പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 3 – കറുത്ത ചുരുൾ

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 3 – കറുത്ത ചുരുൾ

വേനൽ ആരംഭിച്ചപ്പോൾ ശേഖേമിൽ നിന്ന് കാലാൾപ്പട പുറപ്പെട്ടു. അദോനിറാമിന്റെ കൽപ്പന യോവാശിന് ലഭിച്ചിരുന്നു. ബേഥേലിലെ അടിമകളെ പിടികൂടുക. ലെബനോൻ കാട്ടിലെ കഷ്ടപ്പാട് ഓർത്തപ്പോൾ ചിലർ മലകയറി. എഫ്രായിം മലയിലെ ഗുഹയിൽ ഒളിച്ചു. അടിമവേലയിൽ നിന്നു രക്ഷപ്പെടാമെന്ന് അവർ മോഹിച്ചു.

ബേഥേലിലെ വഴികൾ യോവാശ് ഉപരോധിച്ചു.

കുറെ ദിവസം കാത്തുനിൽക്കുമ്പോൾ പടയാളികൾക്കു മടുക്കും. അപ്പോൾ അവർ കാവൽ മതിയാക്കി മടങ്ങിപ്പോകുമെന്ന് ആ സാധുക്കൾ വ്യാമോഹിച്ചു. പരാജയം യോവാശിനെ തുറിച്ചുനോക്കി. അത് ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നു. ചെന്നായെ പോലെ അയാൾ പല്ലിറുമ്മി.

പുരുഷൻമാരെക്കുറിച്ച് ഓർത്തപ്പോൾ സ്ത്രീകൾക്ക് ആശങ്ക തോന്നി. വേനൽ കടുത്തിരുന്നു. മലഞ്ചെരിവിലെ പച്ചപ്പ് പാടെ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. ഒരു കനൽത്തരി വീണാൽ എഫ്രായിം അഗ്നിപർവ്വതമാകും രാത്രിയിൽ കിടന്നിട്ട് അവർക്ക് ഉറക്കം വന്നില്ല. തണുത്ത ഇരുട്ടിൽ കാതോർത്തു ……

മലയിൽനിന്ന് വിറകും ചുമന്നുകൊണ്ട് സ്ത്രീകൾ വരുന്നത് യോവാശ് കണ്ടു. അയാൾ ചിരിച്ചു. കാട്ടിൽ നിന്ന് വിറകും ഒടിക്കാം ആരും കാണാതെ പ്രിയപ്പെട്ടവർക്ക് ഭക്ഷണവും കൊടുക്കാം. പക്ഷേ അവർ മരത്തിൽ കണ്ടപ്പോൾ അയാൾ മനസ്സിൽ കണ്ടിരുന്നു. പ്രഭാതത്തിൽ യോവാശ് കൽപിച്ചു.

“ആ സ്ത്രീകളെ ബന്ധിക്കുക.

വിറക് ഒടിക്കാൻ പുറപ്പെട്ട സ്ത്രീകൾ കവാടത്തിന് മുന്നിലെ ഓക്ക് മരത്തിൽ ചില്ലകളായി. അവർ പ്രിയപ്പെട്ടവരുടെ ഒളിയിടം പറഞ്ഞുകൊടുക്കാൻ വിസമ്മതിച്ചു.

പകൽചൂടിൽ മുഖം വാടി തളർന്നു. പക്ഷേ വാ തുറന്ന് ഒരക്ഷരം പറയാൻ ആരും തയ്യാറായില്ല. മൂപ്പന്റെ അനുനയങ്ങൾ വിലപ്പോയില്ല. ഇരുകൂട്ടരും വാശിതുടർന്നു. അയാൾ താടി തടവി. യോവാശ് പുഞ്ചിരിച്ചു. സന്ധ്യ മയങ്ങുമ്പോൾ ചെന്നായ്ക്കളുടെ നിഴലുകൾ കുന്നിൽ പതിയുമ്പോൾ സ്ത്രീകളുടെ വായ് താനെ തുറക്കും. അയാൾ കാത്തിരുന്നു. ഓരിയിടൽ കേട്ടപ്പോൾ അവർ ഭയന്നില്ല. പക്ഷേ മൂപ്പൻ പറഞ്ഞു.

” ഇതു ഭ്രാന്താണ്, ആ സ്ത്രീകളെ അഴിച്ചു വിടുക.”

