പൂമുഖം LITERATUREലേഖനം സ്നേഹം പാപിക്കും കല്ലേറ് പെണ്ണിനും

സ്നേഹം പാപിക്കും കല്ലേറ് പെണ്ണിനും

വത്തിക്കാൻ ചോദിച്ചു വാങ്ങിയ ഫ്രാങ്കോ യുടെ രാജിവീഡിയോയെക്കുറിച്ച് കൂടുതലറിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് പണ്ട് മദ്രസയിൽ നിന്ന് കേട്ടൊരു കഥയാണ്…

“മരിച്ച ഒരാൾക്ക് സ്വർഗ്ഗം കിട്ടുമോ നരകം കിട്ടുമോ എന്ന് അയാളുടെ അവസാന നിമിഷത്തിൽ നിന്ന് എങ്ങിനെ മനസ്സിലാക്കാം എന്നതാണ് കഥ. റൂഹ്(ജീവൻ) എടുക്കാൻ വരുന്ന മലക്ക് അയാൾ ദുഷ്ടനാണെങ്കിൽ ആ ശരീരത്തെ പരമാവധി വേദനിപ്പിച്ചേ റൂഹിനെ എടുക്കൂ. ഈമാൻ(സത്യവിശ്വാസം) ഉള്ളയാളാണെങ്കിൽ നെയ്യിൽ നൂലിട്ട് വലിക്കുന്നത്ര ലാഘവത്തോടെ വേദനിപ്പിക്കാതെയാണ് റൂഹെടുക്കുന്നത്. സ്വർഗ്ഗമാണോ, നരകമാണോ കിട്ടുന്നതെന്ന് ശാന്തമായും, വെപ്രാളപ്പെട്ടും മരിക്കുന്നവരെ കണ്ടാൽ മനസ്സിലാക്കാം”.

ഈ കഥയിലെ മലക്കിനെപ്പോലെ നെയ്യിൽ നൂലിട്ട് വലിച്ച് ഫ്രാങ്കോയെ വത്തിക്കാൻ രാജിവയ്പ്പിച്ചു രക്ഷിച്ചല്ലൊ എന്നാണ് എനിക്ക് തോന്നിയത്. ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പോയതിന്റെ പേരിൽ മറ്റൊരു മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ കൊടുത്ത പരാതി വത്തിക്കാനിലെ ചവറ്റു കുട്ട വൃത്തിയാക്കിയപ്പോൾ നശിച്ചു പോയിട്ടുണ്ടാകും . സഭയെ കളങ്കത്തിൽ നിന്ന് രക്ഷിക്കാൻ ചോദിച്ചു വാങ്ങിയ ഈ രാജിയുടെ സമയത്തെങ്കിലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണെന്ന തോന്നൽ പോലും അതുമായി ബന്ധപ്പെട്ടവർക്ക് ഉണ്ടായിട്ടുണ്ടാവില്ല.ഈ രാജിയോടനുബന്ധിച്ച് പലയിടത്തു നിന്നും കേട്ട “ദൈവത്തിന്റെ
നീതി”യെപ്പറ്റി ഓർത്ത് എനിക്ക്
വല്ലാത്ത അമർഷം തോന്നി. എന്തൊരു അസംബന്ധമാണത്. കോടതി കുറ്റവിമുക്തനാക്കിയപ്പോൾ ഒരക്ഷരം മിണ്ടിയില്ലെങ്കിലും ഉന്മാദം ബാധിച്ച പോലെ അയാൾ കാട്ടിക്കൂട്ടിയത് നാം കണ്ടതാണ്.

