പൂമുഖം LITERATUREവായന രാമരാജ്യത്തിലെ സീതായനങ്ങൾ

രാമരാജ്യത്തിലെ സീതായനങ്ങൾ

‘മനുഷ്യകുലം മാറ്റങ്ങളിലൂടെ ഇനിയും മുന്നേറും, മുന്നേറണം. കാരണം മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ’. ഉമ അഭിലാഷ് തൻ്റെ”രാമരാജ്യത്തെ സീതായനങ്ങൾ” എന്ന പുസ്തകം സംഗ്രഹിക്കുന്നത് ഈ വാചകത്തിലാണ്.

മദ്ധ്യ ആഫ്രിക്കയിൽ നിന്നും മനുഷ്യ പ്രയാണം ആരംഭിച്ചത് ഏകദേശം എൺപതിനായിരം വർഷങ്ങൾക്ക് മുമ്പായിരുന്നു. The first major migration into the Indian subcontinent is believed to have occurred around 70,000 to 50,000 years ago when modern humans, Homo sapiens, began spreading out of Africa. These early humans are thought to have travelled through the Arabian Peninsula and arrived in India.(Chat GPT3.5)തുടർന്നു കൊണ്ടിരിക്കുന്ന ഈ പ്രയാണം മാനവസമൂഹത്തിൻ്റെ സാംസ്കാരികമായ മുന്നേറ്റം കൂടിയാണ്. എങ്കിൽ എന്തു കൊണ്ട് ഇന്ത്യയിൽ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ സാംസ്കാരിക മുന്നേറ്റം നിശ്ചലമായി? ഇതിന് ഉത്തരം അന്വേഷിക്കുകയാണ് ഉമ അഭിലാഷിൻ്റെ രണ്ടാമത്തെ പുസ്തകമായ “രാമരാജ്യത്തെ സീതായനങ്ങൾ”. ഇൻഡ്യയിലെ ഭൂരിഭാഗം വരുന്ന ജനവിഭാഗങ്ങളുടെ, വിശേഷിച്ച്‌ സ്ത്രീകളുടെ സാംസ്കാരിക മുന്നേറ്റം നിശ്ചലമാക്കാൻ ഒരു ചെറിയ വിഭാഗത്തിന് കഴിയുന്നുവെങ്കിൽ അതിനെ ഈ സൂക്ഷ്മ വിഭാഗത്തിൻ്റെ ധൈഷണിക മുന്നേറ്റം എന്ന് പറയാമോ?

ഇന്ത്യയിൽ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന സ്ത്രീകളെ കാണാം.ഇതിൽ ഒന്ന് അന്ധവിശ്വാസങ്ങളും അലിഖിത നിയമങ്ങളും തീർത്ത ഇടുങ്ങിയ ലോകത്തു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവരാണ് . ഉമ അഭിലാഷ് തൻ്റെ പുസ്തകത്തിൽ ഇന്നും രാജ്യത്തിന്‍റെ പലഭാഗത്തും പുലരുന്ന നിരവധി അനാചാരങ്ങളിലൂടെ അവരുടെ ജീവിതാവസ്ഥകളുടെ ചുരുളഴിക്കുകയാണ്. സമ്പന്ന വിഭാഗത്തിൻ്റെ സദ്യകളിൽ എത്തിച്ചേർന്നു എച്ചിൽ മാത്രം കൂലിയായി മേടിച്ചു പാത്രങ്ങൾ മെഴുകുന്നതുൾപ്പെടെ പരിസരം മുഴുവനും വൃത്തിയാക്കുന്ന ദളിത് വിഭാഗത്തിൻ്റെ ദുരവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന മുഖവുരയോടെയാണ് വർത്തമാനകാലഭാരതത്തിലെ സ്ത്രീകളുടെ നികൃഷ്ടാവസ്ഥയിലേക്ക് ഗ്രന്ഥകർത്രി വായനക്കാരെ നയിക്കുന്നത്.

