” മനുഷ്യന് ഒരു സൂത്രവാക്യം”. സുരേഷ് പേരിശ്ശേരിയുടെ നോവലിന്റെ ആസ്വാദനം.
ഏതെങ്കിലും ഒരു ദേശത്തിൻ്റെ ചരിത്രം അവലംബിച്ചുള്ള ആഖ്യായികകൾ മലയാളത്തിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അവയിൽ മിക്കതും മലയാളികൾ നെഞ്ചിലേറ്റിയിട്ടുമുണ്ട്. എന്നാൽ “മനുഷ്യന് ഒരു സൂത്രവാക്യം” എന്ന നോവൽ വെറുമൊരു ദേശചരിത്രം മാത്രമല്ല കേരള നവോത്ഥാന കാലഘട്ടത്തിലെ സമൂഹത്തെക്കുറിച്ചുള്ള ആഴമേറിയ നിരീക്ഷണം കൂടിയാണ്.
സൂചകങ്ങളും സംഖ്യകളുമുപയോഗിച്ച് സൂത്രവാക്യം സൃഷ്ടിക്കുന്നതു പോലെ മുരളി എന്ന നായക കഥാപാത്രം തൻ്റെ കാലഘട്ടത്തിലെ ചരിത്രം, യാഥാർത്ഥ്യം, രാഷ്ട്രീയം, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള ജീവിതപാഠങ്ങൾ വസ്തുനിഷ്ഠമായി കോർത്തു വയ്ക്കുന്നതിലൂടെ വൈവിധ്യമേറിയതും പ്രവചനാതീതവുമായ മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായ മാനവികതയുടെയും ആർദ്രതയുടെയും സൂത്രവാക്യങ്ങൾ വരച്ചിടുകയാണ്.
പോരുവഴി എന്ന സാങ്കൽപ്പിക ദേശത്ത് സ്ഥാപിച്ച വാർത്താബോർഡിൻ്റെ ചരിത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. പോരുവഴിക്കാരുടെ എടുത്തു പറയേണ്ട പ്രത്യേകത പരസ്പരം വഴക്കും വക്കാണവും ഉണ്ടെങ്കിലും പകയില്ലാത്ത ജനതയാണ് അവർ എന്നതാണ്.അതിനവർക്കൊരു കാരണവും ചരിത്രവും ഉണ്ട്.
മുരളിയുടെ ബാല്യകാലം മുതൽ കേരള ചരിത്രത്തിലെ സവിശേഷ ഏടായി മാറിയ പ്രളയം വരെയുള്ള ഏതാണ്ട് അരനൂറ്റാണ്ടിലേറെയുള്ള സാമൂഹിക രാഷ്ട്രീയ ചരിത്രം നോവലിൽ ആഖ്യാനം ചെയ്യുന്നു. ഒരു പഴയകാല കമ്മ്യൂണിസ്റ്റായ മുരളിയുടെ പിതാവ് കൃഷ്ണപിള്ള അക്കാലത്തുണ്ടായ രാഷ്ട്രീയ കൊടുങ്കാറ്റുകളിൽ പ്രധാന പങ്കുവഹിച്ചയാളാണ്. നോവൽ വായിച്ചു തീർന്നാലും നമ്മളെ ഒരുപാട് പിടിച്ചുലക്കുന്ന ഒരു കഥാപാത്രമാണിത്. രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം, അടിയന്തരാവസ്ഥ, ദായക്രമങ്ങൾ, കൂട്ടുകുടുംബ ഫ്യൂഡൽ വ്യവസ്ഥിതി ഒക്കെത്തന്നെ ഇതിവൃത്തത്തിൻ്റെ ഭാഗമായി മാറുന്നു.
രണ്ടു മഴ പെയ്താൽ ജലനിബിഡമാകുന്ന പോരുവഴി ധാരാളം പാടശേഖരങ്ങളും കൃഷിയിടങ്ങളും കൊണ്ട് അനുഗ്രഹീതമാണ്. അന്യം നിന്നതും പുതുതലമുറയ്ക്ക് അപരിചിതവുമായ കാർഷിക സംസ്കൃതി, കാർഷിക ഗാർഹിക ഉപകരണങ്ങൾ ഒക്കെ നോവലിൽ പരിചയപ്പെടുത്തുന്നുണ്ട്. കൂടാതെ തലമുറകളായി കൈമാറി വരുന്ന വിശ്വാസങ്ങൾ, മിത്തുകൾ, ഐതിഹ്യങ്ങൾ, ദൈവ സങ്കൽപ്പങ്ങൾ എന്നിവയെല്ലാം സർഗ്ഗാത്മകത ചാലിച്ച് നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്.
