പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 2 – കലഹത്തിന്റെ വിത്തുകൾ

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 2 – കലഹത്തിന്റെ വിത്തുകൾ

ഇളംതവിട്ട് നിറമുള്ള ചെത്തുകല്ലിലും ദേവദാരു തടിയിലും ഹൂറാം അബി തീർത്ത രാജകീയ കവിതകളാണ് യെറുശലേമിലെ ദൈവാലയവും കൊട്ടാരവും. തേച്ചുമിനുക്കിയ ഓരോ കല്ലിനും പലകയ്ക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അടിമയുടെ ചോരയും കണ്ണീരും പുരണ്ട കഥകൾ…… ഉരുളൻതൂണുകളിലെ ആ ചോരപ്പാടുകൾ മായ്ക്കാൻ തച്ചൻമാർക്കായില്ല, കാലത്തിനും .

രാജഭോഗം അടയ്ക്കാത്തവരെ മൂന്ന് മാസം കാട്ടിലെ പണിക്ക് ശലമോൻ രാജാവ് ശിക്ഷിച്ചിരുന്നു. ലെബെനോണിലെ ബാഷറത് കാട്ടിലാണ് വേല. ദൈവം നട്ടുപിടിപ്പിച്ച ദേവദാരു മരങ്ങളാണ് ആ കാട്ടിൽ വളർന്നിരുന്നത്. ആകാശം മുട്ടെ പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷഗോപുരങ്ങൾ.ആകാശപറവയും ബകവും ആ ചില്ലകളിൽ ചേക്കേറിയിരുന്നു. ആ ശാന്തതയെ ഭഞ്ജിച്ചു കൊണ്ട് പ്രഭാതത്തിൽ ഒരു കോടാലി മരത്തിൻ്റെ കടയ്ക്കൽ വീണു. വൃക്ഷത്തിൻ്റെ നെഞ്ച് പിളർന്ന് ഒരു പക്ഷി ആകാശത്തേക്ക് പറന്നുയർന്നു.

താഴ് വരയിൽ ഹിമശകലങ്ങൾ ചാരം പോലെ പാറി പറന്നിരുന്നു. കാട്ടരുവികൾ ഉറഞ്ഞ് വെണ്ണ പോലെയും. പുഴ കടക്കുമ്പോൾ അടിമകളുടെ പാദങ്ങൾ തണുത്ത് മരവിക്കും. ഒരിക്കൽ ഒരു പാദം ഹിമപാളിയിൽ താണു. അത് പറിച്ചെടുക്കനുള്ള വെപ്രാളത്തിൽ തടിയിൽ നിന്നു പിടിവിട്ടു.

മേലാളൻ കോപിച്ചു.

വായുവിൽ അടിയുടെ സീൽക്കാരം മുഴങ്ങി. മിന്നൽ പോലെ ചാട്ട ആ ശരീരത്തിൽ പതിഞ്ഞു. പക്ഷേ ഒരു തുള്ളി ചോര പോലും പൊടിഞ്ഞില്ല.കൊടും മഞ്ഞിൽ ആ ശരീരം മരത്തടി പോലെ മരവിച്ചിരുന്നു. ചങ്ങാട യാത്രക്കിടയിൽ കടൽ വെള്ളം ആ ശരീരത്തിൽ തെറിച്ചുവീണപ്പോൾ ഒരു നീറ്റൽ…

അയാൾ പിടഞ്ഞു.

ഉറുമ്പിൻ കൂട്ടങ്ങളെ പോലെ അവർ ദേവദാരു മരം തോളിലേറ്റി നടന്നു. ആരുടെയെങ്കിലും കൈ ഒന്നയഞ്ഞാൽ അത് ചെങ്കുത്തായ ആ താഴ് വരയിൽ നിപതിക്കുകയായി .

അടിമപ്പാതയുടെ ഒടുവിൽ യെറുശലേം കുന്നുകൾ ദൃശ്യമായി. മൂടൽ മഞ്ഞിൽ കുന്നുകൾ നരച്ചിരുന്നു. അസ്തമന സൂര്യൻ്റെ പ്രഭയിൽ ദാവീദിൻ്റെ ഗോപുരം ആകാശപ്പൊന്നായി. ഒരു നിമിഷം കൊണ്ട് അടിമകൾ കണ്ണീരും കഷ്ടപ്പാടും മറന്നു. എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ ഇനി കഥകൾ മാത്രം. പച്ചപ്പ് കണ്ട ഒട്ടകത്തെ പോലെ അവർ പാഞ്ഞു. കൊടും ഭാരത്തിൽ വളഞ്ഞ കഴുത്തുകൾ ഒരിക്കൽ കൂടി നിവർന്നു. നഗരകവാടം കണ്ടപ്പോൾ ശീലോക്കാർ ഉച്ചത്തിൽ ഏലായിട്ടു തുടങ്ങി.

“ഹോയ് ….. ഏലസാ.”

