മാരി ശെല്‍വരാജ് സംവിധാനം ചെയ്ത “മാമന്നന്‍” ഓടിടി റിലീസിനെ തുടർന്ന് പുതിയ ഒരു ചര്‍ച്ചക്ക് വഴിതുറക്കുക യുണ്ടായി. സംവരണ മണ്ഡലത്തിലെ MLA മാമന്നനും അയാളുടെ സ്വന്തം പാര്‍ട്ടിയുടെ നേതാവും തേവര്‍ ജാതിക്കാരനുമായ രത്നവേലിനും ഇടയിലുള്ള ജാതീയ സംഘര്‍ഷമാണ് സിനിമയുടെ കേന്ദ്ര പ്രമേയം. തിയ്യറ്റര്‍ റിലീസില്‍ മാമന്നനായി അഭിനയിച്ച വടിവേലുവും സിനിമ മുന്നോട്ട് വെച്ച ദലിത് രാഷ്ട്രിയ പ്രമേയവും പൊതുവില്‍ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ സിനിമ കൈവരിച്ച പൊതു സ്വീകാര്യതയ്ക്ക് എതിരായി വലിയ രീതിയിലുള്ള പ്രചാരണമാണ് ഓടിടി റിലീസിനെ തുടർന്ന് സംഭവിച്ചത്. എന്ത് കൊണ്ടാണ് മാമന്നന്‍റെ രാഷ്ട്രീയ പ്രമേയത്തെയും ആ പ്രമേയത്തിന് കരുത്ത് പകര്‍ന്ന നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയി മാമന്നനായ് പകര്‍ന്നാടിയ വടിവേലുവിനേയും നിഴലില്‍ നിര്‍ത്തി രത്നവേല്‍ മേൽകൈ നേടിയത്?
ആ ചോദ്യത്തിന് രണ്ട് ഉത്തരമുണ്ട് . ഒന്ന് ഫഹദ് ഫാസിലെന്ന നടന്‍ തന്‍റെ അസാധ്യമായ അഭിനയ മികവുകൊണ്ട് തേവര്‍ രത്നവേലുവായി സിനിമയിലുടനീളം നിറഞ്ഞു നിന്നുവെന്നാണ്. അതൊരു ലളിതവും നിഷ്കളങ്കവുമായ നിരീക്ഷണമായി മാറും. ഫഹദ് ഫാസിലിന്‍റെ അഭിനയ മികവിനെ മുന്‍നിര്‍ത്തി രത്നവേലിനെ ആഘോഷപൂര്‍വ്വം ഏറ്റെടുക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആരാണ് ഫഹദിനെ മുന്‍നിര്‍ത്തി രത്നവേലിനെ കൊണ്ടാടിയതെന്ന് മാമന്നനെ മുന്‍നിര്‍ത്തി സാമൂഹ്യശാസ്ത്രപരമായ ചോദ്യമുണ്ടാവേണ്ടതുണ്ട്. അതിസങ്കീര്‍ണമായ ജാതിസാമൂഹികഘടന തമിഴ്നാട്ടിലെങ്ങനെയാണ് മാമന്നന്‍റെ രാഷ്ട്രീയ പ്രമേയത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ.

ഫഹദ് ഫാസില്‍ വേഷമിട്ട രത്നവേലുവിന്‍റെ തീക്ഷ്ണമായ അഭിനയ രംഗങ്ങളുടെ വീഡിയോകള്‍ പ്രചരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ പുകഴ്ത്തുന്നതിന് കൂടെ മറ്റൊരു ഹാഷ്ടാഗ് കൂടിയുണ്ടായിരുന്നു. അത് പറയുന്നത് “മാരി ശെല്‍വരാജിന് ഇത്തവണ പണികിട്ടിയെന്നാണ്”. വില്ലന്‍ നായകനെ ജയിക്കുന്നതിലെ ആഹ്ളാദം സിനിമക്ക് വെളിയിൽ മറയില്ലാതെ പുറത്ത് വരുന്നതില്‍ ഒരു കാര്യം വ്യക്തമാണ്. തമിഴ്നാട്ടില്‍ അടുത്ത കാലത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ദലിത് രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമകളോട് അസഹിഷ്ണുത ശകതിപ്പെട്ട് വരുന്നുണ്ട് എന്നതാണത്. ഈ അസഹിഷ്ണുത മാമന്നന്‍ സിനിമയില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തേവര്‍ ജാതിയില്‍ നിന്ന് മാത്രമല്ല എന്ന് തിരിച്ചറിയുമ്പോളാണ് ജാതിയുടെ സാമൂഹ്യ മനശാസ്ത്രം പിടികിട്ടുക. രത്നവേലുവിന്‍റെ ഫ്ലകസ് അടിച്ച് തെരുവില്‍ വച്ചതും ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമിട്ട് ആഘോഷിച്ചതിലും പ്രധാനമായും തമിഴ്നാട്ടിലെ പിന്നോക്ക ജാതികളുമുണ്ടായിരുന്നു. തേവരായ രത്നവേലുവിനെ സ്വന്തം പ്രതിനിധിയായി കണ്ട് തങ്ങള്‍ക്ക് ദലിതര്‍ക്ക് മുകളിലുള്ള ജാതി മേൽക്കോയ്മയിൽ ഹരം കൊണ്ട് ആരവം തീര്‍ത്തതില്‍ പിന്നോക്ക ജാതികള്‍ ഒരു പക്ഷേ ഒരു പടി മുന്നിലായിരുന്നു!
