ഇക്കഴിഞ്ഞ ഏപ്രിലില്‍ മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു ശ്രീനഗറിലെ നഗരപരിസരത്ത് ലാല്‍ മണ്ഡിയിലുള്ള ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ചെന്നു കയറിയത്.സ്വാഭാവികമായും കുതിരക്കാരുടെയും ഷിക്കാരയെന്ന തോണി തുഴയുന്നവരുടെയും ഫോട്ടോയെടുത്തു നല്‍കുന്നവരുടെയും മറ്റും വിലപേശലുകള്‍ അവിടെയില്ല.കാശ്മീരില്‍ വിനോദസഞ്ചാരത്തിനായി നീക്കിവെക്കപ്പെടാത്ത അപൂര്‍വം സ്ഥലങ്ങളിലൊന്ന് ഇതായിരിക്കണം.ഒരു പക്ഷെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ സന്ദര്‍ശകര്‍ക്ക് ഇങ്ങോട്ടൊന്നു വന്നു നോക്കാന്‍ സമയം കിട്ടിയെന്നും വരില്ല.മന്ദവേഗം ‘വിനോദ സഞ്ചാര’ത്തിന് ഇണങ്ങിയതുമല്ല.
നൂറ്റാണ്ടുകള്‍പ്പുറത്തു നിന്ന് കാഴ്ചക്കാരോട് സംസാരിക്കുന്ന കല്ലിലും ലോഹത്തിലുമുള്ള മനോഹരമായ ശില്പങ്ങളും വളരെ പഴക്കമുള്ള നാണയങ്ങളുടെ വമ്പിച്ച ശേഖരവും എസ് പി എസ് എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന ഈ മ്യൂസിയത്തെ ശ്രദ്ധേയമാക്കുന്നു.കാശ്മീരിന്റെ ഭൂതകാല ചരിത്രം ഗ്യാലറികളില്‍ ഇതള്‍ വിടരുന്നു.വിശദമായ ,ഭംഗിയായി അച്ചടിച്ചിട്ടുള്ള കാറ്റലോഗ് അവിടെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും 24 പേജുള്ള ഒരു ചെറിയ പുസ്തകം വില്പനക്കുണ്ടായിരുന്നു.ഇതിന് പുറമെ ഏതാനും ലഘുലേഖകളും ഒരു സുവനീറും ലഭിച്ചു.അനന്തനാഗില്‍ നിന്ന് വന്ന സ്‌കൂള്‍ കുട്ടികളും മറ്റേതാനും സന്ദര്‍ശകരും ഒഴിച്ചാല്‍ മ്യൂസിയത്തില്‍ അന്ന് ആളുകള്‍ കുറവ്.
ശ്രീനഗറിന്റെ പരിസരത്തുള്ള പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച പുരാവസ്തുക്കള്‍ ധാരാളമായി കാണുവാന്‍ കഴിഞ്ഞു. 1872 ല്‍ രണ്‍ദീപ് സിങ് മഹാരാജാവ് പണികഴിപ്പിച്ച വേനല്‍ക്കാല വസതിയാണ് ആദ്യം മ്യൂസിയമാക്കിയത്.1898 ല്‍ ഇവിടെ പ്രതാപ് സിങ് മഹാരാജാവ് മ്യൂസിയം സ്ഥാപിച്ചു.പിന്നീട് പുതിയ കെട്ടിടം വന്നു.പല കാലങ്ങളിലായി ഉത്ഖനനത്തിലൂടെ ലഭിച്ച അനേകം വസ്തുക്കള്‍ ഇവിടെ വന്നു ചേര്‍ന്നിട്ടുണ്ട്.അവ എണ്‍പതിനായിരത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു.ഹിന്ദു ദേവതാ പരമ്പരകളുടെയും ബുദ്ധന്റെയും ബുദ്ധമത സങ്കല്‍പങ്ങളുടെയും ശില്പങ്ങളാണ് ഒക്കെയും.കല്ലിലും ഓടിലുമുള്ള ഈ ശില്പങ്ങള്‍ 600 എഡി -1300 എഡി കാലത്തുള്ളവയാണ്.
ഹൊയ്‌നാര്‍,ഹുട്മുറ,ഹര്‍വാന്‍,ഉഷാകര്‍,ബിജ്ബിഹാര,വെരിനാഗ്,പരിഹാസ്‌പൊര.ഗോപ്കര്‍,അവന്തിപൊര,സൗര തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ നിന്നും പുരാവസ്തുക്കള്‍ കണ്ടുകിട്ടിയിട്ടുണ്ട്.മോഷണം പോയ ചില ശില്പങ്ങള്‍ വീണ്ടെടുത്തിട്ടുമുണ്ട്.18 കൈകളുള്ള ദുര്‍ഗയുടെ ആകര്‍ഷകമായ ശില്പം അത്തരത്തിലൊന്നാണ്.

