പൂമുഖം LITERATUREലേഖനം തപിക്കുകയല്ല ; ഭൂമി തിളക്കുകയാണ്

തപിക്കുകയല്ല ; ഭൂമി തിളക്കുകയാണ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണെന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും മറ്റു കാലാവസ്ഥാ അനുബന്ധ തീക്ഷ്‌ണ പ്രതിഭാസങ്ങളും നിരന്തരവും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് “തിളയ്ക്കുന്ന ഭൂമി” (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് . കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ആഡംബരമല്ലെന്നും മറിച്ച്, അടിയന്തിരമായി അനുവർത്തിക്കേണ്ട അവശ്യ നടപടിക്രമങ്ങളാണെന്നും ഓർമ്മപെടുത്തുന്നവയാണ് അന്തരീക്ഷതാപനത്തിൽ സംഭവിക്കുന്ന അതിദ്രുതവ്യതിയാനങ്ങൾ. താപനം അധികരിക്കുംതോറും കാലാവസ്ഥാപ്രതിഭാസങ്ങളിൽ സംഭവിക്കുന്ന ഭാവമാറ്റങ്ങൾ അമ്പരിപ്പിക്കുന്നവയുമാണ്. 2023 ജനുവരിയിൽ അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ട കൊടും ശൈത്യം, കാലിഫോർണിയ, ബ്രസീൽ, ചൈന, ദക്ഷിണ കൊറിയ, എന്നിവിടങ്ങളിലെ പ്രളയം, യൂറോപ്പിലെയും അമേരിക്കയിലെയും അസാധാരണ തീക്ഷ്ണതയാർന്ന ഉഷ്‌ണതരംഗം, കാനഡ, ഹവായ്, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിൽ ആഞ്ഞടിച്ച ഫ്രെഡ്‌ഡി ചുഴലിക്കാറ്റ്, മ്യാന്മറിൽ വീശിയടിച്ച മോച്ച ചുഴലിക്കാറ്റ്, ഫ്ലോറിഡയിൽ ആഞ്ഞുവീശിയ ഇഡാലിയ ചുഴലിക്കാറ്റ് തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.

അന്തരീക്ഷത്തിലേക്കുള്ള വിവേകരഹിതമായ ഹരിതഗൃഹവാതക പുറംതള്ളലാണ് കാലാവസ്ഥാപ്രതിസന്ധികൾ രൂക്ഷമാകുന്നതിന് പ്രധാന കാരണം. അന്തരീക്ഷത്തിൽ നിക്ഷേപിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തെ പൊതിഞ്ഞു നിലകൊള്ളുന്ന ഒരു പുതപ്പെന്നതുപോലെ ഭൂമിയിൽ ചൂടേറ്റുന്നു. “ഹരിതഗൃഹപ്രഭാവം” എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷമാണ് ഭൂമിയിൽ ആവശ്യമായ താപനിലനിലനിർത്തുന്നത്. എന്നാൽ, അധികരിച്ചതോതിലുള്ള ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജ്ജനം മൂലം അന്തരീക്ഷം ക്രമാതീതമായി ചൂടാവുന്നു. ഈ അവസ്ഥയാണ് വടക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മിക്കവാറും ഇടങ്ങളിൽ വേനൽ രൂക്ഷവും അസഹനീയവുമാകുന്നതിന് കാരണമായത്. ആർട്ടിക്/അന്റാർടിക് മേഖലകളുടെ സവിശേഷതയെന്നത് ആ ഇടങ്ങളിലെ കനത്ത ഹിമനിക്ഷേപമാണ്. ഈ ഹിമനിക്ഷേപമാകട്ടെ താപനാധിക്യംമൂലം ഉരുകിയൊലിച്ച് നാമാവശേഷമായിക്കൊണ്ടിരിക്കുകയുമാണ്. ഇത്തരം അവസ്ഥകളൊന്നും അപ്രതീക്ഷിതമോ അസംഭാവ്യമോ അല്ല. ശാസ്ത്രം നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങളെയും മുന്നറിയിപ്പുകളെയും സാധൂകരിക്കുകയാണ് യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. ഇവ, പക്ഷെ, പ്രതീക്ഷിക്കപ്പെട്ടതിനേക്കാൾ അതിവേഗത്തിൽ സംഭവിക്കുന്നുവെന്നതാണ് ശാസ്ത്രലോകത്തെ പോലും അമ്പരപ്പിക്കുന്നത്.

