പൂമുഖം LITERATUREലേഖനം നിർമ്മിത ബുദ്ധിയുടെ കൈ കടത്തലുകൾ

നിർമ്മിത ബുദ്ധിയുടെ കൈ കടത്തലുകൾ


ചരിത്രത്തിലെ ഏറ്റവും വലിയ അധികാരപുനർവിതരണം നിർമ്മിത ബുദ്ധിയുടെ സാങ്കേതികതയിലൂടെ നാം കാണാൻ പോകുകയാണ് . മാനവജീവിതപരിതസ്ഥിതി സഹസ്രാബ്ദങ്ങളിലെ സാങ്കേതികവിദ്യയുടെ തുടർച്ചയായ വളര്‍ച്ചയിലൂടെയാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് . തീയുടെ കണ്ടുപിടുത്തം, ചക്രത്തിന്‍റെ കണ്ടുപിടുത്തം, വൈദ്യുതിയുടെ ഉപയോഗം എന്നിവയെല്ലാം നാഗരികതയുടെ പരിവർത്തനഘട്ടങ്ങളായിരുന്നു . അവയോരോന്നും നടന്നത് അപകടകരമായ പരീക്ഷണങ്ങളിലൂടെയാണ്. പിന്നീടവ ലോകമെമ്പാടും പടർന്നു. സമാനമായ പാതകള്‍ പിന്തുടര്‍ന്ന് സാങ്കേതികരംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ നമുക്കായി. ശരാശരി മനുഷ്യന്‍റെ ജീവിതനിലവാരം എല്ലാ മേഖലകളിലും മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ഇത് വഹിച്ചത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജെന്‍‌സ് എന്നത് കേവലം ചാറ്റ് ബോട്ടുകൾ മാത്രമല്ല, വിശാലമായ പഠന മേഖലയാണ്. ഇന്ന് ഏവരുടെയും ശ്രദ്ധയില്‍ എത്തിക്കഴിഞ്ഞ ഇതിന്‍റെ നടപ്പിലാക്കൽ, മെഷീൻ ലേണിംഗ്, മനുഷ്യകുലത്തിന്‍റെ പെരുമാറ്റം പ്രവചിക്കുന്നതിനപ്പുറം ഉള്ളടക്കം സൃഷ്ടിക്കുന്നതിലേക്ക് വികസിച്ചിരിക്കുന്നു.ജനറേറ്റീവ് നിർമ്മിത ബുദ്ധി എന്നാണ് ഇതിനെ വിളിക്കുന്നത്. ഭാഷ കരുത്തോടെ കൈകാര്യം ചെയ്യുന്നതില്‍ യന്ത്രങ്ങള്‍ക്കുള്ള കഴിവ് വിസ്മയാവഹമാണ്. പ്രകടനാത്മകനിർമ്മിതബുദ്ധി എന്നതായിരിക്കും കൂടുതൽ ഉചിതമായ പേര് എന്ന് കരുതുന്നവരുണ്ട്. ഉൽപ്പാദനത്തിലേക്കും അഗാധമായ സർഗാത്മകതയിലേക്കും കടക്കുന്നതോടൊപ്പം കൃത്രിമ സഹാനുഭൂതിയിലേയ്ക്കും അനുകരണങ്ങളിലേയ്ക്കും കൃത്രിമത്വത്തിലേക്കും അത് കയറിച്ചെല്ലുന്നു എന്നത് കൊണ്ടാണത് .

സിന്തറ്റിക് ബയോളജി, ക്വാണ്ടം കംപ്യൂട്ടിംഗ്, സമൃദ്ധമായ പുതിയ ഊർജ്ജ സ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്ന, നിർമ്മിത ബുദ്ധിയെ കേന്ദ്രീകരിച്ചുള്ള, പുതിയ സാങ്കേതികവിദ്യയാണ് ലോകം ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പല കാര്യങ്ങളിലും മാറ്റത്തിന്‍റെ വഴികളില്‍ ഈ മാതൃക ആവർത്തിക്കപ്പെട്ടേയ്ക്കും, കൊട്ടിഘോഷണങ്ങൾക്കും, പ്രതീക്ഷകൾക്കും, ഭയത്തിനും ഇടയിൽ, അടിസ്ഥാനകാര്യങ്ങൾ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയാതെ.

