മലങ്കാട്ടിൽ എവിടെയോ അറുകൊലക്കാർ ഒളിച്ചിരിക്കുന്നവെന്ന് രഹസ്യ വിവരം നഗര കാവൽക്കാർക്ക് ലഭിച്ചു. അജപാലകരുടെ കാലടികളെ പിൻതുടർന്ന് നടന്നു. അവർ മുകളിലേയ്ക്ക് നോക്കി. മലമുകൾ പ്രഭാതമഞ്ഞിൻ്റെ പിടിയിൽ അമർന്നിരിക്കുന്നു. പക്ഷേ ഇടയരുടെ ചില കൂടാരങ്ങൾ ആ മഞ്ഞിനു മീതെ തല ഉയർത്തി നോക്കിയിരുന്നു.
അവർ നടന്നു.
മലഞ്ചെരിവിലെ മരങ്ങൾക്കിടയിൽ ഇരുണ്ട നിഴലുകൾ ഇരക്കായി കാത്തിരുന്നു. കാവൽക്കാരുടെ കൈ വാൾപിടിയിൽ അമർന്നു.. കാട്ടുമൃഗങ്ങളെക്കാൾ കൗശലമാണ് ആട്ടിടയർക്ക്…
അവർ മലമുകളിൽ എത്തി. പക്ഷേ കൂടാരങ്ങൾ ശൂന്യമായിരുന്നു. മുറ്റത്ത് ചെവി കേൾക്കാത്ത കിഴവി ഇരുന്നിരുന്നു. അവരോട് സംസാരിച്ച് ദിവസം തുലയ്ക്കാൻ അവർ മിനക്കെട്ടില്ല.
ഘാതകരെ ശപിച്ചു കൊണ്ട് അവർ മലയിറങ്ങി.
മലഞ്ചെരിവിൽ ആടിനെ മേച്ചിരുന്ന ബാലൻ ഊറിച്ചിരിച്ചു.
കാട്ടാടുകളുടെ ശിലകൾക്കു മുമ്പിലെ വഴിയിലൂടെ ബാലൻ നടന്നു. കയ്യിലെ ഭക്ഷണപ്പൊതി മറച്ചു പിടിച്ചിരുന്നു. വഴിയരികിലെ ആട്ടിൻ തൊഴുത്തിനു മുന്നിൽ എന്തോ അടയാളം കണ്ടതു പോലെ നിന്നു. അവൻ ചുറ്റും പാടും നോക്കി. കാട്ടുപാത ശൂന്യമാണ്. തൊഴുത്തിൽ പൊതിവെച്ചിട്ട് അവൻ മടങ്ങി. അൽപനേരം കഴിഞ്ഞപ്പോൾ അതിനടുത്തുള്ള ഒരു ഗുഹയിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു. ആ പൊതി എടുത്തു കൊണ്ട് അയാൾ അകത്തേക്ക് കയറിപ്പോയി.
ഗുഹയിലെ അരണ്ട വെളിച്ചത്തിൽ നാതാൻ പൊതിയഴിച്ചു. ബാർലിയപ്പം കണ്ട് മടുപ്പ് തോന്നി. എന്നാണ് കോതമ്പ് അപ്പം ഭക്ഷിക്കുക ? അയാൾ നെടുവീർപ്പെട്ടു. ആ ഗുഹയിൽ കിടന്നിരുന്ന ചെറുപ്പക്കാർ എഴുന്നേറ്റു. അവർ ആർത്തിയോടെ ഭക്ഷിച്ചു. പിന്നെ നിശബ്ദരായി കിടന്നു. നാതാന് വിശപ്പ് തോന്നിയില്ല. കണ്ണടച്ചാൽ ചോരയിൽ കുതിർന്ന രാത്രിദേവൻ്റെ പൂജാരിമാരാണ് മുന്നിൽ . റബി പഠിപ്പിച്ച പ്രാർത്ഥനകൾ നൂറ്റിയൊന്ന് ആവർത്തിച്ചു. ദേവാലയ സങ്കീർത്തനം ഉറക്കെ ചൊല്ലി. പക്ഷേ ആ ഭീകര കാഴ്ച പോയ്മറയാൻ വിസമ്മതിച്ചു. ഒടുവിൽ ഗുഹയുടെ മൂലയിലിരുന്ന വീഞ്ഞുപാത്രം കാലിയാക്കിയപ്പോഴാണ് അത് അൽപ്പം മങ്ങിയത്. പിന്നെ അയാൾ മദ്യപനെപ്പോലെ ബോധം കെട്ടുറങ്ങി.
കാട്ടുശിലകളുടെ ഇടയിലൂടെ ഒരു അരുവി ഒഴുകിയിരുന്നു. ആകാശത്തിലെ വെള്ളിമേഘത്തുണ്ടുകൾ ചിലപ്പോൾ അരുവിയിൽ വീണിരുന്നു. അവയെ കൊത്തി വിഴുങ്ങാൻ പരൽമീനുകൾ ഒളിച്ചിരുന്നു. മീനുകളെ കാണാൻ ചെറുപ്പുക്കാരനു മോഹം തോന്നി. അയാൾ മറഞ്ഞിരുന്നു. ഇലകൾക്കിടയിൽ ഒരു ജോടി കണ്ണുകൾ തിളങ്ങിയത് അയാൾ കണ്ടില്ല. അരുവിയിലെ ജലം ചുവന്നു.
പുള്ളിപ്പുലിയുടെ ദംഷ്ടങ്ങൾ ആ ശരീരത്തിൽ ആഴ്ന്നിരുന്നു. കാട്ടുശിലകളിൽ ചോരത്തുള്ളികൾ തെറിച്ചു വീണു.
നാതാന്റെ മുഖം പ്രഭാതം പോലെ വിളറി.
വിതുമ്പലോടെ കൂട്ടുകാരനെ അവർ അടക്കി. മണ്ണിട്ടു മൂടി പിന്നെ ശിലാസ്തംഭം സ്ഥാപിക്കുമ്പോൾ ഉള്ളിൽ സംശയിച്ചു.