ദുരിതങ്ങളനുഭവിച്ച സ്ത്രീ വെളിച്ചം കാണാതെ, അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് കാരാഗൃഹത്തിലെന്നപോലെ ഇന്നും നരകിക്കുന്നു. (കന്യാസ്ത്രീ മഠങ്ങളുടെ നിർമ്മിതി തന്നെ കാരാഗൃഹത്തെ അനുസ്മരിപ്പിക്കുന്നതാണത്രെ. ചിലതെല്ലാം നേരിട്ടു കണ്ടിട്ടുമുണ്ട്.) ആരോപണ വിധേയൻ അയാളുടെ വിശുദ്ധ കണ്ണുനീർ സഭയെ നവീകരിക്കാൻ ദാനം ചെയ്തു വീണ്ടും മഹാനാവുന്നു.അയാൾക്ക് ഖുർബാന ചെയ്യാനും, പട്ടം കൊടുക്കാനും, കുമ്പസാരിപ്പിക്കാനും
മറ്റുമുള്ള എല്ലാ അധികാരവും നിലനിൽക്കുന്ന പദവി തന്നെയാണ് എമിരറ്റസ് എന്നത്. പല്ലുകൊഴിഞ്ഞു എന്നൊക്കെ ആലങ്കാരികമായി പുച്ഛിക്കാമെങ്കിലും; അയാളിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ഈ പറഞ്ഞതെല്ലാം അയാളിൽ നിന്ന് സ്വീകരിക്കാം. ഇതിലെവിടെയാണ് ദൈവത്തിന്റെ
നീതിയിരിക്കുന്നത്? ഇരയുടെ ദുരിതത്തെപ്പറ്റി വത്തിക്കാൻ ദയയുളള കരുണയുള്ള ഒരു വാക്കെങ്കിലും പരാമർശിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ അവർക്ക് നിഷേധിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചു കൊടുക്കാൻ ഏർപ്പാടാക്കിയിരുന്നെങ്കിൽ നമുക്ക് നീതിയെപ്പറ്റി സംസാരിക്കാമായിരുന്നു.

പലരും തിരിച്ചറിവില്ലാത്ത പ്രായത്തിൽ തിരഞ്ഞെടുത്തതോ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് വന്നുപെട്ടതോ ആണ് ജീവിതത്തിന്റെ വസന്തങ്ങളെല്ലാം ത്യജിച്ച കന്യാസ്ത്രീജീവിതം. പുറത്തു നിന്നു നോക്കുന്നവർക്ക് ഒരു പൊതു ബോധമുണ്ട് അവിടെ ജപവും പ്രാർത്ഥനയുമായി വളരെ ശാന്തമായി ജീവിക്കുന്ന കുറേ സ്ത്രീകളുടെ കൂട്ടമാണുള്ളതെന്ന് . അവരുടെ കുടുംബവും അവർ കാരണം ആദരവും ബഹുമാനവും നേടുന്നു. അതെല്ലാം ഇല്ലാതാക്കി, സാമൂഹിക വിചാരണയെ നേരിട്ടു കൊണ്ടുള്ള ഒരു തിരിച്ചു പോക്കിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ അവരിൽ ഭയമുളവാക്കുന്നതിനാൽ അതിലും ഭേദം ഇതു തന്നെയെന്ന് ആശ്വസിക്കാൻ ശ്രമിക്കുകയാണ് അവർ. (എല്ലാവരും അത്തരം മാനസികാവസ്ഥയിലുള്ളവരാണെന്നും എല്ലാ മഠങ്ങളുമങ്ങിനെയാണെന്നും പറയുകയല്ല.) സ്വാഭാവികമായും സ്വർഗ്ഗത്തിലും പുനർജന്മത്തിലുമൊക്കെ വിശ്വസിക്കുന്നവർക്ക് അത് ആശ്വാസം നൽകുന്നുണ്ടാവും. അങ്ങിനെ ഉള്ളവർക്ക് അതൊരു പരിശുദ്ധ ഗേഹമായി അനുഭവപ്പെടാം. അതിൽ യാതൊരു വിയോജിപ്പുമില്ല. പക്ഷെ അവിടെ അവർക്ക് പ്രാർത്ഥനാ ശുശ്രൂഷകൾ ചെയ്യാനുള്ള മനസ്സമാധാനമില്ലാതെ പീഡനങ്ങളും ശിക്ഷകളും നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണ്?സഭയുടെ വിശ്വാസപ്രമാണങ്ങളനുസരിച്ച് ശാന്തമായി ജീവിക്കാൻ അനുവദിക്കാതെ അവരെ പുരുഷന്മാർ ഭരിക്കുന്ന സാഹചര്യംവരുന്നത് എന്തുകൊണ്ടാണ്? എല്ലാ മതങ്ങളേയുംപോലെ പാർട്രിയാർക്കി കൊടികുത്തി വാഴുന്നയിടം ആയത് കൊണ്ട് തന്നെയാണ് . തിരിച്ചറിവുള്ള പോപ്പിനു പോലും അതിൽ മാറ്റം കൊണ്ടുവരാനാവില്ല. പണവും സമ്പത്തും കണക്കില്ലാതെ സമ്പാദി ക്കുകയും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർക്കും പുരോഹിതർക്കും പാവപ്പെട്ട അടിമകളായ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ, സഭാ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്നവരെ ശിക്ഷിക്കാനോ കഴിയില്ല. പണത്തിന് മേലെ, കയ്യൂക്കിന് മേലെ പറക്കാൻ ഒരു സഭക്കും കഴിയില്ല.

