ഉദയത്തിന് അൽപം മുമ്പാണ് മരുഭൂമിയിലെ കൂരാക്കൂരിരുട്ട് . അപ്പോഴാണ് രാത്രി ഘനീഭവിക്കുക! ആ ഇരുട്ടിലാണ് ഒട്ടകങ്ങൾ ഉണരുക. പ്രഭാതത്തെ വരവേൽക്കാനായി മൂപ്പനൊട്ടകം മുരണ്ടൂ. കിഴക്ക് വെള്ളകീറുമ്പോൾ ഒട്ടകങ്ങൾ എല്ലാം ഉണർന്നിരുന്നു. ഒട്ടകങ്ങളുടെ പ്രഭാതക്കച്ചേരി തുടങ്ങി. മാനത്ത് വെളിച്ചം സംക്രമിക്കുന്നതിനനുസരിച്ച് അത് കൂടിക്കൊണ്ടിരുന്നു. ആദ്യ സ്വർഗ്ഗകിരണങ്ങളെ വരവേറ്റു.
ഒട്ടകക്കുട്ടികൾ ആ കച്ചേരി കേട്ടു. പക്ഷേ, അവ കണ്ണു തുറന്നില്ല. തള്ളമാരുടെ ചൂടുപറ്റി കിടന്നു. സപ്താശ്വങ്ങൾ വലിക്കുന്ന സൂര്യരഥത്തിന്റെ ചക്രങ്ങൾ മെല്ലെയാണ് ഉരുണ്ടത്. ഉഷസ്സായി, പ്രഭാതമായി ശാലയിലെ പെണ്ണൊട്ടകം കൂടാരത്തിലേക്ക് ഉറ്റുനോക്കി.
ഒട്ടകബാലൻ ഉണർന്നോ?
വാതിലിൽ ബാലൻ്റെ തലവെട്ടം കണ്ടാലുടൻ ഒട്ടകങ്ങൾ ഓരോന്നായി ചാടി എഴുന്നേൽക്കും. ഒട്ടകക്കുഞ്ഞൻ പരിഭവിക്കും. പക്ഷേ തള്ള അതു കാര്യമാക്കാറില്ല. ബാലൻ കെട്ടഴിച്ചു. അപ്പോൾ അവൾ ആ മരുപ്പരപ്പിലേക്ക് കുതിച്ചു പ്രഭാതത്തിലെ പുകമഞ്ഞിൽ അപ്രത്യക്ഷയായി. ഒട്ടകക്കുഞ്ഞൻ ഉറക്കെ കരഞ്ഞു. മറ്റ് ഒട്ടകക്കുട്ടികൾ അവനെ നോക്കി പരിഹസിച്ച് കരഞ്ഞു . അവൻ നാണിച്ച് കണ്ണടച്ചു.
മരുഭൂമിയിൽ തങ്കവെയിൽ പരന്നു. പക്ഷേ ഒട്ടകക്കുഞ്ഞൻ കണ്ണു തുറക്കാൻ കൂട്ടാക്കിയില്ല. ശാഠ്യം പിടിച്ചു കിടന്നു. ക്രമേണേ വെയിലിനു ചൂടുപിടിച്ചു. തീപിടിച്ചപ്പോൾ മരുപ്പരപ്പ് ഒരു നീറ്റുചൂളയായി. ചക്രവാളത്തിൽ മരുക്കാറ്റിന്റെ കൊടിയുയർന്നു. ഇല കടിച്ചു പറിക്കുന്നതു മതിയാക്കി ഒട്ടകങ്ങൾ മടങ്ങി.
അമ്മമാർ വരുന്നതു കണ്ട് ഒട്ടകക്കുട്ടികൾ ചാടിയെഴുന്നേറ്റ. പരിഭവം മറന്ന് ഒട്ടക്കുഞ്ഞനും. പക്ഷേ അമ്മ അവനെ കണ്ടതായി ഭാവിച്ചില്ല. അവൾ നിന്നു. ധാന്യത്തൊട്ടിയിലായിരുന്നു കണ്ണ് . ഒരിക്കൽ കൂടി അവൻ നിരാശനായി തലതാഴ്ത്തി നിന്നു. എന്നാൽ തൊട്ടി കാലിയായപ്പോൾ അവൾക്ക് മകനെ ഓർമ്മ വന്നു. അമ്മ ഓടി വന്നു. കഴിഞ്ഞതെല്ലാം കുഞ്ഞൻ മറന്നു. അമ്മയുടെ നേരേ നടന്നു. പക്ഷേ വേലിക്കമ്പുകൾ തടഞ്ഞിരുന്നു. ഒരിക്കൽ കൂടി അവൻ മൂക്ക് ചീറ്റി. ഒട്ടകക്കുഞ്ഞിന്റെ കോപവും താപവും കണ്ടപ്പോൾ ശലമോന് തമാശ തോന്നി.
രാവിലെ ശലമോൻ കുറച്ചുനേരം ഒട്ടകശാലയിൽ ചെലവഴിച്ചിരുന്നു. ഒട്ടകങ്ങളെ പരിചരിച്ചിരുന്നു. അത് ആ ഹൃദയമുറിവുകളിൽ തൈലം പുരട്ടിയിരുന്നു. അയാൾ വേലിക്കമ്പുകൾ എടുത്തു മാറ്റി. കുഞ്ഞൻ ഓടിച്ചെന്ന് അമ്മയുടെ അകിടിൽ ചുണ്ടുചേർത്തു. അമ്മ പാൽ ചുരത്തി. പക്ഷേ മുഴുവൻ കുടിക്കാൻ ഒരു സ്ത്രീ സമ്മതിച്ചില്ല.. പാത്രത്തിൽ പാതി പാൽ കറന്നെടുത്തു. ഒട്ടകക്കുഞ്ഞന് മതിയായില്ല. വല്ലാത്ത ഇച്ഛാഭംഗം തോന്നി. അവൻ കോപിച്ച് അകിടിൽ ഒന്നിടിച്ചു. പക്ഷേ അകിടിലെ പാൽ വറ്റിയിരുന്നു. അമ്മ നടന്നു.
ബാലൻ ഒട്ടകങ്ങളെ കെട്ടി. അവർ ഒട്ടകശാലയിൽ കിടന്നു. ഒരിക്കൽ കൂടി അമ്മയുടെ മണംപറ്റി കുഞ്ഞൻ കിടന്നു. പക്ഷേ ഉള്ളിൽ രോഷം പതഞ്ഞു പൊങ്ങിയിരുന്നു.
“ഞാൻ കുടിക്കേണ്ട പാലാണ് ആ പെണ്ണും പിള്ള കറന്നു കൊണ്ടുപോയത്. എന്തൊരു അനീതിയാണ്?”
അതുകേട്ട് മറ്റൊരു കുട്ടി പരിഹസിച്ചു.
