പൂമുഖം Travel അസം ഓർമ്മകൾ – 12

അസം ഓർമ്മകൾ – 12

കരകൗശല വൈദഗ്ധ്യം മുളയിലും ചൂരലിലും

അസമിൽ ഞങ്ങൾ സന്ദർശിച്ച വീടുകളിലെല്ലാം ഉപയോഗിക്കുന്ന ഫർണിച്ചർ മിക്കതും ചൂരൽ കൊണ്ട് നിർമ്മിച്ചവയായിരുന്നു. മുറ ഇനത്തിൽപ്പെട്ട ഉയരം കുറഞ്ഞ ചെറിയ സ്റ്റൂൾ വീടുകളിൽ സർവ്വസാധാരണമായി കാണാം. കാഴ്ചക്ക് വലിയ തുടി പോലെ തോന്നും. ഇവ ആദ്യം കണ്ടപ്പോൾ തന്നെ ഏറെ കൗതുകം തോന്നിയിരുന്നു. ഇവയുടെ ഉപയോഗം നമ്മുടെ നാട്ടിൽ മുമ്പ് ഉണ്ണാനും വീട്ടുജോലികൾ ചെയ്യാനും മറ്റും ഇരിക്കാനിട്ടിരുന്ന കുരണ്ടിപ്പലകൾക്കു സമാനമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെ മരത്തടികൾക്കു പുറമെ ചൂരലും മുളയും വ്യാപകമായി ഫർണിച്ചർ നിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. അസമിലെ ചൂരൽ ഫർണിച്ചറിന് വിപണിയിൽ ആവശ്യക്കാരേറെയാണ്. ഇവിടെ ഉൾവനങ്ങളിലും വനാതിർത്തി പ്രദേശങ്ങളിലും മറ്റുമായി ചൂരൽക്കാടുകളും മുളങ്കാടുകളും സമൃദ്ധമായി വളരുന്നുണ്ട്. വെട്ടിയെടുത്ത വിവിധയിനം മുളകളും ചൂരലുമെല്ലാം കരകൗശലവിദഗ്ധരുടെ കൈകളിലെത്തുമ്പോൾ മനോഹരമായ ഫർണിച്ചർ മാത്രമല്ല കളിപ്പാട്ടങ്ങളും പാവകളും സംഗീതോപകരണങ്ങളും വരെയായിത്തീരുന്നു. ചൂരൽ ചീന്തിയെടുത്തുണ്ടാക്കുന്ന ശീതൾ പാറ്റി എന്നറിയപ്പെടുന്ന ഒരിനം പായ അസാമീസ് കരകൗശല വിദഗ്ധരുടെ കലാവൈഭവം വിളിച്ചോതുന്നതാണ്.

വലിയ യന്ത്രങ്ങളുടെ സഹായമൊന്നും ആവശ്യമില്ലാത്തതിനാൽ മുളയും ചൂരലും ഉപയോഗിച്ചുള്ള ഫർണിച്ചർ നിർമ്മാണം ഒരു കുടിൽ വ്യവസായമായി വളർന്നു വന്നിട്ടുണ്ടിവിടെ. എല്ലാ മതവിഭാഗത്തിൽ പ്പെട്ടവരും സ്ത്രീകളും വരെ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ചില കർഷകർക്കിതൊരു അനുബന്ധതൊഴിൽ കൂടിയാണെന്ന് ഒരിക്കൽ അസംകാരനായ സഹപാഠി റിച്ചന്ദ് അഹമ്മദ് പറഞ്ഞതോർക്കുന്നു. മംഗൽദായിയിലെ ദേക്കാ കെയിൻ ഇൻഡസ്ട്രീസ് സന്ദർശിച്ചപ്പോൾ ചൂരൽ ഫർണിച്ചറിൽ നമ്മെ അതിശയിപ്പിക്കുന്ന നിരവധി മാതൃകകൾ കാണാൻ സാധിച്ചിരുന്നു.

Credit: India Today NE

നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് അവർ മുള ഉപയോഗിക്കുന്നുണ്ട്. ഒരിക്കൽ കോളജ് കാമ്പസിൽ വൃക്ഷത്തൈകൾ നടാൻ വൃത്താകൃതിയുലുളള ചെറിയ കുഴിയെടുക്കുമ്പോൾ അസംകാരായ സഹപാഠികൾ ഈറ്റക്കമ്പിന്‍റെ അറ്റത്ത് 15 സെ.മീറ്ററോളം നീളത്തിൽ നാലോ അഞ്ചോ ചീന്തലുകൾ ഇട്ട് ആ ഭാഗം കുഴിയിലേക്ക് ആഞ്ഞ് കുത്തി അതിനുള്ളിൽ നിറയുന്ന മണ്ണ് പുറത്തേക്ക് കളയുന്നത് കണ്ടപ്പോൾ കൗതുകം തോന്നിയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ വീടും മറ്റു കെട്ടിടങ്ങളും വേലികളും തോടുകൾക്കുള്ള താൽകാലിക പാലങ്ങളും മറ്റും നിർമ്മിക്കാൻ മുള തന്നെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. അമ്പതിലേറെ ഇനം മുളകൾ തന്നെ വളരുന്നുണ്ടിവിടെ.

