പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 7 – രാജാവും അടിമയും

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 7 – രാജാവും അടിമയും

“വരിക വരിക സഖികളേ
വിളവെടുപ്പു സമയമായി…. “
താഴ്‌ വരയിലെ തോട്ടത്തിലേക്ക് നടക്കുമ്പോൾ ദാസിമാർ പാടി. മുന്തിരി വിളയുമ്പോഴാണ് അർഗോബ് താഴ്‌വരയിലെ സ്ത്രീകളൂടെ കൈകളും മുഖവും മനസ്സും ചുവന്നു തുടുക്കുക.
ദാഹമകറ്റാൻ കൽഭരണിയുടെ വക്കു വരെ കുടിവെള്ളം…
ഭക്ഷിക്കാനായി കുട്ടകൾ നിറയെ അപ്പങ്ങൾ….
പാത്രങ്ങളിൽ മലർ….
കേൾക്കാൻ കിന്നരനാദങ്ങൾ…..
മുന്തിരിക്കുലകൾ ചുമക്കുന്ന ദാസികളോട് മേൽനോട്ടക്കാരൻ പറഞ്ഞു.
“ഇതാ ,തുത് മോസ റാണി വരുന്നു.”
അവർ റാണിയെയും പരിവാരത്തെയും വരവേറ്റു.
“ശലമോൻ രാജാവ് വിജയിക്കട്ടെ “
റാണി പറഞ്ഞു.
“രാജാവ് നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.”
മുന്തിരിക്കുലകൾ കത്രിക്കാൻ തുടങ്ങിയിരുന്നു. വിളവെടുപ്പിനായി മാതാവിനെ രാജകുമാരി ക്ഷണിച്ചു. പക്ഷേ റാണി മടിച്ചു. ദിനങ്ങൾ കഴിഞ്ഞിട്ടും പ്രവാചികയെ മറക്കാനായില്ല. അവർ ഗോപുരത്തിലേക്ക് നടന്നു.
തോഴി തോട്ടത്തിലേക്ക് ഇറങ്ങി…സ്വർണ്ണക്കുലകൾ അടർത്താൻ അവൾക്ക് ഒരു മോഹം തോന്നിയിരുന്നു.

റാണി ഗോപുരത്തിൽ കയറി. തോട്ടത്തിലെ വിളവെടുപ്പു നോക്കി അല്പനേരം നിന്നു.. ഒരിടത്ത് മുന്തിരിക്കുലകൾ കത്രിച്ചെടുക്കുന്നു. സ്ത്രീകൾ അവ ചുമക്കുന്നു. പാറയിൽ വെട്ടിയ കുഴിയിൽ നാലഞ്ചു പുരുഷൻമാർ നിന്നിരുന്നു. അവരുടെ കണ്ണുകൾ ചുവന്നിരുന്നു. പാദങ്ങൾക്കടിയിൽ മുന്തിരിക്കുലകൾ ഞെരിഞ്ഞമർന്നു.
കല്ലു പാത്തിയിലൂടെ നിണം ഒഴുകി…കല്ലു ഭരണിയിൽ ചാർ നിറഞ്ഞു.
അവർക്ക് മടുപ്പ് തോന്നി
തുത് മോസ കണ്ണുകൾ ഉയർത്തി.
ദൂരെ വെള്ളക്കച്ച വിരിച്ച ഹെർമോൻ മലനിരകൾ. താഴെ വിജനമായ മരുപ്പാത. ആ പാതയിൽ ആരോ ചുവന്ന പട്ടു വിരിച്ചിരിക്കുന്നു. പാതയുടെ അറ്റത്ത് ചെറിയ ധൂമപടലം ദൃശ്യമായി. ക്രമേണ അതു വളർന്നു വലുതായി ആകാശത്തെ മറച്ചു. താഴ്‌ വരയിൽ കാറ്റ് ആഞ്ഞ് വീശി.
മലകളിലും തോട്ടത്തിലും പൊടി പറന്നു.ആ പൊടിയിൽ അവ്യക്തമായ ഒരു രൂപം ദൃശ്യമായി.
റാണി അമ്പരന്നു.
പൊടിമറയിൽ നിന്ന് ആ രൂപം പ്രത്യക്ഷനായി. അസ്മേദേവൂസ് റാണിയെ വണങ്ങി.
“റാണിക്ക് ഒരു സന്തോഷ വാർത്ത “
അവർ ആരാഞ്ഞു.
“എന്താണ് ?”
അവൻ പറഞ്ഞു.
“അവിടുത്തെ ശത്രുവായ നാതാൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു.”
റാണി പറഞ്ഞു.
” വെറുതെ ഭംഗിവാക്ക് പറയരുത്. രാജാവിൻ്റെ അടിമയല്ലേ?”
അയാൾ ചിരിച്ചു.
” ഞാനല്ല അടിമ , ഇപ്പോൾ രാജാവാണ് അടിമ !”
അവർക്ക് വിശ്വാസം വന്നില്ല.
“ഇതെങ്ങിനെ സംഭവിച്ചു?”
അയാൾ പറഞ്ഞു.