താപനനിയന്ത്രണം മാത്രമാണ് ഒരേ ഒരു പരിഹാരമാർഗ്ഗം. എന്നാൽ, സമൂഹം ഇനിയും കാലാവസ്ഥാവ്യതിയാനത്തെ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊണ്ടിട്ടില്ല. സമുദ്രനിരപ്പ് ഉയർന്നാൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ഇപ്പോഴും അവബോധമില്ല; വർധിച്ച തീക്ഷ്ണതയിലും ആവൃത്തിയിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഉഷ്‌ണതരംഗങ്ങളെപ്പറ്റിയും അത്രയൊന്നും ഉൽക്കണ്ഠാഭരിതരല്ല. വരൾച്ചയും വെള്ളപ്പൊക്കവും പിടിമുറുക്കുമ്പോൾ അവയിൽ നിന്നുള്ള മഹാദുരിതങ്ങളാൽ വലയുന്നവർ പോലും അവ അവസാനിക്കുമ്പോൾ അവയെ പാടെ മറക്കുന്നു. താപനനിയന്ത്രണ പ്രക്രിയകളിൽ കർശനമായ നിയമ നിബന്ധനകൾ പ്രസക്തമാവുന്നത് അതിനാലാണ്. താപനം കുറയ്ക്കുവാനുതകുന്ന ജീവിതരീതികൾ അനുവർത്തിക്കുവാൻ ജനങ്ങളെ നിയമം വഴി നിർബന്ധിതരാക്കുക എന്നതുമാത്രമാണ് ഈ അവസ്ഥയ്ക് സ്ഥായിയായ പരിഹാര മാർഗ്ഗം.

2023 ജൂലൈയിൽ അനുഭവപ്പെട്ട ആഗോളശരാശരിതാപനില ഇതുവരെ രേഖഖപ്പെടുത്തപ്പെട്ടതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണെന്ന് വിലയിരുത്തപ്പെടുന്നു. 1991-2020 കാലഘട്ടം പരിശോധിച്ചാൽ, ജൂലൈ മാസത്തിൽ അനുഭവപ്പെടാറുള്ള ശരാശരി താപനിലയെക്കാൾ 0.72 ഡിഗ്രി സെന്റിഗ്രേഡ് അധിക താപനിലയാണ് 2023 ജൂലൈയിൽ അനുഭവപ്പെട്ടത്. 2019 ജൂലൈ മാസത്തിൽ രേഖപ്പെടുത്തപ്പെട്ട താപനിലയെക്കാൾ 0.33 ഡിഗ്രി സെൻറിഗ്രേഡ് കൂടുതലുമായിരുന്നു. 2023 ജൂലൈ മാസത്തിൽ തന്നെയാണ് ദക്ഷിണ യൂറോപ്പ്, വടക്കേ അമേരിക്ക, ചൈന എന്നീ ഭൂവിഭാഗങ്ങളിൽ മാരകമായ ഉഷ്‌ണതരംഗസാന്നിധ്യം അനുഭവപ്പെട്ടത് എന്നുകൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ അധികസാന്നിധ്യം മാത്രമല്ല, പസഫിക് സമുദ്രത്തിൽ രൂപം പ്രാപിച്ച വരുന്ന എൽ-നിനോ സാഹചര്യങ്ങൾക്കും അധികതാപന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങൾ (2020,2021,2022) എൽ നിനോയുടെ വിരുദ്ധ സാഹചര്യമായ ലാ-നിനായായിരുന്നു പസഫിക് മേഖലയിൽ നിലനിന്നിരുന്നത്. ഈ വർഷം (2023) ഉടലെടുത്ത എൽ നിനോ സാഹചര്യങ്ങൾ മൂലം അടുത്ത അഞ്ച് വര്ഷങ്ങളിലൊന്നിൽ വ്യവസായവിപ്ലവപൂർവ്വ കാലഘട്ടത്തിലുണ്ടായിരുന്നതിനേക്കാൾ 1.5 ഡിഗ്രി സെന്റിഗ്രേഡിലേറെ താപനാധിക്യം അനുഭവപ്പെടാനിടയുണ്ട്. ഭേദിക്കപ്പെടരുതെന്ന് ശാസ്ത്രലോകം നിരന്തരം മുന്നറിയിപ്പ് നൽകിവരുന്ന താപവർധനാ പരിധിയാണ് 1.5 ഡിഗ്രി സെന്റിഗ്രേഡ് എന്ന് ഓർമ്മിക്കണം. ലോകകാലാവസ്ഥാസംഘടനാ (WMO) ആഹ്വാനം ചെയ്ത പ്രവർത്തന രീതികൾ ലംഘിക്കപ്പെട്ടു എന്നല്ല ഇത് സൂചിപ്പിക്കുന്നത്. 2023 ജൂലായിൽ അനുഭവപ്പെട്ട താപനാധിക്യവും എൽ-നിനോ വഴി ഉണ്ടാകാനിടയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്ന താപനാധിക്യഘട്ടങ്ങളും ഒറ്റപ്പെട്ട സാഹചര്യങ്ങൾ എന്ന നിലയിൽ മാത്രമാണ് ലോകകാലാവസ്ഥാസംഘടനാ പരിഗണിക്കുന്നത്.