“അങ്ങിനെയെങ്കിൽ ഈ നശിച്ച മനുഷ്യരെ കടിച്ചുപറിക്കാൻ നിൻ്റെ വായിൽ പല്ലില്ലേ?” അവൻ നാണിച്ചു തല താഴ്ത്തി.
അമ്മ ആശ്വസിപ്പിച്ചു.
“ഒരിക്കൽ നീ മരുഭൂമി മുറിച്ചുകടക്കും. അന്ന് യജമാനൻ നിൻ്റെ കഴുത്തിൽ തല ചായ്ച്ചുറങ്ങും. നിൻ്റെ തലവെട്ടം കാണാനായി യജമാനത്തി മരുഭൂമിയിലേക്ക് കണ്ണും നട്ടിരിക്കും.. “
ഒട്ടകക്കുഞ്ഞൻ പുഞ്ചിരിച്ചു. ശലമോൻ വിസ്മയിച്ചു. മൂപ്പൻ പറഞ്ഞത് ശലമോന് ഓർമ്മവന്നു.
‘മരുപ്പരപ്പുകാരൻ്റെ ചങ്ങാതി ഒട്ടകമാണ്. പുത്രനും ഭാര്യയും ഒട്ടകം തന്നെ. ഭാര്യയെക്കാൾ വിശ്വസ്ത. ഒരിക്കലും ചതിക്കില്ല. ഏത് മരുക്കാട്ടിലും യജമാനനെ വഴികാട്ടും….. ‘
ആത്മാവിലേക്കുള്ള ജാലകങ്ങളാണ് ഒട്ടകങ്ങൾ!
മരുത്താവളത്തിൽ നിന്ന് തെല്ലകലെ ഒരു പാറക്കെട്ട് ഉണ്ട്. അവിടെയാണ് ബാനിമാലിക് ഗോത്രത്തിൻ്റെ നീരുറവ. ആ ഉറവയിൽ നിന്നാണ് സ്ത്രീകൾ തോൽക്കുടങ്ങൾ നിറയ്ക്കുക. കഴുതകൾ അത് ചുമന്നു. പക്ഷേ പ്രഭാതമഞ്ഞിൽ നടക്കാൻ അവ മടിച്ചിരുന്നു. ഒന്നു വടിവീശുമ്പോൾ അലസത വെടിയും.
വെയിൽ തെളിഞ്ഞതോടെ കഴുതകൾ നടന്നു തുടങ്ങി. തണുപ്പു മാറ്റാൻ സ്ത്രീകൾ കൊച്ചുവർത്തമാനം പറഞ്ഞു തുടങ്ങി. ജ്ഞാനിയെക്കുറിച്ചുള്ള കൗതുകം അവർക്ക് അടക്കാനായില്ല. നീലക്കണ്ണുകളുള്ള മൂപ്പൻ്റെ ഭാര്യ അഭിപ്രായപ്പെട്ടു.
” അപരിചിതൻ നമ്മുടെ ഭാഗ്യമാണ്….”
ആട്ടിടയൻ്റെ ഭാര്യക്ക് പാൽക്കട്ടിയുടെ മണമുണ്ടായിരുന്നു. അവൾ പുഞ്ചിരിച്ചു.
“അയാളുടെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവളാണ് ശരിക്കും ഭാഗ്യവതി”
ഹാലീമയുടെ കവിളിൽ ഹിമദീപ്തി പടർന്നു..
തോൽക്കുടത്തിൽ വെളളം കോരുമ്പോൾ ഹാലിമ ഭർത്താവിനെ ഓർത്തു. അയാൾ ഒട്ടക നോട്ടക്കാരനായിരുന്നു. ഹാഫീശ് ജനിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ പറഞ്ഞു.
“നമുക്ക് മരുപ്പച്ചയിൽ പോയിപ്പാർക്കാം.”
അയാൾക്ക് മരുത്താവളത്തിലെ ജീവിതം മടുത്തിരുന്നു. പക്ഷേ അവൾ മടിച്ചു. താവളത്തിലെ ഗർഭിതകളുടെ നിലവിളികൾ കാതിൽ മുഴങ്ങുകയാണ്!
രാത്രിയിൽ ആരോ കൂടാരവാതിലിൽ വന്ന് മുട്ടിവിളിച്ചു. ഹാലീമ ഉണർന്നു….ഉറങ്ങുമ്പോൾ ഭർത്താവ് കെട്ടിപ്പിടിച്ചിരുന്ന. മെല്ലെ ആ കരങ്ങൾ എടുത്ത് മാറ്റിയിട്ട് കിടക്കപ്പായിൽ നിന്നും അവൾ എഴുന്നേറ്റു. അയാൾ കോപിച്ചു.
രാത്രികളിൽ മിക്കവാറും അവൾ പേറ്റുകൂടാരത്തിലായിരുന്നു. ഗർഭവതിയുടെ നടുവും, അടിവയറും അവൾ തടവും . ഈറ്റുനോവാരംഭിക്കുമ്പോൾ ഗർഭിണിയെ എഴുന്നേൽപ്പിച്ച് പ്രസവക്കല്ലുകളിൽ ഇരുത്തും. കയറിൽ തുങ്ങി അവൾ ഇരിക്കും. മുക്കി മൂളും. ആഞ്ഞുള്ള ഒരു മുക്കലിൽ കുഞ്ഞ് പുറത്ത് വരും.
പേറും പിറപ്പും. അതു കഴിഞ്ഞ് കൂടാരത്തിൽ വരുമ്പോൾ നേരം വെളുത്തിരിക്കും. പിന്നെ ഉച്ചവരെ ബോധംകെട്ടുള്ള ഉറക്കമാണ്.
ഒരു ദിവസം ഭർത്താവ് യാത്ര പറഞ്ഞ് പോയി. പിന്നെ മടങ്ങി വന്നില്ല. പക്ഷേ അയാളെ കുറ്റപ്പെടുത്തുവാൻ ഹാലീമക്ക് തോന്നിയില്ല. മരുപ്പച്ചയിലേക്ക് പോകാൻ ഏറെ നിർബന്ധിച്ചതാണ്. പക്ഷേ അവൾ മടിച്ചു. പിതാവിന് പ്രായമേറിയിരിക്കുന്നു. മരുന്നുകൾ കൂട്ടാൻ അവളെയാണ് ഏൽപ്പിക്കുന്നത്. അത് പറ്റില്ലെന്ന് എങ്ങിനെയാണ് പറയുക? വേദനിക്കുന്നവരെ കണ്ടില്ലെന്ന് വയ്ക്കാൻ ഹാലീമക്ക് കഴിഞ്ഞില്ല. മരുപ്പച്ചയിൽ പോയാൽ സുഖമായി ഉറങ്ങാൻ അവൾക്ക് ഒരിക്കലും കഴിയില്ല.