മുൻ കാലങ്ങളിലെ മികച്ച സാങ്കേതിക വിദ്യകൾ പൊതുവെ ഉപയോഗപ്പെട്ടിരുന്നത് സമ്പന്ന വരേണ്യവർഗത്തിനോ ദേശീയ ഗവൺമെന്റുകൾക്കോ ​​മാത്രമായിരുന്നു. ആവിയിൽ പ്രവർത്തിക്കുന്ന ഒരു ഫാക്ടറി, ഒരു വിമാനവാഹിനിക്കപ്പൽ അല്ലെങ്കിൽ ആണവ നിലയം എന്നിവ നിർമ്മിക്കുന്നത് ചെലവേറിയതും ബുദ്ധിമുട്ടുള്ളതും ബൃഹത്തായതുമായ ശ്രമങ്ങളായിരുന്നു.

ഇതിന് മുമ്പത്തെ വലിയ സാങ്കേതിക മുന്നേറ്റം- കമ്പ്യൂട്ടറുകളും ഇൻറർനെറ്റും -വിവരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു . കൃത്രിമബുദ്ധി ഉള്‍പ്പെട്ട പുതിയ ഘട്ടം എല്ലാം ചെയ്യുന്നതിനാണ്. വ്യക്തികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലും മുമ്പ് ചിന്തിക്കാനാകാത്ത വേഗം സാദ്ധ്യമാക്കുന്ന ഒരു ചുവടുമാറ്റം നടക്കാന്‍ പോകൂകയാണ്. നിർമ്മിതബുദ്ധി കൂടുതൽ ശക്തവും വ്യാപകവുമാവുന്നതോടെ തൊഴില്‍മേഖലയില്‍ മൊത്തം ചെലവ് കുറയും കമ്പ്യൂട്ടേഷന് അസാധ്യമായ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദശലക്ഷക്കണക്കിന് കോടി രൂപ ചെലവാകുമായിരുന്ന പദ്ധതികളില്‍ പലതും കുറഞ്ഞ ചെലവില്‍ നടപ്പാക്കാനാവും.

നിർമ്മിതബുദ്ധിക്ക് ഒരു സമ്മേളനം സംഘടിപ്പിക്കാനോ കന്നുകാലി തൊഴുത്തോ, കോഴി ഫാമോ നിയന്ത്രിക്കാനോ കഴിയും – അത് ബിസിനസ്സ് തന്ത്രങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും.കാൻസര്‍ ചികിത്സയ്ക്ക് പുതിയ മരുന്നുകൾ കണ്ടെത്തും.ഇമെയിലുകള്‍ വഴി ആശയവിനിമയം നടത്തും.തെരഞ്ഞെടുപ്പ് വിജയങ്ങളോ ആക്രമണങ്ങളോ ആസൂത്രണം ചെയ്യും. വാണിജ്യപരമോ മതപരമോ സാംസ്കാരികമോ സൈനികമോ ജനാധിപത്യപരമോ സ്വേച്ഛാധിപത്യപരമോ ആകട്ടെ, നമ്മുടെ വിരൽത്തുമ്പിൽ വിലകുറഞ്ഞ അധികാരം ലഭിക്കുന്നതിലൂടെ സാധ്യമായ എല്ലാ പ്രവര്‍ത്തനവും നാടകീയമായി മെച്ചപ്പെടുത്തും. ഈ ടൂളുകൾ ശതകോടീശ്വരന്മാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ ലഭ്യമാകും.ഇത് സാങ്കേതികവിദ്യയുടെ മാത്രമല്ല കഴിവിന്‍റെ തന്നെ വ്യാപനമാണ്.
അധികാരവും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കഴിവും എല്ലായിടത്തും, അത് ആഗ്രഹിക്കുന്ന ആരുടെ കൈയിലും. എത്തിപ്പെടും. ഇന്‍റര്‍നെറ്റ് വഴി നമൂക്ക് ലഭിച്ചതിനേക്കാള്‍ വലിയ ശാക്തീകരണമാണ് ഇത് സാദ്ധ്യമാക്കുക.

നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ അത് വരുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കട്ടിംഗ് എഡ്ജിലേക്ക് ആക്‌സസ് ഉള്ള ശക്തമായ സാങ്കേതികവിദ്യകൾ മാസങ്ങൾക്കുള്ളിൽ ഓപ്പൺ സോഴ്‌സ് ചെയ്യുന്ന കാലം വരുന്നു. ആ കട്ടിംഗ് എഡ്ജ് ഇന്നേവരെയുള്ള എന്തിനെക്കാളും വലിയ ഫോഴ്‌സ് ആംപ്ലിഫയറാണ്. ഈ പുതിയ യുഗം ഭീമങ്ങളായ പുതിയ ബിസിനസ്സുകൾ സൃഷ്ടിക്കും. ചില രാജ്യങ്ങളുടെ, കമ്പനികളുടെ ശക്തിയെ ക്രമാതീതമായി വര്‍ദ്ധിപ്പിക്കും.മറ്റുള്ളവയെ ഇല്ലാതാക്കും. ഒരു ഭീമൻ കോർപ്പറേഷന് , സ്റ്റാർട്ടപ്പിന്, രാഷ്ട്രീയ കക്ഷിക്ക്, വിമത പ്രസ്ഥാനത്തിന്, സാഹസികനായ ഒരു സംരംഭകന് , തുറന്നൂകിട്ടുന്ന സാധ്യതകള്‍ വലുതാണ്. തെരഞ്ഞെടുപ്പുകൾ ജയിക്കാനും ജനങ്ങളുടെ ഇംഗിതത്തെ ഇല്ലാതാക്കാനും യുദ്ധങ്ങൾ ജയിക്കാനും ഇവയിലൂടെ കഴിയും. അങ്ങനെയൊരന്തരീക്ഷത്തില്‍ വിജയികളും പരാജിതരും വേഗത്തിലും പ്രവചനാതീതമായും തീരുമാനിക്കപ്പെടും. കാരണം സിസ്റ്റത്തിലൂടെ തന്നെ ശക്തി കുതിച്ചുയരും. ചുരുക്കത്തിൽ, ചരിത്രത്തിലെ ഏറ്റവും വലിയ അധികാര പുനഃസംഘടനയ്ക്ക് ഇത് വഴി തുറക്കും.

പുരോഗമനാത്മകായി കാണപ്പെടുന്ന ഈ സാങ്കേതിക കുതിച്ചുചാട്ടത്തിന്റെ വേറൊരു വശം പരിശോധിക്കാം.

ഇന്‍റര്‍നെറ്റ് വികസനത്തിന്‍റെ ആദ്യ നാളുകളിൽ നിന്ന് വ്യത്യസ്‌തമായി, നിർമ്മിതബുദ്ധിയെ കുറിച്ചും നമ്മുടെ ഭാവിയെ കുറിച്ചുമുള്ള ചർച്ചകൾ രൂപപ്പെടുത്തുന്നത് കേവല പ്രത്യയശാസ്‌ത്രപരമായ ശക്തിക്കായി പരിശ്രമിക്കുന്ന നേതാക്കളാണ്. ഫലം “സ്വേച്ഛാധിപത്യ ഇന്‍റെലിജൻസ്” ആണ്. സമൂഹത്തെ നിയന്ത്രിക്കാനുള്ള സാങ്കേതികശക്തികളുടെ ആഗ്രഹവും നിശ്ചയദാർഢ്യവും നമ്മുടെ വ്യക്തിപരവും സാമൂഹികവും ബിസിനസ് പരവുമായ സ്വയംഭരണശീലങ്ങള്‍ക്ക് ഭീഷണിയാവുന്നു. ജനാധിപത്യം, സർഗ്ഗാത്മകത, തുറന്ന സുരക്ഷിതമായ പൊതുമൂല്യങ്ങള്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ സ്വേച്ഛാധിപത്യ സാങ്കേതികത നമ്മെ വരിഞ്ഞു മുറുക്കും.