കടുത്ത ചൂടുള്ള കാലാവസ്ഥ ആഗസ്റ്റിലും തുടരുന്നതായി കാണപ്പെടുന്നു. കാലാവസ്ഥ വിദഗ്ദ്ധർ, പക്ഷെ, ഈ പ്രവണതയിൽ അത്ഭുതമൊന്നും കാണുന്നില്ല. “തികച്ചും സ്വാഭാവിക” മെന്നാണ് അവർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. താപ-ശൈത്യ കാറ്റുകൾ, അതിതീവ്ര മഴ വേളകൾ തുടങ്ങിയവ സമീപദശകങ്ങളിലായി ആവൃത്തിയിലും തീവ്രതയിലും വർദ്ധനവ് കാണിക്കുന്ന പ്രവണതയാണുള്ളത്. മനുഷ്യപ്രേരിത ഹരിതഗൃഹവാതകോൽസർജ്ജനമാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. എന്നാൽ “തികച്ചും സ്വാഭാവികം ” എന്ന് ശാസ്ത്രലോകം ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത് ഒരു സമാശ്വാസവാക്ക് എന്ന നിലയിലല്ല ഉൾക്കൊള്ളേണ്ടത്. ഉത്സർജ്ജനത്തോത് നിയന്ത്രിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തിടത്തോളം കാലം, അന്തരീക്ഷത്തിൽ ഇതിനകം എത്തപ്പെട്ട നീക്കം ചെയ്യപ്പെടാതെ നിലകൊള്ളുന്ന വൻ കാർബൺ നിക്ഷേപം തത് സ്ഥിതി തുടരുന്നിടത്തോളം കാലം താപനവർദ്ധനവും അനുബന്ധ കാലാവസ്ഥാ പ്രശ്നങ്ങളും ഒരു വാർത്തയേ ആകുന്നില്ല എന്നാണ് ഈ പ്രതികരണത്തിലെ ധ്വനി. കാലാവസ്ഥാപ്രതിഭാസങ്ങളുടെ രൂക്ഷഭാവങ്ങൾ മുൻപത്തേക്കാൾ കാഠിന്യമാർജ്ജിക്കുന്നുവെന്നതും, അതിന് ഒരു നൈരന്തര്യം കൈവന്നിരിക്കുന്നുവെന്നതും ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നു. കൂടുതൽ തീവ്രവും വ്യാപകവുമായ കാലാവസ്ഥാപ്രതിഭാസങ്ങൾ ലോകവ്യാപകമായി ദുരന്തം വിതക്കാനിടയുണ്ട്. ഇത്തരം ദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്നതാകട്ടെ, ഏറ്റവും കുറവ് ഉത്സർജ്ജനം നടത്തുന്ന ദരിദ്ര രാഷ്ട്രങ്ങളെയും.