അസം പോലെ മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളും മുള സ്വാഭാവികമായി വളരുന്ന പ്രദേശങ്ങളാണ്. ചിലയിനങ്ങൾ അവർ കൃഷി ചെയ്യുന്നുമുണ്ട്. മിനുസപ്പെടുത്തിയെടുത്ത മുളച്ചീന്തുകൾ പലരൂപത്തിലും വളച്ചെടുത്ത് വിവിധ മാതൃകയിലുള്ള ഉല്പന്നങ്ങളാക്കിമാറ്റുന്നത് കാണുമ്പോൾ നമ്മൾ ശരിക്കും അതിശയിച്ചു പോകും. കരകൗശലപ്പണികളിൽ ഏർപ്പെടുന്ന ഗോത്രവർഗക്കാർ തനതു മാതൃകയിലുള്ള മനോഹരമായ വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധരാണ്. ഏറ്റവും പഴയ സംഗീതോപകരണമായ ഓടക്കുഴൽ മുതൽ ബിഹു നർത്തകികൾ മുടിക്കെട്ടിൽ തിരുകി വച്ച് ഇടയ്ക്ക് എടുത്ത് ഉപയോഗിക്കുന്ന ഗൊഗോണയും നാടോടി സംഗീതോപകരണമായ ടോക്കയുമെല്ലാം മുളയിൽ തീർത്തവയാണ്.

അസമിൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നവരും തേയില നുള്ളുന്നവരുമെല്ലാം ഒരിനം വലിയ തൊപ്പി ധരിക്കുന്നതു കാണാം. ജാപ്പി എന്നാണിതറിയപ്പെടുന്നത്. നമ്മുടെ നാട്ടിലെ തലക്കുട (തൊപ്പിക്കുട) പോലെ വൃത്താകൃതിയിലാണിതെങ്കിലും തലയിലേക്ക് തിരുകിവയ്ക്കുന്ന മധ്യഭാഗത്തിന് മുകളിൽ വൃത്തസ്തൂപികാകൃതിയായിരിക്കും. ഇവ ഒരു തരം പനയോലയും മുളയും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. എന്നാൽ മുള, ചൂരൽ എന്നിവ ചീന്തി മിനുസപ്പെടുത്തിയെടുത്ത് ചുവപ്പ്, വെള്ള, നീല, പച്ച, കറുപ്പ് തുടങ്ങിയ നിറത്തിലുള്ള തുണിക്കഷണങ്ങൾ തുന്നിച്ചേർത്ത് മനോഹരമാക്കിയ ചിലയിനം ജാപ്പികളുമുണ്ട്. ഇവ പല വലുപ്പത്തിലും ലഭ്യമാണ്. വിശിഷ്ട വ്യക്തികൾക്ക് സ്വീകരണമൊരുക്കുന്നതിനും ഉത്സവാഘോഷത്തിനും മറ്റും തയ്യാറാക്കുന്ന പന്തലുകളും കവാടങ്ങളും അലങ്കരിക്കാൻ ഇവ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നുണ്ട്.

Credit: ASRLM (Assam State Rural Livelihood Mission)

മംഗൽദായിയിലെ പല വീടുകളിലേയും ചുമരുകളിൽ ഒരലങ്കാരവസ്തുവായി ഇവ തൂക്കിയിട്ടത് കാണാമായിരുന്നു. അതിമനോഹരമായി തയ്യാറാക്കിയ ജാപ്പിയണിയിച്ചു കൊണ്ട് പ്രമുഖ വ്യക്തികളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയും ഇവിടെയുണ്ട്. നൽബാരി, സോണിത്പൂർ ജില്ലകളിൽ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമായി മാറിയ ഒരു കുടിൽവ്യവസായമാണ് ജാപ്പി നിർമ്മാണം. അലങ്കാരപ്പണികൾ ചെയ്ത ജാപ്പികൾ അസമിലെ നാടോടി പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വൈദഗ്ധ്യത്തിന്‍റെ നേർസാക്ഷ്യങ്ങളാണ്.