രാത്രിദേവന്റെ ശാപമാണോ?
ഗുഹയിലെ ഇരുട്ടിൽ രണ്ടു കണ്ണുങ്ങൾ തിളങ്ങി. രാപ്പക്ഷിയുടെ ചിറകടിയിൽ അവരുടെ കരങ്ങൾ വിറച്ചു. ഭയം ഗുഹയിലേക്ക് അരിച്ചിറങ്ങുന്നത് അവർ തൊട്ടറിഞ്ഞു. തിരുനാമ ജപങ്ങൾ ഓരോന്നായി അവർ ചൊല്ലിത്തുടങ്ങി. അൽപ്പം സമാധാനം തോന്നി. പക്ഷേ രാത്രിയിൽ ദുസ്വപ്നങ്ങൾ കണ്ട് അലറി വിളിച്ചു. അവർക്ക് ഉറക്കവും നഷ്ടപ്പെട്ടു… ഒരു ഇലയനങ്ങിയാൽ ഞെട്ടി വിറയ്ക്കുമെന്നായി. കാതോർത്ത് ഇരുട്ടിൽ അവർ കിടന്നു.
ഉച്ചയ്ക്ക് നാതാൻ പൊതി അഴിച്ചു. അപ്പവും ഇറച്ചിയും. മലഞ്ചെരിവിൽ ആടുകളുടെ രോമം കത്രിക്കുന്നതിന്റെ ശബ്ദങ്ങൾ കേട്ടിരുന്നു. അയാൾ ഇറച്ചിയിലേക്ക് ഒന്നു നോക്കി. മനം പുരട്ടി. അയാൾ പുറത്തേക്ക് ഓടിപ്പോയി ഛർദ്ദിച്ചു. പിന്നീട് ആ കറിയിലേക്ക് ഒന്നു തിരിഞ്ഞുനോക്കാൻ പോലും മടിച്ചു. നതാന് വിശപ്പ് കെട്ടിരുന്നു. കൂട്ടുകാർ നിർബന്ധിച്ചപ്പോൾ അപ്പത്തിൽ ഒന്നു കടിച്ചു. പിന്നെ താഴ്‌വരയിലേക്ക് അത് വലിച്ചെറിഞ്ഞു.
സായാഹ്നത്തിൽ അവർ ഗുഹയുടെ പുറത്ത് ഇറങ്ങി കാറ്റുകൊണ്ടു. രാത്രിയാകുന്നതുവരെ ചക്രവാളത്തിലേക്ക് വെറുതെ നോക്കിയിരുന്നു. പക്ഷികൾ മടങ്ങുന്നത് കണ്ട് വിഷാദചിത്തരായി ….
പശ്ചിമാംബരം ചുവന്നു. അവർ ഗുഹയിലേക്ക് മടങ്ങി. നേരം ഇരുട്ടിയിട്ടും ഉറക്കം വന്നില്ല. ഒന്നു മയങ്ങിയാൽ , ഒന്നു കണ്ണടച്ചാൽ രാത്രി ദേവന്റെ രൂപമാണ് കൺമുമ്പിൽ തെളിയുന്നത്. അവർക്ക് വല്ലാത്ത മടുപ്പ് തോന്നി.
ഒരിക്കൽ കൂടി നാതാൻ പ്രാർത്ഥനകൾ ചൊല്ലി. അവർ അത് ഏറ്റുചൊല്ലി.പക്ഷേ മനസ്സ് മറ്റൊരിടത്തായിരുന്നു. രാത്രി വൈകിയപ്പോൾ അവർ തമ്മിൽ തമ്മിൽ തർക്കിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. കൂട്ടുക്കാരെ ശാന്തരാക്കാൻ നാതാനു കഴിഞ്ഞില്ല.
ഒരാൾ പറഞ്ഞു.
“രാജാവ് നമ്മളെ ശിക്ഷിക്കും. അതിനു മുമ്പായി വീട്ടിൽ ഒന്ന് പോകണം. ഭാര്യയെ കെട്ടിപ്പിടിച്ച് ഉറങ്ങണം”
“മകനെ വാരിപുണരണം “
അവർ ഒന്നു ചേർന്നു. രാവിലെ ഓരോരുത്തരായി യാത്ര പറഞ്ഞു.
അവരെ പിൻതിരിപ്പിക്കാൻ നാതാനു കഴിഞ്ഞില്ല. തനിച്ചായപ്പോൾ അയാൾക്ക് കഠിനമായ ഭയം തോന്നി. ഉച്ചയായപ്പോൾ സഞ്ചിയെടുത്ത് തോളിലിട്ടു. പിന്നെ ഗുഹയിൽ നിന്നിറങ്ങി. കാട്ടുപാതയിലൂടെ നടക്കുമ്പോൾ ഒരു ആട്ടിൻകുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. നാതാൻ തരിച്ചു നിന്നു. അയാൾ നഗരത്തിലേയ്ക്ക് നടന്നു.
നഗരത്തിൽ ഇരുൾ വീണു. സായാഹ്‌നത്തിന്റെ മറവിൽ നാതാൻ കൊട്ടാരത്തിൽ എത്തി. പുത്രനെ കണ്ട് ബെത് ശേബ സങ്കടപ്പെട്ടു. പാറി പറക്കുന്ന ചെമ്പിച്ച മുടിയും പഴന്തുണി പോലത്തെ മുഷിഞ്ഞ മേലുടുപ്പും വാർ പൊട്ടിയ ചെരുപ്പും കണ്ടപ്പോൾ അരിശമാണ് തോന്നിയത്. പിന്നെ കണ്ണുകളിൽ അടിഞ്ഞു കൂടിയ വിഷാദം കണ്ട് കരൾ നെടുകെ പിളർന്നു.
‘ദൈവമേ, എന്തൊരു കോലമാണിത്?
അവർക്ക് കരച്ചിൽ വന്നു.