ഈ ഒരന്തരീക്ഷം എങ്ങനെ സൃഷ്ടിക്കപ്പെടുകയും നൂറ്റാണ്ടുകളിലൂടെ നിലനിർത്തുകയും ചെയ്തു എന്ന അന്വേഷണം ഹിന്ദു സമൂഹങ്ങളിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള, സർവ്വംസഹയാകേണ്ടുന്ന സീതാ സങ്കല്പത്തെക്കുറിച്ചുള്ള നിരീക്ഷണത്തിൽ എത്തുന്നു. ഒന്നാം അധ്യായത്തിൽ സീതയുടെ സഹനം ഉദാഹരിച്ച് എങ്ങിനെയാണ് കാലാകാലങ്ങളായി സമൂഹം സ്ത്രീകളുടെ വികാര വിചാരങ്ങളെ തളച്ചിടുന്നതെന്നും അതിലൂന്നിയ ആചാരങ്ങൾ സൃഷ്ടിച്ചു സ്ത്രീകളുടെ അടിമത്തം ഊട്ടി ഉറപ്പിക്കുന്നതെന്നും കാണിച്ചു തരുന്നു. ഒരു പുരുഷന് ഒരിക്കലും ഗോചരമാകാത്ത ഉള്ളുലയുന്ന കാഴ്ചകൾ ഈ അദ്ധ്യായത്തിൽ കാണാം. 7000 വർഷം മുൻപുള്ള ഇതിഹാസ സാഹചര്യം ഇപ്പോഴും ഒരു പക്ഷേ അതിനേക്കാൾ ഭീകരമായി നിലനിൽക്കുന്നു.

“സീതയെ രാവണൻ അപഹരിച്ചു കൊണ്ട് പോയപ്പോൾ സീത വനത്തിൽ എറിഞ്ഞ ആഭരണങ്ങളിൽ കാലിൽ അണിയുന്ന ആഭരണങ്ങൾ മാത്രമേ ലക്ഷ്മണൻ തിരിച്ചറിയുന്നുള്ളൂ. കാരണം ലക്ഷ്മണൻ സീതയുടെ കാലുകൾ മാത്രമേ കണ്ടിട്ടുള്ളൂ. ഇത് കേൾക്കുമ്പോൾ അതൊക്കെ കഥയിൽ അല്ലേയെന്ന് തോന്നുമെങ്കിലും ഇന്നും ജീവിച്ചിരിക്കുന്നവരും ഈ ചിട്ടകൾ പാലിക്കുന്നത് കാണാൻ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചെന്നാൽ മാത്രം മതി. അവിടെ നിങ്ങൾക്ക് മുഖം മാത്രം പുതച്ചു പുറത്തിറങ്ങുന്ന സ്ത്രീകളെ കാണാം. അവർക്കൊരിക്കലും ഭർത്താവിൻ്റെ അനിയന്‍റെ കൈയിൽ അറിയാതെപോലും തൊടാൻ പാടില്ല. ഭർത്താവിൻ്റെ സഹോദരന്മാരോ അച്ഛനോ ഉള്ളപ്പോൾ വീട്ടിനുള്ളിൽ നിന്ന് പുറത്തുവരാനോ ശബ്ദമുണ്ടാക്കാനോ കഴിയില്ല.വീട്ടിൽ വന്ന ബന്ധുക്കൾ പോകുന്നതുവരെ അടുക്കളയിൽ മാത്രം നിൽക്കുന്ന സ്ത്രീകൾ ഇന്നും നമ്മുടെ ഭാരതത്തിൽ അപൂർവ്വമല്ല”.

ആധുനിക കാലത്തു രാജ്യത്തെ കോടതി ഒരു വിധിയിലൂടെ ഇതിനെ നീതിവൽക്കരിക്കുകയുണ്ടായി! 2012 മാർച്ചിൽ വന്ന ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു, “വിവാഹിതയായ ഒരു സ്ത്രീ സീതാദേവിയെപ്പോലെയാവണം. സീത ചെയ്തതുപോലെ തന്‍റെ ഭർത്താവിനെ പരിസേവിക്കുന്നതിനായി എല്ലാം അവർ ത്യജിക്കണം. അതാണ് കരണീയം. “പോർട്ട് ബ്ലയറിൽ ജോലികിട്ടിയ ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച സ്ത്രീ കക്ഷിയായ ഒരു വിവാഹമോചന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം. (https://www.hindustantimes.com/…/story….)

