എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛനും അമ്മയും ഈ സ്ത്രീയുടെ പേരിൽ വഴക്ക് കൂടിയത് കണ്ട് ഒറ്റക്ക് മാറി ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി കവിത എഴുതിയത്. ആ വിശ്വ സാഹിത്യകാരിയുടെ കൃതികൾ വായിക്കാറുണ്ടെങ്കിലും അമ്മ മരിച്ചു കഴിഞ്ഞ് വർഷത്തിലൊരിക്കൽ അവർ അച്ഛനെ കാണാൻ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കുട്ടിക്കാലത്ത് എന്‍റെ കവിളിൽ തരാറുള്ള ഇലഞ്ഞി പ്പൂമണമുള്ള ഉമ്മകളും വലുതായപ്പോൾ കിട്ടാറുള്ള ഈർപ്പമുള്ള തലോടലും എന്‍റെ എഴുത്തിനു പ്രചോദനമാകുന്ന കരടുകൾ എന്നതിൽ കവിഞ്ഞ് ഒരു വാത്സല്യവും ഉള്ളതായി തോന്നിയിട്ടില്ല.
മുരടനായ അച്ഛനെ അവർക്ക് എങ്ങനെ ഇപ്പോഴും സ്നേഹിക്കാൻ കഴിയുന്നു! വിവാഹം പോലും വേണ്ടെന്നു വെച്ചു സാമൂഹിക സേവനത്തിനു ജീവിതം മാറ്റി വെച്ചത് പോലും അച്ഛന്‍റെ ഭാഷയിൽ “പൈങ്കിളി എഴുത്തുകാരുടെ മഷി തീർന്നാൽ പിന്നെ Activism is their last resort” അങ്ങനെയുള്ള അച്ഛന്റെ പരിഹാസത്തിൻറെ മുരടൻ ശബ്ദം കേൾക്കാൻ അവർ എന്തിനു ഈ വർഷവും ഇങ്ങോട്ടു വരുന്നു.
അവരുടെ എഴുത്തിനെ അച്ഛൻറെ പഴയ ബ്ലേഡ് കൊണ്ട് കീറി മുറിച്ചാൽ അത് ഇതിലും ഭേദമായിരുന്നു. ആ തുരുമ്പു പിടിച്ച ബ്ലേഡ് കൊണ്ട് നേരിയ ഒരു ഛേദം എടുത്തു മൈക്രോസ്കോപിക് കണ്ണടയിലൂടെ നോക്കി പരിഹാസച്ചുവയുള്ള വിമർശനം കേൾക്കാൻ വർഷവും വരുന്ന അവരെ പറഞ്ഞാൽ മതിയല്ലോ വെളിച്ചം കാണാത്ത അച്ഛൻറെ പഴയ ന്യൂസ് പ്രിൻറ് പേപ്പറിലെ കഥകൾ നിരത്തിവെച്ച് ഒരു സ്റ്റഡി ക്ലാസും. ജീവിതത്തിന്‍റെ തരുണാസ്ഥികൾ മാത്രമേ അവരുടെ എഴുത്തിൽ തനിക്കും കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത്തവണയെങ്കിലും ചോദിക്കണം ഇത് കേൾക്കാനാണോ ഇങ്ങോട്ട് വരുന്നത് എന്ന്.
മുത്തച്ഛൻ പട്ടാളത്തിൽ നിന്ന് പിരിഞ്ഞു വന്നതിനു ശേഷം പോലീസുകാരുടെ പരിശീലകൻ ആയിരുന്നുവത്രേ. കാക്കി ട്രൌസർ ഇട്ടു നിൽക്കുന്ന ആജാനു ബാഹുവായ രൂപം തന്നെയാണ് അച്ഛനും എന്ന് അമ്മയുടെ അച്ഛൻ പറയാറുണ്ട്. അച്ഛൻ ബാങ്കിൽ പോകുന്നതിനു മുൻപ് ചൂടാറാപാത്രത്തിൽ ഊണുണ്ടാക്കി കൊടുക്കാറുള്ള അമ്മയുടെ കണ്ണുകളിൽ എങ്ങനെയാണ് അച്ഛന്‍റെ ദേഹത്തുള്ള ചെറിയ പ്രാണി കടിച്ച പാട് പോലും പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ‘വിരുന്നുകാർ വരുമ്പോൾ വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ഒതുങ്ങി നിന്‍റെ അമ്മയുടെ ബിരുദം’ എന്ന് അച്ഛൻ കുറ്റപ്പെടുത്തുമ്പോൾ അമ്മ മനോഹരമായി ചിരിക്കാറുള്ളത് മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.