2023 നവമ്പറിൽ യു.എ.ഇ (UAE) യിൽ നടക്കാൻ പോകുന്ന COP 28 ഉച്ചകോടിയിൽ ആഗോളതാപനത്തിന് അടിയന്തിരമായി കടിഞ്ഞാണിടാൻ ഉതകുന്ന പദ്ധതികൾ, കടുത്ത കാലാവസ്ഥാ പ്രതിഭാസങ്ങളോടുള്ള അതിജീവനതന്ത്രങ്ങൾ, കാലാവസ്ഥാ ദുരന്തങ്ങൾ മൂലം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്യപ്പെടും.

ഇതുവരെ രേഖപ്പെടുത്തപ്പെട്ട കാലാവസ്ഥാചരിത്രം പരിശോധിക്കുമ്പോൾ 2023 ജൂലൈയിൽ ആണ് ഏറ്റവും ഉയർന്ന അന്തരീക്ഷതാപനില അനുഭവപ്പെട്ടതായി കാണപ്പെടുന്നത്. ഇതിനു സമാനമായൊരു അതിതാപനാവസ്ഥ ഭൂമിയിൽ ഇതിന് മുൻപ് അനുഭവപ്പെടുന്നത് 125000 വർഷങ്ങൾക്ക് മുൻപാണ്.

പശ്ചിമേഷ്യ, വടക്കേ അമേരിക്ക, ഉത്തരാഫ്രിക്ക, ദക്ഷിണയൂറോപ്പ് എന്നിവിടങ്ങളിൽ നാല് തവണ അനുഭവപ്പെട്ട അതിതാപന വേളകളാണ് 2023 ജൂലൈ മാസത്തിൽ അനുഭവപ്പെട്ട റെക്കോഡ് അന്തരീക്ഷ താപനത്തിന് നിദാനമായത്. അതിമാരകമായ ചൂടിനൊപ്പം അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും പല സ്ഥലങ്ങളിലും അനുഭവപ്പെട്ടു. ഡൽഹി, ബീജിംഗ് എന്നിവങ്ങളിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കം ഉദാഹരണം. ഫോസിൽഇന്ധനങ്ങളുടെ അമിതോപഭോഗം കാർബൺപരിചക്രത്തെ മാത്രമല്ല ജലപരിചക്രത്തെയും പിടിമുറുക്കിയിരിക്കുന്നു. അന്തരീക്ഷത്തിലെ അധികതാപം ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളാണ്. അതിനാൽ സമുദ്രങ്ങളിൽ ചൂടേറിവരികയാണ്. താപമേറ്റുവാങ്ങുവാൻ സമുദ്രങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൗമാന്തരീക്ഷതാപം ഇതൊന്നുമാകുമായിരുന്നില്ല!. സമുദ്രങ്ങളിൽ ചൂടേറുന്നതിന്റെ ഫലമായി സമുദ്രപര്യയനവ്യൂഹങ്ങളിലും ചൂടേറിക്കൊണ്ടിരിക്കുന്നു. ഇതൊട്ടും നിസ്സാരമായ കാര്യമല്ല. ഏറിയ ചൂടുള്ള സമുദ്രജലപ്രവാഹങ്ങൾ അവ കടന്നുപോകുന്ന തീരദേശങ്ങളിൽ ചൂട് ഉയർത്തുന്നു. സമുദ്രജലതാപം വർധിച്ചതിൻറെ ഫലമായി അന്റാർട്ടിക്ക ഭൂഖണ്ഡത്തിലെ അതിവിസ്തൃതമായ ഒരു മേഖലയിലെ വൻ ഹിമനിക്ഷേപം ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്നു. താപനം ഏറുന്നതിനാൽ സ്വാഭാവികമായും മഞ്ഞ് ഉരുകുന്നതല്ലാതെ വീണ്ടും ഉറയുന്ന പ്രവണത നിലച്ച മട്ടാണ്. ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. തീർന്നില്ല – ഭൂമിയുടെ ഏറിയ ഭാഗവും സമുദ്രങ്ങളാണ്. സ്വാഭാവികമായും, ചൂടേറുമ്പോൾ ബാഷ്പീകരണവും കൂടുന്നു. ചൂടിനൊപ്പം അന്തരീക്ഷ ആർദ്രതയും വർധിക്കുന്ന അവസ്ഥയിൽ ചൂടിന്റെ പ്രഭാവം അതികഠിനമായിരിക്കും. ഇത്തരമൊരവസ്ഥയിൽ “തിളയ്ക്കുന്ന ഗ്രഹം” എന്ന വിശേഷണം ഭൂമിയെ സംബന്ധിച്ചിടത്തോളം അന്വർത്ഥമാകുന്നു.