പെട്ടെന്നുള്ള ആ വിങ്ങിപ്പൊട്ടലിൽ നാതാൻ്റെ ഹൃദയത്തിലെ മഞ്ഞുരുകി. മനസ്സിലെ വേദനയും വിദ്വേഷവും അലിഞ്ഞില്ലാതെയായി. അയാളൊരു ശിശുവായി. പൈദാഹങ്ങളാൽ വലഞ്ഞു.
“അമ്മേ, വല്ലാതെ വിശക്കുന്നു…”
കണ്ണീർ തുടച്ചുകൊണ്ട് ബെത്ശേബ അകത്തേക്ക് പോയി.
വെള്ളിപ്പാത്രത്തിൽ അപ്പം വിളമ്പി, ആർത്തിയോടെ കഴിക്കുന്ന മകനെ നോക്കി അടുത്തിരുന്നു. ഭക്ഷണ ശകലങ്ങൾ പാത്രത്തിന് പുറത്തേക്ക് തെറിച്ചു വീണു. അവൾ ഓർത്തു.
എത്ര വെടിപ്പായിട്ടാണ് ചെറുപ്പത്തിൽ ഈ ചെക്കൻ നടക്കുകയും എടുക്കുകയും ചെയ്തിരുന്നത്. പക്ഷേ മുതിർന്നപ്പോൾ ഒരു ശ്രദ്ധയും ഇല്ലെന്നായി. അവൾ സങ്കടപ്പെട്ടു.
“കുഞ്ഞേ നിൻ്റെ കാര്യം ഓർക്കൂമ്പോൾ എനിക്ക് ഉറക്കം വരുന്നില്ല”
“ഉം,..”
അയാൾ മൂളി.
“നിൻ്റെ ഒരു പുത്രനെ കണ്ടിട്ടു കണ്ണടയ്ക്കാൻ ഈ അമ്മക്ക് കഴിയുമോ?”
നാതാൻ ചിരിച്ചു.
അക്സ രാജകുമാരിയുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ അവളെ മറക്കാൻ കഴിയുന്നില്ല. ഇന്നും കൂട്ടിലിട്ട വെരുകിനെപ്പോലെ അലയുന്നു.
ഭക്ഷണം മതിയാക്കി നാതാൻ എഴുന്നേറ്റു. അപ്പം കഴിക്കുമ്പോൾ രാജാവിന്റെ കാവൽക്കാർ വലിച്ചിഴച്ച അദോനിയാഹുവിനെ ഓർമ്മ വന്നു. അയാൾക്ക് ഭയം തോന്നി. കൊട്ടാരത്തിൽ നിന്ന് പോകുകയാണ് നല്ലത്. എന്തിന് അമ്മയെ സങ്കടപ്പെടുത്തണം?
കണ്ണീർ പോലും ഹിമകണമാകുന്ന തണുപ്പാണ് പുറത്ത് . അതിനെ മറയ്ക്കുന്ന ഇരുട്ടും. ആ ഇരുട്ടിലേക്ക് ഓടിയൊളിക്കാൻ മോഹിച്ചു. അയാൾ മുറിയിലേക്ക് നടന്നു.
സഞ്ചിയിൽ വസ്ത്രങ്ങൾ കുത്തി നിറയ്ക്കുന്നതു കണ്ട് അമ്മ ചോദിച്ചു.
“ഈ ഇരുട്ടത്ത് തന്നെ പോകണമോ കുഞ്ഞേ? നേരം വെളുത്തിട്ട് പോയാൽ പോരേ?”
അയാൾ ദയനീയമായി നോക്കി.
ചന്തയിൽ കൊല്ലാൻ കൊണ്ടു പോകുന്ന ഒരാടിനെ അവൾ കണ്ടു. അവൾ മകനെ മാറോട് ചേർത്തു.
നാതാൻ കരഞ്ഞു.
അകലെ മലമുകളിൽ നിന്ന് മഞ്ഞ് പെയ്തുകൊണ്ടിരുന്നു. ബെത് ശേബയുടെ മാറിടം നനഞ്ഞു കുതിർന്നു.
താഴ് വരയിൽ ഇരുട്ടുവീണു. ശലോമോൻ താഴ് വരയിലേക്ക് നോക്കി.
രാജ്യഭാരത്തിൻ്റെ ക്ലേശങ്ങൾ മനസ്സിനെ മഥിക്കുമ്പോൾ രാജാവ് പുറം വാരത്തിൽ ഇളവേറ്റിരിക്കുക പതിവാണ് . അദ്ദേഹം ഓർത്തു. വടക്കരെ തോൽപ്പിച്ചതോടെ എല്ലാം ശാന്തമായെന്നാണ് വിചാരിച്ചത്.. പക്ഷേ താഴ് വരയിലെ ഈജിപ്തുകാരുടെ കൂട്ടക്കൊല അതെല്ലാം തെറ്റിച്ചു. ചരക്കുകൾ കെട്ടിപ്പെറുക്കി നാട്ടിലേക്ക് മടങ്ങാൻ ഒട്ടകങ്ങളെ കരാറാക്കി.
രാജാവ് മൂപ്പനെ വിളിച്ചു വരുത്തി.
“ആരും മടങ്ങരുത്, ഞാൻ നഷ്ടപരിഹാരം ചെയ്യാം.”
മൂപ്പൻ പറഞ്ഞു.
“സ്വർണ്ണമോ വെള്ളിയോ ലഭിച്ചാൽ രാജാവേ , ഞങ്ങളുടെ ദുഃഖം മാറില്ല.”
രാജാവ് ആ കണ്ണുകളിൽ സൂക്ഷിച്ച് നോക്കി. അത് ചുവന്നിരുന്നു. വീഞ്ഞും വൈരവും ഒരു പോലെയാണ്. പഴകും തോറും വീര്യം കൂടും.
താഴ് വരയിലെ ഇരുട്ട് മലമുകളിലേക്ക് കയറുകയാണ് . ഇരുട്ടിന്റെ കുതിര……അതിന്റെ പുറത്തുകയറി നിശ്ശബ്ദത കുളമ്പൊച്ചയില്ലാതെ സഞ്ചരിക്കുകയാണ്.
