തമിഴ് സിനിമ ഇന്‍റസ്ട്രിയിലേക്ക് പാ രജ്ഞിത് കടന്ന് വരുന്നതോടെയാണ് കഥകളുടെ സാമൂഹ്യജീവിത പരിസരം അപ്പാടെ മാറി മറിയുന്നത്. ഈ എതിര്‍ കഥാഖ്യാന സംസ്ക്കാരമാണ് തമിഴ് സിനിമാ ലോകം അന്നേവരെ പുറത്ത് നിര്‍ത്തിയ ദലിത് സാമൂഹ്യ ജീവിതത്തേയും മുഖ്യധാരാ കാഴ്ച്ചകളിലേക്ക് എത്തിക്കുന്നതും. പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജാതിയുടെ അധികാരത്തെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടും അതിന്‍റെ രാഷ്ട്രീയമാനങ്ങള്‍ മറയില്ലാതെ തുറന്ന് കാണിച്ചുമാണ് നായക സങ്കല്പങ്ങളുള്ള ദലിത് ജീവിതങ്ങള്‍ സിനിമയില്‍ സാധ്യമാക്കിയത്. അത്തരം ബോധപൂര്‍വ്വം നടത്തിയ ശ്രമകരമായ ഇടപെടലുകളുടെ തുടര്‍ച്ചയിലാണ് മാമന്നന്‍ എന്ന സിനിമയും. ജാതി പെരുമാറ്റങ്ങളെ കുറ്റകൃത്യമായ് മനസിലാക്കേണ്ട ഒരു സാമൂഹ്യബോധനിര്‍മ്മതിയെ തീര്‍ച്ചയായും ഇത്തരം സിനിമ ലക്ഷ്യം വെക്കുന്നുണ്ട്. എന്നിരിക്കെ സിനിമാ കാഴ്ച്ചക്കാരുടെ ജാതിമനോനിലയും മുന്‍വിധികളും കൂടി പരിഗണിച്ച് കൊണ്ടായിരിക്കണം സിനിമകളുടെ പ്രതിനായകസങ്കല്പങ്ങള്‍ അവതരിപ്പിക്കപ്പെടേണ്ടതെന്ന പുതിയ പാഠമാണ് മാമന്നന്‍ പഠിപ്പിക്കുന്നത്. മുഖ്യധാരാ കമേഴ്സ്യല്‍ സിനിമകളില്‍ പ്രതിനായകപാത്ര നിര്‍മ്മിതിയില്‍ സ്വീകരിക്കുന്ന ചില പൊതു രീതികളും ചേരുവകളുമുണ്ട്. ആ പൊതുസാമ്യതകള്‍ മാമന്നനിലും കാണാന്‍ കഴിയും. വില്ലനായാല്‍ മനുഷ്യത്വത്തിന്‍റെ ചെറു കണികപോലും ഇല്ലാത്ത ഏറ്റവും മൃഗതുല്യ സ്വഭാവമുള്ള മനുഷ്യനായിരിക്കണമെന്നത് പൊതുവെ സിനിമകള്‍ പിന്‍തുടരുന്ന ശെെലിയാണ്. മനസാക്ഷിയില്ലാത്ത വെറുക്കപ്പെടേണ്ട സ്വഭാവവെെകൃതത്തിന് ഉടമയായ് ഒരു വില്ലന്‍ പൊതുവില്‍ മുഖ്യാധാര സിനിമകളുടെ അവിഭാജ്യ ഘടകമാണ്. പൊതു സിനിമകളുടെ അതേ മാതൃകയിലാണ് മാമന്നനിലെ രത്നവേലും അവതരിപ്പിക്കപ്പെടുന്നത്.