ഗ്രന്ഥകർത്രി

ജാർഖണ്ഡിൽ ഒരു വിഭാഗം മനുഷ്യരിൽ കണ്ടുവരുന്ന അനാചാരം ഇപ്രകാരമാണ്. പെൺകുട്ടി വിവാഹത്തിന്‍റെ അന്നും തലേദിവസവും വ്രതമെടുക്കണം വെള്ളവും പഴങ്ങളും മാത്രം കഴിക്കാം. രണ്ടുദിവസത്തെ ഉപവാസം കൊണ്ട് തളർന്ന പെൺകുട്ടി വിവാഹശേഷം വിവാഹത്തിന് ഭർത്താവിന്‍റെ വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ മുഴുവൻ കഴുകി വൃത്തിയാക്കിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. ജീവിതത്തിന്‍റെ പകുതിയും ഭർത്താവിന്‍റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി വ്രതങ്ങളും ആചാരങ്ങളും പാലിക്കേണ്ടവരാണ് ഇവിടത്തെ സ്ത്രീകൾ. ഇന്ത്യയുടെ വികസ്വരഗ്രാമങ്ങളിലെ അവസ്ഥ ഇതാണെങ്കിൽ വെട്ടവും വെളിച്ചവുമെത്താത്ത ഉൾഗ്രാമങ്ങളിലെ സ്ത്രീജീവിതങ്ങൾ എത്ര ദാരുണമായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

രണ്ടാമത്തെ അധ്യായത്തിൽ ബീഹാർ ഝാർഖണ്ഡ്,ഉത്തർപ്രദേശ്,നേപ്പാൾ എന്നിവിടങ്ങളിൽ ആചരിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന ഛട്ട് പൂജയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇതും രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിട്ടുള്ളതാണ്. കുടുംബത്തിൻ്റെ ഐശ്വര്യത്തിനായി സ്ത്രീമാത്രം അനുഷ്ഠിക്കേണ്ട ഉപവാസമടക്കമുള്ള ഒരു പൂജ. മൂന്നു ദിവസങ്ങളിലായി സ്ത്രീ ഉപവാസവും പൂജയുമായി അനുഷ്ഠിക്കേണ്ട മറ്റൊരു പൂജയാണ് ജിതിയ. ഈ രണ്ടു പൂജകളും സീതയുമായി ബന്ധപ്പെടുത്തിയാണ് ആചരിക്കുന്നത്. ആചാരങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്ന ഒട്ടേറെ പൂജകളെക്കുറിച്ച് ഗ്രന്ഥകർത്രി പരാമർശിക്കുന്നുണ്ട്.

“ഭർത്താവിൻ്റെയും മക്കളുടെയും ആയുസ്സിന് വേണ്ടി സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തി, ആയുസ്സ് പകുതിയായി കുറഞ്ഞു ഒടുങ്ങുന്നവരാണ് ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകൾ. മുഖം മറയ്ക്കാതെ പുറത്ത് പോകാൻ കഴിയാത്തവർ, സിന്ദൂരവം വളയും ധരിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കാൻ സാധിക്കുന്നവർ. സ്വന്തമായി ജീവിതത്തിൽ ഒന്നുമില്ലാത്തവർ. അവരെ നിരീക്ഷിക്കുമ്പോഴേ നിർദ്ദോഷമെന്നു പറയപ്പെടുന്ന ആചാരങ്ങൾ പോലും എത്രമാത്രം മനുഷ്യവിരുദ്ധമാണെന്ന് മനസ്സിലാവുകയുള്ളൂ.” ബാലികാ വിവാഹത്തിലെ പെൺകുട്ടികൾ അനുഭവിക്കുന്ന ദുരന്തം കൃഷ്ണ,ഗൗരി തുടങ്ങിയ പെൺകുട്ടികളുടെ ദുരിതാനുഭവത്തിലൂടെ വിവരിക്കുന്നുണ്ട് ഈ അദ്ധ്യായത്തിൽ.