പിതാവ് മരിച്ചു. മരുന്നുകൾ പറിക്കാനായി രാവിലെ മുഴുവൻ മരുഭൂമിയിൽ അലഞ്ഞു നടന്നു. ഉച്ച കഴിഞ്ഞ് മരുന്നുണ്ടാക്കലായി ജോലി.ഹാലീമ തന്നെത്തന്നെ മറന്നു. രാവും പകലുമുള്ള ശ്രശ്രൂഷക്കിടയിൽ തിരസ്ക്കാരത്തിന്റെ കയ്പ്പ് മറന്നു മകനെപ്പോലും മറന്നു. ബാലൻ വളർന്നു. അവൻ ഒരു ദിവസം പറഞ്ഞു.
“അമ്മേ , എനിക്കൊരു അനിയനെ തരണം. “
കൂട്ടുകാർക്കെല്ലാം അനിയനോ അനിയത്തിയോ ഉണ്ടായിരുന്നു. അവർ ആ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് കൂടാരത്തിന് ചുറ്റും നടന്നു അവരെ ഓമനിച്ചിരുന്നു. ചേട്ടായിമാരെ കാണുമ്പോൾ കുഞ്ഞി പൈതങ്ങൾ മോണകാട്ടി ചിരിച്ചിരുന്നു. ഹാഫീശിന് അസൂയ തോന്നി.
ഹാലീമ ചിരിതൂകി.
പേറിനും പിറപ്പിനും ഇടയിൽ ശരീരത്തിന്റെ വിളികൾ ഹാലീമ കേട്ടില്ല. മാറിടം കല്ലിച്ചിരുന്നു അവൾ വിവാഹം കഴിക്കാൻ മടിച്ചു. പുരുഷൻമാർ സ്വാർത്ഥരാണ്. രാത്രിയിൽ തനിച്ചു കിടക്കാൻ അവർക്ക് വയ്യാ. പെണ്ണിന്റെ മാറിടത്തിലെ ചൂട് പറ്റി കിടക്കണം.
ഹാഫീശ് അനിയനെ മറന്നില്ല. അവൻ കൂടെക്കൂടെ ചോദിക്കും. അപ്പോൾ അവൾ മകനെ കെട്ടിപിടിച്ച് ഉമ്മ വെക്കും.
“നീ എന്റെ ഒട്ടകക്കുട്ടിതന്നെ “
അവൻ പൊട്ടിച്ചിരിക്കും.
പക്ഷേ രാത്രിയിൽ അമ്മ പേറ്റുകൂടാരത്തിലേക്ക് പോകുമ്പോൾ അവൻ വാശിപിടിച്ചു കരഞ്ഞു. അവൾ കുട്ടിയെ അയൽക്കൂടാരങ്ങളിൽ കിടത്തി. പക്ഷേ അമ്മ വരുവോളും അവൻ ഉണർന്നിരുന്നു. അത് അവളെ നൊമ്പരപ്പെടുത്തിയിരുന്നു.
ജ്ഞാനിയുമായി ഹാഫീശ് പെട്ടെന്നാണ് അടുത്തത്. അമ്മ പുറത്തേക്ക് പോകുമ്പോൾ അവൻ ആ കൂടാരത്തിൽ പോയി ഇരുന്നു. അയാൾ അവനെ തലോടി. മരുക്കഥകൾ പറഞ്ഞുകൊടുത്തു . പിന്നെ അവൻ വാശിപിടിച്ചില്ല.
അവൾ അമ്പരുന്നു..
ശലമോന്റെ വാൽസല്യം ആ നെഞ്ചിലെ തീയണച്ചു. അവൻ ശാന്തനായി. രാത്രികളിൽ തനിച്ചാകുമ്പോൾ അവൻ അയാളുടെ അടുത്ത് പോയി കിടന്നു. അയാൾ ബാലനെ ചേർത്തുപിടിച്ചു. അതുകാണുമ്പോൾ ഹാലീമയ്ക്ക് അസൂയ തോന്നും.
അയാളുടെ ഇടതുകരം തന്റെ തലയ്ക്കു കീഴിലായിരുന്നെങ്കിൽ…
വലതുകരം തന്നെ വലയം ചെയ്തിരുന്നെങ്കിൽ…!
കൂടാരത്തിലേക്ക് നടക്കുമ്പോൾ ഹാലീമയുടെ മാറിടത്തിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു..
നീരുറവയിൽ നിന്ന് ശലമോനും വെള്ളം കോരി. ഉറവയ്ക്കടുത്തായി ഒരു കൽതൊട്ടി കിടന്നിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ തൊട്ടിയിൽ ആഴ്ചയിൽ രണ്ടുദിവസം വെള്ളം നിറച്ചിരുന്നു. ദാഹം ശമിപ്പിക്കാനായി ഒട്ടകങ്ങൾ ചുറ്റും നിരന്നു നിൽക്കും.
അയാൾ തൊട്ടി നിറച്ചു.
വെള്ളം നിറയ്ക്കുന്നവനെ ഒട്ടകങ്ങൾ ഒരിക്കലും മറക്കാറില്ല. ജ്ഞാനിയുടെ ഗന്ധവും അവ വലിച്ചെടുത്ത് കരളിൽ സൂക്ഷിച്ചു. ഒരിക്കൽ ഹൃദയത്തിൽ ഇടം നേടിയവനെ അവർ പിന്നെ വിസ്മരിക്കാറില്ല.കൂടാരവാതിലിൽ ജ്ഞാനിയുടെ തലവെട്ടം കാണുമ്പോൾ ഒട്ടകങ്ങൾ മൂക്കുവിടർത്തും. ഒരു സായാഹ്നത്തിൽ അയാളുടെ ഒരു നോട്ടത്തിനായി രണ്ട് പെൺ ഒട്ടകങ്ങൾ തമ്മിൽ വഴക്ക് കൂടി. ഒട്ടക നോട്ടക്കാരൻ ഊറിച്ചി രിച്ചു.
”സ്ത്രീകളെ പോലെയാണ് ഒട്ടകങ്ങൾ”
ഒട്ടകനോട്ടക്കാരൻ പറഞ്ഞതുകേട്ട് ജ്ഞാനിയും ചിരിച്ചു
“ശരിയാണ് അവർ അപരിചിതരെ സംശയിക്കുന്നു. പക്ഷേ പരിചിതരെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും…”
“പുരുഷൻ്റെ കണ്ണുകളിൽ നോക്കി മനസ്സിലിരുപ്പ് വായിക്കാൻ ഒരു സ്ത്രീക്ക് അധിക സമയമൊന്നും വേണ്ട” ഒട്ടക നോട്ടക്കാരൻ തുടർന്നു.