പുറം വാരത്തിലിരുന്ന സിദോനിയ റാണി കീഴ്ച്ചുണ്ടു് നനച്ചു. പിന്നെ ഒന്നു കടാക്ഷിച്ചു. രാജാവിൻ്റെ ഉന്മേഷം വീണ്ടെടുക്കാൻ ഒരു ശ്രമം. പക്ഷേ രാജാവ് അത് ഗൗനിച്ചതേയില്ല. പകൽ കടന്നു വരാൻ മടിക്കുന്ന ഇരുട്ടിനെ നോക്കി അയാൾ ഇരുന്നു.
റാണിയുടെ ശ്വാസത്തിന് ചെമ്പടുപ്പിന്റെ ചൂടുണ്ടായിരുന്നു. രാജാവിന്റെ പിൻകഴുത്തിൽ തീനാമ്പു തൊട്ടു. രാജാവ് അറിഞ്ഞില്ല. ശരീരം ഹിമം പോലെ മരവിച്ചിരുന്നു.
ശാറോനിലെ പനീർപ്പൂവിൻ്റെ മുഖം വാടി. അവൾ പകർന്ന വീഞ്ഞു കുടിക്കാനും ശലമോൻ മടിച്ചു. അവൾ ഇരുട്ടിലേക്ക് നോക്കി. എന്താണിത്ര കാര്യമായിട്ട് നോക്കുന്നത്?
കൊട്ടാര മുറ്റത്ത് ഒരു വെളിച്ചം റാണി കണ്ടു.
അൽപ സമയം കഴിഞ്ഞപ്പോൾ വാല്യക്കാരി ഉണർത്തിച്ചു.
“പ്രഭോ, രാജമാതാവ് അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു.”
രാജാവ് എഴുന്നേറ്റു നടന്നു.
രാത്രിയിൽ രാജമാതാവ് വന്നതിൽ റാണിക്ക് അത്ഭുതം തോന്നിയില്ല. ആകാശം പോലെയാണ് ബെത്ശേബ. അനുനിമിഷം മാറിമറിയുന്നതാണ് ആ അന്തരംഗം ! രക്ഷിക്കാനാണോ അതോ ശിക്ഷിക്കാനാണോ തമ്പുരാട്ടിയുടെ പുറപ്പാട് ?
അഗ്നികുണ്ഡത്തിലേക്ക് രണ്ട് വിറകുതുണ്ടുകൾ വലിച്ചെറിഞ്ഞിട്ട് സിദോനിയ റാണി കാതോർത്തു.
ബെത് ശേബയുടെ പുറംകുപ്പായം നനഞ്ഞിരുന്നു. കുപ്പായം അഴിച്ചു മാറ്റിയപ്പോൾ തെല്ലാശ്വാസം തോന്നി. കൈകാലുകൾ മരവിച്ചിരുന്നു.
തണുപ്പു മാറ്റാൻ രാജാവ് അമ്മയെ ക്ഷണിച്ചു. തീക്കുണ്ഡത്തിനരികെ ബെത് ശേബ ഇരുന്നു. കുറച്ചുനേരം വിറക് തുണ്ടിന് തീപിടിക്കുന്നത് നോക്കി . ആ മുടിയിഴകൾ ചെമ്മരിയാടിന്റെ രോമങ്ങൾ പോലെ വെളുത്തിരുന്നു. ഒരു കവിൾ വീഞ്ഞ് നുണഞ്ഞിട്ട് അവർ പറഞ്ഞു.
“എനിക്ക് നിന്നോട് ഒരു അപേക്ഷയുണ്ട്. “
ശലമോൻ ശിരസ്സാട്ടി.
“അമ്മ പറയുക.”
“രാജാവായി സിംഹാസനത്തിൽ ഉപവിഷ്ടനായ നാൾ എനിക്ക് ഒരു വാക്ക് തന്നിരുന്നു.”
സഹോദരർ അധികാരത്തിനു വേണ്ടി പോരടിക്കുകയും ഒന്ന് മറ്റൊന്നിനെ കൊല്ലുകയും ചെയ്യുന്ന ഗോത്രപ്പക. ആ പകയിൽ തന്റെ മക്കൾ ഒരിക്കലും മരിക്കരുത്. ബെത്ശേബക്ക് അന്ന് ഒരു ഉപായം തോന്നി. പുത്രന്മാരെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു .
ശലമോൻ ഓർത്തു പറഞ്ഞു.
“എത്ര വലിയ അപരാധം ചെയ്താലും ഭ്രാതൃഹത്യ അരുത് “.
ബെത്ശേബ പറഞ്ഞു.
“നാതാൻ നിൻ്റെ സഹോദരനാണ്. “
രാജാവ് പറഞ്ഞു.
“നാതാൻ എൻ്റെ അനുജനാണ്. “
പുത്രൻ്റെ കരം ചുംബിച്ച് അവൾ വസതിയിലേക്ക് യാത്രയായി. വിറകു തുണ്ടുകൾ ആളി പടരുന്നത് നോക്കി രാജാവ് ഇരുന്നു. .
രാത്രി വൈകിയപ്പോൾ സിദോനിയ റാണി മുറിക്കകത്തേക്കു പോയി. കരിമ്പടത്തിന്റെ സുഖകരമായ ചെറുചൂടേറ്റപ്പോൾ സുഷുപ്തിലായി. രാജാവ് അഗ്നികുണ്ഡത്തിന്റെ അരികിൽ തന്നെ ഇരുന്നു . നിദ്രാദേവത തലോടാൻ വിസമ്മതിച്ചു.
അയാൾ പള്ളിമഞ്ചത്തിലേക്ക് നോക്കി.
റാണി ഗാഢനിദ്രയിലാണ്.
എല്ലാം മറന്ന് ഉറങ്ങുക, സന്തോഷിക്കുക, ആനന്ദിക്കുക. അവയേക്കാൾ ശ്രേഷ്ഠമായി ഈ ലോകത്തിൽ എന്താണുള്ളത്?
രാജാവ് ആലോചനയിലാണ്ടു.