“നീലരത്നത്തിൻ്റെ ശാപം “
ബാബിലോണിയിലെ യക്ഷിയുടെ വലയിൽ കുടുങ്ങി ശലമോൻ അടിമയായെന്ന് വിശ്വസിക്കാൻ റാണി വിസമ്മതിച്ചു.
അസ് മേദേവൂസ് കരം വീശി.
അനന്തമായ മണൽപ്പരപ്പിൽ ഒരു അടിമത്താവളം ദൃശ്യമായി. ബാബിലോണിലെ മണലിൽ ശലമോൻ മയങ്ങികിടക്കുന്നു. താടിയും മുടിയും ക്ഷൗരം ചെയ്തിരിക്കുന്നു. തോളിൽ ചാപ്പ കുത്തിയിട്ടുണ്ട്. നാണം മറയ്ക്കാൻ അരയിൽ കഷ്ടിച്ച് ഒരു തുണ്ട് തുണി മാത്രം. ഒന്നനങ്ങിയപ്പോൾ കാൽചങ്ങല കലമ്പി. കാറ്റിൽ ഒരു കലമ്പൽ നാദം റാണി കേട്ടു.
അവർ നടുങ്ങി.
ഒരിക്കൽ ഉച്ചപഷ്ണി കിടന്ന രാജാവിനെ അവൾക്ക് ഓർമ്മ വന്നു. പ്രവാചക ഗണം ഒന്നടങ്കം രാജാവിനെ ശപിച്ചു. ശലമോൻ്റെ കഥ കഴിക്കാമെന്ന് അവർ വിചാരിച്ചു. എന്നാൽ അവർക്ക് തെറ്റി. രാജാവിനെ രക്ഷിക്കാൻ പ്രവാചിക ഉണ്ടായിരുന്നു. അവൾ ഒരു ദാസനെ സമ്മാനിച്ചു. അവൻ ശത്രുവിനെ തകർത്തു. തന്നെ രക്ഷിച്ച പ്രവാചികയെ രാജാവ് മറന്നില്ല. നല്ല പ്രതിഫലം കൊടുത്തു. ശിരസ്സിൽ തന്നെ … ചുടു നിണം ഒഴുകി !!
ഇനി രാജാവിനെ സഹായിക്കാൻ നമ്മളില്ല… ശലമോനായി അയാളുടെ പാടായി.
തുത് മോസ ചിരിച്ചു.
കത്രിക്കുന്നതിനിടയിൽ ഒരു തുള്ളി മുന്തിരിച്ചാർ തോഴിയുടെ കവിളിൽ തെറിച്ചു വീണു. അസ്മേദേവൂസ് അതു കണ്ടു. ആ തേൻതുളളികൾ ഒന്നു നുകരാൻ, ആ അരുണശോഭ സ്വന്തമാക്കാൻ അയാൾ ആഗ്രഹിച്ചു.
അയാളുടെ മുഖത്തെ അരുണിമ കണ്ട് റാണി പുഞ്ചിരിച്ചു.
“ഇതാ എൻ്റെ സഖി തോട്ടത്തിൽ നിൽക്കുന്നു. അവളെ വിളിച്ചു കൊള്ളുക.. “
അയാൾ ശിരസ്സുനമിച്ചു.
“ഇനി മുതൽ ഞാൻ അവിടുത്തെ അടിമയാണ്.”
അവർ പറഞ്ഞു.
“അല്ല. “
അയാൾ ആകാംക്ഷാഭരിതനായി. അവർ തുടർന്നു.
“ഇന്ന് മുതൽ നീ യിസ്റേഏലിൻ്റെ രാജാവാണ് ….. “
അയാൾ അമ്പരന്നു !
ഒരു പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം തരികയാണോ?
അസ്മേദേവൂസ് ശലമോൻ്റെ രൂപം സ്വീകരിച്ചു. അന്തപ്പുരരഹസ്യങ്ങൾ റാണി അവന്റെ കാതിൽ മന്ത്രിച്ചു. റാണിമാരുടെയും വാല്യക്കാരിയുടെയും ചെല്ലപ്പേരുകളും കൊട്ടാരത്തിലെ അടയാളവാക്യങ്ങളും രഹസ്യ വഴികളും കൽപ്പനകളിലെ മുദ്രയും അയാൾ ഹൃദിസ്ഥമാക്കി.
അവർ നഗരത്തിലേക്ക് പുറപ്പെട്ടു.
കവാടത്തിൽ യുവരാജാവും സേനാനായകനും മന്ത്രിയും കാത്തു നിന്നിരുന്നു. അവർ രാജാവിനെ നമസ്ക്കരിച്ചു. തുത് മോസ ഊറിച്ചിരിച്ചു. അസ്മേദേവൂസിനെ അംഗരക്ഷകനോ പരിചാരകരോ പോലും തിരിച്ചറിഞ്ഞില്ല.
അന്ത: പ്പുരത്തിൽ മഹാറാണി കാത്തുനിന്നിരുന്നു. അവർ ആ തൃക്കരത്തിൽ ചുംബിച്ചപ്പോൾ തോഴിയുടെ മുഖം ആപ്പിൾ പോലെ ചുവന്നു. തുത് മോസ ശലമോനെ ഓർത്തു.