അസാമാന്യമായ അഭിനയവെെഭവം കൊണ്ട് ഫഹദ് ഫാസില്‍ സമ്പന്നമാക്കിയ ഏറ്റവും ഹീനമായ സ്വഭാവ പ്രകൃതമുള്ള കഥാപാത്രമാണ് രത്നവേല്‍. മൃഗീയ പ്രകൃതമുള്ള രത്നവേല്‍ ഒരു ഹീറോ പരിവേഷത്തോടെ സിനിമക്ക് വെളിയില്‍ ഏറ്റെടുക്കപ്പെടുന്നതിന്‍റെ കാരണം നിലനില്‍ക്കുന്ന ജാതീയതയുടെ സാമൂഹിക പരിസരവുമായ് കൂട്ടിവായിക്കേണ്ടതുണ്ട്. രത്നവേലിന്‍റെ മനുഷ്യവിരുദ്ധതയെ, സ്വഭാവത്തെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ മാരി ശെല്‍വരാജ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ട മല്‍സരത്തില്‍ തോറ്റ തന്‍റെ വളര്‍ത്ത് നായയുടെ തല ഇരുമ്പുകമ്പി കൊണ്ട് നിര്‍ത്താതെ തല്ലി പൊളിക്കുമ്പോള്‍ രത്നവേൽ കെെവരിക്കുന്ന ഭാവമാറ്റം അയാളിലെ ക്രിമിനല്‍ മനോനിലയെ കുറിച്ചുള്ള ഭയം പ്രേക്ഷകനെ ഒരു വിറയലോടെ പിടികൂടുന്നുണ്ട്. തന്‍റെ വളര്‍ത്ത് പട്ടിയെ തല തല്ലിപ്പൊളിച്ച് കൊല്ലുന്ന അതേ ലാഘവത്തോടെ തന്നെയാണ് തന്‍റെ ജാതിനേതാവിനെയും അയാള്‍ കൊന്നുകളയുന്നത്. ജാതി വെറിപൂണ്ട രത്നവേല്‍ അത്യന്തം അപകടകാരിയും ഹീനനുമായ ഒരാളായ് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടും സിനിമക്ക് പുറത്ത് രത്നവേല്‍ തന്നെയാണ് കുതിരപ്പുറത്തിരുത്തി ആനയിക്കപ്പെട്ടത്. ജാതിയെ സാമൂഹിക കുറ്റകൃത്യമായി മനസിലാക്കാത്ത ഒരു പറ്റം പ്രേക്ഷകര്‍ക്ക് പൊതു പ്രതിനായക മാതൃകയിലുള്ള രത്നവേല്‍ ജാതീയ ആന്ദമായ് തീരുകയായിരുന്നു.
അതുകൊണ്ട് തന്നെ മുഖ്യാധാര സിനിമകളില്‍ ചോരക്കൊതി കൊണ്ടലറി വിളിക്കുന്ന വാര്‍പ്പു മാതൃക വില്ലനിസം; ജാതി വിരുദ്ധ ആശയങ്ങളെ പിന്‍പറ്റുന്ന സിനിമകള്‍ക്ക് അനുയോജ്യമല്ലാതാവുന്നുണ്ട്. മറ്റു സിനിമകള്‍ പിന്തുടരുന്ന വില്ലനിസത്തിന്‍റെ പൊതു രീതികള്‍ സ്വീകരിക്കുന്നതോടെ മാമന്നന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രിയത്തിന്‍റെ വിപരീതത്തിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്.
