പൂമുഖം LITERATUREകവിത പെൺപിറാവുകൾ

പെൺപിറാവുകൾ

1

ഇരുകൈകളും ചിറകുകളായ്
വിടർത്തി
കാൽ നഖങ്ങളിൽ നിവർന്നു
നിന്ന്
ദേഹമല്പം ചെരിച്ച്
നിൽക്കുമ്പോൾ അവൾ
പറക്കാനൊരുങ്ങുന്ന ഒരു
പേരില്ലാപ്പക്ഷിയെ ഓർമ്മിപ്പിച്ചു!

ഷോപ്പിംഗ് മാളിലെ
തിരക്കുകൾക്കിടയിൽ
മറ്റാരെയും ശ്രദ്ധിക്കാതെ
സ്വപ്നലോകത്തെന്ന പോലെ
നൃത്തച്ചുവട്
പരിശീലിക്കുകയാണ് ആറേഴ്
വയസ്സുള്ളൊരു പെൺകുഞ്ഞ്

2

എല്ലാപെണ്ണിലും
ഒളിഞ്ഞിരിപ്പുണ്ട് ഒരു
പേരറിയാപ്പക്ഷി
അവൾ കൈകളെന്നു
വീശിനടക്കുന്നത് പറക്കാൻ
വെമ്പുന്ന
ചിറകുകളാണോ !

എത്രയോ കരുതലോടെ സ്വന്തം
കുഞ്ഞുങ്ങളെ
പക്ഷത്തിലൊതുക്കി
സംരക്ഷിക്കുന്ന വിദ്യ
പക്ഷികളിൽ നിന്നായിരിക്കും
അവൾക്കു പകർന്നു കിട്ടിയത്

കണ്ണുകളിലനുരാഗം
കത്തുമ്പോൾ പെണ്ണുങ്ങൾ
കുറുകുന്നത് പക്ഷികളായത്
കൊണ്ട് തന്നെയാകാം !

എപ്പോഴുമിളകുന്ന പ്രകൃതം
തന്നെ അവൾ
പക്ഷിയാണെന്നതിന് തെളിവ്
നൽകുന്നു

ശബ്ദം ശ്രവിച്ചാലറിയാം
കളകൂജനങ്ങളിലെ സംഗീതം
പെണ്ണൊച്ചകളിൽ
ഒളിഞ്ഞിരിപ്പുണ്ട്

ലജ്ജമൂടിയ അവളുടെ
മിഴികളിൽ
നോട്ടത്തിൻ കൂർത്തമുന
കൊണ്ട് തൊട്ടുനോക്കൂ
അപ്പോൾ കാണാം
വർണ്ണത്തൂവലുകൾ പൊഴിച്ചു
ചിറകടിച്ചു പറക്കാൻ വെമ്പുന്ന
പൈങ്കിളികളെ !

എല്ലാപെണ്ണിലും ഒരു
പക്ഷിയുണ്ടെന്ന
തിരിച്ചറിവാകണം
അവൾക്കു വേണ്ടി ഇത്രയും
കൂടുകളുണ്ടാക്കാനുള്ള പ്രേരണ !

സ്വന്തം ചിറകിലുള്ള വിശ്വാസം
നഷ്ടമായത് കൊണ്ടാണോ
ഇരുന്ന
ചില്ലകൾക്കവളെ
ഭയപ്പെടുത്താനാകുന്നത് !?

ഏത് നേരവും
ഒരസ്ത്രം
വല ,
കുരുക്ക് ,
കെണി ,
കൂട് –
പക്ഷികൾ എന്നപോലെ
പെണ്ണും
പ്രതീക്ഷിക്കുന്നുണ്ട്.

സ്വന്തം ചിറകുകളിലുള്ള
വിശ്വാസം നഷ്ടമായ
പക്ഷികളാണ്
പെണ്ണായി ജനിക്കുന്നത്

ചിറകെത്രയരിഞ്ഞാലും
പറക്കാനാകുമെന്ന
ആത്മവിശ്വാസം മാത്രം മതി
വീണ്ടും കിളിർത്ത്
ആകാശത്തോളമുയരാനവൾക്ക്

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like