”’പ്രേമം മരണത്തെ പോലെ ശക്തവും ജാരശങ്ക കുഴിമാടത്തെ പോലെ കഠിനവും ആണല്ലോ !!.”
രാജശാസനങ്ങൾ തയ്യാറാക്കുമ്പോഴെല്ലാം മന്ത്രിമാർ ഭയപ്പെട്ടിരുന്നു. ചെറിയ തെറ്റു പോലും ശലമോൻ രാജാവ് ചൂണ്ടിക്കാട്ടും . ഒന്ന് കണ്ണോടിച്ചു നോക്കുക പോലും ചെയ്യാതെ നാവികശാസനം രാജാവ് തുല്യം ചാർത്തിയപ്പോൾ അവർ അമ്പരന്നു.!!
രാജാവ് മന്ദഹസിച്ചു.
രാജസദസ്സിൽ വിദൂഷകന് ഇരിപ്പടം തൽകിയിരുന്നില്ല. സഭ്യമായ കഥകൾ ഒരിക്കലും അയാൾ പറഞ്ഞിരുന്നില്ല…..ആ മനുഷ്യനെ വിളിച്ചുവരുത്തിയപ്പോൾ പണ്ഡിതനായ ഹേമാൻ ഞെട്ടി.
രാജാവ് ആരാഞ്ഞു.
“നീ എവിടെയായിരുന്നു ?”
“രാജാവേ… ,ഞാൻ സീദോനിൽ പോയിരുന്നു.”
“എന്തുണ്ട് , സിദോൻ രാജാവിന് വിശേഷം ?”
“രാജാവ് സുഖമില്ലാതെ കിടക്കുകയാണ്.”
“ങ് ഹേ…,എന്തു പറ്റി?”
“രണ്ടു വയസ്സു കഴിഞ്ഞിട്ടും മുലകുടി നിർത്താത്ത കുട്ടിയെക്കുറിച്ചുള്ള വിഷമം മന്ത്രി എന്നോട് പറഞ്ഞു. എൻ്റെ കഷ്ടകാലത്തിന് ഞാനൊരു മരുന്ന് അങ്ങേർക്ക് പറഞ്ഞു കൊടുത്തു. അയാൾ ആ മരുന്ന് ആരും കാണാതെ ഭാര്യയുടെ മാറിടത്തിൽ പുരട്ടി.”
ഒന്ന് നിർത്തിയിട്ട് വിദൂഷകൻ തുടർന്നു
“അടുത്ത ദിവസം രാവിലെ രാജാവിന് ഒഴിച്ചിലായി.. എന്താ ഇനി ചെയ്യുക…..”
രാജാവ് ചിരിച്ചു.
അസഭ്യകഥകൾ കേട്ട് രാജസദസ്സ് അലറി ചിരിച്ചു.
ജ്ഞാനികളായ ഹേമാനും കൽക്കോലും ദർദ്ദയും ദുഃഖിതരായി.
കൊട്ടാരഗായകരുടെ പാട്ടുകൾ രാജാവിന് ഇഷ്ടപ്പെട്ടില്ല. കൊയ്ത്തു പാട്ടും ആട്ടിൻ രോമം കത്രിക്കുമ്പോൾ പാടുന്ന പാട്ടും കേൾക്കുമ്പൊഴേ ചൊറിച്ചിലാണ്..
ഗായകർ ദു:ഖിതരായി. വിദൂഷകൻ പുഞ്ചിരിച്ചു. ഒരു ചന്തപ്പാട്ടുകാരനെ ക്ഷണിച്ചു വരുത്തി. അയാൾ ആഭാസപ്പാട്ടുകൾ പാടി. രാജാവ് സംപ്രീതനായി. ഒരു പണസ്സഞ്ചി സമ്മാനിച്ചു.
അയാൾ അമ്പരന്നു…
കൊട്ടാരനർത്തകികളുടെ നൃത്തവും രാജാവിന് ഇഷ്ടപ്പെട്ടില്ല. കരചലനങ്ങളും ചുവടുകളും എത്ര ബാലിശമാണ് !!. നർത്തകികൾ തല കുനിച്ചു. .
ചുവന്ന തെരുവിലെ ഒരു നർത്തകിയെ വിദൂഷകൻ വരുത്തി. അവൾ സ്ഫടിക മണ്ഡപത്തിൽ അഴിഞ്ഞാടി.
രാജാവ് ഏറെ സന്തുഷ്ടനായി.
രാജാവിന്റെ രീതികൾ കണ്ടപ്പോൾ വാല്യക്കാരിക്ക് ഓർമ്മ വന്നത് ലാളിച്ചു വഷളാക്കിയ ഒരു ബാലകനെയാണ്…
മാനത്ത് വെള്ളകീറിയപ്പോൾ അടിമത്താവളത്തിൽ ഒന്നാം മണി മുഴങ്ങി. മണലിൽ ഉറങ്ങിയിരുന്ന അടിമകൾ ഉണർന്നു.
ശലമോൻ എഴുന്നേറ്റു.
ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് കിഴവൻ ലോഹ്യം ആരാഞ്ഞു.
“എവിടെയാ വീട്?”
ശലമോൻ പറഞ്ഞു.