“ഇഷ്ടക്കാരൻ്റെ ഒരു തലോടലിനു വേണ്ടി അവൾ മണിക്കൂറുകളോളം കാത്തിരിക്കും. പക്ഷേ ഒന്നു നോക്കിയില്ലെങ്കിൽ പരിഭവിച്ച് തലതാഴ്ത്തി കിടക്കും.”
അയാൾ തുടർന്നു.
“ഒന്നടിച്ചാൽ കൊള്ളുക ആ ശരീരത്തിലല്ല, മനസ്സിലാണ്. ഒരു മുറിവായി അത് അങ്ങനെ കാലങ്ങളോളം കിടക്കും….”
ശലമോന് ഫറവോയുടെ പുത്രിയെ ഓർമ്മ വന്നു.
ഒട്ടകങ്ങളുടെ ജന്മവാസനയും സഹജാവബോധവും ശലമോനെ അമ്പരപ്പിച്ചു. ഒട്ടകം ഒരു പുസ്തകമാണ്. മരുഭൂമിയിലെ അതിജീവനത്തിൻ്റെ പുസ്തകം. മണലിൽ ഇരുന്ന കുട്ടികളോട് മൂപ്പൻ പറഞ്ഞു.
“നിങ്ങൾ ഒട്ടകങ്ങളെ കണ്ടു പഠിക്കുക. ആഹാരം കിട്ടുമ്പോഴാണ് അവ ഭക്ഷിക്കുക. അതു വരെ വിശപ്പ് സഹിക്കും.”
സഹനമാണ് ശരീരത്തിനു കരുത്തു നൽകുന്നതെന്ന് ബിദവികൾ വിശ്വസിച്ചിരുന്നു. അതുകൊണ്ട് യാത്രക്കിടയിൽ ഭക്ഷിക്കുന്നതും വെള്ളം കുടിക്കുന്നതും അവർ മനപ്പൂർവ്വം വൈകിപ്പിച്ചിരുന്നു. മരുഭൂമിയിലെ കൊടുംചൂടിൽ യാത്രക്കാർ തളർന്നുവീണു. പക്ഷേ ആ വേവലിൽ ബിദവികൾ തളർന്നില്ല, പുകഞ്ഞില്ല.
മൂപ്പൻ തുടർന്നു
“ഒട്ടകം ജ്ഞാനിയെപ്പോലെയാണ്.. അയാൾ ലക്ഷ്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. അതിനനുസരിച്ച് ചരിക്കുന്നു. ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള വഴിയെക്കുറിച്ച് മാത്രം ചിന്തിക്കുക “
കുട്ടികളുടെ കണ്ണുകൾ വിടർന്നു.
രാത്രിയിൽ കുറച്ചു നേരം ശലമോൻ മണൽപ്പുറത്ത് നക്ഷത്രരാശിയെ നോക്കി കിടന്നു. അയാൾക്ക് തമാറിനെ ഓർമ്മവന്നു. അവൾ അയാളുടെ ഹൃദയത്തോട് മന്ത്രിക്കുന്നു:
‘ജീവിതത്തിലെ ദുരിതങ്ങൾക്ക് കാരണം മനുഷ്യർ ഒരുപാട് ആലോചിച്ചു കാട് കയറുന്നതാണ് ‘ അകലെ ഒരു നക്ഷത്രം കണ്ണു ചിമ്മി.
‘മരുഭൂമിയിൽ ഒരുപാട് അലഞ്ഞു തിരിയുമ്പോൾ ഓർമ്മിക്കുക. നീ മരുപ്പച്ചയിൽ നിന്ന് ഏറെ അകലെയാണ്”
തണുത്ത കാറ്റടിച്ചു.
‘ലക്ഷ്യം എന്തായിരുന്നാലും വഴി നന്നായിരിക്കണം.’
അയാൾ എഴുന്നേറ്റു.
രാവിലെഒട്ടകങ്ങളെ മേയ്ക്കുമ്പോൾ നോട്ടക്കാരൻ പറഞ്ഞു.
“മരുയാത്രയിൽ പലപ്പോഴും എനിക്ക് വഴിതെറ്റിയിട്ടുണ്ട്. ആ തെറ്റുകളാണ് ജീവിതത്തിൽ എന്നെ വിലയേറിയ ചില പാഠങ്ങൾ പഠിപ്പിച്ചത്. “
ശലമോൻ അമ്പരുന്നു. അയാൾ തുടർന്നു.
“മരുപദങ്ങളിലെ മുൾപടർപ്പുകൾ തരണം ചെയ്യുമ്പോൾ ഒട്ടകങ്ങളുടെ ശരീരത്തിൽ മുറിവുകൾ വീഴുന്നത് കണ്ടിട്ടില്ലേ?അവ മുറിപ്പാടുകളല്ല. ശലമോൻ തുറിച്ചു നോക്കി. അയാൾ തുടർന്നു.
“അവ വിജയമുദ്രകളാണ് “
ഉച്ചക്ക് മരുപദം അപ്പക്കല്ല് പോലെ ചുട്ടുപഴുത്തിരിക്കും.അപ്പോൾ പണികൾ മതിയാക്കി ബിദവികൾ കൂടാരത്തിൽ ചേക്കേറും. ഒട്ടകനോട്ടക്കാരൻ്റെ താടി വിയർപ്പിൽ കുതിർന്നു. ഉടുപ്പിന് ഉപ്പു മണവും. കൂടാര വാതിലിൽ ഒരു തുണ്ടു തുണി സൂക്ഷിച്ചിരുന്നു. അയാൾ നെറ്റി തുടച്ചു. ഉച്ചവിശ്രമത്തിനു മുമ്പായി കൂടാരത്തിന് ചുറ്റും ഒന്നു നടക്കും.
ആരെങ്കിലും കൂടാരത്തിൽ അതിക്രമിച്ച് കടന്നിട്ടുണ്ടോ ? കൂടാരത്തിൽ കടക്കുന്നവന്റെ അടയാളങ്ങൾ മണലിൽ പതിയും. അത് മായ് ച്ചു കളയാൻ ആർക്കും കഴിയില്ല. ആ സൂചനകളെ ഒരിക്കലും അയാൾ അവഗണിച്ചിരുന്നില്ല.
ഉച്ചച്ചൂടിൽ വിശ്രമിക്കുന്ന ഭാര്യ ഒന്നു മയങ്ങിയിരുന്നു. അവളുടെ ചൂടുപറ്റി കുട്ടിയും കിടന്നിരുന്നു. ഭർത്താവിൻ്റെ പാദപതനശബ്ദം കേട്ടപ്പോൾ അവൾ മയക്കം വിട്ടുണർന്നു. അയാളുടെ കൈയ്യിൽ ഒരു നീളൻവടി ഉണ്ടായിരുന്നു.
അവൾക്ക് പേടിയായി. അവൾ ചാടിയെഴുന്നേറ്റു. കുട്ടിയും ചാടി പിടഞ്ഞ് എണിറ്റു. വടി കണ്ട് ഭയപ്പെട്ടു, കൂടാരത്തിൻ്റെ ഒരു മൂലയിൽ ഒളിച്ചു.