തിന്നുന്നതിലും കുടിക്കുന്നതിലും പ്രയത്നങ്ങളിൽ ആഹ്ലാദിക്കുന്നിലും കവിഞ്ഞ് ഈ ലോക ജീവിതത്തിൽ മറ്റൊന്നുമില്ല. പക്ഷേ കുറച്ചുപേർ അങ്ങനെയല്ല. അവർ ഇരുട്ടിൻ്റെ സന്തതികളാണ് ! മനുഷ്യരുടെ ചോരയ്ക്കായി ദാഹിക്കുന്ന ചെന്നായ്ക്കൾ. അവർക്ക് മനുഷ്യരല്ല മുഖ്യം ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് . ഭൂമിയുടെ സൗന്ദര്യം നശിപ്പിക്കുന്ന കാപാലികർ……
പുലർച്ചെ കോട്ടയിലെ ഗോപുരത്തിൽ ഒന്നാം കൊമ്പുവിളി മുഴങ്ങി.
രാജാവു കാതോർത്തു. കാൽപ്പെരുമാറ്റങ്ങൾ …. കാവൽക്കാർ മാറുന്നതിൻ്റെ ശബ്ദങ്ങൾ .പിന്നെ കുന്തത്തലകൾ ഇടിക്കുന്നതിന്റെ ഒച്ച. ക്രമേണ അവ എല്ലാം നിലച്ചു. ഒരിക്കൽ കൂടി നിശബ്ദതയുടെ ശൂന്യത പടർന്നു.
രാജാവ് ഓർത്തു ഒരുകാലത്ത് കാനാൻ ദേശമാകെ ഭാതൃഹത്യകളായിരുന്നു. കൊല്ലാനും ചാകാനും മടിയില്ലാത്ത ഗോത്രഭ്രാന്ത്. എത്രയേറെ ചൂടുനിണമാണ് ഒഴുകിയത്. ഒരു നാൽക്കാലിയുടെ വില പോലും അന്ന് മനുഷ്യജീവനില്ലായിരുന്നു. യോർദാൻ നദി അന്ന് ചുവപ്പായിരുന്നു.
എന്നാൽ ഇന്ന് ആ നദിയുടെ നിറം മഞ്ഞ് പോലെയാണ്.. ആ തെളിനീരിലേക്ക് ഈ മരുഭൂമിയിലെ മാലിന്യങ്ങളെ ഒലിച്ചിറങ്ങാൻ അനുവദിച്ചു കൂടാ….
ജലജീവിജാലങ്ങൾ ചത്തുമലയ്ക്കുന്ന ചാവുകടലിന്റെ ദുരന്തം രാജാവ് അറിയാതെ ഓർത്തു പോയി.
രാത്രിദേവൻ്റെ പുരോഹിതരെ വധിച്ച റബിയുടെ ശിഷ്യൻമാരെ രാജാവ് ശിക്ഷിച്ചു. അവരെ കഴുവിലേറ്റി. മതദ്വേഷം പ്രചരിപ്പിച്ച റബിയെയും വെറുതെ വിട്ടില്ല. നഗരത്തിലെ കൽത്തുറുങ്കിൽ അടച്ചു. മാതൃപ്രതിജ്ഞ ഓർത്ത് സഹോദരന്റെ ജീവൻ എടുത്തില്ല പക്ഷേ വേരോടെ പിഴുതുമാറ്റി. നാതാനെ നാടു കടത്തി. ഒരു തരത്തിൽ അത് മരണം തന്നെയാണ് !
നഗരത്തിലെ ഈജിപ്തുകാർ തൃപ്തരായി.
പക്ഷെ, തുത് മോസക്ക് കടുത്ത ഇച്ഛാഭംഗം തോന്നി. എന്നാൽ ഈ ശിക്ഷയെ പറ്റി ഗുണമോ ദോഷമോ അവൾ പുറത്ത് ആരോടും പറഞ്ഞില്ല. ഒരിക്കൽ കൂടി വഞ്ചിക്കപ്പെട്ടതു പോലെ .വാതിൽ അടച്ച് കിടക്കയിൽ ഇരുന്നു. തോഴി വഴക്കിട്ടു.
“ഇത് ഭ്രാന്താണ് റാണീ. “
റാണി പറഞ്ഞു.
“അതെ , ഭ്രാന്താണ്. എൻ്റെ മനസ്സിലെ ദുഖാഗ്നി അണയ്ക്കാൻ ആവുന്നില്ല.”
തോഴി സഹതപിച്ചു.
“രാജാവിന് എന്തു ചെയ്യാനാകും ? സ്വന്തം രക്തമായി പോയില്ലേ !”
അവൾ പറഞ്ഞു.
“ആ കശ്മലൻ എൻ്റെ പ്രാണനാണു് നിലത്തൊഴിച്ചത്.”
തോഴി പറഞ്ഞു.
“നമ്മൾക്ക് എന്ത് ചെയ്യാനാകും.?”
റാണി പറഞ്ഞു.
” ഈജിപ്തിനെ ശലമോന് അറിയില്ല. ശത്രുവിന് ഫറവോ ഒരിക്കലും മാപ്പ് കൊടുക്കാറില്ല.”
പ്രഭാതത്തിൽ അവൾ പുറത്തിറങ്ങി .കൊട്ടാരത്തിനു പിന്നിലെ ഓക്കുമരങ്ങൾക്കിടയിൽ തനിച്ച് നടന്നു . മരച്ചില്ലകളിൽ നിന്ന് അടരുന്ന തുഷാരമേറ്റ് കുറെ നേരം നിന്നു . പുലർമഞ്ഞിൽ ആ ശിരസ്സും കറുനിരകളും നനഞ്ഞുകുതിർന്നു. ആ ഹൃദയത്തിലെ അഗ്നിയെ അണയ്ക്കാൻ മഞ്ഞിനു കഴിഞ്ഞില്ല. റാണിയുടെ കണ്ണിൽ നിന്ന് തീപ്പൊരി പറന്നു.
തോഴി അമ്പരുന്നു..