“കുറച്ച് വടക്കാണ്.. “
“നിങ്ങളെ കണ്ടാൽ ഒരു നല്ല കുടുംബത്തിൽ ജനിച്ചതാണെന്ന് തോന്നുന്നു.. എങ്ങനെയാണു് ഈ ചെകുത്താൻമാരുടെ കൈയ്യിൽപ്പെട്ടത്‌?”
“ബാബിലോണിയയിലെ ഒരു ആട്ടക്കാരിയുടെ വീട്ടിൽ പോയതാണ്.”
കിഴവൻ ചോദിച്ചു..
“ബാബിലോണിലെ യക്ഷിയോ?
ശലമോൻ തുറിച്ചുനോക്കി. അയാൾ തുടർന്നുപറഞ്ഞു.
പുരുഷൻമാരുടെ ചോര കുടിക്കുന്ന യക്ഷിയാണ് അവൾ. അവളുടെ പുഞ്ചിരിയിൽ മനം മയങ്ങിയവർ ഒരുപാടുണ്ട്. ആ വീഞ്ഞിൽ വീണുപോയവർ അനേകരാണ്. “
ശലമോൻ നെടുവീർപ്പിട്ടു. അയാൾ ശപിച്ചു.
എത്രയോ പുരുഷൻമാരെ നീ അടിമകളാക്കിയില്ലേ ? ഇനിയും നിന്റെ ചോരക്കൊതി അടങ്ങിയില്ലേ?
ശലമോൻ ഓർത്തു.
‘അതേ, അവളാൽ അടിമയാക്കപ്പെട്ടവർ അനേകരാണ്. അവളുടെ മാളിക പാതാളത്തിലേക്കുള്ള വഴിയാണ്!!! ‘
യെറുശലേം നഗരത്തിലെ കുതിരത്തെരുവിൽ പാർത്തിരുന്ന ഒരു ഏദോംകാരിയെ ശലമോന് ഓർമ്മ വന്നു. നഗരത്തിലെ ഇരുണ്ട രാത്രികൾക്ക് നിറം പകർന്ന ചന്ദ്രിക. ആ വെളിച്ചത്തിൽ ഒരു പിടി പുരുഷശലഭങ്ങൾ ചിറകുകരിഞ്ഞ് വീണിരുന്നു. ഷോബാബും വീണു.
ശലമോൻ സഹോദരനെ വിളിച്ച് ഗുണദോഷിച്ചു.
“പരസ്ത്രീയുടെ വാക്കു കേൾക്കുന്നവൻ കശാപ്പുശാലയിലേക്ക് പോകുന്ന കാളയെ പോലെയാണ്. അവളെ കാണുന്നവൻ ഒരു പക്ഷിയെ പോലെയാണ്. അസ്ത്രം കുടൽമാലയെ കുത്തിമുറിക്കുന്നതു വരെ കെണിയിലാണെന്ന് പക്ഷി അറിയുന്നില്ല…”
ശലമോന് വല്ലാത്ത ആത്മനിന്ദ തോന്നി.
കുട്ടയിൽ ബാർലി അപ്പവുമായി രാവിലെ പരിചാരിക വന്നു. അടിമകളൂടെ ജീവൻ നിലനിർത്താൻ മുന്ന് അപ്പവും ഈത്തപ്പഴവും നൽകിയിരുന്നു. അപ്പക്കാരിയ കണ്ട് അടിമകൾ എഴുന്നേറ്റു.
അവൾ അപ്പം കൊടുത്തു. അത് തിന്നാൻ ശലമോൻ മടിച്ചു. അപ്പം കരിഞ്ഞിരുന്നു. അതിന്റെ ഗന്ധം മടുപ്പിക്കുന്നതായിരുന്നു.
അവൾക്ക് ദേഷ്യം വന്നു.
ഒരടിമക്ക് ഇത്ര അഹങ്കാരമോ?
അവൾ കണ്ണുരുട്ടി.
അയാൾക്ക് അമ്മയെ ഓർമ്മ വന്നു. ഒരു തുള്ളി കണ്ണുനീർ ആ അപ്പത്തിൽ വീണു. കിഴവനു ദയ തോന്നി.
“നിന്റെ കണ്ണുനീർ പുഞ്ചിരിയായി മാറും…”
ആശ്വാസവാക്ക് കേട്ട് അയാൾ അപ്പം കടിച്ചിറക്കി.
കുടിക്കാനുള്ള വെള്ളം കൽപ്പാത്രത്തിലാണ് നിറച്ചിരുന്നത്. കുടിക്കുന്നതിനിടയിൽ അൽപ്പം വെള്ളം എടുത്ത് ശലമോൻ മുഖം കഴുകി. കിഴവൻ ചോദിച്ചു.
“എന്തു പണിയാ നീ കാട്ടിയത്? കാവൽക്കാരൻ കണ്ടിരുന്നേൽ നിൻ്റെ പുറം പൊളിക്കുമായിരുന്നില്ലേ ?”
ശലമോന്റെ മുഖം ആകാശം പോലെ വിളറി.