അയാൾ ആ പായ് വലിച്ചു മാറ്റി. സുഷുപ്തിയിൽ ആണ്ടിരുന്ന ഒരു മണൽപ്പാമ്പ് കണ്ണു തുറന്നു .അമ്മയും മകനും കണ്ണുകൾ ഇറുക്കി അടച്ചു. പിന്നെ ചില ശബ്ദങ്ങൾ കേട്ടു. അവർ കണ്ണു തുറന്നു. നാലഞ്ച് മണൽത്തരികൾ ചുവന്നു കിടക്കുന്നു.
ഭർത്താവ് പുറത്തേക്കു കടന്ന് മരുഭൂമിയിലേക്ക് പാമ്പിന്റെ ജഡം വലിച്ചെറിഞ്ഞു. നട്ടുച്ചയിലെ എരിവെയിലിൽ അത് ഉണങ്ങിക്കരിഞ്ഞു. സായാഹ്നക്കാറ്റിൽ ഒരു കറുത്തവേര് മാനത്ത് പറന്നു.
പ്രഭാതത്തിൽ ഒട്ടകങ്ങൾ കുതിച്ചു. മൂപ്പൻ ഒട്ടകമാണ് മേച്ചിൽ സ്ഥലം കണ്ടെത്തുക. അവൻ്റെ പിന്നാലെ മറ്റ് ഒട്ടകങ്ങൾ നടന്നു. ചിലപ്പോൾ യുവഒട്ടകങ്ങള മൂപ്പൻ ശാസിച്ചിരുന്നു. അവർ തമ്മിൽ ഒരിക്കലും വഴക്ക് കൂടിയിരുന്നില്ല. ഒരുമിച്ചാണ് മേയൂന്നതും. പക്ഷെ വെള്ളം കുടിക്കുന്നതിനിടയിൽ അവർക്ക് ഒരു ഒളിഞ്ഞ് നോട്ടമുണ്ട്.അത് മൂപ്പന് ഇഷ്ടപ്പെട്ടില്ല. ഒരിക്കൽ ഒട്ടകപ്പെണ്ണിനെ കാടാക്ഷിച്ചതിനു മൂപ്പൻ വെള്ളമൂക്കനെ തൊഴിച്ച് ഓടിച്ചു. ആ ദിവസം വെള്ളം കുടിക്കാൻ സമ്മതിച്ചില്ല. ഒട്ടകനോട്ടക്കാരൻ പറഞ്ഞു.
“പെണ്ണുങ്ങളുടെ മേലുള്ള അവകാശം മൂപ്പനാണ്. “
ശലമോൻ ചിരിച്ചു.
അന്ന് മുഴുവൻ വെള്ളമൂക്കൻ പിണങ്ങിനടന്നു. സായാഹ്നത്തിൽ ഓട്ട മത്സരത്തിനു ഇറങ്ങാനും മടിച്ചു. ശലമോൻ അവൻ്റെ കാതിൽ പറഞ്ഞു.
“ഒരിക്കൽ നീ മൂപ്പനാകും. അന്നു് പെൺഒട്ടകങ്ങൾ നിൻ്റെ നോട്ടത്തിനായി കാത്തു നിൽക്കും. “മരുഭൂമിയിൽ ഒരു മണ ൽക്കാറ്റുയർന്നു.
അപരിചിതൻ ഭാഗ്യം കൊണ്ടുവരുമെന്ന് ബിദവികൾ വിശ്വസിച്ചിരുന്നു. അത് സത്യമായി. ജ്ഞാനി വന്നതിൻ്റെ രണ്ടാം മാസം ഒട്ടകശാലയിൽ ഒരു കറുത്ത കുട്ടി ജനിച്ചു. തള്ളയോട് പറ്റിച്ചേർന്ന് അവൻ കിടന്നു. അമ്മയുടെ നെഞ്ചിടിപ്പ് കേട്ടും ഗന്ധം നുകർന്നും കിടന്നു. കരിക്കുട്ടനെ കാണാനായി സ്ത്രീകൾ വന്നു. അവർ തള്ളക്ക് ഈത്തപ്പഴങ്ങളൂം ധാന്യമണികളും നൽകി. കുട്ടിയും നാവു നീട്ടി. ഒരു ഈത്തപ്പഴം പിഴിഞ്ഞ് മൂപ്പൻ്റെ ഭാര്യ ആ നാവില് ഇറ്റിച്ചു. അവനത് നുണഞ്ഞിറക്കി. പ്രഭാതത്തിൽ അവൻ ഈർപ്പം വലിച്ചു. നിരാവി ഉയരുന്നതു കണ്ട് ചുറ്റും നിന്ന കുട്ടികൾ വിസ്മയിച്ചു.
കരിക്കുട്ടൻ കുട്ടികളുടെ ഓമനയായി. പക്ഷേ മൂപ്പന് അത്ര സന്തോഷം തോന്നിയില്ല. കറുത്തഒട്ടകങ്ങൾ മരുപ്പച്ചയിലെ ശൈഖിനുള്ളതാണ്. പാലുകുടിച്ച് മേയാൻ തുടങ്ങുമ്പോൾ ക്വാതിലെ പടയാളികൾ വരും. അവർ കടിഞ്ഞാണിൽ പിടിച്ചു കൊണ്ടു പോകും. അവരെ ചെറുക്കാനാകും.പക്ഷേ ബാമി മരുപ്പച്ചയിലെ ശൈഖ് ആക്രമിക്കാൻ വരുമ്പോൾ ബാനി മാലികിന് ചെറുക്കാനാവില്ല. ബാമി ഒരു കഴുകനാണ്. മരുഭൂമിയിലെ ഒറ്റപ്പെട്ട ഗോത്രങ്ങളെ വേട്ടയാടുന്ന കരിങ്കഴുകൻ. പക്ഷേ ക്വാത് സംഖ്യത്തിലെ ഗോത്രങ്ങളെ ശൈഖ് ആക്രമിച്ചില്ല. ക്വാതിലെ ശൈഖിനെ അയാൾ ഭയന്നിരുന്നു. മൂപ്പൻ പുത്രൻമാരെ വിളിച്ചു.
“നിങ്ങൾ പോയി കരിക്കുട്ടിയുടെ ജനനം ശൈഖിനെ അറിയിക്കുക. “
അവർ പ്രതിഷേധിച്ചു. അയാൾ പറഞ്ഞു.
“മക്കളെ നമുക്ക് ശൈഖിനെ പിണക്കാനാവില്ല. ക്വാതിലെ അങ്ങാടിയിൽ നിന്നല്ലെ നമ്മൾ ധാന്യവും ഈത്തപ്പഴവും കച്ചിയും വാങ്ങുന്നത്?