“ഭൂമി തിളയ്ക്കുന്നു” എന്ന യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകൾ ആലങ്കാരികമായ ഒരു പ്രയോഗം മാത്രമായിരിക്കാം. എന്നാൽ, അത്തരമൊരു പ്രയോഗത്തിലൂടെയെങ്കിലും ഭരണകൂടങ്ങളുടെയും ലോകജനസമൂഹങ്ങളുടെയും അടിയന്തിരശ്രദ്ധ കാലാവസ്ഥയുടെ അസ്ഥിരവ്യതിയാനപ്രകൃതങ്ങളിലേക്ക് തിരിച്ചുവിടാമെന്നായിരിക്കാം അദ്ദേഹത്തിന്റെ സദുദ്ദേശ്യം. ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ഇതാദ്യമല്ല. ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രവചനാതീതമായ കാലാവസ്ഥാ രൂക്ഷഭാവങ്ങൾ നേരിടുവാൻ ലോകം സുസജ്ജമായിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് 2021 ൽ തന്നെ അദ്ദേഹം സൂചന നൽകിയിരുന്നു. താപനം ഇനിയും ഉയർന്നാൽ നിലവിൽ അനുഭവപ്പെടുന്ന കാലാവസ്ഥാപ്രതിസന്ധികളുടെ രൂക്ഷതയും വ്യാപകശേഷിയും നാൾക്കുനാൾ കൂടിവരികയേയുള്ളു എന്ന അവബോധമാണ് ജനങ്ങൾക്ക് വേണ്ടത്. നിർഭാഗ്യവശാൽ, അത്തരം കാര്യങ്ങൾ ജനങ്ങൾ വേണ്ടതോതിലോ വേണ്ടത്ര ഗൗരവത്തിലോ ഉൾക്കൊള്ളുവാൻ മെനക്കെടുന്നില്ല. ചൂട് കൂടിയാൽ ബാഷ്പീകരണവും കൂടും. ചൂടിനൊപ്പം അന്തരീക്ഷ ആർദ്രതയും ഉയരുന്ന ഇടങ്ങളാവാം ഒരു പക്ഷെ, ” ലോകം തിളയ്ക്കുന്നു” എന്ന പ്രയോഗത്തിന്റെ വ്യാപ്‌തി അക്ഷരാർഥത്തിൽ അനുഭവിച്ചറിയാൻ പോകുന്നത്. മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ ഈ സാഹചര്യം അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്.

ഏതാണ്ട് ഒന്നര ദശാബ്ദം മുൻപ് വരെയുള്ള കാര്യം പരിശോധിച്ചാൽ ആസൂത്രണ രംഗത്ത് എല്ലായ്പ്പോഴും മുൻഗണന നൽകിപ്പോന്നിരുന്നത് സാമ്പത്തിക പരിപാടികൾക്കായിരുന്നു. കാലാവസ്ഥ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ ഏറെ വിഭിന്നമാണ്. കാലാവസ്ഥാപരമായ അനിശ്ചിതത്വങ്ങളിലും അതിന്റെ ദുരന്തസ്വഭാവമുള്ള പരിണതഫലങ്ങളിലും പെട്ടുഴലുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ശാസ്ത്രലോകവും ഭരണരംഗവും മാത്രമല്ല, ജനങ്ങളും ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ പോലും 100 ശതമാനം ഫലപ്രദമായ കാലാവസ്ഥാസംരക്ഷണപരിപാടികളിലേക്ക് എത്തിച്ചേർന്നിട്ടില്ലായെന്നതാണ് യാഥാർഥ്യം.