വീട്ടിൽ നിന്ന് പോന്നിട്ട് അപ്പോൾ ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞിരുന്നു.

കഴുതച്ചന്തയോട് ചേർന്നാണ് നഗരത്തിലെ മരച്ചാപ്പ. ദേവദാരു മരങ്ങളൂടെ ശവപറമ്പ്. മരങ്ങൾ ഒന്നിനു മീതെ ഒന്നായി അട്ടിയിടണം. എല്ലാം കഴിഞ്ഞ് അവർ വിയർപ്പ് തുടച്ചു. മരത്തിൻ്റെ പകിട്ടോ കരുത്തോ മൂല്യമോ ശീലോക്കാരെ ഒട്ടും ആകർഷിച്ചില്ല. വേലക്കാരന് തൻ്റെ പ്രയത്നം കൊണ്ട് എന്ത് പ്രയോജനം? സദാ കഷ്ടപ്പെടാനായി മനുഷ്യപുത്രർക്കു എന്തൊക്കെ വേലകളാണു് ദൈവം തൽകിയിരിക്കുന്നത് ?

വിടുതൽ ചീട്ടിനായി കാത്തിരിക്കുമ്പോൾ അവർ ഓർത്തു.

‘പാതയിലെ എണ്ണിയാൽ ഒടുങ്ങാത്ത കഷ്ടപ്പാടുകൾ ദു:സ്വപ്നങ്ങളായി പിൻതുടരും. ചാട്ടവാറിൻ്റെ ശബ്ദം കേട്ട് പാതിരാവിൽ ഞെട്ടിയുണരും.. ചെറുത്ത് നിൽക്കാൻ കഴിയാത്ത വിധം കിരാതന്മാരായവരുടെ കയ്യിൽ അകപ്പെട്ടതും ആശ്വസിപ്പിക്കാനായി ആരും വരാത്തതും ഓർത്ത് കരയും….. ‘

അകലെ മഞ്ഞിൽ മൂടിയ ദൈവാലയ ഗോപുരം കണ്ടു അവർക്ക് കരച്ചിൽ വന്നു.

“ദൈവമേ നിൻ്റെ ജനപദമല്ലേ വടക്കർ? രാജാവിൻ്റെ ദണ്ഡനമേറ്റ് പിടയുന്നത് നീ കാണുന്നില്ലേ? ഈ ദുരിതത്തിന് എന്നാണ് ഒരറുതി ഉണ്ടാകുക? “

അടിമവേലക്കിടയിൽ നൂറുകണക്കിനു ജീവനുകൾ പൊലിഞ്ഞിരുന്നു. ഒരിക്കൽ ചങ്ങാടം മുങ്ങി നാലഞ്ചു ബേഥേലുകാർ കടലിൽ താണു. മൂന്നാം ദിനത്തിലാണ് ശവശരീരങ്ങൾ യോപ്പായുടെ തീരത്തടിഞ്ഞത്. വടക്കർ ഒന്നടങ്കം കണ്ണീർ വാർത്തപ്പോൾ ഒരു ബേഥേലുകാരൻ മാത്രം കരഞ്ഞില്ല.

ഏലാദ് രോഷാകുലനായി.

“രാജാവിന് കൊട്ടാരം പണിയാൻ നമ്മൾ മരിക്കണോ? ശലമോനിൽ നമുക്ക് എന്ത് ഓഹരിയാണുള്ളത്? എഫ്രായിംകാരേ , നിങ്ങൾ നിങ്ങടെ നാട്ടിലേക്ക് പോകുക. ശലമോൻ നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല.”

യോപ്പായിൽ ഒരു കലാപത്തിന് ഇടി മുഴങ്ങി.

“സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം.”

അടിമവേല മതിയാക്കാൻ കുറച്ചു പേർ തീർച്ചയാക്കി. എന്തിനാണ് മരിച്ചു ജീവിക്കുന്നത്? അതിലും ഭേദം മരണം തന്നെയാണ്. നാട്ടിലേയ്ക്കുള്ള യാത്രയിൽ അവർ ഒരു പട്ടണം കൈയ്യേറി.

രാജസേന റാമയെ ഉപരോധിച്ചു. കലാപകാരികളെ വധിക്കാൻ പടനായകൻ മടിച്ചു. യോവാശ് ഒരു എഫ്രായിംകാരനായിരുന്നു. അയാളുടെ കണ്ണുകൾ ചെന്നായയുടേതുപോലെ ചുവന്നിരുന്നു. കോട്ടക്ക് എതിരെ ഒരു മൺകൂന ഉയർന്നു. കൂനയുടെ മുകളിൽ കയറി യോവാശ് പറഞ്ഞു.

“സഹോദരരേ , ഏലാദിൻ്റെ വാക്കു കേട്ട് നിങ്ങൾ ഒരു വിഡ്ഢിത്തം കാട്ടി. ഇനിയും അവൻ്റെ വാക്ക് കേട്ട് നടന്നാൽ കഴുത്തിനു മീതെ തല കാണില്ല.”