അയാൾ മടിച്ചു. പക്ഷേ മൂപ്പൻ്റെ ഉറച്ച നോട്ടത്തിനു മുന്നിൽ ഓക്കുമരത്തിലെ കെട്ടുകൾ ഓരോന്നായി അഴിഞ്ഞു. അവർ ചിരിച്ചു. പടയാളികൾ അസ്വസ്ഥരായി. അപരിഷ്കൃതരായ ഈ സ്ത്രീകൾ തങ്ങളുടെ പുരുഷത്വത്തെ അപമാനിക്കുകയാണ്…..

രാത്രി വൈകിയപ്പോൾ തെരുവുവിളക്കുകൾ ഓരോന്നായി അണഞ്ഞു തുടങ്ങി. പക്ഷേ കവാടത്തിലെ അഗ്നികുണ്ഡം കെട്ടില്ല. അത് ജ്വലിച്ചുകൊണ്ടിരുന്നു. തണുപ്പു മാറ്റാനായി നാലഞ്ചു പടയാളികൾ ചുറ്റും കൂടിയിരുന്നു. ഓരോ ചുള്ളിക്കമ്പുകൾ വലിച്ചെറിഞ്ഞു. പാതിര കഴിഞ്ഞിട്ടും ഉറങ്ങാൻ കൂട്ടാക്കിയില്ല. കോപവും നാണക്കേടും അവരെ വേട്ടയാടി. യോവാശ് ശപഥംചെയ്തു. ..

“ആ എലികളെ ഞാൻ പുകച്ചുചാടിക്കും.”

പാതിരാത്രി കഴിഞ്ഞപ്പോൾ എഫ്രായിം ഒരു അഗ്നിപർവ്വതമായി. സ്ത്രീകൾ ഭയപ്പെട്ടത് സംഭവിച്ചു. മലയിലെ പുൽമേടിനു് തീപിടിച്ചു. വേനൽച്ചൂടിൽ വാടിക്കരിഞ്ഞ പൂൽനാമ്പുകളിൽ ആയിരം അഗ്നിപുഷ്പങ്ങൾ വിടർന്നു. കാട്ടുമൃഗങ്ങൾ ഉണർന്നു. അവ പരക്കം പാഞ്ഞു. പക്ഷേ ഗുഹയിൽ ഒളിച്ചിരുന്നവർ അറിഞ്ഞില്ല. അവർ ഗാഢനിദ്രയിലായിരുന്നു. ചുള്ളിക്കമ്പുകൾ ഒടിയുന്ന ശബ്ദം കേട്ടപ്പോൾ ഒരാൾ ഉണർന്നു. പക്ഷേ കാര്യമാക്കിയില്ല.

പടയാളികൾ രാവും പകലും മലമുകൾ അരിച്ചു പെറുക്കിയിരുന്നു. ഗുഹയിൽ പുകനിറഞ്ഞു. .അവർ ചുമച്ചു.

ഒരാൾ ഗുഹാമുഖം തുറന്നു നോക്കി.

“അയ്യോ കാട്ടുതീ.. “

അയാൾ അലറി വിളിച്ചു. പക്ഷേ അതു പറഞ്ഞുതീരും മുമ്പായി അഗ്നിനാളങ്ങൾ ഗുഹയിലേക്ക് നുഴഞ്ഞുകയറിയിരുന്നു.

കാട്ടുതീയിൽ പെട്ട് ഒട്ടെറേ പേർ മരിച്ചു. പച്ചമാംസം കരിഞ്ഞതിൻ്റെ ഗന്ധം ശ്വസിച്ചാണ് അന്ന് നഗരം ഉണർന്നത്. ശവശരീരങ്ങൾ കരിക്കട്ട പോലെ കറുത്തിരുന്നു. നാലഞ്ച് പേർ രക്ഷപ്പെട്ടു. അവരുടെ ശരീരം മുഴുവൻ ചാരവും കരിയും പുരണ്ടിരുന്നു. മലയിറങ്ങുമ്പോൾ അവർ ഹൃദയംപൊട്ടി കരഞ്ഞു. ചാരവും കരിയും കണ്ണീരിൽ കുതിർന്നു. അടിവാരത്ത് പടയാളികൾ കാത്തുനിന്നിരുന്നു.