ഹ്രസ്വകാല കാര്യക്ഷമത, സൗകര്യം, ഉൽപ്പാദനക്ഷമത എന്നിവയുടെ വാഗ്ദാനം നമ്മെ ആകർഷിക്കുന്നു. പൊതുതാൽപ്പര്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ ആഗ്രഹിക്കുന്ന ടെക് ഭീമന്‍മാര്‍, പരിമിതവും സൗഹൃദപരവുമായ നിയന്ത്രണത്തിനായി ആഹ്വാനം ചെയ്യുന്നു, സാങ്കേതികവിദ്യ സമൂഹത്തില്‍ പൂർണ്ണമായി വ്യാപിക്കുന്നതുവരെ ഈ പ്രക്രിയ മുന്നോട്ട് കൊണ്ടു പോകുന്നു.
സോഷ്യൽ മീഡിയയും സ്‌മാർട്ട്‌ഫോണുകളും ക്ലൗഡ് കംപ്യൂട്ടിംഗും രംഗത്ത് വന്നതിന് മുമ്പും ഇതേ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനും സമാനചിന്താഗതിക്കാരായ ആളുകളെ കണ്ടെത്തുന്നതിനും കേൾക്കപ്പെടുന്നതിനുമുള്ള ഒരേയൊരു മാർഗ്ഗം സോഷ്യൽ മീഡിയ വഴിയാണോ എന്ന് ആരും ചോദിച്ചില്ല. പെരുമാറ്റപരമായ കൃത്രിമത്വം, വിനാശകരമായ മാതൃകകളെ പിന്തുടരല്‍, നേരത്തെയുള്ള പക്ഷപാതത്തിന്‍റെ വർദ്ധനവ്, ലൈക്കുകളും ഫോളോയിങ്ങും കൊണ്ടുവരുന്ന പുത്തന്‍ സ്വീകാര്യത എന്നിവയിലൂടെ കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. ധ്രുവീകരണം, വിദ്വേഷ-വിഘടനസ്വഭാവമുള്ള ആശയപ്രചരണം, എന്നിവയിലേയ്ക്കുള്ള പാതയായിരുന്നു അത് എന്ന് ഇപ്പോൾ കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

അപകടസാധ്യതകൾ മനസ്സിലാക്കാൻ സഹായിക്കുന്നതിലല്ല ബന്ധപ്പെട്ടവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാന ഗുണഭോക്താക്കളായ വ്യവസായികളും നേതാക്കളും സ്വന്തം സ്ഥാപനങ്ങളും ബ്രാൻഡുകളും വളർത്തുന്നതിന് ഈ പുതിയ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിലാണ്.

സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ച് സംസാരിക്കുമ്പോഴും, വലിയ കമ്പനികൾ മറ്റുള്ളവരുടെ ചെലവിൽ സ്വന്തം സുരക്ഷയാണ് ഉറപ്പിക്കുന്നത്, രാഷ്ട്രത്തലവൻമ്മാർ പൊതു ജനങ്ങളുടെ ചിലവിൽ ജീവിക്കുന്നത് പോലെ. സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ പരിശോധനകള്‍ ഒഴിവാക്കി, മാനുഷിക മൂല്യത്തിന്‍റെ അളവുകോലുകള്‍ സൌകര്യപൂര്‍വം മാറ്റിവെച്ച്, അവർ ലാബില്‍ നടത്തേണ്ട പരീക്ഷണങ്ങള്‍ നേരിട്ട് മനുഷ്യരിലാക്കുന്നു.

നിലവിലുള്ളവയും ദീർഘകാല അസ്തിത്വസംബന്ധിയും ആയ പല തരത്തിലുള്ള അപകടസാധ്യതകളില്‍ ശ്രദ്ധ പതിയേണ്ടതുണ്ട്. തെറ്റായ വിവരങ്ങൾ ശേഖരിക്കപ്പെടുന്നത്, സ്വകാര്യതയുടെ പ്രശ്നങ്ങൾ, പക്ഷപാതപരമായ തീരുമാനങ്ങൾ, തൊഴിൽ നഷ്‌ടത്തിന്റെ തോതും വേഗതയും, പാരിസ്ഥിതിക ആഘാതങ്ങൾ തുടങ്ങി വിഷയങ്ങള്‍ വേറെയുമുണ്ട്. നമുക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സുതാര്യതയില്ലാത്ത നിർമ്മിതി ബുദ്ധി സംവിധാനങ്ങൾ വേണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

