പൂമുഖം POLITICS ആ സീനിയര്‍ ജേണലിസ്റ്റിന് ഒരു തുറന്ന കത്ത്

ആ സീനിയര്‍ ജേണലിസ്റ്റിന് ഒരു തുറന്ന കത്ത്

 


മാധ്യമപ്രവര്‍ത്തകരുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രന്‍ എഴുതിയ ലേഖനത്തിനെ വിമര്‍ശിച്ചുകൊണ്ട് ഒരു തുറന്ന കത്ത്മനുഷ്യന്‍ എന്ന നിലയ്ക്ക് ഏതൊരാളും ഒരു രാഷ്ട്രീയ നിലപാട് കയ്യാളുന്നവനാണ്. അത് അവന്‍ ധരിച്ചു വച്ചിരിക്കുന്ന ചുറ്റുപാടൂകളെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. നിഷ്പക്ഷന്‍ എന്ന ലേബല്‍ സ്വാര്‍ത്ഥതയുടേതാണ്. അങ്ങനെ ഒരു പക്ഷമേയില്ല എന്നാണ് എന്റെ പക്ഷം. നിഷ്പക്ഷത എന്നത് ഒറ്റിന്റെയും സ്വാര്‍ത്ഥതയുടെയും പക്ഷമാണ്. ഒരു മനുഷ്യന് എങ്ങനെയാണ് പക്ഷമില്ലാതെ നിലനില്‍ക്കാനാവുന്നത്? ഒന്നുകില്‍ നിങ്ങള്‍ക്ക് അടിച്ചമര്‍ത്തപ്പെട്ടവനൊപ്പം നില്‍ക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്നവനൊപ്പം നില്‍ക്കാം. അല്ലാതെ എങ്ങനെയാണ് സാര്‍ ഒരാള്‍ക്ക് ഒരേ സമയം അടിച്ചമര്‍ത്തപ്പെട്ടവനും, അടിച്ചമര്‍ത്തുന്നവനുമൊപ്പം നില്‍ക്കാനാവുക? അഥവാ അങ്ങനെ നില്‍ക്കുന്നുവെങ്കില്‍ തന്നെ അതല്ലെ സ്വാര്‍ത്ഥതയുടെ പക്ഷം? അതല്ലെ ഒറ്റിന്റെ പക്ഷം?

ഇത്രയും പറഞ്ഞത് മാധ്യമപ്രവര്‍ത്തകരായ നികേഷ് കുമാറും വീണ ജോര്‍ജ്ജും ഈ തെരെഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നു എന്നത് എന്തോ ഒരു വലിയ പാതകമായി സാര്‍ അവര്‍ക്കെതിരെ ലേഖനമെഴുതിയതുകൊണ്ടാണ്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ കക്ഷിരാഷ്ട്രീയത്തില്‍ പ്രവേശിച്ചുകൂടാ എന്നും, അതുവരെ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തനം കാപട്യമായിരുന്നു എന്നും സാറിനെപ്പോലുള്ളവര്‍ ബാലിശമായി വാദിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. അതിനെതിരെ  താങ്കളെപ്പോലുള്ള മാധ്യമസുഹൃത്തുക്കള്‍ ഇതേ വാദമുന്നയിച്ചുകൊണ്ട് പേനയുന്തുന്ന കാഴ്ചയാണ് അത്യന്തം രസകരം. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് എന്തിനെ അടിസ്ഥാനത്തിലാണ് സാര്‍ പറയുന്നത് എന്ന് മനസ്സിലാവുന്നില്ല.

തന്റെ മുകളിലിരിക്കുന്നവര്‍ ‘മാധ്യമപ്രവര്‍ത്തകര്‍’ എന്ന ചെറിയ വട്ടത്തിലുള്ളവരല്ല എന്നും, അതിനേക്കാളെത്രയോ മുകളില്‍ ഒരു മാധ്യമസ്ഥാപനം തന്നെ നടത്തുന്നവരാണെന്നുമുള്ളത് താങ്കള്‍ ആദര്‍ശത്തിന്റെ അച്ച് നിരത്തുന്ന തിരക്കിനിടയില്‍ ഓര്‍ക്കാതെ പോയതായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ ഒരു പക്ഷേ, അന്ന് താങ്കളുടെ പേനയിലെ മഷി തീര്‍ന്നതുമാകാം.