രണ്ടു ദശാബ്ദം മുമ്പ് കാണാതെ പോയ ഈ ശില്പം ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ടിലുള്ള ലിന്‍ഡന്‍ മ്യൂസിയത്തില്‍ നിന്നാണ് ഒടുവില്‍ കണ്ടുകിട്ടിയത്.
വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമിന് സമീപമുള്ള ഹൊയ്‌നാര്‍ പ്രാചീന കാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നു.ഇവിടെ നിന്ന് നടപ്പാതയില്‍ പാകുന്ന കല്ലുകള്‍ കണ്ടുകിട്ടുകയുണ്ടായി.പഹല്‍ഗാമിലേക്കുള്ള വഴിയില്‍ കാണന്ന ലിഡ്ഡര്‍ നദിയുടെ തീരത്ത് ഹുട്മാരയില്‍ ഒരു കാലത്ത് വലിയൊരു സംസ്‌കാരം തഴച്ചുവളര്‍ന്നതിന്റെ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ശ്രീനഗറില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയുള്ള ഹര്‍വാനും ഒരു കാലത്ത് വലിയ ബുദ്ധമത കേന്ദ്രമായിരുന്നു.അവിടെ നിന്നും കിട്ടിയ പാകുന്ന കല്ലുകള്‍ അപൂര്‍വങ്ങളാണ്.
മ്യൂസിയത്തിലെ നാണയ ശേഖരം പാഠപുസ്തകത്തിലെ ചരിത്രം കെട്ടുകഥയല്ലെന്ന് വിളിച്ചുപറയുന്നു.ഏതാണ്ട് 70000 നാണയങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ഇത്രയും സമ്പന്നമായ മ്യൂസിയം ഏതെങ്കിലും സംസ്ഥാന തലസ്ഥാനത്ത് കാണുമോ ?അടയാളങ്ങള്‍ മാത്രം പതിപ്പിച്ചിട്ടുള്ള ( പഞ്ച്മാര്‍ക്ക് നാണയങ്ങള്‍ )ക്രിസ്തുവിന് മുമ്പുള്ള നാണയങ്ങള്‍ മുതല്‍ ഇന്തോ ബാക്ത്രിയന്‍ ,ഇന്തോ സിഥിയന്‍ തുടങ്ങി കുശാനരുടെയും , ഹൂണരുടെയും കാശ്മീര്‍ സൂല്‍ത്താന്‍ മാരുടെയും അഫ്ഗാനികളുടെയും ചക്ക് രാജാക്കന്മാരുടയും മുഗളരുടെയും സിക്കുകാരുടെയും അവസാനത്തെ ദോഗ്ര രാജാക്കന്മാരുടെയും വരെ നാണയങ്ങള്‍ ഇവിടെ സംഭരിച്ചിട്ടുണ്ട്.സിറിയയിലെ ഡെമട്രസ്,അലക്‌സാണ്ടര്‍ ,ഇന്തോ ബാക്ത്രിയനായ അപ്പളോഡോട്ടസ്സ് ,മെനാന്‍ഡര്‍,കനിഷ്‌കന്‍,ഹൂണരായ തോരമാണന്‍ ,മിഹിരകുലന്‍ എന്നിവരൊക്കെ ഒരു കാലത്ത് ജീവിച്ചവരായിരുന്നു എന്ന് നാണയങ്ങളിലൂടെ അറിയുന്നത് അല്‍ഭുതകരം തന്നെ. അലക്‌സാണ്ടറുടെ മരണ ശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഗ്രീക്ക് വംശജര്‍ ആധിപത്യം സ്ഥാപിച്ചുവെന്നാണ് ചരിത്രം.ഇന്തോ ഗ്രീക്ക് എന്ന് വകതിരിക്കപ്പെട്ടിട്ടുള്ള 30 രാജാക്കന്മാരെ നാണയങ്ങളില്‍ നിന്ന് മാത്രം തിരിച്ചറിയാനാവും.ചരിത്രം കടന്നുപോയിട്ടുള്ള ഒരു പ്രദേശമാണ് കാശ്മീരും അതിന്റെ മറ്റു ഭാഗങ്ങളും.എന്നാല്‍ വിപുലമായ ഒരു ശേഖരം അവശേഷിപ്പിച്ചിട്ടാണ് ചരിത്രം കടന്നുപോയിട്ടുള്ളത് എന്നത് സന്ദര്‍ശകനില്‍ അല്‍ഭുതത്തോടൊപ്പം അമ്പരപ്പുമുളവാക്കുന്നു.