ശീതകാലം കഴിയാറായി. മഴ നിലച്ചിരുന്നു. ഭൂമിയിലാകെ പൂക്കൾ പ്രത്യക്ഷപ്പെട്ടു. ഗോപുര മുകളിൽ മാടപ്രാവുകളുടെ കുറുകലും കേട്ടുതുടങ്ങി.വസന്ത വിരുന്നിനായി അന്ത:പുരം അണിഞ്ഞൊരുങ്ങി. റാണിമാർക്ക് വേവലാതിയായി. പുഷ്പകാല വിരുന്നിൽ എന്താണ് ധരിക്കുക?
പ്രൗഢിക്കും സ്ഥാനത്തിനും ചേരും വിധത്തിലുള്ള പുത്തൻ ഉടുപ്പുകൾ തുന്നിച്ചിരുന്നു. പക്ഷേ ഫറവോയുടെ പുത്രിയെ അതിശയിക്കാൻ ഒരിക്കൽ പോലും അവർക്ക് കഴിഞ്ഞില്ല.
അവർ അസൂയപ്പെട്ടു.
ഈജിപ്ത് ഭവനത്തിലെ പരിചാരികയെ വിളിച്ച് മോവാബ് റാണി സൽക്കരിച്ചു. പിന്നെ റാണിയുടെ ഉടുപ്പിനെക്കുറിച്ച് ആരാഞ്ഞു.
” റാണി വിലാപത്തിലാണ്….”
മോവാബ്റാണി അമ്പരുന്നു.
വസന്തവിരുന്നിലേയക്ക് രാജാവ് തൻ്റെ പ്രിയപ്പെട്ട സ്നേഹിതരെയും ക്ഷണിച്ചിരുന്നു. അത് ഒരു ബഹുമതിയായി കരുതപ്പെട്ടിരുന്നു.
അസ് മേദേവൂസിനും ഒരു പത്രിക ലഭിച്ചു. അയാൾ സന്തുഷ്ടചിത്തനായി. പരിചാരികമാർ പറഞ്ഞ അന്തപ്പുര ക്കാഴ്ച്ചകൾ കേട്ടിരുന്നു. അവ കാണാൻ ഏറെ മോഹിച്ചു. വിരുന്നിൽ പങ്കെടുക്കാനായി വിലയേറിയ ഉടുപ്പുകൾ വാങ്ങി ധരിച്ചു.
അതിഥികളെ ആനയിക്കാനായി രാജഷണ്ഡർ എത്തി. വിരുന്നുശാലയിലേക്ക് അയാളെ കൂട്ടിക്കൊണ്ടു പോയി. അസ് മേദേവൂസിന്റെ വേഷം കണ്ട് പരിചാരികമാർ പുഞ്ചിരിച്ചു. അന്തഃപുരത്തിലെ കാഴ്ചകൾ വിസ്തരിച്ചു കാണാൻ അയാൾ മോഹിച്ചു.
രാജാവിന്റെ ഭാര്യമാരെ അടുത്ത് കാണണം. ഇത്തിരി നാളായുള്ള ഒരാഗ്രഹമാണ്. ശില്പങ്ങളുടെ കൊത്തുപണി കാണാനെന്ന ഭാവേന അന്ത:പുരത്തിൽ ചുറ്റിനടന്നു.
വാതിലില്ലാത്ത ഒരു സ്ഥലത്തുചെന്നു തലമുട്ടി പിന്തിരിയേണ്ടിവന്നു.
വിചാരിപ്പുകാരൻ മന്ദഹസിച്ചു. കൊട്ടാര ശില്പിയായ ഹൂറാം അബീ അന്തഃപുരത്തിൽ പലവിധ വിദ്യകളും കാട്ടിയിരുന്നു. അന്ത:പ്പുരത്തിലെ കന്യകമാർ ചിരിച്ചു. തുറന്നിട്ട വാതിൽക്കൽ ചെന്ന് വാതിലടച്ചിരിക്കുന്നുവെന്നു വിചാരിച്ച് പിന്നോക്കം ചെന്ന് മാറിപ്പോന്നു. ഇങ്ങനെ പല വിധ അമളികളും അസ് മേദേവൂസിന് വിരുന്നിനിടയിൽ പറ്റിയിരുന്നു. അത് പറഞ്ഞ് രാജാവ് കളിയാക്കി. മഹാറാണി ചിരിച്ചപ്പോൾ അയാളുടെ മുഖം കടന്നൽ കുത്തേറ്റതു പോലെ കരിവാളിച്ചു.
വസന്ത കാലത്ത് യെറുശലേമിനു പുറത്ത് കുറച്ചു ദിവസങ്ങൾ രാജാവ് ചെലവഴിക്കാറുണ്ടായിരുന്നു . അപ്പോൾ യുവരാജാവാണ് രാജകാര്യങ്ങൾ നോക്കിയിരുന്നത്.. ശാറോനിലും എൻകേദിയിലും ശലമോൻ പ്രേയസിമാരോടത്ത് വിഹരിച്ചു. എന്നാൽ ഹെർമോനിൽ പൊഴിയുന്ന തുഷാരമാണ് രാജാവിനെ ഏറെ വിസ്മയിപ്പിച്ചത്.
യോർദ്ദാന് കിഴക്ക്, സൂര്യോദയത്തിൻ്റെ ദിക്കിൽ ഒരു ഒഴിവുകാലം രാജാവ് തീർച്ചയാക്കി. സദാ തുമഞ്ഞുതൂകുന്ന ഹെർമോനിൽ കുളിരാൻ ശലോമോൻ മോഹിച്ചു. ഒഴിവുകാലം ചെലവഴിക്കാൻ രാജാവ് റാണിമാരെയും ക്ഷണിച്ചിരുന്നു. തുത് മോസ റാണിയെ ക്ഷണിച്ചു. കൊട്ടാരത്തിൽ നിന്ന് കുറച്ചു നാൾ മാറി നിന്നാൽ ഒരു പക്ഷേ റാണിയുടെ മനോദുഃഖം മാറിയേക്കുമെന്ന് വിചാരിപ്പുകാരൻ ഉപദേശിച്ചു.