യോവാശ് ഊറി ചിരിച്ചു.

നഗരവാസികൾ ക്ഷുഭിതരായി. പടനായകൻ ബേഥേലിനെ പരിഹസിക്കുകയാണ്.ആ വാളിൽ വീരനായ ഏലാദിന്റെ ചോരപുരണ്ടിട്ടുണ്ട്. റാമയിൽ പിടഞ്ഞു വീണവരെ ഓർമ്മ വന്നു. ഒരു യുവാവ് വിളിച്ചു കൂവി

“സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം.”

ജനക്കൂട്ടം രാജാവിനെ ശപിച്ചു. പടയാളികൾക്ക് നേരേ കല്ലെടുത്തു. അവയെ പ്രതിരോധിക്കാൻ പടയാളികൾക്കായില്ല. കല്ലേറിൽ അവർ ഓരോരുത്തരായി നിലം പതിച്ചു. പടയാളികളുടെ ഉടുപ്പ് ചുവന്നു. ഒടുവിൽ യോവാശും നിലം പതിച്ചു. അയാളുടെ ചോര വീണ് മണ്ണ് അശുദ്ധമാകാൻ പാടില്ല. ആൾക്കൂട്ടം അത് വെട്ടിയെടുത്ത് കവാടത്തിനു മുകളിൽ കുത്തിനാട്ടി.

ബഥേലിലെ കലാപകാരികളെ യെറോബയാം അഭിനന്ദിച്ചു. അയാൾ പറഞ്ഞു.

“ശലമോൻ നിങ്ങളുടെ നുകം ഭാരമേറിയതാക്കിയിരിക്കുന്നു.”

അവർ തലയാട്ടി.

”ശലമോനേ ഇത് ലഘൂകരിക്കുക . അല്ലെങ്കിൽ യെറോബയാം പറയും സൈന്യത്തെ വർദ്ധിപ്പിച്ചിട്ട് മതി വടക്കോട്ടുള്ള നിൻ്റെ എഴുന്നെള്ളത്ത്. ” കരഘോഷം മുഴങ്ങി.

കലാപത്തിൻ്റെ മുറിവ് ഉണങ്ങാത്ത ശേഖേമിലേക്ക് യെറോബയാം പോയി. അനുഗ്രഹ മലയുടെ നെറുകയിൽ കയറി വിളിച്ചു പറഞ്ഞു.

“ശേഖേം വാസികളേ… “

ഒരു ഇടി നാദം കേട്ട് വയലിലേക്ക് തിരിച്ചവർ കാതോർത്തു.

“താഴ് വരയിലെ വൃക്ഷങ്ങൾ ഒരിക്കൽ രാജാവിനെ തേടിയ കഥ കേട്ടിട്ടില്ലേ?”

വയൽപണിക്കായി പുറപ്പെട്ട നഗരവാസികൾ അടിവാരത്ത് നിന്നു.

അയാൾ പറഞ്ഞു.

“ദേവൻമാരെ പൂജിക്കുന്നതിനുള്ള കൊഴുപ്പ് ഉപേക്ഷിച്ച് ,മരങ്ങൾക്ക് മുകളിൽ ഇളകിയാടാൻ താഴ് വരയിലെ ഒലിവുമരം വിസമ്മതിച്ചു. പിന്നീട് അവർ കണ്ടത് പഴത്തോട്ടത്തിലെ അത്തിമരത്തെയാണ്. മാധുര്യമുള്ള പഴങ്ങൾ ഉപേക്ഷിച്ച് രാജാവാകാൻ താനില്ലെന്ന് ആ മരം പറഞ്ഞതോടെ വൃക്ഷങ്ങൾ ഒരു മുന്തിരിച്ചെടിയെ സമീപിച്ചു. ദേവൻമാരെയും മനുഷ്യരെയും ആഹ്ളാദിപ്പിക്കുന്ന വീഞ്ഞ് ഉപേക്ഷിച്ച് രാജ്ഞിയാകാൻ അവളും മടിച്ചു. അവസാനം വൃക്ഷങ്ങൾ ഒരു മുൾച്ചെടിയെ രാജാവാക്കി!!! “

ശേഖേംകാരുടെ മുഖം ഗൗരവത്തിലായി.

യെറോബയാം തുടർന്നു.