അവർ യാത്ര തിരിച്ചു.
കറുത്ത ഒട്ടകക്കുട്ടിയുടെ ജനനം ഐശ്വര്യം നൽകുമെന്ന് അക്കാലത്ത് അറബികൾ വിശ്വസിച്ചിരുന്നു. കറുത്ത ഒട്ടകപ്പുറത്ത് എഴുന്നെള്ളുന്ന ശൈഖിനെ മാനിച്ചിരുന്നു. അവന്റെ കടിഞ്ഞാൺ സ്വന്തമാക്കാൻ നിഗൂഢമായി ആഗ്രഹിച്ചിരുന്നു.
കരിക്കുട്ടിയുടെ ജനനം ക്വാതിലെ ശൈഖിനെ സന്തുഷ്ടനാക്കി. നരച്ച താടിക്കു മീതെ ഒട്ടക കണ്ണുകൾ വിടർന്നു. അയാൾ സേനാനായകനോട് പറഞ്ഞു.
” ഇത് ഒരു സൂചനയാണ് ! “
അവൻ തലയാട്ടി
വസന്തത്തിലെ ഒട്ടക ഓട്ടമത്സരത്തിൽ ആരാണ് ജയിക്കുകയെന്നുള്ളതിന്റെ സൂചന. ഒരു ജലാശയമാണ് ആ പ്രാവശ്യം ശൈഖ് പന്തയം വെച്ചിരിക്കുന്നത്. അൽജോഫിലേക്കുള്ള പാതയിലെ ആ തടാകം യാത്രക്കാരുടെ കണ്ണും കരളും കുളിർപ്പിച്ചിരുന്നു.കരിക്കുട്ടിക്ക് ഒരു ചാക്ക് ധാന്യവും ഈത്തപ്പഴവും നൽകാൻ ശൈഖ് കൽപ്പിച്ചു. ഇനി മുതൽ കരിക്കുട്ടിക്കുള്ള ധാന്യങ്ങളും പഴങ്ങളും കച്ചിയും ക്വാതിലെ ശൈഖിൻ്റെ വകയാണ്.
വസന്തത്തിൻ്റെ ആരംഭത്തിലാണ് ചന്ദ്രദേവൻ്റെ ഉത്സവം. ആ ഉത്സവത്തിലാണ് നാഫുഡ് മരുഭൂമിക്കും സിറിയൻ മരുഭൂമിക്കും ഇടയിലുള്ള അറേബ്യയിലെ മരുപ്പച്ചകൾ മാറ്റുരയ് ക്കുന്ന ഒട്ടക ഓട്ടമത്സരം. ശൈഖുമാർക്ക് അത് അഭിമാന പോരാട്ടമായിരുന്നു. ചന്ദ്രദേവൻ്റെ ഖഡ്ഗവും ഒരു പൊൻ കിഴിയുമാണ് സമ്മാനം. പക്ഷേ മത്സരത്തിൽ ഹരം കയറിയ അറബികൾ പരസ്പരം പന്തയം വെച്ചിരുന്നു. ഓരോ വസന്തത്തിലും മരുപ്പച്ചകളുടെ ഉടമസ്ഥത മണൽക്കുനകൾ പോലെ മാറിമറിഞ്ഞു. ഒട്ടകപ്പറ്റങ്ങളും അപ്രത്യക്ഷമായിരുന്നു. ചില ഭ്രാന്തൻമാർ ഭാര്യയെ വരെ പന്തയം വെച്ചിരുന്നു! ഒട്ടക മത്സരത്തിൽ നാഫുഡിൻ്റെ നേതാവായ ക്വാതും സിറിയൻ നേതാവായ ബാമിയും തമ്മിലാണ് പ്രാധാന പോര്. ബാമിക്കാർ കോപിഷ്ഠരാണ്. കുരങ്ങിനെ പോലെ പിടിവാശിക്കാരും.
പണ്ട് അൽ ജോഫിലെ ചന്ദ്രദേവന്റെ ക്ഷേത്രമുറ്റത്ത് അറബികൾ ഒത്തുകൂടി. അവർ മണലിൽ ഇരുന്നു. ബാമിശൈഖ് ഒരു വൃത്തം വരച്ചു.
“ഇതു് എന്റെ കുളം ആണ്!”
ക്വാതിലെ ശൈഖിന് ഒരു തമാശ തോന്നി.
ആ വൃത്തത്തിൽ നിന്ന് പുറത്തേയ്ക്ക് ഒരു നേർരേഖ വരച്ചിട്ട് പറഞ്ഞു.
“നിന്റെ ഈ കുളത്തിൽ നിന്നുള്ള വെള്ളം ഞാൻ എന്റെ തോട്ടത്തിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു.”
അറബികൾ ആർത്തു ചിരിച്ചു. ബാമി ശൈഖിന്റെ മുഖം വിളറി. തന്റെ അധികാരത്തെ അപമാനിച്ചിരിക്കുന്നതായി ശൈഖിനു തോന്നി. ബാമിയുടെ കുളത്തിലെ ജലം തിരിച്ചു വിടാൻ ക്വാതിന് എങ്ങനെ ധൈര്യം വന്നു! ഇതു ചോദിക്കാതെയും പറയാതെയും വിട്ടാൽ ശരിയാവില്ല നാളെ മരുപ്പച്ചയിലെ ജലാശയത്തിൽ നിന്നു ക്വാത്കാർ ചാലു കീറും. അയാൾ വാൾ വലിച്ചൂരി. ക്വാതിലെ ശൈഖും വാളെടുത്തു. അവർ തമ്മിൽ ഒരു ദ്വന്ദയുദ്ധം നടന്നു.ആ പോരാട്ടത്തിനൊടുവിൽ ബാമിശൈഖ് നിലംപതിച്ചു. ക്ഷേത്രമുറ്റത്തെ മണൽത്തരികൾ ചുവന്നു.
ക്ഷേത്രമുറ്റത്ത് നടന്ന നിസ്സാര കാര്യത്തെ ചൊല്ലിയുള്ള വഴക്ക് ഒരു കൊലപാതകത്തിൽ അവസാനിച്ചു.. അത് ഗോത്രങ്ങൾ തമ്മിലുള്ള അങ്കത്തിന് കളമൊരുക്കി. മരുഭുമി ചുവന്നു.ആ ചോരക്കളി അവസാനിപ്പിക്കാൻ പലരും ശ്രമിച്ചു. അൽ ജോഫിലെ പുജാരിയും ശ്രമിച്ചു. പക്ഷേ വിജയത്തിനായി ഗോത്രങ്ങൾ വാശിപിടിച്ചു. അയാൾക്ക് ഒരുപായം തോന്നി.
ഒട്ടക ഓട്ടം!