അതുകൊണ്ട് തന്നെ, തമിഴ് നാട്ടില്‍ പാ രജ്ഞിത്തും വെട്രിമാരനും മാരി ശെല്‍വരാജും പ്രമേയപരവും ഭാവുകത്വപരവുമായി മാറ്റി പണിയുന്ന സിനിമയിലെ ജാതി പ്രതിനായകത്വങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ജാതിവ്യവസ്ഥയെന്ന അതിസങ്കീര്‍ണ ഘടനയുള്ള സാമൂഹ്യ സ്ഥാപനത്തിന് എതിരെ നിര്‍മ്മിക്കുന്ന സിനിമകളിലെ പാളിപ്പോകുന്ന പ്രതിനായകത്വ ആഖ്യാനങ്ങള്‍ക്ക് സംഭവിക്കുന്ന സ്വാഭാവിക പ്രതിസന്ധിയിലാണ് രത്നവേല്‍ മാമന്നനെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്‍റെ വിരുദ്ധ ദിശയില്‍ സിനിമ സമൂഹത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമായി മാമന്നന്‍ മാറുന്നു. ജാതിവിരുദ്ധ സിനിമകളില്‍ അരിഞ്ഞിടുന്ന ജാതിവാദി പ്രതിനായകത്വങ്ങള്‍ ആയിരം തലകളായി സമൂഹത്തില്‍ പുനര്‍ജനിക്കുകയാണ്. ഈ പ്രതിസന്ധിയെ അതീജീവിക്കാനാവാത്തതാണ് പ്രധാനമായും ജാതിവിരുദ്ധ പ്രമേയങ്ങളുള്ള സിനിമകള്‍ നേരിടുന്ന വെല്ലുവിളി. ഈ വെല്ലുവിളിയെ മറികടക്കാന്‍ ജാതിവ്യവസ്ഥയുടെ അതിസൂക്ഷ്മവും , സങ്കീര്‍ണവുമായ സാമൂഹ്യ മനശാസ്ത്രത്തേയും പ്രവര്‍ത്തന സ്വഭാവത്തേയും കുറിച്ചുള്ള ഡോ: ബി. ആർ. അംബേദ്ക്കറുടെ നീരീക്ഷണത്തെ തന്നെയാണ് ആശ്രയിക്കേണ്ടിയിരിക്കുന്നത് . ജാതി വ്യവസ്ഥക്കുള്ളില്‍ ജാതികള്‍ ഒറ്റതിരിഞ്ഞ് പിരിഞ്ഞിരിക്കുക മാത്രമല്ല ചില സവിശേഷഘട്ടത്തില്‍ അവ ഒരുമിച്ച് ചേര്‍ന്ന് വര്‍ഗബോധം കൈവരിക്കുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ബ്രാഹ്മണരും ക്ഷത്രിയരും തമ്മില്‍ ജാതീയ അന്തരവും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും താഴെയുള്ള വൈശ്യർ ജാതിയെ അതിലംഘിക്കാന്‍ ശ്രമിച്ചാല്‍ ശത്രുത മറന്ന് ബ്രാഹ്മണരും ക്ഷത്രിയരും ഒറ്റക്കെട്ടായി വൈശ്യരെ നേരിടും. ജാതി മറികടക്കുന്നത് ശൂദ്രരാണെങ്കില്‍ മുകളിലുള്ള മുന്ന് ജാതികളും ഒരുമിച്ച് നിന്ന് ശൂദ്രരെ നേരിടും. ശൂദ്രര്‍ക്കും താഴെയുള്ള അയിത്തജാതിക്കാര്‍ സംഘടിച്ചാല്‍ മുകളിലെ മൂന്ന് ജാതികളും സവര്‍ണരെന്ന
വര്‍ഗബോധം കൈവരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ അയിത്ത ജാതികാര്‍ക്ക് എതിരെ രംഗത്ത് വരികയും ചെയ്യും. അങ്ങനെ പരസ്പരം കലരാതെ ഒറ്റതിരിഞ്ഞിരിക്കുമ്പോള്‍ തന്നെ വ്യവസ്ഥക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരെ തടഞ്ഞ് ചില നിര്‍ണായക ഘട്ടത്തില്‍ ഇരകള്‍ തന്നെ വ്യവസ്ഥയെ സംരക്ഷിക്കുന്ന സവിശേഷ സ്വഭാവം ജാതിവ്യവസ്ഥക്കുണ്ട്.