എന്തായാലും വരും ദിവസങ്ങളിലും ഈ ധീരോദാത്തമായ നിലപാടുകളെ തന്നെ അങ്ങ് പുല്‍കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞങ്ങള്‍ കാത്തിരിക്കാം. പക്ഷേ, തന്റേതായ തത്വദീക്ഷകളിലൂടെ ചിലതുകളെ  ഇപ്പോഴേ ലളിതവത്കരിച്ചിരിക്കുന്നത് കൊണ്ട് തന്നെ അധികമൊന്നും പ്രതീക്ഷിക്കുന്നുമില്ലെന്ന് പറയട്ടെ.

മാധ്യമപ്രവര്‍ത്തനം തീര്‍ച്ചയായും തൊഴിലിനേക്കാളുപരി ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ഇന്ത്യാവിഷനില്‍ ചെയ്ത ഐസ്ക്രീം കേസ് വാര്‍ത്തയെപ്പറ്റി ചോദിച്ചാല്‍ നികേഷ് ഇപ്പോല്‍ എന്ത് മറുപടി പറയുമെന്ന് താങ്കള്‍ ആശങ്കപ്പെടുന്നു. സാര്‍, താങ്കള്‍ തൊഴില്‍ സമരങ്ങളെ കുറിച്ച് ഇക്കാലമത്രയും എത്ര വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്? തൊഴിലിടങ്ങളിലെ പീഠനങ്ങളെ കുറിച്ച് എത്രമാത്രം വരികള്‍ പത്രത്തിലെഴുതിയിട്ടുണ്ട്? എന്നിട്ട് ആ മാധ്യമസ്ഥാപനത്തില്‍ ഇത്തരം വിഷയങ്ങളുയര്‍ന്ന് വന്നപ്പോള്‍ താങ്കളുടെ നിലപാടെന്തായിരുന്നു എന്ന് ഒരാള്‍ തിരിച്ചു ചോദിച്ചാല്‍ താങ്കളെന്താണ് മറുപടി പറയുക എന്നാതണ് ഇതെഴുതുമ്പോള്‍ എന്നെ അസ്വസ്ഥനാക്കുന്നത്. തന്റെ സഹപ്രവര്‍ത്തകനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍, അതിനെതിരെ സഹപ്രവര്‍ത്തകരിലെ ചിലരും സുഹൃത്തുക്കളും സമരം നടത്തിയപ്പോള്‍ ഇതുപോലൊരു ലേഖനം എവിടെയെങ്കിലും താങ്കള്‍ക്ക് പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞിരുന്നോ? ആ വാര്‍ത്തയെങ്കിലും ചെയ്യാന്‍ സാധിച്ചിരുന്നോ? ആ സമയത്തെല്ലാം താങ്കള്‍ നേരത്തെ പറഞ്ഞതു പോലെ നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നോ ചെയ്തിരുന്നത് എന്ന് താങ്കളോട് തിരികെ ചോദിക്കേണ്ടി വരുന്ന അവസ്ഥയൊന്ന് ഓര്‍ത്തു നോക്കൂ.

VEENA_(2)
‘ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ഏതെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ വഹിക്കുകയോ ചെയ്യില്ല’ എന്ന് ഉറപ്പുനല്‍കുന്ന പവിത്രമായ ഒരു ഉടമ്പടിയെക്കുറിച്ച് താങ്കള്‍ പറഞ്ഞിരുന്നുവല്ലോ. കമ്പനിത്തലവന്റെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കനുസൃതമായല്ല പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന സുപ്രധാനസന്ദേശമാണ് ആ ഉടമ്പടിയെന്നും താങ്കള്‍ പറഞ്ഞു വച്ചു. ആവട്ടെ. താങ്കള്‍ സ്വയം ആ ചോദ്യം ഒന്ന് ചോദിച്ചു നോക്കണം.

കമ്പനിത്തലവന് വേണ്ടി സഹപ്രവര്‍ത്തകരെപ്പോലും ഒറ്റിക്കൊടുത്ത് നിലനില്‍ക്കുമ്പോള്‍ താങ്കള്‍ക്കെങ്ങനെയാണ് ‘നിഷ്പക്ഷ’മായി ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ കഴിഞ്ഞത്? തെക്കു നിന്ന് വടക്കോട്ടും, കിഴക്കോട്ടും, പടിഞ്ഞാട്ടുമായി സഹപ്രവര്‍ത്തകരെ ആട്ടിപ്പായിക്കുമ്പോള്‍ ഈ നിഷ്പക്ഷ പത്രപ്രവര്‍ത്തകന്റെ കുപ്പായം കഴുകി ഉണക്കാനിട്ടിരിക്കുകയായിരുന്നോ?