മുരളിയുടെ അമ്മ ലക്ഷ്മിയമ്മ, ഗോപാലൻ, മാലതിവാരസ്യാർ, ചൈനയമ്മാവൻ, ചക്കരയമ്മാവൻ, മൂരി ഗോപാലപിള്ള, കൊല്ലൻ മക്രോണി, താറാവ് ജോയി, ബ്രൗൺ കേശവൻ, രാഘവൻ തണ്ടാർ, റേഷൻകട ചന്ദ്രൻ പിള്ള, ഗുണ്ടാ കേശവൻ, എന്നിങ്ങനെ പഴയ തലമുറയെയും കാലഘട്ടത്തെയും പ്രതിനിധീകരിക്കുന്ന വ്യത്യസ്ത ജീവിതത്തിൻ്റെ ഉടമകളായ, നമ്മളിൽ ഭൂതാതുരത ഉണർത്തുന്ന ഒരുപിടി കഥാപാത്രങ്ങളുടെ പലായനങ്ങളും കുടിയേറ്റങ്ങളും സംഭവബഹുലമായ ജീവിതങ്ങളും വൈകാരികത ഒട്ടും ചോരാതെ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്.
എപ്പോഴെങ്കിലും ഒന്നുവന്നുപോകുന്ന അപ്രധാനമായ കഥാപാത്രമാണെങ്കിൽ കൂടിയും അവയോരോന്നും മിഴിവാർന്നവയാണെന്നുള്ളത് നോവലിസ്റ്റിൻ്റെ കയ്യടക്കം വിളിച്ചോതുന്നു.
ലളിതമായ ഭാഷയിലാണ് ആഖ്യാനമെങ്കിലും ഓണാട്ടുകര പ്രദേശത്തെ പ്രാദേശിക പദപ്രയോഗങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കീഴാള ഭാഷയും നോവലിന് ചാരുത പകരുന്നു.
പോരുവഴിയുടെയും അവിടുത്തെ മനുഷ്യരുടെയും നിർമ്മിതിയിലൂടെ അവരുടെ സ്നേഹത്തിൻ്റെയും സ്നേഹരാഹിത്യത്തിൻ്റെയും ആവിഷ്കാരത്തിലൂടെ മാസ്മരിക ഭാവനയുടെ ഒരു സമാന്തര ലോകം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൃദ്യമായ മനുഷ്യബന്ധങ്ങൾ യാഥാർത്ഥ്യമാകുമ്പോഴാണ് സാമൂഹ്യ നവീകരണം സാദ്ധ്യമാകുന്നതെന്ന സത്യം നോവൽ സാക്ഷ്യപ്പെടുത്തുന്നു.
ഇതോടൊപ്പം തന്നെ നാരീസങ്കൽപ്പത്തിൻ്റെ പൂർണ്ണത തേടിയുള്ള മുരളിയുടെ അന്വേഷണങ്ങൾ സ്വപ്നങ്ങളുടെയും യാഥാർഥ്യത്തിന്റെയും ഭ്രമാത്മകതയിൽ വായനക്കാരനെ കൂടെ കൂട്ടുമ്പോൾ നോവലിൻ്റെ ഗതി പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്.
ഗൃഹാതുരത്വത്തിൻ്റെ മധുര നൊമ്പരം അനുഭവവേദ്യമാകുന്ന “മനുഷ്യന് ഒരു സൂത്രവാക്യം” എന്ന നോവൽ വായിച്ചു അനുഭവിക്കേണ്ടതാണ്.
ഈ വർഷം ഫെബ്രുവരിയിൽ ചിന്തയിൽ കൂടി പ്രകാശിതമായ “മനുഷ്യന് ഒരു സൂത്രവാക്യം” എന്ന സുരേഷ് പേരിശ്ശേരിയുടെ ഈ നോവൽ വെറും മൂന്നു മാസത്തിനുള്ളിൽ രണ്ടാം പതിപ്പ് ഇറങ്ങിയത് തന്നെ മലയാളി വായനസമൂഹം നോവൽ സ്വീകരിച്ചു എന്നതിൻ്റെ തെളിവാണ്. നോവൽ ഇനിയും കൂടുതൽ വായിക്കപ്പെടട്ടെ.
പ്രസാധകര്‍
ചിന്ത പബ്ലിഷേഴ്സ്