ഊർ പാതയിലെ മലഞ്ചെരിവിലാണ് അബു തരാകിൻ്റെ അടിമത്താവളം. നട്ടുച്ചക്ക് പോലും ആ മലമടക്കുകളിൽ ചെന്നായ്ക്കൾ ഓരിയിട്ടിരുന്നു. ചിലർ ഒളിച്ചോടി.. അവരുടെ എല്ലുകൾ കടിച്ചാണ് ആ ജന്തുക്കൾ പല്ലിന് മൂർച്ചകൂട്ടിയിരുന്നത്.
അടിമകൾ തളർന്നു. താവളത്തിലെ പൂഴി മണലിൽ അവർ മയങ്ങിക്കിടന്നു. കുളിയും നനയും അനുവദിച്ചിരുന്നില്ല. പൂഴി മണൽ നനഞ്ഞു കുതിർന്നു.. ഒരു നേരമാണ് വിസർജ്ജനത്തിന് പുറത്തിറക്കുക. പക്ഷേ വൃദ്ധർക്ക് അതു മതിയായിരുന്നില്ല.
ചെങ്കടൽ തീരത്തെ ഗെസർ ശലമോന് ഓർമ്മ വന്നു.
ഏതോപ്യയിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന കറുത്തഅടിമകളെ അവിടെയാണ് പാർപ്പിച്ചിരുന്നത്. മനംമടുപ്പിക്കുന്നതായിരുന്നു ആ അടിമത്താവളത്തിലെ വിയർപ്പും മൂത്രച്ചൂരും … ദേവാലയവും കൊട്ടാരവും പണിയാനായി അവരെ ഉപയോഗിച്ചിരുന്നു.
ആകാശത്തിനു കീഴിൽ ഓരോ കാര്യത്തിനും ഓരോ കാലമുണ്ട്
രാജാവാകാൻ ഒരു കാലം , അടിമയാകാൻ ഒരു കാലം ……..
ശലമോൻ കരഞ്ഞു. പിന്നെ വിധിയുടെ വൈപര്രീത്യം ഓർത്ത് ചിരിച്ചു.
അടിമയുടെ അടയാളങ്ങളാണ് തോളിലെ ചാപ്പ മുദ്രയും പാതി താടിയും. പക്ഷം തോറും അടിമകളെ ക്ഷൗരം ചെയ്യിക്കുന്നതിൽ അബു തരാക് അമാന്തം കാണിച്ചിരുന്നില്ല.
രാവിലെ ക്ഷുരകൻ വന്നു. കത്തി താടിക്കു ചേർന്നപ്പോൾ ശലമോൻ നിശ്ചലനായി. രോമം കത്രിക്കുന്ന ചെമ്മരിയാടിനെ പോലെ നിന്നു. പക്ഷേ മണലിൽ ഇരിക്കാൻ ഒന്നു രണ്ടു പേർ മടിച്ചു. പൂഴി മണലിൽ വീണ താടിരോമങ്ങൾ കണ്ട് അവർ ലജ്ജിതരായിരുന്നു.
ചാട്ടയുടെ സീൽക്കാരം മുഴങ്ങി. തീപ്പൊരികൾ ചിതറി. ഒരാൾ ഇരുന്നു. എന്നിട്ടും അപരൻ വിസമ്മതിച്ചു. കാവൽക്കാർ കോപിച്ചു. അവർ അവനെ വെയിലത്ത് കെട്ടിയിട്ടു. ഉച്ചയ്ക്ക് മണൽ ചുട്ടുപഴുത്തപ്പോൾ അവൻ ദയനീയമായി നോക്കി.
അവർ ചിരിച്ചു. അന്തിമയങ്ങിയപ്പോൾ അഴിച്ചു വിട്ടു. അപ്പോൾ ശരീരം ആകെ പൊള്ളികുമളിച്ചിരുന്നു.
ശലമോൻ നടുങ്ങി.
ശലമോൻ അടിമത്താവളത്തിൽ എത്തിയിട്ട് ഇപ്പോൾ ഏകദേശം ഇരുപത് ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഒരു സായാഹ്നത്തിൽ കാവൽക്കാരൻ അടിമകൾക്ക് എണ്ണ നൽകി.
ശലമോൻ അമ്പരന്നു. അയാൾ ചുറ്റുപാടും നോക്കി. കിഴവൻ ചിരിച്ചു.
“നാളെയാണ് ചന്ത…”
കൽപ്പാത്രത്തിലെ വാട്ടവെള്ളം വീണപ്പോൾ വൃദ്ധൻ്റ കണ്ണിൽ നിന്ന് ചൂട്പറന്നു. അയാൾ പറഞ്ഞു.
” കഴുതയെ പോലെ ഭാരം ചുമക്കാനാണ് നമ്മുടെ വിധി..”
ചെറൂപ്പക്കാരൻ നിരാശനായി.
” എന്നാണ് ദൈവമേ ഈ കഴുത ജൻമം അവസാനിക്കുക ?”
ശലമോൻ പറഞ്ഞു.
“ഒരിക്കൽ കഴുതപ്പുറത്ത് രാജാവ് വരും !!!.അടിമകൾക്കെല്ലാം മോചനവും മർദ്ദിതർക്കെല്ലാം സ്വാതന്ത്ര്യവും അദ്ദേഹം നൽകും.!!”
ചെറുപ്പക്കാരൻ പറഞ്ഞു.