മൂന്നാം അദ്ധ്യായത്തിൽ,ബീഹാറിലെ കാഴ്ചകളാണ്. അവിടെയുള്ളവർ ബീഹാർ സീതയുടെ ജന്മനാടാണ് എന്നു വിശ്വസിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണ്. സീതയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ആചരിച്ചു പോരുന്ന സ്ത്രീവിരുദ്ധമായ ആചാരങ്ങളും ധാരാളം. ഇവിടത്തെ ലോക പ്രശസ്തമായ മിഥില ചിത്രകല രാമായണത്തിനോട് ബന്ധപ്പെട്ടിരിക്കുന്നത് യഥാർത്ഥ ജീവിതത്തിലേക്ക് പുരാണേതിഹാസങ്ങൾ സന്നിവേശിപ്പിക്കുന്നതു എളുപ്പമാക്കി. 7000 വർഷം പഴക്കമുള്ള പുരാണ കഥാപാത്രങ്ങളുടെയും ആചാരങ്ങളുടെയും പിൻ ബലത്തിൽ എങ്ങിനെയാണ് നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിലും സ്ത്രീയെ ശാരീരികവും മാനസികവുമായി മാത്രമല്ല ലൈംഗികമായും അടിമപ്പെടുത്തി വെച്ചിരിക്കുന്നുതു എന്ന് വിശദീകരിക്കുകയാണ് ഈ അധ്യായത്തിൽ. സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിർവ്വചിക്കപ്പെട്ടിട്ടുള്ള ആധുനിക യുഗത്തിൽ ലൈംഗിക തൊഴിലാളിയേക്കാൾ മോശമായി ഭാര്യയെ ഉപയോഗിക്കുന്നു.

ഇത്തരം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്നിൽ എല്ലാ കാലത്തും പുരുഷന്‍റെ താല്പര്യങ്ങളാണ്. പുരുഷാധിപത്യത്തിൻ്റെ കുടില തന്ത്രങ്ങളെ പുസ്തകം ഇങ്ങനെ തുറന്നു കാട്ടുന്നു.

“പതിവ്രതയ്ക്ക് കിട്ടുന്ന സ്വർഗ്ഗവും ദേവപ്രീതിയും ഇതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും നിറഞ്ഞുനിൽക്കുന്നു ആ കഥകളിൽ എല്ലാം സ്ത്രീകളായിരിക്കും നായിക. ഏതെങ്കിലും ഒരു പുരുഷ കഥാപാത്രം അഗ്നിപരീക്ഷ നടത്തിയതായോ ഭാര്യയെ ചുമന്ന് ജാരന്‍റെ അടുത്തേക്ക് കൊണ്ടുപോയതായോ ഉള്ള കഥകൾ പേരിനു പോലും കാണാൻ കിട്ടില്ല ഇതിഹാസങ്ങളിൽ. ഈ കാലത്തും “റെഡി റ്റു വെയിറ്റ്” മുദ്രാവാക്യക്കാരായ സ്ത്രീകൾക്ക് ഇതിലെ രാഷ്ട്രീയം മനസ്സിലാകാറില്ല. സ്ത്രീ പീഡനങ്ങളും സ്ത്രീവിരുദ്ധതയും ന്യായീകരിക്കും വിധം അന്ധവിശ്വാസങ്ങളും കഥകളും പഴഞ്ചൊല്ലുകളും ഒക്കെ വരും തലമുറകളിലേക്ക് കൈമാറാനാണ് എക്കാലത്തും പുരുഷന്‍റെ ശ്രമം.