കാലാവസ്ഥാ സംരക്ഷണാർത്ഥം ഹരിതജീവിത രീതികളിലേക്ക് ചുവട് മാറാനുള്ള സന്നദ്ധത സമൂഹത്തിൽ പൊതുവെ പ്രകടമാണെങ്കിൽ പോലും, അന്തരീക്ഷത്തിൽ ഇതിനകം കുമിഞ്ഞ് കൂടപ്പെട്ട കാർബൺ അടക്കമുള്ള ഹരിതഗൃഹവാതകങ്ങൾ ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കുവാൻ ഈ നിലപാടൊന്നും പര്യാപ്തമല്ല. കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി ഏതൊരു പരിപാടി ആസൂത്രണം ചെയ്യുമ്പോഴും അന്തരീക്ഷത്തിൽ ഇതിനകം നിക്ഷേപിക്കപ്പെട്ട് നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന കാർബൺ അടക്കമുള്ള ഹരിതഗൃഹവാതകങ്ങൾ, അന്തരീക്ഷത്തിലേക്ക് തുടർന്നും നടന്നുകൊണ്ടിരിക്കുന്ന ഹരിതഗൃഹവാതക ഉത്സർജ്ജനം എന്നിവയുടെ തോത് സംബന്ധിച്ച ഒരു വ്യക്തമായ ധാരണ ആവശ്യമാണ്. അന്തരീക്ഷത്തിലേക്ക് ഉത്സർജ്ജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതഗൃഹവാതകങ്ങളെക്കാൾ അന്തരീക്ഷത്തിൽനിന്ന് നീക്കം ചെയ്യപ്പെടാതെ നിലനിൽക്കുന്ന ഹരിതഗൃഹവാതകങ്ങളാണ് കാലാവസ്ഥാ ദുർഘടങ്ങളുടെ യഥാർത്ഥ കാരണമെന്ന് ഇപ്പോൾ തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മഴക്കാടുകൾ, സമുദ്രങ്ങൾ മുതലായ പ്രകൃതിദത്ത കാർബൺ ആഗിരണികളുടെ പ്രവർത്തനങ്ങളെ നാം നന്ദിപൂർവ്വം വിലയിരുത്തേണ്ടത്.

അന്തരീക്ഷത്തിലേക്ക് കാർബൺ അടക്കമുള്ള താപനകാരികളായ ഹരിതഗൃഹ വാതകങ്ങൾ നിരന്തരം വന്ന് ചേരുകയും അവയെ ഫലപ്രദമായി ആഗിരണം ചെയ്ത് നീക്കുവാൻ ആഗിരണികൾ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടി ചൂടേറ്റുന്ന ഹരിതഗൃഹവാതകങ്ങളുടെ തോത് ഉയരുന്നു. ഫലമോ, “ഭൂമി തിളയ്ക്കുന്ന” അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും ചെയ്യുന്നു.

അന്തരീക്ഷത്തിൽ അടിഞ്ഞുകൂടി അതിദീർഘകാലം നിലകൊള്ളുന്ന ഹരിതഗൃഹവാതകങ്ങളാണ് യഥാർത്ഥത്തിൽ താപനപ്രാമുഖ്യത്തോടുകൂടിയ കാലാവസ്ഥാവ്യതിയാന പ്രവണതകൾക്ക് മൂലകാരണം എന്ന തിരിച്ചറിവ് ആദ്യകാലങ്ങളിൽ ഇല്ലായിരുന്നു. യഥാർത്ഥത്തിൽ ഈ തിരിച്ചറിവില്ലായ്മയാണ്, ഉത്സർജ്ജന നിരക്കാണ് യഥാർത്ഥ താപനാധിക്യ ഹേതുവെന്നും, ഉത്സർജ്ജനം ഘട്ടം ഘട്ടമായി കുറയ്ക്കുക വഴി കാലാവസ്ഥയെ സുരക്ഷിത സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കാമെന്നും ഉള്ള സമീപനം (gradualism) ഉടലെടുക്കുവാൻ ഇടയായത് .