“അവന്റെ രാജ്യം വരട്ടെ !!. “
രാത്രിയിൽ അടിമകൾ സ്വസ്ഥമായി ഉറങ്ങി. പക്ഷേ പാതിരാവ് കഴിഞ്ഞപ്പോൾ മണി മുഴങ്ങി. അവർ ഉണർന്നു. ശലമോൻ കണ്ണുതിരുമ്മി ചുറ്റും നോക്കി.
മണലിൽ നിന്ന് ഈയലുകൾ പോലെ അടിമകൾ എഴുന്നേൽക്കുകയാണ്. ഒരാൾ പുറത്തു തട്ടി പറഞ്ഞു.
“സ്നേഹിതാ , വിട….! “
കാവൽക്കാരൻ വൃദ്ധനെ വലിച്ചിഴച്ചുകൊണ്ടു പോയി. ഇരുട്ടിൽ ചങ്ങലയുടെ കലമ്പിച്ച ശബ്ദം.. കാറ്റിൽ ഉലയുന്ന മഹാവനങ്ങൾ പോലെ കലമ്പൽ കേട്ടു. പിന്നെയും ആ ശബ്ദം കേട്ടുകൊണ്ടിരുന്നു. ഒടുവിൽ ശലമോൻ്റെ ഊഴമായി. ചങ്ങല വീണു പാതിരാ കഴിഞ്ഞപ്പോൾ താവളം നിശബ്ദമായി.
പന്തത്തിന്റെ വെളിച്ചത്തിൽ അടിമകൾ നടന്നു. രാത്രിയിലെ തണുപ്പിൽ അവരുടെ കൈകൾ മരവിച്ചിരുന്നു. മരുക്കാറ്റിൽ വിറച്ചു. കാവൽക്കാർക്ക് ആശങ്ക തോന്നി.
‘ഈ തണുപ്പിനെ അതിജീവിക്കാൻ ആകുമോ ?’
അബു തരാക് ചാട്ടവീശി.
അടിമകളുടെ നടപ്പിന് വേഗത കൂടി. അല്പനേരം സഞ്ചരിച്ചപ്പോൾ ഉടുപ്പുകൾ വിയർപ്പിൽ കുതിർന്നു. ഒരിക്കൽ കൂടി ചാട്ടവീശി. അവർ നിന്നു. ചങ്ങലകൾ നിശബ്ദമായി.
കാവൽക്കാർ ജാഗരൂകരായി.
മരുക്കാറ്റ് ഏറെക്കുറെ കെട്ടടങ്ങിയിരിക്കുന്നു. പക്ഷേ മണൽപ്പാത ഇരുട്ടിലാണ്. ചക്രവാളത്തിൽ അവിടെവിടെയായി നാലഞ്ചു നക്ഷത്രങ്ങൾ ചിതറിക്കിടന്നിരുന്നു.അവ കണ്ണു മിന്നി …..
ക്ഷീണം മാറ്റാൻ എല്ലാ അടിമകൾക്കും ഓരോ അപ്പം കൊടുത്തു. വേഗം ഭക്ഷിക്കാൻ അബു തരാക് ധൃതി കൂട്ടി.നേരം വെളുക്കുന്നതിന് മുമ്പ് നഗരത്തിൽ എത്തണം.
അപ്പം തിന്നു കൊണ്ട് അവർ നടന്നു ….
ചക്രവാളത്തിൽ പുലർകാല നക്ഷത്രം കണ്ണു ചിമ്മി.

ചങ്ങല കിലുക്കം കേട്ടാണ് ഊർ നഗരം അന്നുണർന്നത്. കിഴക്കും തെക്കും നിന്നുമുള്ള അടിമകളെ കൊണ്ട് ചന്ത നിറഞ്ഞു. അടിമ ബാലികമാർ നടന്നു.കാൽ ചിലമ്പൊലി കേട്ട് കീറപ്പായിൽ കിടന്നിരുന്ന വൃദ്ധൻ ഉണർന്നു. ഒരു നോക്കു കാണാനായി വടിയും കുത്തി എഴുന്നേറ്റു. മുറ്റത്ത് അപ്പം ചുട്ടിരുന്ന സ്ത്രീയുടെ മാറിടം വിയർത്തു. അവൾ ഒരു കറുത്ത അടിമയെ കണ്ടിരുന്നു. ചെറുപ്പക്കാരൻ താടി തഴുകി. കഴുകൻ കണ്ണുകൾ ഒരു ബാലൻ്റെ ഇളം മേനിയിൽ പതിഞ്ഞിരുന്നു. ചന്തയിൽ കുറെ തെരുവു ബാലൻമാർ ഇരുന്നിരുന്നു. ഒരാൾ വിലാപ ഗാനം പാടി. കൂട്ടുകാർ ചിരിച്ചു.
ചന്തയിൽ മരപ്പലകകൾ നിരത്തിയ ഒരു വേദിയുണ്ട്. അവിടെയാണ് അടിമലേലം.ആദ്യ വിളികൾ ബാലികമാർക്ക് വേണ്ടിയാണ്.മരുപ്പച്ചകളിലെ പ്രഭുക്കളുടെ മാറിടത്തിൽ ശയിക്കുന്നവർക്കു വേണ്ടിയുള്ള ലേലം വിളി. ആ ലേലത്തിന് വീറും വാശിയും ഒന്നു വേറെ തന്നെയായിരുന്നു …..
