പൂമുഖം LITERATUREലേഖനം കെജി ജോർജ്: മലയാളത്തിന്റെ ഫെല്ലിനി

കെജി ജോർജ്: മലയാളത്തിന്റെ ഫെല്ലിനി

മലയാള സിനിമയിലൂടെ കാലത്തിനു മുന്നേ നടക്കുകയും തന്റെതായ ഒരിടം സൃഷിച്ച് മലയാള സിനിമയിലെ അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകുകയും ചെയ്ത കെജി ജോർജ് എന്ന മഹാപ്രതിഭയിതാ “ആദാമിന്റെ വാരിയെല്ല് “എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു. മലയാളത്തിലെ ധൈഷണികധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമക്കാർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്. എന്നാൽ സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ ശ്രമിച്ചു കെ ജി ജോർജ് എന്ന സംവിധായകൻ. ഫലമോ?അദ്ദേഹം ചെയ്തു വെച്ച സൃഷ്ടികൾ കാലത്തെ അതിജീവിച്ച് ഇന്നും ഒരത്ഭുതമായി നമുക്കുമുന്നിലുണ്ട്. 1976 ൽ ‘സ്വപ്നാടന’ത്തിൽ തുടങ്ങി 1998 ൽ ‘ഇലവങ്കോട് ദേശം’ വരെയുള്ള ചലച്ചിത്ര സംവിധാനസപര്യ. എല്ലാ ജോണറിലും സിനിമകൾ ചെയ്ത മലയാളത്തിലെ ഒരേയൊരു സംവിധായകൻ എന്ന് പറയാം.1975ൽ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ സ്വപ്നാടനം അക്കാലത്തെ സിനിമാ ഭാഷയിൽ ഏറെ പുതുമ ജനിപ്പിച്ച,വിസ്മയിപ്പിച്ച സിനിമയായിരുന്നു. കലാ മേന്മയിലും സാങ്കേതികത്വത്തിലും അദ്ഭുതകരമായ കയ്യടക്കം കാണിച്ച സിനിമ. മനഃശാസ്ത്രവും സിനിമ എന്ന കലയുടെ ശാസ്ത്രവും സ്വപ്നാടനത്തിൽ ചേർത്തു വെച്ചപ്പോൾ തുടക്കക്കാരനിൽ നിന്ന് ഒരു പരിചയസമ്പന്നനിലേക്ക് ആദ്യ സിനിമ തന്നെ അദ്ദേഹത്തെ പിടിച്ചുയർത്തി.


കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളായ സൈക്കോ മുഹമ്മദിന്റെ “പലായനം “എന്ന കഥയ്ക്ക് പമ്മനായിരുന്നു തിരക്കഥ എഴുതിയത്. പലായനം എന്ന പേര് പ്രശസ്ത സാഹിത്യകാരൻ ഉറൂബാണ് സ്വപ്നാടനം എന്നാക്കി മാറ്റിയത്. ആദ്യ സിനിമയിൽ തന്നെ സാമ്പ്രദായിക രീതികളിൽ നിന്നും കുതറിമാറികൊണ്ട് വേറിട്ടൊരു സംവിധാന ശൈലി കെജി ജോർജ് സ്വീകരിച്ചു. അങ്ങനെ ആദ്യ സിനിമ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയതിനു പുറമെ മലയാള സിനിമയുടെ ചരിത്രത്തിൽ കെജി ജോർജ് എന്ന പുതിയ ഒരദ്ധ്യായം കൂടി എഴുതി ചേർത്തു.