ഈ രാജി വാങ്ങിക്കാൻ ഇത്രയും കാലമെടുത്തത് എന്തിനാണ്? മനുഷ്യർ എല്ലാം മറവിയിലേക്ക് ഉപേക്ഷിച്ചപ്പോൾ പൂച്ചയേപ്പോലെ പതുങ്ങി വന്ന ഒരു രാജി വാർത്ത!അയാൾ വീഡിയോ ചെയ്തില്ലായിരുന്നെങ്കിൽ ആരും അറിയുക പോലുമുണ്ടാവില്ല. പരാതിക്കാർ താമസിക്കുന്ന മഠത്തിന്റെ പറമ്പുകളിൽ നിന്ന് ആദായം കിട്ടിയിരുന്ന മരങ്ങൾ വരെ ലേലത്തിൽ കൊടുത്തിട്ട് മറ്റു അന്തേവാസികൾ ഉപേക്ഷിച്ചു പോയ ഏകാന്തത്തടവറയിലാണ് അവർ ഇന്നുള്ളത്. അതും അയാളുടെ പേരിലുള്ള സ്വത്താണെന്ന് അയാൾ ഒരു വീഡിയോ ഇറക്കിയിട്ടുണ്ടായിരുന്നത്രെ. അധികം താമസിയാതെ അവരവിടെ നിന്ന് കൂടി ഒഴിപ്പിക്കപ്പെട്ടേക്കാം. മറ്റു അന്തേവാസികൾ ഉണ്ടായിരുന്ന നാളുകളിലും പലപ്പോഴും മുറിക്കു പുറത്തിറങ്ങാനും, ഭക്ഷണക്കാര്യത്തിൽ പോലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും,സിസ്റ്റേഴ്സ് ഉപയോഗിക്കുന്ന ടൂ വീലറിന്റെ ബ്രേക്ക് ഊരി മാറ്റാൻ വരെ ശ്രമമുണ്ടായിരുന്നു എന്നുമാണ് അറിയാൻ കഴിഞ്ഞത്. സ്ലോ പോയ്സൺ ഒന്നും കലക്കിക്കൊടുക്കാഞ്ഞത്. സ്ത്രീകളുടെ ജന്മസിദ്ധമായ ഒരു അലിവ് അവർക്കുള്ളിലും ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ പിടിക്കപ്പെടുമെന്ന ഉത്തമ ബോധ്യമായിരിക്കാം. കാരണം വഞ്ചിസ്ക്വയറിൽ ജനം കൂടി ഏറ്റെടുത്ത സമരമായിരുന്നല്ലൊ അവരുടേത്…