സ്ത്രീകളെപ്പോലെ ജാതിശ്രേണിയിൽ താഴ്ന്നവരും ബ്രാഹ്മണരുടെ അടിച്ചമർത്തലിനു വിധേയരാവുന്നതും അത് ആഘോഷിക്കപ്പെടുന്നതും ആണ് മറ്റൊരു വശം. ബീഹാറിലെ ഗയയിലുള്ള വിഷ്ണുപദ് ക്ഷേത്രത്തിൻ്റെ പിന്നിലുള്ള ഐതിഹ്യത്തിന് (നാലാം അദ്ധ്യായം) ഓണത്തിന് പിന്നിലുള്ള ഐതിഹ്യവുമായി സാദൃശ്യമുണ്ട്. കേരളത്തെ തുല്യതയും ഐശ്വര്യവും നിറഞ്ഞ ഒരു രാജ്യമാക്കി മാറ്റിയ അസുര രാജാവ് മഹാബലിയെ പാതാളത്തിൽ ചവിട്ടി താഴ്ത്തിയ കഥ പോലെ ഇവിടെ വിഷ്ണു ഗയാസുരനെ പാതാളത്തിൽ അടക്കി എന്നാണ് ഐതിഹ്യം. തന്നെ കാണാൻ വരുന്നവർക്കെല്ലാം സ്വർഗ്ഗസൗഭാഗ്യം ലഭിക്കും എന്ന് വരം നേടിയ കഥാപാത്രമാണ് ഗയാസുരൻ. ഇതിന് അടിസ്ഥാനമായി വർത്തിക്കുന്നത് ഗീതയിലെ ചില ഭാഗങ്ങളാണ്.

ഡി. ഡി. കൊസാമ്പി ഈ വിഷയത്തെ കുറിച്ച് നടത്തിയ നിരീക്ഷണം താഴെ ഉദ്ധരിക്കുന്നു. “ഉപരിവർഗത്തിനുവേണ്ടി ബ്രാഹ്മണർ ചൊല്ലിയതാണ് ഭഗവത്ഗീതയെന്നും അവരിലൂടെ മാത്രമേ അത് മറ്റുള്ളവരിലെത്താൻ ഉദ്ദേശിച്ചിട്ടുള്ളുവെന്നും വ്യക്തമാണ്. ഗീതയുടെ ടെക്സ്റ്റി ൽ തന്നെ അതുണ്ട്. കൃഷ്ണന്‍റെ വാക്കുകളായി ഭക്തരും വായനക്കാരും ശ്രോതാക്കളും ഇത് കേൾക്കുന്നു

(ഗീത 9.32). “അല്ലയോ പാർത്ഥ, നികൃഷ്ടമായ ജന്മമുളളവരായി ആർ ഭവിക്കുന്നുവോ, അതായത് സ്ത്രീകൾ, വൈശ്യന്മാർ, ശൂദ്രർ തുടങ്ങിയവർ, അവരും എന്നെ ശരണം പ്രാപിച്ച് പരമമായ ഗതിയെ പ്രാപിക്കുന്നു. അതായത് അദ്ധ്വാനിക്കുന്ന വർഗ്ഗത്തിൽപ്പെട്ട മുഴുവൻ സ്ത്രീപുരുഷന്മാരും ജന്മനാ അശുദ്ധരാണെങ്കിലും, ഈ ജന്മത്തിൽ അവരെ ഇവ്വിധം ഇകഴ്ത്തിയ ദൈവത്തിൽ വിശ്വസിച്ചാൽ അവർക്കും ജീവിതാനന്തരം മുക്തി നേടാം”. ഇതുമാത്രമല്ല, ദൈവം തന്നെയാണ് ഈ വ്യത്യാസങ്ങൾ സൃഷ്ടിച്ചതെന്നും പറയുന്നുണ്ട്.

(ഗീത 4.13) “ഈ നാലുജാതി (വർഗം) വിഭജനം ഞാൻ സൃഷ്ടി ച്ചതാണ്’ ഭഗവാന്‍റെ വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഇത് പ്രഖ്യാപിക്കപ്പെടുന്നത്.”

സാമൂഹ്യ പുരോഗതിയിൽ കേരളവും അത്ര മുന്നേറിയിട്ടില്ല എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതു സ്ഥാപനങ്ങളിൽ പോലും ഉള്ള ജാതിവിവേചനം യുവാക്കൾ ആഗോളപൗരന്മാരാവുന്ന കാലത്തെ ദുരഭിമാനക്കൊലകൾ, ആദിവാസിയായ മധുവിൻ്റെ കൊലപാതകം എന്നിവ ഒരിക്കലും മായാത്ത കറകളാണ്. ജാതിയും വർണവും എത്രത്തോളം കേരളത്തിലും ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്ന് ഉദാഹരണ സഹിതം പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മെ ഞെട്ടിപ്പിക്കുന്ന, തരിപ്പിക്കുന്ന ഒട്ടേറെ നേരിട്ടുള്ള അനുഭവങ്ങൾ ഉമ അഭിലാഷ് വിവരിക്കുന്നു.