ഒരർത്ഥത്തിൽ കുടുംബം എന്ന ഫോർമാറ്റിൽ കുടുങ്ങി കിടന്ന മലയാള സിനിമയെ അതിൽ നിന്നും പിടിച്ചു മാറ്റി കൊണ്ടുവന്ന സംവിധായകരിൽ പ്രധാനിയാണ്‌ അദ്ദേഹം . കേരളത്തിലെ ടിപ്പിക്കൽ മധ്യവർഗ്ഗത്തിന്റെ കുടുംബഘടനയെ ചോദ്യം ചെയ്തുകൊണ്ട് അവിടങ്ങളിലെ പൊങ്ങച്ചവും പുച്ഛവും സിനിമയിലൂടെ എടുത്തു കാട്ടി.സ്ത്രീകളുടെ പ്രശ്ങ്ങളെ കൃത്യമായി എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്ന് സ്ത്രീ പക്ഷത്ത് നിന്ന്കൊണ്ട് തന്നെ അവതരിപ്പിച്ചു. അത് മനസ്സിലാക്കാൻ ‘ആദാമിന്റെ വാരിയെല്ല്’എന്ന സിനിമ മാത്രം ഉദാഹരണമായി എടുത്താൽ മതി. വ്യത്യസ്തമായ ജീവിതാവസ്ഥയിൽ ഉള്ള മൂന്ന് കഥാപാത്രങ്ങളിലൂടെ കേരളത്തിലെ വിവിധ തട്ടുകളിൽ ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന യാതനകളും, വേദനകളും അഹങ്കാരങ്ങളും അവതരിപ്പിച്ചു, മലയാളസിനിമയിലെ മനോഹരമായ ക്ളൈമാക്സുകളിൽ ഒന്നാണ് ഈ സിനിമയിലേത് ഗെയ്റ്റ് തള്ളിത്തുറന്ന് സിനിമയെടുക്കുന്ന സംവിധായകനെയും കാമറയെയും എല്ലാത്തിനെയും തള്ളിമാറ്റി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകൾ! അതുപോലെ സുഹാസിനി റോഡ് മുറിച്ചു കടക്കുന്ന രംഗംവും സവിശേഷമാണ്. ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒട്ടേറെ പ്രത്യേകതകളും മനഃശാസ്ത്രപരമായ സമീപനവും ജോർജിന്റെ സിനിമകളിൽ കാണാം. കാലത്തിനായി കാത്തുവെച്ച പ്രവചനസ്വഭാവമുള്ള രംഗങ്ങൾ….

‘യവനിക’ ‘ഇരകൾ’ എന്നീ സിനിമകളിൽ വേറിട്ട രീതികളാണ് സ്വീകരിച്ചത് . യവനികയിൽ നാടക സംഘത്തിലെ ജീവിതവും നാടകവും. ഭരത്ഗോപി, നെടുമുടി വേണു, ജലജ, തിലകൻ, വേണു നാഗവള്ളി, മമ്മുട്ടി, ശ്രീവിദ്യ എന്നിവർക്കൊക്കെ അനുയോജ്യമായ വേഷങ്ങൾ നൽകി കലാമൂല്യവും ജനപ്രിയതയും ചേർത്ത് എടുത്ത സിനിമ. ഒരു കൊലപാതകം, അതിന്റെ അന്വേഷണം, ആദ്യവസാനം ഇനിയെന്ത് എന്ന ത്രസിപ്പിക്കുന്ന ആകാക്ഷ . നാടകവും, സിനിമയും ,സിനിമയ്ക്കുള്ളിലെ നാടകവും,നാടകത്തിലെ ജീവിതവും ചേർത്തു ഏറ്റവും ഭംഗിയായി അവതരിപ്പിച്ച സിനിമ.പലപ്പോഴും നാടകം സിനിമയിൽ വരുമ്പോൾ നാടകത്തിന്റെ ഗൗരവം ചോർന്നു പോകാതെ സിനിമയിൽ പകർത്തുക എളുപ്പമല്ല. എന്നാൽ നാടകവും അതിന്റെ പിന്നണിയും അതിമനോഹരമായ കാഴ്ചകളാക്കി മാറ്റാൻ ഈ സിനിമയിൽ ആയി. വിജയിച്ച സിനിമകളുടെ മാത്രമല്ല എക്കാലത്തേക്കും ഉള്ള നല്ല സിനിമകളുടെയും പട്ടികയിലേക്ക് ആണ് യവനിക കയറി നിന്നത്.

സിനിമാലോകത്തെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ സിനിമയ്ക്കുള്ളിലെ കഥകളെ കുറിച്ചുള്ള സിനിമ. ഈ സിനിമ ചെയ്യാനും അസാമാന്യ ധൈര്യം വേണം.
സർക്കസ് കൂടാരത്തിലെ പച്ചയായ ജീവിതത്തെ വേറിട്ട ആഖ്യാനത്തിലൂടെ കാണിച്ച “മേള” ക്രിസ്തീയ ജീവിത പശ്ചാത്തലത്തിൽ വ്യത്യസ്തമായി കഥ പറയുന്ന “കോലങ്ങൾ”.ഇങ്ങനെ എത്രയോ സിനിമകൾ…