ബ്രഹ്മചര്യ വ്രതം തെറ്റിച്ചു എന്നത് കോടതിയിൽ തെളിഞ്ഞത് കൊണ്ടാണ്, കോടതി കുറ്റ വിമുക്തനാക്കിയിട്ടും വത്തിക്കാന് അത് തെളിവായെടുക്കേണ്ടി വന്നത്. പിന്നീട് കോടതി നിരീക്ഷിച്ചത് സമ്മത പ്രകാരമുള്ള ബന്ധമായിരുന്നോ എന്നതാണ്. ആണെന്ന് വിശ്വസിപ്പിക്കാൻ വക്കീലിന് കഴിഞ്ഞു.
അപ്പോഴും രാജി വാങ്ങിയെങ്കിലും പദവികൾ തിരിച്ചു വാങ്ങാതെ, പിരിച്ചു വിടാതെ, ശിക്ഷാ നടപടി അല്ലെന്ന് എടുത്തു പറഞ്ഞു കൊണ്ട് ഒരു മൃദുസമീപനം മാത്രമേ വത്തിക്കാന് എടുക്കാൻ കഴിഞ്ഞുള്ളൂ എന്നതാണ് അയാൾ തെറ്റുകാരനാണെന്ന് വിശ്വസിക്കുന്ന വിശ്വാസികൾക്ക് ദഹിക്കാത്തത്. പാപിയെ സ്നേഹിച്ച് പാപത്തെ കല്ലെറിഞ്ഞു എന്ന
ഒരു ലൈൻ! പാപം ചെയ്യാത്ത ലൂസി സിസ്റ്ററേപ്പോലെയുള്ളവർക്കും അതി ജീവിതയ്ക്കും കൂടെയുള്ളവർക്കും കിട്ടാത്ത ഒരു പ്രത്യേക തരം പാപി സ്നേഹം!
അന്തിമമായി പരമോന്നത കോടതിയിൽ നിന്ന് കിട്ടുന്ന വിധിയറിഞ്ഞിട്ട് നമുക്ക് നീതിയെക്കുറിച്ച് സംസാരിക്കാം. ഈ രാജി, ഒന്നും നടക്കില്ലെന്ന് കരുതി മനം വെന്തിരുന്നപ്പോൾ അവർക്ക് കിട്ടിയ ചെറിയൊരു ആശ്വാസം മാത്രം.

കോടതിയിൽ കേസിന്റെ മുന്നോട്ടുള്ള പോക്കിൽ ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ട്. ഇനിയും അയാൾക്ക് വിശുദ്ധനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ട്. അതിന് പറ്റിയ വക്കീലുമാർക്ക് ഈ നാട്ടിൽ പഞ്ഞമില്ലാത്ത കാലമാണ്. ഒരു ചെറിയ ഉദാഹരണം പറയാം.കീഴ്ക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയ വിധിയുണ്ടായതിൽ നിർണ്ണായക പങ്കു വഹിച്ചത് അഭിലാഷ് മോഹൻ എന്ന മാധ്യമ പ്രവർത്തകൻ സിസ്റ്റർ അനുപമയുമായി നടത്തിയ അഭിമുഖവും, അതുപ്രകാരം അയാളെ വിസ്തരിച്ചതും ആണെന്നൊരു പ്രചാരണം പ്രതിഭാഗം അഡ്വക്കേറ്റിന്റെ ഭാഗത്തു നിന്നുണ്ടായി.