ഇന്ത്യയില്‍ ഒരാള്‍ ജാതി പാലിക്കുന്നത് ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ വെെകൃതത്തിന് ഉടമയായിരിക്കുന്നത് കൊണ്ടോ, ക്രിമനല്‍ വാസനയുള്ളത് കൊണ്ടോ അല്ല. മറിച്ച് ആചാര വിശ്വാസങ്ങളും അതിനെ ന്യായികരിക്കുന്ന ഹെെന്ദവമതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയ പവിത്രതാ സങ്കല്പത്തിലുമാണ് അയാള്‍ തന്‍റെ ജാതിജീവിതം തുടരുന്നതെന്ന് Dr.അംബേദ്ക്കര്‍ നിരീക്ഷിക്കുന്നുണ്ട്. പൊതുസമൂഹത്തില്‍ വളരെ മാന്യമായ് ഇടപെടുകയും സാമൂഹ്യജീവിതത്തില്‍ സൗഹാര്‍ദ്ദ അന്തരീഷം പുലര്‍ത്തുകയും ചെയ്യുന്ന വളരെ നല്ല മനുഷ്യരായ് പെരുമാറുകയും ചെയ്യുന്നവര്‍ കൂടി ജാതി പാലിക്കുന്നൂവെന്നത് ഒരു യാത്ഥാര്‍ത്ഥ്യമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തും സര്‍വ്വകലാശാലയിലും നിലനില്‍ക്കുന്ന ജാതിവിവേചനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. സമൂഹത്തില്‍ മാന്യതയും അന്തസ്സും പുലര്‍ത്തുന്നവരും വലിയ സാമൂഹിക അംഗീകാരങ്ങള്‍ ഉള്ളവരും ഏതെങ്കിലും വിധത്തിലുള്ള ജാതിയുടെ ഹിംസാത്മക കോമ്പല്ലുകള്‍ പ്രകടമായ് പുറത്ത് കാണിച്ചല്ല ജാതി പെരുമാറ്റം പുറത്തെടുക്കുന്നത്. ജാതിവിരുദ്ധത പ്രമേയങ്ങളായ സിനിമകളിലെ ജാതിവാദി പ്രതിനായകര്‍ മറ്റു പോപ്പുലര്‍ സിനിമകളിലെ പ്രതിനായകരുടെ വാര്‍പ്പു മാതൃകളില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതില്‍ പ്രധാനം ക്രിമിനല്‍ വാസനയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിന്‍റെ കൂട്ടത്തില്‍ ഏര്‍പ്പെടുന്ന മറ്റൊരു കുറ്റകൃത്യം മാത്രമായ് ജാതിയെ ലഘൂകരിക്കുന്നു എന്നതാണ്. എന്നുവച്ചാല്‍ ഒരാള്‍ വ്യക്തിപരമായ് സമൂഹത്തിലെ മോശം മനുഷ്യനായത് കൊണ്ട് മാത്രമാണ് അയാള്‍ ജാതിയുടെ വക്താവായ് രംഗത്ത് വരുന്നത്. അയാളിലെ മറ്റു ക്രിമിനല്‍ വാസനകള്‍ ഇല്ലായിരുന്നുവെങ്കില്‍ അയാളും ജാതി പാലിക്കാത്ത മനുഷ്യനാകുമായിരുന്നു എന്നതാണ്. ഇത്തരം മൃഗതുല്യ മനുഷ്യന്‍ സിനിമ കാണുന്ന പ്രേക്ഷകന്‍റെ നിത്യജീവിത പരിസരങ്ങളില്‍ അനുഭവമല്ലാതിരിക്കുന്നത് കൊണ്ട് കൂടിയാണ് ഇല്ലാത്ത ജാതിയെ സിനിമകളിലൂടെ തിരിച്ചു കൊണ്ടുവരുകയാണ് എന്ന ആക്ഷേപത്തിന് ഇടവരുത്തുന്നത്.