ശിശിരത്തിൽ ഹെർമോനിലെ അരുവികൾ പാൽക്കട്ടി പോലെ വെളുത്തിരുന്നു. പക്ഷേ ഗ്രീഷ്മത്തിൽ അത് പാലരുവിയായി. വെള്ളച്ചാട്ടങ്ങളൂടെ ഇടിമുഴക്കങ്ങളാൽ താഴ്വരകൾ മുഖരിതവും. സിയോൻ താഴ്വരയിലെത്തിയപ്പോൾ രാജാവ് മഞ്ചലിൻ്റെ വിരിമാറ്റി. വയലിലെ ലില്ലിപ്പൂക്കൾക്കിടയിൽ മാൻകുട്ടികൾ മേയുന്നു. കലമാൻ പച്ചക്കുന്നുകൾ ചാടി കടക്കുന്നു. ശലമോൻ്റെ കണ്ണുകൾ തിളങ്ങി. പക്ഷേ തുത് മോസ റാണിയുടെ മുഖം തെളിഞ്ഞില്ല.
കരിമേഘം മൂടിയ മാനം പോലെ …
വെയിലാറും വരെ, നിഴലുകൾ പറന്നകലും വരെ മീറാ പർവ്വതത്തിൽ ശലമോൻ ചെന്നിരുന്നു. റാണി നിശബ്ദയായിരുന്നു. ശീതക്കാറ്റിൽ അമാന മലമുടികളിലെ സരള വൃക്ഷങ്ങൾ ആടിയുലഞ്ഞു. ഇലച്ചാർത്തുകൾ തല കുലുക്കി. ആകാശത്തിലേക്ക് ഒരു തുണ്ട് മഞ്ഞ് ഉയർന്നു. ശലമോൻ വിസ്മയസ്തബ്ധനായി പറഞ്ഞു.
“എത്ര പച്ചയാണ് നമ്മുടെ കിടക്കകൾ..”
കന്തിരിക്കക്കുന്നിൽ താഴ്വരയിലെ പ്രഭുവിനോടൊപ്പമാണ് രാജാവ് പോയത്. ശലമോൻ കുളിരേറ്റു. പ്രഭു പറഞ്ഞു.
“വർഷം മുഴുവൻ പച്ചപ്പാണ് ഈ മലനിരകൾക്ക്.പക്ഷേ ഈ പച്ചപ്പിനിടയിൽ ദുഷ്ടമുഗങ്ങൾ പതിയിരുപ്പുണ്ട്…. “
അമാന കുന്നുകളിൽ ചെമ്പ്തരികൾ കണ്ടെത്തിയിരുന്നു. പക്ഷേ അത് ഖനനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു കൂട്ടം പുളളിപ്പുലികൾ അവിടെ വിഹരിച്ചിരുന്നു. അവയെ തുരത്താൻ തൊഴിലാളികൾക്കോ പടയാളികൾക്കോ കഴിഞ്ഞില്ല. കുന്നുകളിലെ മേലാളൻ രാജാവിനെ കണ്ടു
“പ്രഭോ, ആ പുള്ളിപ്പുലിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ .”
രാജാവ് സമാധാനിപ്പിച്ചു..
“ഭയപ്പെടേണ്ടാ ഞാൻ ദാസനെ അയക്കാം. “
പിച്ചള മോതിരത്തിൽ ഒന്നമർത്തി അസ് മോദേവൂസിനെ വരുത്തി. ഭൂതം യജമാനനെ നമസ്ക്കരിച്ചു. ശലമോൻ കൽപ്പിച്ചു.
” അമാനയിലെ പുള്ളിപ്പുലികളെ നീ തുരുത്തുക. ആ പുലികളെക്കൊണ്ട് ജോലിക്കാർ കഷ്ടപ്പെടുന്നു.”
ഭൂതം പറഞ്ഞു.
“കൽപ്പന പോലെ ചെയ്യാം.”
ഭൂതം കരം വീശിയപ്പോൾ പുള്ളിപ്പുലികൾ ഓടിപ്പോയി.
ആ മലകൾക്കപ്പുറം നീലമലകളുടെ ചെറുനിരകളാണ്. സെനീർ മലമുടികൾ. അവയിൽ വെള്ളിരേഖകൾ തെളിഞ്ഞു കിടന്നിരുന്നു. മലമുടിയിലെ തിളങ്ങുന്ന ഗുഹ കാണാൻ തോഴിക്ക് കൗതുകം തോന്നി. പക്ഷേ ആ ഗുഹ സിംഹങ്ങളുടെ താവളമായിരുന്നു. കാതു പിളർക്കുന്ന സിംഹ ഗർജ്ജനം കേട്ടപ്പോൾ അവളുടെ മുഖം വാടി.
രാജാവ് പറഞ്ഞു.
“സിംഹത്തെ ഓർത്ത് ഭയപ്പെടേണ്ടാ..ഞാൻ അസ് മോദേവൂസിനെ വിളിക്കാം.”.
അവൾ പുഞ്ചിരിച്ചു
ഒരു സൂര്യരശ്മിപോലും കടക്കാത്ത മരങ്ങള്‍ വളരുന്ന താഴ്വര. സെനീർ മലമുടികളുടെ ആദിമഭീകരത നേരിൽ കാണാൻ റാണിക്കും കൗതുകം തോന്നി.കാട്ടിലെങ്ങും അര്‍ദ്ധാന്ധകാരമായിരുന്നു.മരച്ചില്ലയിൽ നിന്ന് അടർന്ന തുഷാരത്തിൽ ഉടുപ്പ് നനഞ്ഞു.
അവൾക്ക് കുളിരിട്ടു.
രാവിലെത്തെ തണുപ്പിൽ തോഴിക്കും ഉൻമേഷം തോന്നി. മലമുകളിൽ നിന്ന് ഒഴുകുന്ന അരുവിയുടെ ഭയാനകത കണ്ട് അവൾ തരിച്ചു നിന്നു .