“നിങ്ങളുടെ ഇളം തൈകളെ മുൾച്ചെടി മുറിവേൽപ്പിക്കുന്നു.ആട്ടിൻ പറ്റത്തെ പിടിച്ചെടുത്ത് അത് പടയാളികൾക്ക് നൽകുന്നു.വയലുകൾ കൈവശപ്പെടുത്തി തൻ്റെ റാണിമാർക്ക് നൽകുന്നു.ഒരു മുൾച്ചെടിയെ രാജാവാക്കിയതിൽ നിങ്ങൾ സന്തോഷിക്കുന്നുവോ അതോ ദുഖിക്കുന്നുവോ എന്ന് തുറന്ന് പറയുക!”

അവർ പരസ്പരം നോക്കി.

അയാൾ ചോദിച്ചു.

“നിങ്ങളുടെ സഹോദരരെ ജീവപര്യന്തം വേലക്ക് വിധിച്ചത് നന്നെന്ന് തോന്നുന്നുണ്ടെങ്കിൽ ശലമോനിൽ നിങ്ങൾ ആഹ്ലാദിക്കുക. മറിച്ചാണെങ്കിൽ അവനെ ചെറുക്കുക.”

ശേഖേം വാസികൾ കരമുയർത്തി ഉച്ചത്തിൽ പറഞ്ഞു.

“ശലമോനേ നീ നിൻ്റെ ഭവനം നോക്കിക്കൊള്ളുക. ഞങ്ങളെ സംരക്ഷിക്കാൻ ഇനി വരേണ്ട…. “

എഫ്രായിം മലമ്പ്രദേശത്ത് യെറോബയാം താവളം ഉറപ്പിച്ചു. വടക്കൻ ഗോത്രങ്ങളിൽ നിന്ന് അസംതൃപ്തരും സാഹസികരും കടക്കാരും മല കയറി. വടക്കൻ കൊടി ഉയർന്നു.

ഉപദേശകർ പറഞ്ഞു.

” യെരുശലേമിലേക്ക് നമ്മുടെ ആൾക്കാർ യാഗം കഴിക്കാൻ പോകുന്നുണ്ട്. അതിനു അനുവദിച്ചാൽ അവരുടെ ഹൃദയങ്ങൾ ശലമോനിലേക്ക്ചായാൻ സാധ്യതയുണ്ട്. “

അതു ശരിയാണെന്ന് യെറോബയാമിന് തോന്നി. കുറെക്കാലം കഴിയുമ്പോൾ ജനങ്ങൾ എല്ലാം മറക്കും. അവർക്ക് അരണയുടെ ബുദ്ധിയാണ്. കൺമുമ്പിൽ കാണുന്നവനെ കടിക്കാൻ മടിക്കില്ല.

അയാൾ പറഞ്ഞു.

” യിസ്രായേൽ കാരേ മരുഭൂമിയിൽ കൊണ്ടുവന്ന സാക്ഷ്യ പെട്ടകം സൂക്ഷിച്ചിരുന്നത് എവിടെയാണ്?

അവർ പറഞ്ഞു.

“ശീലോയിലാണ് , “

അയാൾ പുഞ്ചിരിച്ചു.

“അതു കൊണ്ട് ദൈവത്തെ ആരാധിക്കേണ്ടതും അവിടെ തന്നെയാണ്. യെറുശലേം ദൈവാലയത്തിൽ പോകുന്നത് നമ്മൾ മതിയാക്കുന്നു…”

വടക്കർ അത് ശിരസാ വഹിച്ചു.

മനസ്സിൽ വേദന തോന്നിയെങ്കിലും വടക്കർ യെറുശലേം മറന്നു. ശിലോയിൽ പോയി യാഗങ്ങൾ കഴിച്ചു. ബലിപീഠം ചുവന്നു. ജനങ്ങൾക്കുവേണ്ടി പുരോഹിതൻ ഒരു ഉത്സവവും ഏർപ്പെടുത്തി. യെറോബയാം ഒരു ധൂപാർച്ചന നടത്തി. പിന്നെ ബലിപീഠത്തിനു മുന്നിൽ ശിരസ്സു നമിച്ചു നിന്നു. അഹിയ പ്രവാചകൻ കരം നീട്ടി അനുഗ്രഹിച്ചു. അങ്ങനെ ആ ഗുഢാലോചന ഒരു മുന്തിരിവള്ളി പോലെ പടർന്നു. ഗോതമ്പ് മുളകൾ പോലെ പാടത്ത് കിളിർത്തു പൊന്തി.