പ്രാചീനമായ എഴുത്തു പണികളുടെയും ( മാനുസ്‌ക്രിപ്റ്റുകള്‍ ) തുണിയുടെയും പെയിന്റിങ്ങുകളുടെയും ഗ്യാലറികള്‍ മ്യൂസിയത്തിലുണ്ട്.പെയിന്റിങ് ഗ്യാലറി കാണാന്‍ കഴിഞ്ഞില്ല.അത് അടച്ചിട്ടിരിക്കുകയാകണം.
മ്യൂസിയത്തിലെ ഏറ്റവും പ്രാചീനമായ വസ്തു ഇതൊന്നുമല്ല.ആനയുടെ പൂര്‍വികനായ ,വംശനാശം വന്ന മാമത്തിന്റേത് ( woolly mammoth )എന്നു കരുതുന്ന ഭീമന്‍ തലയോട്ടിയാണത്.50000 വര്‍ഷം പഴക്കമുണ്ട് ഈ ഫോസിലിനെന്ന് കണക്കാക്കിയിരിക്കുന്നു.

തലയോട്ടി ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.അതിനു സമീപം തിരശ്ശീലക്കു പിന്നില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്തിടത്ത് വലിയ എല്ലുകള്‍ മരത്തടികള്‍ പോലെ കൂട്ടിയിട്ടിരിക്കുന്നതും ഒരു പരിചാരകന്റെ ഔദാര്യത്താല്‍ കാണാന്‍ കഴിഞ്ഞു.ശ്രീനഗറിന് 15 കിലോമീറ്റര്‍ സമീപം പാംപോരയിലെ കോളേജിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഒരു സംഘം രണ്ടായിരാമാണ്ടില്‍ പഠന പര്യടനത്തിനിടെ കണ്ടെടുത്തതാണ് ഈ ഫോസില്‍.ഇതിന്റെ സൂക്ഷിപ്പ് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു.മേല്‍ത്താടിയും കീഴ്ത്താടിയുമുള്‍പ്പെടെയുള്ള തലയോട്ടിയാണ് കണ്ടുകിട്ടിയത്.നട്ടെല്ലും ഒരു കൊമ്പിന്റെ കഷ്ണവും കണ്ടു കിട്ടിയിരുന്നു. അപ്പോള്‍ തിരശ്ശീലക്കു പിന്നില്‍ സൂക്ഷിച്ചിരിക്കുന്ന ആ ‘ മരത്തടികള്‍ ‘ ഇതു വരെ കണക്കില്‍ പെടുത്തിയിട്ടില്ലേ?ഒഡിഷയില്‍ നിന്നും ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നിന്നും മാമ്മത്ത് ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്.
മ്യൂസിയത്തില്‍ കാശ്മീരിന്റെ ഭൂതകാലം വര്‍ത്തമാനകാലത്തോട് സംസാരിക്കുകയാണെങ്കില്‍ ,വര്‍ത്തമാനം ഭാവിയോടു സംസാരിക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.റോഡില്‍ തടസ്സമുണ്ടാക്കിക്കൊണ്ട് ഒരു റെയില്‍വേഗേറ്റ്.നേരിയ മഴ.നോക്കുമ്പോള്‍ നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മഴയുടെ തിരശ്ശീലയിലൂടെ ഒരു തീവണ്ടി അധികം വേഗതയില്ലാതെ വരുന്നു.!ബനിഹാലില്‍ നിന്ന് 128 കി.മീറ്ററകലെ ബാരാമുള്ളയിലേക്കു പോകുന്ന വണ്ടിയാണത്.