മമ്മൂട്ടി അഭിനയിച്ച മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ പുഴു എന്ന സിനിമ ഇത്തരം പ്രതിനായക സങ്കല്പത്തില്‍ നിന്ന് മാറി ചിന്തിച്ച ഒന്നാണ്. പുഴുവിലെ കുട്ടന്‍ ആരുടേയും തല തല്ലിപ്പൊളിക്കുന്ന പ്രാകൃത ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാളല്ല. അയാള്‍ സമൂഹത്തില്‍ പൊതു സ്വീകാര്യനും എല്ലാവരേയും സ്നേഹിക്കുന്നവനും ഉള്ളില്‍ നന്മയുള്ള മനുഷ്യനുമാണ്. ജാതി മാറി വിവാഹിതയായ അനുജത്തിയോടും ഭര്‍ത്താവിനോടും അയാള്‍ക്ക് സ്നേഹമുണ്ട്. എങ്കിലും മനുഷ്യന്‍ എന്ന നിലയിലുള്ള എല്ലാ നന്മയും തകര്‍ത്തെറിഞ്ഞാണ് ജാതിയുടെ ഭീകര രൂപമായി അവസാന ഘട്ടത്തില്‍ അയാള്‍ മാറിത്തീരുന്നത്. ജയ് ഭീംമും മാമന്നനും കണ്ടിറങ്ങുന്ന പ്രേക്ഷന് വില്ലന്‍റെ ക്രിമിനല്‍ സ്വഭാവ വെെകൃതത്തില്‍ പ്രശ്നമായ് ജാതിയെ ചുരുക്കി കാണാനുള്ള ഒരു ഒരവസരം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ പുഴുവിലെ പ്രതിനായകന്‍ കുട്ടന്‍ അങ്ങനെ ഒരു സാധ്യതയും നല്‍കുന്നില്ല. ഓരോ മനുഷ്യനും അവനവനിലും സ്വന്തം ജീവിത പരിസരങ്ങളിലും സിനിമകളിലെ ഇത്തരം പ്രതിനായകന്‍മാരെ നിരന്തരം കണ്ടുമുട്ടുന്നു. എന്നു വച്ചാല്‍ കുട്ടന്‍മാര്‍ ഒരു സാമൂഹിക യാഥാർത്ഥ്യവും, രത്നവേല്‍ സാമൂഹിക ജീവിതത്തിൽ അയഥാര്‍ത്ഥവുമാണ്.
കൊള്ളയും കൊലയും ബലാല്‍സംഗവും നടത്തുന്ന ആക്രമണകാരിയായ പോപ്പുലര്‍ സിനിമകളിലെ വില്ലന്‍റെ പ്രതിച്ഛായയില്‍ ജാതിവിരുദ്ധ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന സിനിമകളിലെ പ്രതിനായകന്‍ ഈ നിലക്ക് സിനിമയുടെ രാഷ്ട്രീയത്തെ അട്ടിമറിക്കുന്നുണ്ട്. ഇത്തരം വിശകലനത്തിലൂടെ മാമന്നനും സംവിധായകന്‍ മാരിശെല്‍വരാജും ഒരു പരജായമാണെന്ന് വിലയിരുത്തുന്നുണ്ടെങ്കില്‍ അത് ഒരു അബദ്ധധാരണയുമായിരിക്കും. മാമന്നനെതിരെ ജാതി വെറികൊണ്ടലറുന്ന രത്നവേലിനെ വെറുക്കപ്പെടേണ്ട അപകടകാരിയായി അടയാളപ്പെടുത്തിയിട്ടും സിനിമ മുന്നോട്ട് വച്ച രാഷ്ട്രീയത്തിന് വിരുദ്ധമായ് വില്ലന്‍ ഹീറോയായ് മാറിയിട്ടുണ്ടങ്കില്‍ അത് മാരിശെല്‍വരാജ് എന്ന സംവിധായകന്‍റെ വ്യക്തിപരമായ പരാജയമല്ല. സിനിമയുടെ രാഷ്ട്രീയ ധാരണകളിലേക്ക് കടന്ന് ചെല്ലാന്‍ മാത്രം ജനാധിപത്യ ബോധം വികാസം പ്രാപിക്കാത്ത രത്നവേല്‍ ആരാധകര്‍ നിലനില്‍ക്കുന്നത് അദ്ധേഹത്തിന്‍റെ കുറ്റമല്ല.
കവർ : ജ്യോതിസ് പരവൂർ
Images : Google Images