പൂമുഖം LITERATUREവായന മിഡ് ലൈഫ് ക്രൈസിസ്

മിഡ് ലൈഫ് ക്രൈസിസ്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ഇ സന്തോഷ് കുമാറിന്റെ ” പച്ച കുത്തുന്നവള്‍ ” എന്ന കഥ, കഥ പറയുന്നയാളുടെ ഓർമ്മയിൽ വിരിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. സന്തോഷ് കുമാറിന്റെ മറ്റൊരു കഥയായ ‘ നാരകങ്ങളുടെ ഉപമ ‘ പോലെ ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ള കഥയാണ് ഇതും. ഏത് നഗരത്തിലും നടക്കാൻ സാധ്യതയുള്ള കഥ. അത് കൊണ്ടായിരിക്കും ‘ പി ‘ എന്നാണ് നഗരത്തിന് പേരിട്ടിരിക്കുന്നത്.നാട് വിട്ട് മറ്റൊരു നഗരത്തിൽ ജോലി ചെയ്യേണ്ടി വരുന്നയൊരാളുടെ പ്രതിസന്ധികളിലൂടെ കഥ പറയുന്ന ആളും കടന്നു പോകുന്നുണ്ട്. അയാൾ അവധി ദിനത്തിൽ ഒരാഴ്ചത്തെ പേപ്പറുകൾ ഒന്നിച്ചു വായിക്കുകയാണ്. ” ഏറ്റവും പുതിയ പത്രങ്ങൾ തൊട്ട് പിറകോട്ട് വായന. മരിച്ചു പോയവരുടെ ജാതകം വായിക്കുന്ന കൗതുകം എന്നെയപ്പോൾ ആവേശിക്കും.” എന്നാണ് ആ വായനാനുഭവം.

അവധി ദിനത്തിൽ ഒബറോൺ മാളിൽ എത്തുന്ന ആൾ, നാലാം നിലയിലെ ഐറിഷ് പബ്ബിൽ എത്തുന്നു സവിശേഷമായൊരു പബ്ബ് ആണത്.പഴയൊരു നൂറ്റാണ്ടിൽ എത്തിപ്പെട്ട അവസ്ഥ.

പിന്നീട് എസ് എസ് ഫേഷ്യൽ ഡിസൈനിങ്ങ് സ്റ്റുഡിയോയിൽ എത്തിച്ചേരുന്നു.അവിടെ വെച്ച് സുന്ദരിയായ സാറയെ പരിചയപ്പെടുന്നു. കഥയുടെ നിഗൂഢതയിലേക്ക് കഥ പറയുന്ന ആൾക്കൊപ്പം നമ്മളും വീഴുന്നു.

മിഡ് ലൈഫ് ക്രൈസിസ് എന്ന് വിളിക്കുന്ന ഘട്ടത്തിലൂടെ കടന്ന് പോകുന്ന അയാൾക്ക് സാറയുടെ സാമീപ്യം സാന്ത്വനമാകുന്നു. ” ഇക്കാലത്ത് നല്ല മനുഷ്യർ കൂടുതൽ കഷ്ടപ്പെടുന്നു ” ആ ആകുലതകൾക്ക് പരിഹാരമായി തേളിന്റെ ടാറ്റൂ കുത്താൻ സാറ നിർദേശിക്കുന്നു.”തേൾ തന്റെ കാലുകൾ കൊണ്ട് നിങ്ങളുടെ ശരീരത്തെ കൂട്ടിപ്പിടിക്കും ”

സാറയുടെ ഇരട്ട സഹോദരിയും അരസികയുമായ സമീറയെയാണ്,മറ്റൊരു ദിവസം അയാളവിടെ കാണുന്നത്. ( അതോ സാറയുടെ മറ്റൊരു മുഖമാണോ എന്ന് വായനക്കാർ ആദ്യം സംശയിച്ചേക്കാം ) സമീറയുടേത് തികച്ചും നിഷേധാത്മക സമീപനമായിരുന്നു. ഒരു കൂടിക്കാഴ്ചക്കിടയിൽ
തന്റെ ഭഗ്ന പ്രണയത്തെക്കുറിച്ച് സാറ അയാളോട് പറയുന്നു. അവൾ കഥ പറയുന്നയാളിന്റെ പിൻ കഴുത്തിൽ തെളിന്റെ പച്ച കുത്തുന്നുമുണ്ട് .

തുടക്കത്തിൽ ടാറ്റൂ പ്രഭാവത്തിൽ ചില നല്ല മാറ്റങ്ങൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ടെങ്കിലും പിന്നീട് അതിന്റെ സ്വാധീനം ഇല്ലാതാകുന്നു

അയാൾ വീണ്ടും സാറയുടെ അടുത്തെത്തി തേളിന്റെ കാലിന് നീളം കൂട്ടുന്നു.

അയാൾക്ക്‌ നാട്ടിലേക്ക് ജോലിമാറ്റം കിട്ടുന്നു. ഇടയ്ക്ക് സാറയെ ബന്ധപ്പെടാൻ ശ്രമിയ്ക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.

ഒരിടവേളയ്ക്ക് ശേഷം ആ നഗരത്തിൽ തിരിച്ചെത്തുകയാണയാൾ.ഒബറോൺ മാളിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല. സലൂൺ അവിടെത്തന്നെയുണ്ട്.അവിടെ സാറയെ കാണാനെത്തുന്ന അയാളെ നിരാശയാണ് കാത്തിരിക്കുന്നത്.’പിൻ കഴുത്തിൽ രണ്ട് ചുണ്ടുകളുടെ നനവ് മാത്രം ബാക്കിയാകുന്നു.’

സാറ – സമീറയുടെ കഥയിലൂടെ കഥാകൃത്ത് സമകാലിക ജീവിതത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് നമ്മളെയും കൂട്ടുകയാണ് . പ്രണയവും, കാമവും , പകയും അവിടെ ടാറ്റൂ വിലെ വിചിത്രമായ ഇഴ ജന്തുക്കൾ പോലെ കെട്ടു പിണഞ്ഞു കിടക്കുന്നു. യാതൊരു ദുർഗ്രഹതയുമില്ലാത്ത ആഖ്യാനം സന്തോഷ് കുമാറിന്റെ കഥകളുടെ പ്രത്യേകതയാണ്. പതിയ താളത്തിൽ തുടങ്ങി അത്‌ സങ്കീർണ്ണതകളിലേക്ക് പടരുന്നു.മനുഷ്യാവസ്ഥകൾ വിദഗ്ധമായി ആവിഷ്കരിക്കുന്ന കയ്യടക്കം ഈ നീണ്ട കഥയിലുണ്ട്.വേറിട്ട പശ്ചാത്തലം വായനക്കാരിൽ ജിജ്ഞാസ ജനിപ്പിക്കുന്നു.

Comments
Print Friendly, PDF & Email

You may also like