മുള കൊണ്ട് ഭക്ഷ്യവിഭവങ്ങളും

മുളയരിയുടെ ഉപയോഗത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. മുമ്പ് കേരളത്തിൽ ക്ഷാമകാലത്തും മൺസൂൺ കാലത്തും ആദിവാസി ഗോത്രവിഭാഗങ്ങൾ മാത്രമല്ല നാട്ടിൻ പുറത്തെ സാധാരണക്കാരും വരെ മുളയരി ആഹാരമാക്കിയിട്ടുണ്ട്. എന്നാൽ മണ്ണിൽ നിന്ന് പുതുതായി കിളിർത്തുവരുന്ന മുളങ്കൂമ്പുകൾ (Bamboo Shoots) അസംകാർ പരമ്പരാഗതമായി ആഹാരത്തിനായി ഉപയോഗിക്കുന്നുവെന്നത് പുതിയൊരറിവായിരുന്നു. നാരുകൾ ധാരളം അടങ്ങിയ ഈ മുകുളങ്ങൾ പോഷക സമൃദ്ധവും ഏറെ രുചികരവുമാണ്. ചിലയിനങ്ങൾ മാത്രമാണ് ഭക്ഷ്യയോഗ്യമായവ. പുറംഭാഗം ചെത്തി മാറ്റി പുഴുങ്ങി വിഷാംശം കളഞ്ഞ ശേഷമാണിവ കറിവയ്ക്കാനും മറ്റും ഉപയോഗിക്കുന്നത്. ഉണക്കിയും അച്ചാറുണ്ടാക്കിയും മറ്റും ഇത് സൂക്ഷിച്ചു വയ്ക്കുന്നവരുമുണ്ട്. അയൽക്കാരുടെ അതിഥിയായെത്തുമ്പോഴാണ് ഇത്തരം രുചിഭേദങ്ങൾ ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നത്.

വടക്കു കിഴക്കൻ ഇന്ത്യയിൽ മാത്രമല്ല ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളായ ജപ്പാൻ, തായ് വാൻ, ചൈന, ഫിലിപ്പൈൻസ്, മ്യാൻമർ തുടങ്ങി പല വിദേശ രാജ്യങ്ങളിലും മുളങ്കൂമ്പുകൾ ആഹാരത്തിനായി ഉപയോഗിച്ചുവരുന്നുണ്ടത്രേ. മുള വളരെ വേഗത്തിൽ വളരുമെന്നു മാത്രമല്ല കൂടുതലായി ഓക്സിജൻ ഉല്പാദിപ്പിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നുമുണ്ട്. പുൽവർഗ സസ്യമായ മുളക്ക് അതിന്‍റെ ഉപയോഗ വൈവിധ്യം കൊണ്ട് അസമിലെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിൽ ശ്രദ്ധേയമായ ഒരു സ്ഥാനമാണുള്ളത്.

വിവാഹം: ചില ആചാരങ്ങൾ

ഒരിക്കൽ മൂന്നു സ്ത്രീകൾ വീട്ടിലേക്കു കയറി വരുന്നു. അയൽ വീട് സന്ദർശിച്ച ശേഷം എന്തിനാണ് ഈ ആൺവീട്ടിലേക്കുള്ള വരവെന്നു മനസ്സിലായില്ല. അവരെ മുൻപരിചയവുമില്ല. ഒരാളുടെ കൈയിൽ ഒരു ഓട്ടു തളികയുണ്ട്. ഒന്നും പിടികിട്ടിയില്ല. വിവാഹത്തിന് ക്ഷണിക്കാൻ വരുന്നവരാണെന്ന് അവർ മുറ്റത്തെത്തുമ്പോഴേക്കും അടുത്ത വീട്ടിലെ മുത്തശ്ശി വേലിക്കരികിലെത്തി വിശദീകരിച്ചു. ക്ഷണക്കത്തുകളൊന്നുമില്ല കൈയിൽ. തളികയിൽ വെറ്റില, അടയ്ക്ക, വലിയ ജീരകം എന്നിവയുണ്ട്. അതിൽനിന്ന് അല്പം ജീരകം മാത്രം ഞങ്ങൾ എടുത്തു. വെറ്റിലയും അടക്കയും കൂട്ടിമുറുക്കുകയായിരുന്നു വേണ്ടതെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി. നമ്മൾ ഏതു വീട്ടിൽ ചെന്ന് ഇരിക്കുമ്പോഴേക്കും താമോൽ പാൻ എന്നറിയപ്പെടുന്ന വെറ്റിലയും അടക്കയും മുമ്പിലെത്തുക പതിവാണല്ലോ. കല്യാണം ക്ഷണിക്കാനെത്തുന്നവർക്ക് ഒരു ഗ്ലാസ് വെള്ളമെങ്കിലും കൊടുക്കുന്ന രീതി നമ്മൾ പരമ്പരാഗതമായി തുടരുന്നതിനാൽ ഇഞ്ചിയിട്ട കട്ടൻ ചായ കൊണ്ട് ഞങ്ങൾ അവരെ സൽക്കരിച്ചു. നമ്മുടെ നാട്ടിൽ സ്ത്രീകൾ പൊതുവെ കല്യാണം ക്ഷണിക്കാനെത്തുന്ന രീതിയില്ലാത്തിനാൽ ഞങ്ങൾക്കിതെല്ലാം വേറിട്ട അനുഭവങ്ങളായിരുന്നു. താമോൽ പാൻ അസമിൽ സാമൂഹികവും മതപരവുമായ ചടങ്ങുകളിലെ അനിവാര്യമായ ഘടകമാണ്. ആ കല്യാണത്തിന്‍റെ തലേന്ന് നടന്ന സൽക്കാരത്തിലാണ് ഞങ്ങൾ പങ്കെടുത്തത്. മറ്റൊരിക്കൽ ഒരു ഹിന്ദു വിവാഹത്തിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. വിവാഹത്തിന് കേരളത്തിലുള്ളതിൽ നിന്നും ഏറെ വ്യത്യസ്തമായ എത്രയോ ചടങ്ങുകളുമുണ്ടിവിടെ.

