ഇരുന്നു. രോഗിയായ കുട്ടിക്ക് അൽപ്പം ആശ്വാസം കിട്ടിയതുപോലെ തോന്നി. എന്നാൽ രാത്രിയോടെ അവന്‍റെ നില അതീവഗുരുതരമായി.

പൂർണ്ണഹൃദയത്തോടെ, ദയാമോയി താൻ ഇഷ്ടപ്പെട്ട കുട്ടിയെ അനുഗ്രഹിച്ചു, തന്‍റെ എല്ലാ സ്‌നേഹവും അവനിൽ വർഷിച്ചു, രാത്രി മുഴുവൻ അവനെ നെഞ്ചോട് ചേർത്തു. എന്നാൽ അന്ന് രാത്രി തന്നെ ദയാമോയിയുടെ കൈകളിൽ കിടന്ന് ഖോക്ക മരിച്ചു.

ദയാമോയിയെ ആദ്യം നേരിട്ടത് താരപ്രസാദായിരുന്നു. അയാൾ പറഞ്ഞു, ‘ദുഷ്ടഭൂതം! നിനക്ക് എന്‍റെ മകനെ വിഴുങ്ങേണ്ടി വന്നു, അല്ലേ? നിനക്ക് അവനെ വെറുതെ വിടണമെന്ന് തോന്നിയില്ല.’

ഹരസുന്ദരിക്ക് ബോധം മറഞ്ഞു. തിരികെ ബോധം വന്നപ്പോൾ ദയാമോയിയോട് അവൾ പറഞ്ഞ ഒരേയൊരു കാര്യം: ‘നീ ഒരു ദേവതയല്ല – നീ ഒരു മന്ത്രവാദിനിയാണ്, കുട്ടികളെ തിന്നുന്ന മന്ത്രവാദിനി! നീ എന്‍റെ ഖോക്കയെ വിഴുങ്ങി.’

കാളികിങ്കർ കണ്ണീരോടെ ദയാമോയിയുടെ അടുത്ത് വന്ന് പറഞ്ഞു, ‘മാ, ദയവായി ഞങ്ങളുടെ ഖോക്കയെ ഞങ്ങൾക്ക് തിരികെ കൊണ്ടുവന്നു തരിക. അവന്‍റെ ശരീരം ഇതുവരെ ജീർണിച്ചു തുടങ്ങിയിട്ടില്ല. ദയവായി അവനെ തിരികെ കൊണ്ടുവന്നാലും അമ്മേ!’

ദയാമോയി കരഞ്ഞു. പൂജാമുറിയിൽ തനിച്ചായി, തന്‍റെ മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി, അവൾ ആദ്യം ദേഷ്യത്തോടെ കുട്ടിയുടെ ജീവൻ അവന്‍റെ ശരീരത്തിലേക്ക് തിരികെ കൊണ്ടുവരാൻ മരണത്തിന്‍റെ ദൈവത്തോട് കൽപ്പിച്ചു. അതു ഫലിക്കാതെ വന്നപ്പോൾ, അവൾ മരണത്തിന്‍റെ ദൈവത്തോട് അപേക്ഷിച്ചു, എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ശക്തയായ ദേവിയുടെ അപേക്ഷ പോലും മരിച്ചവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നില്ല.

അവസാനം ഖോക്കയുടെ മൃതദേഹം കൊണ്ടുപോയി. അന്നൊന്നും അവൾക്കു ആരും ആരാധന നടത്തിയില്ല. ഒരു ഭക്തരും അവളെ ഒരു നോക്ക് കാണാൻ, അവള്‍ക്കു പ്രണാമം അർപ്പിക്കാൻ എത്തിയില്ല. തലേദിവസത്തെ പൂക്കളുടെയും മധുരപലഹാരങ്ങളുടെയും കൂമ്പാരങ്ങൾക്കിടയിൽ ദയാമോയി പകലും രാത്രിയും പൂജാമുറിയിൽ ഇരുന്നു.

പിറ്റേന്നു രാവിലെ കാളികിങ്കരൻ പൂജാമുറിയുടെ വാതിൽ തുറന്നപ്പോൾ, ദേവിയുടെ തണുത്തുറഞ്ഞ ശരീരം ഉത്തരത്തിൽ നിന്നു തൂങ്ങിയാടുകയായിരുന്നു.

കവര്‍: സി പി ജോണ്‍സണ്‍

Comments
Print Friendly, PDF & Email