എന്റെ പ്രിയ ഭർത്താവ് ദിവാകരൻ ചേട്ടൻ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം എന്റെ കൂട്ടുകാരെ അറിയിക്കുന്നു….
അറുപത്തിയൊൻപത് വയസ്സുള്ള ദിവാകരന്റെ , നാല്പ്പത്തിയഞ്ചു പ്രായത്തിലെ കളർ ഫോട്ടോ ചേർത്ത്
പദ്മിനിയെന്ന ഐഡിയിൽ ഒരു പോസ്റ്റ് .

താപ്പോട്ട്,
കമന്റ് ബോക്സിൽ നോക്കിയപ്പോൾ
നിമിഷങ്ങൾക്കകം ഒരു വാചകം വന്നിരിക്കുന്നു.
‘അഭിനന്ദനങ്ങൾ’
(ഒരു വാക്കുപോലും പോസ്റ്റിയത് നോക്കാതെ, കമന്റ് ഹിസ്റ്ററി കൂട്ടുന്ന ഒരു വിരുതന്റെ പണി….)
” ആശംസകൾ”(മറ്റൊരു വിരുതൻ. സമാന ചിന്തകൻ.)
വേറൊന്നിങ്ങനെ:
“പിള്ളച്ചേട്ടൻ മരിച്ചു പോയിരുന്നെന്നാണ് ഞാൻ കരുതിയിരുന്നത്.ദീർഘായുസ്സ് കിട്ടിയ ആ മനുഷ്യന് എല്ലാ ആശംസകളും..”
മറ്റൊന്നിങ്ങനെ:
” രംഗ ബോധമില്ലാത്തകോമാളി!!! “
(കോമാളിയാരെന്ന് കണ്ടെത്തുവാൻ, നിരീക്ഷകർക്ക്
മൂന്ന് ആശ്ചര്യചിഹ്നവും”!)

ദിവാകരേട്ടൻ നല്ലൊരു ഗായകനായിരുന്നെന്ന് ശാന്തിനിയെന്ന ഐ ഡിയിൽ നിന്നും.
അതിനൊരു മറുപടിയിങ്ങനെ:
ദിവാകരണ്ണനെയെനിക്കടുത്തറിയാം. പാട്ടുകേട്ടാൽ റേഡിയോ പോലും തല്ലിപ്പൊളിക്കുന്നയാളായിരുന്നു , അദ്ദേഹം. ഒരു പക്ഷേ, ജീവിതത്തിൽ പാട്ടിനെ മാത്രമായിരിക്കും അണ്ണന് ഇഷ്ടമില്ലാതിരുന്നത്….”
(പത്തുപതിനഞ്ച് ലൈക്
ആ കമന്റിന് കിട്ടി)
അതിന് മറുപടിയായി ഒരു ഗാനഭൂഷണം ചന്ദ്ര സുഭഗൻ ഇങ്ങനെ എഴുതിയിരിക്കുന്നു :
” സംഗീതം മഹാ സാഗരമാണ്.
അത് ഗർഭസ്ഥ ശിശു മുതൽ
കാട്ടുപോത്തിൽ വരെ സന്നിവേശിക്കപ്പെടാം. ശ്രീ ദിവാകരനിൽ സംഗീതമില്ലായിരുന്നുവെന്ന് എങ്ങനെ തീർപ്പാക്കാൻ പറ്റും ?”
തുരുതുരെ സ്നേഹ വാക്കുകൾ,പൂവ്, റീത്ത് , കണ്ണീർ, തുടങ്ങി വാവിട്ട് കരച്ചിൽ വരെയുള്ള
ഇമോജികളുടെ പ്രവാഹം…..
വാവുബലിയുടെ വരെ ചിത്ര സൂചിക.
പെട്ടെന്നൊരു ഇമോജി.
തുടിക്കുന്ന ഹൃദയം.
പൊടുന്നനെ പദ്മിനി, ഐ ഡി ഹെഡിൽ
ഒരക്ഷരതുടിപ്പ് കണ്ടു
Someone is writing a comment…….
കമന്റ്റ് താഴെ ഊർന്നു വീണു.
” അച്ഛൻ മരിച്ച വാർത്ത, ചേട്ടൻ വിളിച്ചു പറഞ്ഞ് ഞാനറിഞ്ഞിരുന്നു. അടക്കത്തിന് മുൻപ് ,ഞാൻ , അവിടെയെത്തും.
ഞാനിപ്പോൾ , തൊണ്ണൂറ്റിരണ്ട് എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മ(ചെല്ലക്കിളി 92) യിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ഉച്ചഭക്ഷണത്തിനായി പിരിയും മുൻപ് അച്ഛനായി ഒരനുശോചന പ്രമേയം പാസ്സാക്കാമെന്ന് അഡ്മിൻ സമ്മതിച്ചിട്ടുണ്ട്. അതു കൂടി വാട്സാപ് ഗ്രൂപ്പുകളിലും ,എഫ് ബിയിലും പോസ്റ്റ് ചെയ്തിട്ടു ഞാനങ്ങെത്താം.
അച്ഛാ സ്മരണാഞ്ജലി ……”

മരിച്ചു പോയ ദിവാകരന്റെയും
മരിക്കാത്ത പദ്മിനിയുടെയും
ഇളയ മകന്റെ കുറിപ്പടിയായിരുന്നത്.
ദൂരെ ദേശത്തുള്ള മൂത്ത മകന്റെ
ഒരു വരി കമന്റ് താഴെ:
” അച്ഛൻ ജീവിതത്തിൽ നിന്ന്
Left ആയതിൽ എനിക്കുമുണ്ടച്ഛാ
വിഷമം………..”
വര : മധുസൂദനൻ അപ്പുറത്ത്
കവർ : ജ്യോതിസ് പരവൂർ