കലാപകാരികളുടെ മുഖം വിളറി. യോവാശ് സമാധാനിപ്പിച്ചു.

” ഭയപ്പെടേണ്ടാ…. കീഴടങ്ങുന്നവർക്ക് മാപ്പ് തരാൻ നമ്മുടെ രാജാവ് തിരുമനസ്സാണ്.”

പടനായകൻ്റെ കൗശലം ഏലാദിന് മനസ്സിലായി.

“യോവാശ് കളവു പറയുകയാണ്. രാജാവ് നിങ്ങൾക്ക് മാപ്പ് തരാൻ പോകുന്നില്ല.”

അഗ്നിയിൽ എരിഞ്ഞടങ്ങന്ന ശലഭമാകാനല്ല കലാപകാരികളുടെ വിധി “

ഏലാദ് തുടർന്നു.

“ഈ കവാടത്തിൽ വീഴുന്ന ഒരോ തുള്ളി ചോരയും പാഴാവില്ല. അതിൽ നിന്നും ആയിരങ്ങൾ പുനർജനിക്കും.”

പോരാടാൻ ഏലാദ് ആഹ്വാനം ചെയ്തു.

“സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം.”

കുറുവടികളും ആയി ബേഥേലുകാർ അണിനിരന്നു. പക്ഷേ ശേഖേംകാർക്ക് പോരാടാൻ ഭയം തോന്നി. അവർ പിൻവാങ്ങി.

സായാഹ്നത്തിൽ റാമയിലെ നീർച്ചാൽ ചുവന്നു. മത്സ്യങ്ങൾ ചത്തുമലച്ചു

രാജാവ് ശേഖേംകാരെ കാട്ടിലേക്ക് മടക്കി അയച്ചില്ല. മാപ്പ് നൽകി.. യെറുശലേം കോട്ടയുടെ അറ്റകുറ്റങ്ങൾ തീർക്കാനായി അവർ കല്ലും മണ്ണും ചുമന്നു. നട്ടെല്ല് ഞാങ്ങണ പോലെ വളഞ്ഞപ്പോൾ തെല്ലും സങ്കടപ്പെട്ടില്ല. വേല തീർന്നാൽ നാട്ടിലേക്ക് മടങ്ങാമല്ലോ…….

മതിൽ പണി കഴിഞ്ഞിട്ടും വിടുതൽ ചീട്ടു വന്നില്ല. ശീലോക്കാർ നാട്ടിലേക്ക് മടങ്ങിയപ്പോൾ അവർക്ക് ഭയം തോന്നി.

അവർ മേലാളനെ കണ്ടു. ശേഖേംകാരുടെ കണ്ണീര് യെറോബയാമിനെ സങ്കടപ്പെടുത്തി.

അയാൾ ചുവന്ന താടി തടവി. പിന്നെ കൊട്ടാരത്തിൽ ചെന്ന് ദിവാൻ അദോനി റാമിനെ കണ്ട് ഉണർത്തിച്ചു.

“പ്രഭോ, ശേഖേംകാർക്ക് ഒരു സങ്കടമുണ്ട്.”

അദോനി റാം പറഞ്ഞു.

“ആ മനുഷ്യർ മുൾച്ചെടികളാണ്. “

കലാപകാ രികളെ ഒരു പാഠം പഠിപ്പിക്കാൻ ദിവാൻ തീരുമാനിച്ചിരുന്നു. മുള്ളുകൊണ്ടു മുള്ളെ ടുക്കുക !

മേലാളൻ കേണു.

” രാജാവ് അവർക്ക് മാപ്പ് തൽകിയതാണ്.”

അദോനിറാം ആരാഞ്ഞു.

“രാജാവോ?

കലാപകാരികൾക്ക് രാജാക്കന്മാർ ഒരിക്കലും മാപ്പു കൊടുക്കാറില്ല. രാജകൽപ്പനയെ ധിക്കരിക്കുന്ന എല്ലാവർക്കും ഇവർ ഒരു പാഠമാകട്ടെ.”

ദിവാൻ അമർത്തി ചിരിച്ചു

ഏഴു വർഷം വേല ചെയ്യണമെന്ന് കേട്ടപ്പോൾ ശേഖേംകാർക്ക് ആത്മനിന്ദ തോന്നി. ബേഥേലുകാരെ വഞ്ചിച്ചതിനുള്ള ശിക്ഷയാണ്. റാമ കവാടത്തിൽ പിടഞ്ഞു വീണ സഹോദരരോട് അസൂയ തോന്നി.

‘ഭാഗ്യവാൻമാർ… അരനിമിഷത്തെ വേദന മാത്രമല്ലേ നിങ്ങൾക്ക് അനുഭവിക്കേണ്ടി വന്നുള്ളൂ ‘

അവർ കരഞ്ഞു.

കണ്ണീരും വിയർപ്പും കോട്ടയിൽ വീണു. അവ വീണതു കൊണ്ടാണോ കോട്ട ദ്രവിക്കുന്നത്?