2015 ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിയിൽ അന്തരീക്ഷ താപനിലയുടെ വർധനാപരിധി 2.0 ഡിഗ്രി സെന്റിഗ്രേഡിൽ കവിയാൻ പാടില്ലായെന്നതായിരുന്നു ആദ്യത്തെ ആഹ്വാനം. എന്നാൽ, അതീവ നിസ്സാര തോതിലുള്ള താപവർദ്ധനവിന് പോലും അതീവ ദുരന്തസ്വഭാവമുള്ള പ്രത്യാഘാതങ്ങളുടെ വ്യാപ്‌തി രൂക്ഷമാക്കാനാവുമെന്ന വീണ്ടുവിചാരം മൂലമാണ് ഈ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് ആയി പുനർനിർണ്ണയിക്കപ്പെട്ടത്. എന്നാൽ, പാരീസ് കാലാവസ്ഥാഉച്ചകോടി ആഹ്വാനത്തെ തൃണവൽഗണിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളിലൂടെ തന്നെയാണ് ലോകം പിന്നെയും ചരിച്ചത്. ഇപ്പോൾ കാര്യങ്ങൾ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുമോയെന്ന് സംശയിക്കത്തക്ക രീതിയിൽ ഭൂമിയുടെ പാരിസ്ഥിതിക ഘടന വ്യാപകമായി അടിപതറിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഹിമനിക്ഷേപങ്ങൾ കൂടുതൽ അളവിലും വേഗതയിലും ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്നു. വനങ്ങളെ നാമാവശേഷമാക്കുന്ന കാട്ടുതീവേളകൾ അതിസാധാരണമായിക്കൊണ്ടിരിക്കുന്നു. ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്ന സാഹചര്യങ്ങളോടൊപ്പം അവയുടെ തീവ്രതയിലും വർദ്ധനവ് അനുഭവപ്പെടുകയാണ്. ഇവയെല്ലാം ചേർന്ന് ഭൂമിയെ ഒരു “ചൂള (Hothouse)” എന്ന അവസ്ഥയിലേക്ക് മുഖം മാറ്റി വരയ്ക്കുകയാണ്. “ഹരിതഗൃഹം (greenhouse)” എന്നറിയപ്പെടുന്ന ഭൂമി അങ്ങനെ തപ്തഗൃഹം എന്ന അവസ്ഥയിലേക്ക് അതിവേഗം ചുവടുവച്ചുകൊണ്ടിരിക്കുന്നു. നരകതുല്യമായ അവസ്ഥയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ കാത്തിരിക്കുന്നത്. വ്യവസായവിപ്ലവപൂർവ്വ കാലഘട്ടത്തെ അപേക്ഷിച്ച് ആഗോളശരാശരിതാപനില 1.2 ഡിഗ്രി സെന്റിഗ്രേഡിന്റെ വർദ്ധനവ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. അതീവനിസ്സാരമെന്ന് തോന്നിപ്പിക്കുമെങ്കിലും താപനത്തിലുണ്ടായ ഈ ചെറു വർദ്ധനവ് പോലും ഭൂമിയിൽ സൃഷ്ടിച്ച ദുരന്ത സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ചില്ലറയല്ല.