വസന്തത്തിൻ്റെ ആരംഭത്തിലാണ് ഓട്ടമത്സരം നടന്നിരുന്നത്. പക്ഷേ വേനൽക്കാലത്തു തന്നെ ഒട്ടകങ്ങളെ പരിശീലിപ്പിച്ചുതുടങ്ങും. അതിന്റെ വിവരങ്ങൾ ചാരൻമാർ ശൈഖുമാരുടെ കാതിൽ ഓതിക്കൊടുക്കും. അതനുസരിച്ചാണ് അവർ തന്ത്രങ്ങൾ മെനയുക.
മരുപ്പകയുടെ കണക്ക് തീർക്കാൻ ഒരിക്കൽ കൂടി ക്വാതിലെ മൈതാനം അണിഞ്ഞൊരുങ്ങി. രണ്ട് പൗർണ്ണമികൾ മാത്രം…. ക്വാതിലെ ശൈഖിന് അൽപം പോലും ആശങ്ക തോന്നിയില്ല. ഒട്ടകപ്പറ്റത്തിലെ കൂറ്റനാണ് മത്സരിക്കുന്നത്. അവനെ ജയിക്കാൻ ബാമിയിലെ ഒട്ടകം ഏറെ വെള്ളം കുടിക്കേണ്ടി വരും.
പ്രഭാതത്തണുപ്പിൽ ശൈഖിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി കളിയാടി. പക്ഷേ ഉച്ചയായപ്പോൾ അതു മാഞ്ഞിരുന്നു. രാവിലെ മേയാൻ അഴിച്ചുവിട്ട ആ ഒട്ടകക്കൂറ്റൻ പുൽമേട്ടിൽ തളർന്നു വീണു ! എഴുന്നേൽക്കാൻ ഒന്ന് ശ്രമിച്ചു , പക്ഷേ സാധിച്ചില്ല. ഏതോ വിഷസസ്യം ഉള്ളിൽ ചെന്നിരിക്കണം. പുത്രൻമാർ അടുത്ത് വന്ന് അവൻ്റെ കഴുത്തിൽ തല ചേർത്തു. അൽപം മാറി നിന്ന് പെൺ ഒട്ടകങ്ങൾ കണ്ണീർപൊഴിച്ചു. നോട്ടക്കാരനും സങ്കടത്തിലായി.ആ ദിനം ഒട്ടകശാലയിലേക്ക് ആരും മടങ്ങിയില്ല. രണ്ട് രാവും പകലും മലയടിവാരത്ത് അയാൾ കൂട്ടിരുന്നു. മൂന്നാം ദിവസം അവൻ മരിച്ചു. ശൈഖിന് കണ്ണിൽ ഇരുട്ടുകയറുന്ന പോലെ തോന്നി. തോൽവി ആലോചിക്കാനും കുടി കഴിയില്ല. മരുപ്പച്ചയുടെ ദാഹം ശമിപ്പിക്കുന്ന ഒരു തടാകമാണ് പന്തയം വെച്ചിരിക്കുന്നത്. അയാൾ ദാസരെ പറഞ്ഞയച്ചു.
“നിങ്ങൾ പോയി ഒരു ഒട്ടകത്തെ തേടിപ്പിടിക്കുക.. “
അവർ മണൽക്കുന്നുകൾ താണ്ടി. അപരാഹ്നത്തിൽ ബാനിമാലിക് ഗോത്രത്തിൻ്റെ താവളത്തിൽ എത്തിച്ചേർന്നു. മൂപ്പൻ അവരെ സ്വീകരിച്ച് കൂടാരത്തിൽ ഇരുത്തി. അതിഥികൾക്ക് ഈത്തപ്പഴവും വെള്ളവും വന്നു. പക്ഷേ ഭക്ഷിക്കാൻ അവർ വിസമ്മതിച്ചു.
“യജമാനൻ പറഞ്ഞത് നിവൃത്തിയാക്കുക എന്നതാണ് ഞങ്ങളുടെ ഭക്ഷണം. “
മൂപ്പൻ ഒന്നും മിണ്ടിയില്ല.
അവർ തുടർന്നു.
“ഞങ്ങളുടെ യജമാനനോട് കൂറും വിശ്വസ്തയും ഉണ്ടെങ്കിൽ ഒരു ഒട്ടകത്തെ തരിക. ഇല്ലെങ്കിൽ അതു പറയുക. ഞങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുപൊയ്ക്കൊള്ളാം. “
മൂപ്പൻ പറഞ്ഞു.
” ഇക്കാര്യം ക്വാതിലെ യജമാനനിൽ നിന്ന് വന്നിരിക്കുകയാൽ എനിക്ക് ദോഷം ഒന്നും പറയാനില്ല. “
ദാസർ ആ ഒട്ടകപ്പറ്റത്തെ പരിശോധിച്ചു. വെള്ളമൂക്കന്റെ ലക്ഷണങ്ങൾ അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അവനെ കൈവിടുന്നതിൽ ഒട്ടകനോട്ടക്കാരൻ ഖിന്നനായി. കളഞ്ഞു കിട്ടിയ തങ്കമാണ് വെള്ളമൂക്കൻ. മൂപ്പൻ്റ കണ്ണുകളൂം ഈറനണിഞ്ഞു.
ദാസർ ഒട്ടകത്തെ തലോടി. അവൻ അസ്വസ്ഥനായി. അവർ പറഞ്ഞു.
“മൂപ്പാ , ഈ ഒട്ടകനോട്ടക്കാരനെ അയക്കുക. മത്സരം കഴിയും വരെ അയാൾ മരുപ്പച്ചയിൽ കഴിയട്ടെ.”
നോട്ടക്കാരൻ വിസമ്മതിച്ചു.
താവളത്തിൽ നിന്ന് ഒരു മാസം മാറി നിൽക്കുക. അയാൾക്ക് അത് ആലോചിക്കാൻകൂടി കഴിയുമായിരുന്നില്ല.
മൂപ്പൻ ചിന്താകുലനായി.
അയാൾ വെള്ളമൂക്കന് തീറ്റ നൽകുന്ന ജ്ഞാനിയുടെ അടുത്തെത്തി.
“ഇതാ അങ്ങേക്ക് നാട്ടിലേയ്ക്കു പോകാൻ ഒരു വഴി തുറന്നിരിക്കുന്നു. രാവിലെ പുറപ്പെടാൻ തയ്യാറാകുക”
ശലമോൻ സന്തുഷ്ടനായി. വസന്തത്തിൽ പേർഷ്യൻ കച്ചവട സംഘങ്ങൾ അൽജോഫിലേക്ക് പോകാറുണ്ടായിരുന്നു. ആ പാതയിലെ ഒരു ഇടത്താവളമാണ് ക്വാത്.