അബു തരാക് ഭയന്നിരുന്നു..
ചാട്ട വീശിയപ്പോൾ ബാലികമാർ ആടുകളെ പോലെ വേദിയിലേക്ക് ഓടിക്കയറി. ഒരു മുഷിഞ്ഞ ചാക്കു കഷണത്തിനാൽ അവർ അരക്കെട്ട് മറച്ചിരുന്നു.
ഒരിക്കൽ കൂടി ചാട്ടവീശി.
മെല്ലിച്ച കൈകാലുകൾക്ക് അനക്കം വെച്ചു. സന്തോഷമില്ലാത്ത ഒരു ആട്ടവും പാട്ടും … പക്ഷേ ആരും അത് കാര്യമാക്കിയില്ല. മാറിടത്തിലെ ഈത്തപ്പഴങ്ങളിലായിരുന്നു അറബികളുടെ കണ്ണുകൾ. അടിമപ്പെണ്ണിനെ കണ്ടിരുന്നത് ഒരു ഒട്ടകത്തെ പോലെയാണ്. ഒട്ടകത്തിനുണ്ടോ നാണവും മാനവും?
അറബികൾ അക്ഷമരായി. ആട്ടവും പാട്ടും തീരാൻ കാത്തുനിന്നു. ലേലത്തിനു മുമ്പ് ഒരു ദേഹപരിശോധനയുണ്ട്. വൃദ്ധൻമാർക്ക് ഔത്സുക്യo അടക്കാനായില്ല.
നരച്ച കണ്ണുകൾ തിളങ്ങി.
ആ മൃദുലതകളിൽ ഒന്നു തഴുകണം.
ഒരു പ്രഭു തട്ടിൽ കയറി. ബാലികയുടെ മാറിടം പരിശോധിച്ചു.
അയാൾക്ക് ഒരു സംശയം…….. അയാൾ അബു തരാകിനെ നോക്കി ആംഗ്യം കാട്ടി
“ഈ പെൺകുട്ടി ഋതുമതി ആണോ അല്ലയോ?”
അബു പുഞ്ചിരിച്ചു
അരക്കെട്ട് മറച്ചിരുന്ന ചാക്ക് കഷണം അയാൾ ഉയർത്തി..
കണ്ണൂ കൊണ്ടും കരം കൊണ്ടും കൊത്തിപ്പറിക്കുന്ന മനുഷ്യരിൽ നിന്ന് രക്ഷപ്പെടാനായി അവൾ ഒരിടം തേടി. പിന്നെ അതിൽ പരാജയപ്പെട്ട് നിസ്സഹായയായി കണ്ണടച്ചു.
അടുത്ത ലേലം സ്ത്രീകൾക്ക് വേണ്ടിയാണ്‌. മരുഭൂമിയിലെ ഏതോ യുദ്ധത്തിൽ പിടിക്കപ്പെട്ട തടവുകാരികൾ !!. ആദ്യം വേദിയിൽ നിർത്തിയത് ഒരു സുന്ദരിയെ ആണ്. ആ കണ്ണുകളിൽ ഒരു തരം ശൂന്യതയും മരവിപ്പുമാണ്. രക്തം വാർന്ന് മരിച്ച ഭർത്താവിനെയും പുത്രനെയും മറക്കാൻ ആ പാവത്തിനു കഴിഞ്ഞില്ല.
മാറിൽ ഒട്ടിക്കിടന്ന ശിശുവിനെ കാവൽക്കാർ പിടിച്ചു മാറ്റിയപ്പോൾ അവൾ കരഞ്ഞില്ല. ഭ്രാന്തെടുത്തുള്ള കുട്ടിയുടെ നിലവിളികൾ കേട്ടപ്പോൾ ഒന്നു തലയുർത്തി നോക്കി.
മരുച്ചെടി പോലെയാണ് ചില മനുഷ്യജന്മങ്ങൾ…. വെയിലിൽ ഉണങ്ങിക്കരിയാനാണ് വിധി. മഴയേറ്റ് തളിർക്കാൻ ഭാഗ്യമില്ല. തളിർക്കില്ല , പൂക്കില്ല. ചിരിയില്ല ,ആഹ്ളാദമില്ല…..
ശലമോൻ ചിന്താകുലനായി.
അവളുടെ കണ്ണുകളിലെ നിരാശ പകർത്താൻ ഹുറാം അബിക്ക് കഴിയുമോ?
മരുപ്പച്ചകളിലെ അന്തഃപുരത്തിലേക്ക് ശൈഖ് നാലഞ്ച് ബാലൻമാരെ വാങ്ങി. കൂടാരത്തിലെ ഭാര്യമാരെ നോക്കാനാണ്. അതിനു മുമ്പായി ആരോ അവരുടെ പൗരുഷം ഉടയ്ക്കും . ഒന്നു രണ്ടാഴ്ചത്തേക്ക് കാലുകൾക്കിടയിൽ കരം അമർത്തി അവർ നിലവിളിക്കും. രാത്രിയിൽ കണ്ണീർ പൊഴിക്കും. മരുഭൂമി നനയും . പിന്നെ ആ നീറ്റലുകൾ അലിഞ്ഞില്ലാതെയാകും. …
അവർ ദാസരാകും.