അക്കാലത്ത് സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന “ഇരകൾ “പോലൊരു സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെ എടുത്തുപറയേണ്ടതാണ്. ഈ സിനിമയുടെ പ്രമേയം ഹിംസയാണ്, മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും അക്രമവും എന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിതിനോട് ചേർത്ത് കാണാം ഈ സിനിമയുടെ പ്രമേയത്തെ. ഈ സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരന്വേഷണമാണ്. അതുവരെ നാം സ്വീകരിച്ചുവന്ന രീതി സൽസ്വാഭാവിയായ നന്മയുടെ പ്രതീകമാവണം കേന്ദ്ര കഥാപാത്രം എന്നാണ്. എന്നാൽ ഇതിൽ മാത്തുക്കുട്ടി എന്ന റബ്ബർ എസ്റ്റേറ്റ് മുതലാളിയുടെ ഇളയ മകനായ ബേബിയാണ് (ഗണേഷ്‌കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം) കേന്ദ്ര കഥാപാത്രം. അച്ഛന്റെയും സഹോദരങ്ങളുടെയും കുത്തഴിഞ്ഞ ജീവിതം കണ്ടുവളർന്നു ഉള്ളിൽ ഹിംസയുടെ ബീജം വളർന്ന യുവാവ്. ഇയാളിലെ മാനസികാവസ്ഥയാണ് ഇരകൾ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇരകൾ എന്ന സിനിമ ഇന്നും മലയാളത്തെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഈയിടെ ഇറങ്ങിയ ജോജി എന്ന സിനിമ.

“ഇരകൾ”ക്ക് തൊട്ടുമുമ്പ് ജോർജ് എടുത്ത പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ് “പഞ്ചവടിപ്പാലം “ഈ രണ്ടു ചിത്രങ്ങളുടെ കാലവും വിഷയത്തിലും അവതരണത്തിലും കാണിച്ച വ്യത്യസ്തതയും മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ സിനിമകളെ മനസ്സിലാക്കാൻ. ഈ സിനിമയിലെ മനോഹരമായ ഒരു രംഗമാണ് പാലം തകർന്നുവീണു കഴിയുമ്പോൾ ബാക്കിയായി നിൽക്കുന്ന പ്രതിമയെ നോക്കി ഭരത് ഗോപിയുടെ ആ നിൽപ്പ്. മാത്രമല്ല അതിൽ കഥാ പാത്രങ്ങൾക്ക് നൽകിയ പേരുകൾ രസകരമാണ്. ഭരത് ഗോപിക്കു നൽകിയ പേര് ദുശ്ശാസനക്കുറുപ്പ് എന്നാണ് നെടുമുടി വേണുവിന് നൽകിയത് ശിഖണ്ഡിപ്പിള്ള. സുകുമാരി (പഞ്ചവടി റാഹേൽ), തിലകൻ (ഇസ്സഹാക്ക് തരകൻ), ജഗതി ശ്രീകുമാർ (ആബേൽ) അംഗപരിമിതിയുള്ള ശ്രീനിവാസൻ കഥാപാത്രം ഇതിൽ കാതരയനാണ്. ശ്രീവിദ്യ മണ്ഡോദരിയമ്മയും, വേണു നാഗവള്ളി ജീമൂതവാഹനനും. ആലുംമൂടൻ – യൂദാസ് കുഞ്ഞായും, ഇന്നസെന്റ് ബറാബാസ് ആയും, കല്പന അനാർക്കലിയായും വരുന്നു.ചരിത്രവും ഐതിഹ്യവും ചേർത്ത് വെച്ച കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ മലയാളത്തിലെ എക്കാലത്തെയും പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് പഞ്ചവടിപ്പാലം.


‘വ്യാമോഹം’, ‘ഇനി അവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’, ‘മണ്ണ്’ തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ അത്ര ശ്രദ്ധ പതിയാതെ പോയി എങ്കിലും അവയും വേറിട്ടവ ആയിരുന്നു. “രാപ്പാടികളുടെ ഗാഥ”യ്ക്ക് അന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു, കൂടാതെ പത്മരാജനുമായുള്ള കൂട്ടു കെട്ടിന്റെ ഫലമായിരുന്നു ആ സിനിമ. തിരക്കഥ പത്മരാജന്റേതായിരുന്നു. വേറിട്ടൊരു പ്രണയ കഥയാണ് ഉൾക്കടൽ. ജോർജ് ഓണക്കൂറിന്റെ നോവലിനെ അടിസ്ഥാമാക്കിയാണ് ഈ ക്യാമ്പസ് പ്രണയ ചിത്രം. ജോർജിന്റെ ശ്രദ്ധേയമായ ചിത്രമാണ്” മറ്റൊരാൾ” പ്രശസ്ത ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ ഐ ഷൺമുഖദാസ് എഴുതിയ ‘ദാമ്പത്യം എന്ന മുറിവ്’ എന്ന ലേഖനം ഈ സിനിമയുടെ വേറിട്ട ഒരു തലത്തെ തുറന്നു വെക്കുന്നു