ലൈംഗിക കേസുകളിൽ സ്ത്രീകൾക്കെതിരെ
അതേ ആയുധമെടുത്ത് തന്നെയാണ് വേട്ടക്കാർ പ്രയോഗിക്കുന്നത്. ഈ കേസിലായാലും, നടി ആക്രമിയ്ക്കപ്പെട്ട കേസിലായാലും, ഈയടുത്ത് സവാദെന്ന ഞരമ്പ് രോഗി ബസ്സിൽ വച്ച് പെൺകുട്ടിയോട് ലൈംഗിക വൈകൃതങ്ങൾ കാണിച്ച കേസായാലും. ഫ്രാങ്കോക്കെതിരെ പരാതിയുമായി സഭയിലെ പല വാതിലുകൾ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോഴാണ് കന്യാസ്ത്രീയ്ക്ക് പോലീസിൽ കേസ് കൊടുക്കേണ്ടി വന്നത്. അതറിഞ്ഞ് മുൻകൂറായി അവർക്ക് അവിഹിത ബന്ധമുണ്ടെന്ന പരാതി ആദ്യമേ കോട്ടയം പോലീസ് സൂപ്രണ്ടിന്റെ കയ്യിലെത്തിയിരുന്നു. നടിയുടെ കേസിലും പൾസർ സുനിയുമായി ചേർന്നു അവൾ നടത്തിയ നാടകമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. ബസ്സിലെ കേസിലും പ്രശസ്തിക്ക് വേണ്ടി വൈറലാവാൻ അവളാണ് സിബ്ബഴിച്ചത് എന്നാണ് ന്യായം. അവൻ ആ വീഡിയോയിൽ അങ്ങിനെ പറയുന്നുണ്ടെന്ന് പറഞ്ഞ് ഒരുപാട് ന്യായീകരണ വീഡിയോകൾ കണ്ടു. ‘മുല്ലപ്പൂ മാല സംഘടനയും’ അത് തന്നെയാണ് പറഞ്ഞത്. പിടിയ്ക്കപ്പെട്ടാൽ പറയാൻ അവൻ നേരത്തെ കരുതിവച്ച വാചകം തന്നെ ആയിരിക്കാം അത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്…

ഇന്ന് എത്ര ഗൗരവമുള്ള ക്രിമിനൽ കേസായാലും പ്രതിഭാഗത്തെ ന്യായീകരിക്കാനും ഒരുപാട് പേരെ കിട്ടും. സോഷ്യൽ മീഡിയയാണ് അതിനുള്ള വേദി. കാരണം ഒരേ മനോവികാരങ്ങളുള്ള ഒരു പാട് പേർക്ക് തമ്മിൽത്തമ്മിലറിയില്ലെങ്കിലും അവരുടെ അഭിപ്രായങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്നു എന്നുള്ളതാണ്. പുതിയ കാലത്തെ സൈബറാക്രമണത്തെ നേരിടാനുളള ചങ്കൂറ്റം കൂടി സ്ത്രീകൾ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. സൈബർ ആക്രമണങ്ങളിൽ ഓരോരുത്തർക്കുമെതിരെ പരാതി കൊടുക്കുക പ്രായോഗികമല്ല. എന്നു വച്ച് മാരകമായി ഉപദ്രവിക്കുന്നവരെ വെറുതേ വിടാനും പാടില്ല. പക്ഷെ ക്രിമിനൽ കേസുകളേപ്പോലെ പ്രാധാന്യമുള്ളതല്ല എന്ന തോന്നൽ കൊണ്ടോ, ജോലിഭാരം കൂടുമെന്നത് കൊണ്ടോ എന്തോ സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും തണുപ്പൻ പ്രതികരണമാണ്. സൈബർ ആക്രമണത്തെ കുറേയൊക്കെ അവഗണിക്കാനുള്ള മനക്കരുത്ത് സ്ത്രീകൾ നേടണം. പെരുമാറ്റവൈകല്യം ബാധിച്ചവരുടേയും മറ്റും വിമർശനങ്ങൾക്കെല്ലാം മറുപടി പറയുക വൃഥാ വ്യായാമമാണ്.

ഒന്നിനേയും വകവയ്ക്കാതെ ലക്ഷ്യം കണ്ടേ അടങ്ങൂ എന്നുറപ്പിച്ച് ഒരു കൂട്ടം സ്ത്രീകൾ തുനിഞ്ഞിറങ്ങിയാൽ ആർക്കും ഒന്നിനും തടുക്കാനാവില്ല.അത് രാഷ്ട്രീയക്കാരായ പുരുഷന്മാരുടെ സമരം പോലെ ഒരിക്കലും ആയിരിക്കില്ല

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like