യെറോബയാം സംശയിച്ചു.

അയാൾ ഗാദിലെ മേലാളനോട് പറഞ്ഞു.

“ഇപ്പോൾ ജീവിച്ചിരിക്കുന്ന ശേഖേംകാരേക്കാൾ മുന്നെ മരിച്ച ബേഥേലുകാരാണ് ഭാഗ്യവാൻമാർ.”

ഗാദുകാരൻ പറഞ്ഞു.

“ഇവരേക്കാൾ ഭാഗ്യവാൻമാർ ഇനിയും ജനിക്കാത്തവരാണ്.”

യെറോബയാമിനെ ജോസഫ് ഗോത്രം മാനിച്ചിരുന്നു. എഫ്രായമിലെ വിരുന്നുകളിൽഅയാൾക്ക്‌ മുഖ്യ ഇരിപ്പടം ലഭിച്ചു. വിളവെടുപ്പ് കാലത്ത് ധാന്യവും മുന്തിരിയുടെ ഫലങ്ങളും പ്രഭുക്കൻമാർ സെരോദയിലെ വീട്ടിലേക്ക് കൊടുത്തയച്ചു. നഗരവീഥിയിൽ ജനങ്ങൾ അഭിവാദ്യവും ചെയ്തു.

അമ്മ സന്തോഷിച്ചു.

ഭർത്താവ് മരിച്ചതിൽ പിന്നെ ആദ്യമായി ആ മുഖം തെളിഞ്ഞു.പക്ഷേ റാമയിലെ കൊല എല്ലാം മാറ്റിമറിച്ചു. രാജാവിനെയും രാജദാസൻമാരെയും നാട്ടുകാർ വെറുത്തു. അവളുടെ ശിരസ്സു കുനിഞ്ഞു. രാജാവിനെ കുറ്റപ്പെടുത്താൻ യെറോബയാം മടിച്ചു.

ഒരു സമയത്ത് ദാവീദിൻ്റെ പട്ടണത്തിനു പുറത്ത് ചെളിനിറഞ്ഞ ഒരു സ്ഥലമുണ്ടായിരുന്നു. മില്ലോ. നഗരത്തിന്റെ വയറിലെ പൊക്കിൾക്കുഴി പോലെ ചെളി പിടിച്ചുകിടന്നു. നഗരത്തിലെ പാവങ്ങളാണ് അവിടെ പാർത്തിരുന്നത്. സായാഹ്ന സവാരിക്കിടയിൽ രാജാവ് അഴുക്ക് പിടിച്ച ആ ജീവിതങ്ങൾ കണ്ടു. മില്ലോ നികത്താൻ രാജാവ് ഉത്തരവിട്ടു.

ആ ജോലികൾക്ക് മേൽനോട്ടം വഹിക്കാൻ ഏൽപ്പിച്ചത് ഒരു കൽപണിക്കാരനായ തന്നെ ആയിരുന്നു..കുഴി നികത്തിയപ്പോൾ പാവങ്ങളുടെ മുഖഛായ തന്നെ മാറി. കുട്ടികളുടെ മുഖം തെളിഞ്ഞു.

രാജാവ് യെറോബയാമിനെ അഭിനന്ദിച്ചു.

കഠിനാധ്വാനികളെയും പരിശ്രമശാലികളെയും ശലമോൻ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. കോട്ടയുടെ കേടുപാടുകൾ തീർക്കാനും അയാളെ നിയോഗിച്ചു.

ഉദ്യോഗസ്ഥർ പിറുപിറുത്തു. പക്ഷേ പണികൾ കണ്ടപ്പോൾ രാജാവിൻ്റെ തീരുമാനം ശരിയാണെന്ന് മനസ്സിലായി. ഒരു പോരായ്മ പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. അവർ അമ്പരുന്നു. ഒരു സുപ്രഭാതത്തിൽ ജോസഫ് ഗോത്രത്തിലെ അടിമവേലയുടെ അധിപനായും നിയമിച്ചപ്പോൾ അവർ പിറുപിറുത്തു. ഒരു കൽപണിക്കാരനെ മേലാളനാക്കിയ കാരുണ്യത്തെ എങ്ങിനെയാണ് മറക്കുക?

വേലക്കാരുടെ കണക്കുകൾ പൂർത്തിയാക്കിയ ശേഷം കൊട്ടാരത്തിൽ നിന്ന് യെറോബയാം ഇറങ്ങി. വടക്കൻ കാറ്റിൽ തണുത്തു വിറച്ചു. മേലാളൻമാർ ചിരിച്ചു.

” നമുക്ക് ഒന്നു തണുപ്പു മാറ്റിയാലോ?”

ചുവന്ന തെരുവിൽ പോയി അവർ തണുപ്പു മാറ്റിയിരുന്നു.. പക്ഷേ അന്ന് അയാൾക്ക് മടുപ്പ് തോന്നി. ശേഖേംകാരുടെ തലേവിധി മനസ്സിനെ പാടെ ഉലച്ചിരുന്നു.