ശലമോൻ്റെ സന്നിധിയിൽ എത്തി ദൂതൻ നമസ്ക്കരിച്ചു പറഞ്ഞു.

“രാജാവേ, വടക്കരുടെ ഹൃദയങ്ങൾ യെറോബയാമിലേക്ക് തിരിഞ്ഞിരിക്കുന്നു… “

രാജാവ് നടുങ്ങിപ്പോയി.

അദ്ദേഹം വടക്കൻ പ്രഭുക്കളെ വിളിച്ച് ആരാഞ്ഞു.

“നെബാതിൻ്റെ പുത്രനാണോ നിങ്ങൾക്ക് വയലുകളും മുന്തിരിത്തോട്ടങ്ങളും തൽകിയത്? അയാൾ നിങ്ങളെ സേനാധിപന്മാർ ആക്കുമോ?”

അവർ പറഞ്ഞു.

“ഞങ്ങളുടെ രാജാവ് ദാവീദിൻ്റെ പുത്രനാണ്. അവന് എതിരെ കരം ഉയർത്തുന്നവൻ ഞങ്ങളുടെ ശത്രുവും.”

“കൊള്ളാം”

സേനാധിപൻ ബെനായോട് രാജാവ് കൽപ്പിച്ചു.

“എഫ്രായിം പർവ്വതത്തിന് , നെബാതിൻ്റെ പുത്രൻ തീയിട്ടിരിക്കുന്നു.ആ അഗ്നി കെടുത്താൻ നീ ചോര ഒഴുക്കുക.”

ബെനാ ചിരിച്ചു.

കർത്താവിൻ്റെ ആശീർവാദം തേടാനായി പ്രഭാതത്തിൽ രാജാവ് പുറപ്പെട്ടൂ. സ്വർണപ്പരിച ഏന്തിയ കാവൽക്കാരാണ് അകമ്പടി സേവിച്ചിരുന്നത്. രാവിലെ അസ്ഥിതുളച്ചുകയറുന്ന തണുപ്പായിരുന്നു. അവരുടെ കരങ്ങൾ വാൾപിടിയിൽ അമർന്നു. പടിഞ്ഞാറേ മലയിൽ തുഷാരം പെയ്തുകൊണ്ടിരുന്നു.

ബലിപീഠത്തിനു് മുന്നിൽ മേദസ്സിൻ്റെ ഗന്ധം പരന്നു. പുരോഹിതരുടെ പ്രാർത്ഥനകൾ വാനിലേക്ക് ഉയർന്നപ്പോൾ രാജാവ് ആകാശത്തേക്ക് കണ്ണുകൾ ഉയർത്തി. വടക്കൻ കാർമേഘം സൂര്യബിംബത്തെ മറയ്ക്കുന്നു.

വിശുദ്ധ സ്ഥലത്തെ വെളിപാട് ഗണത്തിൻ്റെമേൽ ഒരു കരിനിഴൽ വീണു, ഒരാൾ വിറച്ചു തുടങ്ങി.

“കർത്താവ് ഇതാ അരുളിച്ചെയ്യുന്നു. വടക്കൻ ഗോത്രക്കാർ നിങ്ങളുടെ ചാർച്ചക്കാരല്ലെ? അവർ സ്വന്തം രക്തം തന്നെ .അവർക്കെതിരെ നീങ്ങുകയോ യുദ്ധം ചെയ്യുകയോ അരുത്. “

വെളിപാട് കേട്ട് രാജാവും പരിവാരങ്ങളും നിശ്ചലരായി.കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ ശലമോനു തോന്നി.

അരുളപ്പാട് കേട്ട് രാജസേന വീട്ടിലേക്ക് മടങ്ങും. വടക്കൻ സേന ശേഖേമിലേക്കും. നഗര കവാടത്തിലെ ഈത്തപ്പനയുടെ ചുവട്ടിൽ വടക്കിലെ മൂപ്പന്മാർ ഇരിക്കും. സെരോദക്കാരനായ നെബാതിൻ്റെ പുത്രനെ രാജാവായി തെരഞ്ഞെടുക്കും.

രാജാവ് കൊട്ടാരത്തിലേക്ക് മടങ്ങി.