പക്ഷേ നിലാവ് വിടരുന്ന രാത്രിയിൽ അടിവയറ്റിനു താഴെ ഒരു തരുതരുപ്പ് പടരും ഇരകിട്ടാത്ത ചെന്നായെ പോലെ അവർ കൂകും.
അന്ത:പ്പുരത്തിലെ റാണിമാരെ ശുശ്രൂഷിക്കാനായി നൂറുകണക്കിനു ബാലൻമാരെ ശലമോൻ വാങ്ങിയിരുന്നു. രാത്രികളിൽ നിലവിളി കേട്ടിരുന്നു…….
ശലമോന്റെ ഉടയാട വിയർപ്പിൽ കുതിർന്നു.

ബാലികമാരും ബാലൻമാരും സ്ത്രീകളും വന്നു പോയി. ചെങ്കടലിനക്കരെ നിന്നുള്ള കറമ്പന്മാർ വന്നു. ഈത്തപ്പനത്തോട്ടത്തിൽ പണി ചെയ്യാനായി അറബികൾ അവരെ വാങ്ങി. ചെറുപ്പക്കാരെ കണ്ടപ്പോൾ ഹാരാൻ കഷണ്ടിയിൽ ഒന്നു ചൊറിഞ്ഞു.
അയാൾ തോജിലെ ഒരു വ്യാപാരി ആയിരുന്നു. പകൽ മുഴുവൻ അങ്ങാടിയിലെ കടയിലാണ്. അറബികളാണ് വീട്ടിലെ പരിചാരകർ. പക്ഷേ അവർ ഭാര്യയുടെ സ്വസ്ഥത നശിപ്പിച്ചിരുന്നു. അവൾക്ക് പൊറുതിമുട്ടി.
” പ്രഭോ, ഈ വകകളെ കൊണ്ട് ഞാൻ മടുത്തിരിക്കുന്നു. എനിക്ക് ഒരു അടിമയെ തരിക അല്ലെങ്കിൽ ഞാൻ കിടപ്പിലാകും… “
അങ്ങനെ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ ചന്തയിൽ പോയത്.
ചെറുപ്പക്കാരനെ വാങ്ങാൻ അബു തരാക് വ്യാപാരിയെ നിർബന്ധിച്ചു.
” ഇവൻ നല്ല ചുമട്ടുകാരനാണ്. “
പക്ഷേ അയാൾ മടിച്ചു. ഹാരാൻ പറഞ്ഞു.
“എനിക്ക് ഒരു വൃദ്ധനെ മതി.”
ഭർത്താവ് പുറത്തു പോകുമ്പോൾ ഭാര്യ ചെറുപ്പക്കാരായ അടിമകളോടൊത്ത് കിടക്ക പങ്കിട്ടിരുന്നു. ആ കഥകൾ പറഞ്ഞ് ചന്തയിലെ ഒട്ടകനോട്ടക്കാർ അർത്ഥം വെച്ചു ചിരിച്ചിരുന്നു.
അബു തരാക് ചിരിച്ചു.
വൃദ്ധൻമാർ വന്നു. ശലമോനെ കണ്ടപ്പോൾ ഹാരാന് ഇഷ്ടപ്പെട്ടു. തല നല്ലപോലെ മൊട്ടയടിച്ചിരിക്കുന്നു. പാതി താടിയും എടുത്തിരിക്കുന്നു.നെഞ്ചിലെ രോമങ്ങൾ നരച്ചതും.. അബു തരാക് പറഞ്ഞു.


”ഇവന് എഴുത്തും വായനയും അറിയാം. ”
ഹാരാന് സന്തോഷമായി.
അബു തരാക് ചിരിച്ചു
” യൂദനാണ്…”
അയാൾ തലയാട്ടി.
തോജിലെ അങ്ങാടിയിൽ യൂദർ വന്നിരുന്നു. പേർഷ്യക്കാരെ പോലെ വില പേശിയിരുന്നില്ല. നല്ല അന്തസ്സുള്ളവർ !!.. പിന്നെ ഹാരാൻ സംശയിച്ചില്ല. നാണയങ്ങൾ എണ്ണിക്കൊടുത്ത് യൂദനെ സ്വന്തമാക്കി.
ശലമോൻ പിറുപിറുത്തു..
‘ഓരോന്നിനും ഓരോ കാലമുണ്ട്
വാങ്ങാൻ ഒരു കാലം…… വിൽക്കാൻ മറ്റൊരു കാലം. ‘
താൻ ആണും പെണ്ണുമായി നൂറു കണക്കിന് അടിമകളെ വാങ്ങിയിരുന്നു. അവർക്ക് പിറന്ന അടിമകളും കൊട്ടാരത്തിൽ ഉണ്ടായിരുന്നു…
അന്ന് വിചാരിച്ചിരുന്നില്ല ഇങ്ങനെ ഒരടിമയായി വിൽക്കപ്പെടുമെന്ന്!
ശലമോൻ ആലോചനയിലാണ്ടു .


(തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like