അംബേദ്ക്കർ, ഫാസിസത്തിൻ്റെ എല്ലാ മുനകളും ഒടിച്ച് തുല്യതയിലേക്കുള്ള മുന്നേറ്റത്തിന് തുടക്കമിട്ടിരുന്നു. പക്ഷേ അതിൻ്റെ ലാഞ്ചന ഒട്ടും തന്നെ ഗ്രാമങ്ങളിൽ എത്തിപ്പെട്ടില്ല എന്ന് ഈ കൃതി നമ്മോട് പറയുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു പ്രസ്ഥാനങ്ങൾ,ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും സ്വാധീനമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഗാന്ധിയൻ പ്രസ്ഥാനവും എന്തു താത്പര്യങ്ങൾ നില നിർത്താനാണ് പ്രവർത്തിച്ചത് എന്ന ഒരു സംശയം ഉയരുന്നു. അത്രത്തോളം തന്നെ പ്രവർത്തന കാലം പിന്നിട്ട ആർ എസ് എസ് ഈ വ്യവസ്ഥിതി നിലനിർത്തുന്നതിൽ വഹിച്ച പങ്കും വിലയിരുത്തപ്പെടേണ്ടതാണ്.

മറുവശത്തു,പൊതുമണ്ഡലത്തിൽ മാനവരാശിയെ മുന്നോട്ട് നയിക്കുന്ന സ്ത്രീകളെയും നമുക്ക് കാണാം. എന്തുകൊണ്ട് ഈ സ്ത്രീകൾ വിരുദ്ധ ധ്രുവങ്ങളിൽ ജീവിക്കുന്നു എന്ന അന്വേഷണത്തിലേയ്ക്കാണ് ഈ പുസ്തകം നമ്മെ കൊണ്ടെത്തിക്കുന്നത് . മേധാ പാട് കർ, അരുണ റോയ്, ഇറോം ശർമിള, ഗൗരി ലങ്കേഷ് , പാർലമെൻ്റിൽ മൃഗീയ ഭൂരിപക്ഷമുള്ള ഭരണ പക്ഷത്തെ ശക്തിയുക്തം നേരിടുന്ന മഹുവാ മോയിത്ര വരെയുള്ള നിരവധി സമീപകാല ഉദാഹരണങ്ങൾ കടന്ന് ഇന്ത്യൻ ഗ്രാമീണ സ്ത്രീ ജീവിതത്തിൽ വിപ്ലവകരമായ പരിവർത്തനം കൊണ്ടുവന്ന കുടുംബശ്രീയെ കുറിച്ചു ചർച്ച ചെയ്യുകയാണ്. ഉമ അഭിലാഷ് കുടുംബശ്രീയിലെ സമർപ്പിതമായ പ്രവർത്തനത്തിലൂടെ ഝാർഖണ്ഡ്, മിസോറാം, മേഘാലയ എന്നിവിടങ്ങളിൽ മെൻ്റ്റർ എന്ന നിലയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട വനിതയാണ്. അവരുടെ ഒന്നാമത്തെ പുസ്തകം “പെണ്ണുങ്ങൾ അടയാളപ്പെടുത്തിയ ഭൂപടങ്ങൾ” ആണ്. അവരും മറ്റു 15 NRO (National Resource Organisation – കുടുംബശ്രീ) മെൻ്റർമാരും ചേർന്ന് ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതമയമായ ജീവിതത്തിൽ ഇടപെടുന്നു. ആ പ്രവർത്തനം അടയാളപ്പെടുത്തുന്ന ഒരു കൃതിയാണിത്. പൊള്ളിക്കുന്ന, അടുത്തകാലത്തൊന്നും അണയാൻ സാധ്യതയില്ലാത്ത കനലുകളായി എരിയുന്ന ഒട്ടേറെ ചോദ്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്.