അദ്ദേഹം വിഷണ്ണനായിരുന്നു..ഒരു ദാസൻ രാജാവാകുക. അത് ഓർക്കാൻ കൂടി കഴിയില്ല…

കൊട്ടാര മുറ്റത്ത് രാജകവി തീകാഞ്ഞ് നിന്നിരുന്നു. അയാൾ നമസ്ക്കരിച്ചു. രാജാവിന് സംശയംതോന്നി.

അയാൾ തന്നെ പരിഹസിക്കുയാണോ?

ഭ്രാന്തുപിടിക്കുന്നതു പോലെ….

ഇന്ന് മുതൽ ദാവീദിൻ്റെ പുത്രൻ വീഞ്ഞുകടയിലെ വില കെട്ടവരുടെ പരിഹാസച്ചെണ്ടയാണ് … മാനക്കേട് ഓർത്ത് അന്ന് ന്യായാസനമണ്ഡപത്തിൽ പോകാനും മടിച്ചു. പള്ളിയറയിൽ പോയി കിടന്നു. വിശപ്പും കെട്ടിരുന്നു. ചഷകത്തിൽ വീഞ്ഞു് പകർത്തി പാനപാത്രക്കാരൻ വിളിച്ചു.

“തിരുമനസ്സേ… “

അതു കേൾക്കാത്ത മട്ടിൽ കിടപ്പ് തുടർന്നു. മന്ത്രിമാരും ഉപദേശകരും വന്നെങ്കിലും കാണാൻ കൂട്ടാക്കിയില്ല. ഒരു വിളിക്കപ്പുറത്ത് എല്ലാവരും ഉണ്ട്…. പണം , സുന്ദരിമാർ , ഉപദേശകർ .. പക്ഷേ എല്ലാം വ്യർത്ഥമാണ്. ശക്തൻമാർ കുനിയും. തെരുവിലെ വാതിലുകൾ ഓരോന്നായി അടയും….

ശലമോൻ ഓർത്തു. ‘ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും വർദ്ധിക്കുന്നു.’

ഉച്ചയ്ക്ക് വാതിലിൽ ഒരു മുട്ട് കേട്ടു. വാല്യക്കാരിക്ക് ഒരു പ്രതീക്ഷ തോന്നി. അവൾ വാതിൽ തുറന്നു. പിറന്നാൾ മധുരമായി ഫറവോയുടെ പുത്രി തുത് മോസ നിൽക്കുന്നു. എന്താണ് റാണിയോട് പറയുക? സത്യം പറയാൻ മടിച്ചു.

“രാജാവ് വിശ്രമിക്കുകയാണ് “

“ആരാണ് കൂട്ട് ? “

വാല്യക്കാരി ശിരസ്സ് കുലുക്കി. ആരും ഇല്ലെന്ന് കേട്ടപ്പോൾ റാണി ചിരിച്ചുകൊണ്ട് അകത്തു കയറി.

റാണി രാജാവിനെ വിളിച്ചുണർത്തി.

“പ്രഭോ “

ശലമോൻ ശിരസ്സുയർത്തി ദയനീയമായി നോക്കി. പിന്നെയും കണ്ണടച്ചു.

കരം തലോടിയിട്ട് റാണി ആരാഞ്ഞു.

” പ്രഭോ, എന്താണ് അങ്ങയുടെ ഉൻമേഷം കെടുത്തുന്നത്? “

രാജാവ് പറഞ്ഞു.

“ഒരു ദാസൻ എനിക്കെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുന്നു.”

റാണി പറഞ്ഞു.

“അവിടുത്തെ സേനക്കു മുമ്പിൽ എന്ത് കലാപം ?”

രാജാവ് പറഞ്ഞു.

“അവരുടെ കൈകൾ ബന്ധിച്ചിരിക്കുകയാണ് “

അവൾ ചോദിച്ചു.

“ആർക്കാണ് അതിന് ധൈര്യം?”

രാജാവ് പറഞ്ഞു.

“യുദ്ധം അരുതെന്നാണ് വെളിപാടിൻ്റെ കൽപ്പന “

റാണിക്ക് ദേഷ്യം വന്നു.

“ദേവാലയത്തിലെ പുരോഹിതരാണോ ഈ നാട് ഭരിക്കുന്നത്?”

രാജാവിൻ്റെ കണ്ഠം ഇടറി.