” ഞാൻ വരുന്നില്ല. “

അവർ അത്ഭുതപ്പെട്ടു.

“എന്താ പരിപാടി?”

“ദൈവാലയത്തിൽ പോകണം ….

ഒരാൾ പരിഹസിച്ചു.

“എന്തോ തെറ്റു ചെയ്തിട്ടുണ്ട് … “

അത് കാര്യമാക്കാതെ അയാൾ നടന്നു.

അവർ ചിരിച്ചു.

യെറോബയാം അകലെക്ക് നോക്കി. മോറിയമല ഇരുൾ മൂടി കിടക്കുകയാണ്. പകൽ വളർന്നിട്ടും പ്രകാശം ഏറിയില്ല. ഇരുളിൻ്റെ മേഘമാലകളിൽ കടന്ന് സൂര്യൻ ഒളിച്ചിരിക്കുന്നു. ദൈവാലായ ഗോപുരത്തിനു മീതെ കരിനിഴൽ പതിഞ്ഞു.

“എന്താണിത്?”

ദൈവാലയത്തിലേക്ക് നടക്കുമ്പോൾ മുകളിലേക്കു വിരൽ ചൂണ്ടി അയാൾ ആരാഞ്ഞു.

ഒലിവു് മലയിൽ നിന്ന് പുകപടലങ്ങൾ ഉയരുന്നു. ഒരു ഭീകരസത്വത്തെ പോലെ അത് ആലയത്തിനു മീതെ ഫണം വിടർത്തി നിൽക്കുന്നു.

ആലയമുറ്റം ചാരം വീണു വെളുത്തിരുന്നു. ദൈവാലയ വാർപ്പിലേക്ക് ഒരു പിടി ചാമ്പൽ വീണു. വാർപ്പിൽ കഴുകിയിരുന്ന ബലിവസ്തുക്കൾ അശുദ്ധമായി. ശുദ്ധാശുദ്ധങ്ങൾ പാലിച്ചിരുന്ന പുരോഹിതരുടെ കണ്ണുകൾ ചുവന്നു. രാജപുരോഹിതൻ നിസ്സഹായനായി.

ശേബയിലെ റാണിയെ കുറ്റപ്പെടുത്താൻ മടിച്ചു മഹാപുരോഹിതൻ രാജാവിനെ പരിഹസിച്ചു.

” പ്രജ തെറ്റ് ചെയ്താൽ രാജാവിനോട് പരാതിപ്പെടാം. എന്നാൽ രാജാവിൻ്റെ പ്രയപ്പെട്ടവൾ തെറ്റ് ചെയ്താൽ ആരോടാണ് പറയുക?”

ദൈവാലയാങ്കണത്തിൽ അഹിയ പ്രവാചകൻ്റെ ശിഷ്യൻമാർ രാവും പകലും ജാഗരണ പ്രാർത്ഥന നടത്തിയിരുന്നു.
ഒരു ശിഷ്യൻ പുരോഹിതനു നേരെ തിരിഞ്ഞു. അയാൾ വിറക്കുന്നുണ്ടായിരുന്നു

“നീ ആരെ ഭയപ്പെടുന്നു …. ദൈവത്തെയോ രാജാവിനെയോ ?”

രാജപുരോഹിതൻ തല കുനിച്ചു.

അവൻ തുടർന്നു .

“ദാവീദിൻ്റെ പുത്രന്മാരിൽ നിന്ന് ഞാൻ ശലമോനെ ഉയർത്തി ഇസ്രായേലിന്റെ രാജാവാക്കി . പിതാവിനെ പോലെ എൻ്റെ വാക്കുകൾ അവൻ ചെവി കൊള്ളുന്നില്ല. അന്യദേവൻമാരെ ക്ഷണിച്ചു കൊണ്ടുവന്ന് എൻ്റെ നഗരം അശുദ്ധമാക്കി. അതു കൊണ്ട് ഞാനിതാ അവനെ ലജ്ജിപ്പിപ്പിക്കാൻ പോകുന്നു.”

പൊന്നുതമ്പുരാനെ ശപിച്ചത് യെറോബയാമിനു ഇഷ്ടപ്പെട്ടില്ല. അയാൾ പ്രവാചകനെ കണ്ടു.

“ഈ ആലയം പണിത രാജാവിനെ നിന്ദിക്കുന്നത് ഉചിതമാണോ , പ്രഭോ ?”

ചെറുപ്പക്കാരൻ്റെ കണ്ണുകളിൽ നോക്കിയിട്ട് പ്രവാചകൻ പരിഹസിച്ചു.

“നാളെ പകലറുതിക്കു മുമ്പായി നീ അറിയും…. “

യെറോബയാം അമ്പരന്നു.

അയാൾക്ക്‌ ഒരു സമാധാനവും തോന്നിയില്ല.

