പൂമുഖം LITERATUREകവിത പുളിയുറുമ്പിന്റെ വീട്

പുളിയുറുമ്പിന്റെ വീട്

വിരലറിയാതൊന്നമർന്നു പോയ് നീറിൻ ഇലത്തഴപ്പിലെക്കൂട്ടിൽ
നിമിഷനേരത്തിൽ പടപ്പുറപ്പാടായ് പുളിയുറുമ്പിൻ്റെ കോട്ട…

തരിക്കയാണതിന്നുമിനീരിറ്റുന്ന കടിത്തിണർപ്പുകൾ മേലിൽ..
തുളച്ചു കേറുന്നൂ പക തുളുമ്പുന്ന വിഷസൂചിക്കൊമ്പു കണ്ണിൽ…!

ഞെരിച്ചു ഞാനെൻ്റെ കരത്തിനുള്ളിൽ വച്ചരച്ചു തീർക്കട്ടെ രോഷം
മതിയാകാതെ തകർത്തുടച്ചതിൻ കുലംമുടിക്കട്ടെ ദ്വേഷം..

പറന്നു രണ്ടു പാഴില
യതിന്നൊപ്പം പടുത്ത മോഹസാമ്രാജ്യം..
ഇലകളെത്തുന്നി അകത്തളങ്ങളിൽ
തണലൊരുക്കിയ ഗേഹം

ഇളം കുരുന്നുകൾ മിഴിവിരിക്കുന്നൊരറകൾ, ദാസീഗൃഹങ്ങൾ…
പടകുടീരങ്ങ,ളധിപയാം രാജ്ഞിയിരുന്നരുളും പുരങ്ങൾ..

കടുത്ത ശിക്ഷണം മറന്നു പ്രാണൻ്റെ പിടച്ചിലാർക്കുന്നു കൂട്ടിൽ
പുറത്തുചാടുന്നൂ പെരുമഴ പോലെ കടിയുറുമ്പിൻ്റെ കൂട്ടം

നിശ്ശബ്ദ ഭാഷയിൽ നിലവിളിക്കുന്നൂ പുളിയുറുമ്പിൻ്റെ കൂട്
ചെവികൾ കൂർപ്പിച്ചാ വിളി ശ്രദ്ധിക്കുന്നൂ പ്രകൃതി തൻ നോവുമുള്ള്..

കൊടുങ്കാറ്റിൻ കരം പതുക്കെയൊന്നമർന്നിടറിയാടുന്നെൻ വീട്
കൊടും പ്രയത്നത്തിൻ വിയർപ്പു ചിന്തി ഞാൻ പടുത്തുയർത്തിയ വീട്

പതുങ്ങി വന്നടിത്തറ തുരക്കുന്നോ
പടുമരത്തിൻ്റെ വേര്
കിടക്കപ്പായിലൂടരിച്ചിറങ്ങുന്നൂ കടിയുറുമ്പിൻ്റെ വീറ്

തല തകർന്നസ്ഥി ചിതറുമെൻ വീടിൻ
നിലവിളികൾ ശ്രവിച്ച്
ഇലത്തഴപ്പിടയ്ക്കദൃശ്യമായ് നിൽപ്പൂ പുളിയുറുമ്പിൻ്റെ കൂട്!

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like