സിനിമയെ കുറിച്ച് കെജി ജോർജ്ജ് തന്നെ പറഞ്ഞ വാക്കുകൾ പ്രസക്തമാണ് “സിനിമയെ ഞാൻ ക്രാഫ്റ്റായിട്ടാണ് കണ്ടത്. അതൊരു ക്രാഫ്റ്റ് വർക്കാണെന്ന് ആരും മറക്കരുത്. സിനിമ ഒരു കലാസൃഷ്ടി മാത്രമല്ല. നമ്മൾ പലപ്പോഴും കാണാതെ പോകുന്നതും ക്രാഫ്റ്റാണ്” അതുവരെ നടന്നുവന്ന മലയാള സിനിമയിലെ രീതികളെ പൊളിച്ചുവെന്നത് മലയാള സിനിമാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ആരും, സഞ്ചരിക്കാത്ത ഇടത്തിലൂടെ സഞ്ചരിച്ച് സിനി മയിലെ പച്ചയായ ജീവിതത്തെ നിഗൂഢഭാഷ ചമയ്ക്കാതെ അഭ്രപാളിയിൽ എഴുതിച്ചേർത്ത ജോർജ്ജിനെ മലയാളത്തിന്റെ ഫെല്ലിനി എന്നാണ് പറയുന്നത്. അതുകൊണ്ടാകും ജോർജിനെ കുറിച്ച് എടുത്ത ഡോകുമെന്ററിക്ക് ലിജിൻ ജോസ് 81/2 എന്ന് പേരിട്ടത് . സിനിമാക്കാരനായ ജോരർജിനെയും പച്ചമനുഷ്യനായ ജോർജിനെയും സത്യസന്ധമായി ഈ ഡോകുമെന്ററിയിൽ അവതരിപ്പിക്കുന്നു. ഫെഡറിക്കോ ഫെല്ലിനിയുടെ ‘ലാ ഡോൾസ് വീറ്റ’യിൽ നിന്നുള്ള ഒരു സംഭാഷണം ജോർജിന്റെ സിനിമയെയും ജീവിതത്തെയും കൂട്ടി വായിക്കാൻ ഇവിടെ ചേർത്ത് വെക്കുന്നു, അവിടെ ഒരു സ്ത്രീ മാർസെല്ലോ മാസ്ട്രോയാനി കഥാപാത്രത്തോട് ഇങ്ങനെ പറയുന്നു,

“നിങ്ങൾ ആരെയും സ്നേഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയം അടഞ്ഞതും ശൂന്യവുമാണ്. നിങ്ങൾ ചിന്തിക്കുന്നത് സ്ത്രീകളെക്കുറിച്ചാണ്, അത് പ്രണയമാണെന്ന് നിങ്ങൾ കരുതുന്നു.”

ഡോക്യു മെന്ററിയിൽ ജോർജിന്റെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് ഭാര്യ സൽ‍മ തന്റെ ഭർത്താവിനെ “ഇതുവരെയുള്ള മലയാളത്തിലെ എല്ലാ സംവിധായകരിലും ഏറ്റവും മികച്ചവൻ” എന്ന് അംഗീകരിക്കുന്നു. മലയാള സിനിമയിലെ മികച്ച സംവിധായകൻ തന്നെയാണ് ജോർജ്. 1998ന് ശേഷം മലയാള സിനിമയിൽ സജീ വമല്ലാതിരുന്നിട്ടും ജോർജ് ഇന്നും നിറഞ്ഞു നിൽക്കുന്നു , ഇനി എന്നും നിറഞ്ഞു നിൽക്കുകയും ചെയ്യും.അതാണ് ആ പ്രതിഭയുടെ പ്രത്യേകത.


കവർ : ജ്യോതിസ് പരവൂർ

Comments

You may also like