നടക്കുന്നത് കമ്പോള നിയന്ത്രണത്തിനായുള്ള പോരാട്ടം മാത്രമല്ല. ഒരു ചെറിയ വിഭാഗം ടെക് ടൈറ്റനുകൾ നമ്മുടെ കൂട്ടായ ഭാവി രൂപകൽപന ചെയ്യുന്നതിന്റേയും അവരുടെ സാമൂഹിക കാഴ്ചപ്പാടുകളെയും നമ്മുടെ മാനവികതയെക്കുറിച്ചുള്ള പ്രത്യേക വിശ്വാസങ്ങളെയും സാധ്യമായ ഒരു പാതയായി അവതരിപ്പിക്കുന്നതിന്റെയും തിരക്കിലാണ്. സ്വാഭാവിക കമ്പോളശക്തികളുടെ മിഥ്യാധാരണയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അവർ, കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ ഉൽപ്പാദനവും നടപ്പാക്കലും മാത്രമല്ല, ഗവേഷണവും രൂപപ്പെടുത്തുന്നതിന് തങ്ങളുടെ സമ്പത്തും സ്വാധീനവും വിനിയോഗിക്കുന്നു.

അധികാരം തന്നെ പെരുകുന്നതും അതിന്റെ വിതരണവും സ്വഭാവവും അടിസ്ഥാനപരമായി മാറുന്നതും കാണാൻ തുടങ്ങുമ്പോൾ, വിഷാദാത്മകത ഒരു ഉത്തരമല്ല. ഈ മാറ്റത്തിന്റെ അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ആർക്ക് എന്ത്, എപ്പോൾ, എങ്ങനെ ചെയ്യാൻ കഴിയും, അതിന്റെ അർത്ഥമെന്താണ് എന്നിവ മനസ്സിലാക്കുക, എല്ലാവരുടെയും പ്രയോജനത്തിനായി നാം എങ്ങനെ പ്രവർത്തിക്കണമെന്നും മാറ്റങ്ങളെ ഉൾക്കൊള്ളാമെന്നും ആസൂത്രണം ചെയ്യാൻ തുടങ്ങുക. ചരിത്രം ഉപയോഗപ്രദമായ ഒരു വഴികാട്ടിയാകാം. നിർമ്മിത ബുദ്ധി , സിന്തറ്റിക് ബയോളജി എന്നിവ ഉപയോഗിച്ച്, നമുക്ക് ഒരു കാര്യത്തിൽ ആത്മവിശ്വാസമുണ്ടാകാം. യഥാർത്ഥത്തിൽ അത്യഭൂതപൂർവമായ കാര്യങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.

അധികാരം വിതരണം ചെയ്യുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫലപ്രദമായ ദേശീയ അന്തർദേശീയ നയം വികസിപ്പിക്കുന്നതിനും, നവീകരിക്കുന്നതിനും ഊർജം പകരുന്ന ഊർജ്ജസ്വലമായ ഒരു ഗവേഷണ സമൂഹത്തിന് ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി പ്രചോദിപ്പിക്കാൻ സമയം ആവശ്യമാണ്. ശരിയായ മുൻ‌ഗണനകളും സംരക്ഷിത കവചങ്ങളും ഉപയോഗിച്ച്, ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാനും രോഗങ്ങൾ ഭേദമാക്കാനും പുതിയ വ്യവസായങ്ങൾ നിർമ്മിക്കാനും സന്തോഷം വിപുലീകരിക്കാനും മനുഷ്യ അന്തസ്സും നമ്മെ അതുല്യമാക്കുന്ന വ്യത്യാസങ്ങളും നിലനിർത്താനും മാത്രം നമുക്ക് നിർമ്മിത ബുദ്ധിയെ കൂട്ട് പിടിച്ചാൽ പോരെ?

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like