മുസ്ലിം വിവാഹത്തോടനുബന്ധിച്ച് ഒരു ചോദ്യോത്തര പരിപാടിയെക്കുറിച്ച് സഹപാഠിയായ റിച്ചന്ദ് അഹമ്മദ് പറഞ്ഞു കേട്ടിട്ടുണ്ട്. വധുവിനെക്കുറിച്ച് എത്രത്തോളം കാര്യ ങ്ങൾ വരനറിയാം എന്നുള്ള പരിശോധനയാണിത്. വധുവിന്‍റെ ബന്ധുക്കാളായ പെൺകുട്ടികളുടെ ചോദ്യങ്ങൾക്ക് വരനും ഒക്കച്ചങ്ങാതിയായെത്തുന്ന ‘താമുലി’യും കൃത്യമായ ഉത്തരം നൽകുന്നില്ലെങ്കിൽ നല്ല തുക പിഴയായി നൽകേണ്ടിവരും. ഉത്തരേന്ത്യയിൽ നിലവിലുള്ളതും ഇന്ന് നമ്മുടെ നാട്ടിലും വ്യാപകമായതുമായ ഹൽദി പോലുള്ള ചടങ്ങും അസമിലെ ഹിന്ദുക്കൾക്കിടയിൽ വിവാഹദിനത്തിൽ രാവിലെ നടക്കുന്നുണ്ട്. ഇങ്ങനെ എത്രയെത്ര ആചാരങ്ങളാണല്ലേ ഓരോ നാട്ടിലും.

മുസ്ലിങ്ങൾക്കിടയിൽ നിക്കാഹിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ നടക്കുന്ന ഒരു ചടങ്ങാണ് ജുറോൺ. വരന്‍റെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം വധുവിന്‍റെ വീട്ടിലേക്ക് സ്വർണ മോതിരം, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുമായി എത്തുന്നു. വധുവിനെ മോതിരമണിയിക്കുന്ന ഈ ചടങ്ങോടുകൂടിയാണ് വിവാഹാഘോഷ ങ്ങൾക്ക് തുടക്കമാകുന്നത്. ഇതേ ചടങ്ങ് ഹിന്ദുക്കൾക്കിടയിലുമുണ്ട്. വിവാഹത്തിന് 2 ദിവസം മുമ്പാണ് നടക്കുന്നതെന്നു മാത്രം. വരന്‍റെ അമ്മ തന്‍റെ കുടുംബാംഗങ്ങളായ സ്ത്രീകളോടൊത്ത് മോതിരവും വസ്ത്രങ്ങളും മറ്റുമായി വധുവിന്‍റെ വീട് സന്ദർശിക്കുന്നു. തളികയിൽ വച്ച വെറ്റിലയും അടക്കയും ഗമോസ എന്ന മേൽമുണ്ടുമാണ് വന്നവർ ആദ്യം കൈമാറുക. ജുറോൺ എന്നറിയപ്പെടുന്ന മോതിരമിടൽ ചടങ്ങിനെ തുടർന്ന് വരന്‍റെ അമ്മ വധുവിന്‍റെ തലയിൽ വെറ്റിലയും അടക്കയും വച്ച് മൂന്നുതവണ എണ്ണ ഒഴിക്കുന്നു. ഇതാണ് ‘തേൽദിയ’ എന്ന ചടങ്ങ്. തുടർന്ന് വിവാഹവസ്ത്രങ്ങളും പലഹാരങ്ങളും മറ്റും കൈമാറുന്നു. കൂട്ടത്തിൽ സുന്ദരിയായ മകളെ വളർത്തി വലുതാക്കിയതിന് വധുവിന്റെ അമ്മക്ക് പ്രത്യേക ഉപഹാരവും നൽകുന്ന പതിവുമുണ്ട്.