ഈ ലൈനിന് ഇപ്പോള്‍ അഖിലേന്ത്യ റെയില്‍ ശ്രംഖലയുമായി ബന്ധമില്ല.വൈകാതെ അത് സാധിക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് കാശ്മീരിലേക്ക് തീവണ്ടിയില്‍ തന്നെ പോകാന്‍ കഴിയും.ഇപ്പോള്‍ ജമ്മുവില്‍ നിന്ന് വൈഷ്‌ണോദേവി കത്ര വരെ റെയിലുണ്ട്.ആകെ 272 കി.മീറ്റര്‍ വരുന്ന ഉദ്ദംപൂര്‍ – ശ്രീനഗര്‍ – ബാരാമുള്ള ലൈനിന്റെ ഏതാണ്ട് 60 ശതമാനം പണി ( 161 കി .മീ )പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വനി കുമാര്‍ വൈഷ്ണവ് ലോക് സഭയില്‍ പറയുകയുണ്ടായി.അടുത്ത വര്‍ഷത്തോടെ ഈ ലൈന്‍ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.പീര്‍ പഞ്ചാല്‍ പര്‍വതത്തെ തുരന്നുകൊണ്ട് ബനിഹാലില്‍ നിന്ന് കാസിഗുണ്ട് വരെ ഇപ്പോള്‍ റോഡ് തുരങ്കത്തിനു പുറമെ 11 കിലോ മീറ്റര്‍ റെയില്‍ തുരങ്കവും പ്രവര്‍ത്തിക്കുന്നു.ഈ വഴിക്ക് ചിനാബ് നദിക്ക് കുറുകെയുള്ള പാലം പണിതു കഴിഞ്ഞു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ( 1178 അടി ) ഇതായിരിക്കുമെന്ന് പറയുന്നു.രണ്ടറ്റത്തും റെയില്‍ ബന്ധമില്ലെങ്കില്‍ എങ്ങനെയായിരിക്കും ബനിഹാല്‍ – ബാരമുള്ള ലൈനിലേക്ക് എഞ്ചിനും കോച്ചുകളും കൊണ്ടുവന്നിട്ടുണ്ടാവുക? കോച്ചുകള്‍ക്കടിയില്‍ ടയറുകള്‍ ഘടിപ്പിച്ച് റോഡിലൂടെ ഓടിച്ചു കൊണ്ടുവന്നതാണെന്ന് മനസ്സിലാക്കുന്നു.
അമ്പതുകളുടെ ഒടുവില്‍ ടി പത്മനാഭന്റെ മഖന്‍ സിങ് ( ‘മഖന്‍ സിങിന്റെ മരണം’ ) ഓടിക്കുന്ന ബസ്സ് ബനിഹാലില്‍ ഓട്ടം നിര്‍ത്തുകയും യാത്രികര്‍ എല്ലാവരും രാത്രി അവിടെ ചെലവിടുകയുമാണ്.കാശ്മീര്‍ താഴ്‌വരയിലേക്കുള്ള പ്രവേശന വഴിയാണിത്.പിറ്റേന്ന് രാവിലെ ശ്രീനഗറിലേക്ക് പുറപ്പെടുന്നു. പല ചിന്തകളും മഖന്‍സിങിനെ മഥിക്കുന്നുണ്ട്.ബസ്സ് ബനിഹാല്‍ ചുരം കയറുകയും പിന്നീട് ഒരു ടണലിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.ഏതാണ്ട് മൂന്നു കി.മീറ്റര്‍ മാത്രം ദൂരമേയുള്ളൂ 1956 ല്‍ പണിത ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഈ തുരങ്കത്തിന്.” ബസ്സ് തുരങ്കം കടന്ന ഉടനെ പതുക്കെ നില്‍ക്കുകയും അതിന്റെ വാതില്‍ തുറന്ന് അയാള്‍ പുറത്തേക്ക് വീഴുകയും ചെയ്യുന്നു.സുന്ദരമായ കാശ്മീര്‍ താഴ്‌വരയില്‍ വെളിച്ചം ഓളം വെട്ടുകയായിരുന്നു.”രാം ലാലിന്റെ ” സര്‍ദാര്‍ജീ ” എന്ന വിളി മഖന്‍സിങ് കേള്‍ക്കുകയുണ്ടായില്ല.ഇപ്പോള്‍ ഏതാണ്ട് എട്ടര കി.മീറ്റര്‍ ദുരം വരുന്നു ബനിഹാല്‍ – കാസിഗുണ്ട് ടണലിലൂടെ മഖന്‍ സിങിന്റെ പിന്‍ഗാമിയായ ടാക്‌സി ഡ്രൈവര്‍ നിര്‍മല്‍ സിങിന് കാശ്മീര്‍ താഴ്‌വരിയലേക്ക് പ്രവേശിക്കാം, പകലായാലും രാത്രിയായലും.പഴയ ജവാഹര്‍ ടണലിനേക്കാള്‍ മലയുടെ പള്ളയില്‍ താഴെയാണിത്. ഇനി റെയില്‍ ബന്ധം കൂടി സ്ഥാപിക്കുന്നതോടെ കാശ്മീരിലേക്ക് എത്തുവാനുള്ള യാത്രാ മാര്‍ഗം തന്നെ യാത്രാനുഭവമാകും.