കുന്നിൻ മുകളിലൂടെ അയാൾ ഇരുളും വരെ അലഞ്ഞു നടന്നു. സത്രത്തിൽ മടങ്ങി വന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. ഏദോംകാരിയുടെ ചൂടിൽ തണുപ്പു മാറ്റിയ കൂട്ടുകാർ ഉറക്കം പിടിച്ചിരുന്നു. ഇടനാഴികയിൽ കിടന്ന ബാലനെ തട്ടി ഉണർത്തിയിട്ട് പറഞ്ഞു.

“രാവിലെ കുതിരക്ക് തീറ്റ കൊടുക്കണം”.

കീറ കമ്പിളി ഒന്നനങ്ങി. പിന്നെ ചുരുണ്ടു. തണുപ്പിന്റെ സൂചിമുനയേറ്റ് അവൻ പിടഞ്ഞു. ദാവീദിൻ്റെ ഗോപുരത്തിൽ നിന്ന് ഒന്നാം കൊമ്പുവിളി മുഴങ്ങിയപ്പോൾ ബാലൻ ഉണർന്നു. കീറകമ്പിളി വാരി ചുറ്റി നടന്നു. നഗരം മഞ്ഞിൽ പുതച്ചു കിടക്കുകയാണ്. കച്ചി കൊടുത്തിട്ട് അവൻ ഓക്കുമരത്തിൻ്റെ ചുവട്ടിൽ ഇരുന്നു. ആകാശം പൊട്ടിവീണ ചില മഞ്ഞിൻ ശകലങ്ങൾ മുറ്റത്ത് വീണുകിടന്നിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു കാലൊച്ച കേട്ടു. കുതിര ചിനച്ചു.

സത്രത്തിന്റെ അന്ധകാരത്തില്‍ നിന്നു വിഭാത വേളയില്‍ രാജവീഥിയിലേക്കു കുതിര കാലെടുത്തു വെച്ചപ്പോൾ പ്രകാശത്തിന്റെ ഒരു ചീള് യെറോബയാമിൻ്റെ മേൽ പതിച്ചു. മഞ്ഞിൽ തെരുവു വിളക്കുകൾ കണ്ണു ചിമ്മി…. അകലെ ഏതോ തെരുവിൽ പാറാവുകാരുടെ കുളമ്പടിശബ്ദം കേട്ടു. കുതിരയെ പായിച്ചു. തെരുവിൻ്റെ അറ്റത്ത് ഇരുട്ട് അനങ്ങുന്നുത് കണ്ടപ്പോൾ കുതിര വേഗത കുറച്ചു.

അയാൾ അത്ഭുതപ്പെട്ടു. ഒരു ഉന്തു വണ്ടിയും തള്ളികൊണ്ട് നാലഞ്ച് ശുചികരണക്കാരികൾ കടന്നു പോയി. ആട്ടിൻ ചന്തയിലെ ചവറുകൂനയിൽ അപ്രത്യക്ഷരായി. ചന്തക്ക് എതിരെയുള്ള താഴ് വര കവാടത്തിന് മുന്നിൽ എട്ടുപത്ത് പേർ കാത്തുനിന്നിരുന്നു. ഒരാൾ കഴുതയെ ചേർത്ത് പിടിച്ചു. പ്രഭാത ശൈത്യത്തിൽ അത് വാൽ അനക്കികൊണ്ടിരുന്നു.

പുലരിക്കാറ്റിൽ യെറോബയാം തണുത്തു വിറച്ചു. കാവൽക്കാരൻ പറഞ്ഞു.

“അങ്ങ് എന്തിന് ഇവിടെ തണുപ്പടിച്ചു നിൽക്കണം?സൂചിക്കുഴയിലൂടെ പോകാമല്ലോ …”

സൂചിക്കുഴ കവാടം…..

കഷ്ടിച്ച് ഒരു യാത്രാമൃഗത്തിന് കടന്നു പോകാൻ കഴിയുന്ന കോട്ടയിലെ രഹസ്യപാത. രാവും പകലും രാജസേവകർ ആ തുരങ്ക പാതയിലൂടെ സഞ്ചരിച്ചിരുന്നു. പക്ഷേ തുരങ്കത്തിലാകെ മനം മടുപ്പിക്കുന്ന ചാണക ഗന്ധമാണ്. ഈ നഗരത്തിൽ തുടരുന്നതിലും ഭേദമാണ്

‘ഒന്ന് കടിഞ്ഞാൺ വലിച്ചിട്ട് കുതിരയുടെ പള്ളയ്ക്ക്

മെല്ലെ തട്ടി.

സൂചിക്കുഴ കടന്നുള്ള പാതയിൽ എത്തിയപ്പോൾ യെറോബയാം ദീർഘമായൊന്ന് ശ്വസിച്ചു. രാജപാത വിജനമായിരുന്നു. പക്ഷേ ഈ പാതയിൽ തനിച്ചുള്ള യാത്ര അത്ര സുരക്ഷിതമല്ല. ഒറ്റപ്പെട്ടവരെ ആക്രമിക്കുന്ന ഒരു തസ്ക്കരൻ താഴ് വരയിലെ കൊടുംകാടിനുള്ളിൽ ഒളിച്ചു പാർത്തിരുന്നു.