ബിദവികളോട് ശലമോൻ യാത്ര പറഞ്ഞു. ഹാഫീശ് സങ്കടപ്പെട്ടു. ജ്ഞാനി പറഞ്ഞ കഥകൾ കേട്ടാണ് രാത്രിയിൽ അവൻ ഉറങ്ങിയിരുന്നത്. നാളെ മുതൽ ആ കഥകൾ കേൾക്കില്ല. ഇത്ര പെട്ടെന്ന് മരുക്കഥ അവസാനിക്കുമെന്ന് കരുതിയിരുന്നില്ല. അവൻ വാശി പിടിച്ചുകരഞ്ഞു. ഹാലീമ പറഞ്ഞു.
“ഒരു ദിവസം നീയും മരുഭൂമി കടക്കും. അന്ന് അമ്മ നിന്നെയോർത്ത് സങ്കടപ്പെടും..”
രാത്രി അപ്പം ചുടുമ്പോൾ ഹാലീമയുടെ കണ്ണുകൾ ചുവന്നിരുന്നു. ആരും കാണാതെ അവൾ കണ്ണുതുടച്ചു. രാത്രിയിൽ യാത്ര പറയാൻ ജ്ഞാനി വന്നപ്പോൾ അവൾ ചിരിച്ചെന്ന് വരുത്തി. അയാൾ ബാലനെ തലോടി,നെറുകയിൽ ചുംബിച്ചു. അവൾ നെടുവീർപ്പിട്ടു
രാത്രിയിൽ പേറ്റുകൂടാരത്തിൽ ഒരു നിലവിളി ഹാലീമ കേട്ടു. അവൾ നടന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിന്റെ ശബ്ദം കൂടാരത്തിൽ നിന്ന് ഉയർന്നു.. പേറും പിറപ്പും എല്ലാം കഴിഞ്ഞ് അവൾ പുറത്തിറങ്ങുമ്പോൾ നേരം പാതിരാത്രി കഴിഞ്ഞിരുന്നു. കരങ്ങളിലാകെ ചോര പുരണ്ടിരുന്നു. പൊക്കിൾക്കൊടി മുറിച്ചപ്പോൾ ഒട്ടകം ചീറ്റുന്നതു പോലെയാണ് ചോരചീറ്റിയത്.. കയ്യിലെ ചോര കളയാൻ അവൾ ഒരു പിടി മണലെടുത്തു. അഗ്നികുണ്ഡത്തിലെ കനൽ അണഞ്ഞിരുന്നില്ല. കാറ്റിൽ വജ്രക്കല്ലു പോലെ അതു പ്രകാശിച്ചു.. അണയാത്ത ജ്വാല നോക്കി അവൾ കുറച്ചുസമയം നിന്നു. പിന്നെ മണൽ ഉരസി. അപ്പോൾ കരത്തിലാകെ ഒരു തരുതരിപ്പ് തോന്നി.അടിവയറ്റിൽ ഒരു കൊള്ളിയാൻ മിന്നി!! അകലെ നിന്ന് ഒരു കുഞ്ഞിന്റെ നിലവിളി കേട്ടു. ഹാലീമ നടന്നു.
ജ്ഞാനിയുടെ കൂടാരത്തിനു മുന്നിൽ എത്തിയപ്പോൾ നിന്നു. അവൾ കാതോർത്തു. അയാളുടെ ശ്വാസഗതി കേൾക്കാം. നല്ല ഉറക്കത്തിലാണ്. കൂടാരത്തിലെ ഇരുളിൽ ശലമോൻ കിടന്നു. മൂപ്പൻ സൽക്കരിച്ച ലഹരിയിൽ അയാൾ എല്ലാം മറന്ന് ഉറങ്ങി. ഹാലീമയുടെ കണ്ണുകൾ ഇരുളിൽ ഒട്ടകത്തിന്റേത് പോലെ തിളങ്ങി.
അയാളുടെ മണം പിടിച്ച് ഇരുട്ടിലേക്ക് കുതിച്ചു. പിന്നെ സർവ്വദിക്കിലും ഭ്രാന്തമായി അലയുന്ന പെണ്ണൊട്ടകത്തെ പോലെ അയാളെ കടിച്ചു കുടഞ്ഞു.
ശലമോൻ ഒന്നു കുതറി. അവൾ അയാളെ മണലിൽ ചേർത്തു. പിന്നെ ആ നെഞ്ചിലും കഴുത്തിലും നഖങ്ങൾ ആഴ്ത്തി. അയാൾ വായ്തുറന്നപ്പോൾ അവൾ ചുണ്ടുകൾ കോർത്തു. മത്തക്കുരുവും കാട്ടുജീരകവും കൂടി ചേർന്നതിന്റെ മണം ശലമോൻ അറിഞ്ഞു!
അയാൾ ദീർഘമായി ശ്വസിച്ചു. ഇരുട്ടിൽ ചുര മാന്തുന്നതിൻ്റെ ശബ്ദം അയാൾ കേട്ടു. ഒടുവിൽ ഒരു കാട്ടൊട്ടകത്തിന്റെ മുരൾച്ച….
ആ കാഴ്ച കണ്ടപ്പോൾ തുത് മോസ റാണിക്ക് പുച്ഛം തോന്നി. അസ്മേദേവൂസ് ഊറിച്ചിരിച്ചു.
പ്രഭാതത്തിൽ വടക്കൻ ദേശത്തെ മൂപ്പൻമാർ യെറുശലേമിൽ എത്തി രാജാവിനെ സന്ദർശിച്ചു. അവർ പറഞ്ഞു.
“വടക്കൻ ദേശത്തിൻ്റെ മുറിവുണക്കാൻ തിരുവുള്ളം ഉണ്ടാകണം… “
രാജാവ് ആരാഞ്ഞു.
“ഞാൻ എന്താണ് ചെയ്യേണ്ടത്?
മൂപ്പൻ പറഞ്ഞു.
“രാജഭോഗം അടയ്ക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല. അത് ഇളച്ചു തന്നാൽ ഞങ്ങൾ തൃപ്തരാകും…. “
രാജാവ് മന്ത്രിയെ വിളിച്ചു വരുത്തി ആരാഞ്ഞു. അദോനി റാം പറഞ്ഞു.
“രാജകൊട്ടാരത്തിൻ്റെയും ദൈവാലയത്തിൻ്റെയും പണികൾ പൂർത്തിയായിരിക്കുന്നു. “
രാജാവ് പറഞ്ഞു.
“അടിമകളുടെ കാലാവധി ഒരു മാസമായി കുറയ്ക്കുന്നു”
വടക്കർ മടങ്ങി.
കഴിഞ്ഞെതെല്ലാം മറന്ന് അവർ രാജാവിനെ വാഴ്ത്തിപ്പാടി. അസ്മേദേവൂസ് പുഞ്ചിരിച്ചു.
വര : പ്രസാദ് കാനത്തുങ്കൽ
കവർ : വിൽസൺ ശാരദ ആനന്ദ്