ശ്വസിക്കുവാൻ അനുയോജ്യമല്ലാത്തവിധത്തിൽ വായു വിഷമയമാകുന്നു; അന്തരീക്ഷതാപനം അസഹനീയമാംവിധം ഉയർന്നുകൊണ്ടേയിയിരിക്കുന്നു. ഈ സന്ദർഭത്തിൽ പോലും ഫോസിൽ ഇന്ധനങ്ങളുടെ അമിതോപഭോഗത്തിൽ യാതൊരു പുനർവിചിന്തനവും ഇല്ല. കാലാവസ്ഥാസംരക്ഷണപ്രവർത്തനങ്ങളിൽ കാണിക്കുന്ന അലംഭാവവും ഒട്ടും അംഗീകരിക്കുവാനാത്തതാണ്. മറ്റു ആരെങ്കിലും ആദ്യം തുടങ്ങട്ടെ എന്ന മനോഭാവമോ, നിഷേധാത്മകതയോ, നിഷ്ക്രിയത്വമോ അല്ല ഈ ഘട്ടത്തിൽ വേണ്ടത്; കഴിയുന്നത്ര ത്വരിതഗതിയിൽ പരിഹാര നടപടികൾ കൈകൊള്ളുകയെന്നത് മാത്രമാണ് ഈ അവസരത്തിൽ കരണീയം. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഘട്ടംഘട്ടമായുള്ള വിടുതൽ അനിവാര്യവും അത്യാവശ്യവുമാണ്. ഫോസിൽ ഇന്ധനങ്ങളുടെ ക്രമാനുഗതമായ ബഹിഷ്‌കരണം മുൻകൂട്ടി തീരുമാനിപ്പിച്ചുറപ്പിച്ച് നടപ്പാക്കേണ്ടതും വ്യാപകസഹകരണം ആവശ്യപ്പെടുന്നതുമായ ഒന്നാണ്.

പ്രത്യാശാഭരിതമായ ചില സംഭവവികാസങ്ങൾ ഉണ്ടായിട്ടില്ലായെന്നല്ല – പുന:രുപയോഗയോഗ്യവും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഊർജ്ജസ്രോതസ്സുകൾ വ്യാപകമായി അംഗീകരിക്കപ്പെട്ടതും, കപ്പൽ ഗതാഗതം, വ്യോമഗതാഗതം എന്നീ മേഖലകൾ വഴിയുണ്ടാകുന്ന താപനാധിക്യസാദ്ധ്യതകൾ തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാനാവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കപ്പെട്ടതും ശുഭസൂചകങ്ങളാണ്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ ഒന്നും തന്നെ വേണ്ടത്ര വേഗതയോ, വേണ്ടത്ര നിലവാരമോ കൈവരിച്ചിട്ടില്ല. 2023 ജൂലൈ മാസത്തിൽ അനുഭവപ്പെട്ട താപനം അംഗീകൃതപരിധി ഭേദിച്ചുവെന്ന യാഥാർഥ്യം (Karsten Haustein , Leipzig University, Germany ) ഈ വാദഗതിയെ പരിപൂർണ്ണമായി സാധൂകരിക്കുന്നു. എന്നുവരികിലും നിലവിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലേക്ക് ചുവട് മാറ്റിക്കഴിഞ്ഞിട്ടില്ല. വ്യവസായവിപ്ലവപൂർവ കാലഘട്ടത്തിൽ നിലനിന്നിരുന്ന അന്തരീക്ഷതാപനിലയെ അപേക്ഷിച്ച് അന്തരീക്ഷ താപവർദ്ധനവ് 1.5 ഡിഗ്രി സെന്റീഗ്രേഡ് പരിധി ഭേദിക്കാതെ നിലനിർത്തുകയെന്നതും അതുവഴി താപനാധിക്യം സൃഷ്ടിക്കുന്ന അനിഷ്ട സ്ഥിതിവിശേഷങ്ങളെ പരമാവധി ചെറുക്കുകയെന്നതും ഇപ്പോഴും സാധ്യം തന്നെയാണ്; കൃത്യവും, ശാസ്ത്രീയവും, ത്വരിതവുമായ കാലാവസ്ഥാസംരക്ഷണ നടപടിക്രമങ്ങൾ സമയബന്ധിതമായി കൈകൊള്ളണമെന്നുമാത്രം.


കവർ : ജ്യോതിസ് പരവൂർ

Comments

You may also like