ഒരിക്കൽ യെറുശലേമിൽ നിന്ന് യെറിക്കോയിലേക്ക് പോയ ഒരു കച്ചവടക്കാരനെ അവൻ അടിച്ചുവീഴ്ത്തി. കഴുതയെയും പണസഞ്ചിയും കൈക്കലാക്കി കടന്നു കളഞ്ഞു. രാജസൈന്യം കാട് അരിച്ചുപെറുക്കിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. ആ തസ്ക്കരനെ പിടികൂടാൻ ശലമോന്റെ സേനയ്ക്ക് കഴിഞ്ഞില്ല.

യെറോബയാം കാതോർത്തു.

പാത നിശബ്ദമാണ്. ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ആകാശത്ത് നിന്ന് തുഷാര മണികൾ ഉതിർന്നിരുന്നു. രാജപാതയിലേക്കുള്ള കാട്ടു പാതയിൽ മഞ്ഞ് ഉറഞ്ഞിരുന്നു. അതു കാര്യമാക്കാതെ ആ വഴിയിലൂടെ ഒരു മനുഷ്യ രൂപം ഓടിയിറങ്ങി. അയാൾ ഒരു വെളുത്ത മേലങ്കി പുതച്ചിരുന്നു.

പാതയുടെ മധ്യത്തിൽ ഒരു വെളുത്ത രൂപം നിൽക്കുന്നത് യെറോബയാം കണ്ടു. കുതിരയെ നിർത്തി അയാൾ ചോദിച്ചു.

“ആരാണ് നീ? ജീവൻ വേണമെങ്കിൽ ഓടിക്കൊള്ളുക.”

പിൻമാറാൻ ആ രൂപം തയ്യാറായില്ല….. അത് നടന്നടുത്തു.

“ഭ്രാന്തൻ !”

അയാൾ പിറുപിറുത്തു

“രാവിലെ മഞ്ഞ് ചുവപ്പിക്കാൻ വന്നിരിക്കുന്നു.”

അയാൾ വാളെടുത്തു. പക്ഷേ വാൾ കണ്ടിട്ടും ആ രൂപം പിന്മാറാൻ തയ്യാറായില്ല. അയാൾ അമ്പരുന്നു.
ആളകലം വന്നപ്പോൾ ആ രൂപം മുഖാവരണം മാറ്റി.

“നെബാതിൻ്റെ പുത്രാ , അഭിവാദ്യങ്ങൾ .ഹാഷേം നിന്നിൽ സംപ്രീതനായിരിക്കുന്നു ! “

അഹിയ പ്രവാചകൻ്റെ ശബ്ദം കേട്ട് യെറോബയാം കുതിരപ്പുറത്ത് നിന്നിറങ്ങി.

“പ്രഭോ , എന്താണ് ഈ അഭിവാദനത്തിൻ്റെ അർത്ഥം?”

അഹിയ പുഞ്ചിരിച്ചു.വെളളമേലങ്കി അഴിച്ചെടുത്ത് ആകാശത്തേക്ക് ഒന്ന് നോക്കി. പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അതു കഷണങ്ങളാക്കി കീറി. യെറോബയാം അമ്പരന്നു.

പ്രവാചകന് ഭ്രാന്താണോ?

ചെറുപ്പക്കാരൻ്റെ കണ്ണുകളിലെ പകപ്പ് കാര്യമാക്കാതെ പ്രവാചകൻ പറഞ്ഞു.

” നെബാതിൻ്റെ പുത്രാ , ഇതിൽ പത്ത് കഷണങ്ങൾ നിനക്കുള്ളതാണ്.”

ആ കഷണങ്ങൾ എടുത്ത് നെഞ്ചോട് ചേർത്ത് പ്രവാചകൻ പറഞ്ഞു.

“വടക്കൻ ദേശത്തിൻ്റെ നിലവിളികൾ ഇതാ സൈന്യങ്ങളുടെ കർത്താവ് കേട്ടിരിക്കുന്നു. അവനിതാ ആ ഗോത്രങ്ങൾ നിനക്ക് തന്നിരിക്കുന്നു . ഇഷ്ടമുള്ളിടത്തോളം കാലം നീ അത് ഭരിക്കുക.”

യെറോബയാം വിനീതനായി.

“പ്രഭോ , ഞാനാര്? ഒരു വിധവയുടെ പുത്രൻ, ഗോത്രമോ …. എഫ്രായിം!”

പ്രവാചകൻ മന്ദഹസിച്ചു.

“തന്നെത്താൻ താഴ്ത്തുന്നവരെയാണ് ദൈവം ഉയർത്തുക “.