അസ് മോദേവൂസ് ആ കരം പിടിച്ചു. അരുവി കടക്കുമ്പോൾ അവൾ ഭൂതത്തിൻ്റെ കയ്യിൽ ഒന്നമർത്തി. അയാളുടെ ചങ്കിൽ ഒരു ഹിമകണം വീണു. പായൽ മൂടിയ പാറക്കെട്ടിൽ എത്തിച്ചേർന്നപ്പോഴേക്കും നേരം ഉച്ചയായിരുന്നു.
അസ് മോദേവൂസ് ആ സിംഹഗുഹ കാട്ടിക്കൊടുത്തു.
ഉച്ചയുറക്കത്തിനായി സിംഹ രാജാവു കണ്ണടച്ചു. യുവഭാര്യ ഒരു കൗശലക്കാരിയായിരുന്നു. അവൾ കണ്ണു തുറന്നു നോക്കി. സിംഹങ്ങൾ എല്ലാം നല്ല ഉറക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ അവൾ എഴുന്നേറ്റു.
അവൾക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. മലഞ്ചെരിവിലെ പൊന്തക്കാട്ടിൽ അവൻ കാത്ത് നിന്നു..
നട്ടുച്ച നേരത്ത് ഒരു പ്രണയ സല്ലാപം.
എല്ലാം കഴിഞ്ഞ് അവൾ ഒന്നുമറിയാത്തതു പോലെ ഗുഹയിൽ വന്ന് കിടന്നു.
അസ് മോദേവൂസ് വിവശനായി.
അവൻ തോഴിയെ നോക്കി ചിരിച്ചു. അവളും പുഞ്ചിരിച്ചു. കൂടാരത്തിലേക്ക് മടങ്ങുമ്പോൾ ഒരു കാട്ടുലില്ലി തോഴിക്ക് സമ്മാനിച്ചു. അവളത് ചുംബിച്ചു.
അയാൾക്ക് ഉൻമേഷം തോന്നി.. താൻ തേടി നടന്ന സുന്ദരിയെ കണ്ടെത്തിയിരിക്കുന്നു. അവളെ സ്വന്തമാക്കാൻ വെമ്പി. അയാൾ റാണിയെ കണ്ടു.
” എൻ്റെ ഹൃദയം ഈ സുന്ദരി അപഹരിച്ചിരിക്കുന്നു. ഇവളെ എനിക്ക് തരിക. അവിടുത്തെ ആഗ്രഹം ഞാൻ നിവൃത്തിയാക്കാം.”
റാണി ചിരിച്ചു.
ഒന്നാലോചിച്ചിട്ട് റാണി പറഞ്ഞു.
“എൻ്റെ ശത്രു നാതാനെ നശിപ്പിച്ചാൽ ഇവൾ നിനക്ക് സ്വന്തം. “
അസ് മോദേവൂസിൻ്റെ മുഖം വിവർണ്ണമായി.
” എനിക്ക് അത് കഴിയില്ല. ഞാൻ രാജാവിന്റെ അടിമയാണ്.”
റാണി നിശബ്ദയായി. ശലമോൻ ജീവിച്ചിരിക്കുവോളം നാതാനെ നശിപ്പിക്കാനാവില്ല.
അവർ അസ്മോദേവൂസിനെ നോക്കി ചിരിച്ചു.
”അങ്ങിനെയെങ്കിൽ നീ ഇവളെ മറന്നുകൊള്ളുക.”
ആ വാക്കുകൾ കേട്ട് അസ് മോദേവൂസ് നടുങ്ങി.
അവർ കൂടാരത്തിൽ മടങ്ങിയെത്തി. സായാഹ്നത്തിൽ വീഞ്ഞു കൂടിക്കുമ്പോൾ അസ് മോദേവൂസ് ഒളികണ്ണിട്ട്നോക്കി. രാജാവിന്റെ വിരലിൽ മാന്ത്രിക മോതിരം കിടക്കുന്നു.
ശലമോൻ പുഞ്ചിരിച്ചു. അയാളും ചിരിച്ചു.
അയാൾ ഓർത്തു.
രാജാവിന്റെ കയ്യിൽ മോതിരം ഉള്ളിടത്തോളം കാലം സുന്ദരിയായ തോഴിയെ സ്വന്തമാക്കാൻ കഴിയില്ല.
രാജാവ് പറഞ്ഞു.
“അമാനയിലെ പുള്ളിപ്പുലികൾ മടങ്ങി വന്നിരിക്കുന്നു…… നീ അവയെ ഓടിക്കുക. “
രാജാവിനെ വന്ദിച്ച് അയാൾ വിടവാങ്ങി.ഒരു അടിമയായി ജോലി ചെയ്യുന്നതിൽ അയാൾക്ക് ആദ്യമായി മടുപ്പ് തോന്നി. ശലമോൻ രാജാവിൻ്റെ അടിമയായ നിമിഷത്തെ ശപിച്ചു.
ഹെർമ്മോൻ താഴ്വരയിൽ മുന്തിരി വിളവെടുപ്പ് ആരംഭിച്ചിരുന്നു. താഴ്വരയിൽ തുത് മോസയുടെ പുതി വസിച്ചിരുന്നു. താഴ്വരയിലെ ന്യായാധിപനായിരുന്നു ഭർത്താവ്. പിതാവിനെ ക്ഷണിക്കാനായി അവർ രാജസന്നിധിയിൽ എത്തി. വിളവെടുപ്പ് ഉത്സവത്തിന് ക്ഷണിച്ചു.
രാജാവ് പറഞ്ഞു.
“ഞാൻ വന്നാൽ നിങ്ങൾക്ക് അത് ഭാരമാകും.”
മരുമകൻ നിർബന്ധിച്ചെങ്കിലും രാജാവ് പോകാൻ തയ്യാറായില്ല. അപ്പോൾ രാജകുമാരി പറഞ്ഞു.
“അങ്ങനെയെങ്കിൽ അമ്മയെ എൻ്റെ കൂടെ അയക്കുക .”
“ശരി. “
റാണിയെ അയക്കാൻ ശലമോൻ സമ്മതിച്ചു.
(തുടരും)
വര : പ്രസാദ് കാനത്തുങ്കൽ
കവർ : വിൽസൺ ശാരദ ആനന്ദ്