അപ്പോഴാണവർ വന്നത്. പതിവ് പോലെ ഒരേ നിറത്തിലുള്ള പ്ലാസ്റ്റിക് കമ്മലുകൾ, വളകൾ, നിറം മങ്ങിയ സാരി. ലോകം മുഴുവൻ അറിയപ്പെടുന്ന ഇവരെ എന്‍റെ വീട്ടിലാർക്കും ഇഷ്ടമല്ല എന്ന് പറയേണ്ടല്ലോ.

ആ തവണ അച്ഛന്‍റെ മുറിയിൽ നിന്ന് അധികം സംസാരമൊന്നും കേട്ടില്ല. വിശ്വ സാഹിത്യകാരിക്ക് ചായ കൊടുക്കാൻ ഇവിടെ ആരുമില്ലേ എന്ന് കിടക്കയിൽ കിടന്നുള്ള അച്ഛന്‍റെ ശബ്ദം ആരും കേട്ടതായി നടിച്ചതുമില്ല. പക്ഷെ ഇത്തവണ അവർ ഒരുപാടു നേരം സംസാരിച്ചു എന്ന് തോന്നുന്നു. അച്ഛന്‍റെ പതിഞ്ഞ സ്വരം ഞാൻ ആദ്യമായി കേൾക്കുകയാണ്. ഇരുട്ടിയപ്പോൾ അവർ ഇറങ്ങി. കാറിൽ കയറാൻ നേരം പുറകെ ഓടിച്ചെന്ന് ഞാൻ ചോദിച്ചു.
“അച്ഛന്‍റെ വിമർശനം കേൾക്കാനാണോ ഇങ്ങോട്ട് വർഷംതോറും വരുന്നത് ?”
പല്ല് കാണിക്കാതെ ഭംഗിയില്ലാത്ത ഒരു ചിരി ചിരിച്ച്, എന്‍റെ മുഖത്ത് തലോടി അവർ പറഞ്ഞു,
“മോന്‍റെ ബ്ലോഗ് ഒക്കെ വായിക്കാറുണ്ട്. ഇനിയും എഴുതണം. ഇടക്ക് അച്ഛൻ എഴുതിയത് വായിച്ചു നോക്കിക്കോളൂ ജീവിതത്തിന്‍റെ കാണാക്കയങ്ങൾ ഉണ്ട് അതിൽ.”
എന്നിട്ട് ബാഗ് തുറന്ന് അവരുടെ പുതിയ പുസ്തകം എനിക്ക് തന്നു.
‘അച്ഛന് കൊടുക്കാൻ മറന്നു പോയി. ഇനി കയറുന്നില്ല, കൊടുക്കാമോ’ എന്നൊരപേക്ഷയും. പുസ്തകത്തിന്റെ പേര് പോലും നോക്കാൻ തോന്നിയില്ല. അച്ഛന്‍റെ കട്ടിലിൽ പുസ്തകം വെച്ച് തിരിച്ചു നടക്കുമ്പോൾ അച്ഛൻ ഉണർന്നു
“ഏതാ ആ പുസ്തകം..?”
“ആ സ്‌ത്രീ തന്നതാ…”
“ഓ.. കാണാക്കയങ്ങൾ ആയിരിക്കും..”
അതിശയവും ദേഷ്യവും അടക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
“പിന്നെ എന്തിനാ അച്ഛാ അവരെ ഇങ്ങനെ വിമർശിക്കുന്നത്?”
അച്ഛന്റെ മറുപടി എന്നെ വിഷമിപ്പിച്ചു.
“അല്ലെങ്കിൽ പിന്നെ അവൾ ഇങ്ങോട്ട് വരില്ലെടാ…”
വര : പ്രസാദ് കാനത്തുങ്കൽ
കവർ : സി പി ജോൺസൺ