Pani Tula, Photo Credit: assamonline.in

മുസ്ലിം വിവാഹത്തിന് ഒരു ദിവസം മുമ്പ് മഞ്ഞളും ചെറുപയർ പൊടിയും കുഴമ്പു രൂപത്തിലാക്കി വരന്‍റെയും വധുവിന്‍റെയും മുഖത്തും കഴുത്തിലും പാദത്തിലുമെല്ലാം തേച്ച് ബന്ധുക്കളുടെ സാന്നിധ്യ ത്തിൽ കുളിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ‘മാഹലോദി’ എന്നാണിതറിയപ്പെടുന്നത്. കുട്ടികളും യുവതീയുവാക്കളുമെല്ലാം ഇതൊരാഘോഷമാക്കി മാറ്റാറുണ്ട്. എന്നാൽ അസമിലെ എല്ലാ വിഭാഗം മുസ്ലിങ്ങളും ഈ രീതി പിൻ തുടരുന്നില്ല. ഇതുപോലൊരു ചടങ്ങ് ‘പാനി തുല’ എന്ന പേരിൽ ഹിന്ദുക്കൾക്കിടയിലുമുണ്ട്. വരന്‍റെയും വധുവിന്‍റെയും അമ്മമാരാണ് അടുത്തുള്ള ഒരു ജലസ്രോതസ്സിൽ നിന്ന് കുളിപ്പിക്കാനുള്ള വെള്ളം കൊണ്ടുവരുന്നത്. കല്ല്യാണപ്പാട്ട് പാടി കടുംബാംഗങ്ങളായ സ്ത്രീകൾ അവരെ അനുഗമിക്കുകയും ചെയ്യും.

ഭക്ഷ്യവിഭവങ്ങളിലുമുണ്ട് വൈവിധ്യങ്ങളേറെ. ഭക്ഷണ വിതരണത്തിന് ഇലയിട്ടത് കണ്ടപ്പോഴാണ് ശരിക്കും അതിശയിച്ചു പോയത്. വിവാഹത്തിന് വാഴയിലയിൽ ആഹാരം കഴിച്ചല്ലേ നമ്മുടെ ശീലം. ഇവിടെ ചെറിയ ഇലകൾ വൃത്താകൃതിയിൽ ചേർത്ത് വച്ച് ഈർക്കിൽ കുത്തി ഉറപ്പിച്ച് ഉണക്കിയെടുത്തതിലാണ് വിഭവങ്ങൾ വിളമ്പുന്നത്. ഇന്നത്തെ പേപ്പർ പ്ലേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയെ ഇലപ്ലേറ്റുകൾ എന്നു വിളിക്കാം. സാൽ വൃക്ഷം, പ്ലാശ്, ആൽ തുടങ്ങിയവയുടെ ഇലകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതത്രേ. ഇലകൾ മെഷീനുകൾ ഉപയോഗിച്ച് തുന്നിച്ചേർത്ത ശേഷം പ്രസ്സ് ചെയ്ത് ഭംഗിയാക്കിയാണ് ഇന്ന് ഇത്തരം പ്ലേറ്റുകൾ വിപണിയിലെത്തിക്കുന്നത്.

വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലെ ഏവരേയും ആകർഷിക്കുന്ന പ്രകൃതി വിസ്മയങ്ങളും പാരമ്പര്യങ്ങളും സാംസ്കാരിക സമൃദ്ധിയുമെല്ലാം ഉൾച്ചേരുമ്പോഴാണ് നമ്മുടെ രാജ്യം സമാനതകളില്ലാത്ത വൈവിധ്യങ്ങളുടെ നാടായി മാറുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു വർഷം നീണ്ട അധ്യാപക പരിശീലനം അസമിലെ സാംസ്കാരികവൈവിധ്യങ്ങളെ തിരിച്ചറിയാനുള്ള ഒരവസരം കൂടിയായിരുന്നു.

(തുടരും…)

കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like