“ആചാര്യന്മാരെ ധിക്കരിക്കാൻ എനിക്ക് ധൈര്യമില്ല. “

റാണിയുടെ മുഖം ചുവന്നു.

“ക്ഷമിക്കണം , അവിടുന്നാണ് ഈ നാടിൻ്റെ രാജാവ്. “

രാജാവ് തേങ്ങി.

” ദാസനു പാതി രാജ്യം തൽകി രാജാവിനെ ലജ്ജിപ്പിക്കാനാണ് ദൈവപുരുഷന്മാരുടെ ആലോചന”

റാണി പറഞ്ഞു.

“ശരി ആരാണ് ലജ്ജിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം “

രാജാവ് അവളുടെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി.

“അവിടുന്ന് ഒന്നു കൊണ്ടും വിഷമിക്കേണ്ട. ശത്രുവിനെ ജയിക്കാൻ ഉതകുന്ന ഒരു ചുരുൾ എന്റെ പ്രവാചികയുടെ കൈവശമുണ്ട്.”

രാജാവ് ആ കണ്ണുകളിലേക്ക് ഒന്നു നോക്കി പിന്നെ എഴുന്നേറ്റ് മധുരം കഴിച്ചു.

സായാഹ്നത്തിൽ കൊട്ടാരത്തിൽ ഇരുൾപടർന്നു. ഗ്രന്ഥപ്പുരയിൽ അക്ഷരദീപം തെളിഞ്ഞു. ചുരുളുകൾക്കിടയിൽ ഇരുൾ പമ്മി നിന്നു. ഉദ്യാനത്തിൽ നിന്ന് ഒരു വണ്ട് കയറി വന്നു. അത് ആ ജ്വാലയിലേക്ക് പറന്നടത്തു. അത് വെളിച്ചത്തിന് ചുറ്റും കുറെ നേരം മൂളിപറന്നു.

രാജാവ് ചിന്താകുലനായി. ഈജിപ്തിലെ പ്രവാചിക പറഞ്ഞു.

“നല്ല നിമിത്തമാണ് … “

ശലമോനു അത്ര വിശ്വാസം തോന്നിയില്ല. പക്ഷേ ത്രിനക്ഷത്രങ്ങൾ തെളിഞ്ഞപ്പോൾ അവൾ ആ കറുത്ത ചുരുൾ തുറന്നു.

“ആകാശ ഗോളങ്ങളുടെ അധിപതേ,
അഗ്നിയുടെയും ആകാശത്തിൻ്റെയും ആഴിയുടെയും നാഥാ,
മരുഭൂമിയുടെ കാവൽക്കാരാ …..
അവിടുത്തെ ദാസനെ അയച്ചാലും… “

ഒരിക്കൽ കൂടി വണ്ട് പാഞ്ഞു. വിളക്കും അണഞ്ഞു. വണ്ടും കരിഞ്ഞു വീണു.

എഴുത്തുകാരൻ ഒരിക്കൽ കൂടി ദീപം തെളിച്ചു. പൊടുന്നനെ അയാൾ പിന്നോട്ട് മറിഞ്ഞു വീണു. ഒരു ഭീകര രൂപത്തെ കണ്ടിരുന്നു.

പ്രവാചിക ആ കാൽക്കൽ വീണു. ഉഗ്രരൂപിയായ രാത്രിദേവൻ അലറി..

” നീ എന്തിന്ന് എന്നെ വരുത്തി ?

അവൾ പറഞ്ഞു.

“ഞങ്ങളുടെ രാജാവ് കൊടിയ ദുരിതത്തിലാണ്. “

ദേവൻ ചിരിച്ചു.

” എന്തിന്ന് എന്നെ ശല്യപ്പെടുത്തുന്നു ? … “

രാജാവിന് ധൈര്യം തോന്നി.

” കർത്താവ് എന്നിൽ നിന്നു പിന്തിരിഞ്ഞിരിക്കുന്നു. എന്നെ സഹായിക്കാൻ ആരുമില്ല.”

”ഭയപ്പെടെണ്ടാ , ഞാൻ ഒരു ദാസനെ നൽകാം. ..”

ഒരു മോതിരം നൽകിയിട്ട് ദേവൻ അപ്രത്യക്ഷനായി.

പ്രവാചിക എഴുന്നേറ്റു.