അന്നൊന്നും താങ്കള്‍ പറഞ്ഞു വന്ന ‘പത്രപ്രവര്‍ത്തന ധാര്‍മികതയുടെയും മര്യാദയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ താല്പര്യസംഘര്‍ഷം’ താങ്കള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലേ? ഇതുവരെ പറഞ്ഞ് വന്ന നിഷ്പക്ഷതയാണ് സാര്‍, നേരത്തെ പറഞ്ഞു വച്ച ഒറ്റിന്റെ രാഷ്ട്രീയം. ആ നിഷ്പക്ഷതയാണൊ ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നത്?

നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ രാഷ്ട്രീയപ്രശ്നം കൂടി താങ്കളെ അസ്വസ്ഥമാക്കുന്നു എന്ന് പറയുന്നു. എന്തിനാണ് സാര്‍, താങ്കളിത്ര അസ്വസ്ഥനാവുന്നത്? അച്ഛന്‍ സി.പി.എമ്മില്‍ നിന്ന് പുറത്തായിരുന്നു എന്നും, സി.പി.എം അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പറഞ്ഞുപോകുമ്പോള്‍ സി.പി.എം. വിരുദ്ധതയാണ് നികേഷ് കയ്യാളേണ്ടത് എന്നാണോ പറഞ്ഞുവന്നത്? അദ്ദേഹം മുന്‍ കരുതലെടുത്തു എന്ന് പറയുന്നത്, കോണ്‍ഗ്രസ്സ് സംരക്ഷിച്ചു എന്നാണോ പറയാതെ പറഞ്ഞത്? അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ പിതാവിനെ സംരക്ഷിച്ചവര്‍ക്ക് വിധേയനാവണം എന്നാണോ പറഞ്ഞുവന്നത്? അങ്ങനെ വരുമ്പോള്‍ ഈ സ്ഥാനാര്‍ത്ഥിത്വം എതിര്‍ ചേരിയിലാണ് ഉണ്ടായതെങ്കില്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇപ്പോഴുണ്ടാവുന്ന രാഷ്ട്രീയപ്രശ്നം താങ്കളെ ഒരിക്കലും അസ്വസ്ഥനാക്കില്ലായിരുന്നു അല്ലേ?

കൊടുംക്രൂരതകള്‍ പോലും മറക്കാനും അതു ചെയ്തവരോട് പൊറുക്കാനും മഹാമനസ്സുകള്‍ക്കേ കഴിയൂ എന്ന് താങ്കള്‍ ആ ലേഖനത്തിന്റെ അവസാനം പറഞ്ഞു വയ്ക്കുന്നുണ്ട്. തന്റെ അവസാന നാളുകളില്‍ എം.വി.രാഘവന്‍ പോലും സി.പി.എമ്മിനോട് ചേര്‍ന്ന് നിന്നിരുന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നതാണോ സാര്‍? അതുമല്ല, രാഷ്ട്രീയം എന്നത് കേവലം വ്യക്തിവിരോധങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തേണ്ടതാണെന്നാണോ സാര്‍ പറഞ്ഞത്? അല്ലാതെ ഒരു വ്യക്തിക്ക് അവന്റേതായ രാഷ്ട്രീയം അരുതെന്ന് എവിടെ നിന്നാണ് സാര്‍ പഠിച്ചിട്ടുള്ളത്?

ഇന്ദ്രന്‍സ് എന്നത് മലയാളത്തിലെ ഒരു ഹാസ്യനടന്റെ പേരായിട്ട് മാത്രമേ കേട്ടിരുന്നുള്ളൂ. പിന്നീടാണ് ഒരു പത്രത്തിന്റെ എഡീറ്റ് പേജില്‍ അതേ പേരില്‍ ആക്ഷേപഹാസ്യമെഴുതുന്ന ഒരു കോളം ശ്രദ്ധിക്കുന്നത്. ആ കുറിപ്പുകളുടെ രാഷ്ട്രീയത്തിലേക്കെന്തായാലും ഇപ്പോള്‍ കടക്കുന്നില്ല. എന്തായാലും ആളുകളെ ചിരിപ്പിക്കുക എന്നതാണല്ലോ ഒരു ഹാസ്യനടന്റെ പ്രധാനധര്‍മ്മം. ആ വേഷമെന്തായാലും നന്നാവട്ടെ. എല്ലാ ആശംസകളും..

 

എന്ന്,
ഒരു അഭ്യുദയകാംക്ഷി


Comments
Print Friendly, PDF & Email

You may also like