കുടുംബശ്രീയും ദൂരദർശനും ചേർന്ന് അവതരിപ്പിച്ച ‘ഇനി ഞങ്ങൾ പറയാം’ എന്ന നൂറ് എപ്പിസോഡുകളുള്ള റിയാലിറ്റി ഷോയിലൂടെയാണ് ഉമ അഭിലാഷിൻ്റെ പുസ്തകങ്ങളിലേക്ക് ഞാൻ എത്തിച്ചേരുന്നത്. കുടുംബശ്രീയിലൂടെ കേരളത്തിലെ 45 ലക്ഷം സ്ത്രീകൾ നടത്തുന്ന മുന്നേറ്റമായിരുന്നു പരിപാടിയുടെ വിഷയം. ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പ്രസ്ഥാനം എന്ന നിലയിൽ നിന്നും കേരളത്തിൻ്റെ നിയമ നിർമ്മാണത്തിലും ബജറ്റിലും സ്വാധീനം ചെലുത്താൻ പോന്ന, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന മോഡലുകൾ സൃഷ്ടിച്ചു സാമ്പത്തികശാസ്ത്രം, സമാധാനം തുടങ്ങിയമേഖലകളിൽ നോബൽ പ്രൈസുകൾ നേടാൻ അർഹത നേടുന്ന തരത്തിലുള്ള ശേഷിയും ശേമൂഷിയുമുള്ള ഒരു പ്രസ്ഥാനമായി മാറിയതിന്‍റെ, ആവേശം പകരുന്ന ആവിഷ്‌കാരമായിരുന്നു “ഇനി ഞങൾ പറയാം”.

നാല് അദ്ധ്യായങ്ങളിലായി 68 പേജുകൾ ഉള്ള ഈ പുസ്തകത്തിൽ വിവേചനങ്ങളും, അസമത്വവും, അടിച്ചമർത്തലും, നീറുന്ന മനസ്സുകളുടെ വിങ്ങലുകളും, ദൈന്യതയും നിറഞ്ഞിരിക്കുന്നു. പൊതുസമൂഹത്തെയും രാഷ്ട്രീയപ്പാർട്ടികളെയും സാമൂഹ്യപ്രവർത്തകരെയും ഉദ്യോഗസ്ഥരേയും പ്രതിക്കൂട്ടിൽ നിർത്തുന്ന ധാരാളം ചോദ്യങ്ങൾ ഇതുയർത്തുന്നുണ്ട്. ‘ദൃശ്യതയിൽ അദൃശ്യരാകുന്നവരെക്കുറിച്ച്’ എന്ന ശ്രീ എൻ. ജഗജീവൻ്റെ ആമുഖം, കടുംബശ്രീയുടെ വളർച്ചയിലൂടെയുള്ള ഒരോട്ടപ്രദക്ഷിണമാണ്.

കൂട്ടിചേർക്കൽ എന്ന അവസാന കുറിപ്പിൽ അമർത്യാസെന്നിൻ്റെ “More than hundred millions were missing” എന്ന ലേഖനത്തെ തൻ്റെ ഉത്തരേന്ത്യൻ അനുഭവങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്നുണ്ട് ഉമാ അഭിലാഷ് . എന്തിന് താൻ ഈ കുറിപ്പുകൾ എഴുതി എന്ന് സ്വയം ചോദിക്കുന്ന അവർ കണ്ടെത്തുന്ന ഉത്തരം ഇതാണ്. “വിജയത്തിന് വേണ്ടിയുള്ള സമരമല്ല ഇത്, മറിച്ച് പരാജയപ്പെടാതിരിക്കാനുള്ള ശ്രമമാണ്” സത്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഒരു പെൺമനസ്സിൻ്റെ അടങ്ങാത്ത അഭിനിവേശം ഈ പുസ്തകത്തിൽ നിന്നു അനുഭവിച്ചറിയാം. സ്ത്രീയുടെ അറിവും ബുദ്ധിയും അംഗീകരിച്ചു അവരെ തുല്യരായി കാണുന്ന ഇന്ത്യയിൽ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന പുസ്തകം ഊന്നിപ്പറയുന്നു.

കവര്‍: ജ്യോതിസ് പരവൂര്‍

Comments
Print Friendly, PDF & Email

You may also like