ജാതി ഘടനക്കുള്ളിലെ ഈ സവിശേഷ പ്രതിഭാസമാണ് മാമന്നന്‍റെ ഓടിടി റിലീസിന് ശേഷം സംഭവിച്ചത്. അതായത് ജാതിവ്യവസ്ഥക്ക് എതിരെയുള്ള രാഷ്ട്രീയ ആഹ്വാനമാണ് മാരി ശെല്‍വരാജ് സിനിമയില്‍ ഉയര്‍ത്തുന്നത്. ദലിതനായി, മണ്ണ് മാമന്നായി, ജാതിയെ മറികടക്കാന്‍ സിനിമയില്‍ ശ്രമിക്കുമ്പോള്‍ ദലിതര്‍ക്ക് മുകളിലുള്ള പിന്നോക്ക ജാതിക്കാരും അവര്‍ക്ക് മുകളിലുള്ള ഉയര്‍ന്ന ജാതിക്കാരും ഒന്നായി അംബേദ്‌ക്കര്‍ പറഞ്ഞതുപോലെ ഒരു മേല്‍ജാതി വര്‍ഗബോധം കൈവരിക്കുന്നു. ഇങ്ങനെ ജാതിവ്യവസ്ഥയുടെ ഇരകളായിരിക്കുന്ന പിന്നോക്ക ജാതികളും, അവര്‍ക്ക് മുകളിലുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളും ചേര്‍ന്ന് താൽക്കാലികമായി കൈവരിക്കുന്ന വര്‍ഗബോധതിന്‍റെ അടിസ്ഥാനത്തില്‍ ജാതിയെ മറികടക്കാന്‍ ശ്രമിക്കുന്ന ദലിതരെ തടയുന്ന ജാതിവ്യവസ്ഥയുടെ നിര്‍ണായക സന്ദര്‍ഭം രൂപം കൊള്ളുന്നു. സിനിമയില്‍ രത്നവേല്‍ തേവര്‍ ജാതിയുടെ പ്രതിനിധിയാണെങ്കിലും ദലിതര്‍ക്ക് എതിരെ ആ സവിശേഷ സന്ദര്‍ഭത്തില്‍ മാത്രം രൂപം കൊണ്ട മേല്‍ജാതി വര്‍ഗത്തിന്‍റെ നേതാവായി ആയാള്‍ ഏറ്റെടുക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെയാണ് തമിഴ്നാട്ടില്‍ തെരുവില്‍ പിന്നോക്ക ജാതിവിഭാഗങ്ങള്‍ ഉയര്‍ത്തിയ ഫ്ലക്സ്ബോര്‍ഡില്‍ രത്നവേല്‍ മാമന്നനെതിരെ സ്ഥാനം പിടിക്കുന്നത്. ജാതിവ്യവസ്ഥയുടെ ഇരകളായിരിക്കുന്ന പിന്നോക്ക ബഹുജനങ്ങളൂം സവര്‍ണ മേല്‍ജാതി ഹിന്ദുക്കളും ഒരുമിച്ച് അണിനിരന്ന് ഒരു പുതിയ ബ്ലോക്കായി ഉണ്ടായിവരുന്ന പ്രതിഭാസത്തെ തടയേണ്ടതുണ്ട്. പിന്നോക്ക ബഹുജനങ്ങളെ വ്യവസ്ഥക്കൊപ്പം നില്‍കുന്നവരാക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കുന്ന വിധത്തില്‍ ജാതി വിരുദ്ധ സിനിമകളുടെ ആഖ്യാന യുക്തികള്‍ മാറ്റി പണിയേണ്ടതുണ്ട്.

ജാതി ഒരു വശത്ത് ദലിതരെ നിര്‍ത്തി മറുവശത്ത് ഏതെങ്കിലും ഒരു ജാതിയെ വില്ലന്മാരാക്കി ചെയ്യുന്ന സിനിമകളുടെ ആഖ്യാനരീതി ജാതിവ്യവസ്ഥക്ക് എതിരെയുള്ള ഒരു പൊതു ജനാധിപത്യ സാമൂഹ്യമനസ്സ് നിര്‍മ്മിച്ചെടുക്കാന്‍ പ്രാപ്തമാവുന്നില്ല എന്നാണ് മാമന്നന്‍ തെളിയിക്കുന്നത്. ദലിതേതര ജാതി സമൂഹങ്ങളും തുല്യ മനുഷ്യ സങ്കല്പത്തിന് അര്‍ഹരല്ലാതിരിക്കുമ്പോള്‍ അവരെ ജാതി വ്യവസ്ഥയുടെ നടത്തിപ്പുകാരായി ചിത്രീകരിക്കാത്ത സിനിമകളും,പ്രതിനായകത്വ സങ്കല്പങ്ങളും വരണം. അപ്പോൾ മാത്രമെ സിനിമയുടെ രാഷ്ട്രീയം സമൂഹത്തില്‍ സക്രിയമായി പ്രവര്‍ത്തിക്കൂ.
(തുടരും)
കവർ : ജ്യോതിസ് പരവൂർ
Images : Google Images