താഴ് വരകവാടം തുറന്നു. കാത്തു നിന്നിരുന്ന ജനപദത്തിന് അനക്കം വെച്ചു. കഴുതകളെയും ഒട്ടകങ്ങളെയും പിന്നിലാക്കി കുതിരകൾ പാഞ്ഞു. മഞ്ഞിൽ നനഞ്ഞു കുതിർന്ന മേലാളൻമാർ തണുപ്പിനെ ശപിച്ചു. അകലെ ഒരു കാഴ്ച കണ്ടു.അഹിയ പ്രവാചകൻ യെറോബയാമിനെ ആശീർവദിക്കുന്നു. അവർ അത്ഭുതപ്പെട്ടു.

കുതിരക്കുളമ്പടി കേട്ട് പ്രവാചകൻ കാട്ടുവഴിയിലേക്ക് ഓടിമറഞ്ഞു. കഴിഞ്ഞതെല്ലാം സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാതെ യെറോബയാം സ്തംഭിച്ചു നിന്നു , സ്നേഹിതരും അമ്പരപ്പിലായിരുന്നു. അവർ കുതിരയെ നിർത്തി.

“കുഴപ്പമൊന്നുമില്ലല്ലോ?”

യെറോബയാം തലയാട്ടി. ഒരാൾ പരിഹസിച്ചു.

“തണുപ്പത്ത് പ്രവാചകൻ്റെ പിരിയിളകിയോ?”

യെറോബയാം പറഞ്ഞു.

“നിങ്ങൾക്ക് അഹിയ പ്രവാചകനെ അറിയാമല്ലോ?”

അവർ പറഞ്ഞു.

“പ്രവാചകനെ ഞങ്ങൾക്ക് അറിയാം. പക്ഷേ ആ മനുഷ്യൻ എന്താണ് പറഞ്ഞത്?”
അയാൾ പറഞ്ഞു.

“കർത്താവിൻ്റെ ഒരു അരുളപ്പാട്. “

അവർക്ക് കൗതുകം തോന്നി.

“കർത്താവിൻ്റെ അരുളപ്പാടോ?”

ആകാശത്തേക്ക് ദൃഷ്ടിയുർത്തി പറഞ്ഞു.

“അവിടുന്ന് ഈ ദാസനെ വടക്കിന്റെ രാജാവായി അഭിഷേകിച്ചിരിക്കുന്നു!”

അതു കേട്ട് അവർ കുതിര പുറത്ത് നിന്നിറങ്ങി.മേലങ്കികൾ ഊരി ആ പാദങ്ങൾക്ക് മുന്നിൽ വിരിച്ചു……

സ്നേഹിതരിൽ ഒരുവൻ ബെന്യമീനിലെ മേലാളനായിരുന്നു. സായാഹ്നമായപ്പോൾ അയാൾ നഗരത്തിലേക്ക് മടങ്ങി,ശലമോൻ രാജാവിനെ കണ്ട് ഉണർത്തിച്ചു.

“ഇതാ അഹിയ പ്രവാചകൻ അങ്ങയുടെ ദാസന് പത്ത് ഗോത്രങ്ങൾ നൽകിയിരിക്കുന്നു.. അത് ഭരിക്കാനുള്ള അനുഗ്രഹവും കൊടുത്തിരിക്കുന്നു.. “

രാജാവിനു ആത്മവ്യഥ തോന്നി.

നെബാതിൻ്റെ പുത്രനെ ജോസഫ് ഗോത്രത്തിന്റെ മേലാളനാക്കിയതിൽ രാജാവ് സ്വയം ശപിച്ചു. ഉപദേശകർ മുന്നറിയപ്പ് നൽകിയതാണ്.

“പ്രഭോ, ദാസൻ ദാസൻ തന്നെയായിരിക്കണം. അല്പന് കുതിരയെ കിട്ടിയാൽ രാജാവാണെന്നു് തോന്നും.”

അന്ന് അത് കേട്ടില്ല. അവർ പറഞ്ഞത് സത്യമായിരിക്കുന്നു. യജമാനൻ കാൽനടയായും ദാസൻ കുതിര പുറത്തും സഞ്ചിരിക്കുന്നത് ഒരു നാടിനു ദുരിതം അതു കാണുമ്പോൾ ആകാശവും ഭൂമിയും വിറകൊള്ളും.

യുവരാജാവിനെ വരുത്തി ശലമോൻ രാജാവു കൽപ്പിച്ചു.

“ഒരു നായയെ അഹിയ ഇളക്കി വിട്ടിരിക്കുന്നു.. അവനെ നീ പോയി ബന്ധിക്കുക.”

റെഹോബയാം രാജകുമാരൻ കൂട്ടുകാരോടു വീമ്പടിച്ചു.

” ആ കൽപ്പണിക്കാരനെ പിടിക്കാൻ എൻ്റെ ചെറുവിരൽ മതി..

അയാൾ പുറപ്പെട്ടു.

പക്ഷേ യുവരാജാവിനെ കബളിപ്പിച്ച് യെറോബയാം എഫ്രയിം മലയിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു.

(തുടരും)

കവർ : വിൽസൺ ശാരദ ആനന്ദ്

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like