“മാന്ത്രിക മോതിരമാണ്. ഇതിൽ ഒന്നുരസിയാൽ ഒരു ഭൂതം പ്രത്യക്ഷപ്പെടും. അവൻ അവിടുത്തെ ആജ്ഞ നിറവേറ്റും..”

രാജാവിൻ്റെ കണ്ണുകൾ തിളങ്ങി.

രാജാവ് മോതിരം ധരിച്ചു. അത് ഒന്നു പരീക്ഷിക്കാൻ കൗതുകം തോന്നി. ഒന്നുരസിയപ്പോൾ കോഴിയുടെ കാലും മനുഷ്യൻ്റെ മാറിടവും വ്യാളിയുടെ വാലും മൂന്ന് തലയുമുള്ള ഭൂതം പ്രത്യക്ഷനായി വണങ്ങി.

” കൽപ്പിച്ചാലും…”

രാജാവിന് അറപ്പുതോന്നി.

“പറയാം…, ആദ്യം ഈ രൂപമൊന്ന് മാറുക… “

ഭൂതത്തിന് നല്ല തമാശ തോന്നി.

“ശരി അങ്ങേക്ക് എന്താണ് ഇഷ്ടം?

ഒന്നാലോച്ചിട്ട് രാജാവ് പറഞ്ഞു.

ഒരു കാര്യം ചെയ്യുക , ഈജിപ്തിലെ അടിമയുടെ വേഷത്തിൽ വരുക.”

“ശരി “

അത് വാലിട്ടിളക്കി..

ഈജിപ്തിലെ അടിമയുടെ വേഷത്തിൽ ഭൂതം പ്രത്യക്ഷനായി. അവൻ്റെ ചുണ്ടുകൾ വരണ്ടിരുന്നു. രാജാവിനെ അഭിവാദ്യം ചെയ്തു. ശലമോന് കൗതുകം അടക്കാനായില്ല.

“നീ ആരാണ് ? “

ഭൂതം പറഞ്ഞു.

“എൻ്റെ പേര് അസ് മോദേവൂസ് എന്നാണ്. രാത്രിദേവൻ്റെ ഒരു ദാസൻ. ഈജിപ്തിലെ മരുഭൂമിയിലാണ് എൻ്റെ വാസം … “

“കൊള്ളാം…”

രാജാവ് അഭിപ്രായപ്പെട്ടു.

“ഞാൻ അങ്ങേക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് ? “

“ശത്രുസംഹാരം. ശത്രുക്കൾ ബേഥേലിൽ പാളയം അടിച്ചിരിക്കുന്നു. അവരെ നീ നശിപ്പിക്കുക.”

അസ് മോദേവൂസ് ചിരിച്ചു.

“മാപ്പാക്കണം രാജാവേ, ശത്രുനിഗ്രഹത്തിനു അവിടുന്ന് എൻ്റെ യജമാനന് ഒരു ബലി തൽകണം. “

രാജാവ് ശിരസ്സ് കുലുക്കി..

ഭൂതം പറഞ്ഞു.

“അവിടുന്ന് ഒരു ശിശുവിനെ ബലിയർപ്പിക്കുക. “

രാജാവ് മടിച്ചു.രാജാവിനെ പിൻതിരിപ്പിക്കാൻ എഴുത്തുകാരൻ പറഞ്ഞു.

“പ്രഭോ, ഈ ഭൂതത്തെ പറഞ്ഞയച്ചാലും അല്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം “

പ്രവാചികക്ക് ഇഷ്ടപ്പെട്ടില്ല.

“ആ വിഡ്ഢി പറയുന്നത് അവിടുന്ന് ശ്രവിക്കരുത് ,രാജാവേ. അങ്ങയെ രക്ഷിക്കാൻ രാത്രിദേവൻ മാത്രമാണുള്ളത്. “

രാജാവ് ആലോചിച്ചു.

‘കർത്താവ് എന്നെ കൈ വിട്ടിരിക്കുന്നു. യെറോബയാമിനെ ജയിക്കാൻ മറ്റ് പോംവഴിയില്ല ‘

“നീ പറഞ്ഞത് ഞാൻ സമ്മതിച്ചിരിക്കുന്നു.”

അസ്മോദേവൂസ് മന്ദഹസിച്ചു..

{തുടരും}

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like